| Tuesday, 10th August 2021, 4:02 pm

സമസ്തയ്ക്കും ലീഗിനും ഇനി മുന്നിലുള്ളത് | ഫാറൂഖ്

ഫാറൂഖ്

ഒന്ന് – സമസ്ത

സമസ്ത എന്നാല്‍ നിസ്‌കാരം, നോമ്പ് എന്നതൊക്കെ പോലെ ഇസ്‌ലാമുമായി ബന്ധപ്പെട്ട ഒരു വാക്കാണെന്ന് കരുതുന്ന ഒട്ടേറെ പേരുണ്ട്, പ്രത്യേകിച്ച് മുസ്‌ലിങ്ങളല്ലാത്തവരുടെ ഇടയില്‍. 1921ന് ശേഷം മുസ്‌ലിം പണ്ഡിതന്മാരൊക്കെ ചേര്‍ന്ന് തങ്ങള്‍ക്കും ഒരു സംഘടന വേണമെന്ന് തീരുമാനിച്ചതിനെ തുടര്‍ന്നാണ് സമസ്ത ഉണ്ടാകുന്നകുന്നത്. അത് വരെ മുസ്‌ലിം പണ്ഡിതന്മാര്‍ക്ക് ഒരു കൂട്ടായ്മ ഉണ്ടായിരുന്നില്ല. കേരളം മുഴുവനുമുള്ള പണ്ഡിതമാരുടെ സംഘടന എന്ന അര്‍ത്ഥത്തിലാണ് സമസ്ത കേരള ജം-ഇയ്യത്തുല്‍-ഉലമ എന്ന പേരിട്ടത്. പിന്നീട് അത് ചുരുങ്ങി സമസ്തയായി. അഖില കേരള ജം-ഇയ്യത്തുല്‍-ഉലമ എന്ന പേരായിരുന്നു അന്ന് തീരുമാനിച്ചിരുന്നതെങ്കില്‍ ഇന്നവരെ അഖില എന്ന് വിളിച്ചേനെ.

സമസ്തയുടെ അഫിലിയേറ്റ് ആയി പ്രവര്‍ത്തിച്ചിരുന്ന സംഘടനായിരുന്നു എസ്.എസ്.എഫ് വിദ്യാര്‍ത്ഥി സംഘടനയായിരുന്നെങ്കിലും സമസ്തക്കാര്‍ പ്രായ വ്യത്യാസമില്ലാതെ പ്രവര്‍ത്തിച്ചിരുന്ന സംഘടനയായിരുന്നു അത്. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ എന്ന സമര്‍ത്ഥനായ സംഘാടകനായിരുന്നു എസ്.എസ്.എഫിന്റെ അമരക്കാരന്‍.

കാന്തപുരം സമസ്തയില്‍ നിന്ന് പിളര്‍ന്ന് സ്വന്തം സംഘടനയുണ്ടാക്കിയപ്പോള്‍ എസ്.എസ്.എഫ് എന്ന വിദ്യാര്‍ത്ഥി വിഭാഗവും അദ്ദേഹത്തിന്റെ കൂടെ പോയി. അതിനെ തുടര്‍ന്ന് അവശിഷ്ട സമസ്ത സ്വന്തമായി ഒരു എസ്.എസ്.എഫ് ഉണ്ടാക്കി. പേര് എസ്.കെ.എസ്.എസ്.എഫ്. സമസ്ത കേരള സുന്നി സ്റ്റുഡന്റസ് ഫെഡറേഷന്‍, പേര് പകുതി മലയാളവും പകുതി ഇംഗ്ലീഷും.

എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍

ഇപ്പറഞ്ഞ എസ്.കെ.എസ്.എസ്.എഫ്, 1921 ന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച ഒരു ക്യാമ്പയിന്‍ നടത്തുന്നുണ്ട്. അതിനോടനുബന്ധിച്ച വന്ന ചില പ്രസ്താവനകളാണ് ഈ സംഘടനയെ പൊതു സമൂഹത്തിലെ ചര്‍ച്ചാ വേദികളിലേക്ക് ഇപ്പോള്‍ ആനയിക്കുന്നത്. പൊതുവെ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളില്‍ അഭിപ്രായം പറയുന്നവരല്ല സമസ്തക്കാര്‍. അതിന് ആഗ്രഹമില്ലാഞ്ഞിട്ടല്ല, ആവശ്യമില്ലാത്തത് കൊണ്ടാണ്.

കാരണം സമസ്തയുടെ അണികള്‍ മിക്കവരും ലീഗുകാരാണ്, നേതാക്കന്മാര്‍ക്കും ലീഗുകാരുമായി നല്ല ബന്ധമുണ്ട്. അതുകാണ്ട് തന്നെ സമസ്തക്കാര്‍ പൊതുവെ നമസ്‌കാരത്തില്‍ കൈ എവിടെ കെട്ടണം, വെള്ളിയാഴ്ച ഖുതുബ അറബിയില്‍ വേണോ മലയാളത്തില്‍ വേണോ എന്നൊക്ക തര്‍ക്കിക്കുകയാണ് പതിവ്. ബാങ്ക് വിളിക്കാന്‍ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ പാടുണ്ടോ എന്ന വിഷയത്തിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് 1967 ല്‍ സമസ്ത പിളര്‍ന്നിട്ട് പോലുമുണ്ട്.’

മുസ്‌ലിം സമുദായത്തെ വിപരീതമായി ബാധിച്ച ഒന്നായിരുന്നു ഈ സായുധ കലാപമെന്നും, ഇത്തരം പ്രവൃത്തികളില്‍ നിന്ന് സമുദായം വിട്ടുനില്‍ക്കണം എന്നുമാണ് സമസ്തയുടെ യുവജന വിദ്യാര്‍ത്ഥി വിഭാഗമായ എസ്.കെ.എസ്.എസ്.എഫ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പരാമര്‍ശിച്ചിരിക്കുന്നത്. മലബാര്‍ കലാപം കേരള മുസ്‌ലിം സമൂഹത്തെ നൂറു വര്‍ഷമെങ്കിലും പിറകോട്ടെടുപ്പിച്ചിട്ടുണ്ടെന്നാണ് സമസ്തയുടെ അഭിപ്രായം.

നിങ്ങള്‍ക്ക് ഈ അഭിപ്രായത്തെ എതിര്‍ക്കാം, തള്ളിക്കളയാം, പക്ഷെ അവഗണിക്കാന്‍ കഴിയില്ല. കാരണം കേരള മുസ്‌ലിങ്ങളുടെ ഏറ്റവും വലിയ സംഘടനയുടെ അഭിപ്രായമാണ്, ഏറ്റവും വലിയ പണ്ഡിത സഭയുടെയും. പ്രായോഗികത മാത്രം പരിഗണിച്ചാല്‍ സമസ്ത പറയുന്നതില്‍ കാര്യമുണ്ട്. മലബാര്‍ കലാപം സാമൂഹികമായും സാമ്പത്തികമായും മുസ്‌ലിങ്ങളെ ഒരുപാട് പിന്നോട്ടടിപ്പിച്ചിട്ടുണ്ട്.

മലബാര്‍ കലാപമാണ് മലബാറിലെ മുസ്‌ലിങ്ങളെയും ബ്രിട്ടീഷുകാരെയും ഒരിക്കലുമില്ലാത്ത വിധത്തില്‍ അകറ്റിയത്. അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ ജോലികളും വിദ്യാഭ്യാസ അവസരങ്ങളും മുസ്‌ലിങ്ങള്‍ക്ക് പൂര്‍ണമായും നിഷേധിച്ചു. തിരിച്ച്, മുസ്‌ലിങ്ങള്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം ബഹിഷ്‌കരിച്ചു. ഇതിനു മുമ്പ് എഴുതിയിട്ടുള്ളത് കൊണ്ട് വിശദീകരിക്കുന്നില്ല. മലബാര്‍ കലാപവും അതിന്റെ തുടര്‍ച്ചയായ അറസ്റ്റുകളും തടവുമൊക്കെ ഒട്ടേറെ കുടുംബങ്ങളെ തകര്‍ത്തെറിഞ്ഞു. ആയിരക്കണക്കിന് വീടുകളില്‍ ആണുങ്ങളില്ലാതായി.

സ്വാതന്ത്യം കിട്ടിയപ്പോള്‍ സ്വാഭാവികമായും മറ്റു വിഭാഗങ്ങളുടെ ഭരണ പ്രാധിനിത്യം തുടര്‍ച്ചയായപ്പോള്‍ ബ്രിട്ടീഷുകാരില്ലാത്ത നാട്ടിലും മുസ് ലിങ്ങള്‍ അധികാരത്തിന് പുറത്തായി. ബ്രിട്ടീഷുകാരോട് ഒട്ടി നിന്ന് ഉദ്യോഗം മുഴുവന്‍ നേടിയവര്‍ അതേ പ്രാധിനിത്യം തുടര്‍ന്നു. സ്വാതന്ത്രം കിട്ടി എഴുപത് വര്‍ഷമായിട്ട് ഇപ്പോഴാണ് കുറെ മുസ്‌ലിങ്ങളെ അവിടെയിവിടെയായി ഉദ്യോഗത്തില്‍ കാണുന്നത്. കാര്യമായി പരിശ്രമിക്കുന്നത് കൊണ്ട് അടുത്ത മുപ്പത് വര്‍ഷം കൊണ്ട് ഉദ്യോഗത്തിലും സമ്പത്തിലും മുസ്‌ലിങ്ങകള്‍ മറ്റുള്ളവരോടൊപ്പം എത്തുമായിരിക്കും. എഴുപതും മുപ്പതും നൂറ്, അതായിരിക്കും സമസ്തയുടെ കണക്ക്.

സമസ്തക്ക് ഇതേ നിലപാട് എല്ലാ പോരാട്ടങ്ങളുടെയും കാര്യത്തിലുണ്ടോ എന്നറിയില്ല. ഉദാഹരണത്തിന് മലബാര്‍ കലാപത്തിന് നൂറ്റാണ്ടുകള്‍ മുമ്പ് നടന്ന കുഞ്ഞാലി മരക്കാരുടെ പോരാട്ടങ്ങളും ഈയടുത്ത് നടന്ന പൗരത്വ പ്രക്ഷോഭങ്ങളും. പതിറ്റാണ്ടുകള്‍ നീണ്ട കുഞ്ഞാലി മരക്കാരുടെ പോരാട്ടങ്ങള്‍ മുസ്‌ലിങ്ങള്‍ക്ക് സമ്മാനിച്ച വൈധവ്യങ്ങള്‍ക്കും ദാരിദ്ര്യത്തിനും സമാന്തരങ്ങളില്ല. പോര്‍ച്ചുഗീസുകാര്‍ക്കെതിരെയുള്ള കടല്‍ യുദ്ധങ്ങളില്‍ കുരുതി കൊടുക്കപ്പെട്ടവര്‍ മുഴുവന്‍ മുസ്ലിങ്ങളായിരുന്നു. ആ പോരാട്ടങ്ങളുടെ ഫലം കൂടിയായിരുന്നു മലബാറിലെ തീര പ്രദേശങ്ങളിലെ മുസ്‌ലിം വീടുകളില്‍ നൂറ്റാണ്ടുകളോളം തുടര്‍ന്ന ദാരിദ്ര്യവും പട്ടിണിയും.

മലബാര്‍ സമരകാലത്ത് ബ്രിട്ടീഷ് സൈന്യം അറസ്റ്റ് ചെയ്ത മാപ്പിള പോരാളികള്‍. ഫോട്ടോ: ട്രോപ്പിക്കല്‍ പ്രസ് ഏജന്‍സി

ഇതിന് സമസ്ത കാണാത്ത ഒരു മറുവശമുണ്ട്. പോരാട്ടങ്ങള്‍ ത്യാഗമാണ്. വ്യക്തി എന്ന നിലയിലും സമൂഹം എന്ന നിലയിലും. പഴശ്ശി രാജയുടെയും ടിപ്പു സുല്‍ത്താന്റെയും പിന്‍ തലമുറകള്‍ എവിടെയാണെന്ന് ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ, ഇല്ല. അതെ സമയം ബ്രിട്ടീഷുകാരുടെ സാമന്തന്മാരായിരുന്ന രാജാക്കന്മാരുടെ പിന്‍ തലമുറക്കാര്‍ക്ക് ഇപ്പോഴും സര്‍ക്കാര്‍ കോടികള്‍ കൊടുക്കുന്നുണ്ട്, അവര്‍ക്ക് പദവികളും ബഹുമാനവും കിട്ടുന്നുണ്ട്, ആരാധകരുണ്ട്. അതങ്ങനെയാണ്. എന്നുവച്ച് ധീര രക്തസാക്ഷികളും സാമന്തന്മാരും ഒരു പോലെയാകില്ല. മരക്കാന്മാര്‍ കടലില്‍ പോരാടിയില്ലായിരുന്നെങ്കില്‍ പോര്‍ച്ചുഗീസുകാര്‍ കര മുഴുവന്‍ മേഞ്ഞു നടന്നേനെ. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഇന്ന് സമസ്ത പോയിട്ട് മുസ്‌ലിങ്ങള്‍ തന്നെ കേരളത്തിലുണ്ടാകുമായിരുന്നില്ല.

ചരിത്ര വിജയമായിരുന്നു പൗരത്വ പ്രക്ഷോഭം. നിയമം ഇത് വരെ നടപ്പാക്കപ്പെടാത്തത് കൊണ്ട് മാത്രമല്ല, ആ സമരം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഫാഷിസ്‌റ് തേര്‍വാഴ്ച ഒരു പരിധി വരെ തടഞ്ഞു നിര്‍ത്തി, തോല്‍പ്പിക്കാന്‍ കഴിയാത്രത്ര വലിയവരാണ് ഇന്ത്യ ഭരിക്കുന്നത് എന്ന തോന്നല്‍ ഇല്ലാതായി. പക്ഷെ ഒരുപാട് മുസ്‌ലിങ്ങള്‍ ജീവന്‍ കൊടുക്കേണ്ടി വന്നു, പ്രത്യേകിച്ച് യു.പിയിലും ദല്‍ഹിയിലും. യു.പിയില്‍ ഒട്ടേറെ മുസ്‌ലിം കുടുംബങ്ങളുടെ സ്വത്തുക്കള്‍ കണ്ടു കെട്ടി, വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങി, പലരും ജയിലിലാണ്. കുറെ കൊല്ലങ്ങള്‍ക്ക് ശേഷം തിരിഞ്ഞു നോക്കുമ്പോള്‍ സമസ്ത എങ്ങനെയായിരിക്കും പൗരത്വ സമരത്തെ കാണുന്നത്.

രണ്ട് – ലീഗ്

നമ്മളെന്തിനാണ് ചരിത്രം പഠിക്കുന്നത്. ഭൂതകാലത്തില്‍ വന്നു പോയിട്ടുള്ള തെറ്റുകള്‍ തിരുത്തി നല്ല ഒരു വര്‍ത്തമാനകാലവും ഭാവിയും ഉണ്ടാക്കിയെടുക്കണം, ലളിതമായി പറഞ്ഞാല്‍ അതാണ് ചരിത്ര പഠനത്തിന്റെ ഉദ്ദേശം. ആ നിലക്ക് മലബാര്‍ ലഹളയെ തള്ളി പറയുന്ന സമസ്ത എന്താണ് ലീഗിനോട് പറയാതെ പറയുന്നത്. മിക്കവാറും സമസ്തക്കാര്‍ ലീഗുകാരും മിക്കവാറും ലീഗുകാര്‍ സമസ്തക്കാരും ആയ സ്ഥിതിക്ക് സമസ്ത പറയുന്നതിന് പ്രസക്തിയുണ്ട്.

ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ല, സാമുദായിക പാര്‍ട്ടിയാണ് എന്നാണ് ലീഗുകാര്‍ തന്നെ പറയാറ്. മുസ്‌ലിം സമുദായത്തിന്റെ ഉന്നമനത്തിന്, അഥവാ അവകാശങ്ങള്‍ നേടിയെടുക്കാനോ സംരക്ഷിക്കാനോ ഒക്കെയാണ് ലീഗ് നില നില്‍ക്കുന്നത്. ഓരോ അഞ്ചു വര്‍ഷം കഴിയുമ്പോഴും ഭരണം മാറിക്കൊണ്ടിരുന്നതുകൊണ്ട് കുറെ കാലമായി ലീഗിന് പ്രത്യേകിച്ച് ഒരു തന്ത്രങ്ങളോ പദ്ധതികളോ ഉണ്ടാക്കേണ്ടിയിരുന്നില്ല. ഇപ്പോള്‍ സ്ഥിതി മാറി. ഇനി പുതിയ വഴി നോക്കണം. സമസ്ത പറയുന്നത് പ്രകാരമാണെങ്കില്‍ സമരവും പ്രക്ഷോഭവുമൊന്നുമല്ല അതിനുള്ള മാര്‍ഗം.

കേരളത്തിലെ നാല് പ്രമുഖ സമുദായങ്ങളെ നിരീക്ഷിച്ചാല്‍ ലീഗ് ഇനിയെന്താണ് ചെയ്യേണ്ടത് എന്ന് ഒരു വ്യക്തത വരും. ദളിത്, ഈഴവ, നായര്‍, ക്രിസ്ത്യന്‍ എന്നിവയാണ് മുസ്‌ലിങ്ങള്‍ക്ക് പുറമെ ജനസംഖ്യയില്‍ താരതമ്യേന പ്രബലമായ സമൂഹങ്ങള്‍.

കേരളത്തിലെ ദളിത് സമൂഹത്തിന്റെ കാര്യം പരിഗണിക്കാം. ആദ്യം പരിശോധിക്കേണ്ടത് അവരുടെ പ്രാതിനിത്യമോ അവകാശങ്ങളോ ആണ്. രണ്ടും കാര്യമായി ഇല്ല. എടുത്തു പറയാവുന്ന ഒരു പാര്‍ട്ടിയോ സംഘടനയോ സമ്മര്‍ദ ഗ്രൂപ്പോ ഇല്ല. ഇടത്തോ വലത്തോ ഉള്ള ഒരു കൂടയിലും മാങ്ങയില്ല. ഒരു ദലിത് ദേവസ്വം മന്ത്രി ഉണ്ടാകുന്നത് പോലും ഒരാഘോഷമാണ് കേരളത്തില്‍. അവകാശം എന്ന് പറയാനുണ്ടായിരുന്നത് സംവരണമായിരുന്നു. സവര്‍ണ സംവരണത്തിനു ശേഷം ദളിതുകളേക്കാള്‍ സംവരണം മുന്നാക്ക ജാതികള്‍ക്കായി. ഇപ്പോള്‍ കോളേജ് അഡ്മിഷനിലും ജോലിയിലുമൊക്കെ പ്രവേശിക്കാന്‍ നായരേക്കാളും മാര്‍ക്ക് വേണം ദളിതന്. ലോകത്ത് തന്നെ കേട്ടുകേള്‍വി ഇല്ലാത്ത വിധമാണ് കേരളത്തിലെ ഇപ്പോഴത്തെ സംവരണം.

ഈഴവരാണ് അടുത്തത്. സി.പി.ഐ.എമ്മിന് വോട്ട് ചെയ്യുന്നവരാണ് മിക്കവരും. വോട്ട് ഉറപ്പായത് കൊണ്ട് ഇടതന്മാരും ഉറപ്പല്ലാത്തത് കൊണ്ട് വലതും ഇവരെ കാര്യമായി ശ്രദ്ധിക്കാറില്ല. സമ്മര്‍ദ ഗ്രൂപ് എന്ന് പറയാന്‍ കഴിയുന്ന എസ്.എന്‍.ഡി.പി ഇങ്ങോട്ട് വരുന്ന സമ്മര്‍ദം താങ്ങാന്‍ കഴിയാത്ത അവസ്ഥയിലുമാണ്. എല്ലാ മാങ്ങയും ഒരേ കൂടയിലിട്ടായിട്ടാലുള്ള ക്ലാസിക്കല്‍ അവസ്ഥ.

തുല്യ ദൂരം, സമ ദൂരം, ശരി ദൂരം എന്നതൊക്കെയാണ് നായര്‍ സമുദായത്തിന്റെ രീതി. ഒരു മാങ്ങയും ആരുടെ കൂടയിലും ഇടില്ല. അതുകൊണ്ട് തന്നെ എല്ലാവരും കാര്യമായി പരിഗണിക്കും. കമ്മ്യൂണിസത്തിന്റെ അടിസ്ഥാനമായ പീഡിപ്പിക്കപ്പെട്ടവരോടൊപ്പം നില്‍ക്കുക എന്ന തത്വം മാറ്റി വച്ച് സവര്‍ണ സംവരണം എന്ന എന്‍.എസ്.എസ്സിന്റെ ആവശ്യം നടപ്പാക്കിയത് പിണറായിയുടെ ശത്രുവെന്ന് പുറമേക്ക് തോന്നുന്ന സുകുമാരന്‍ നായരുടെ കാലത്താണ്.

സി.പി.ഐ.എമ്മിന് എക്കാലത്തും വോട്ട് ചെയ്യാറുള്ള ദളിതരേക്കാളും ഈഴവരേക്കാളും ആനുപാതിക സംവരണം മുന്നോക്കക്കാര്‍ക്ക് കൊടുക്കാന്‍ പിണറായി തയ്യാറായത് എന്‍.എസ്.എസ്സിന്റെ തന്ത്രങ്ങള്‍ ഫലിച്ചത് കൊണ്ടാണ്. നായര്‍ സമുദായത്തിന് ഏറ്റവും കൂടുതല്‍ ആനുകൂല്യങ്ങള്‍ നേടിയെടുത്ത ആള്‍ എന്ന നിലയില്‍ നായര്‍ ചരിത്രത്തില്‍ മന്നത്തെക്കാളും നാരായണ പണിക്കരെക്കാളും മുകളിലായിരിക്കും സുകുമാരന്‍ നായരുടെ സ്ഥാനം. പിണറായിയുടെ ചിത്രം കരയോഗങ്ങളില്‍ തൂക്കിയിടുന്ന കാലവും വന്നെന്ന് വരാം.

സുകുമാരന്‍ നായര്‍

മാങ്ങകള്‍ പല കൊട്ടയിലിടുന്നതാണ് ക്രിസ്ത്യന്‍ രീതി. കേരള കോണ്‍ഗ്രസ് ബിഷപ്പുമാരുടെ ആശീര്‍വാദത്തോടെ പലതായി പിളരും. ഭരണം ആരുടേതായാലും അവരുടെ പ്രാധിനിത്യം ഉണ്ടാകും, കാര്യങ്ങളും നടക്കും. വിജയിച്ചവരെ മാതൃകയാക്കണമെന്നും സമരങ്ങളും പോരാട്ടങ്ങുളുമൊക്കെ നഷ്ടങ്ങള്‍ മാത്രമേ ഉണ്ടാക്കൂ എന്നും കരുതുന്ന ആധുനിക കാലത്ത് വിജയിച്ച ക്രിസ്ത്യന്‍ നായര്‍ മാതൃകകളായിരിക്കും ലീഗിനും അഭികാമ്യം.

ഓരോ അഞ്ചു കൊല്ലം കൂടുമ്പോഴും ഭരണം മാറുക എന്ന ഏര്‍പ്പാട് നില്‍ക്കുന്നതോടെ ഒന്നുകില്‍ ഇനി ലീഗിന് എന്‍.എസ്.എസ്സിനെ പോലെ ഒരു സമ്മര്‍ദ ഗ്രൂപ്പായി രാഷ്ട്രീയത്തിനതീതമായി നില്‍ക്കേണ്ടി വരും. അല്ലെങ്കില്‍ പാണക്കാട് തങ്ങന്മാരുടെ ആശീര്‍വാദത്തോടെ ലീഗ് രണ്ടായി പിളര്‍ന്ന് രണ്ടു മുന്നണിലിയിലും നില്‍ക്കേണ്ടി വരും.

എന്‍.എസ്സ്.എസ്സിനെ പോലെ രാഷ്ട്രീയമില്ലാത്ത സമ്മര്‍ദ ഗ്രൂപ്പായി നില്‍ക്കാന്‍ ലീഗുകാര്‍ക്ക് ഏതായാലും കഴിയില്ല. കമ്മ്യൂണിസ്റ്റുകാര്‍ പറയുന്ന പാര്‍ലമെന്ററി വ്യാമോഹം എല്ലില്‍ പിടിച്ചവരാണ് ലീഗുകാര്‍. പിന്നീട് ഒരേ ഒരു വഴി രണ്ടായി പിളര്‍ന്ന് ഓരോ മുന്നണിയിലും നില്‍ക്കുന്നതാണ്. ഐ.എന്‍.എല്‍ തീരെ പോരാ. പാണക്കാട്ടെ ഏതെങ്കിലും ഒരു തങ്ങളില്ലാത്ത ലീഗിനെ ഒരു മുന്നണിയും മാനിക്കില്ല. അതുകൊണ്ട് തങ്ങന്മാര്‍ ഒന്നുകില്‍ ബിഷപ്പ്മാരെ പോലെ രണ്ടു പാര്‍ട്ടികളെയും ആശീര്‍വദിച്ചു കൊണ്ട് അവരുടെ മുകളിലായി നില്‍ക്കണം. അല്ലെങ്കില്‍ ഓരോരോ തങ്ങന്മാര്‍ ഓരോ പാര്‍ട്ടിയിലും വേണം.

ഈ തിരിച്ചറിവിന്റെ മുന്നൊരുക്കങ്ങളാണോ നമ്മള്‍ ഇപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നത്?

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Farooq Writes about the future of Muslim League

ഫാറൂഖ്

ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ

We use cookies to give you the best possible experience. Learn more