വികസനം വേണ്ട, തൊഴില്‍ മതി
DISCOURSE
വികസനം വേണ്ട, തൊഴില്‍ മതി
ഫാറൂഖ്
Wednesday, 24th April 2024, 5:34 pm
തൊഴിലില്ലായ്മ ഈ നിലക്ക് പോകുകയാണെങ്കില്‍ സൗജന്യ റേഷന്‍ നിലയ്ക്കുമ്പോള്‍ രാജ്യത്ത് പട്ടിണി മരണങ്ങളുണ്ടാവും. വര്‍ഗീയതക്കും ദേശീയതക്കുമൊന്നും അത് ഇല്ലാതാക്കാനാവില്ല. ഒരു പ്രധാനമന്ത്രിയോ പ്രസിഡന്റോ തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ വികസിത രാജ്യങ്ങളിലെ ജനങ്ങള്‍ ഒരു ചോദ്യമേ ചോദിക്കൂ, 'നിങ്ങളുടെ കാലത്ത് പുതുതായി എത്രപേര്‍ക്ക് ജോലി കിട്ടി'. ഒറ്റ ചോദ്യം, അതിന്റെ ഉത്തരം അനുസരിച്ചായിരിക്കും അവര്‍ക്കുള്ള ജനവിധി. രാഷ്ട്രീയക്കാര്‍ ചോദിക്കുന്നതെ തരൂ, ജോലി ചോദിച്ചാല്‍ ജോലി, കക്കൂസ് ചോദിച്ചാല്‍ കക്കൂസ്. എന്ത് ചോദിക്കണം എന്നാണ് വോട്ടര്‍മാര്‍ തീരുമാനിക്കേണ്ടത്.

ഷീബയുടെ കഥ ഇതിന് മുമ്പ് ഇവിടെ പറഞ്ഞതാണ്. പക്ഷെ ചില കഥകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കഴിയില്ല. എന്റെ നാട്ടുകാരിയായ ഷീബ (പേരുകള്‍ സ്വകാര്യതക്ക് വേണ്ടി മാറ്റിയിട്ടുണ്ട്) വടകരയിലെ ഒരു ഷോപ്പില്‍ ജോലി ചെയ്യുകയാണ്. മുന്നൂറ്റമ്പത് രൂപയാണ് ദിവസക്കൂലി. സീസണാണെങ്കില്‍ 400. ഒരു ദിവസം ചെന്നില്ലെങ്കില്‍ അന്ന് കൂലിയില്ല. അന്‍പത് രൂപ ദിവസം ബസ് കൂലിയാകും. അറുപത് രൂപ ഓട്ടോറിക്ഷക്കും.

അവസാനം പറഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി. ബസ്സിറങ്ങിയാല്‍ ഒന്നൊന്നര കിലോമീറ്ററെ ഷീബയുടെ വീട്ടിലേക്കുള്ളു, ‘ഓട്ടോറിക്ഷയില്‍ പോകേണ്ട ദൂരമില്ലല്ലോ’, ഞാന്‍ ചോദിച്ചു. അതിന് ഷീബ പറഞ്ഞ മറുപടി കേട്ടാല്‍ നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാവങ്ങളുടെ കാര്യം വരുമ്പോള്‍ എത്രത്തോളം പരാജയമാണ് എന്ന് മനസ്സിലാവും.

‘ആ വഴിയില്‍ മൊത്തം തെരുവ് പട്ടികളാണ്, ഞാന്‍ നേരം വെളുക്കുന്നതിന് മുമ്പ് ജോലിക്ക് പോകുന്നതാണ്. ഇരുട്ടിയാലേ വരൂ. ആ സമയത്ത് അതിലെ നടന്നാല്‍ പട്ടികള്‍ പൊറാട്ട കീറും പോലെ കീറും’

നല്ല ഒരു ഭക്ഷണം കഴിക്കാനോ, വസ്ത്രം വാങ്ങാനോ പോലും തികയാത്ത ശമ്പളമാണ് ഷീബക്ക് കിട്ടുന്നത്. മിനിമം കൂലിയില്ല, അവധി ദിനങ്ങളില്ല, മെഡിക്കല്‍ ഇന്‍ഷുറന്‍സില്ല, ഒക്കെ പോട്ടെ, മര്യാദക്ക് പട്ടിയെ പേടിക്കാതെ ജോലിക്ക് പോകാനുള്ള ഒരു സംവിധാനം ഷീബക്ക് ഒരുക്കി കൊടുക്കാന്‍ നമ്മളീ ക്യൂ നിന്ന് വോട്ടു ചെയ്യുന്നവര്‍ക്ക് സാധിച്ചോ? ഇല്ല.

വടകര ടൗണിന്റെ ഒത്ത നടുക്കാണ് ഷീബ ജോലി ചെയ്യുന്ന കട. ശൈലജ ടീച്ചറും ഷാഫിയും പ്രഫുല്‍ കൃഷ്ണയുമൊക്കെ കടയില്‍ വോട്ട് ചോദിക്കാന്‍ വന്നിട്ടുണ്ട്. ‘ഇക്കാര്യം അവരോട് പറഞ്ഞായിരുന്നോ’? ഞാന്‍ ചോദിച്ചു’. ‘ഇതൊക്കെ എന്ത് ചോദിക്കാനാണ്’ അവരൊക്കെ വലിയ വലിയ കാര്യങ്ങളല്ലേ പറയുന്നത്’ ഷീബ പറഞ്ഞു.

ഷീബ ചോദിച്ചില്ലെങ്കിലും ഞാന്‍ ചോദിച്ചു, പല രാഷ്ട്രീയക്കാരോടും. തൊഴിലവസരം കുറയുന്നു, അത് കൊണ്ട് തന്നെ കൂലി കുറയുന്നു, അതെല്ലാവരും അംഗീകരിക്കുന്നുണ്ട്. പട്ടി പ്രശനം പരിഹരിക്കണമെങ്കില്‍ കേന്ദ്രം നിയമം തിരുത്തണം, ഞങ്ങള്‍ വിചാരിച്ചാല്‍ നടക്കില്ല.

‘നിങ്ങള്‍ വിചാരിച്ചാല്‍ എന്ത് നടക്കും’ ഞാന്‍ ചോദിച്ചു.

‘വികസനം കൊണ്ട് വരും’ അതാണ് സ്ഥിരം മറുപടി. എന്നിട്ടവര്‍ ഹൈ-മാസ്‌ററ് ലൈറ്റിന്റെയും കക്കൂസിന്റെയും പുതിയതായി പണിയുന്ന ഹൈവെയുടെയും കാര്യം പറയും.

പാവം ഷീബ ഭക്ഷണം കഴിക്കുമ്പോഴും ഡ്രസ്സ് വാങ്ങുമ്പോഴും കഴുത്തിന് പിടിച്ചു വാങ്ങിക്കുന്ന ടാക്‌സ് കൊണ്ട് സ്വാഭാവികമായി നാട്ടില്‍ വരുന്ന പ്രോജക്ടുകളെയാണ് വികസനം എന്ന് പറയുന്നത്. പെട്രോളില്‍ മുന്നൂറിരട്ടി ടാക്‌സ് വാങ്ങിച്ചില്ലെങ്കില്‍ ഷീബക്ക് ഓട്ടോ ബസ് ചാര്‍ജ് ഇനത്തില്‍ അന്‍പത് രൂപയെങ്കിലും ദിവസം ലാഭമുണ്ടാകും.

ഷീബയുടെ ഇപ്പോഴത്തെ പ്രധാന ആശങ്കയാണ് വരാന്‍ പോകുന്ന ഹൈവേ. ഭീകരമായ ടോളോട് കൂടിയായിരിക്കും ഹൈവേ തുറക്കുക എന്നും ബസ് ചാര്‍ജ് അതിനനസസരിച്ചു കൂടുമെന്നും ഷീബ സ്വാഭാവികമായും ആശങ്കപ്പെടുന്നു. ഇപ്പോള്‍ തന്നെ വിലക്കയറ്റം ഭീകരമാണ്.

പ്രായോഗികമായി ശമ്പളം കുറഞ്ഞാണ് വരുന്നത്. ഷീബയുടെ സ്വപ്നം വളരെ പരിമിതമാണ്, വീട്ടില്‍ ഒരു മുറി കൂടി പണിയണം , ഇപ്പോള്‍ അമ്മയും ഷീബയും ഒരു മുറിയിലാണ് കിടക്കുന്നത്. ‘അതൊന്നും ഒരിക്കലും നടക്കാന്‍ പോകുന്നില്ല’ ഷീബ പറയുന്നു.

ഒരു പക്ഷെ നിങ്ങള്‍ കരുതുന്നുണ്ടാകും ഷീബ കുറച്ചു കൂടി പഠിച്ചിരുന്നെങ്കില്‍ കുറച്ചു കൂടെ ശമ്പളം കിട്ടിയേനെ എന്ന്, എന്നാല്‍ സത്യം തിരിച്ചാണ്.

എം.കോം വരെ പഠിച്ചതാണ് അമീറ. ഇപ്പോള്‍ ഒരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിന്റെ കീഴില്‍ പണിയെടുക്കുന്നു. ശമ്പളം 2000 രൂപ. എനിക്ക് വിശ്വസിക്കാനായില്ല.

‘ഇവിടെ എല്ലാവരും ട്രെയിനിയാണ്, രണ്ടായിരം മുതല്‍ നാലായിരം വരെയാണ് സാലറി’ അമീറ പറഞ്ഞു.

‘എത്രകാലം ട്രെയിനിയായാല്‍ സ്ഥിരമാകും’ ഞാന്‍ ചോദിച്ചു.

‘അങ്ങനെയില്ല, ഇവിടെ ട്രെയിനി മാത്രമേയുള്ളു. പിന്നീട് ഏതെങ്കിലും സ്ഥാപനത്തില്‍ ജോലി കിട്ടിയാല്‍ പോകാം’

അങ്ങനെ ജോലി കിട്ടിയതാണ് അമീറയുടെ ബന്ധു നാസിയക്ക്. കോഴിക്കോട് സാമാന്യം വലിയ ഒരു സ്ഥാപനത്തിലാണ്. പണി അക്കൗണ്ടന്റ്. ശമ്പളം പതിനായിരം രൂപ. ഇപ്പോള്‍ രണ്ടു കൊല്ലം കഴിഞ്ഞു.

‘ശമ്പളം കൂട്ടി ചോദിച്ചൂടേ’ ഞാന്‍ ചോദിച്ചു.

‘അയ്യായിരത്തിന് ജോലി ചെയ്യാന്‍ ഇഷ്ടം പോലെ ആളെ കിട്ടാനുണ്ട്. പിന്നെന്തിനാണ് അവര്‍ എനിയ്ക്ക് ശമ്പളം കൂട്ടി തരുന്നത്’ . ന്യായമായ ചോദ്യം.

ഡിപ്ലോമ പാസ്സായ ഒരു പയ്യന്‍, അവനും കൂലി പതിനായിരമാണ്. പക്ഷെ മോട്ടോര്‍ ബൈക്കും അതിനുള്ള പെട്രോള്‍ ചെലവും അവന്‍ സ്വന്തം വഹിക്കണം.

ഒരു വലിയ ഇലക്ട്രോണിക് കമ്പനിയില്‍ സര്‍വീസ് എന്‍ജിനീയറാണ്. കസ്റ്റമറുടെ വീട്ടില്‍ പോയി ഫ്രിഡ്ജ് റിപ്പയര്‍ ചെയ്യുന്നതാണ് ജോലി. ശമ്പളം പെട്രോളടിച്ചു തീരും. ‘ഏതെങ്കിലും കാലത്ത് ശമ്പളം കൂട്ടി കിട്ടുമായിരിക്കും’. അതാണവന്റെ പ്രതീക്ഷ. അവന്റെ കൂടെ ഒരു ബി-ടെക് എന്‍ജിനീയറും പണിയെടുക്കുന്നുണ്ട്. അതെ പാക്കേജില്‍.

എഞ്ചിനീറിങ് കോളേജുകളില്‍ ക്യാമ്പസ് റിക്രൂട്‌മെന്റുകള്‍ പേരിനു പോലും നടക്കാതിരുന്ന വര്‍ഷങ്ങളാണ് കടന്നു പോയത്. അപൂര്‍വം നടന്ന റിക്രൂട്‌മെന്റുകള്‍ പോലും ഇതുവരെ അപ്പോയ്ന്റ്‌മെന്റ് ആയിട്ടില്ല.

ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ ഉണ്ടായിരുന്ന സോഫ്റ്റ്‌വെയര്‍, ഐ.ടി ജോലികള്‍ ഇപ്പോള്‍ റിക്രൂട്‌മെന്റ് നിലച്ച നിലയിലാണ്. ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയിലെ മൂന്നു പ്രധാന ഐ.ടി കമ്പനികള്‍ (ഇന്‍ഫോസിസ്, ടി.സി.എസ്, വിപ്രോ) അവരുടെ ജോലിക്കാരുടെ എണ്ണത്തില്‍ കുറവ് വരുത്തിയ വര്‍ഷമാണ് കടന്നു പോയത്.

എന്ന് പറഞ്ഞാല്‍ ജോലിക്കെടുത്തതിനെക്കാളും ആളുകളെ പിരിച്ചു വിട്ടിട്ടുണ്ട്. കൂടാതെ ബെംഗളൂരു പോലുള്ള നഗരങ്ങളില്‍ രണ്ടു ബെഡ്റൂം ഫ്‌ളാറ്റുകള്‍ക്ക് അയ്യായിരം രൂപ മാസ വാടകയുണ്ടായിരുന്നപ്പോള്‍ കിട്ടുന്ന ശമ്പളം തന്നെയാണ് മുപ്പതിനായിരം മാസ വാടകയുള്ളപ്പോഴും കിട്ടുന്നത്.

‘ഒരാള്‍ക്ക് മാത്രമാണ് ജോലിയെങ്കില്‍ കിട്ടുന്ന ശമ്പളം ഫ്‌ളാറ്റിന് വാടക കൊടുക്കാനെ ഉണ്ടാകൂ.’ അടുത്തിടെ ബെംഗളൂരുവില്‍ ജോലി കിട്ടിയ ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ പറഞ്ഞു.

എഞ്ചിനീയറിംഗ് ബിരുദധാരികളായ ആണ്‍കുട്ടികള്‍ മിക്കവാറും ഒന്ന് രണ്ടു വര്‍ഷം നിരന്തരമായി തൊഴില്‍ അന്വേഷിച്ചു മടുത്തു ഗള്‍ഫിലോ മറ്റേതെങ്കിലും വിദേശ രാജ്യത്തോ പോകുകയാണ്.

പെണ്‍കുട്ടികള്‍ മിക്കവാറും കല്യാണം കഴിച്ചു കുടുംബിനകളായി മാറുന്നു. മിക്കവരുടെയും പ്രൊഫഷണല്‍ വിദ്യാഭ്യാസ കാലത്തെ സ്വപ്നങ്ങള്‍ എന്നെന്നേക്കുമായി തകരുന്നു.

തൊഴില്‍ പ്രതിസന്ധി കൂലിപ്പണിക്കാരെയും ഗ്രാമീണരെയും എങ്ങനെയാണ് ബാധിക്കുന്നത് എന്ന് ഗ്രാമങ്ങളിലെ നിര്‍മാണ തൊഴിലാളികളോടോ കൃഷിപ്പണിക്കാരോടോ സംസാരിച്ചാലറിയാം.

2014ന് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ മന്‍മോഹന്‍ സിങ്ങിന്റെ കാലത്ത്, ദിവസവും കൂടിക്കൊണ്ടിരുന്ന കൂലി 2014ന് ശേഷം നിശ്ചലമാണ്. വിലക്കയറ്റത്തിനനുസരിച്ച് കൂലി കൂടുന്നില്ല എന്നത് മാത്രമല്ല പ്രശ്‌നം, തൊഴില്‍ ദിവസങ്ങള്‍ വളരെ കുറഞ്ഞിരിക്കുന്നു.

‘മുമ്പ് അഞ്ചോ ആറോ ദിവസം പണിയുണ്ടായിരുന്നത് ഇപ്പോള്‍ രണ്ടോ മൂന്നോ ദിവസം കിട്ടിയാലായി’, സുഹൃത്തായ ഒരു ആശാരിപ്പണിക്കാരന്‍ പറയുന്നു.

കേരളത്തില്‍ അടുത്ത കാലത്ത് നടന്ന ഏറ്റവും വലിയ കണ്‍സ്ട്രക്ഷന്‍ പ്രൊജക്റ്റ് ആയിരുന്നു ഹൈവേ നിര്‍മാണം. ഒരു പാട് തൊഴില്‍ ദിനങ്ങള്‍ അത് മലയാളികള്‍ക്ക് നല്‍കും എന്നായിരുന്നു പ്രതീക്ഷ, പക്ഷെ ഒന്നും നടന്നില്ല.

രാജസ്ഥാനില്‍ നിന്നും മധ്യപ്രദേശില്‍ നിന്നും കൊണ്ട് വന്ന നാന്നൂറ് രൂപ പരമാവധി ദിവസക്കൂലി കിട്ടുന്ന തൊഴിലാളികളാണ് ഈ പ്രോജെക്ടില്‍ പണിയെടുക്കുന്നത്. മലയാളികളുടെ കൂലി നിലവാരമായ എണ്ണൂറു മുതല്‍ ആയിരം വരെ കൊടുക്കാന്‍ ഗുജറാത്തികളായ കോണ്‍ട്രാക്ടര്‍മാര്‍ തയ്യാറല്ല.

ഭീകരമായ തൊഴിലില്ലായ്മാണ് ഉത്തരേന്ത്യയില്‍ ഇത്ര കുറഞ്ഞ കൂലിയില്‍ പണിയെടുക്കാന്‍ ആളെ കിട്ടുന്നതിന്റെ രഹസ്യം. 20നും 30നും ഇടക്കുള്ള പകുതിയോളം പേര്‍ ഒരു ജോലിയും ലഭിക്കാതെ തൊഴിലന്വേഷണം അവസാനിപ്പിച്ച് സൗജന്യ റേഷനരിയും തുച്ഛവിലക്കുള്ള ഡാറ്റയുമായി മൊബൈല്‍ സ്‌ക്രീനില്‍ ജീവിക്കുന്നു.

എണ്‍പതു കോടി ആളുകള്‍ക്കാണ് ഇന്ത്യ സൗജന്യ റേഷന്‍ കൊടുക്കുന്നത്, അതായത് അത്രയും പേരാണ് ദരിദ്ര രേഖക്ക് താഴെയുള്ളത്. ഉത്തരേന്ത്യയിലെ പാവങ്ങള്‍ സ്വപ്ന ജോലികളായി കണ്ടിരുന്ന ആര്‍മിയും റെയില്‍വയും ഇപ്പോഴില്ല.

ആര്‍മിയില്‍ ഇപ്പോള്‍ അഗ്‌നിവീര്‍ ആണ്, നാല് കൊല്ലത്തേക്കുള്ള റിക്രൂട്‌മെന്റാണ്. കയറുന്നതിന് മുമ്പേ ഇറങ്ങാനുള്ള സമയമാകും. റെയില്‍വേ ഇപ്പോള്‍ ആളെയെടുക്കുന്നില്ല, ദിവസക്കൂലിക്ക് പണിയെടുക്കാന്‍ കോണ്‍ട്രാക്ടര്‍മാരെ ഏല്‍പിച്ചിരിക്കുകയാണ്.

ദളിത് പിന്നോക്കക്കാര്‍ക്ക് സാമൂഹ്യ ശ്രേണിയുടെ മുകളിലേക്ക് കയറാന്‍ ഒരു കാലത്ത് സഹായിച്ചിരുന്ന സംവരണം ഇപ്പോള്‍ പ്രായോഗികമായി ഇല്ലാതായിരിക്കുന്നു. സംവരണം ഏട്ടിലെ പശുവായി അവിടെത്തന്നെയുണ്ട്, പക്ഷെ റിക്രൂട്‌മെന്റ് ഇല്ലാതെ എന്ത് സംവരണം.

ഒരു കാലത്ത് സംവരണാസ്ഥാനത്തില്‍ റിക്രൂട്‌മെന്റ് നടത്തിയിരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇപ്പോള്‍ ഒന്നുകില്‍ സ്വകാര്യവത്കരിക്കപ്പെട്ടിരുന്നു, അല്ലെങ്കില്‍ സ്വകാര്യ വത്കരിക്കാന്‍ വച്ചിരിക്കുന്നു.

ഇങ്ങനെ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ പിന്നീട് എന്നെങ്കിലും ആളെയെടുക്കുമ്പോള്‍ സംവരണം പാലിക്കണം എന്ന നിബന്ധനയില്ല. കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള തസ്തികകളില്‍ പോലും ലക്ഷക്കണക്കിന് ഒഴിവുകള്‍ നികത്താതെ ഇട്ടിരിക്കുകയാണ്.

സ്വകാര്യ മേഖലയിലെ നിക്ഷേപം ഓരോ വര്‍ഷവും താണു താണുവരുന്നു, വിദേശ നിക്ഷേപം ഏറ്റവും കുറഞ്ഞ നിരക്കിലാണിപ്പോള്‍. അത് കൊണ്ട് തന്നെ സ്വകാര്യ മേഖലയിലും പുതിയ അവസരങ്ങള്‍ ഉണ്ടാകുന്നില്ല.

വോട്ട് ചോദിച്ചു വരുന്നവരോട് തൊഴിലിനെയും കൂലിയെയും പറ്റി ചോദിക്കാന്‍ ആരുമില്ല. കഴിഞ്ഞ ഒരു മാസത്തെ ടെലിവിഷന്‍ ചാനലുകളുടെ പ്രൈം ടൈം ചര്‍ച്ചകള്‍ യൂട്യൂബില്‍ തിരഞ്ഞു നോക്കി, ഒന്നില്‍ പോലും തൊഴിലില്ലായ്മ ചര്‍ച്ച ചെയ്യുന്നില്ല.

പ്രധാനമന്ത്രിയും ബി.ജെ.പിയും അക്കാര്യം സംസാരിക്കുന്നേ ഇല്ല. രാഹുല്‍ഗാന്ധി സംസാരിക്കുന്നുണ്ട്, പക്ഷെ അത് കേള്‍പ്പിക്കേണ്ട മാധ്യമങ്ങള്‍ തന്നെ അത് മുക്കുന്നുമുണ്ട്.

തൊഴിലില്ലായ്മ ഈ നിലക്ക് പോകുകയാണെങ്കില്‍ സൗജന്യ റേഷന്‍ നിലയ്ക്കുമ്പോള്‍ രാജ്യത്ത് പട്ടിണി മരണങ്ങളുണ്ടാവും. വര്‍ഗീയതക്കും ദേശീയതക്കുമൊന്നും അത് ഇല്ലാതാക്കാനാവില്ല.

ഓരോ ഇലക്ഷന്റെ സമയത്തും ഈ കോളം എഴുതാറുണ്ട്, വോട്ട് ചോദിച്ചു വരുന്നവരോട് ജോലിയെക്കുറിച്ചു ചോദിക്കണമെന്ന്. ഒരു പ്രാവശ്യം കൂടി എഴുതുന്നു.

വികസനം ചോദിക്കരുത്, അത് തട്ടിപ്പാണ്, ഒരു ഹൈ-മീസ്റ്റ് ലൈറ്റ് നിങ്ങളുടെ ജീവിതത്തില്‍ ഒരു മാറ്റവും വരുത്തില്ല. ഹൈവേ മുഴുവന്‍ ടോള്‍ കൊടുത്തേ യാത്ര ചെയ്യാന്‍ കഴിയൂ. ജോലിയുണ്ടെങ്കില്‍ കക്കൂസ് നിങ്ങള്‍ക്ക് തന്നെ നിര്‍മിക്കാം.

അമേരിക്കക്കാര്‍ ബൈഡാനോടോ ബ്രിട്ടീഷുകാര്‍ സുനക്കിനോടോ വികസനം വേണമെന്ന് ചോദിച്ചതായി നിങ്ങള്‍ ആരെങ്കിലും കേട്ടിട്ടുണ്ടോ, അവര്‍ ചോദിക്കും ജോലിക്ക്.

ഒരു പ്രധാനമന്ത്രിയോ പ്രസിഡന്റോ തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ വികസിത രാജ്യങ്ങളിലെ ജനങ്ങള്‍ ഒരു ചോദ്യമേ ചോദിക്കൂ, ‘നിങ്ങളുടെ കാലത്ത് പുതുതായി എത്രപേര്‍ക്ക് ജോലി കിട്ടി’. ഒറ്റ ചോദ്യം, അതിന്റെ ഉത്തരം അനുസരിച്ചായിരിക്കും അവര്‍ക്കുള്ള ജനവിധി.

രാഷ്ട്രീയക്കാര്‍ ചോദിക്കുന്നതെ തരൂ, ജോലി ചോദിച്ചാല്‍ ജോലി, കക്കൂസ് ചോദിച്ചാല്‍ കക്കൂസ്. എന്ത് ചോദിക്കണം എന്നാണ് വോട്ടര്‍മാര്‍ തീരുമാനിക്കേണ്ടത്.

 

Content Highlight: Farooq writes about unemployment in India

 

ഫാറൂഖ്
ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ