| Sunday, 19th June 2022, 8:38 pm

കൂലി പട്ടാളം

ഫാറൂഖ്

നമ്മുടെ കയ്യിലുള്ള ഒരേയൊരായുധം ചുറ്റികയാണെങ്കില്‍ ചുറ്റും കാണുന്നതൊക്കെ ആണിയായി തോന്നും എന്നതാണ് ലോ ഓഫ് ഇന്‍സ്ട്രുമെന്റ്, അഥവാ ആയുധ നിയമം. ചുറ്റികയും കയ്യില്‍ പിടിച്ചങ്ങനെ നടക്കുമ്പോള്‍ കാണുന്ന സാധനങ്ങള്‍ക്കൊക്കെ ഒരു കൊട്ട് കൊടുക്കാന്‍ തോന്നും, ചിലപ്പോളൊക്കെ കൊടുക്കും, ചിലതൊക്കെ പൊട്ടും. അത് പോലെയാണ് അക്കൗണ്ടന്റ്മാരുടെയും കച്ചവടക്കാരുടെയും അവസ്ഥ.

കമ്പനിയിലെ ഏതൊരു സ്റ്റാഫിനെ കണ്ടാലും മാസാവസാനം ഇവന് ശമ്പളം കൊടുക്കേണ്ടി വരുമല്ലോ എന്ന ചിന്ത മനസ്സിലേക്കോടി വരും. ഇപ്പോള്‍ ദല്‍ഹി ഭരിക്കുന്ന ഗുജറാത്തി കച്ചവടക്കാര്‍ക്ക് പട്ടാളക്കാരെ കാണുമ്പോള്‍ തോന്നുന്നതും അതാണ്, ഇവന് ശമ്പളവും പെന്‍ഷനും കൊടുക്കേണ്ടി വരുമല്ലോ ഭഗവാനെ എന്ന്.

കച്ചവടക്കാര്‍ സൈനികരേക്കാള്‍ വലിയ റിസ്‌ക് എടുക്കുന്നവരാണെന്ന് പറഞ്ഞ പ്രധാനമന്ത്രിയാണ് ഇന്ത്യ ഭരിക്കുന്നത്. സ്വാഭാവികമായും കച്ചവടക്കാരാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്, എല്ലാ കച്ചവടക്കാരുമില്ല, കൃത്യമായി പറഞ്ഞാല്‍ രണ്ട് പേര്‍.

സൈന്യത്തിനുള്ള മൊത്തം ചിലവ് അഞ്ചുലക്ഷം കോടി. എങ്ങനെയെങ്കിലും അതൊന്നു കുറക്കണം. കണക്കെടുത്ത് നോക്കുമ്പോള്‍ അഞ്ചുലക്ഷം കോടിയില്‍ ഒരു ലക്ഷം കോടി ചിലവാക്കുന്നത് ശമ്പളത്തിന്, വേറെ ഒരു ലക്ഷം കോടി പെന്‍ഷന്. എല്ലാ മുതലാളിമാരും ചെയ്യുന്നത് പോലെ ഈ ചിലവ് തന്നെ കുറച്ചുകളയാം എന്നങ്ങ് തീരുമാനിച്ചു.

60,000 പേരെ ഒരു കൊല്ലം സൈന്യത്തിലെടുക്കുന്നുണ്ട്. അവര്‍ 20 കൊല്ലം ജോലിയിലുണ്ടാകും. അത് കഴിഞ്ഞാല്‍ ആയുഷ്‌കാലം പെന്‍ഷന്‍ കൊടുക്കണം. ഗുജറാത്തി കച്ചവടക്കാര്‍ക്ക് ഒരിക്കലും മനസ്സിലാവാത്ത ലോജിക്. വെറും 20 കൊല്ലം സര്‍വീസ്, പിന്നെ പത്തുനാല്‍പത് കൊല്ലം പെന്‍ഷന്‍. ഇനി കുറച്ചുകാലം ആരെയും ജോലിയിലെടുക്കേണ്ട, എന്ന് തീരുമാനിച്ചതു കൊണ്ട് കഴിഞ്ഞ രണ്ട് വര്‍ഷമായി റിക്രൂട്ട്‌മെന്റ് ഇല്ല. അതങ്ങനെ എക്കാലവും മുന്നോട്ടു പോവില്ല.

ബി.എസ്.എന്‍.എല്‍ അല്ല സൈന്യം, ചെറുപ്പക്കാരില്ലെങ്കില്‍ സംഗതി നടക്കില്ല. 60,000 വേണ്ട 40,000 മതി എന്ന് ആദ്യമേ തീരുമാനിച്ചു. പക്ഷെ 40,000 പേര്‍ക്ക് ശമ്പളം, ഗ്രാറ്റുവിറ്റി, കുറ്റി, പെന്‍ഷന്‍, ചിന്തിക്കാന്‍ വയ്യ. പുതിയ ഐഡിയയുമായി കച്ചവടക്കാര്‍ ഇറങ്ങി. 40,000 എസ്.എസ്.എല്‍.സിക്കാരെ ദിവസക്കൂലിക്കെടുക്കാം, ദിവസം 1000 രൂപ വെച്ച് മാസം 30,000 ക്യാഷായി കൊടുക്കും. മാസത്തില്‍ 10,000 ഡെപ്പോസിറ്റ്. കറക്ട് നാല് വര്‍ഷം കഴിയുമ്പോള്‍ പറഞ്ഞുവിടും. അഞ്ച് വര്‍ഷമായാല്‍ ഗ്രാറ്റിവിറ്റി കൊടുക്കണം, അത് പറ്റില്ല.

പറഞ്ഞുവിടുമ്പോള്‍ ഡെപ്പോസിറ്റ് ചെയ്ത തുക പത്തുലക്ഷം ആയിട്ടുണ്ടാകും. ഏതെങ്കിലും എ.ടി.എം കൗണ്ടറിന് മുമ്പില്‍ വാച്ച്മാനായി ശിഷ്ടജീവിതം കഴിക്കുമ്പോള്‍ പബ്ജി കളിക്കാന്‍ ഡാറ്റ വേണ്ടേ, അതിന് ഈ തുക ഉപകരിക്കും.

കച്ചവടക്കാര്‍ സൈനികര്‍ക്ക് വേണ്ടി തീരുമാനമെടുത്തു, സ്‌റ്റൈലന്‍ പേരുമിട്ടു, അഗ്‌നിപഥ്. അമിതാഭ് ബച്ചന്റെ സൂപ്പര്‍ഹിറ്റ് സിനിമയാണ്. ഇനിയുള്ള ജോലി സംഘപരിവാറിനാണ്, ന്യായീകരണം.ണ്ട് നോട്ട് നിരോധനകാലത്തെ ‘അതിര്‍ത്തിയിലെ മഞ്ഞുകൊള്ളുന്ന പട്ടാളക്കാര്‍’ ഇനി ഓടില്ല.

റഷ്യ, ഇസ്രഈല്‍, തുര്‍ക്കി, സിംഗപ്പൂരിലുമൊക്കെ നിര്‍ബന്ധിത സൈനിക സേവനമുണ്ട്. അത് ചൂണ്ടിക്കാട്ടിയാണ് ന്യായീകരണം. അത്യാവശ്യം മെച്ചപ്പെട്ട ജീവിത നിലവാരമുള്ള രാജ്യങ്ങളില്‍ പട്ടാളത്തില്‍ ചേരാന്‍ ആളെ കിട്ടില്ല. അതുകൊണ്ട് കുറച്ച് മസിലന്‍മാരെ എങ്ങനെയെങ്കിലും പട്ടാളത്തിലെത്തിക്കാന്‍ പെടാപ്പാട് പെടുന്ന രാജ്യങ്ങളാണിവ.

ഇങ്ങനെ പട്ടാളത്തില്‍ ചേര്‍ത്ത കുട്ടികളെ കൊണ്ട് റഷ്യ ഉക്രൈനിലും ഇസ്രഈല്‍ ഗാസയിലും ചക്രശ്വാസം വലിക്കുന്നു. ലോകത്തിലെ ഏറ്റവും പ്രൊഫഷണലായ സൈന്യവും സൈനികരുമുള്ള, അനവധി യുദ്ധങ്ങള്‍ ജയിച്ച ഇന്ത്യ ഈ തട്ടിക്കൂട്ട് പട്ടാളങ്ങളെ അനുകരിക്കുന്നത് എന്തിനാണെന്ന് പോലും ചോദിക്കാനാളില്ല. മാത്രമല്ല, അവരുടെ നിര്‍ബന്ധിത സൈനിക പരിശീലനം ആര്‍മി റിക്രൂട്ട്‌മെന്റിന് പകരമല്ല. നമ്മള്‍ റിക്രൂട്ട്‌മെന്റ് മുഴുവന്‍ നിര്‍ത്തിവെച്ചാണ് ദിവസക്കൂലിക്ക് ആളെയെടുക്കുന്നത്.

കേടുവരാത്തത് നന്നാക്കാന്‍ മിനക്കെടരുത് എന്ന് അമേരിക്കക്കാര്‍ പറയും. ലോകത്തിലെ ഏറ്റവും മികച്ച പ്രൊഫഷണല്‍ ആര്‍മിയാണ് ഇന്ത്യയുടേത്, അടി മുതല്‍ മുടി വരെ ഏറ്റവും മികച്ച രീതിയില്‍ ചിട്ടപ്പെടുത്തിയ സംവിധാനം. മറ്റെല്ലാ സംവിധാനങ്ങളും പോലെ കാലോചിതമായ പരിഷ്‌കാരങ്ങള്‍ വേണം. പക്ഷെ ചുറ്റിക കൊണ്ട് തലക്കടി വേണ്ട ഒരു അവസ്ഥ അതിനില്ല.

അതുകൊണ്ട് തന്നെ നന്നായി ചിന്തിച്ചു ടെസ്റ്റ് റണ്‍ നടത്തി ചെയ്യേണ്ടുന്ന പരിഷ്‌കാരങ്ങള്‍ നോട്ടു നിരോധനം പോലെയും ജി.എസ്.ടി പോലെയും നടപ്പാക്കി കുളമാക്കുന്ന ഏര്‍പ്പാടിന്റെ തുടക്കമാണ് നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. സ്വന്തം മന്ത്രിസഭയിലുള്ള മുന്‍ സൈനിക മേധാവി ജനറല്‍ വി.കെ. സിങ്ങിനോട് പോലും ഇക്കാര്യം ആലോചിച്ചിട്ടില്ലത്രെ, അദ്ദേഹം തന്നെ പറഞ്ഞതാണ്.

ജനറല്‍ വി.കെ. സിങ്

കഴിഞ്ഞ 35 വര്‍ഷത്തിലുള്ള ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കാണ് ഇന്ത്യയിലെന്ന് കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാറ്റിസ്റ്റിക്കല്‍ ബ്യൂറോയുടെ കണക്കാണ്. ഉത്തരേന്ത്യയില്‍ തൊഴിലുറപ്പ് ജോലി പോലും കിട്ടാനില്ല. ബി.എസ്.എന്‍.എല്‍, എസ്.ബി.ഐ, റെയില്‍വേ തുടങ്ങി ജോലി കൊടുക്കാന്‍ കഴിവുള്ള ഒരു സ്ഥാപനവും കഴിഞ്ഞ രണ്ടുമൂന്ന് വര്‍ഷമായി ആരെയും നിയമിച്ചിട്ടില്ല. മുഴുവന്‍ കരാര്‍ ജോലിയാണ്. മിക്ക ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കൂലിപ്പണിക്ക്, എന്തെങ്കിലും കിട്ടിയാല്‍, ഇരുന്നൂറും മുന്നൂറുമാണ് കൂലി. ഈ സാഹചര്യത്തില്‍ യുവാക്കളുടെ വലിയൊരു പ്രതീക്ഷയായിരുന്നു ആര്‍മി റിക്രൂട്ട്‌മെന്റ്.

കഴിഞ്ഞ രണ്ട് വര്‍ഷമായി റിക്രൂട്ട്‌മെന്റ് നടത്തിയിട്ടേ ഇല്ല, ഒരു വിശദീകരണവുമില്ല, ആരും ചോദിച്ചുമില്ല. അത് കാരണം ഒട്ടേറെ പേര്‍ ഓവര്‍ ഏജ് ആയി. ആ നിരാശയാണ് രണ്ടുമൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ബിഹാറിലെയും യിപ്പീയിലെയും തെരുവുകളില്‍ കണ്ടത്. പതിവുപോലെ സമരക്കാരെ രാജ്യദ്രോഹികളാക്കി തല്ലിയൊടിച്ചു. ബാക്കിയുള്ളവരുടെ പ്രതീക്ഷയിലാണ് ഇപ്പോഴത്തെ ആണി.

അതിര്‍ത്തി കാക്കുന്ന സൈനികര്‍ ബാധ്യതയല്ല ആസ്തിയാണ് എന്ന് ഇന്ത്യക്കാര്‍ക്കറിയാം. അവര്‍ക്ക് ഇത്രയും കാലം ശമ്പളവും പെന്‍ഷനും കൊടുത്തിട്ടുണ്ട്. അതിലാരും ഇന്നുവരെ ഒരു പരാതിയും പറഞ്ഞിട്ടില്ല, സന്തോഷിച്ചിട്ടേ ഉള്ളൂ. പട്ടാളക്കാര്‍ക്ക് അന്തസ്സോടെയുള്ള ഒരു ജീവിതം സാധ്യമാകാത്ത ഒരു രാജ്യവും നിലനില്‍ക്കില്ല. ദല്‍ഹി ഭരിക്കുന്ന കച്ചവടക്കാര്‍ അത് ഉടനെ മനസ്സിലാക്കും.

ഭൂമി ഏറ്റെടുക്കല്‍ നിയമം, നോട്ടു നിരോധനം, ജി.എസ്.ടി, സി.എ.എ, എന്‍.ആര്‍.സി, കാര്‍ഷിക നിയമം, വിവാഹ പ്രായം പതിനെട്ടാക്കല്‍- തുടങ്ങി ആവേശം കയറി നടപ്പിലാക്കിയ മറ്റെല്ലാ നിയമങ്ങളും പോലെ ഇതും ഒന്നുകില്‍ പൊളിയും, അല്ലെങ്കില്‍ മരവിപ്പിക്കും. അതുവരെ സംഘികളുടെ വ്യൂവര്‍ഷിപ്പ് കൊണ്ട് ജീവിക്കുന്ന യൂട്യൂബ് ചാനലുകാരും രണ്ട് രൂപക്ക് ട്വീറ്റ് ചെയ്യുന്ന ഐ.ടി സെല്ലുകാരും ഇതുവെച്ച് കാശുണ്ടാക്കും. പിന്നെ മറക്കും.

വാല്‍ക്കഷ്ണം: അദാനിക്ക് തന്നെ കോണ്‍ട്രാക്ട് കൊടുക്കണമെന്ന് മോദി നേരിട്ട് അവിടത്തെ പ്രസിഡന്റിനോട് ശിപാര്‍ശ ചെയ്തു, എന്ന് ശ്രീലങ്കന്‍ ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ തലവന്‍ അവരുടെ പാര്‍ലമെന്ററി പാനലിന് മുമ്പില്‍ പറഞ്ഞു. അതുകൊണ്ട്? അതുകൊണ്ടൊന്നുമില്ല. എല്ലാ പത്രങ്ങളും ഈ വാര്‍ത്ത മൂന്നാം പേജ് നാലാം കോളത്തിലൊതുക്കിയത് കൊണ്ട് വായനക്കാര്‍ വായിക്കാന്‍ വിട്ട് പോയിട്ടുണ്ടാകും. അതുകൊണ്ട് പറഞ്ഞതാണ്. നമ്മുടെ പ്രധാനമന്ത്രിക്ക് നേരെ വ്യക്തിപരമായി വന്ന അഴിമതി ആരോപണമാണ്. പണ്ട് സ്വീഡിഷ് റേഡിയോയില്‍ ഏതോ ഒരുദ്യോഗസ്ഥന്‍ ഇതേപോലൊന്ന് പറഞ്ഞതാണ് ബൊഫോഴ്സ് അഴിമതി എന്ന പേരില്‍ 35 കൊല്ലം പത്രങ്ങള്‍ ഒന്നാം പേജില്‍ വെണ്ടയ്ക്ക നിരത്തിയത്. പട്ടാളക്കാര്‍ക്ക് വരെ ദിവസക്കൂലിയാണ്, പിന്നെയാണ് പത്രക്കാര്‍.

Content Highlight: Farooq writes about the new Agnipath project and its impacts

ഫാറൂഖ്

ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ

We use cookies to give you the best possible experience. Learn more