| Monday, 6th September 2021, 11:00 am

ചരിത്രം തിരുത്തലൊന്നും നടക്കാന്‍ പോകുന്നില്ല, എല്ലാവരും ശാന്തരാകണം

ഫാറൂഖ്

ബൈഡന്‍ അടക്കം 46 പ്രസിഡന്റുമാരുണ്ട് അമേരിക്കക്ക്. മുന്‍ പ്രസിഡന്റ് എന്ന് അമേരിക്കക്കാര്‍ പറയില്ല, ഒരിക്കല്‍ പ്രസിഡന്റായയാള്‍ മരിച്ചാലും പ്രസിഡന്റാണ്, തലശ്ശേരിക്കാര്‍ക്ക് പുതിയാപ്ല പോലെ. ഇപ്പോള്‍ ജീവിക്കുന്ന പ്രസിഡന്റുമാര്‍ ആറാണ്. അവരുടെ പേരുകള്‍ മിക്കവര്‍ക്കും ഓര്‍മയില്‍ നിന്ന് പറയാന്‍ കഴിയും.

ബൈഡന്‍, ട്രംപ്, ഒബാമ, ബുഷ് ജൂനിയര്‍, ക്ലിന്റണ്‍, കൂടെ 96 വയസ്സായ ജിമ്മി കാര്‍ട്ടറും. മരിച്ചു പോയ എത്ര പ്രസിഡന്റുമാരുടെ പേര് നിങ്ങള്‍ക്ക് പറയാന്‍ കഴിയും. എബ്രഹാം ലിങ്കന്റെ പേര് എല്ലാവര്‍ക്കും ഓര്‍മ വരും, കെന്നഡി കുറേ പേര്‍ക്ക്, ഓണ്‍ലൈന്‍ അല്ലാതെ ആറാം ക്ലാസ്സില്‍ പഠിച്ചവര്‍ക്ക് ജോര്‍ജ് വാഷിങ്ടണിന്റെ പേരും അറിയാമായിരിക്കും, കഴിഞ്ഞു.

ബാക്കി പ്രസിഡന്റുമാര്‍ക്കൊന്നും ഓര്‍മിക്കപ്പെടാന്‍ ആഗ്രഹം ഇല്ലാഞ്ഞിട്ടാണോ, അല്ല. മധ്യ വയസ് പിന്നിട്ട് വാര്‍ധക്യത്തിലേക്ക് പ്രവേശിച്ചു തുടങ്ങിയാല്‍, കാലന്റെ കാലൊച്ച കേള്‍ക്കാന്‍ തുടങ്ങിയാല്‍, മിക്ക മനുഷ്യരുടെയും വേവലാതികളിലൊന്നാണ് മരിച്ചാല്‍ ആരെങ്കിലും തന്നെ ഓര്‍ക്കുമോ എന്നത്. അധികാരവും സമ്പത്തുമൊക്കെ ഉള്ളവര്‍ക്ക് ഈ വേവലാതി കൂടും.

ഒബാമയെ പോലെ അപൂര്‍വം പേരൊഴിച്ചു മിക്കവരും അറുപതും എഴുപതും കഴിയുമ്പോഴാണ് അധികാരത്തിലെത്തുന്നത്. കാലനെ തൊട്ടടുത്ത് കാണാം. അത് കൊണ്ട് തന്നെ മിക്കവരും ഓര്‍മിക്കപ്പെടാന്‍ വേണ്ടി എന്തെങ്കിലുമൊക്കെ കാട്ടി കൂട്ടും. പ്രതിമയുണ്ടാക്കും, സ്റ്റേഡിയത്തിന് സ്വന്തം പേരിടും, പാര്‍ലമെന്റ് പൊളിച്ചു വാര്‍ക്കും, അങ്ങനെയങ്ങനെ.

ഡൊണാള്‍ഡ് ട്രംപ്

അതൊന്നും ഫലം കാണില്ല. ചരിത്രം ശാസ്ത്രമാണെന്നതാണ് കാരണം. ജ്യോതിഷം ശാസ്ത്രമാണ്, വാസ്തു ശാസ്ത്രമാണ്, യോഗ ശാസ്ത്രമാണ് എന്നൊക്കെ പറയുന്നത് പോലെയല്ല, ചരിത്രം ശരിക്കും ശാസ്ത്രമാണ്. മറ്റുള്ള എല്ലാ ശാസ്ത്രവും പോലെ ചരിത്രത്തിനും സൂക്ഷ്മവലോകന രീതികളുണ്ട്, പരിശോധനകളുണ്ട്. തട്ടിപ്പുകാരെ അത് തിരിച്ചറിയും, നിരാകരിക്കും.

കെമിസ്ട്രിക്ക് രാമര്‍ പെട്രോള്‍ പോലെയാണ് ചരിത്രത്തിന് പാര്‍ലമെന്റ്-പൊളിയന്മാര്‍. പെട്ടെന്ന് തമസ്‌കരിക്കപ്പെടും. ഓര്‍ക്കുന്നുണ്ടോ രാമര്‍ പെട്രോള്‍, എന്തൊക്കെ ബഹളങ്ങളായിരുന്നു.

ചരിത്രത്തില്‍ ജീവിക്കണമെങ്കില്‍, ചരിത്ര-പുരുഷമാരോ ചരിത്ര-സ്ത്രീകളോ ആകണമെങ്കില്‍ എന്തെങ്കിലുമൊക്കെ ചെയ്യണം. എന്തെങ്കിലും എന്ന് പറഞ്ഞാല്‍ രാജ്യത്തിന്റെ അല്ലെങ്കില്‍ മനുഷ്യന്റെ ജീവിതം മാറ്റി മറിക്കുന്ന എന്തെങ്കിലും. എബ്രഹാം ലിങ്കണെ എല്ലാവരും ഓര്‍ക്കുന്നത് അടിമത്തം നിരോധിച്ചത് കൊണ്ടാണ്. കെന്നഡിയെ ഓര്‍ക്കുന്നത് മനുഷ്യനെ ചന്ദ്രനില്‍ അയച്ചതിനാണ്. ജോര്‍ജ് വാഷിങ്ങ്ടണെ ഓര്‍ക്കുന്നത് അമേരിക്കയെന്ന മഹത്തായ രാജ്യത്തിന്റെ സ്ഥാപകരിലൊരാളാവുകയും അതിന്റെ ആദ്യത്തെ പ്രസിഡന്റാവുകയും ചെയ്തതിനാണ്.

ഇതൊക്കെ ചെയ്യണമെങ്കില്‍ മഹത്തായ ഭാവനയും കഴിവും നേതൃപാടവവുമൊക്കെ വേണം.

എബ്രഹം ലിങ്കണ്‍

എബ്രഹാം ലിങ്കണ് മുമ്പ് നിരവധി പ്രസിഡന്റുമാരുണ്ടായിരുന്നു, അവര്‍ക്ക് അടിമകളുണ്ടായിരുന്നു. അവര്‍ക്കാര്‍ക്കും അടിമത്വം നിരോധിക്കണമെന്ന് തോന്നിയില്ല, അത് കൊണ്ട് തന്നെ അവരൊക്കെ ആരാലും ഓര്‍മിക്കപ്പെടാതെ ശ്മശാനത്തില്‍ കിടക്കുന്നു. കെന്നഡിക്കു ശേഷം വന്നവര്‍ക്ക് ചന്ദ്രനിലേക്ക് ആളെ വിട്ട് പേരെടുക്കാന്‍ കഴിയുകയുമില്ല.

കെന്നഡിക്ക് ശേഷം വന്ന ലിന്‍ഡന്‍ ജോണ്‍സനോട് ചന്ദ്രനിലേക്ക് വീണ്ടും ആളെ അയക്കാന്‍ നാസ കാശിനു ചോദിച്ചപ്പോള്‍ ചന്ദ്രനിലേക്ക് ആളെയയച്ച രണ്ടാമത്തെ പ്രസിഡണ്ട് എന്ന ബഹുമതി തനിക്ക് വേണ്ട എന്ന് അദ്ദേഹം പറഞ്ഞതായി ഒരു കഥയുണ്ട്.

നൂറു വര്‍ഷം കഴിയുമ്പോള്‍ കേരളം ഏതൊക്കെ മുഖ്യമന്ത്രിയെ ഓര്‍ക്കും. ഇ.എം.എസ്- അതേയുള്ളൂ. ഭൂപരിഷ്‌കരണത്തിലൂടെയും വിദ്യാഭ്യാസ പരിഷ്‌കരണത്തിലൂടെയും കേരളത്തെ മാറ്റിമറിച്ചയാള്‍ എന്ന് ഇ.എം.എസ് ഓര്‍മിക്കപ്പെടും, ജന്മിത്വത്തില്‍ നിന്ന് കേരളത്തെ മോചിപ്പിച്ചു എന്നത് മതി ഒരു മുഖ്യന്ത്രിയെ ചരിത്ര പുരുഷനോ ചരിത്ര സ്ത്രീയോ ആക്കാന്‍.

ഇ.എം.എസ്

പിന്നീട് വന്നവരില്‍ കഴിവുള്ളവരുണ്ടാകാം, ഇല്ലാത്തവരുണ്ടാകാം, ദൈനംദിന ഭരണ കാര്യങ്ങളില്‍ മികവ് പുലര്‍ത്തിയവരും ഇല്ലാത്തവരും ഉണ്ടാകാം. പക്ഷെ ഓര്‍മിക്കപ്പെടാന്‍ അത് പോര. ശബരിമല സ്ത്രീപ്രവേശനത്തിലൂടെ പിണറായി ഒന്ന് ശ്രമിച്ചതാണ്, പരാജയപ്പെട്ടു. ശ്രമിച്ചു പരാജയപ്പെട്ടയാള്‍ എന്ന ഒരു പോസ്റ്റ് ചരിത്രത്തിലില്ല, ഭാവിയില്‍ മറ്റൊരാള്‍ വന്നു ആ കപ്പടിക്കും.

ചരിത്രം തിരുത്തലുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന ബഹളങ്ങളുടെ കാരണം രണ്ടാണ്. ആദ്യത്തേത് മോദിക്ക് ചരിത്ര പുരുഷനാവണം, അതിനു വേണ്ടി സ്റ്റേഡിയത്തിന് പേരിടുന്നു, പാര്‍ലമെന്റ് പൊളിക്കുന്നു അങ്ങനെയങ്ങനെ.

രണ്ടാമത്തേത് നെഹ്റുവിനെ ഇറക്കി അവിടെ സവര്‍ക്കറെ കയറ്റണം. അതിനു വേണ്ടി ഏതൊക്കെയോ പോസ്റ്ററില്‍ നിന്നൊക്കെ ചിത്രങ്ങളൊക്കെ മാറ്റുന്നുണ്ട്. വല്ലോം നടക്കുമോ അതോ രാമര്‍ പെട്രോള്‍ പോലെയാകുമോ എന്നതാണ് ചോദ്യം.

ജവഹര്‍ലാല്‍ നെഹ്‌റു, സവര്‍ക്കര്‍

മോദിയുടെ പാര്‍ട്ടി ബി.ജെ.പിയാണ്. അതൊരു കണ്‍സേര്‍വറ്റീവ് അഥവാ പാരമ്പര്യവാദി പാര്‍ട്ടിയാണ്. ലോകത്തു മിക്കയിടത്തും പാരമ്പര്യവാദി പാര്‍ട്ടികളുണ്ട്, തീവ്രത ഏറിയും കുറഞ്ഞുമിരിക്കും. അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി, ബ്രിട്ടനിലേതുള്‍പ്പടെ വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലെ കോണ്‍സര്‍വെറ്റീവ് പാര്‍ട്ടികള്‍, തുര്‍കിയില്‍ ഉര്‍ദുഗാന്റെ എ.കെ പാര്‍ട്ടി തുടങ്ങിയവ.

ഇത്തരം പാര്‍ട്ടികള്‍ പൊതുവെ പാരമ്പര്യം നിലനിര്‍ത്തും എന്ന വാഗ്ദാനം നല്‍കിയാണ് അധികാരത്തില്‍ വരുന്നത്. പാരമ്പര്യം എന്ന് പറഞ്ഞാല്‍ ഭൂതകാലം, സംസ്‌കാരം തുടങ്ങിയവ. ഭൂതകാലത്തില്‍ എന്തൊക്കെയാണ് ഉണ്ടായിരുന്നത് – അടിമത്തം, ജാതി സമ്പ്രദായം, തൊട്ടുകൂടായ്മ, പുരുഷാധിപത്യം അങ്ങനെയങ്ങനെ.

പാരമ്പര്യം അല്ലെങ്കില്‍ സംസ്‌കാരം മാറ്റി മറിക്കുന്നവരെയാണ് പൊതുവെ നമ്മള്‍ ചരിത്ര പുരുഷന്മാര്‍ അല്ലെങ്കില്‍ ചരിത്ര സ്ത്രീകള്‍ എന്ന് വിളിക്കുന്നത്. അടിമത്തം നിരോധിക്കുക, ഫ്യൂഡലിസം അവസാനിപ്പിക്കുക, മനുഷ്യര്‍ക്കിടയില്‍ തുല്യത കൊണ്ട് വരിക തുടങ്ങിയവ ചെയ്യുന്നവര്‍. അവര്‍ പൊതുവെ ലിബറല്‍ അഥവാ പുരോഗമനവാദികള്‍ എന്ന വശത്തായിരിക്കും. വിദ്യാര്‍ത്ഥികളും യുവാക്കളും പൊതുവെ പുരോഗമനവാദികളും മധ്യവയസ്‌കരും വൃദ്ധന്മാരും പൊതുവെ പാരമ്പര്യവാദികളും ആയിരിക്കും, അപവാദങ്ങള്‍ ഉണ്ടാവാം.

നരേന്ദ്രമോദി

ഇന്നത്തെ യുവാക്കള്‍ നാളത്തെ വൃദ്ധന്മാരാകും. ഇന്ന് പുരോഗമനം എന്ന് കരുതുന്നത് നാളെ പാരമ്പര്യമാവുകയും ചെയ്യും. ഉദാഹരണത്തിന് അടിമത്തം തിരിച്ചു കൊണ്ട് വരണമെന്ന് അമേരിക്കയില്‍ ഇന്ന് ആരും ആവശ്യപ്പെടില്ല. താലിബാന്‍ പോലും സ്ത്രീകള്‍ക്ക് ജോലി ചെയ്യാമെന്നാണ് ഇപ്പോള്‍ പറയുന്നത്, ഇരുപത് കൊല്ലം മുമ്പ് അത് ആലോചിക്കാന്‍ പോലും പറ്റില്ലായിരുന്നു.

സൗദിയില്‍ ഇപ്പോള്‍ സ്ത്രീകള്‍ കാറോടിക്കുന്നുണ്ട്. അമേരിക്കയിലെ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റുകളില്‍ ഇരുപത് കൊല്ലം മുമ്പ് സ്വവര്‍ഗ വിവാഹം പാടില്ല എന്നത് പ്രധാന വിഷയമായിരുന്നു, ഇന്നത് എല്ലാവരും അംഗീകരിക്കുന്നതാണ്, നിയമപരമായി, നാട്ടുനടപ്പായി. അതിലെ ചര്‍ച്ച അവസാനിച്ചു.

പാരമ്പര്യവും സംസ്‌കാരവും നിലനിര്‍ത്താന്‍ അധികാരത്തിലേറുന്ന പാരമ്പര്യ പാര്‍ട്ടിക്കാര്‍ ചരിത്രത്തിലിടം പിടിക്കാന്‍ പൊതുവെ എന്താണ് ചെയ്യുക. പുരോഗമനപരമായ നിയമങ്ങള്‍ കൊണ്ടുവരാന്‍ ഏതായാലും കഴിയില്ല. അത് കൊണ്ട് അവര്‍ വേറൊരു ട്രിക്ക് കാണിക്കും. ശക്തരാണെന്ന് സ്വയം വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കുകയും ചെയ്യും.

റജബ് ത്വയിബ് എര്‍ദോഗാന്‍

ട്രംപ്, എര്‍ദോഗാന്‍, മോദി തുടങ്ങിയവരൊക്കെ ശക്തിയെ പറ്റിയും നെഞ്ചളവിനെപ്പറ്റിയും സംസാരിക്കുന്നത് അത് കൊണ്ടാണ്. അവര്‍ക്ക് വേറെയൊന്നും ചെയ്യാനുള്ള ഭാവനയില്ല, ഉണ്ടായാലും അവരുടെ അണികള്‍ക്കും പാര്‍ട്ടിക്കും വേണ്ടത് അതല്ല. അവര്‍ ഭരിക്കുന്ന കാലത്തു നെഞ്ചളവും ശക്തിയും കാണിച്ചു പെട്രോള്‍ പമ്പിലൊക്കെ സ്വന്തം ഫോട്ടോയും വച്ച് വല്ലവരുമായി ഗുസ്തിയും പിടിച്ചു കാലം കഴിക്കും.

അവരുടെ കാലം കഴിയുമ്പോളോ? പാര്‍ട്ടിയില്‍ അടുത്ത ശക്തിമാന്‍ വരും. ശക്തിമാന്‍മാരുടെ ഭാവനയില്‍ ചരിത്രം തുടങ്ങുന്നത് അവര്‍ ഭരിക്കാന്‍ തുടങ്ങുമ്പോഴാണ്. അതിന് മുമ്പുള്ളവര്‍ ഉപേക്ഷിച്ചു പോയ എല്ലാ അടയാളങ്ങളും അവര്‍ മായ്ക്കും. വാജ്‌പേയി പ്രധാനമന്ത്രിയായി ആറു കൊല്ലം ഇന്ത്യ ഭരിച്ചിരുന്നു, അദ്വാനി ഉപ പ്രധാനമന്ത്രിയായും. അവരുടെ ഭരണ കാലത്തേ പറ്റി ഏതെങ്കിലും ഒരു ബി.ജെ.പി നേതാവ് 2014 ന് ശേഷം സംസാരിക്കുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടോ. ഉണ്ടാവില്ല. അത് ബോധപൂര്‍വമാണ്. ശക്തിമാന്മാര്‍ക്ക് കോമ്പറ്റിഷന്‍ ഇഷ്ടമല്ല.

ആരോഗ്യസ്ഥിതിയും പ്രായവും പരിഗണിക്കുമ്പോള്‍ മോദി മാര്‍ഗ-ദര്‍ശക-മണ്ഡലിലേക്ക് പോകാന്‍ ഇനി വലിയ കാലമില്ല. അമിത് ഷാക്കും ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. യോഗി ആദിത്യനാഥായിരിക്കും അടുത്തത് എന്നാണ് കരുതപ്പെടുന്നത്. ആദിത്യനാഥ് വരുമ്പോള്‍ മോദിയുടെ ചരിത്രത്തിന് എന്ത് പറ്റും എന്നതിന് ഇപ്പോഴത്തെ യു.പി കണ്ടാല്‍ മതി.

യോഗി ആദിത്യനാഥ്

യു.പി യിലെ ആദ്യത്തെ ബി.ജെ.പി മുഖ്യമന്ത്രിയല്ല ആദിത്യനാഥ്. കല്യാണ്‍ സിങ്, രാജ്നാഥ് സിങ് തുടങ്ങിയവര്‍ മുന്‍ഗാമികളായിട്ടുണ്ട്. യോഗി ഇവരെ എന്നെങ്കിലും, എന്തിനെങ്കിലും പരാമര്‍ശിക്കാറുണ്ടോ, ഇല്ല. യോഗിയുടെ ഭാവനയില്‍ യു.പിയുടെ ചരിത്രം തുടങ്ങുന്നത് 2017ലാണ്. അതിന് മുമ്പേ അവിടെ ചരിത്രമില്ല.

യോഗി പ്രധാനമന്ത്രിയായി വരുമ്പോള്‍ ആദ്യം നടക്കാന്‍ പോകുന്നതിതാണ്. മോദിയുടെ പേര് എവിടെയെല്ലാം ഉണ്ടോ അവിടെ നിന്നെല്ലാം മാറ്റപ്പെടും. ഇന്ത്യ കണ്ട ഒരേ ഒരു ശക്തിമാന്‍ യോഗിയാണെന്ന് ഇന്നത്തെ മോദി ആരാധകര്‍ മാറ്റി പറയും. ആരാധകര്‍ വെട്ടുകിളികളെ പോലെയാണല്ലോ. പെട്രോള്‍ പമ്പില്‍ പുതിയ ചിത്രങ്ങള്‍ വരും, സ്റ്റേഡിയങ്ങളുടെ പേര് മാറും.

വാജ്‌പേയി ഇപ്പോഴില്ലാത്തത് കൊണ്ട് കൂടുതലറിയാന്‍ അദ്വാനിയോട് ചോദിക്കാം. ഒരു രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടി കെഞ്ചിയതാണ് ഒരു കാലത്ത് ലോഹപുരുഷന്‍ എന്ന് വിളിക്കപ്പെട്ട അദ്വാനി. കൊടുത്തില്ല, ഒരിടത്തും പേര് വരാന്‍ പാടില്ല.

മോദിയുടെ ചരിത്ര മോഹം യോഗി അവസാനിപ്പിക്കും. ചരിത്രപരമെന്നു കരുതിയിരുന്ന നോട്ടു നിരോധനം മോദി തന്നെ ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല, മറ്റൊന്നും ഓര്‍ക്കാനുമില്ല. നെഹ്‌റുവിന്റെ ഇന്ത്യയെ കണ്ടെത്തല്‍ എന്ന ലോകം മുഴുവന്‍ റെഫര്‍ ചെയ്യുന്ന മഹത്തായ ചരിത്ര പുസ്തകത്തോട് മത്സരിക്കാന്‍ മോദിയെഴുതിയ പരീക്ഷ സഹായിക്ക് ബസ്റ്റാന്റില്‍ പതിനഞ്ചു രൂപക്ക് വില്‍ക്കുന്ന പഠന സഹായിയേക്കാള്‍ നിലവാരമുണ്ടെന്ന് വായിച്ചവരാരും കരുതുന്നില്ല.

എ.ബി. വാജ്‌പേയ്, എല്‍.കെ അദ്വാനി

സംഘപരിവാറിന്റെ ചരിത്ര പ്രാധാന്യമാണ് അടുത്തത്.

തീവ്ര വലതുപക്ഷ ഗ്രൂപ്പുകള്‍ എന്നറിയപ്പെടുന്ന ഒട്ടേറെ സംഘങ്ങളുടെ കൂട്ടായ്മയാണ് സംഘപരിവാര്‍. തുല്യത എന്ന സങ്കല്പത്തിലൂന്നിയ ഭരണഘടന നിലവിലുള്ള രാജ്യങ്ങളിലൊക്കെ ഓരോരോ ഘട്ടങ്ങളില്‍ ഇത്തരം ഗ്രൂപ്പുകള്‍ ഉണ്ടായിട്ടുണ്ട്, പലരും അധികാരത്തില്‍ എത്തിയിട്ടുമുണ്ട്. അമേരിക്കയില്‍ ഒരു കാലത്ത് ശക്തമായിരുന്ന കെ.കെ.കെ മുതല്‍ ജര്‍മനിയിലെ നാസികള്‍ വരെ ഇക്കൂട്ടത്തില്‍പ്പെടും.

ഏതെങ്കിലും ഒരു ന്യൂനപക്ഷത്തെ ചൂണ്ടിക്കാട്ടി അവര്‍ അധികാരവും സ്വത്തുമൊക്കെ കൈക്കലാക്കുന്നുവെന്നും പെണ്‍കുട്ടികളെ വശീകരിക്കുന്നുവെന്നുമൊക്കെ പ്രചരിപ്പിച്ചാണ് ഇവര്‍ വലുതാകുക. അമേരിക്കയില്‍ കറുത്തവര്‍ക്കെതിരെയായിരുന്നെങ്കില്‍ ജര്‍മനിയില്‍ ജൂതര്‍ക്കെതിരെ. അവരില്‍ കുറേപ്പേരെ തല്ലി കൊല്ലുക, കലാപങ്ങള്‍ നടത്തുക തുടങ്ങിയവയാണ് പ്രധാന പരിപാടികള്‍.

ഇവരുടെ പ്രചാരണങ്ങള്‍ക്ക് പെട്ടന്ന് ആളെ കൂട്ടാന്‍ കഴിയും. അത് കൊണ്ട് തന്നെ ഒന്നുകില്‍ അവര്‍ അധികാരത്തിലെത്തും, അല്ലെങ്കില്‍ അധികാരത്തില്‍ വലിയ സ്വാധീനം ചെലുത്താനുള്ള ശക്തി ഇവര്‍ക്ക് കൈ വരും. ചിതലുകള്‍ പോലെ ഇവര്‍ പടരുമ്പോള്‍ തായ് തടി നശിക്കാന്‍ തുടങ്ങും. ക്രമേണ നാട്ടുകാര്‍ക്ക് കാര്യം മനസ്സിലാകും, ഇനി ചിതല്‍ വേണ്ട എന്ന് നാട്ടുകാര്‍ തീരുമാനിക്കും.

അത് കൊണ്ട് തന്നെ ഇത്തരം ഗ്രൂപ്പുകളുടെ ആയുസ്സ് കുറവാണ്. വെറും എണ്‍പത് വര്‍ഷത്തോളമാണ് കു.ക്ലൂ.ക്ലാന്‍ അമേരിക്കയില്‍ നിലനിന്നത്. അപ്പോഴേക്കും അമേരിക്കക്കാര്‍ക്ക് കാര്യം മനസ്സിലായി. ഇനി ഒരിക്കലും തിരിച്ചു വരാത്ത രീതിയില്‍ ആ ഗ്രൂപ്പിനെ അമേരിക്കക്കാര്‍ കുഴിച്ചു മൂടി. ഇരുപത്തഞ്ചോ മുപ്പതോ കൊല്ലം കൊണ്ട് നാസികള്‍ ജര്‍മനിയെ നശിപ്പിച്ചു നാറാണക്കല്ലെടുപ്പിച്ചു. നമുക്കൊരിക്കലും മനസ്സിലാകാത്ത ചരിത്രത്തിന്റെ കാലഗണനകളെ കുറിച്ച് ഇതിനു മുമ്പ് എഴുതിയിട്ടുണ്ട് ( https://www.doolnews.com/isreal-palestine-farooq-writes-123.html )

ചരിത്രമാണല്ലോ നമ്മുടെ വിഷയം. കു.ക്ലൂ.ക്ലാന്‍, നാസി തുടങ്ങിയ ഗ്രൂപ്പുകള്‍ക്ക് ഇപ്പോള്‍ ചരിത്രത്തില്‍ ഒരേ ഒരു പ്രാധാന്യമേ ഉള്ളൂ. രാജ്യങ്ങള്‍ക്ക് ഇതേ പോലെയൊക്കെ പുഴുക്കുത്തുകള്‍ വരാന്‍ സാധ്യതയുണ്ടെന്നും അതൊഴിവാക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കണമെന്നും വരും തലമുറയെ ഓര്‍മ്മിപ്പിക്കാന്‍. എത്ര പുസ്തകങ്ങള്‍ മാറ്റിയെഴുതിയാലും നൂറോ ഇരുന്നൂറോ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഇതിലും നല്ല എന്തെങ്കിലും ഒരു പരാമര്‍ശം ചരിത്രത്തില്‍ സംഘപരിവാറിന് ലഭിക്കില്ല. ഫേസ്ബുക്ക് പോസ്റ്റുകളും ട്വിറ്റര്‍ ട്രെന്‍ഡുകളും നോക്കിയല്ല ചരിത്രം ഉണ്ടാകുന്നത്.

എത്ര ഫേസ്ബുക്ക് പോസ്റ്റുകള്‍ എഴുതിയാലും ട്വിറ്ററില്‍ ട്രെണ്ടിയാലും വെളുപ്പിച്ചെടുക്കാന്‍ നോക്കിയാലും നൂറോ ഇരുന്നൂറോ കൊല്ലം കഴിഞ്ഞു സവര്‍ക്കറെ പറ്റി പഠിക്കുന്ന ചരിത്രകാരന്മാര്‍ അദ്ദേഹമെഴുതിയ മാപ്പപേക്ഷകളും ഗാന്ധി വധത്തിന്റെ വിചാരണ രേഖകളും മാത്രമേ തെളിവായെടുക്കൂ. ചരിത്രം കൈനോട്ടം പോലത്തെ തരികിട ശാസ്ത്രമല്ല. അത് തിരുത്താനും കഴിയില്ല.

പിന്‍കുറിപ്പ് :

നൂറു കൊല്ലം കഴിയുമ്പോള്‍ നടക്കുന്ന ഒരു ക്വിസ് പ്രോഗ്രാം. ചോദ്യങ്ങളും ഒരു ചരിത്ര വിദ്യാര്‍ത്ഥിയുടെ ഉത്തരങ്ങളും.

ആരാണ് നെഹ്റു : ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി. ആധുനിക ഇന്ത്യയുടെ ശില്പി. ഇന്ത്യയെ കണ്ടെത്തല്‍ തുടങ്ങി നിരവധി പുസ്തകങ്ങളുടെ രചയിതാവ്

ആരാണ് മോദി : അറിയില്ല

ആരാണ് സവര്‍ക്കര്‍ : ഗാന്ധി വധ ഗൂഢാലോചന കേസിലെ പ്രതി.

ആരാണ് ഗാന്ധി : ഇന്ത്യയുടെ രാഷ്ട്രപിതാവ്. അഹിംസ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്. എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്ന ആത്മകഥ എഴുതിയിട്ടുണ്ട്

എന്താണ് സംഘപരിവാര്‍ : ജര്‍മനിയിലെ നാസി പാര്‍ട്ടി പോലെയും അമേരിക്കയിലെ കെ.കെ.കെ പോലെയും ഇന്ത്യയില്‍ ഒരു കാലത്തു ശക്തമായിരുന്ന റേസിസ്‌റ് ഗ്രൂപ്പ്. ഇപ്പോള്‍ നിലവിലില്ല.

എന്താണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് : ബ്രിട്ടീഷുകാര്‍ക്ക് എതിരെ ഇന്ത്യയുടെ സ്വതന്ത്ര സമരം നയിച്ച പാര്‍ട്ടി.

എന്താണ് ഫേസ്ബുക്ക്: അറിയില്ല.

ഫാറൂഖിന്റെ മറ്റ് ലേഖനങ്ങള്‍ ഇവിടെ വായിക്കാം

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Farooq Writes History Rewriting agenda of Narendra Modi RSS

ഫാറൂഖ്

ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ

Latest Stories

We use cookies to give you the best possible experience. Learn more