| Tuesday, 13th August 2024, 8:33 pm

ഓഹരി വിപണി; കോഴികളും കുറുക്കന്മാരും

ഫാറൂഖ്

രണ്ടു മൂന്നാഴ്ച മുമ്പാണ്, ഒരു സഹപ്രവര്‍ത്തകന് അര്‍ജന്റായി കുറച്ച് പണം വേണം. ‘എന്താ ഇത്ര അത്യാവശ്യം’ ഞാന്‍ ചോദിച്ചു. ‘നാളെ ബജറ്റ് അല്ലെ, അതിന്റെ ടയ്റ്റാണ്‌ ‘ സുഹൃത്ത് പറഞ്ഞു. എനിക്കത്ഭുതമായി, ബഡ്ജറ്റും നീയുമായി എന്ത് ബന്ധം, ഞാന്‍ ചോദിച്ചു. ‘എന്റെ ഭാര്യ ഒരു സ്റ്റോക്ക് ട്രേഡിങ്ങ് വാട്‌സാപ്പ് ഗ്രൂപ്പില്‍ ചേര്‍ന്നിട്ടുണ്ട്’, അവന്‍ പറഞ്ഞു.

അവന്‍ വിശദീകരിച്ചു, പത്ത് മുപ്പത് പേരുള്ള ഒരു പ്രൈവറ്റ് ഗ്രൂപ് ആണ്. മെമ്പര്‍മാര്‍ എല്ലാവരും വീട്ടമ്മമാരാണ്, അഡ്മിന്‍ ഒരു സ്റ്റോക്ക് ട്രേഡിങ്ങ് വിദഗ്ദ്ധനും. അയാളുടെ നിര്‍ദേശ പ്രകാരം മെമ്പര്‍മാര്‍ മാസത്തില്‍ പല സ്റ്റോക്കുകളില്‍ നിക്ഷേപിക്കും. വിദഗ്‌ദോപദേശത്തിന് എല്ലാ മെമ്പര്‍മാരും മാസത്തില്‍ 1000 രൂപ അഡ്മിന് കൊടുക്കും. ബഡ്ജറ്റ് പോലുള്ള നിര്‍ണായക സമയങ്ങളില്‍ അയാള്‍ സ്‌പെഷ്യല്‍ നിര്‍ദേശങ്ങള്‍ കൊടുക്കും, അതിന് ആയിരം രൂപ പ്രത്യേകം കൊടുക്കണം. അയാള്‍ പല ഗ്രൂപ്പുകളുടെ അഡ്മിനാണ്.

ഇത് കേട്ടപ്പോള്‍ എനിക്ക് പല കാരണങ്ങള്‍ കൊണ്ട് സന്തോഷം തോന്നി, ഒരു ദുഖവും. സ്വന്തമായി വരുമാനം ഉണ്ടാക്കുന്ന വീട്ടമ്മമാരെ എനിക്ക് വല്ലാത്ത ബഹുമാനമാണ് എന്നതാണ് സന്തോഷമുണ്ടാകാനുള്ള പ്രധാന കാരണം, മറ്റു കാരണങ്ങള്‍ എക്കണോമിയുമായി ബന്ധപ്പെട്ടതാണ്.

ഞാന്‍ എന്നെ തന്നെ കാപിറ്റലിസ്‌റ് എന്നാണ് വിളിക്കുന്നത്, അതിന്റെ കാരണം ഈ കോളത്തില്‍ മുമ്പ് വിശദീകരിച്ചിട്ടുണ്ട് . നമ്മളീ അനുഭവിക്കുന്ന സുഖസൗകര്യങ്ങളില്‍ മിക്കതും ക്യാപ്പിറ്റലിസത്തിന്റെ സംഭവനയാണെന്ന ബോധ്യത്തില്‍ നിന്നാണത്.

മൊബൈല്‍ ഫോണ്‍ മുതല്‍ കംപ്യൂട്ടര്‍ വരെ, വിമാനം മുതല്‍ കപ്പല്‍ വരെ, ആന്റി ബൈക്കോടിക് മുതല്‍ കോവിഡ് വാക്സിന്‍ വരെ.

ക്യാപിറ്റലിസ്റ്റ് ആണെന്ന് വച്ച് മറ്റ് ഇസങ്ങളോട് പ്രത്യേകിച്ച് വിരോധമൊന്നുമില്ല. ഉദാഹരണത്തിന് കമ്മ്യൂണിസം ലോകത്തിന് സമത്വത്തിന്റെയും മാനവികതയുടെയും സന്ദേശം നല്‍കിയിട്ടുണ്ട്. ഒരു കാര്യത്തെയും കോണ്ടെക്സ്റ്റ് നോക്കാതെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആയി വിലയിരുത്തുന്നത് ശരിയല്ല. അതവിടെ നില്‍ക്കട്ടെ.

മാര്‍ക്‌സ്

ക്യാപിറ്റലിസത്തിന്റെ ചാലക ശക്തിയാണ് ക്യാപിറ്റല്‍, അഥവാ മൂലധനം. മൂലധനം എന്ന പുസ്തകമെഴുതിയത് മാര്‍ക്‌സ് ആണെങ്കിലും മൂലധനം ഉപയോഗിച്ചത് ക്യാപിറ്റലിസമാണ്. അതുകൊണ്ടു തന്നെ ക്യാപിറ്റലാസത്തിന്റെ നെടുംതൂണാണ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍.

കമ്പനികള്‍ ഫാക്ടറികളും ഉത്പന്നങ്ങളും ഉണ്ടാക്കാനുള്ള മൂലധനം ഉണ്ടാക്കുന്നത് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ വഴിയാണ്. സ്റ്റോക്ക് മാര്‍ക്കറ്റ് ഇല്ലെങ്കില്‍ ബോയിങ് ഇല്ല, സാംസങ് ഇല്ല, ഐഫോണ്‍ ഇല്ല, ചാറ്റ്ജി.പി.ടി ഇല്ല, മരുന്ന് കമ്പനികളില്ല, ഐ.ബി.എം ഇല്ല, ടെസ്‌ല ഇല്ല, ഇന്‍ഫോസിസ് ഇല്ല, വിപ്രോ ഇല്ല, ഇത് വായിക്കുന്ന മിക്കവര്‍ക്കും തൊഴിലുമുണ്ടാകില്ല, ഇതെഴുന്നയാള്‍ക്കും.

മനുഷ്യര്‍ക്ക് അന്തസ്സോടെ ജീവിക്കാന്‍ പറ്റുന്ന തൊഴില്‍ ലഭിക്കാനുണ്ടോ എന്ന ഒരൊറ്റ കാര്യത്തില്‍ ഒരു രാജ്യത്തിന്റെ സാമ്പത്തിക ഉന്നതി വിലയിരുത്താന്‍ കഴിയും. ശക്തമായ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ ഉള്ള രാജ്യങ്ങളില്‍ മെച്ചപ്പെട്ട തൊഴിലവസങ്ങളുണ്ടാകും.

ശക്തമായ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എന്ന് പറഞ്ഞാല്‍ കൂടുതല്‍ കൂടുതല്‍ ആളുകള്‍ ഓഹരിയില്‍ നിക്ഷേപിക്കുക എന്നര്‍ത്ഥം.

അമേരിക്കയില്‍ 55% ശതമാനം ജനങ്ങളും ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നുണ്ട് എന്നതാണ് കണക്ക്. ഇന്ത്യയില്‍ അത് വെറും 3% ത്തില്‍ താഴെയാണ്. ആ ശതമാനം മുകളിലോട്ട് വരുമ്പോള്‍ കൂടുതല്‍ ഇന്‍വെസ്റ്റ്‌മെന്റ് വരും, കമ്പനികളുണ്ടാകും, തൊഴിലവസരങ്ങളുണ്ടാകും.

അതാണ് കൂടുതല്‍ പേര്‍ ഓഹരിയില്‍ നിക്ഷേപിക്കുന്നത് കാണുമ്പോഴുള്ള സന്തോഷം. കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകളും കമ്പനികളും ഉയര്‍ന്നു വരട്ടെ, എല്ലാവര്ക്കും നല്ല തൊഴില്‍ ലഭിക്കട്ടെ.

ഇനി എന്റെ ദുഖത്തിന്റെ കാരണം, അത് പറയും മുമ്പ് രണ്ടു കഥകള്‍ പറയാം. കഥകള്‍ എന്ന് പറഞ്ഞാല്‍ നടന്ന കാര്യങ്ങള്‍.

രാജ് രാജരത്നം

രാജ് രാജരത്നം എന്ന ഒരു ശ്രീലങ്കന്‍ വംശജനായ അമേരിക്കന്‍ ശതകോടീശ്വരനെ കുറിച്ച് നിങ്ങളില്‍ പലരും കേട്ടിട്ടുണ്ടാകും. 2009 ല്‍ അയാളെ ഒരു അമേരിക്കന്‍ കോടതി പതിനൊന്നു കൊല്ലം കഠിന തടവിന് ശിക്ഷിച്ചു, കൂടെ 10 മില്യണ്‍ ഡോളറിന്റെ പിഴയും. ഇയാളാരെയെങ്കിലും കൊന്നതോ ബലാത്സംഗം ചെയ്തതോ കൊണ്ടായിരിക്കും എന്ന് നിങ്ങള്‍ ചിന്തിക്കും, അല്ല, ഇന്‍സൈഡര്‍ ട്രേഡിങ്ങ് ആണ് ഇയാളുടെ പേരിലുള്ള കുറ്റം.

രാജരത്നം ഒരു ഓഹരി ബ്രോക്കറായിരുന്നു. സ്റ്റോക്കില്‍ ലാഭം ഉണ്ടാക്കാന്‍ ഇയാള്‍ അത്യാവശ്യം തരികിട പരിപാടികള്‍ കാണിക്കുന്നെണ്ടെന്ന് നമ്മുടെ സെബിക്ക് തുല്യരായ അമേരിക്കന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷന്‍ കണ്ടെത്തി.

ഇന്‍സൈഡര്‍ ട്രേഡിങ്ങ് എന്നാണ് ഈ തരികിട പരിപാടിയുടെ ശാസ്ത്രനാമം. സംഭവം ഇത്രയേയുള്ളു, ചില്ലറ കൊടുത്തു വലിയ കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരെ ചാക്കിലാക്കും, അവര്‍ എടുക്കാന്‍ പോകുന്ന തീരുമാനങ്ങളെ മുന്‍കൂട്ടിയറിയും, അതിനനുസരിച്ചു ഓഹരി വാങ്ങുകയോ വില്‍ക്കുകയോ ചെയ്ത് കൂടുതല്‍ ലാഭമുണ്ടാക്കും.

ഇതിനാണോ പതിനൊന്നു കൊല്ലം തടവ് ശിക്ഷ എന്ന് സ്വാഭാവികമായും നിങ്ങള്‍ ചോദിക്കും. അതിന് കാര്യമുണ്ട്.

55% അമേരിക്കക്കാര്‍ ഓഹരിയില്‍ നിക്ഷേപിക്കുന്നുണ്ട് എന്ന് നേരത്തെ പറഞ്ഞില്ലേ, എന്താ കാരണം, ഓഹരി വിപണി ഫ്രോഡ്‌ പരിപാടികള്‍ നടക്കാത്ത സ്ഥലമാണ് എന്ന് അവര്‍ വിശ്വസിക്കുന്നു. ആ വിശ്വസം പോയാല്‍ അവര്‍ ആ പണം കൊണ്ട് വേറെയെന്തെങ്കിലും ചെയ്യും. ആളുകള്‍ വിപണി വിട്ടാല്‍ അമേരിക്ക തകരും.

ഇക്കാണുന്ന ആയിരക്കണക്കിന് കമ്പനികളും സ്റ്റാര്‍ട്പ്പുകളും ഓഹരി വിപണി കൊണ്ടുണ്ടായതാണ്, ഇനിയും ഉണ്ടാകേണ്ടതാണ്. ആ വിശ്വാസ്യത കാത്ത് സൂക്ഷിക്കാന്‍ അമേരിക്ക ഏതറ്റം വരെയും പോകും. പ്രസിഡണ്ട് ഫ്രോഡ്‌ പരിപാടി കാണിച്ചാല്‍ അമേരിക്കക്കാര്‍ സഹിക്കും, പക്ഷെ സ്റ്റോക്ക് എസ്ചേഞ്ചുകള്‍ നിയന്ത്രിക്കുന്നവര്‍ നൂറ്റൊന്നു ശതമാനം സത്യസന്ധരാണെന്ന് അവര്‍ ഉറപ്പു വരുത്തും.

ഇനി അടുത്ത കഥ.

1885 ലാണ് അമേരിക്കന്‍ ടെലികമ്യൂണിക്കേഷന്‍ കമ്പനിയായ AT&T സ്ഥാപിക്കപ്പെടുന്നത്. വര്‍ഷങ്ങള്‍ക്കകം അത് അമേരിക്കന്‍ ടെലികമ്യൂണിക്കേഷന്‍ രംഗത്തെ കുത്തക കമ്പനിയായി. പക്ഷെ 1949 ലും 1974 ലും അമേരിക്കന്‍ ഡിപ്പാര്‍ട്‌മെന്റ് ഓഫ് ജസ്റ്റിസ് AT&T ക്കെതിരെ രണ്ടു കേസുകളെടുത്തു.

മൊണോപൊളി പ്രക്ടിസസ്, എന്ന് പറഞ്ഞാല്‍ ചെറിയ കമ്പനികളെയൊന്നും വളരാന്‍ വിടുന്നില്ല.

സ്വന്തമായി മുഴുവന്‍ കേബിള്‍ നെറ്റ്‌വര്‍ക്കും സാറ്റലൈറ്റുകളുമുള്ള AT&T ഏതെങ്കിലും ഒരു കമ്പനി മത്സരവുമായി വന്നാല്‍ മുക്കി കൊല്ലും, അല്ലെങ്കില്‍ നക്കി കൊല്ലും. 1982 ല്‍ വിധി വന്നു. AT&T ഏഴു പ്രാദേശിക കമ്പനികളായി വിഭജിക്കാനായിരുന്നു വിധി. അതിന് ശേഷമാണ് അമേരിക്കയില്‍ ഒട്ടനവധി ടെക്‌നോളജി കമ്പനികള്‍ ഉണ്ടാകുന്നതും അവയില്‍ ലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് ജോലി ലഭിക്കുന്നതും.

ഈ രണ്ടു കഥകള്‍ ഇവിടെ പറയാന്‍ കാരണമുണ്ട്. ക്യാപിറ്റലിസം എന്നാല്‍ എന്ത് ഫ്രോഡ് പരിപാടിയും ചെയ്തു കാശുണ്ടാക്കുന്ന പരിപാടിയാണെന്ന് വിശ്വസിക്കുന്ന ഒട്ടേറെ പേര് നമ്മുടെ നാട്ടിലും കൂടി വരുന്നുണ്ട്.

അങ്ങനെയല്ല, ഇന്‍സൈഡര്‍ ട്രേഡിങ്ങ്, കുത്തക വിരുദ്ധത, മിനിമം കൂലി, സുതാര്യത തുടങ്ങിയവയൊക്കെ ക്യാപിറ്റലിസത്തിന്റെ ഭാഗമാണ്. ഈ നിയന്ത്രണങ്ങളൊക്കെ പാലിച്ചില്ലെങ്കില്‍ ഇക്കോണമി മാത്രമല്ല, സമൂഹവും തകര്‍ന്നു പോകും.

അദാനി

കഴിഞ്ഞ കൊല്ലമാണ് അദാനി റൌണ്ട് ട്രിപ്പിങ്ങിലൂടെ ഓഹരി മൂല്യം കൃത്രിമമായി ഉയര്‍ത്തി നിക്ഷേപകരെയും ബാങ്കുകളെയും ചതിച്ചു എന്ന ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട് വരുന്നത്. വിശദമായി ഇതിനു മുമ്പ് ഇവിടെ എഴുതിയിട്ടുണ്ട് .

പലവിധ നിയമവിരുദ്ധ മാര്ഗങ്ങളിലൂടെ മൗറീഷ്യസിലേക്കും ബെര്‍മുഡയിലേക്കും 45000 കോടി കടത്തി അത് തിരിച്ചു വിദേശ നിക്ഷേപം എന്ന പേരില്‍ സ്വന്തം സ്റ്റോക്കുകളിലേക്ക് നിക്ഷേപിച്ചു, കൃത്രിമമായി മൂല്യം ഉയര്‍ത്തി നിക്ഷേപരെ ചതിച്ചു എന്നതായിരുന്നു ആരോപണം.

രാജരത്നത്തിന്റെ കേസുമായി താരതമ്യം ചെയ്താല്‍ നൂറു കൊല്ലം കഠിന തടവ് ശിക്ഷ കിട്ടേണ്ട കുറ്റം.

ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട് വരുന്നതിന് മുമ്പ് തന്നെ, ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഇത് സംബന്ധിച്ച ചോദ്യത്തിന് ഇങ്ങനെ 45000 കോടി നിക്ഷേപിച്ച ആളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ധനമന്ത്രി സമ്മതിച്ചതുമാണ്. സെബി അതിനെ പറ്റി അന്വേഷിക്കുന്നുണ്ട് എന്നാണ് അന്ന് മന്ത്രി പറഞ്ഞത്.

നിര്‍മല സീതാരാമന്‍

ആ സെബിയുടെ തലവന് ഇതേ ബിനാമി കമ്പനികളില്‍ നിക്ഷേപം ഉണ്ടന്നാണ് ഇപ്രാവശ്യത്തെ ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട്.  സെബി ചെയര്‍മാന്‍ ഒരു എമണ്ടന്‍ പ്രസ്താവന പുറത്തിറിക്കിയിട്ടുണ്ടെങ്കിലും നിക്ഷേപം ഉണ്ടെന്ന കാര്യം നിഷേധിച്ചിട്ടില്ല.

മാധബി പുരി ബുച്ച്

അതിന് രേഖകളുണ്ട്. രേഖകള്‍ വ്യാജമാണെന്ന് ആരും പറഞ്ഞിട്ടില്ല. ഈ റിപ്പോര്‍ട്ട് വരുന്നതറിഞ്ഞു രണ്ടു ദിവസം മുമ്പ് പാര്‌ലമെന്റ് പൂട്ടി മന്ത്രിമാര്‍ സ്ഥലം വിട്ടത് കൊണ്ട്  കൂടുതല്‍ ഒന്നും പറയാതെ രക്ഷപ്പെട്ടു. ഇതാണ് നമ്മുടെ ഇന്‍സൈഡര്‍ ട്രേഡിങ്ങിന്റെ സ്ഥിതി.

ചിത്ര രാമകൃഷ്ണ

നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ചെയര്‍പേഴ്സണായിരുന്ന ചിത്ര രാമകൃഷ്ണ ഒരു യോഗിയുമായി ചേര്‍ന്ന് നടത്തിയ ഇന്‍സൈഡര്‍ ട്രേഡിങിന്റെ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിറയെയുണ്ട്, ഇവിടെ ആവര്‍ത്തിക്കുന്നില്ല.

മോണോപോളിയുടെ കാര്യത്തിലോ, ടെലികോം കമ്യൂണിക്കേഷന്‍, അതുമായി ബന്ധപ്പെട്ട മുഴുവന്‍ സേവനങ്ങളും അംബാനി കുത്തകവല്‍ക്കരിച്ചു, ചെറിയ കമ്പനികള്‍ മുഴുവന്‍ പൂട്ടിപ്പോയി. എയര്‍പോര്‍ട്ടും തുറമുഖവും മറ്റു ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്പനികളും അദാനിയും കുത്തകവത്കരിച്ചു, ബാക്കിയുള്ളവര്‍ ഒന്നുകില്‍ പൂട്ടിപ്പോയി, അല്ലെങ്കില്‍ അദാനിയുടെ സബ് കോണ്‍ട്രാക്ടര്‍മാരായി അരിഷ്ടിച് ജീവിക്കുന്നു.

AT&T വിധിയുമായി താരതമ്യം ചെയ്താല്‍ രണ്ടു കമ്പനികളും പത്തു കമ്പനികളായി വിഭജിക്കേണ്ട സമയമായി.

ഓഹരിയില്‍ നിക്ഷേപം ഇത്രയും കൂടിയിട്ടും നമ്മുടെ തൊഴിലില്ലായ്മ സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയില്‍ നില്‍ക്കുന്നതിന് കാരണം വേറെ അന്വേഷിക്കേണ്ട, ഇവരുടെ മൊണോപൊളിയാണ് അതിന്റെ കാരണം. ഈയാഴ്ചയ്ച്ച മാത്രം 42000 പേരെയാണ് അംബാനി പിരിച്ചു വിട്ടത്.

ഇനി എന്റെ ദുഃഖം പറയാം

ഓഹരി വിപണി എന്നാല്‍ നൂറു ശതമാനം സുതാര്യയിരിക്കേണ്ട ഒന്നാണ്. ആ സുതാര്യത ഉറപ്പു വരുത്തേണ്ടവരാണ് സെബി ചെയര്‍മാന്‍, എന്‍.ഇസ്.ഇ ചെയര്‍മാന്‍, ആര്‍.ബി.ഐ ഗവര്‍ണ്ണര്‍, അതിനു മുകളില്‍ ധനകാര്യ സെക്രട്രറി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, ധനമന്ത്രി, ഏറ്റവും മുകളില്‍ പ്രധാനമന്ത്രി.

പണ്ടൊക്കെ വളരെ ഗുരുതരമായ ആരോപണങ്ങളുയര്‍ന്നാല്‍ ഇവരിലാരെങ്കിലുമൊക്കെ ഒന്നുകില്‍ രാജി വക്കും, അല്ലെങ്കില്‍ പുറത്താക്കപ്പെടും. ഇപ്പോഴതൊന്നുമില്ല. ഉത്തരവാദിത്വം ആരും ഏറ്റെടുക്കില്ല, ചോദ്യം ചോദിക്കുന്നവരോട് ധനമന്ത്രി ചൂടാകും, പ്രധാനമന്ത്രി വായ തുറക്കില്ല.

നരേന്ദ്രമോദി

മറ്റു രാജ്യങ്ങളില്‍ ഇത്തരം തട്ടിപ്പുകള്‍ പുറത്തു വന്നാല്‍ അതിനൊരു തീരുമാനവാവുന്നവരെ ബിസിനസ് പേപ്പറുകള്‍ അത് പിന്തുടര്‍ന്ന് കൊണ്ടേയിരിക്കും. നമ്മുടെ ബിസിനസ് പ്രസിദ്ധീകരണങ്ങള്‍ ഓഹരി തട്ടിപ്പുകാരുടെ സ്തുതിപാഠകരാണ്.

ഈ ബിസിനസ് പത്രങ്ങളും ബിസിനസ് ടെലിവിഷനുകളും കണ്ടാണ് ഓഹരി ഗ്രൂപ്പുകളുടെ അഡ്മിന്മാര്‍ ആയിരം രൂപ മാസാവരിസംഖ്യ വാങ്ങി മെമ്പര്മാര്ക്ക് ഉപദേശം കൊടുക്കുന്നത്. കൃത്യമായ വിവരങ്ങള്‍ കിട്ടിയില്ലെങ്കില്‍ അഡൈ്വസര്‍മാര്‍ എത്ര മിടുക്കന്മാരായിട്ടും കാര്യമില്ല.

റൌണ്ട് ട്രിപ്പിങ്ങിന്റെയും ഇന്‍സൈഡര്‍ ട്രേഡിങിന്റെയും വിവരങ്ങള്‍ ഈ ഉപദേശകന്മാര്‍ ഒരിക്കലും അറിയാന്‍ പോകുന്നില്ല. അവരെ പറഞ്ഞിട്ട് കാര്യമില്ല, അവര്‍ തട്ടിപ്പുകാരനെന്ന ആരോപണവും ഇതെഴുന്നയാള്‍ക്കില്ല. അവര്‍ക്ക് വിവരങ്ങള്‍ സുതാര്യമായി ലഭിക്കാനുള്ള സംവിധാനങ്ങളൊരുക്കുന്നതില്‍ മാധ്യമങ്ങളും സര്‍ക്കാരും സെബിയുമടക്കം നമ്മുടെ സംവിധാനങ്ങള്‍ മുഴുവന്‍ പരാജയപ്പെട്ടു, അത്ര മാത്രം.

ഓഹരി വിപണി കാളകളുടേതും കരടികളുടേതുമാണ് എന്നാണ് പറയുക. ഇന്ത്യന്‍ ഓഹരി വിപണി ഇപ്പോള്‍ കോഴികളുടേതും കുറുക്കന്മാരുടേതാണ്. കോഴിത്തീറ്റ കൊടുത്തു കൊഴുപ്പിക്കുകയാണ് ചെറുകിട നിക്ഷേപകരെയും വീട്ടമ്മമാരെയും കുറുക്കന്മാര്‍. ഒരു ദിവസം അവര്‍ക്ക് തിന്നാന്‍ വേണ്ടി.

ഡൂള്‍ന്യൂസില്‍ ഫാറൂഖ് എഴുതിയ മറ്റു ലേഖനങ്ങള്‍ ഇവിടെ വായിക്കാം

content highlights: Farooq writes on equity investment scams in wake of Hindenburg report against SEBI chairman and Adani

ഫാറൂഖ്

ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ

We use cookies to give you the best possible experience. Learn more