ഒരുപാട് പേര്‍ കരുതുന്നത് പോലെ ഹിന്‍ഡന്‍ബര്‍ഗ് ഒരു പത്രമോ ന്യൂസ് പോര്‍ട്ടാലോ അല്ല. ഓഹരികള്‍ ഷോര്‍ട് ചെയ്ത്, അതുകൊണ്ട് ലാഭമുണ്ടാക്കി ജീവിക്കുന്ന അഞ്ചോ ആറോ പേര്‍. തട്ടിപ്പും വെട്ടിപ്പും കള്ളത്തരവും കാണിച്ചു ഓഹരി വിപണിയില്‍ വിലസുന്ന കമ്പനികളെ ഇവര്‍ നോട്ടമിടും, അവരുടെ തട്ടിപ്പുകളുടെ വിവരങ്ങള്‍ മുഴുവന്‍ സമാഹരിക്കും. പത്രക്കാര്‍ പുലര്‍ത്തേണ്ട ധാര്‍മികതയൊന്നും ഇവര്‍ക്കില്ല. ഇതിന് മുമ്പ് ഹിന്‍ഡന്‍ബര്‍ഗ് പുറത്തിറക്കിയ റിപ്പോര്‍ട്ടുകള്‍ വളരെ വിശ്വസ്യതയുള്ളതായതുകൊണ്ടും അവരാല്‍ ആക്രമിക്കപ്പെട്ട ഇരകള്‍ കുത്തുപാള എടുക്കപ്പെട്ടതുകൊണ്ടും അവരിറക്കുന്ന റിപ്പോര്‍ട്ടുകള്‍ ഓഹരി വിപണികളെ വിറപ്പിക്കും.
‘ഇന്ത്യയില്‍ നിന്ന് മൗറീഷ്യസിലേക്ക് മാസം എത്ര ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ പറക്കുന്നെണ്ടെന്നറിയാമോ?’ അജിത് ഡോവല്‍ ചോദിക്കും. പവര്‍ പോയിന്റും പ്രോജെക്ടറും കാര്യമായിട്ട് ഉപയോഗിച്ച് തുടങ്ങിയിട്ടില്ലാത്ത കാലമാണ്. ഡോവല്‍ തന്റെ ഫയല്‍-ഫോള്‍ഡറില്‍ നിന്ന് ഒരു A3 പേപ്പര്‍ നിവര്‍ത്തി അതിലെ ചാര്‍ട്ട് ഉയര്‍ത്തി ഓഡിയന്‍സിനെ കാണിക്കും, എന്നിട്ട് ചോദിക്കും ‘ഈ വിമാനത്തിലൊക്കെ ഇന്ത്യയില്‍ നിന്ന് മൗറീഷ്യസിലേക്ക് കൊണ്ട് പോകുന്നതെന്താണെന്നറിയാമോ’ ഓഡിയന്‍സ് അന്തം വിട്ടിരിക്കുമ്പോള്‍ ഡോവല്‍ തന്നെ ഉത്തരവും പറയും – ബ്ലാക്ക് മണി. ഓരോ വാക്കും ഊന്നിയാണ് ഡോവല്‍ സംസാരിക്കുക, പ്രായമായിട്ടും ഉലയാത്ത ശരീരവും എഫ്.ബി.ഐ. ഓഫീസര്‍മാരെ പോലെയുള്ള ടൈയും കോട്ടും ഒക്കെയായി ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ വല്ലാത്ത ഒരു സ്വാഗ് ഉള്ളയാളായിരുന്നു ഡോവല്‍.
2005 ലാണ് ഡോവല്‍ തന്റെ ഇന്റലിജന്‍സിലെ ജോലിയില്‍ നിന്ന് വിരമിക്കുന്നത്. 2009ല്‍ അദ്ദേഹവും മറ്റു ചിലരും ചേര്‍ന്ന് വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ (വി.ഐ.എഫ് ) സ്ഥാപിച്ചു. കള്ളപ്പണത്തെ കുറിച്ച് ഇന്ത്യക്കാരെ ബോധവല്‍ക്കരിക്കലായിരുന്നു വി.ഐ.എഫിന്റെ പ്രധാന പരിപാടി. ഇന്ത്യയിലെ മിക്ക നഗരങ്ങളിലും അവര്‍ പ്രഭാഷണ പരമ്പരകള്‍ നടത്തി. ദേശി-ബോണ്ട് എന്ന നിലയില്‍ പ്രശസ്തനായ ഡോവലിനെ കാണാന്‍ മിക്ക നഗരങ്ങളില്‍ ആളുകള്‍ കൂട്ടമായി വന്നു. കൊച്ചിയിലും തിരുവന്തപുരത്തുമൊക്കെ പ്രഭാഷണ പരിപാടികളുണ്ടായിരുന്നു. അതില്‍ ഡോവല്‍ പ്രധാനമായി ഫോക്കസ് ചെയ്യുന്ന സ്ഥലങ്ങളായിരുന്നു മൗറീഷ്യസും കയ്മാന്‍ ഐലന്‍ഡ് ഉള്‍പ്പെട്ട കരീബിയന്‍ ദ്വീപുകളും. അദ്ദേഹം ഇക്കാര്യത്തില്‍ ഗവേഷണങ്ങള്‍ നടത്തുകയും പിന്നീട് പല പ്രബന്ധങ്ങളായി പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
‘മൗറീഷ്യസില്‍ നിന്നും കയ്മാന്‍ ഐലന്‍ഡില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്ന ഓരോ രൂപയും കള്ളപ്പണമാണ്’ ഡോവല്‍ പറയും. ‘ഒന്നുകില്‍ ഇന്ത്യയില്‍ നിന്ന് മോഷ്ടിച്ചതും ടാക്‌സ് കൊടുക്കാത്തതുമായ പണം നേരിട്ട് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലും സ്പീഡ് ബോട്ടുകളിലും കടത്തുന്നത്, അല്ലെങ്കില്‍ അന്താരാഷ്ട മയക്കുമരുന്ന് വ്യാപാരത്തില്‍ കിട്ടുന്ന പണത്തിന്റെ ഓഹരി ഇന്ത്യയിലേക്ക് കടത്തുന്നത്, അതുമല്ലെങ്കില്‍ രാഷ്ട്രീയക്കാര്‍ക്ക് വിദേശ ഇടപാടുകളില്‍ കമ്മീഷന്‍ കിട്ടുന്നത്. ഈ പണം മുഴുവന്‍ ഇന്ത്യയിലേക്ക് കടത്താനുള്ള റൂട്ട് ആണ് മൗറീഷ്യസും കയ്മാന്‍ ഐലന്‍ഡും’ ഡോവല്‍ പറയും. കള്ള ഇന്‍വോയ്സുകള്‍ ഉണ്ടാക്കി പണം കടത്തുന്ന ഇന്ത്യന്‍ കോര്‍പറേറ്റുകളുടെ വിദ്യയും അദ്ദേഹം വിശദീകരിക്കും. ‘ഇന്ത്യയുടെ രാഷ്ട സുരക്ഷക്ക് ഏറ്റവും വലിയ ഭീഷണി പാകിസ്ഥാനോ ചൈനയോ അല്ല, ഇങ്ങനെ വരുന്ന കള്ളപ്പണമാണ്’. പിന്നീടദ്ദേഹം സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലേക്ക് ഇങ്ങനെ വന്ന പണത്തിന്റെ കണക്ക് എഴുതിയ പേപ്പറുകള്‍ ഉയര്‍ത്തി കാണിക്കും. കാണികള്‍ അത്ഭുതത്തോടെ നോക്കിയിരിക്കും. ഈ പ്രസംഗങ്ങള്‍ പിന്നീട് ഇന്ത്യ-എഗെയ്ന്‍സ്റ്റ്-കറപ്ഷന്‍ ആയി വളരുകയും ആം-ആദ്മി-പാര്‍ട്ടിയായി ചുരുങ്ങുകയും ചെയ്തു. 2014 ല്‍ ഡോവല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി.
2021 ജൂണില്‍ ചില ചെറിയ ന്യൂസ്പോര്‍ട്ടലുകളിലും ട്വിറ്റര്‍ അക്കൗണ്ടുകളിലും ഒരു വാര്‍ത്ത പരന്നു. മുംബൈ സ്റ്റോക്ക് എക്‌സ്ച്ചഞ്ചിലേക്ക് മൗറീഷ്യസില്‍ നിന്ന് വന്ന ഏഴു ബില്യണ്‍ ഡോളറിന്റെ ( 45000 കോടി രൂപ) കഥ. അദാനിയുടെ സ്റ്റോക്കിലേക്കാണ് പണം വന്നത്. സാധാരണ ഗതിയില്‍ അതില്‍ പുതുമയൊന്നുമില്ല, കാരണം ഡോവല്‍ എന്‍.എസ്.എ ആയി ഏഴു വര്‍ഷം കഴിഞ്ഞെങ്കിലും ഇന്ത്യന്‍ വിദേശ നിക്ഷേപങ്ങളുടെ ബഹുഭൂരിഭാഗവും മൗറീഷ്യസില്‍ നിന്നും കരീബിയന്‍ ദ്വീപുകളില്‍ നിന്നുമാണ് വന്നുകൊണ്ടിരുന്നത്. പക്ഷെ ഈ ഏഴ് ബില്ല്യന്‍ ഇന്ത്യയിലേക്കയച്ച അല്‍ബുല, ക്രെസ്റ്റ, എ.പി.എം.എസ്. എന്നീ കമ്പനികള്‍ക്ക് മൗറീഷ്യസില്‍ ഒരു ഓഫിസോ ഫോണോ ഫാക്സോ സ്ഥിരം തൊഴിലുകളോ ഇല്ല എന്നതായിരുന്നു പരന്ന വാര്‍ത്ത, മാത്രമല്ല മൂന്നു കമ്പനികളുടെയും അഡ്രസ്സും പോസ്റ്റ് ബോക്സും ഒന്ന് തന്നെ. അദാനിക്കെതിരെ വാര്‍ത്തകള്‍ എഴുതുന്നതിന് അപ്രഖ്യാപിത വിലക്കുള്ള ഇന്ത്യന്‍ മാധ്യമങ്ങള്‍ മൊത്തത്തില്‍ ഈ വാര്‍ത്ത അതവഗണിച്ചു. പക്ഷെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഭീതി പരന്നതിനെ തുടര്‍ന്ന് അദാനിയുടെ സ്റ്റോക്കുകള്‍ 25% വരെ കൂപ്പു കുത്തി. സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ വാര്‍ത്തകള്‍ അവഗണിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് സ്റ്റോക്ക് തകര്‍ച്ചയുടെ വിശദീകരണം എന്ന നിലയില്‍ ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്സ്, എന്‍.ഡി.ടി.വി., ബ്ലൂംബെര്‍ഗ് തുടങ്ങിയവര്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചു.
മുഖ്യധാരാ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ മുഖം രക്ഷിക്കാന്‍ വേണ്ടി അല്‍ബുല, ക്രെസ്റ്റ, എ.പി.എം.എസ്. എന്നീ കമ്പനികളെ തല്ക്കാലം വിലക്കുകയാണെന്ന് സെബി ഒരു പത്രക്കുറിപ്പിറക്കി. പക്ഷെ സെബി വിലക്കൊന്നും ഈ കമ്പനികള്‍ക്കില്ലെന്നും ആരും പരിഭ്രാന്തരാകരുത് എന്നും പറഞ്ഞു അദാനി ഗ്രൂപ്പ് മറ്റൊരു പത്രക്കുറിപ്പിറക്കി. സെബി പിന്നീടൊന്നും പറയാന്‍ പോയില്ല, മുതലാളി ജയിച്ചു. പിറ്റേ ദിവസം എല്‍.ഐ.സി. കാശിറക്കി ഇടിയുന്ന അദാനി സ്റ്റോക്ക് മൊത്തം വാങ്ങികൂട്ടി അദാനിയെ രക്ഷിച്ചു. പക്ഷെ പ്രശ്‌നം തീര്‍ന്നില്ല. ഏഴു ബില്യണ്‍ ഡോളറിന്റെ കള്ളപ്പണ ഇടപാടാണ്. ( അത്രയും വലിയ പണം സങ്കല്പിക്കാന്‍ കഴിയാത്തവര്‍ക്ക് വേണ്ടി ഒരു താരതമ്യം പറയാം. ഒരു കിലോ സ്വര്‍ണം കള്ളക്കടത്തു നടത്തി എന്ന് സ്ഥിരമായി പത്രത്തില്‍ കാണാറാനുള്ളതുകൊണ്ട് ഏഴു ബില്യണ്‍ ഡോളറിന് എത്ര സ്വര്‍ണം വാങ്ങാമെന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സൈറ്റ് ആയ chatgtpയോട് ചോദിച്ചു. കിട്ടിയ ഉത്തരം 120 ടണ്‍ സ്വര്‍ണം. 120 ടണ്‍ സ്വര്‍ണം കടത്താന്‍ 12 ട്രക്ക് വേണ്ടി വരുമത്രെ).
തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയായ മഹുവ മൊയ്ത്ര 2021 ജൂലൈയില്‍ സെബി ചെയര്‍ പേഴ്‌സണ്‍, ധനമന്ത്രി നിര്‍മല സീതാരാമന്‍, സി.ബി.ഡി.ടി. ചെയര്‍ പേഴ്‌സണ്‍ തുടങ്ങിയര്‍ക്ക് ഈ കള്ളപ്പണ ഇടപാടിന്റെ വിശദ വിവരങ്ങള്‍ അന്വേഷിക്കണം എന്ന് പറഞ്ഞു പരാതികള്‍ നല്‍കി. ഒരു നടപടിയും ഉണ്ടായില്ല. അടുത്ത പാര്‍ലമെന്റ് സമ്മേളനം വരെ കാത്തിരുന്ന മഹുവ അവസാനം പാര്‍ലമെന്റില്‍ ഇതേ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. ഇത്രയും പണം അയച്ച ആളുകളെ പറ്റി എന്തെങ്കിലും വിവരം ഉണ്ടോ എന്നും ഇന്ത്യയിലെ എയര്‍പോര്‍ട്ടുകളും തുറമുഖങ്ങളും നിയന്ത്രിക്കുന്ന ആള്‍ക്ക് ഇത്രയും പണം എത്തിക്കുന്ന ആളുകളെ പറ്റി ഒരു വിവരവും ഇല്ലാതെ വരുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയല്ലേയെന്നുമുള്ള വിധത്തിലായിരുന്നു മഹുവയുടെ ചോദ്യം. ഒഴിഞ്ഞു മാറാന്‍ ഒരു നിര്‍വഹവുമില്ലാതെ ധനകാര്യ സഹമന്ത്രി പണം കടത്തിയവരുടെ പേരുകള്‍ പാര്‍ലമെന്റിന് നല്‍കി. മാര്‍ക്കസ് ബീറ്റ് ഡാങ്കേല്‍, അന്നാ ലൂസിയ വോന്‍ സെന്‍ഗര്‍ ബര്‍ഗര്‍, അലസ്റ്റയര്‍ ഗുഗ്ഗന്‍ബുച്ചി, യോന്‍കാ ഈവന്‍ ഗുഗ്ഗന്‍ബഹെല് എന്നിവയാണ് മന്ത്രി നല്‍കിയ പേരുകള്‍. പേര് കണ്ടാലേ ആര്‍ക്കും മനസ്സിലാവും ഉടായിപ്പാണെന്ന്, ഇത്തരം പേരുകള്‍ സിദ്ദിഖ്-ലാല്‍ സിനിമകളിലെ വില്ലന്മാര്‍ക്ക് മാത്രമേ സാധാരണ കാണാറുള്ളൂ.
ഇവര്‍ക്കെതിരെ ഇ.ഡി., റെവെന്യു ഇന്റലിജന്‍സ്, സി.ബി.ഐ. ഒന്നും യാതൊരു അന്വേഷണവും നടത്തുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഏഴു ബില്യണ്‍ ഡോളര്‍ കടത്തിയ കേസാണ്, അന്വേഷണം വേണമെന്ന ആവശ്യം വന്നപ്പോള്‍ മന്ത്രി പറഞ്ഞു, എങ്കില്‍ ശരി സെബി അന്വേഷിക്കട്ടെ. അങ്ങനെയെങ്കില്‍ അങ്ങനെയെന്ന് എം.പിമാരും സമ്മതിച്ചു. ഒന്നര കൊല്ലത്തിനു മുകളിലായി സെബി അന്വേഷിക്കുന്നു. ഒരു പുരോഗതിയുമില്ല. ചോദിച്ചാല്‍ ഉത്തരമില്ല. ആകെ അന്വേഷിക്കേണ്ടത് ഇത്രയേയുള്ളൂ, ഏഴു ബില്യണ്‍ ഡോളര്‍ ( 45000 കോടി രൂപ ) ഇന്ത്യയിലേക്ക് കടത്തിയ മൗറീഷ്യസിലെ ആ യോഗ്യന്‍ ആരാണ്, ഒറ്റ ചോദ്യമേ ഉള്ളൂ, ഒറ്റവാക്കില്‍ ഉത്തരം പറയാം. മൗറീഷ്യസ് എന്നാല്‍ കൊയിലാണ്ടിയെക്കാള്‍ വിസ്തൃതി കുറഞ്ഞ സ്ഥലമാണ്, അതില്‍ തന്നെ മിക്കവാറും സ്ഥലത്തു വെള്ളവും ചതുപ്പുമാണ്. കുറെ പാവങ്ങള്‍ മീന്‍ പിടിച്ചും ടൂറിസ്റ്റുകള്‍ക്ക് ഡ്യൂപ്ലിക്കേറ്റ് സാധനങ്ങള്‍ വിറ്റും ജീവിക്കുന്നു എന്നല്ലാതെ അധികം പണക്കാരൊന്നുമില്ല. അവിടെ 45000 കോടി മറിക്കാന്‍ കപ്പാസിറ്റി ഉള്ള ആരെങ്കിലും ഉണ്ടെങ്കില്‍ ആരോട് ചോദിച്ചാലും പറഞ്ഞു തരും. അങ്ങനെ ഒരാളുണ്ടെങ്കില്‍ അയാളുടെ ഓഫീസില്‍ പോയി അയാളുടെ ഒരു ഫോട്ടോ എടുത്ത് അയാള്‍ക്ക് തന്നെ കാണിച്ചു അയാളോട് തന്നെ ചോദിച്ചാല്‍ മതി ഇത് ആരാണ് എന്ന്. ഒറ്റ ദിവസം കൊണ്ട് അന്വേഷണം കഴിയും. ആള്‍ ഒറിജിനല്‍ ആയിരിക്കണം എന്ന് മാത്രം.
ഇന്ത്യയിലെ ഒരൊറ്റ പത്രവും ഈ അന്വേഷണം ഫോളോ ചെയ്തില്ല. അമേരിക്കന്‍ ബിസിനസ് മീഡിയ ഗ്രൂപ്പായ ബ്ലൂംബര്‍ഗ് ഈ അന്വേഷണം ഫോളോ ചെയ്തു മടുത്തു അവസാനം നിങ്ങള്‍ അയാളെ പിടിച്ചു ജയിലിലിട്ടില്ലെങ്കില്‍ വേണ്ട, ഇന്ത്യയിലേക്ക് 45000 കോടി കടത്തിയ ആളെന്ന നിലയില്‍ അയാളെ വിളിച്ചു പൊന്നാട കൊടുത്തു ആദരിക്കണം എന്ന തരത്തില്‍ പരിഹസിച്ചു കൊണ്ട് ഒരു എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചു കൊണ്ട് അവരുടെ ഈ വിഷയത്തിലുള്ള റിപ്പോര്‍ട്ടിങ്ങ് അവസാനിപ്പിച്ചു. ഇക്കൂട്ടത്തില്‍ പറയാന്‍ പാടുണ്ടോ എന്നറിയില്ല, അദാനി പോര്‍ട്ട് വഴി കണ്ടെയ്‌നര്‍ കണക്കിന് കടത്തുന്ന മയക്കുമരുന്ന് ഒന്ന് രണ്ടു പ്രാവശ്യം നാര്‍ക്കോട്ടിക് കണ്ട്രോള്‍ ബ്യുറോ പിടിച്ചതായി റിപോര്‍ട്ടുകള്‍ വന്നു. അതിന്റെ അന്വേഷണവും എന്തായി എന്നറിയില്ല, പത്രങ്ങളിലൊന്നും കാണാറില്ല.
അദാനി പിന്നീട് രണ്ടു ടെലിവിഷന്‍ ചാനലുകള്‍ക്കും ഒരു പത്രത്തിനും ഇന്റര്‍വ്യൂകള്‍ നല്‍കി. രജത് ശര്‍മയുടെ ആപ്കി അദാലത് എന്ന പരിപാടിയിലും ഇന്ത്യ ടുഡേ ഗ്രൂപ്പ് പ്രക്ഷേപണം ചെയ്ത മറ്റൊരു ഇന്റര്‍വ്യൂവിലും ഓരോരോ മണിക്കൂര്‍ അദാനി സംസാരിച്ചു. ദൈനിക് ജാഗരണ്‍ എന്ന പത്രത്തിന് ഒരു പേജ് മുഴുവന്‍ പ്രിന്റ് ചെയ്ത മറ്റൊരു ഇന്റര്‍വ്യൂ വേറെയും. ജനുവരി അവസാനം നടക്കാനിരിക്കുന്ന എഫ്.പി.ഒ. ഇഷ്യൂ പരമാവധി ആളുകളിലെത്തിക്കാനുള്ള പി.ആര്‍. ക്യാമ്പെയ്‌നിന്റെ ഭാഗമായിരുന്നു ഇന്റര്‍വ്യൂ. അദാനി വാങ്ങിയ എന്‍.ഡി.ടി.വിയും പുതിയ മുതലാളിയുടെ ഇന്റര്‍വ്യൂകള്‍ പ്രക്ഷേപണം ചെയ്തു. ഇപ്പോള്‍ അന്വേഷണം നടക്കുന്ന, തന്റെ കമ്പനിയിലേക്ക് വന്ന 45000 കോടി ആരാണയച്ചത് എന്ന് ഇന്റര്‍വ്യൂ നടത്തിയ ഒരാള്‍ പോലും അദാനിയോട് ചോദിച്ചില്ല. ഇന്റര്‍വ്യൂകള്‍ മുഴുവന്‍ മുതലാളിയെ സോപ്പടിച്ചു പരസ്യം വാങ്ങാനുള്ള വേദിയാക്കി മാറ്റി നമ്മുടെ എണ്ണം പറഞ്ഞ എഡിറ്ററുമാര്‍. അങ്ങനെ അദാനി ടെലിവിഷനുകള്‍ കീഴടക്കി സൂപ്പര്‍സ്റ്റാറായി വാഴുന്നതിനിടെയാണ് ഹിന്‍ഡന്‍ബര്‍ഗ് ചില പേരുകള്‍ പുറത്തു വിടുന്നത്.
ഒരുപാട് പേര്‍ കരുതുന്നത് പോലെ ഹിന്‍ഡന്‍ബര്‍ഗ് ഒരു പത്രമോ ന്യൂസ് പോര്‍ട്ടാലോ അല്ല. ഓഹരികള്‍ ഷോര്‍ട് ചെയ്ത്, അതുകൊണ്ട് ലാഭമുണ്ടാക്കി ജീവിക്കുന്ന അഞ്ചോ ആറോ പേര്‍, അത്രയേയുള്ളു. ഷോര്‍ട്ടിങ്ങ് സ്റ്റോക്ക് എക്ചേഞ്ചുമായി ബന്ധപ്പെടാത്തവര്‍ക്ക് മനസ്സിലാക്കാന്‍ അത്ര എളുപ്പമുള്ള ഒരു പണിയല്ല. വളരെ ലളിതമായി പറഞ്ഞാല്‍ കുറെ ഓഹരികള്‍ ഇവര്‍ അഡ്വാന്‍സ് കൊടുത്തു ബുക്ക് ചെയ്തിടും, എന്നാണോ ശരിക്കും വാങ്ങുന്നത് അന്നത്തെ മാര്‍ക്കറ്റ് റേറ്റ് കൊടുക്കാം എന്നതാണ് കണ്ടീഷന്‍. എന്നിട്ട് ആ ഓഹരികള്‍ കയ്യില്‍ കിട്ടുന്നതിന് മുമ്പ് ഇന്നത്തെ വിലക്ക് ആവശ്യക്കാര്‍ക്ക് വില്‍ക്കും, പക്ഷെ കൈമാറ്റം പിന്നയെ നടക്കൂ. ഇന്നത്തെ വിലയേക്കാള്‍ കുറവാണ് ഭാവിയില്‍ ഓഹരിക്കെങ്കില്‍ ഇവര്‍ക്ക് ലാഭം കിട്ടും, അല്ലെങ്കില്‍ നഷ്ടവും. മനസിലാവാന്‍ വളരെ ലളിതമാക്കി പറഞ്ഞതാണ്, അത്ര ലളിതമല്ല പ്രയോഗത്തില്‍. എത്രത്തോളം ഓഹരിവില താഴുന്നോ അത്രയും ലാഭം.
ഈ പരിപാടി ലാഭകരമാക്കാന്‍ ഇവര്‍ കണ്ടു പിടിച്ച വഴിയാണ് കൗതുകകരം. തട്ടിപ്പും വെട്ടിപ്പും കള്ളത്തരവും കാണിച്ചു ഓഹരി വിപണിയില്‍ വിലസുന്ന കമ്പനികളെ ഇവര്‍ നോട്ടമിടും, അവരുടെ തട്ടിപ്പുകളുടെ വിവരങ്ങള്‍ മുഴുവന്‍ സമാഹരിക്കും. മിക്കവാറും പലയിടത്തും പ്രസിദ്ധീകരിച്ചതിന്റെ ക്രോഡീകരണമായിരിക്കും. കുറെ ഇവര്‍ തന്നെ കണ്ടു പിടിക്കും, പിന്നെ കുറെ പ്രൈവറ്റ് ഡിറ്റക്ടീവുകളെയും ഫ്രീലാന്‍സ് പത്രക്കാരെയും ഏല്‍പ്പിക്കും. പത്രക്കാര്‍ പുലര്‍ത്തേണ്ട ധാര്‍മികതയൊന്നും ഇവര്‍ക്കില്ല. എതിര്‍ പാര്‍ട്ടിയോട് പ്രതികരണം ചോദിക്കില്ല, സോഴ്‌സ് വെരിഫൈ ചെയ്യില്ല. ഇവര്‍ കണ്ടു പിടിച്ച ഇരക്ക് ഏറ്റവും ആഘാതം ഏല്‍ക്കുന്ന സമയം നോക്കി ഇവര്‍ റിപ്പോര്‍ട്ട് പുറത്തു വിടും. നിയമപരമായി ഇതിലൊരു തെറ്റുമില്ല, ധാര്‍മികത വേറെ കാര്യം. ഹിന്‍ഡന്‍ബര്‍ഗിന്റെ കാര്യത്തില്‍ ഇതിന് മുമ്പ് അവര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടുകള്‍ വളരെ വിശ്വസ്യതയുള്ളതായതുകൊണ്ടും അവരാല്‍ ആക്രമിക്കപ്പെട്ട ഇരകള്‍ കുത്തുപാള എടുക്കപ്പെട്ടതുകൊണ്ടും അവരിറക്കുന്ന റിപ്പോര്‍ട്ടുകള്‍ ഓഹരി വിപണികളെ വിറപ്പിക്കും.
അദാനിയെ ലക്ഷ്യം വെച്ച് കഴിഞ്ഞ രണ്ടു കൊല്ലമായി ഡാറ്റ ശേഖരിക്കുന്നു എന്നാണ് അവര്‍ പറഞ്ഞത്, ദൈവത്തിനറിയാം. ഏതായാലും മൗറീഷ്യസിലെ മുഴുവന്‍ കമ്പനികളുടെയും ഡാറ്റാബേസ് അവര്‍ ഈ അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ചു. ആ ഡാറ്റാബേസില്‍ നമ്മള്‍ നേരത്തെ പറഞ്ഞ അല്‍ബുല, ക്രെസ്റ്റ, എ.പി.എം.എസ്. എന്നീ കമ്പനികളുടെ വിവരങ്ങള്‍ തിരഞ്ഞപ്പോള്‍ ഈ കമ്പനികളുടെ ഉടമസ്ഥതയുള്ള മറ്റൊരു കമ്പനിയുടെ പേര് കിട്ടി – മോണ്ടെറോസാ. കളിക്കുടുക്കയില്‍ വഴികണ്ടു പിടിക്കുന്ന പോലെയുള്ള ഏര്‍പ്പാടാണ്. മോണ്ടെറോസായുടെ ഡയറക്ടറുടെ പേര് തപ്പിപ്പോയപ്പോള്‍ ഇന്ത്യക്കാര്‍ക്ക് കേട്ട് പരിചയമുള്ള മറ്റൊരു പേര് കിട്ടി. വിന്‍സം ഡയമണ്ട് എന്ന ഉടായിപ്പ് കമ്പനിയുണ്ടാക്കി ഇന്ത്യന്‍ ബാങ്കുകളെ പറ്റിച്ചു 6500 കോടി രൂപയുമായി ഇന്ത്യയില്‍ നിന്ന് മുങ്ങി കരീബിയന്‍ ദ്വീപില്‍ ജീവിക്കുന്നു എന്ന് കരുതപ്പെട്ടിരുന്ന ഗുജറാത്തി ബിസിനസുകാരന്‍ ജതിന്‍ മെഹ്ത.
ജതിന്‍ മെഹ്തയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കൗതുകകരമായ മറ്റൊരു കാര്യം ഹിന്‍ഡണ്‍ബര്‍ഗ് കണ്ടെത്തി. ജതിന്‍ മെഹ്തയുടെ മകന്‍ സൂരജ് കല്യാണം കഴിച്ചിരിക്കുന്നത് വിനോദ് അദാനിയുടെ മകള്‍ കൃപയെയാണ്. ഗൗതം അദാനിയുടെ മൂത്ത ജേഷ്ഠനാണ് വിനോദ് അദാനി. സാധാരണ ഗതിയില്‍ ഈ കല്യാണത്തിന്റെ കാര്യം ഒരു ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടില്‍ വരേണ്ടതല്ല. പക്ഷെ, ഇവര്‍ക്ക് ധാര്‍മികത ഇല്ലെന്ന് നേരത്തെ പറഞ്ഞല്ലോ, കൂടാതെ വിനോദ് അദാനിയെ കുറിച്ച് ഇതേ ഡാറ്റാബേസില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ ഹിന്‍ഡന്‍ബര്‍ഗ് മറ്റൊരു വിവരം കണ്ടെത്തി, വിനോദ് അദാനിയുടെ പേരില്‍ മൗറീഷ്യസില്‍ മാത്രം 38 ഷെല്‍ കമ്പനികളുണ്ട്, എല്ലാം പേരും പോസ്റ്റ് ബോക്‌സ് നമ്പറും മാത്രമുള്ള, ടെലഫോണോ ഫാക്സോ ഓഫീസോ തൊഴിലാളികളോ ഇല്ലാത്ത കടലാസ് കമ്പനികള്‍. എല്ലാ കമ്പനികളും ചെയ്യുന്നത് ഒരൊറ്റ പണി മാത്രം, ഇന്ത്യയിലെ അദാനി കമ്പനികളിലേക്ക് പണമയക്കുക.
( തുടരും )
Content Highlight: farooq writes on hindenburg report on adani