| Sunday, 23rd July 2023, 7:44 pm

ചിലരൊക്കെ വാ തുറക്കാതിരിക്കുന്നതാണ് നല്ലത്

ഫാറൂഖ്

‘നരേന്ദ്ര മോദി സംസാരിക്കാതിരിക്കുന്നതിനേക്കാള്‍ മോശമായി ഒന്നേയുള്ളു, അദ്ദേഹം സംസാരിക്കുന്നത്’. പ്രതാപ് ഭാനു മേഹ്തയുടെ വരികളാണ്.

കുട്ടികളായിരിക്കുമ്പോള്‍ നമ്മുടെ പ്രധാന പണി പഠനമാണ്. മുതിര്‍ന്നാല്‍ പഠിച്ചത് മറക്കലും (Unlearning എന്നതാണ് ഇംഗ്ലീഷ് വാക്ക്. നിര്‍-പഠനം എന്നോ മറ്റോ പുതിയ മലയാളം വാക്ക് ഉണ്ടാകേണ്ടതാണ് ). ആദ്യത്തേത് എളുപ്പവും രണ്ടാമത്തേത് കഠിനവുമാണ്. ഇപ്പറഞ്ഞ നിര്‍-പഠനം നടന്നില്ലെങ്കില്‍ നമ്മള്‍ അപഹാസ്യരാകും, വാട്‌സാപ്പ് അമ്മാവന്മാര്‍ എന്ന് കുട്ടികള്‍ വിളിക്കാന്‍ തുടങ്ങും.

സാധാരണക്കാര്‍ക്ക് അതത്ര വലിയ പ്രശ്‌നമാകില്ല, ചെറുപ്പക്കാരോട് സംസാരിക്കുന്നത് കുറച്ചിട്ടു സമപ്രായക്കാരുമായി സംസാരിച്ചാല്‍ മതി. പക്ഷെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുമ്പോള്‍ സംസാരിക്കാതെ പറ്റില്ല, ആളുകള്‍ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കും, വല്ലപ്പോഴുമെങ്കിലും സംസാരിക്കാതെ പറ്റില്ല.

നരേന്ദ്ര മോദി

നല്ല സുഹൃത്തുക്കള്‍, ഉപദേശകര്‍, പുസ്തകങ്ങള്‍, കുടുംബം, കുട്ടികള്‍ തുടങ്ങിയവയാണ് പുതിയ തലമുറയുമായി സംവദിക്കാന്‍ നേതാക്കളെ പ്രാപ്തരാക്കേണ്ടത്. മോദിയുടെ നിര്‍ഭാഗ്യവും അതാണ്, സുഹൃത്തുക്കളില്ല, വായനയില്ല, ഉപദേശകരില്ല, കുടുംബവും കുട്ടികളുമില്ല. പഠനം മുഴുവന്‍ ആര്‍.എസ്.എസ് ശാഖകളിലായിരുന്നു, അതാണെങ്കില്‍ വാട്‌സാപ്പ് അമ്മാവന്മാരുടെ സായാഹ്ന ക്ലബ്ബാണ്. അത് കൊണ്ടാണ് അദ്ദേഹം സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ രാജ്യം അപഹാസ്യരാകുന്നത്.

വാട്‌സാപ്പ് അമ്മാവന്മാര്‍ പോലും നാണിക്കുന്ന കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞു കളയും.

ഉദാഹരണത്തിന്, ഒരു ഓടയില്‍ പൈപ്പിട്ട് അതിലെ ഗ്യാസ് കൊണ്ട് വാട്ടര്‍ പമ്പ് പ്രവര്‍ത്തിക്കുന്ന കര്‍ഷകനെ കുറിച്ച് അദ്ദേഹം പറയുന്ന ഒരു വീഡിയോ ഉണ്ട്, കേട്ടാല്‍ നാണം കൊണ്ട് തൊലിയുരിഞ്ഞു പോകും, അത് പോലെ നിരവധിയുണ്ട്.

അതല്ല നമ്മുടെ വിഷയം. മണിപ്പൂരിലെ അതി ഭയാനകമായ, ലോകം നടുങ്ങിയ ക്രൂരതകളെ കുറിച്ച് അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ കേട്ടാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി എത്രത്തോളം പഴഞ്ചന്‍ ധാരണകളുമായി ജീവിക്കുന്ന ആളാണെന്ന് ബോധ്യപ്പെടും, കൂടാതെ, കുഴപ്പങ്ങളില്‍ നിന്ന് കുഴപ്പങ്ങളിലെക്ക് രാജ്യം നീങ്ങുന്നതിന്റെ പ്രധാന കാരണം ശാഖാ പഠനങ്ങള്‍ മറക്കാത്ത വയോധികരാണ് എന്നും.

രണ്ടേ രണ്ടു മിനുട്ട് മാത്രമേ അദ്ദേഹം സംസാരിച്ചുള്ളൂ. ഇത്രയും പ്രശ്‌നങ്ങള്‍ സാധാരണക്കാര്‍ക്ക് ഒറ്റ നോട്ടത്തില്‍ എണ്ണാന്‍ പറ്റും. വിശദ വായനക്കാര്‍ക്ക് ഇതിലധികവും.

പ്രതാപ് ഭാനു മെഹ്ത

1 – ‘രാജ്യത്തിന് മുഴുവന്‍ നാണക്കേടുണ്ടാക്കുന്ന കാര്യങ്ങളാണ് മണിപ്പൂരിലെ സ്ത്രീകള്‍ക്കെതിരെ നടന്നത്’ – പ്രതാപ് ഭാനു മെഹ്ത ചൂണ്ടി കാണിക്കുന്നത് പോലെ ഒരു കുറ്റകൃത്യം നടന്നാല്‍ രണ്ടു തരം തോന്നലുകള്‍ മനുഷ്യര്‍ക്കുണ്ടാകും. ഒന്ന്, ഇരകളെ കാണുമ്പോള്‍ അവര്‍ക്ക് നേരെയുള്ള അക്രമം തടയാന്‍ നമ്മെക്കൊണ്ട് ഒന്നും കഴിഞ്ഞില്ലല്ലോ എന്നതിലുള്ള കുറ്റബോധം. അവരനുഭവിക്കുന്ന ട്രോമ കാണുമ്പോഴുണ്ടാകുന്ന അനുതാപം.

രണ്ട്‌, ഈ കുറ്റകൃത്യം മറ്റു രാജ്യക്കാര്‍ അറിഞ്ഞാല്‍ നമ്മുടെ നാടിന് മാനക്കേടാകുമല്ലോ എന്ന തോന്നലില്‍ നിന്നുള്ള നാണം. ഇതില്‍ രണ്ടാമത്തേത് വ്യക്തിയുടെ വേദന കാണാന്‍ കഴിയാതെ എല്ലാം സ്വന്തം ഈഗോയുമായി മാത്രം ബന്ധപ്പെടുത്തി കാണുന്നവര്‍ക്കുന്നതാണ്. ആശിഷ് നന്ദി പറഞ്ഞത് പോലെ, ഒരു ക്ലിനിക്കല്‍, ക്ലാസിക് ഫാസിസ്റ്റിന്റെ ലക്ഷണം.

2 – ‘140 കോടി ജനങ്ങള്‍ നാണം കൊണ്ട് തല കുനിക്കേണ്ടി വരുന്നു’.

സര്‍ക്കാര്‍ പരാജയപ്പെടുമ്പോള്‍ അതില്‍ 140 കോടി ജനങ്ങളെ വലിച്ചിഴക്കരുത്.

എല്ലാ പൗരന്മാരുടെയും ജീവനും സ്വത്തിനും സംരക്ഷണം നല്കാന്‍ ജനങ്ങള്‍ സര്‍ക്കാരിനെ ഏല്‍പ്പിച്ചിട്ടുണ്ട്. അവരത് ചെയ്യാത്തതില്‍ ജനങ്ങള്‍ക്ക് രോഷവും ഉണ്ട്. പക്ഷെ സര്‍ക്കാരിന്റെ പരാജയം ജനങ്ങളുടെ തലയില്‍ കെട്ടി വക്കുന്നത് മോശം ഭരണാധികാരികളുടെ ലക്ഷണമാണ്. ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്നവരാണ് നല്ല നേതാക്കള്‍.

മൂന്നു സ്ത്രീകള്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നത് കാണുമ്പോള്‍ അവരോട് അനുതാപമില്ലാതെ മറ്റു രാജ്യക്കാര്‍ എന്ത് കരുതും എന്ന് കരുതി നാണിക്കാന്‍ മാത്രം മനുഷ്യത്വമില്ലാത്തവരല്ല 140 കോടി ഇന്ത്യക്കാര്‍. ജനങ്ങള്‍ക്കുള്ളത് രോഷവും പ്രതിഷേധവും അനുതാപവുമാണ്, നാണമല്ല.

3 – ‘നമ്മുടെ അമ്മമാരെയും പെങ്ങന്മാരെയും രക്ഷിക്കേണ്ട ചുമതല നമുക്കുണ്ട്’. – സ്ത്രീകളെ ‘അമ്മ എന്നും പെങ്ങള്‍ എന്നും അഭിസംബോധന ചെയ്യുന്നതും അവരെ സംരക്ഷിക്കുന്നത് പുരുഷന്മാരുടെ ചുമതലയാണെന്ന് കരുതുന്നതും അങ്ങേയറ്റം പഴഞ്ചന്‍ ആശയമാണ്. അതില്‍ നിന്നൊക്കെ ലോകം ഒരു പാട് മുന്നോട്ട് പോയി.

ഇക്കാലത്തു സ്ത്രീകള്‍ തുല്യ അവകാശവും അധികാരവുമുള്ള പൗരന്മാരാണ്. സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പടെ മുഴുവന്‍ പൗരന്മാരുടെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് സ്റ്റേറ്റ് ആണ്, അത് ആങ്ങളമാരെ ഏല്‍പ്പിച്ചു സ്റ്റേറ്റ് മാറി നില്‍ക്കരുത്. ദയവു ചെയ്തു സ്ത്രീകളെ ‘അമ്മ, പെങ്ങള്‍, മകള്‍ എന്ന് അഭിസംബോധന ചെയ്യരുത്, അവരുടെ പൗരത്വം റദ്ദ് ചെയ്തു നിസ്സാരവല്‍ക്കരിക്കുന്നതിന് തുല്യമാണത്.

ശാഖകളിലെ രീതിയല്ല ഒരു പ്രധാന മന്ത്രിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.

4 – ‘കുറ്റവാളികള്‍ ആരായായാലും രക്ഷപെടാന്‍ അനുവദിക്കില്ല’ – മണിപ്പൂരിലെ ഏറ്റവും വലിയ കുറ്റവാളികള്‍ ഭരണകൂടമാണ്. ആ ഭരണകൂടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ബീരേന് സിങ്ങും നരേന്ദ്രമോദിയുമാണ്. അവരാണ് ആദ്യം ശിക്ഷിക്കപ്പെടേണ്ടത്,. അതിന് പകരം മൂന്നോ നാലോ ആളെ പേരിന് അറസ്റ്റ് ചെയ്യുന്നത് നീതി കൊണ്ടുവരില്ല.

നൂറുകണക്കിന് ആളുകളാണ് ആ സ്ത്രീകളെ പിന്തുടര്‍ന്ന് പീഡിപ്പിച്ചത്. ആ ജനക്കൂട്ടം പെട്ടെന്ന് ഉണ്ടായതല്ല. വര്‍ഷങ്ങളുടെ വിദ്വേഷ  പ്രചാരണങ്ങള്‍ അതിന് പിറകിലുണ്ട്. അതിന് നേതൃത്വം വഹിച്ചത് മെയ്തികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു ‘സാംസ്‌കാരിക സംഘടനകളാണ്’. ഈ സംഘടനകള്‍ക്ക് പ്രധാനമന്ത്രി തന്നെ അംഗമായ മറ്റൊരു ‘സാംസ്‌കാരിക സംഘടന’യുമായി അടുത്ത ബന്ധമുണ്ട്. ഈ സംഘടനാ നേതാക്കളാണ് പ്രധാന കുറ്റവാളികള്‍. അവരെ ശിക്ഷിക്കാതെ മൂന്നോ നാലോ പേരെ നാലു ദിവസം ലോക്കപ്പിലിട്ടത് കൊണ്ട് സമാധാനം പുലരില്ല.

5 – ‘മണിപ്പൂരുള്‍പ്പെടെ എല്ലാ സംസ്ഥാന സര്‍ക്കാരുകളും ക്രമസമാധാന നില ഉറപ്പ് വരുത്തണം, ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടരുത്’

മണിപ്പൂരിലെത് വെറും കുറ്റകൃത്യമല്ല, വംശഹത്യയാണ്.

കുറ്റകൃത്യങ്ങള്‍ എവിടെയും നടക്കും, അതിനാണ് പോലീസും കോടതികളും. കലാപവും വംശഹത്യയും നേരിടാന്‍ കഴിവുറ്റ നേതൃത്വവും തന്ത്രങ്ങളും ചര്‍ച്ചയും പരിഹാരങ്ങളും ചിലപ്പോള്‍ അടിച്ചമര്‍ത്തലും ഒക്കെ വേണ്ടി വരും. അതിന് നേതൃത്വം നല്‍കേണ്ട പ്രധാനമന്ത്രി ആ ഉത്തരവാദിത്തം മറ്റുള്ളവരെ ഏല്പിക്കരുത്. രണ്ടാമത്, ഉത്തരവാദിത്തം താഴോട്ട് തള്ളിയിട്ടെന്ന് വച്ച് പ്രധാനമന്ത്രിയുടെ ദുഷ്പേര് കുറയാനൊന്നും പോകുന്നില്ല. സംശയമുണ്ടെങ്കില്‍ വാജ്പേയിയുടെ ചരിത്രം ഒരുമിച്ചാല്‍ മതി.

6 ‘അപമാനിക്കപ്പെട്ടത് നമ്മുടെ അമ്മയും മകളുമൊക്കെയാണ്’ – ബലാത്സംഗം എന്നാല്‍ ശാരീരികമായും മാനസികവും നടക്കുന്ന നീചമായ ആക്രമണങ്ങളാണ്. ആക്രമിക്കപെടുന്നവര്‍ ഇരകളാണ്. ബലാത്സംഗം ചെയ്യപ്പെടുന്നവര്‍ അപമാനിക്കപ്പെടുന്നവരാണ് എന്നത് പ്രാകൃത ചിന്തയാണ്. അത് കൊണ്ടാണ് മലയാളത്തില്‍ മാനഭംഗം എന്ന വാക്ക് ഉപേക്ഷിക്കപ്പെട്ടത്. ഒരു പ്രധാനമത്രി അത്തരം പ്രാകൃതമായ പ്രയോഗങ്ങള്‍ നടത്തരുത്. അക്രമികളാണ് അപമാനിക്കപ്പെടേണ്ടത്, ഇരകളല്ല.

പ്രധാന മന്ത്രി പറയാത്ത കാര്യമാണ് പ്രധാനം. നോര്‍ത്ത്-ഈസ്റ്റില്‍ മാത്രമല്ല ഇന്ത്യയിലൊട്ടാകെ ചെറിയ ന്യൂനപക്ഷങ്ങള്‍ ഒരു പാടുണ്ട്. പല തരം ന്യൂനപക്ഷങ്ങള്‍, ഗോത്ര, ജാതി, ഭാഷ, മത ന്യുനപക്ഷങ്ങള്‍. മണിപ്പൂരില്‍ ഒരു വംശ ശുദ്ധീകരണത്തിന്റെ വക്കത്തു നില്‍ക്കുന്ന ഒരു ന്യുനപക്ഷത്തെ സംരക്ഷിക്കാന്‍ ഒരു നടപടിയും സര്‍ക്കാരുകളുടെ ഭാഗത്തു നിന്നുണ്ടായില്ല.

അത് മറ്റുള്ള മുഴുവന്‍ ന്യുനപക്ഷങ്ങളേയും ഭീതിയിലാഴ്ത്തും. ഒരു പ്രശ്‌നം വരുമ്പോള്‍ സ്റ്റേറ്റ് എല്ലാവരെയും ഒരു പോലെ കാണുമെന്നും എല്ലാവരെയും ഒരു പോലെ സംരക്ഷിക്കുമെന്ന ബോധം എല്ലാവര്ക്കും ഉണ്ടാവുന്ന കാലം വരയെ രാജ്യം ഉണ്ടാവൂ. വാക്കുകളിലെങ്കിലും അത്തരമൊരു ഉറപ്പ് പൗരന്മാര്‍ക്ക് കൊടുക്കാന്‍ പ്രധാനമന്ത്രിക്ക് ബാധ്യതയുണ്ടായിരുന്നു. ചുമര്‍ വേണമല്ലോ ചിത്രം വരയ്ക്കാന്‍.

ജോര്‍ജ് കുര്യന്‍

ജോര്‍ജ് കുര്യന്‍

5000 പേരെ കൊന്ന് കലാപം നിര്‍ത്തുന്നതാണോ അതോ 150 പേരെ കൊന്ന് കലാപം തുടരുന്നതാണോ ലാഭം എന്ന് ജോര്‍ജ് കുര്യന്‍ ചോദിച്ചതാണ് മണിപ്പൂര്‍ ചര്‍ച്ചകളുടെ ഹൈലൈറ്റ്. പൊതുവെ ആളുകള്‍ ചിരിച്ചു തള്ളുമെങ്കിലും ഇത്തരം ലളിത യുക്തികളിലാണ് ഫാസിസം നില നില്‍ക്കുക. കേള്‍ക്കുന്നവര്‍ക്ക് ശരിയാണല്ലോ എന്ന് ഒറ്റ നോട്ടത്തില്‍ തോന്നുന്ന വാദങ്ങള്‍, അതിന് വലിയ ഓഡിയന്‍സ്‌ ഉണ്ട്. അത് കൊണ്ട് തന്നെ ഒന്ന് രണ്ടു കാര്യങ്ങള്‍ പറയണം.

കലാപകാരികളെ മുഴുവന്‍ കൊന്നല്ല കലാപം നിര്‍ത്തുന്നത്. കലാപത്തിന് മുമ്പേ, കലാപ സമയത്ത്, പിന്നെ കലാപ ശേഷം, ഈ മൂന്നു ഘട്ടങ്ങളിലും ഭരണകൂടം ചെയ്യേണ്ട കുറെ കാര്യങ്ങളുണ്ട്.

കലാപത്തിന് മുമ്പ് ഇന്റലിജന്‍സ് ഡാറ്റ ശേഖരിക്കണം. കലാപങ്ങള്‍ ഒരു ദിവസം ഉണ്ടാകുന്നതല്ല, മാസങ്ങള്‍, ചിലപ്പോള്‍ വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന പ്ലാനിങ് അതിന്റെ പിന്നിലുണ്ടാകും. അതിന് പിന്നില്‍ നേതാക്കന്മാരും പ്രവര്‍ത്തകരുമൊക്കെ ഉണ്ടാകും. അതൊക്കെ ഇന്റലിജന്‍സ്‌കാര്‍ അറിയാതെ നടക്കില്ല. അതൊക്കെ മുളയിലേ നുള്ളണം. പരാതിയുണ്ടെങ്കില്‍ പരിഹരിക്കാന്‍ ശ്രമിക്കണം. ചര്‍ച്ചകള്‍ നടത്തണം. കലാപം പ്ലാന്‍ ചെയ്യുന്ന നേതാക്കളെ മുന്‍കരുതല്‍ അറസ്റ്റ് ചെയ്യണം.

കലാപ സമയത്ത് പട്ടാളത്തെ ഇറക്കണം. പ്രധാന മന്ത്രിയും മുഖ്യമന്ത്രിയും കലാപകാരികള്‍ക്ക് ശക്തമായ മുന്നറിയിപ്പ് കൊടുക്കണം. ജനങ്ങള്‍ക്ക് ആത്മവിശ്വസം കൊടുക്കണം. പട്ടാളം ഫ്‌ളാഗ് മാര്‍ച്ച് നടത്തണം. ആയുധവുമായി പുറത്തു കാണുന്നവരെ വെടി വക്കണം. ഇതൊക്കെ ചെയ്താല്‍ കലാപം താനെ ഒടുങ്ങും.

കലാപം നടത്തുന്നവര്‍ അത്ര ധൈര്യശാലികളൊന്നുമല്ല. സ്ത്രീകള്‍ക്ക് പിറകെ കുറുനരികളെപോലെ ഓടുന്ന ആ ആള്‍കൂട്ടം ഭീരുക്കളാണ്.

ഷൂട്ട്-അറ്റ്-സൈറ്റ്‌ ഓര്‍ഡര്‍ ഉണ്ടെങ്കില്‍ ഒരൊറ്റയെണ്ണം വീട്ടിനു പുറത്തിറങ്ങില്ല. ആള്‍ക്കൂട്ടത്തെയും കലാപകാരികളെയും നിയന്ത്രിക്കുന്നതിന് ലോകം അംഗീകരിച്ച മാര്‍ഗങ്ങളുണ്ട്, വിദഗ്ദ്ധരുണ്ട്. അവരുടെ അഭിപ്രായങ്ങള്‍ തേടണം. എല്ലാവരെയും വെടി വച്ച് കൊല്ലുകയൊന്നും വേണ്ട.

കലാപ ശേഷം മുറിവുണക്കണം. അതിനും അതിന്റെതായ രീതികളുണ്ട്. റുവാണ്ടയിലടക്കം ആളുകള്‍ ഇപ്പോള്‍ ഒന്നിച്ചു ജീവിക്കുന്നുണ്ട്. പക്ഷെ മനുഷ്യര്‍ സന്തോഷത്തോടെ ജീവിക്കണമെന്ന് ഭരിക്കുന്നവര്‍ക്ക് ആഗ്രഹം വേണം. അതില്ലാത്തിടത്തോളം മുറിവുകള്‍ നീറിക്കൊണ്ടേയിരിക്കും.

മാത്രമല്ല, മരിച്ചവര്‍ ഇരുന്നൂറിന് താഴെയാണെന്നത് സര്‍ക്കാര്‍ കണക്കാണ്. മരണം അതിനും എത്രയോ ഇരട്ടിയാകുമെന്ന് അവിടെ സന്ദര്‍ശിച്ചവരൊക്കെ പറയുന്നുണ്ട്. തെരുവുകളില്‍ ഓരോ വളവിലും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ആരും എടുത്തു മാറ്റാതെ കിടക്കുന്നതിന്റെ ഒരു വീഡിയോ ഉണ്ട്. ഇവിടെ ഷെയര്‍ ചെയ്യുന്നില്ല.

കെ സുരേന്ദ്രന്‍

കെ സുരേന്ദ്രന്‍

‘ഗ്രഹണി പിടിച്ച കുട്ടികള്‍ ഭക്ഷണത്തിന് ആര്‍ത്തി പിടിച്ചു പായുമ്പോലെയാണ് സി.പി.എം വോട്ടിനു വേണ്ടി പരക്കം പായുന്നത്’കെ സുരേന്ദ്രന്റെ പ്രസ്താവനയാണ്.

ഇവിടെ പല പ്രാവശ്യം ആവര്‍ത്തിച്ച കാര്യം ഒന്ന് കൂടെ പറയാം. ദാരിദ്ര്യാവസ്ഥ, രോഗാവസ്ഥ തുടങ്ങിയവയെ അവഹേളിക്കുന്ന പ്രയോഗങ്ങള്‍ എല്ലാവരും നിര്‍ത്തണം, പ്രത്യേകിച്ച്‌ നേതാക്കള്‍. ചെറ്റപ്പുരയില്‍ താമസിക്കുന്നവര്‍ക്ക് ചീത്ത സ്വഭാവമാണ് എന്ന ഫ്യൂഡല്‍ ധാരണയില്‍ നിന്നാണ് ചെറ്റത്തരം എന്ന വാക്ക് വന്നതെന്നും തൊട്ടു കൂടായ്മയുടെ ബാക്കിയാണ് പുല*** എന്ന് തുടങ്ങുന്ന പ്രയോഗങ്ങളെന്നും ഇവിടെ മുമ്പ് പറഞ്ഞിട്ടുണ്ട്.

അതുപോലെ തന്നെയാണ് രോഗാവസ്ഥകളെ പരിഹസിക്കല്‍. ഗ്രഹണി എന്നാല്‍ ദരിദ്ര ചുറ്റുപാടുകളുള്ള കുട്ടികള്‍ക്ക് പണ്ട് കാലത്ത് ഉണ്ടാകാറുള്ള വയറു സംബന്ധായ ഒരസുഖമാണ്. വളരെ സങ്കടകരമായ അവസ്ഥയാണ് ഗ്രഹണി ബാധിച്ച കുട്ടികള്‍ക്ക്. ഗ്രഹണി മൂര്‍ച്ഛിക്കുമ്പോള്‍ ഭീകരമായ വിശപ്പ് അനുഭവപ്പെടും. ദാരിദ്ര്യ വീടുകളിലെ കുട്ടികള്‍ക്ക് ഗ്രഹണി മൂര്‍ച്ഛിച്ചാല്‍ എവിടെ ഭക്ഷണം കണ്ടാലും ആര്‍ത്തിയോടെ എടുത്തു തിന്നും. ഇത്തരം ദയനീയമായ ഒരവസ്ഥയെയാണ് ഫ്യൂഡല്‍ കാലഘട്ടത്തില്‍ ചെറ്റത്തരം എന്ന വാക്ക് കണ്ടു പിടിച്ച മലയാളികള്‍ പഴം ചൊല്ലാക്കി മാറ്റിയത്.

ആ പഴചൊല്ലും പ്രയോഗങ്ങളും ഇന്നും ആവര്‍ത്തിക്കുന്ന നേതാക്കളുണ്ട് എന്നത് സമൂഹത്തിന്റെ രോഗാവസ്ഥയാണ് കാണിക്കുന്നത്.

CONTENT HIGHLIGHTS: Farooq writes about the inhumanity in the statements of Narendra Modi, K Surendran, George Kurien 

ഫാറൂഖ്

ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ

Latest Stories

We use cookies to give you the best possible experience. Learn more