കുട്ടികള്‍ നാട് വിടുന്നതെന്തിന് | ഫാറൂഖ്
DISCOURSE
കുട്ടികള്‍ നാട് വിടുന്നതെന്തിന് | ഫാറൂഖ്
ഫാറൂഖ്
Saturday, 17th September 2022, 10:27 pm
തീരെ ചര്‍ച്ച ചെയ്യപ്പെടാത്തതാണ് തുച്ഛവേതനം. വേറെ യാതൊരു മാര്‍ഗ്ഗവുമില്ലാതെ ജോലിക്കു വരുന്ന യുവതികളെയും യുവാക്കളെയും തുച്ഛവേതനത്തിന് അടിമപ്പണി ചെയ്യിക്കുകയാണ് ഇന്ത്യന്‍ തൊഴിലുടമകള്‍...ആദ്യമൊക്കെ ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ മാത്രം കണ്ടു കൊണ്ടിരുന്ന അമേരിക്കന്‍ യൂറോപ്യന്‍ കുടിയേറ്റങ്ങള്‍ ഇപ്പോള്‍ ഹിന്ദു-മുസ്ലിം കുടുംബങ്ങളിലേക്കും പടരുന്നു. കുറച്ചു കാലം മുമ്പ് വരെ ഡിഗ്രി കഴിഞ്ഞവര്‍ കുടിയേറ്റത്തിന് ശ്രമിക്കുമ്പോള്‍ ഇപ്പോള്‍ അത് പ്ലസ് ടു കഴിഞ്ഞവരാണ്. ഒരു വിധം ഗതിയുള്ളവരൊക്കെ സ്വത്ത് മുഴുവന്‍ വിറ്റോ പണയം വച്ചോ കുട്ടികളെ വിദേശത്തയക്കുമ്പോള്‍ സ്വത്തില്ലാത്തവര്‍ കടം വാങ്ങി പറഞ്ഞയക്കുന്നു.

കോഴിക്കോട് ജില്ലയിലെ ചെറിയൊരു ടൗണിലെ തുണിക്കടയിലാണ് ബികോം കാരിയായ അമ്പിളി (ശരിയായ പേരുകളല്ല) ജോലി ചെയ്യുന്നത്. അഞ്ഞൂറ് രൂപ ദിവസക്കൂലിക്ക്. ‘അപ്പൊ മാസം പതിനയ്യായിരം രൂപ’ ഞാന്‍ കണക്കു കൂട്ടി പറഞ്ഞു. ‘അല്ല, പതിമൂവായിരം, ആഴ്ചയില്‍ ഒരു ദിവസം ലീവുണ്ട്, ആ ദിവസങ്ങളിലെ കൂലി കിട്ടില്ല’ അമ്പിളി പറഞ്ഞു.

‘താമസസ്ഥലത്തു നിന്ന് ജോലി സ്ഥലത്തേക്ക് പോകാനും വരാനും ഏകദേശം അറുപത് രൂപ ബസ് ചാര്‍ജാകും.നൂറു രൂപ ഓട്ടോറിക്ഷക്കും. ‘ഓട്ടോറിക്ഷയുടെ കാര്യം എന്നെ അത്ഭുതപ്പെടുത്തി.  എനിക്കറിയാവുന്ന സ്ഥലമാണ്, ബസ്സിറങ്ങിയാല്‍ ഒന്നര കിലോമീറ്ററിനടുത്ത് നടന്നാല്‍ മതി, അതങ്ങ് നടന്നാല്‍ പോരെ. ‘നടക്കാന്‍ ധൈര്യമില്ല, പുലര്‍ച്ചെയും രാത്രി വൈകിയുമാണ് നടക്കേണ്ടത്. ആ സമയത്ത് റോഡില്‍ നിറയെ പട്ടികളായിരിക്കും. എന്റെ ഒരു കൂട്ടുകാരിയെ പട്ടികള്‍ കടിച്ചു കീറിയിട്ടുണ്ട്. പട്ടിയില്ലെങ്കില്‍ തന്നെ ശല്യപ്പെടുത്താന്‍ ആണുങ്ങളുണ്ടാകും. പട്ടികളെയും ആണുങ്ങളെയും പേടിച്ചാണ് ഓട്ടോറിക്ഷ വിളിക്കുന്നത്’ അമ്പിളി പറഞ്ഞു.

ബസ്സുകൂലി, ഓട്ടോക്കൂലി, ഉച്ച ഭക്ഷണം, ഒന്നോ രണ്ടോ ചായ, ഇതൊക്കെ കഴിയുമ്പോള്‍ പകുതി വരുമാനം കഴിഞ്ഞു. രണ്ടര കൊല്ലത്തോളമായി ഇതേ ജോലി ചെയ്യുന്നു. ഇരുപത്തിനാലു വയസ്സായി. ‘വേറെ ജോലിയെന്തെങ്കിലും ശ്രമിച്ചൂടെ, കൂടുതല്‍ ശമ്പളമുള്ളത് ?’ ഞാന്‍ ചോദിച്ചു. ‘എവിടെ കിട്ടാനാണ്, ഇരുന്നൂറ്റമ്പത് രൂപ ദിവസക്കൂലിക്ക് ജോലി ചെയ്യാന്‍ ആളുണ്ട്’. ശരിയാണ്, അടുത്തിടെ തുറന്ന ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ഇരുനൂറ്റമ്പതും മുന്നൂറും രൂപയ്ക്കാണ് ആളെയെടുക്കുന്നത് എന്ന് എന്നോട് വേറൊരാള്‍ പറഞ്ഞിരുന്നു.

‘സര്‍ക്കാര്‍ ജോലിക്ക് ശ്രമിക്കുന്നുണ്ടോ’, ‘പി.എസ്.സീ ഒക്കെ എഴുതുന്നുണ്ട്, ഇനി നിയമനമൊന്നും ഉണ്ടാകുമെന്ന് തോന്നുന്നില്ല, മുഴുവന്‍ താല്‍ക്കാലിക നിയമനമാണ്’. എല്ലാ നിയമനങ്ങളും ഇപ്പോള്‍ താല്‍ക്കാലികമാണ്. കെ.എസ്.ഇ.ബി മുതല്‍ റെയില്‍വേ വരെ. എസ്.ബി.ഐ. മുതല്‍ ആര്‍മി വരെ.

ഇരുപത്തി നാലു വയസ്സായ അമ്പിളിയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ സ്വപ്നം ജോലിയും കല്യാണവും ഒന്നുമല്ല, സ്വന്തമായി ഒരു മുറിയാണ്. ‘അനിയത്തിയും ചേച്ചിയും ഞാനും ഒരേ മുറിയിലാണ് കിടക്കുന്നത്’, സ്വന്തമായി ഒരു മുറി വേണം എന്ന ഒരു സ്വപ്നമേ ഇപ്പോള്‍ അമ്പിളിക്കുള്ളൂ, അതെന്നെ അമ്പരപ്പിച്ചു. രാത്രി തിരിച്ചു വീട്ടിലെത്തിയാല്‍ ഒന്നോ രണ്ടോ മണിക്കൂര്‍ ഇന്റര്‍നെറ്റില്‍ വിദേശ സീരീസുകള്‍ കാണും. സബ്ടൈറ്റില്‍ വായിച്ചാണ് ആദ്യമൊക്കെ കണ്ടു കൊണ്ടിരുന്നത്, ഇപ്പോള്‍ സബ്ടൈറ്റില്‍ ഇല്ലാതെ കണ്ടാലും മനസ്സിലാകും. അമേരിക്കന്‍, യൂറോപ്യന്‍, കൊറിയന്‍, ജാപ്പനീസ്, ചൈനീസ് സീരീസുകള്‍ മുഴുവന്‍ കണ്ടു തീര്‍ക്കും. ആ സീരീസുകളില്‍ നിന്നാണ് അമ്പിളി ഒരു കാര്യം മനസ്സിലാക്കുന്നത്, ഏത് ജോലി ചെയ്യുന്നവരായാലും ഏത് പ്രായക്കാരായാലും അവിടെയെല്ലാം എല്ലാവര്ക്കും സ്വന്തമായി ഒരു മുറിയുണ്ട്.

അവിടങ്ങളിലെല്ലാം നിലവിലുള്ള മിനിമം വേജസ് നിയമങ്ങളെ പറ്റി അമ്പിളി എന്നോട് വിശദീകരിച്ചു, ഒരു കോടതി സീരീസിലെവിടെയോ കണ്ടതാണ് . ഒരു മനുഷ്യന് അടിസ്ഥാനപരമായായി വേണ്ട ആവശ്യങ്ങള്‍ക്ക് തികയുന്ന ഒരു കൂലി ഏതു ജോലിയായാലും തൊഴില്‍ദാതാവ് തൊഴിലാളിക്ക് കൊടുത്തിരിക്കണം എന്ന വ്യവസ്ഥ, അതിന് ഓരോ രാജ്യത്തും ഓരോ കണക്കുണ്ട്. അടിസ്ഥാന ആവശ്യങ്ങള്‍ എന്നാല്‍ താമസം, ഗതാഗതം, ആരോഗ്യ ഇന്‍ഷുറന്‍സ്, ഭക്ഷണം തുടങ്ങി എല്ലാം. ഹോട്ടലില്‍ ക്ലീനറായാലും ട്രക്ക് ഡ്രൈവറായാലും തുണിക്കടയിലെ സെയ്ല്‍സ് ഗേള്‍ ആയാലും ജീവിക്കാനുള്ള വരുമാനമുണ്ടാകും.

ഇന്ത്യയുടെ തൊഴിലില്ലായ്മ പതുക്കെയെങ്കിലും ചര്‍ച്ചയാകുന്നുണ്ട്. സ്വതന്ത്യ്രത്തിനു ശേഷമുള്ള ഏറ്റവും വലിയ തോഴില്‍ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. തൊഴിലവസരങ്ങള്‍ കൂടുതല്‍ ഉണ്ടാകുന്നില്ല എന്ന് മാത്രമല്ല അനുദിനം കുറയുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളായിരുന്ന റെയില്‍വേ, ആര്‍മി, സ്റ്റേറ്റ് ബാങ്ക് തുടങ്ങിയവയൊക്കെ ഇപ്പോള്‍ പരിമിതമായേ സ്ഥിര ജോലി കൊടുക്കുന്നുള്ളൂ. മിക്കതും തുച്ഛ ശമ്പളത്തിന് കരാര്‍ ജോലികളാണ്. പട്ടാളത്തില്‍ പോലും താത്കാലിക ജോലിക്ക് മാത്രമേ ഇപ്പോള്‍ ആളെയെടുക്കുന്നുള്ളു.

മറ്റൊരു തൊഴില്‍ ദാതാവായ ബി.എസ്. എന്‍.എല്‍ പൂട്ടിയ പോലെയായി. എയര്‍ ഇന്ത്യ തുടങ്ങി മറ്റു പൊതുമേഖല സ്ഥാപനങ്ങളൊക്കെ ഒന്നുകില്‍ വിറ്റു അല്ലെങ്കില്‍ വില്‍ക്കാന്‍ വച്ചിരിക്കുന്നു. സംവരണം പാലിക്കപ്പെടുന്ന ഒരു നിയമനവും ഇനിയുണ്ടാകേണ്ട എന്ന അജണ്ടയിലാണ് ഭരണകൂടം. ഒന്നുകില്‍ കരാര്‍ അല്ലെങ്കില്‍ താല്‍ക്കാലികം. ഇക്കാര്യങ്ങള്‍ പരിമിതമായെങ്കിലും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. പക്ഷെ തീരെ ചര്‍ച്ച ചെയ്യപ്പെടാത്തതാണ് തുച്ഛവേതനം. വേറെ യാതൊരു മാര്‍ഗ്ഗവുമില്ലാതെ ജോലിക്കു വരുന്ന യുവതികളെയും യുവാക്കളെയും തുച്ഛവേതനത്തിന് അടിമപ്പണി ചെയ്യിക്കുകയാണ് ഇന്ത്യന്‍ തൊഴിലുടമകള്‍.

ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു എയര്‍ കണ്ടിഷന്‍ കമ്പനി അവരുടെ എ.സി. സര്‍വീസ് ടീമിലേക്ക് പോളിടെക്നിക് പാസ്സായ കുട്ടികളെ അടുത്തിടെ ഇന്റര്‍വ്യൂവിന് ക്ഷണിച്ചു. കൊച്ചി മുതല്‍ കാസര്‍ഗോഡ് വരെയുള്ള കുട്ടികള്‍ കോഴിക്കോട് വന്നു ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്തു. ചിലര്‍ക്കൊക്കെ ഓഫര്‍ കിട്ടി. 10000 രൂപ മാസ ശമ്പളം, ബൈക്ക് സ്വന്തമായി ഉണ്ടായിരിക്കണം, പെട്രോള്‍ സ്വന്തം അടിക്കണം, താമസം സ്വന്തം ഏര്‍പ്പാട് ചെയ്യണം, ഇത്രയുമാണ് കണ്ടിഷന്‍.

ഇതൊരു കമ്പനിയുടെ മാത്രം കഥയല്ല. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് കഴിഞ്ഞ വിനീഷ് കോയമ്പത്തൂരിലുള്ള ഒരു കമ്പനിയില്‍ എണ്ണായിരം രൂപ മാസശമ്പളത്തില്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് ഒന്നര കൊല്ലം കഴിഞ്ഞു, അപ്പ്രെന്റിസ് ആയിട്ടായിരുന്നു നിയമനം, ഒരിക്കലും സ്ഥിരമാകാത്ത ഒരു പ്രത്യേക തരം അപ്രന്റീസ്. ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ ഓഫീസില്‍ ജോലിചെയ്യുന്ന എം.കോം പാസ്സായ ഹഫ്‌സയുടെ ശമ്പളം അയ്യായിരം. ബസ്സ് കൂലി പോലും ശമ്പളയായി ലഭിക്കാതെ എട്ടു മണിക്കൂര്‍ നഗരത്തിലെ വലിയൊരു ആശുപത്രിയില്‍ നേഴ്‌സ് ആയി ജീവിക്കുന്ന ലിസിയെയും ഇക്കൂട്ടത്തില്‍ എണ്ണണം.

മുകളില്‍ പറഞ്ഞ എല്ലാവര്ക്കും പൊതുവായി ഒന്നുണ്ട്, എല്ലാവരും എങ്ങനെയെങ്കിലും വിദേശത്തേക്ക് കയറിപ്പറ്റാന്‍ താല്പര്യം പ്രകടിപ്പിച്ചവരാണ്. എന്ന് മാത്രമല്ല, ഇന്ത്യക്ക് നിരാശാപൂര്‍ണമായ ഭാവിയെ ഉള്ളൂ എന്നും എങ്ങനെയനെയെങ്കിലും വിദേശത്തേക്ക് കയറിപ്പറ്റുന്നത് മാത്രമാണ് ബുദ്ധി എന്നും കരുതുന്നവരുമാണ്. വിദേശത്തേക്ക് കൂടിയേറുന്ന ഇന്ത്യക്കാരെ പറ്റി നിരവധി വാര്‍ത്തകള്‍ ഈയടുത്തു വന്നതിനെ തുടര്‍ന്ന് എന്ത് കൊണ്ട് ഇന്ത്യക്കാര്‍ നാട് വിടുന്നു എന്നതിനെ പറ്റി ഒരു പഠനം നടത്തുന്നതിനിടയില്‍ ഒരു ഇമ്മിഗ്രേഷന്‍ കണ്‍സള്‍ട്ടന്റിന്റെ കോണ്‍ടാക്ട് ലിസ്റ്റില്‍ നിന്ന് കിട്ടിയ പേരുകളാണ് മുകളില്‍.

ഇന്ത്യക്കാര്‍ നാട് വിടുന്നതിനെ കുറിച്ച് നിരവധി വാര്‍ത്തകളാണ് അടുത്ത കാലത്ത് വരുന്നത്. നാലു ലക്ഷത്തോളം ഇന്ത്യക്കാര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചതിന്റെ വാര്‍ത്തയായിരുന്നു ആദ്യം, രണ്ടു കുട്ടികളുള്‍പ്പടെ നാലു പേരടങ്ങുന്ന ഒരു ഗുജറാത്തി കുടുംബം അമേരിക്കന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞു കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ തണുത്തുറഞ്ഞു മരിച്ച കരളയിക്കുന്ന വാര്‍ത്തയായിരുന്നു അടുത്തത്. അമേരിക്കയിലും ഓസ്ട്രേലിയയിലും ഇന്ത്യക്കാര്‍ക്കെതിരെ നടന്ന വംശീയ അധിക്ഷേപങ്ങള്‍, കുഴല്‍നാടന്റെ വൈറല്‍ വീഡിയോ, ഐ.ഇ.എല്‍.ടി.എസ് പരീക്ഷയില്‍ നടക്കുന്ന തട്ടിപ്പുകളുടെ വിവരങ്ങള്‍ ഒക്കെ ഇതിനിടയില്‍ വന്നുകൊണ്ടിരുന്നു.

ഈ വാര്‍ത്തകള്‍ക്കെല്ലാം പുറമെ എല്ലാവരും അവരവരുടെ കുടുംബങ്ങളില്‍ ഇപ്പോള്‍ മൈഗ്രേഷന്‍ കാണുന്നു. ആദ്യമൊക്കെ ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ മാത്രം കണ്ടു കൊണ്ടിരുന്ന അമേരിക്കന്‍ യൂറോപ്യന്‍ കുടിയേറ്റങ്ങള്‍ ഇപ്പോള്‍ ഹിന്ദു-മുസ്‌ലിം കുടുംബങ്ങളിലേക്കും പടരുന്നു. കുറച്ചു കാലം മുമ്പ് വരെ ഡിഗ്രി കഴിഞ്ഞവര്‍ കുടിയേറ്റത്തിന് ശ്രമിക്കുമ്പോള്‍ ഇപ്പോള്‍ അത് പ്ലസ് ടു കഴിഞ്ഞവരാണ്. ഒരു വിധം ഗതിയുള്ളവരൊക്കെ സ്വത്ത് മുഴുവന്‍ വിറ്റോ പണയം വച്ചോ കുട്ടികളെ വിദേശത്തയക്കുമ്പോള്‍ സ്വത്തില്ലാത്തവര്‍ കടം വാങ്ങി പറഞ്ഞയക്കുന്നു.

ഇടത്തരം മുസ്‌ലിം കുടുംബം എന്ന് പറയാവുന്ന ഈ ലേഖകന്റെ കുടുംബത്തിലും സുഹൃത്തുക്കളുടെയും ഇടയില്‍ പ്ലസ് ടു കഴിഞ്ഞു വിദേശത്തു പോയവരുടെ എണ്ണം ഇങ്ങനെയാണ്. അമേരിക്ക -1, യൂ കെ – 2. കാനഡ-2, ഉസ്ബെക്കിസ്ഥാന്‍ -1, ജോര്‍ജിയ -2, ചൈന -2, ഇന്തോനേഷ്യ -2, മലേഷ്യ -2, സിങ്കപ്പൂര്‍ -1. ഇതില്‍ നാലു പേര്‍ പെണ്‍കുട്ടികളാണ്.

ഇപ്പോള്‍ അമ്മാവന്മാര്‍ എന്ന് വിളിക്കപ്പെടുന്ന മുന്‍ തലമുറ കണ്ട ലോകമല്ല കുട്ടികള്‍ കാണുന്നത്. അവര്‍ ലോകം കാണുന്നത് ഇന്റര്‍നെറ്റിലൂടെയും സ്ട്രീമിങ് സിനിമകളിലൂടെയുമാണ്. അവര്‍ കാണുന്ന ജീവിതങ്ങളില്‍ എല്ലാമുണ്ട്. സമ്പന്നത, സ്വാതന്ത്ര്യം, സുരക്ഷ, അവസരങ്ങള്‍, ഏതു ജോലിക്കുമുള്ള സ്വീകാര്യതയും ആദരവും, ഇഷ്ടപ്പെട്ട ആള്‍ക്കൊപ്പം ജീവിക്കാനുള്ള സൗകര്യം, തങ്ങളുടെ സ്വകാര്യതകളിലേക്ക് ഒളിഞ്ഞു നോക്കാത്ത സമൂഹം.

തിരിച്ചു, അവര്‍ക്ക് നമ്മള്‍ ഒരു സമൂഹമെന്ന രീതിയില്‍ വച്ച് നീട്ടുന്നതോ, അവരുടെ ജീവിതത്തിലേക്ക് സ്ഥിരമായുള്ള കൈകടത്തല്‍, അവരുടെ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞു നോട്ടം, അവര്‍ക്കിഷ്ടപ്പെട്ട ആളോടൊപ്പം ജീവിക്കുന്നതിനുള്ള വിലക്ക്, മിനിമം വേതനം പോലും ഇല്ലാത്ത ജോലികള്‍, പട്ടികള്‍ ഓടിച്ചിട്ട് കടിക്കുന്നതോ പശുക്കള്‍ ഓടിച്ചിട്ട് കുത്തുന്നതോ ആയ റോഡുകള്‍, നൂറു കണ്ണുകള്‍ എപ്പോഴും തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്ന സ്ത്രീജീവിതം. സര്‍വോപരി അവസരങ്ങളില്ലായ്മ.

ഇന്ത്യക്കാരുടെ ശരാശരി വരുമാനം ( പെര്‍ ക്യാപിറ്റ ഇന്‍കം ) ഔദ്യോഗിക കണക്ക് പ്രകാരം വര്‍ഷം ഒരു ലക്ഷത്തി അന്‍പതിനായിരം രൂപയാണ്. മാസം ഏകദേശം 12500 രൂപ. രാജ്യത്തിന്റെ മൊത്തം വരുമാനം ജനസംഖ്യ കൊണ്ട് ഹരിക്കുന്നതാണത്. രാജ്യത്തിന്റെ സ്വത്തിന്റെ പകുതി അഞ്ചോ പത്തോ പണക്കാരുടെ കൈയ്യിലാണെന്നത് കണക്കാക്കിയാല്‍ പിന്നെ സാധാരണക്കാരുടെ ശരാശരി അതിന്റെ പകുതിയേ വരൂ. ഏകദേശം 6000 രൂപ. അതാണ് ഇന്ത്യയില്‍ ഒരു യുവാവിനോ യുവതിക്കോ പ്രതീക്ഷിക്കാവുന്ന മാസവരുമാനം.

അമേരിക്കക്കാരന്റെ മാസവരുമാനം ഇതേ കണക്ക് വച്ച് നാലു ലക്ഷം രൂപയാണ്, യു.കെ കാരന്റേത് രണ്ടര ലക്ഷം, സിംഗപ്പൂര്‍- നാലു ലക്ഷം, ചൈന- ഒന്നേകാല്‍ ലക്ഷം. ആവശ്യങ്ങള്‍ എല്ലാവര്ക്കും ഒരു പോലെയാണ്. എല്ലാവര്ക്കും വേണ്ടത് നല്ല വീട് , യാത്ര സൗകര്യങ്ങള്‍, വിദ്യാഭ്യാസം, സോഷ്യല്‍ സെക്യൂരിറ്റി, അവസരങ്ങള്‍ തുടങ്ങിയവയൊക്കെ.

ചിലവും വരവും തമ്മിലുള്ള ഭീകരമായ ഈ അന്തരം കഴിഞ്ഞ തലമുറ വരെ വലിയ പ്രശ്‌നമായിരുന്നില്ല. കാരണം കഴിഞ്ഞ തലമുറ ലോകം കണ്ടിരുന്നില്ല. ആകെ കണ്ടിരുന്നത് ജാക്കിച്ചാന്റെ സിനിമകളാണ്, അതില്‍ ജാക്കിച്ചാന്റെ വരുമാനം എത്രയാണെന്നൊന്നും ആര്‍ക്കും അറിയുമായിരുന്നില്ല. ഇന്നത്തെ കുട്ടികള്‍ സീരീസുകളില്‍ സാധാരണ മനുഷ്യരുടെ ജീവിതങ്ങള്‍ കാണുന്നു. മാത്രമല്ല, കഴിഞ്ഞ തലമുറ വരെ രാജ്യത്തെ കുറിച്ച് വലിയ പ്രതീക്ഷയുണ്ടായിരുന്നു ജനങ്ങള്‍ക്ക്, രാജ്യം വളര്‍ന്നു കൊണ്ടിരിക്കുകയാണെന്നും ഉടനെ തന്നെ നമ്മള്‍ വികസിത രാജ്യങ്ങളുടെ നിലവാരത്തിലെത്തും എന്നും ജനങ്ങള്‍ പൊതുവെ വിശ്വസിച്ചിരുന്നു.

ഇന്നങ്ങനെയല്ല, രാജ്യത്തിന്റെ വളര്‍ച്ചാ തോതോക്കെ കുട്ടികള്‍ക്കറിയാം. പത്തു ശതമാനത്തിന് മുകളില്‍ ഇരുപത് വര്‍ഷമെങ്കിലും ജി.ഡി.പി വളര്‍ച്ച ഉണ്ടായാലേ ഇന്ത്യക്കാര്‍ക്ക് ചൈനക്കാരുടെയെങ്കിലും ജീവിത നിലവാരത്തിലേക്ക് എത്താന്‍ കഴിയൂ. ഇന്നത്തെ നിലക്കാണ് വളര്‍ച്ചയെങ്കില്‍ അമ്പതു കൊല്ലമെങ്കിലും എടുക്കും ആ ലക്ഷ്യം കൈവരിക്കാന്‍. അമേരിക്കയുടെയോ യുറോപ്പിന്റേയോ പെര്‍ ക്യാപിറ്റ ഇന്‍കം ഇന്ത്യക്കാര്‍ കൈ വരിക്കുന്നത് എന്നാണെന്നതിന്റെ കണക്ക് പോലുമില്ല. മൂന്നോ നാലോ തലമുറയില്‍ അത് സംഭവിക്കുമെന്ന് അവകാശപ്പെടാന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്മാരില്‍ ആര്‍ക്കും കഴിയുന്നുമില്ല. തങ്ങള്‍ക്ക് മാത്രമല്ല, വരാനുള്ള രണ്ടോ മൂന്നോ തലമുറക്ക് പോലും നല്ലൊരു ജീവിതം സാധ്യമാകണമെങ്കില്‍ നാട് വിടണമെന്ന് നല്ലൊരു ശതമാനം കുട്ടികളും കരുതുന്നു.

 

പഴയ തലമുറ പറയുന്നതൊന്നും കുട്ടികള്‍ക്ക് മനസ്സിലാകുന്നില്ല. അവര്‍ക്ക് രാഷ്ട്രീയക്കാരെ തീരെ വിശ്വസമില്ല. മാധ്യമങ്ങളും പൊതു സമൂഹവും എന്തിനാണ് ഇരുപത്തിനാലു മണിക്കൂറും വര്‍ഗീയത പറഞ്ഞു കൊണ്ടിരിക്കുന്നത് എന്നവര്‍ക്ക് മനസ്സിലാവുന്നില്ല. അവര്‍ ക്രിക്കറ്റ് കാണുന്നില്ല. അവരുടെ പ്രധാനപ്പെട്ട പരിഗണന വിഷയങ്ങള്‍, ജോലി, വരുമാനം, സുരക്ഷ, സ്വാതന്ത്ര്യം, ഇതൊന്നും മുതിര്‍ന്നവര്‍ ചര്‍ച്ച ചെയ്യുന്നുമില്ല.

2019 ലെ ലോകസഭ തിരഞ്ഞെടുപ്പു സമയത്തും 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തും രാജ്യവും സംസ്ഥാനവും തൊഴില്ലായ്മയില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു. ഇപ്പോള്‍ വൈറല്‍ പ്രസംഗം നടത്തുന്ന കുഴല്‍നാടന്റെ പാര്‍ട്ടി പോലും തൊഴിലില്ലായ്മ അന്നൊന്നും മുഖ്യ വിഷയമായി ഉയര്‍ത്തിയില്ല, അവരുടെ പ്രധാന വിഷയം മധ്യവസ്‌കന്മാരുടെയും വയോധികരുടെയും വിഷയമായിരുന്നു – ശബരിമലയില്‍ യുവതികളെ പ്രവേശിക്കണമോ വേണ്ടയോ. മുഖ്യമന്ത്രി നടത്തിയ അസംഘ്യം പത്രസമ്മേളനടങ്ങളില്‍ തൊഴിലവസരങ്ങളെ പറ്റി ഒരാളും ചോദിക്കുന്നത് കേട്ടിട്ടില്ല, പ്രധാനമന്ത്രി ചോദ്യം ചെയ്യപ്പെടാന്‍ ഇരുന്നു കൊടുക്കാറുമില്ല. ഒരാളും പരാമര്‍ശിക്കാന്‍ പോലുമില്ലാത്ത ജീവിതങ്ങളാണ് യുവതികളുടെയും യുവാക്കളുടെയും. നിങ്ങള്‍ക്ക് ഞങ്ങളെ വേണ്ടെങ്കില്‍ ഞങ്ങള്‍ പോകുന്നു എന്നവര്‍ കൂട്ടമായി തീരുമാനിക്കുന്നു.

ഒരു തലമുറയുടെ വിജയം തീരുമാനിക്കപ്പെടുന്നത് അടുത്ത തലമുറ തങ്ങളേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ ജീവിക്കും എന്നുറപ്പ് വരുത്തുന്നുണ്ടോ എന്ന ഒറ്റ കാര്യത്തിലാണ്. ആ നിലക്ക് പരാജയപ്പെട്ട തലമുറയാണ് ഇപ്പോഴത്തെ മുതിര്‍ന്നവരുടേത് . കുട്ടികള്‍ എങ്ങോട്ടെങ്കിലും പോയി രക്ഷപ്പെടട്ടെ എന്നാശംസിക്കുക എന്നതാണ് മുതിര്‍ന്നവര്‍ക്ക് ഇനി ആകെ ചെയ്യാനുള്ളത്.

Content Highlight: Farooq writes about unemployment and under paid works in India

 

ഫാറൂഖ്
ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ