| Sunday, 5th December 2021, 1:06 pm

കോമഡിയാകുന്ന ചരിത്ര സിനിമകള്‍; കുറ്റക്കാര്‍ സംവിധായകരല്ല, പ്രേക്ഷകര്‍

ഫാറൂഖ്

ചരിത്ര സിനിമയും പീരീഡ് സിനിമയും തമ്മില്‍ നിര്‍വചനത്തില്‍ കാര്യമായ വ്യത്യാസങ്ങളുണ്ടെങ്കിലും പൊതുവെ എല്ലാത്തിനെയും നമ്മള്‍ ചരിത്ര സിനിമകള്‍ എന്നാണ് പറയുക. ആ അര്‍ത്ഥത്തില്‍ നിരവധി ചരിത്ര സിനിമകളാണ് ഇപ്പോള്‍ ഇറങ്ങിക്കൊണ്ടിരിക്കുന്നത്.

മലയാളത്തില്‍ മാലിക്, കുറുപ്പ്, മരക്കാര്‍, തമിഴില്‍ കര്‍ണന്‍, ജയ് ഭീം, ഹിന്ദിയില്‍ സര്‍ദാര്‍ ഉദ്ധം സിങ് തുടങ്ങിയവ. ഇങ്ങനെ പീരീഡ് സിനിമകള്‍ തുടര്‍ച്ചയായി ഇറങ്ങാനുള്ള പ്രധാന കാരണം കംപ്യൂട്ടര്‍ ഗ്രാഫിക്‌സ് ഉപയോഗിച്ച് കുറഞ്ഞ ചെലവില്‍ ഭൂതകാലം സൃഷ്ടിക്കാനുള്ള സൗകര്യമായിരിക്കും.

നൂറ് കോടി ആയിരം കോടി എന്നൊക്കെ പറയുമെങ്കിലും കടലും കപ്പലും യുദ്ധവും തെരുവുകളുമൊക്കെ കംപ്യൂട്ടര്‍ സ്‌ക്രീനിലാണ് സൃഷ്ടിക്കപ്പെടുന്നത്. പൈറേറ്റ്‌സ് ഓഫ് കരീബിയനും ലൈഫ് ഓഫ് പൈയും ഒക്കെ ചെയ്ത പോലുള്ള നല്ല സോഫ്റ്റ്വെയര്‍ വേണമെങ്കില്‍ കാശ് കുറെ കൂടുതല്‍ ചെലവാകുമെങ്കിലും വളരെ ചെലവ് കുറഞ്ഞ സോഫ്റ്റ്‌വെയറുകളും ലഭ്യമാണ്. അതിന്റെ വ്യത്യാസവും കാണും.

രണ്ടാമത്തെ കാരണം ഒരുപക്ഷെ പുതിയ കഥകളുണ്ടാക്കാനുള്ള ഭാവനാ ദാരിദ്ര്യമായിരിക്കും. ഇതൊന്നുമല്ല നമ്മുടെ വിഷയം.

1988ലാണ് ‘മിസിസിപ്പി ബെര്‍ണിങ്’ എന്ന എക്കാലത്തെയും മികച്ച പീരീഡ് അല്ലെങ്കില്‍ ഹിസ്റ്റോറിക്കല്‍ സിനിമ ഇറങ്ങുന്നത്. അമേരിക്കന്‍ മെജോറിറ്റേറിയനിസത്തിന്റെയും വെള്ള വംശീയതയുടെയും ഒരു കാലത്തെ പ്രകടരൂപമായിരുന്ന കു ക്ലൂ ക്ലാന്‍ ക്രൂരതകളുമായി ബന്ധപ്പെട്ടതായിരുന്നു പ്രമേയം. ഇനിയും കാണാത്തവര്‍ ഉണ്ടാകും എന്നതുകൊണ്ട് വിശദാംശങ്ങള്‍ പറയുന്നില്ല.

തിയേറ്ററുകളില്‍ സൂപ്പര്‍ഹിറ്റ് ആയിരുന്നു ഈ സിനിമ. അതുകഴിഞ്ഞ് ഇന്റര്‍നെറ്റിലും സ്ട്രീമിങ്ങിലുമൊക്കെ ലക്ഷക്കണക്കിനാളുകള്‍ ഇതേ സിനിമ കണ്ടു. വെള്ളക്കാരുടെ ക്രൂരതകളുടെയും വംശീയതയുടെയും കഥയായിട്ടും അമേരിക്കന്‍ വെള്ളക്കാര്‍ക്ക് ഈ സിനിമ കുടുംബത്തോടെ കാണാന്‍ മടിയൊന്നുമുണ്ടായില്ല.

2013ലാണ് ‘ട്വല്‍വ് ഇയേഴ്‌സ് എ സ്ലേവ്’ എന്ന സിനിമ ഇറങ്ങുന്നത്. 1841ലെ അടിമത്തവും അടിമ വ്യാപാരവുമായൊക്കെ ബന്ധപ്പെട്ട കഥയായിരുന്നു അത്. വെളുത്തവര്‍ കറുത്തവരെ നൂറ്റാണ്ടുകളായി അടിമകളാക്കി വെച്ചതിന്റെയും അതിനോടനുബന്ധിച്ച ക്രൂരതയുടെയും കഥയായിരുന്നു ഇതും. കഥ വിശദമാക്കുന്നില്ല.

ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ഹിറ്റായി എന്നത് മാത്രമല്ല, ട്വല്‍വ് ഇയേഴ്‌സ് എ സ്ലേവിന് ഒരു വിധം അവാര്‍ഡുകളൊക്കെ കിട്ടുകയും ചെയ്തു, ഓസ്‌കര്‍ അടക്കം. ഈ രണ്ട് സിനിമകളും ഉദാഹരണമായി പറഞ്ഞെന്നേയുള്ളൂ, ഇതല്ലാതെ നിരവധിയുണ്ട്.

ഇതേ സമയത്ത് യൂറോപ്പില്‍, പ്രത്യേകിച്ച് ജര്‍മനിയിലും ഇറ്റലിയിലുമൊക്കെ നാസി ക്രൂരതകളുമായി ബന്ധപ്പെട്ടും ജൂത കൂട്ടക്കൊലകളുമായി ബന്ധപ്പെട്ടും നിരവധി സിനിമകളിറങ്ങി. മിക്കവാറും ബോക്‌സ് ഓഫീസ് സൂപ്പര്‍ഹിറ്റുകള്‍.

ഇനി ചിന്തിച്ച് നോക്കുക. നമ്മുടെ പൂര്‍വികര്‍ ചെയ്ത ക്രൂരതകള്‍ ചിത്രീകരിക്കുന്ന എത്ര സിനിമകള്‍ കേരളത്തില്‍, അല്ലെങ്കില്‍ ഇന്ത്യയില്‍, ബോക്‌സ് ഓഫീസ് ഹിറ്റുകളാകും.

അല്ലെങ്കില്‍ വേറൊരു തരത്തില്‍ ചിന്തിക്കുക, മതപരമോ, ദേശപരമോ ആയി സ്വന്തം പൂര്‍വികര്‍ എന്ന് നിങ്ങള്‍ കരുതുന്ന ആളുകള്‍ മറ്റുള്ളവരോട് കാണിച്ച ക്രൂരതകള്‍ ചിത്രീകരിച്ച, അല്ലെങ്കില്‍ പൂര്‍വികരെ ദുര്‍ബലരായി ചിത്രീകരിക്കുന്ന സിനിമകള്‍ തിയേറ്ററില്‍ പോയി കാണാന്‍ നിങ്ങള്‍ എത്രത്തോളം സന്നദ്ധരാണ്, അമേരിക്കക്കാരെയും യുറോപ്യന്മാരെയും പോലെ?

ഈ കോളത്തില്‍ പല പ്രാവശ്യം പറഞ്ഞിട്ടുള്ളത് പോലെ നമ്മുടെ പൂര്‍വികര്‍ അത്ര കേമന്മാരൊന്നുമല്ല. തുല്യത, നീതി, സ്വാതന്ത്ര്യം തുടങ്ങിയ സങ്കല്‍പങ്ങളൊക്കെ അടുത്ത കാലത്താണ് വന്നത്. വളരെ അടുത്ത കാലത്ത്, അതായത് അമ്പതോ നൂറോ കൊല്ലം മുമ്പ് മാത്രം.

അതിനു മുന്‍പത്തെ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ അനീതിയുടേതായിരുന്നു. അടിമത്തം, അടിമത്തത്തേക്കാളും ഭീകരമായ ജാതി സമ്പ്രദായം, തൊട്ടുകൂടായ്മ എന്നിവയായിരുന്നു നാട്ടുനടപ്പ്. ഒരു നാടും ഒരു സമൂഹവും ഇതില്‍ നിന്നൊന്നും മുക്തമായിരുന്നില്ല.

ഇന്നീ സിനിമകളില്‍ കാണിക്കുന്ന നല്ല രാജാക്കന്മാര്‍ക്കൊക്കെ അന്തപ്പുരം നിറയെ വെപ്പാട്ടികളുണ്ടായിരുന്നു. യുദ്ധം ജയിക്കുന്ന പട്ടാളക്കാരുടെ അവകാശമായിരുന്നു കീഴടങ്ങിയ പ്രദേശത്തെ സ്ത്രീകളുടെ ശരീരങ്ങളും സ്വത്തുക്കളും. പ്രൊഫഷണല്‍ ആര്‍മി എന്ന സങ്കല്‍പമൊക്കെ അടുത്തകാലത്ത് വന്നതാണ്, അതിനു മുമ്പ് ബലാത്സംഗമായിരുന്നു പട്ടാളക്കാര്‍ക്കുള്ള ഇന്‍സെന്റീവ്.

പക്ഷെ നമ്മുടെ സങ്കല്‍പത്തിലെ പൂര്‍വികര്‍ നീതിമാന്മാരാണ്, ഏകപത്‌നീ വൃതക്കാരാണ്. അതീവ സുന്ദരികളാണ് കൊട്ടാരം നിറയെ, വെളുത്ത നിറമാണെന്ന് പറയേണ്ടതില്ലല്ലോ. കറുത്തവര്‍ മാത്രം ജീവിച്ചു മരിച്ച കേരളത്തിന്റെ പൂര്‍വികര്‍ മുഴുവന്‍ വെളുത്തവരാണെന്നാണ് നമ്മുടെ മനസ്സില്‍.

കഴിഞ്ഞ രണ്ടോ മൂന്നോ തലമുറകളായി മാത്രം ഉയരം വെച്ച മലയാളികളുടെ മനസ്സിലെ പൂര്‍വികര്‍ ആറടിക്കാരാണ്, മികച്ച പോരാളികളാണ്. പ്രജകളൊക്കെ സന്തുഷ്ടരാണ്, നാട്ടിലെങ്ങും സമൃദ്ധിയും സന്തുഷ്ടിയും കളിയാടുകയാണ്. നമ്മുടേതല്ലാത്തവരോ, അവര്‍ ക്രൂരന്മാര്‍, കറുത്തവര്‍, ഉയരം കുറഞ്ഞവര്‍, ഭീരുക്കള്‍, തോറ്റവര്‍.

ഈ സങ്കല്പം ചെറുതായൊന്ന് തെറ്റുന്ന വിധത്തില്‍ ആരെങ്കിലും സംസാരിക്കട്ടെ, നമ്മുടെ ഈഗോ ഉണരും, വികാരം വൃണപ്പെടും, നമ്മള്‍ അസ്വസ്ഥരാകും. എന്തുകൊണ്ടാണ് അമേരിക്കക്കാര്‍ക്കും യുറോപ്യന്മാര്‍ക്കുമൊക്കെ അവരുടെ പൂര്‍വികരുടെ ക്രൂരതകളോ ദൗര്‍ബല്യങ്ങളോ നീതിരാഹിത്യങ്ങളോ സ്‌ക്രീനില്‍ കാണുമ്പോള്‍ വികാരങ്ങള്‍ വൃണപ്പെടാത്തതും നമുക്ക് വൃണപ്പെടുന്നതും. അതിന്റെ കാരണം ഭൂതമല്ല, വര്‍ത്തമാനമാണ്.

എപ്പോഴാണ് നിങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ കണ്ണാടിയില്‍ നോക്കാന്‍ കഴിയുന്നത്, അല്ലെങ്കില്‍ എപ്പോഴാണ് ആത്മവിശ്വാസത്തോടെ പിന്നിട്ട ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കാന്‍ കഴിയുന്നത്.

ഒരു വ്യക്തി എന്ന നിലയില്‍ നല്ല ജീവിതം കെട്ടിപ്പടുക്കുകയും വ്യക്തിത്വമുള്ളയാളായി ജീവിക്കുകയും ചെയ്ത ഒരാള്‍ക്ക് ജീവിതത്തിന്റെ തുടക്കത്തിലുണ്ടായ പരാജയങ്ങളെപ്പറ്റി കുറ്റബോധമില്ലാതെ സംസാരിക്കാന്‍ കഴിയും. ഭൂതകാലത്തില്‍ ദുഷ്ടതയും അനീതിയും പ്രവര്‍ത്തിച്ച ഒരാണെങ്കില്‍ അതില്‍ പശ്ചാത്തപിക്കുകയും ശിക്ഷകള്‍ ഏറ്റു വാങ്ങുകയും ചെയ്ത് കഴിഞ്ഞാല്‍ പിന്നെ തിരിഞ്ഞു നോക്കാന്‍ ഭയമുണ്ടാകില്ല.

ഇത് തന്നെയാണ് സമൂഹങ്ങളുടെയും പ്രശ്‌നം. സമൂഹം എന്ന നിലയില്‍ നമ്മുടെ ഏറ്റവും മോശമായ സ്വഭാവങ്ങളില്‍ നിന്ന് മുക്തി നേടിക്കഴിയുന്നത് വരെ നമുക്കതിനെ അഭിമുഖീകരിക്കാന്‍ കഴിയില്ല. യൂറോപ്പ് നാസിസത്തെ പൂര്‍ണമായും കയ്യൊഴിഞ്ഞതാണ് അവരുടെ ആത്മവിശ്വാസം, അമേരിക്ക അടിമത്തവും വംശീയതയും കയ്യൊഴിഞ്ഞതാണ് അവരുടെ ആത്മവിശ്വസം. അങ്ങിങ്ങായുള്ള ചില നവ നാസി ഗ്രൂപ്പുകളുടെ കാര്യം മറന്നുകൊണ്ടല്ല ഇത് പറയുന്നത്.

നമ്മുടെ ഭൂതകാലത്തിന്റെ ഏറ്റവും എടുത്തു പറയാവുന്ന സാമൂഹിക പ്രത്യേകതകള്‍ എന്തൊക്കെയായിരുന്നു-തൊട്ടുകൂടായ്മ, ജന്മിത്തം, ജാതി. അടുത്തകാലത്ത് ബോക്‌സ് ഓഫീസില്‍ ഹിറ്റായ ഏതെങ്കിലും ഒരു സിനിമ ഈ പ്രശ്‌നങ്ങളെ പരാമര്‍ശിച്ചിട്ടുണ്ടോ, പാലേരി മാണിക്യം മാത്രമാണ് ഓര്‍മ വരുന്നത്.

സ്വാമി വിവേകാന്ദനുള്‍പ്പെടെ കേരളത്തില്‍ വന്നവര്‍ കണ്ടത് ഒരേ ഒരു കാര്യമാണ്, തൊട്ടുകൂടായ്മ. ഓരോ ജാതിക്കാരും തമ്മില്‍ എത്ര അടി അകലം വിട്ടു നില്‍ക്കണം എന്ന് നിയമമുണ്ടായിരുന്ന ദേശങ്ങളായിരുന്നു കേരളത്തിലെ നാട്ടുരാജ്യങ്ങള്‍. ഉന്നത ജാതിക്കാര്‍ നടന്നോ പല്ലക്കിലോ പോകുമ്പോള്‍ മറ്റുള്ളവര്‍ക്ക് ഓടി രക്ഷപ്പെടാന്‍ വേണ്ടി ഉണ്ടാക്കുന്ന ഹൂയ് ഹൂയ് എന്ന ശബ്ദമായിരുന്നു കേരളത്തിന്റെ ബി.ജി.എം.

സിനിമയാക്കിയാല്‍, ഒരുപക്ഷെ ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെടാന്‍ സാധ്യതയുള്ള ഒരു പുസ്തകമായിരുന്നു ജയമോഹന്റെ ‘നൂറു സിംഹാസനങ്ങള്‍’.സൂര്യപ്രകാശമുള്ളപ്പോള്‍ പുറത്തിറങ്ങിയാല്‍ മറ്റ് ജാതിക്കാര്‍ കല്ലെറിഞ്ഞു കൊല്ലുമായിരുന്ന ഒരു സമൂഹം ലോകത്തെവിടെയെങ്കിലും ജീവിച്ചിരുന്നെങ്കില്‍ അത് കേരളത്തിലായിരിക്കും.

പകല്‍ മുഴുവന്‍ എലികളെ പോലെ കുറ്റിക്കാടുകളില്‍ ജീവിച്ച് രാത്രി മാത്രം വഴി നടക്കാന്‍ അനുവാദമുണ്ടായിരുന്ന ഒരുകൂട്ടം ആളുകള്‍. അടിമത്തത്തേക്കാള്‍ പതിനായിരം മടങ്ങ് ഭീകരം. ട്വെല്‍വ് ഇയേഴ്‌സ് എ സ്ലേവിനേക്കാളും കൂടുതല്‍ ലോകശ്രദ്ധ അത്തരം ഒരു സിനിമ നേടിയേനെ. പക്ഷെ അതിനുള്ള ആത്മവിശ്വസം ഒരു സമൂഹം എന്ന നിലയില്‍ നമ്മള്‍ ആര്‍ജിച്ചിട്ടുണ്ടോ.

ചരിത്ര സിനിമകളില്‍ ചരിത്രം അതേപോലെ പകര്‍ത്താനാകില്ല, അത് പ്രായോഗികമല്ല. ഏറ്റവും വലിയ പ്രതിബന്ധം ഭാഷ തന്നെ. ഉദാഹരണത്തിന് കുഞ്ഞാലി മരക്കാരും സാമൂതിരിയും സംസാരിച്ച ഭാഷ ഇപ്പോള്‍ ആര്‍ക്കും മനസ്സിലാവില്ല. എനിക്ക് പിറക്കാതെ പോയ മകനാണല്ലോ നീ ഉണ്ണീ, എന്നൊന്നും വടകരയ്ക്കടുത്ത് ജീവിച്ചു മരിച്ച ചന്തുവിന് പറയാനാവില്ല. അതൊന്നും ഒരു പ്രശ്‌നമല്ല.

പക്ഷെ ബാഹുബലി പോലെയുള്ള ഒരു ഫാന്റസി സിനിമയെടുക്കുന്ന ലാഘവത്തോടെ മരക്കാരുടെ കഥ പറയാനാവില്ല.അത് ഒരു കരയ്ക്കും അടുക്കില്ല.

ഇത് സാങ്കേതികതയുടെയോ പ്രയോഗികതയുടെയോ പ്രശ്‌നമല്ല. പ്രേക്ഷകര്‍ക്ക് ഭൂതകാലത്തിന്റെ കണ്ണില്‍ നോക്കാനുള്ള ആര്‍ജവമില്ലാത്തത് കൊണ്ടാണ് പ്രിയദര്‍ശനും മഹേഷ് നാരായണനും എന്തിന് എം.ടി വരെ തിരക്കഥകളെഴുതുമ്പോള്‍ പതറുന്നത്, ഭീരുക്കളാകുന്നത്.

മിക്ക ചരിത്ര കഥകളിലും കഥാപാത്രങ്ങളായി ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്‌ലിങ്ങളുമൊക്കെയുണ്ടാവും. എല്ലാവര്‍ക്കും മുകളില്‍ പറഞ്ഞ സ്വഭാവങ്ങളും, അന്തപ്പുരങ്ങളും, ബലാത്സംഗങ്ങളും കൊള്ളയടിയും അവകാശമാക്കിയ പട്ടാളക്കാരുമുണ്ടാകും. പ്രജകള്‍ പട്ടിണിയിലും കൊട്ടാരം സുഖലോലുപതയിലുമായിരിക്കും. പലരും തോറ്റോടിയവരായിരിക്കും. ഇതൊക്കെ സ്‌ക്രീനില്‍ കാണിച്ചാല്‍ നാട്ടുകാരുടെ ഈഗോ ഉണരും.

ഇക്കാരണം കൊണ്ടാണ് നമ്മുടെ ചരിത്ര സിനിമകളൊക്കെ ആര്‍ക്കും വേണ്ടാത്ത ചവറുകളാവുന്നത്. അടുത്ത കാലം വരെ ഒറ്റത്തോര്‍ത്തും കോണകവും മാത്രം ഉടുത്ത് ജീവിച്ച മലയാളി പുരുഷ കഥാപാത്രങ്ങളൊക്കെ അഫ്ഗാനികളെപ്പോലെയോ തുര്‍ക്കികളെപ്പോലെയോ ഒക്കെ വസ്ത്രം ധരിച്ചെത്തുന്നത്.

മാറു മറയ്ക്കാന്‍ അനുവാദമില്ലാതിരുന്ന വലിയ വിഭാഗം സ്ത്രീകളെ സിനിമയിലൊന്നും കാണാത്തതും അവരെല്ലാം പട്ടുടുത്ത് നില്‍ക്കുന്നതും ഇതേ കാരണം കൊണ്ടാണ്. നമ്മുടെ ഭൂതകാലത്തിന്റെ യാഥാര്‍ഥ്യം ഓര്‍ക്കാന്‍ പോലും നമുക്കിഷ്ടമില്ല.

വസ്ത്രങ്ങള്‍ മാത്രമല്ല, നമുക്ക് നമ്മുടെ പൂര്‍വികരുടെ ശരീരവും, രൂപങ്ങള്‍ പോലും കാണാനിഷ്ടമില്ല. മലയാളികള്‍ വയറു നിറച്ച് ഭക്ഷണം കഴിക്കാന്‍ തുടങ്ങിയത് എഴുപതുകള്‍ക്ക് ശേഷമാണ്. അതിന് മുമ്പുള്ളവര്‍ മിക്കവരും ഭീകരമായ പോഷകാഹാരക്കുറവ് അനുഭവിച്ചവരായിരുന്നു, മെലിഞ്ഞുണങ്ങിയവരായിരുന്നു.

നമ്മുടെ രാജാക്കന്മാര്‍ പോലും, താനൊരു സംഭവമാണെന്ന് നാട്ടുകാര്‍ക്ക് തോന്നാന്‍ വേണ്ടി തന്നെക്കാള്‍ മെലിഞ്ഞ ഉയരം കുറഞ്ഞ ആറാട്ടു മുണ്ഡന്മാരെ മുന്നില്‍ നടത്തുമായിരുന്നു. നാട്ടുരാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍ എന്ന് പുസ്തകത്തില്‍ പഠിച്ചതൊക്കെ ശരിക്കും കോമഡിയായിരുന്നു.

വി.കെ.എന്‍ പറയുമ്പോലെ നാല് നായന്മാര്‍ അങ്ങോട്ടും നാല് നായന്മാര്‍ ഇങ്ങോട്ടും വന്ന് ഒരു ഇടവഴിയില്‍ വെച്ച് കുറച്ചു നേരം ഗുസ്തി പിടിക്കുന്നതായിരുന്നു മിക്ക യുദ്ധങ്ങളും. കൊട്ടാരങ്ങള്‍ എന്നൊക്കെ പറഞ്ഞാല്‍ ഓടിട്ട വലിയൊരു വീടും ചാണകം മെഴുകിയ നിലങ്ങളുമായിരുന്നു.

അതുകൊണ്ട്, തിരക്കഥാകൃത്തുക്കളേയും സംവിധായകരെയും കുറ്റം പറയുന്നതിന് മുന്‍പ്, പ്രേക്ഷകനെന്ന നിലയില്‍ നമ്മള്‍ മാറണം. അത് വെറുതെ മാറില്ല. നല്ല വര്‍ത്തമാനകാലവും ഭാവിയെക്കുറിച്ചുള്ള ശുഭപ്രതീക്ഷയും ഉണ്ടായാല്‍ ഭൂതകാലത്തെ ധൈര്യപൂര്‍വം നോക്കാന്‍ കഴിയും.

അതിനായി കൂടുതല്‍ തൊഴിലവസരങ്ങളും സമ്പന്നതയും ഉണ്ടാകണം. മനസ്സിലെ വര്‍ഗീയത കുറയണം. തുല്യത എന്ന സങ്കല്‍പം വാക്കിലും മനസ്സിലും ഉണ്ടാകണം, ജാതിബോധവും മിഥ്യാഭിമാനങ്ങളും ഇല്ലാതാവണം.

ഇതൊക്കെ സംഭവിക്കുന്ന കാലത്ത്, നൂറു സിംഹാസനങ്ങള്‍ ട്വല്‍വ് ഇയേഴ്‌സ് എ സ്ലേവിനെ പോലെ ബോക്‌സ് ഓഫീസില്‍ കോടികള്‍ വാരും. മുഹമ്മദ് അതലാഖിന്റെ കഥ മിസിസിപ്പി ബര്‍ണിങ് പോലെ ഇന്റര്‍നാഷണല്‍ ഹിറ്റാകും. ‘സള്ളി’ എന്ന ക്ലിന്റ് ഈസ്റ്റ്‌വുഡ് സിനിമ പോലെ ‘സ്റ്റാന്‍ സ്വാമി’ എന്ന അമിതാഭ് ബച്ചന്‍ സിനിമ വരും.

അതേസമയം തമിഴന്മാര്‍ നമ്മെക്കാള്‍ ഒരുപാട് മുന്നോട്ട് പോയിക്കഴിഞ്ഞിരിക്കുന്നു എന്ന് പറയാതെ വയ്യ.

ചരിത്ര സിനിമകളില്‍ നമ്മള്‍ കാണാനാഗ്രഹിക്കുന്നത് പരാജയപ്പെട്ട നമ്മുടെ വിജയിച്ച പ്രതിരൂപങ്ങളാണ്, വ്യാജമായ പ്രതിഫലനങ്ങള്‍. പ്രേക്ഷകന്‍ എന്ന നിലയിലും സമൂഹം എന്ന നിലയിലും നമ്മള്‍ ഏറെ വളരാനുണ്ട്.

പത്തുമുപ്പത് കൊല്ലം ഏതായാലും മലയാളികള്‍ മരക്കാര്‍ പോലുള്ള കോമഡികള്‍ കാണേണ്ടി വരും. അതുവരെ ഒന്നുകില്‍ പ്രിയദര്‍ശനേയും മോഹന്‍ലാലിനെയും ട്രോളി ജീവിക്കുക, അല്ലെങ്കില്‍ ഹോളിവുഡ് സിനിമകള്‍ കാണുക, തമിഴ് ആയാലും മതി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Farooq K writes about the historical movies in Malayalam

ഫാറൂഖ്

ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ

We use cookies to give you the best possible experience. Learn more