| Monday, 10th October 2022, 12:21 pm

സാക്കിര്‍ നായിക്ക് മുതല്‍ രവിചന്ദ്രന്‍ വരെ - കള്‍ട്ടുകള്‍ ജനിക്കുന്നതും മരിക്കുന്നതും

ഫാറൂഖ്

‘പത്തു ചോദ്യങ്ങള്‍, വെറും പത്തു ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും പഠിച്ചാല്‍ മതി, ഒരു ഡിബേറ്റര്‍ എന്ന നിലയില്‍ നിങ്ങള്‍ 90% വിജയമായി’, സാക്കിര്‍ നായിക്ക് പറയും.

മുംബയില്‍, ഡോണ്‍ഗ്രിയിലെ തിരക്കേറിയ പട്ടേല്‍ റോഡില്‍, മൂന്നു ഷട്ടര്‍ വീതിയുള്ള ഒരു ഓഫീസായിരുന്നു സാക്കിര്‍ നായിക്കിന്റെ നേതൃത്വത്തിലുള്ള ഐ.ആര്‍.എഫിന്റെത്. ഓഫീസിനോട് ചേര്‍ന്ന് തന്നെ വീടും അദ്ദേഹവും സഹോദരന്മാരും ചേര്‍ന്ന് നടത്തിയ ഒരു ക്ലിനിക്കും ഉണ്ടായിരുന്നു.

മുകളിലത്തെ നിലയില്‍ ചെറിയൊരു മീറ്റിങ് ഹാളും ലൈബ്രറിയും. തൊണ്ണൂറുകളുടെ അവസാനത്തിലും രണ്ടായിരളുടെ ആദ്യത്തിലും അദ്ദേഹം ആഴ്ചയിലൊരിക്കല്‍ ആ മീറ്റിങ് ഹാളില്‍ ഒരു ട്രെയിനിങ് പ്രോഗ്രാം നടത്തിയിരുന്നു, ഇസ്‌ലാമിക ഡിബേറ്റര്‍മാര്‍ക്കുള്ള ട്രെയിനിങ്.

അഞ്ചോ പത്തോ വിദ്യാര്‍ഥികള്‍ സ്ഥിരമായി ഉണ്ടാകും. എല്ലാവരും വട്ടം കൂടി നിലത്തിരിക്കും. സാക്കിര്‍ നായിക്ക് കാര്യങ്ങള്‍ പറയും. ട്രെയിനികള്‍ ചില ചോദ്യങ്ങളൊക്കെ ചോദിക്കും. സാക്കിര്‍ നായിക്ക് ഇംഗ്ലീഷ് സംസാരിക്കുന്ന ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ക്കിടയില്‍ പ്രശസ്തനായിക്കൊണ്ടിരുന്ന കാലമാണ്.

ആദ്യ ദിവസത്തെ ട്രെയിനിങ്ങില്‍ തന്നെ പത്തു ചോദ്യങ്ങളുടെ കാര്യം പറയും. മുസ്‌ലിമല്ലാത്ത ഒരാള്‍ ഒരു മുസ്‌ലിമിനോട് സാധാരണ ഗതിയില്‍ പത്തു ചോദ്യങ്ങളെ ചോദിയ്ക്കാന്‍ സാധ്യതയുള്ളൂ എന്നതാണ് സാക്കിര്‍ നായിക്കിന്റെ തിയറി.

സാക്കിര്‍ നായിക്ക്

ഇസ്‌ലാം ബഹുഭാര്യത്വം അനുവദിക്കുന്നതെന്താണ്? തലാഖ് അനുവദിക്കുന്നതെന്താണ് സ്ത്രീകള്‍ക്ക് സ്വത്തവകാശം പകുതിയാക്കിയതെന്താണ്? സ്ത്രീകള്‍ പര്‍ദ്ദ ധരിക്കുന്നതെന്തിനാണ്? കട്ടവരുടെ കൈ വെട്ടുന്നതെന്തിനാണ്? എന്ന് തുടങ്ങി പത്തു ചോദ്യങ്ങള്‍.

ഈ ചോദ്യങ്ങള്‍ക്ക് രണ്ടോ മൂന്നോ മിനിട്ട് നീണ്ടു നില്‍ക്കുന്ന ഉത്തരം ഭംഗിയായി പറയണം എന്നതാണ് ശിഷ്യര്‍ക്കുള്ള ആദ്യത്തെ അസൈന്‍മെന്റ്.

ഉത്തരത്തില്‍ ഉദ്ധരണികള്‍ ഉണ്ടാകണം. സ്റ്റാറ്റിറ്റിക്സ് ഉണ്ടാകണം. സയന്‍സ് ഉണ്ടാകണം. പറ്റുമെങ്കില്‍ മറ്റു മത ഗ്രന്ഥങ്ങളില്‍ നിന്നുള്ള വാചകങ്ങളും അവയുടെ റഫറന്‍സും ഉണ്ടാകണം. സര്‍വോപരി ഇത്തരം നിയമങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍ പാശ്ചാത്യ ലോകം അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ പറ്റി പറയണം.

ഇത്രയും പഠിച്ചാല്‍ നിങ്ങള്‍ 90% ഡിബേറ്റര്‍ ആയി. ആദ്യത്തെ പത്തിന്റെ കൂടെ പിന്നൊരു പത്തു കൂടി പഠിച്ചാല്‍ 95% ആയി.

‘ബാക്കി അഞ്ചു ശതമാനം എന്ത് ചെയ്യും?’ ഏതെങ്കിലും ഒരു ട്രെയിനി ചോദിക്കും.

‘അവിടെയാണ് ഫോളോ-അപ്പ് ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനുള്ള നിങ്ങളുടെ കഴിവിന്റെ പ്രസക്തി’. സാക്കിര്‍ നായിക് പറയും.

മിക്കവാറും ചോദ്യക്കാര്‍ ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം കേട്ട് പിന്നൊന്നും പറയാതെ പോകും. കുറച്ചു പേര്‍ ഒരു ഫോളോ-അപ്പ് ചോദ്യം ചോദിക്കും.

അതുകൊണ്ട് ഓരോ ചോദ്യത്തിന്റെയും ഉത്തരം പഠിക്കുന്നതിനോടൊപ്പം അതിന്റെ കൂടെ വരാന്‍ സാധ്യതയുള്ള അഞ്ചു ഫോളോ-അപ്പ് ചോദ്യങ്ങളുടെ ഉത്തരം കൂടെ പഠിക്കണം.

എന്ന് പറഞ്ഞാല്‍ പത്തു ചോദ്യങ്ങള്‍ക്ക് രണ്ടു ലെവെലിലായി അറുപത് ഉത്തരങ്ങളുണ്ടാകും. അത് കഴിഞ്ഞാല്‍ വരുന്ന ചോദ്യങ്ങളാണ് രണ്ടാം ലെവല്‍ ഫോളോ-അപ്പ് ചോദ്യങ്ങള്‍.

വളരെ ചുരുക്കം പേര്‍ രണ്ടാമതൊരു ഫോളോ-അപ്പ് ചോദ്യം കൂടെ ചോദിക്കും. അഡ്വാന്‍സ് ലെവല്‍ ഡിബേറ്റര്‍മാര്‍ രണ്ടു ലെവല്‍ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ പഠിക്കണം.

സാക്കിര്‍ നായിക്കിന്റെ കൂടെ താമസിച്ചു ഡിബേറ്റിങ് പഠിച്ചിരുന്നവര്‍ അഡ്വാന്‍സ് ലെവല്‍ ആയിരുന്നു. അവരില്‍ മിക്കവര്‍ക്കും ഏകേദശം 2,500 ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ അറിയാമായിരുന്നു, സാക്കിര്‍ നായിക്കിന്റെ ഒരു സഹോദരനും അതില്‍ ഉള്‍പ്പെടും.

ആ സഹോദരനായിരുന്നു സാക്കിര്‍ നായിക്കിന്റെ ഡിബേറ്റുകളുടെ മോഡറേറ്ററായി സ്ഥിരമായുണ്ടാകുക.

‘ആരെങ്കിലും മൂന്നാം ലെവല്‍ ഫോളോ-അപ്പ് ചോദ്യങ്ങള്‍ ചോദിച്ചാലോ?’ ട്രെയിനികളില്‍ ആരെങ്കിലുമൊക്കെ ചോദിക്കും.

‘99% അതിനു സാധ്യതയില്ല’ സാക്കിര്‍ നായിക്ക് പറയും. എപ്പോഴും ശതമാനത്തിലാണ് അദ്ദേഹം സംസാരിക്കുക. മൂന്നു കാരണങ്ങള്‍ അദ്ദേഹം വിശദീകരിക്കും.

ഒന്ന്. മൂന്നാം ലെവല്‍ ഫോളോ-അപ്പ് ചോദ്യം ചോദിക്കണമെങ്കില്‍ നിര്‍ദിഷ്ട വിഷയത്തില്‍ നല്ല ജ്ഞാനമുള്ള ഒരാളായിരിക്കണം, പി.ജി ഉള്ളയാളോ റിസര്‍ച്ച് ചെയ്യുന്ന ആളോ പ്രൊഫസറോ ഒക്കെ. ഡൊമൈന്‍ എക്‌സ്‌പെര്‍ട് എന്ന് പറയും.

ഒരു ഡൊമൈന്‍ എക്‌സ്‌പെര്‍ട്ട് വെറും താര്‍ക്കികനായ ഒരാളോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ വരാന്‍ തീരെ സാധ്യതയില്ല, അവര്‍ക്ക് വേറെ തിരക്കുകളുണ്ടാകും.

രണ്ട്, മൂന്നാം ലെവല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയണമെങ്കില്‍ നിങ്ങള്‍ ഒരു ഡൊമൈന്‍ എക്‌സ്‌പെര്‍ട് ആയിരിക്കണം. നിങ്ങള്‍ക്കത് ഒരിക്കലും കഴിയില്ല, കാരണം ഭൂമിയിലുള്ള മുഴുവന്‍ വിഷയങ്ങളെയും പറ്റി തര്‍ക്കിക്കലാണ് നിങ്ങളുടെ ജോലി.

മതം, ശാസ്ത്രം, ആരോഗ്യം, മനഃശാസ്ത്രം, ചരിത്രം, ടെക്‌നോളജി, സാമൂഹ്യശാസ്ത്രം, എക്കണോമിക്സ്, പൊളിറ്റിക്‌സ്, സമുദ്ര ശാസ്ത്രം, ഡിപ്ലോമസി, ജ്യോതിഷം, ഗോളശാസ്ത്രം, ഗൗളിശാസ്ത്രം, ആയുര്‍വേദം, ഹോമിയോപ്പതി, സിനിമ, ആര്‍ത്തവം, സാഹിത്യം തുടങ്ങി പ്രപഞ്ചത്തിലെ മുഴുവന്‍ ചോദ്യങ്ങള്‍ക്കും ഉത്തരം പറയേണ്ടവരാണ് ഡിബേറ്റര്‍മാര്‍. അവര്‍ക്ക് ഒരു വിഷയത്തിലും എക്‌സ്‌പെര്‍ട് ആകാന്‍ കഴിയില്ല. അതുകൊണ്ട് അതിനു മെനക്കെടേണ്ടതില്ല.

മൂന്ന്, മിക്കവാറും ചോദ്യം ചോദിക്കാന്‍ വരുന്നവര്‍ തങ്ങളുടെ വിശ്വാസങ്ങള്‍ മറ്റൊരാള്‍ വാലിഡേറ്റ് ചെയ്യുന്നത് കേട്ട് സംതൃപ്തിയടയാന്‍ വരുന്നവരാണ്. അവര്‍ ഒന്നാമത്തെ ലെവല്‍ കഴിയുമ്പോള്‍ സംതൃപ്തരായി പോയിക്കോളും.

‘അഥവാ, എപ്പോഴെങ്കിലും, ആരെങ്കിലും മൂന്നാം ലെവല്‍ ഫോളോ-അപ്പ് ചോദ്യങ്ങള്‍ ചോദിച്ചാലോ?’ പിന്നെയും ഏതെങ്കിലും ട്രെയിനി ചോദിക്കും.

താടിയില്‍ മെല്ലെ തടവി പുഞ്ചിരിച്ചു കൊണ്ട് സാക്കിര്‍ നായിക്ക് മെല്ലെ പറയും, നിങ്ങളെ തേടി അത്തരം നിര്‍ഭാഗ്യം വരരുതേയെന്ന് പ്രാര്‍ത്ഥിക്കുക.

പ്രാര്‍ത്ഥന ഫലിക്കാത്തത് കൊണ്ടോ എന്തോ, അപൂര്‍വമായി അത്തരം സന്ദര്‍ഭങ്ങള്‍ സാക്കിര്‍ നായിക്കിനെയും തേടി വന്നു.

അത്തരം അപൂര്‍വ അവസരങ്ങളില്‍ അദ്ദേഹത്തിന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു, ശബ്ദം ഉയര്‍ന്നു, ചോദ്യകര്‍ത്താവിനെ വിഡ്ഢിയെന്നു വിളിച്ചു പുറത്താക്കി, ചിലപ്പോള്‍ സ്വയം ഇറങ്ങിപ്പോയി.

സാക്കിര്‍ നായിക്ക് വളര്‍ന്നു പെട്ടെന്ന് തന്നെ ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ക്കിടയിലെ ഒരു കള്‍ട്ട് ആയി. നഗരങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് അദ്ദഹം പറന്നു. ചെല്ലുന്നിടത്തെല്ലാം ആരാധകരായി.

കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ ഒരിക്കല്‍ അദ്ദേഹം വന്നപ്പോള്‍ ഹാളില്‍ കൊള്ളൂന്നതിനേക്കാള്‍ മൂന്നിരട്ടി ആളുകള്‍ പുറത്തുണ്ടായിരുന്നു.

ഇംഗ്ലീഷ് സംസാരിക്കുന്ന ഡോക്ടര്‍ എന്നത് സാധാരണ ഒരു മുസ്‌ലിം പണ്ഡിതനെക്കാള്‍ ആരാധകരെ സാക്കിര്‍ നായിക്കിന് നേടിക്കൊടുത്തു. അദ്ദേഹം സ്വന്തമായി ഒരു ഡിബേറ്റ് ഫോര്‍മാറ്റ് കൊണ്ട് വന്നു.

ഏതു നഗരത്തില്‍ വന്നാലും ഹിന്ദു-ക്രിസ്ത്യന്‍-നിരീശ്വരവാദി തുടങ്ങിയവരില്‍ നിന്ന് ഒരു റെന്റ്-എ-ഡിബേറ്ററെ (ദിവസക്കൂലിക്ക് കിട്ടുന്ന ഡിബേറ്റര്‍മാര്‍) സ്റ്റേജില്‍ കൊണ്ടിരുത്തും. ഓരോരുത്തരും അര മണിക്കൂര്‍ വീതം സംസാരിക്കും. പിന്നെ സാക്കിര്‍ നയിക്കിന്റെ അര മണിക്കൂര്‍.

അത് കഴിഞ്ഞു റെന്റ്-എ-ഡിബേറ്റര്‍മാര്‍ക്ക് 10 മിനിറ്റ് വീതം വീണ്ടും. പിന്നെ സാക്കിര്‍ നായിക്കിന്റെ നീണ്ട മറുപടി. അവസാനം ചോദ്യോത്തരം. ആരാധകര്‍ ക്യൂ നിന്ന് ചോദ്യങ്ങള്‍ ചോദിക്കും.

ഫോളോ-അപ്പ് ചോദ്യങ്ങള്‍ അനുവദിക്കില്ല. മോഡറേറ്റര്‍ ആയി സാക്കിര്‍ നായിക്കിന്റെ സഹോദരനായിരിക്കും മിക്കപ്പോഴും, അദ്ദേഹം ഇല്ലാത്തപ്പോള്‍ വേറൊരു ശിഷ്യന്‍.

ഓരോ സംവാദങ്ങള്‍ക്ക് ശേഷവും സംതൃപ്തരായ ആരാധകര്‍ കയ്യടിച്ചു പുഞ്ചിരിച്ച് തങ്ങളുടെ മുന്‍ധാരണകള്‍ ഇംഗ്ലീഷ് സംസാരിക്കുന്ന വിദ്യാസമ്പന്നനായ മറ്റൊരാള്‍ വാലിഡേറ്റ് ചെയ്ത ഉന്മാദത്തില്‍ തിരിച്ചു പോകും.

റെന്റ്-എ-ഡിബേറ്റര്‍മാരെ കിട്ടാതെ വരുന്ന അവസരങ്ങളില്‍ അദ്ദേഹം നീണ്ട പ്രഭാഷണങ്ങള്‍ നടത്തി. പ്രഭാഷണങ്ങള്‍ക്കൊടുവില്‍ വരിവരിയായി നിന്നു ചോദ്യം ചോദിക്കുന്ന ആരാധകരെ ചടുലമായ ഉത്തരങ്ങള്‍ കൊണ്ട് സ്തബ്ധരാക്കി.

ചിലപ്പോഴൊക്കെ പത്രങ്ങള്‍ക്കും ടെലിവിഷനുകള്‍ക്കും ഇന്റര്‍വ്യൂ കൊടുത്തു. ഒന്നാം ലെവല്‍ ചോദ്യങ്ങള്‍ക്കപ്പുറം പോകാന്‍ കഴിവോ അറിവോ ഇല്ലാത്തവരാണ് ചോദ്യങ്ങള്‍ ചോദിക്കാന്‍ വരുന്നതെന്ന് എല്ലായ്പ്പോഴും അദ്ദേഹം ഉറപ്പു വരുത്തി.

മറ്റെല്ലാ കള്‍ട്ട് ഹീറോകളെയും പോലെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ സക്കീര്‍ നായിക്കിനെയും ആരാധകര്‍ക്ക് മടുത്തു തുടങ്ങി. ചോദ്യങ്ങളും ഉത്തരങ്ങളും ആവര്‍ത്തന വിരസമായി. തര്‍ക്കിച്ചു തോല്‍പ്പിക്കാന്‍ റെന്റ്-എ-ഡിബേറ്റര്‍ മാരെ കിട്ടാതായി.

ഇതേ സമയത്ത് മുസ്‌ലിങ്ങള്‍ക്കിടയില്‍ പൊതുവെ തര്‍ക്കത്തിലൂടെയുള്ള ആശയപ്രചാരണങ്ങള്‍ ഗുണത്തേക്കാളും ദോഷമാണുണ്ടാക്കുക എന്ന തിരിച്ചറിവ് വന്നു.

മുഖ്യധാരാ സംഘടനകള്‍ അദ്ദേഹത്തോട് അകലം പാലിക്കാന്‍ തുടങ്ങി. കുറഞ്ഞു തുടങ്ങിയ ആരാധകരെ തിരിച്ചു പിടിക്കാനായിരിക്കണം മറ്റു ചില തന്ത്രങ്ങള്‍ അദ്ദേഹം പ്രയോഗിച്ചു,.

ഒസാമ ബിന്‍ ലാദനെ തള്ളിപ്പറയാതിരിക്കുക, ബാഹ്‌മിയാന്‍ ബുദ്ധ പ്രതിമകള്‍ തകര്‍ത്തതിനെ പരോക്ഷമായി ന്യായീകരിക്കുക, 9-11 ഗൂഢാലോചന സിദ്ധാന്തങ്ങള്‍ക്ക് വിശ്വസ്യത നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ സക്കീര്‍ നയിക്കിനെ കുരുക്കുകളില്‍ കൊണ്ട് ചെന്നെത്തിച്ചു.

ക്രമേണ ഒരു കള്‍ട്ട് നേതാവ് എന്ന നിലയില്‍ നിന്ന് സക്കീര്‍ നായ്ക്ക് ഒരു സാധാരണ മതപ്രഭാഷകനായി മാറി. പക്ഷെ, സക്കീര്‍ നായിക്കിന്റെ ഡിബേറ്റ് ഫോര്‍മാറ്റ് സക്കീര്‍ നായിക്കില്ലാതെ തന്നെ ജൈത്ര യാത്ര തുടര്‍ന്നു.

പത്തോ ഇരുപതോ ചോദ്യങ്ങള്‍, ഒന്നോ രണ്ടോ ഫോളോ-അപ്പ് ചോദ്യങ്ങള്‍, റെന്റ്-എ-ഡിബേറ്റര്‍മാരുടെ സേവനം, സ്വന്തക്കാരനായ മോഡറേറ്റര്‍, ഈ കോമ്പിനേഷന്‍ അനുകരിക്കാന്‍ മുസ്‌ലിം-ക്രിസ്ത്യന്‍-ഹിന്ദു വ്യത്യാസങ്ങളില്ലാതെ ഒട്ടേറെ ആളുകളുണ്ടായി.

മോട്ടിവേഷന്‍ ഗുരുക്കളെയും ബോറന്‍ പ്രഭാഷകരെയും കണ്ടുമടുത്ത നാട്ടുകാര്‍ക്കും ഇതൊരു മാറ്റം ആയി. രാത്രി എട്ട് മണിക്കും ഒമ്പത് മണിക്കുമുള്ള ടെലിവിഷന്‍ ഡിബേറ്റുകളെ പോലും സക്കീര്‍ നായിക്കിന്റെ ഫോര്‍മാറ്റ് സ്വാധീനിച്ചു.

പ്രപഞ്ചത്തിലുള്ള മുഴുവന്‍ കാര്യങ്ങളും അറിയാമെന്നും ഏതു ചോദ്യങ്ങള്‍ക്കും ഇന്‍സ്റ്റന്റ് മറുപടി പറയാമെന്നും ഭാവിക്കുന്ന ഡിബേറ്റര്‍മാര്‍ നാടൊട്ടാകെ നിറഞ്ഞു.

ചിലരൊക്കെ വിജയിച്ചു, മിക്കവരും പരാജയപ്പെട്ടു, അപൂര്‍വം ചിലര്‍ സാക്കിര്‍ നായിക്കിനെ പോലെ സ്വന്തമായി കള്‍ട്ടുകളുണ്ടാക്കി നേതാവായി.

വിജയിച്ചവരുടെ കൂട്ടത്തില്‍ കേരളത്തില്‍ നിന്നുള്ള രണ്ടു പേരുകളാണ് എം.എം. അക്ബറും സി.രവിചന്ദ്രനും. ഇരുവര്‍ക്കുമുണ്ടായി സ്വന്തമായി കള്‍ട്ടുകള്‍.

എം.എം. അക്ബറിന് കാര്യങ്ങള്‍ എളുപ്പമായിരുന്നു. സാക്കിര്‍ നായിക്ക് ഇംഗ്ലീഷില്‍ ചെയ്ത എല്ലാ കാര്യങ്ങളും അതേപോലെ മലയാളത്തിലെക്ക് പറിച്ചു നട്ടു.

ഇംഗ്ലീഷ് അറിയാത്തവരുടെ സാക്കിര്‍ നായിക്കായി മാറുകയായിരുന്നു എം.എം. അക്ബര്‍. ഒരേ ചോദ്യങ്ങള്‍, ഒരേ ഉത്തരങ്ങള്‍. ഇംഗ്ലീഷ് സംസാരിക്കുന്ന റെന്റ്-എ-ഡിബേറ്റര്‍ മാര്‍ക്ക് പകരം മലയാളം സംസാരിക്കുന്നവര്‍ വന്നു എന്ന വ്യത്യാസം മാത്രം.

എം.എം. അക്ബര്‍

സാക്കിര്‍ നായിക്ക് രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേക്ക് പറന്നു കൊണ്ടിരുന്നപ്പോള്‍ എം.എം. അക്ബര്‍ ജില്ലകളില്‍ ജില്ലകളിലേക്ക് ഓടികൊണ്ടിരുന്നു.

ക്രമേണ, സാക്കിര്‍ നായിക്കിനെ ആരാധകര്‍ക്ക് മടുത്ത പോലെ എം.എം. അക്ബറിനെയും മടുത്തു. പക്ഷെ അദ്ദേഹം ഇന്നും ഡിബേറ്റുകള്‍ തുടരുന്നു.

മാറുന്ന കാലത്തിനോടും മാറുന്ന വിഷയങ്ങളോടും പ്രതികരിക്കാനാവാതെ ഇപ്പോള്‍ എം.എം. അക്ബര്‍ വേദികളില്‍ വിയര്‍ക്കുന്നു, ഉത്തരങ്ങള്‍ അപഹാസ്യമാകുന്നു.

എത്രത്തോളം എന്നുവെച്ചാല്‍, രണ്ടുമൂന്ന് കൊല്ലം മുമ്പ് തളിപ്പറമ്പില്‍ നടന്ന ഒരു യോഗത്തില്‍ ഉണ്ണി ആറിന്റെ വാങ്ക് എന്ന ചെറുകഥയുടെ പശ്ചാത്തലത്തില്‍ ഒരു പെണ്‍കുട്ടി എം.എം. അക്ബറിനോട് ഒരു ചോദ്യം ചോദിച്ചു.

സ്ത്രീകള്‍ക്ക് എന്ത് കൊണ്ട് ബാങ്ക് കൊടുക്കാന്‍ പറ്റില്ല എന്നതായിരുന്നു ചോദ്യം. അതിനദ്ദേഹം പറഞ്ഞ ഉത്തരം (ഏകദേശം) ‘സ്ഥിരമായി ബാങ്ക് കൊടുക്കന്ന സ്ത്രീക്ക് ആര്‍ത്തവം വന്നാല്‍ അന്ന് അവര്‍ക്ക് ബാങ്ക് കൊടുക്കാന്‍ കഴിയില്ല. അപ്പോള്‍ അവര്‍ക്ക് ആര്‍ത്തവം ഉണ്ട് എന്ന് നാട്ടുകാര്‍ മുഴുവന്‍ അറിയും. സ്ത്രീകളുടെ സ്വകാര്യത സംരക്ഷിക്കാനാണ് അവരെ ബാങ്ക് കൊടുക്കാന്‍ സമ്മതിക്കാത്തത്’.

തമാശക്ക് പറഞ്ഞതല്ല, വളരെ കാര്യമായിട്ടാണ്, വേണ്ടവര്‍ക്ക് വീഡിയോ ഇവിടെ കാണാം.

ഇംഗ്ലീഷ് അറിയാത്തവരുടെ സാക്കിര്‍ നയിക്കായിരുന്നു എം.എം. അക്ബര്‍ എങ്കില്‍ ഇംഗ്ലീഷ് അറിയാവുന്നവരുടെ എം.എം. അക്ബറായിരുന്നു രവിചന്ദ്രന്‍.

ഓരോ മൂന്നു മലയാളം വാചകം പറയുമ്പോഴും ഒരു ഇംഗ്ലീഷ് വാചകം പറയാന്‍ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചു. എം.എം. അക്ബറിന്റെ അത്രയും ഭാഗ്യവാനായിരുന്നില്ല രവിചന്ദ്രന്‍.

ഡിബേറ്റ് ഫോര്‍മാറ്റ് സാക്കിര്‍ നയിക്കിന്റെതായിരുന്നെങ്കിലും ഉള്ളടക്കം സാക്കിര്‍ നായിക്കിന്റേതിന് നേരെ എതിരാവേണ്ടിയിരുന്നു, അതിനായി കഠിനാധ്വാനം ചെയ്യേണ്ടിയിരുന്നു രവിചന്ദ്രന്.

അതിനദ്ദേഹം ആശ്രയിച്ചത് റെയ്ഗാന്റെ കാലത്തെ കമ്യൂണിസ്റ്റ് വിരുദ്ധ സാഹിത്യങ്ങളും ബുഷിന്റെ കാലത്തെ മതവിരുദ്ധ സാഹിത്യങ്ങളുമായിരുന്നു.

അമേരിക്കയില്‍ ഒരു കാലത്ത് ജനപ്രിയമായതും പിന്നീട് ചവറ്റുകൊട്ടയിലായതുമായ സാം ഹാരിസ്, റിച്ചാര്‍ഡ് ഡോക്കിന്‍സ് തുടങ്ങിയവരുടെ പുസ്തകങ്ങള്‍ ഉപയോഗിച്ചുള്ള കണ്ടെന്റ് ജെനെറേഷനാണ് തുടക്കകാലത്ത് രവിചന്ദ്രനെ ഒരു പാടാളുകളുടെ ഹീറോ ആക്കിയത്.

അവരുടെ പുസ്തകങ്ങളും ആശയങ്ങളും മലയാളത്തിലാക്കി എഴുത്തുകാരന്‍ എന്ന പേരും അദ്ദേഹം നേടി.

സാക്കിര്‍ നായിക്ക് ഫോര്‍മാറ്റിലുള്ള ഡിബേറ്റുകളില്‍ റെന്റ്-എ-ഡിബേറ്റര്‍മാരായ രാഹുല്‍ ഈശ്വറിനെയും മോഹനന്‍ വൈദ്യരെയുമൊക്കെ രവിചന്ദ്രന്‍ മലര്‍ത്തിയടിക്കുന്നത് കണ്ട് ആവേശം കയറിയ ആരാധകര്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ കാശുകൊടുത്തു വാങ്ങി വീട്ടിലെ ഷെല്‍ഫുകള്‍ അലങ്കരിച്ചു. അപൂര്‍വം പേര്‍ അതൊക്കെ വായിക്കുകയും ചെയ്തു.

ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ടുതന്നെ രവിചന്ദ്രന്‍ സാമാന്യം വലിയ ഒരു കള്‍ട്ടിന്റെ നേതാവായി. ചെല്ലുന്നിടത്തൊക്കെ ആരാധകര്‍ അദ്ദേഹത്തെ പൊതിഞ്ഞു.

വിദേശ മലയാളികളൊക്കെ ടിക്കറ്റും യാത്ര ബത്തയും കൊടുത്തു അദ്ദേഹത്തെ പ്രസാദിപ്പിച്ചു. നാട്ടിലെ സംഘടനകളും കോളേജ് യൂണിയന്‍ ഭാരവാഹികളും അദ്ദേഹത്തിന്റെ ഡേറ്റിന് വേണ്ടി കാത്തു നിന്നു. കോട്ടിട്ട രവിചന്ദ്രന്ദ്രന്റെ ഫ്‌ളക്‌സുകള്‍ സമ്മേളന നാഗരികളില്‍ നിറഞ്ഞു.

പക്ഷെ, ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ സാക്കിര്‍ നായിക്കിനെയും എം.എം. അക്ബറിനെയും തേടി വന്ന അതെ പ്രശ്‌നങ്ങള്‍ രവിചന്ദ്രനെയും തേടി വന്നു. ആവര്‍ത്തന വിരസത, വൈവിധ്യമില്ലാത്ത കണ്ടെന്റ്, തലമുറ മാറ്റം.

ഇതൊന്നുമല്ലാത്ത മറ്റൊരു പ്രശ്‌നവും രവിചന്ദ്രന്റെ കള്‍ട്ടിനുണ്ടായി, ലക്ഷ്യമില്ലായ്മ. മതവിശ്വസികളെ പുച്ഛിച്ചും പരിഹസിച്ചും ജീവിക്കുമ്പോള്‍ തങ്ങള്‍ ബൗദ്ധികമായി ഉന്നതിയിലാണെന്ന് തോന്നുന്നത് തുടക്കത്തിലൊക്കെ ആനന്ദം നല്‍കുമെങ്കിലും ക്രമേണ ഇതിലൊക്കെ എന്ത് കാര്യം എന്ന് തോന്നി മെമ്പര്‍മാര്‍ കള്‍ട്ട് വിടും.

എന്തിനാണെന്നറിയാതെ വിപ്ലവം നടത്തുന്ന ചുമ്മാ-വിപ്ലവകാരികളാണ് രവിചന്ദ്രന്റെ കള്‍ട്ടുകാര്‍.

സമൃദ്ധിയുള്ള രാജ്യങ്ങളില്‍ മതവിശ്വസം കുറഞ്ഞത് തൊഴിലവസരങ്ങളും സാര്‍വത്രിക മെഡിക്കല്‍ ഇന്‍ഷുറന്‍സും ഡേറ്റിങ് കള്‍ച്ചറും സോഷ്യല്‍ സെക്യൂരിറ്റിയും ഉള്ളത് കൊണ്ട് ജനങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ കാരണങ്ങള്‍ കുറഞ്ഞതാണെന്ന് മനസ്സിലാക്കാതെ, മതവിശ്വസം കുറഞ്ഞത് കൊണ്ടാണ് അവിടങ്ങളില്‍ സമൃദ്ധി വന്നതെന്ന് അവര്‍ വിശ്വസിച്ചു. അതിനു വേണ്ടി വിപ്ലവത്തിനിറങ്ങിയ പാവങ്ങള്‍.

പുതിയ തലമുറക്ക് ആകര്‍ഷണം തോന്നാനുള്ള കണ്ടെന്റുകള്‍ കണ്ടെത്താന്‍ രവിചന്ദ്രന് കഴിഞ്ഞില്ല. തങ്ങള്‍ ജനിക്കുന്നതിനും വര്‍ഷങ്ങള്ക്കു മുമ്പ് അമേരിക്കയില്‍ നടന്ന ചര്‍ച്ചകളുടെ ശൂന്യമായ അനുകരണം അവരില്‍ ആകര്‍ഷണം പോയിട്ട് കൗതുകം പോലും ഉണര്‍ത്തിയില്ല.

പുതിയ തലമുറ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ രവിചന്ദ്രനും കഴിഞ്ഞില്ല. പഴയ തലമുറ കള്‍ട്ടില്‍ നിന്ന് കൊഴിഞ്ഞു പോകുന്നു, പുതിയവരെ ആകര്‍ഷിക്കാന്‍ കഴിയുന്നുമില്ല.

ഈ പ്രതിസന്ധിയില്‍ നിന്ന് എങ്ങനെയും രക്ഷപ്പെടാനും തന്റെ കള്‍ട്ട് നിലനിര്‍ത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് രവിചന്ദ്രന്‍ പിന്നീട് ഒരു യൂട്യൂബര്‍ ആകുന്നത്.

യൂട്യൂബറായ രവിചന്ദ്രന്‍ പ്രപഞ്ചത്തിലെ മുഴുവന്‍ കാര്യങ്ങളെ പറ്റിയും പ്രഭാഷണം നടത്താന്‍ തുടങ്ങി.

മതം, ശാസ്ത്രം, ആരോഗ്യം, മനഃശാസ്ത്രം, ചരിത്രം, ടെക്‌നോളജി, സാമൂഹ്യശാസ്ത്രം, എക്കണോമിക്സ്, പൊളിറ്റിക്‌സ്, സമുദ്ര ശാസ്ത്രം, ഡിപ്ലോമസി, ജ്യോതിഷം, ഗോളശാസ്ത്രം, ഗൗളിശാസ്ത്രം, ആയുര്‍വേദം, ഹോമിയോപ്പതി, സിനിമ, ആര്‍ത്തവം, സാഹിത്യം എന്നിവക്ക് പുറമെ റഷ്യ-ഉക്രൈന്‍ യുദ്ധം, രൂപയുടെ മൂല്യ തകര്‍ച്ച, സംവരണം, ഇസ്രഈല്‍-ഫലസ്തീന്‍ തര്‍ക്കം, നാച്ചുറല്‍ സെലെക്ഷന്‍, പാമ്പു വിഷചികിത്സ, ഗോഡ്സെ, കുടിയേറ്റം, ചൈനീസ് ഇക്കോണമി, ജെനറ്റിക്സ്, സംവരണം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേര്‍ണിങ് തുടങ്ങി രവിചന്ദ്രന്‍ നടത്താത്ത യൂട്യൂബ് പ്രഭാഷണങ്ങളില്ല. വിഷയം എന്തായാലും ഫോര്‍മാറ്റ് സാക്കിര്‍ നായിക്ക് തന്നെ.

വിഷയങ്ങളിലെ വൈവിധ്യം കാരണമാവാം, അല്ലെങ്കില്‍ പുസ്തകങ്ങള്‍ വായിക്കാതെ ഗൂഗിള്‍ മാത്രം ആശ്രയിക്കുന്നത് കൊണ്ടാകാം, ആഴവും കോണ്ടെക്സ്റ്റും ഇല്ലാത്ത വായ്ത്താരികള്‍ മാത്രമായി മാറി രവിചന്ദ്രന്റെ പ്രസംഗങ്ങള്‍.

ഓരോ പ്രസംഗങ്ങള്‍ കഴിയുമ്പോഴും അദ്ദേഹം കൂടുതല്‍ കൂടുതല്‍ അപഹാസ്യനായി തുടങ്ങി, ഒരു പക്ഷെ എം.എം. അക്ബറിനെക്കാളേറെ.

ഇപ്പൊള്‍ രവിചന്ദ്രനെ ചുറ്റിപ്പറ്റി വരുന്ന മുഴുവന്‍ വിവാദങ്ങള്‍ക്കും കാരണം സാക്കിര്‍ നായിക്ക് ഫോര്‍മാറ്റില്‍ നിന്ന് യൂട്യൂബ് ഫോര്‍മാറ്റിലേക്ക് മാറുവാന്‍ അദ്ദേഹം നടത്തുന്ന പരാക്രമങ്ങളാണ്.

വിജ്ഞാനത്തിന് വേണ്ടി രണ്ടു തരം യൂട്യൂബ് വിഡിയോകള്‍ സാധാരണ ആളുകള്‍ കാണുക.

ഒന്നാമതേത്, ചടുലമായി കാപ്‌സ്യൂള്‍ പരുവത്തില്‍ പെട്ടന്ന് കാര്യങ്ങള്‍ മനസിലാക്കാന്‍ പറ്റുന്ന വിഡിയോകള്‍. ഇത് പൊതുവെ ഇരുപതുകളിലുള്ള യുവാക്കളാണ് ചെയ്യുന്നത്.

രണ്ടാമത്തേത്, ഡൊമൈന്‍ എക്‌സ്‌പെര്‍ട്ടുകള്‍ ചെയ്യുന്ന ആഴത്തില്‍ കാര്യങ്ങള്‍ പഠിക്കാന്‍ കഴിയുന്ന വൈജ്ഞാനിക വീഡിയോകള്‍. ഇത് രണ്ടും രവിചന്ദ്രന് കഴിയുന്നില്ല, അദ്ദേഹം ചെറുപ്പവുമല്ല അദ്ദേഹത്തിന് അറിവുമില്ല.

മഹാത്മാ ഗാന്ധി പറഞ്ഞതിന്റെ നേരെ എതിരാണ് കള്‍ട്ട് ഹീറോകളുടെ കാര്യം. ആദ്യം അവര്‍ വിജയിക്കും, പിന്നീട് എല്ലാവരും അവരെ നോക്കി ചിരിക്കും, അവസാനം അവര്‍ അവഗണിക്കപ്പെടും.

Content Highlight: Farooq writes about Zakir Naik and C Ravichandran

ഫാറൂഖ്

ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ

We use cookies to give you the best possible experience. Learn more