രണ്ട് കൊല്ലം മുമ്പ് ഒരാളും ഉദ്ധവ് താക്കറെയെയും പിണറായി വിജയനെയും താരതമ്യം ചെയ്യാന്‍ ധൈര്യപ്പെടുമായിരുന്നില്ല, അതിന്റെ ആവശ്യവുമുണ്ടായിരുന്നില്ല. അച്ഛന്‍ പണ്ട് ആനപ്പുറത്ത് കയറിയതിന്റെ തഴമ്പുമായി രാഷ്ട്രീയം കളിക്കുന്ന കളിയറിയാത്ത ഒരു രാഷ്ട്രീയക്കാരനെ പിണറായിയുമായി താരതമ്യപ്പെടുത്തുന്നതെന്തിന്. വേണമെങ്കില്‍ ബിനീഷ് കോടിയേരിയുമായോ ജോസ് കെ. മാണിയുമായോ താരതമ്യപ്പെടുത്താം. പരമാവധി കെ. മുരളീധരനുമായി. അത് മതിയായിരുന്നു അന്ന്.
ഉദ്ധവ് താക്കറെയുടെ അച്ഛന്‍ ബാല്‍ താക്കറെയുടെ രാഷ്ട്രീയം വളരെ പ്രാദേശികമായിരുന്നു. ബോംബെയില്‍ പണിയെടുക്കാന്‍ വരുന്ന അന്യ സംസ്ഥാനക്കാരെ തല്ലിയൊതുക്കിയുള്ള ഗുണ്ടാപണിയായിരുന്നു രാഷ്ട്രീയ പ്രവര്‍ത്തനം. ആദ്യം മലയാളികളും തമിഴന്മാരും ഉള്‍പ്പെടുന്ന മദ്രാസികള്‍, പിന്നെ ഗുജറാത്തികള്‍, അതുകഴിഞ്ഞ് മുസ്‌ലിങ്ങള്‍, അവസാനം യു.പിയില്‍ നിന്നും ബീഹാറില്‍ നിന്നും വന്ന പാവപ്പെട്ട ടാക്‌സി ഡ്രൈവര്‍മാര്‍. തിരിച്ചു തല്ലാന്‍ കഴിവില്ലാത്ത ഏത് അപ്പാവിയെ കണ്ടാലും ശിവസേനക്കാര്‍ തല്ലും. തിരിച്ച് തല്ലുകിട്ടുമെന്ന് കണ്ടാല്‍ ഓടും. തല്ല് കിട്ടുന്നതില്‍ നിന്നും പ്രൊട്ടക്ഷന്‍ വാഗ്ദാനം ചെയ്ത് വ്യവസായികളില്‍ നിന്നും ബാറുടമകളില്‍ നിന്നും കാശ് വാങ്ങും, അതാണ് പാര്‍ട്ടി ഫണ്ട്. ആ ഫണ്ട് ഉപയോഗിച്ച് ബാന്ദ്രയില്‍ വലിയ ഒരു ബംഗ്ലാവും പണിതു- മാതോശ്രീ.
മാതോശ്രീയിലിരുന്ന് ബാല്‍ താക്കറെ കുറേക്കാലം ബോംബെ ഭരിച്ചു. ഒന്നുരണ്ട് പ്രാവശ്യം മഹാരാഷ്ട്രയും. ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള ധൈര്യമില്ലാത്തത് കൊണ്ട് സ്വയം മുഖ്യമന്ത്രിയായില്ല. പകരം സാമന്തന്മാരെ മുഖ്യമന്ത്രിയാക്കി പിന്നിലിരുന്ന് ഭരിച്ചു. എല്ലാവരെയും പോലെ ബാല്‍ താക്കറെക്കും വയസ്സായി. ബോംബെ മുംബൈയായി, മക്കള്‍ വലുതായി. പാര്‍ട്ടിയും സ്വത്തുമൊക്കെ മരുമകന്‍ രാജ് താക്കറെ റാഞ്ചിക്കൊണ്ട് പോകുമെന്ന പേടിയില്‍, പുത്ര വാത്സല്യമുള്ള ബാല്‍ താക്കറെ പുത്രന്‍ ഉദ്ധവിനെ പിന്തുടര്‍ച്ചാവകാശിയാക്കി.
അതുവരെ പ്രത്യേകിച്ച് രാഷ്ട്രീയമൊന്നുമില്ലാതെ, ചിത്രം വരച്ചും ഫോട്ടോ എടുത്തും ഒതുങ്ങി ജീവിച്ചിരുന്ന ഉദ്ധവ് പാര്‍ട്ടി നേതാവായി. ദോഷം പറയരുതല്ലോ, പിന്നെ പത്ത് വര്‍ഷം മഹാരാഷ്ട്ര ഭരിച്ചത് കോണ്‍ഗ്രസ്. ഉദ്ധവിനെ കൊണ്ട് ഒന്നിനും കൊള്ളില്ലെന്ന് നാട്ടുകാര്‍ ഏതാണ്ടുറപ്പിച്ചു. മുംബൈയില്‍ കയറ്റില്ലെന്ന് ഉദ്ധവ് താക്കറെ വെല്ലുവിളിച്ച രാഹുല്‍ ഗാന്ധി മെട്രോയിലൊക്കെ കയറിയിറങ്ങി ചൗപ്പാട്ടിയിലൊക്കെ പോയി വടപാവും പാനി പൂരിയുമൊക്കെ കഴിച്ച് തിരിച്ചുപോയി. മുംബൈയില്‍ പ്രദര്‍ശിപ്പിക്കുന്നത് അനുവദിക്കാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ ‘മൈ നെയിം ഈസ് ഖാന്‍’ മുംബൈയിലെ പത്തുമുന്നൂറ് തിയേറ്ററുകളില്‍ ഹൗസ് ഫുള്ളായി ഓടി.
അങ്ങനെ തോറ്റുതോറ്റിരിക്കുമ്പോഴാണ് മോദി തരംഗം വരുന്നത്. ഉത്തരേന്ത്യ മുഴുവന്‍ ആഞ്ഞടിച്ച മോദി തരംഗം മഹാരാഷ്ട്രയിലുമെത്തി. ബി.ജെ.പി ഒന്നാം കക്ഷിയായതിനെത്തുടര്‍ന്ന് ശിവസേനയെ ജൂനിയര്‍ പാര്‍ട്ണറാക്കി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ മന്ത്രിസഭ വന്നു. അഞ്ച് വര്‍ഷം കഴിഞ്ഞ്, അടുത്ത തെരഞ്ഞെടുപ്പിലും രണ്ടാം സ്ഥാനം തന്നെ. ഇങ്ങനെ എല്ലാ കാലത്തും രണ്ടാം സ്ഥാനത്ത് ഇരിക്കേണ്ട ആളാണോ ബാല്‍ താക്കറെയുടെ മോന്‍. പാതിരാത്രി സത്യപ്രതിജ്ഞ ചെയ്ത ഫഡ്‌നാവിസിനെ രായ്ക്കുരാമാനം കാലുവാരി, പവാറിനെയും കോണ്‍ഗ്രസിനെയും കൂട്ടി ഉദ്ധവ് മുഖ്യമന്ത്രിയായി. അതാണ് ഉദ്ധവിന്റെ സംക്ഷിപ്ത രാഷ്ട്രീയചരിത്രം.
പിണറായിയുടെതോ?
സാമ്പത്തികമായി ഏറ്റവും പിന്നോക്ക കുടുംബത്തില്‍ ജനിച്ചു, സ്‌കൂളില്‍ പഠിക്കുമ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി. തല തൊട്ടപ്പന്മാരില്ലാതെ പടിപടിയായി സംഘടനയില്‍ ഉയര്‍ന്നുവന്നു. വിദ്യാര്‍ത്ഥി, യുവജന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകനും നേതാവുമായി. ഇ.എം.എസിന്റെയും നായനാരുടെയും എം.വി.ആറിന്റെയും എം.എന്‍. വിജയന്റെയും ശിഷ്യനായി വളര്‍ന്നു. തലശ്ശേരി കലാപത്തില്‍ ആര്‍.എസ്.എസുകാരെ നേരിടാന്‍ തെരുവിലിറങ്ങി.
കെ. സുധാകരനെയും ആര്‍.എസ്.എസിനെയും ഒരുപോലെ നേരിട്ടു. ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നു, എന്ന് വെറുതെ പറയുന്നതല്ല. ബ്രണ്ണനിലെ കാര്യം ഉറപ്പില്ല, പക്ഷെ എണ്‍പതുകളിലും തൊണ്ണൂറുകളിലും കണ്ണൂരില്‍ ഓരോ കോണ്‍ഗ്രസുകാരനും കമ്യൂണിസ്റ്റുകാരനും വടിവാള്‍ തുമ്പില്‍ തന്നെയാണ് ജീവിച്ചത്. മുഴുപ്പിലങ്ങാട്ടോ നടാലോ താഴെ ചൊവ്വയിലോ റെയില്‍വേ ഗേറ്റില്‍ ഒരു സി.പി.ഐ.എം നേതാവ് അഞ്ച് മിനിട്ട് കുടുങ്ങിയാല്‍ കോണ്‍ഗ്രസുകാര്‍ ബോംബെറിയും, തിരിച്ചും. ഒരു ജയരാജന് ഇന്നും കൈക്ക് സ്വാധീനമില്ല, വേറൊരു ജയരാജന്‍ കഴുത്തില്‍ വെടിയുണ്ടയുമായാണ് ജീവിക്കുന്നത്. രക്തം വീണ വഴികളിലാണ് കണ്ണൂരില്‍ പിണറായി വളര്‍ന്നത്.
തളാപ്പിലെ ഡി.സി. ഓഫീസില്‍ നിന്ന് തിരുവനന്തപുരം എ.കെ.ജി സെന്ററിലേക്കുള്ള യാത്രയും അവിടുന്ന് ക്ലിഫ് ഹസ്സിലേക്കുള്ള യാത്രയും ഓരോ ഇഞ്ചും പൊരുതി നേടിയതാണ്. ആദ്യം അതിശക്തരായ ബാലാനന്ദന്‍ ഗ്രൂപ്പിനോട്, പിന്നീട് ജനപ്രിയനായ വി.എസിനോട്, എല്ലായ്‌പ്പോഴും മറുവശം നിന്ന മാധ്യമങ്ങളോട്, പോരാടാതെ ഒരിഞ്ചും നേടിയിട്ടില്ല വിജയന്‍. ഒരാളും ഒന്നും തളികയിലാക്കി കൊടുത്തിട്ടില്ല. ക്ലിഫ് ഹൗസില്‍ ജീവിക്കുമ്പോളും പിണറായിക്ക് വിശ്രമിക്കാനായിട്ടില്ല. രണ്ട് മഹാ പ്രളയങ്ങള്‍, ഒരു മഹാമാരി- പൊരുതി ജീവിക്കുകയാണ് പിണറായി.
ഇക്കൊല്ലം തുടക്കത്തില്‍, ജനുവരി ഒന്നിനാണ് ബുള്ളി ഭായ് എന്ന മൊബൈല്‍/ ഇന്റര്‍നെറ്റ് ആപ്പിനെക്കുറിച്ച് ലോകം അറിയുന്നത്. നൂറിലധികം മുസ്‌ലിം സ്ത്രീകളെ ഇന്റര്‍നെറ്റില്‍ ലേലത്തിന് വെച്ചിരിക്കുന്ന ഒരു ആപ്പ് ആണ് ബുള്ളി ഭായ്. കല, പത്രപ്രവര്‍ത്തനം, രാഷ്ട്രീയം തുടങ്ങിയ മേഖലകളില്‍ അറിയപ്പെടുന്ന സ്ത്രീകളെയാണ് ലേലത്തിന് വെച്ചത്. ഷബാന അസ്മി, സാബ നഖ്വി, അര്‍ഫാ ഖാനും തുടങ്ങി നിരവധി പേരുടെ ചിത്രങ്ങളുണ്ട് ആപ്പില്‍. ഇത് വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റകരമാണെന്ന് അറിയാത്തവരില്ല. സെക്‌സ് സ്ലേവറി (Sex Slavery), ഹ്യൂമന്‍ ട്രാഫിക്കിങ് (Human Trafficking) മുതല്‍ താഴെ സ്റ്റോകിങ് (Stalking), സ്വകാര്യതാ ലംഘനം വരെ നിരവധി വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍.
കുറ്റകൃത്യങ്ങള്‍ക്ക്, പ്രത്യേകിച്ച് ഇന്റര്‍നെറ്റ് കുറ്റകൃത്യങ്ങള്‍ക്ക് ആര് കേസെടുക്കണം എന്ന കാര്യത്തില്‍ സ്റ്റേറ്റ് പൊലീസുകള്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പങ്ങള്‍ നിലവിലുണ്ട്. ഇന്റര്‍നെറ്റ് കുറ്റകൃത്യങ്ങളില്‍ പൊതുവെ നടന്നുവരുന്ന ഒരു കേസെടുക്കല്‍ രീതിയുണ്ട്. ഇര ഏത് സംസ്ഥാനത്താണോ ആ സംസ്ഥാനത്തെ പൊലീസ് കേസെടുക്കും. കുറ്റവാളി ഏത് സംസ്ഥാനത്താണെങ്കിലും അവിടെ പോയി പൊക്കിക്കൊണ്ട് വരും. ഇതാണ് നടപ്പുരീതി. ബുള്ളി ഭായ് ആപ്പില്‍ കേരളത്തിലെ ചുരുങ്ങിയത് മൂന്ന് സ്ത്രീകള്‍ ഇരകളാക്കപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഒരു സ്ത്രീയും. ചുരുങ്ങിയത് എന്ന് പറയാന്‍ കാരണം മുഴുവന്‍ ഇരകളും ഇതുവരെ സ്വയം വെളിപ്പെടുത്തിയിട്ടില്ല.
മഹാരാഷ്ട്രയിലെ ഒരു സ്ത്രീയെ ഇന്റര്‍നെറ്റില്‍ വില്‍പനക്ക് വെച്ചിരിക്കുന്നു, എന്നറിഞ്ഞ മഹാരാഷ്ട്ര പൊലീസ് സ്വമേധയാ കേസെടുത്തു. ഇരക്ക് ഒരു പരാതി കൊടുക്കേണ്ടതായി പോലും വന്നില്ല. കേസ് വളരെ സമര്‍ത്ഥയായ രശ്മി കറണ്ടികര്‍ എന്ന ഓഫീസറെ ഏല്‍പ്പിച്ചു. അവര്‍ ഈ ആപ്പ് പബ്ലിഷ് ചെയ്ത പ്ലാറ്റ്‌ഫോം ആയ ജിറ്റ്ഹബ്, ഈ ആപ്പിന് പ്രൊമോഷന്‍ കൊടുത്ത ട്വിറ്റര്‍ ഹാന്‍ഡിലുകളുടെ ഉടമകളെ തേടി അതാത് കമ്പനികളെ സമീപിച്ചു.
ട്വിറ്ററില്‍ ഒരു സിഖ് പേരായിരുന്നു ഇവര്‍ ഉപയോഗിച്ചിരുന്നത്. മൂന്നോ നാലോ ദിവസം കൊണ്ട് മുംബൈ പൊലീസ് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. വിശാല്‍ കുമാര്‍ ജാ എന്ന 21 വയസുകാരനെ ബാംഗ്ലൂരില്‍ നിന്ന്, സ്വേതാ സിംഗ് എന്ന 18കാരിയെയും മായങ്ക് റാവല്‍ എന്ന 21കാരനെയും ഉത്തരാഖണ്ഡില്‍ നിന്നും. തുടര്‍ന്ന് നീരജ് ബിഷ്ണോയി എന്ന 21കാരനെ അസമില്‍ നിന്ന് ദല്‍ഹി പൊലീസും അറസ്റ്റ് ചെയ്തു.
നീരജ് ബിഷ്ണോയിയെ അറസ്റ്റ് ചെയ്തത് സുള്ളി ഡീല്‍സ് എന്ന ആറു മാസം മുമ്പിറങ്ങിയ ആപ്പിന്റെ പേരിലാണ്. മുംബൈ പൊലീസ് ബുള്ളി ഭായ് ആപ്പുകാരെ പിടിക്കുന്നത് വരെ അനക്കമില്ലാതിരുന്ന അമിത് ഷായുടെ ദല്‍ഹി പൊലീസ് പെട്ടെന്ന് നീരജ് ബിഷ്ണോയിയെ അറസ്റ്റ് ചെയ്തത് ഇനിയും മുകളിലോട്ട് അന്വേഷണം പോകാതിരിക്കാനാണെന്നാണ് മിക്കവരും കരുതുന്നത്. എന്തായാലും നാല് പേര്‍ ഇപ്പോള്‍ ജയിലിലുണ്ട്.
അത്രയും ഉദ്ധവ് താക്കറെ ചെയ്തത്. ഇനി പിണറായി ചെയ്തത് നോക്കാം.
കേരളത്തിലെ മൂന്ന് സ്ത്രീകളെങ്കിലും ഇരകളാക്കപ്പെട്ടിട്ടുണ്ടായിരുന്നു ഈ കുറ്റകൃത്യത്തില്‍. സ്വമേധയാ കേരള പൊലീസ് കേസെടുക്കേണ്ട വിഷയം. അതുണ്ടായില്ല. ആറ് മാസം മുമ്പേ സുള്ളി ഡീല്‍ കേസില്‍ ഇരയായ ഒരു സ്ത്രീ കൊടുത്ത പരാതിയില്‍ ഒരു എഫ്.ഐ.ആര്‍ നിലവിലുണ്ടായിരുന്നു. ആ എഫ്.ഐ.ആറില്‍ ഒരു നടപടിയുമുണ്ടായിട്ടില്ല.
ഇപ്പോഴുള്ള കുറ്റകൃത്യത്തിലും ഒരു നടപടിയും ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഇരകളാക്കപ്പെട്ട സ്ത്രീകള്‍ മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് പരാതി നല്‍കി. ഇങ്ങനെ നല്‍കുന്ന പരാതികള്‍ രണ്ട് രീതിയിലാണ് മന്ത്രിമാരൊക്കെ പൊതുവെ കൈകാര്യം ചെയ്യുക. ഒന്ന്, ശരി നോക്കാം എന്നുപറഞ്ഞു തൊട്ടടുത്ത് നില്‍ക്കുന്ന സഹായിയെ ഏല്‍പിക്കും. അയാളത് ചവറ്റുകൊട്ട എന്ന് വിളിക്കാവുന്ന ഒരു വലിയ ഫയലില്‍ കെട്ടി ഒരു മൂലക്കിടും. രണ്ടാമത്തെ രീതി, ആ പരാതി ഉടനടി അന്വേഷിച്ച് നടപടി എടുക്കാന്‍ ഉത്തരവിടും.
ഈ പരാതിയില്‍ ഒന്നാമത്തെ രീതിയാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നുറപ്പ്. കേരള പൊലീസ് ഒന്നും ചെയ്തില്ല.
എന്തുകൊണ്ടാണ് ഒരു ഇര മാത്രമുള്ള മഹാരാഷ്ട്ര പൊലീസ് ചെയ്ത കാര്യങ്ങളൊന്നും മൂന്ന് ഇരകളുള്ള കേരള പൊലീസ് ചെയ്യാതിരുന്നത്. കേരള പൊലീസിനില്ലാത്ത ഒരു സൗകര്യവും അധികാരവും മഹാരാഷ്ട്ര പൊലീസിനുമില്ല. കേസന്വേഷണത്തിലും കുറ്റവാളികളെ പിടിക്കുന്ന കാര്യത്തിലും മഹാരാഷ്ട്രയേക്കാളും എത്രയോ മുന്നിലാണ് കേരളം. ആകപ്പാടെ ഒരു കാര്യമേ കേരള പൊലീസിന് ഇക്കാര്യത്തില്‍ കുറവുണ്ടായിരുന്നുള്ളു, രാഷ്ട്രീയ ഇച്ഛാശക്തി. കുറ്റവാളികളെ പിടിക്കണമെന്ന ആഗ്രഹം താക്കറെക്കുണ്ടായിരുന്നു, പിണറായിക്കില്ലായിരുന്നു.
താക്കറെ ഈ ഇച്ഛാശക്തി പ്രകടിപ്പിക്കുന്നതും പിണറായി പ്രകടിപ്പിക്കാത്തതും ആദ്യമായല്ല. ഇതിനു മുമ്പ്, മുഹമ്മദ് ഷമിയെ പിന്തുണച്ചതിന്റെ പേരില്‍ വിരാട് കോഹ്ലിയുടെ മകള്‍ക്ക് ബലാത്സംഗ ഭീഷണി അയച്ച രംഗാബേഷ് എന്നൊരു തെലങ്കാനക്കാരനെ മുംബൈ പൊലീസ് ബാംഗ്ലൂരില്‍ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രക്കെതിരെ നിരന്തരം പ്രൊപ്പഗാണ്ട നടത്തിക്കൊണ്ടിരുന്ന അര്‍ണബ് ഗോസ്വാമിയെ രണ്ടാഴ്ചയോളം ജയിലിലിട്ടിട്ടുണ്ട്. സത്യത്തില്‍, തല്ലിക്കൊല്ലല്‍ പരിപാടി സംഘപരിവാര്‍ തുടങ്ങുന്നത് തന്നെ പൂനെയില്‍ മൊഹ്‌സിന് ഷാ എന്ന ഒരു ഐ.ടി തൊഴിലാളിയെ അടിച്ചു കൊന്നുകൊണ്ടാണ്. ആ സാഹചര്യങ്ങളൊക്കെ മാറിയിട്ടുണ്ട്. ഇന്ന് മഹാരാഷ്ട്ര ഏറ്റവും ഹേറ്റ് ക്രൈംസ് (Hate Crimes) കുറഞ്ഞ സ്ഥലമാണ്, ന്യൂനപക്ഷങ്ങള്‍ ഏറ്റവും സുരക്ഷിതത്വം അനുഭവിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നുമാണ്.
പിണറായി വിജയന്‍ നേരെ വിപരീത ദിശയിലാണ്. തോക്കുള്‍പ്പെടെയുള്ള ആയുധങ്ങളുമായി നില്‍ക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത പ്രതീഷ് വിശ്വനാഥന്റെ പേരില്‍ ഇതുവരെ കേസെടുത്തതായി അറിവില്ല. സുള്ളി ഡീല്‍ ആപ്പ് കേസില്‍ ഇര പരാതി നല്‍കിയിട്ടും നടപടി ഒന്നുമുണ്ടായില്ല, ഇപ്പോള്‍ ബുള്ളി ആപ്പ് കേസിലും മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയിട്ടും പൊലീസ് ചെറുവിരലനക്കിയില്ല.
കേരളീയരായ കന്യാസ്ത്രീകളെ ഉത്തരേന്ത്യയിലെ സംഘപരിവാറുകാര്‍ ട്രെയിനില്‍ വെച്ച് ആക്രമിച്ചിട്ടും കേരളം കേസെടുക്കാന്‍ തയ്യാറായില്ല. കലാപാഹ്വാനങ്ങളും വംശശുദ്ധീകരണത്തിനുള്ള ആഹ്വാനങ്ങളും കൊണ്ട് നിറയുകയാണ് മലയാളം സോഷ്യല്‍ മീഡിയയും യൂട്യൂബ് ചാനലുകളും. ഉത്തരേന്ത്യന്‍ ചാനലുകളില്‍ കേരളവിരുദ്ധ പ്രൊപ്പഗാണ്ട നിറയുകയാണ്. ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയാണിപ്പോള്‍ മലയാളികള്‍. അതേസമയം ഒരു മഹാരാഷ്ട്രക്കാരനെ തൊടാന്‍ ഇനി ആരും ധൈര്യപ്പെടില്ല.
താക്കറെയുടെ ആവേശത്തിനും പിണറായിയുടെ ആവേശമില്ലായ്മക്കും പിന്നിലുള്ള കാരണങ്ങളെ പറ്റി പല തിയറികളും വരുന്നുണ്ട്.
താക്കറെക്ക് രണ്ടാം സ്ഥാനക്കാരനായിരിക്കാന്‍ വയ്യ. സംഘപരിവാറിനോട് മൃദുസമീപനം കാണിച്ച്, ബി.ജെ.പിയുടെ ബി ടീമായിട്ട് ഒന്നും നേടാനില്ല. അങ്ങനെ കുറേക്കാലം ഇരുന്നതാണ്, ഏറിയാല്‍ ഒരു കേന്ദ്രമന്ത്രി, അതില്‍ കൂടുതല്‍ ഒന്നുമില്ല. പത്തോ പതിനഞ്ചോ കൊല്ലം കഴിയുമ്പോള്‍ കേന്ദ്രഭരണം ഏതായാലും മാറും. കോണ്‍ഗ്രസ് ദുര്‍ബലമായതു കൊണ്ട് പ്രാദേശിക കക്ഷികളുടെ ഒരു മുന്നണി ഉണ്ടാകും. ബി.ജെ.പി ബി ടീമിലുള്ള ഒരാള്‍ക്ക് അത്തരം ഒരു മുന്നണിയുടെ നേതാവാകാന്‍ കഴിയില്ല. പ്രായം താക്കറെയുടെ പക്ഷത്താണ്. പ്രധാനമന്ത്രി സ്ഥാനത്താണ് താക്കറെയുടെ കണ്ണ്.
രണ്ടാമത്തെ തിയറി. താക്കറെക്കറിയാം ഗുണ്ടാ രാഷ്ട്രീയത്തിന്റെ ശക്തിയും ദൗര്‍ബല്യവും. സാധാരണ രീതിയില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടാക്കാനിടയില്ലാത്ത സൈക്കോപാത്തുകള്‍ രാഷ്ട്രീയ സംരക്ഷണം കിട്ടിയാല്‍ റോഡിലിറങ്ങും. ഇവരെ കുറേ ഉപയോഗിച്ചതാണ് അച്ഛന്‍ താക്കറെ. എലികളെ കണ്ട് തുടങ്ങുമ്പോള്‍ തന്നെ കെണിവെച്ച് പിടിച്ചില്ലെങ്കില്‍ വീട് മുഴുവന്‍ എലികളായിരിക്കും. കണ്ടാല്‍ ചെറുതാണെങ്കിലും, എലികള്‍ വീടിന്റെ തറയും തൂണുമൊക്കെ കരണ്ട് തീര്‍ക്കും.
ഇന്റര്‍നെറ്റില്‍ വിദ്വേഷ പോസ്റ്റുകള്‍ വായിച്ചും വീഡിയോകള്‍ കണ്ടും റാഡിക്കലൈസ് ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്ന ചെറുപ്പക്കാരാണ് ഇന്ത്യന്‍ നഗരങ്ങളില്‍ മുഴുവന്‍. സര്‍ക്കാര്‍ സംരക്ഷണം ഉണ്ടെന്ന് തോന്നിയാല്‍ ഈ സോഷ്യോപാത്തുകളുടെ വിധം മാറും. ഒരു ഘട്ടം കഴിഞ്ഞാല്‍ ഇവരെ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് താക്കെറെക്ക് അറിയാം. രാജ്യത്തിന്റെ അടിത്തറ അവര്‍ തുരന്നുതീര്‍ക്കും. രാജ്യം നിലംപൊത്തും.
പിണറായി വിജയനെക്കുറിച്ചുള്ള തിയറികളില്‍ പ്രധാനം ലാവ്ലിന്‍ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി കേന്ദ്രവുമായി ഒത്തുതീര്‍പ്പുണ്ടാക്കുന്നു എന്നാണ്. അതില്‍ വലിയ കാര്യമില്ല. ഒരൊത്തുതീര്‍പ്പുമില്ലെങ്കിലും പരമാവധി ഒരു പുനരന്വേഷണത്തിനുള്ള വിധിയേ കോടതിയില്‍ നിന്നും പ്രതീക്ഷിക്കേണ്ട കാര്യമുള്ളൂ. അത് ഇനിയും ഒരു പത്തിരുപത് കൊല്ലം നീളും.
അടുത്തത്, കേരളത്തിലെ വികസനത്തിന് കേന്ദ്രഫണ്ടും പിന്തുണയും കിട്ടാന്‍ വേണ്ടിയാണ് എന്നതാണ്. വികസനം എന്നാല്‍ റോഡോ റെയിലോ ആണല്ലോ. പണ്ടത്തെപ്പോലെയല്ല ഇപ്പോഴത്തെ റോഡ് നിര്‍മാണം. മുഴുവന്‍ ബി.ഒ.ടി അടിസ്ഥാനത്തിലാണ്. റോഡ് നിര്‍മിക്കാന്‍ ചിലവാക്കിയ പണം ടോള്‍ ബൂത്തിലൂടെ മുപ്പതോ നാല്പതോ കൊല്ലം ആവുമ്പോഴേയ്ക്കും തിരിച്ചുകിട്ടും. ഈ ലാഭകരമായ ഏര്‍പ്പാടിന് പണം മുടക്കാന്‍ നൂറാളുകള്‍ വരും, സ്ഥലം ഏറ്റെടുത്ത് കൊടുത്താല്‍ മതി. പ്രത്യേകിച്ച്, പണം ഇഷ്ടം പോലെയുള്ള ജപ്പാനും ജര്‍മനിയുമൊക്കെ. അതൊന്നുമല്ല കാര്യം.
കാര്യം പിണറായി തന്നെ പറഞ്ഞിട്ടുണ്ട്. ആര്‍.എസ്.എസിന് വളംവെച്ച് കൊടുക്കരുത് എന്നതാണ് ഇക്കാര്യങ്ങളില്‍ പിണറായിയുടെ പോളിസി. അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ചിന്തിച്ചാല്‍, തോക്കും വാളുമൊക്കെ പ്രദര്‍ശിപ്പിച്ച് കലാപാഹ്വാനം നടത്തി ഫേസ്ബുക് പോസ്റ്റിടുന്ന ഒരാളെ അറസ്റ്റ് ചെയ്താല്‍, അല്ലെങ്കില്‍ ബുള്ളി ആപ്പിന്റെ പേരില്‍ അസമിലോ ജാര്‍ഖണ്ഡിലോ പോയി ഒരു സൈകോപാത്തിനെ അറസ്റ്റ് ചെയ്താല്‍ അത് സംഘപരിവാര്‍ മുതലെടുക്കും. അവര്‍ അത് വളമായെടുത്ത് വളരും. ഇതാണ് പിണറായിയുടെ പേടി.
ഒന്നാമതായി, സംഘപരിവാറിന് ഇനി പ്രത്യേകിച്ച് വളമൊന്നും വേണ്ട. വളര്‍ന്ന്‌വളര്‍ന്ന് ഇന്ത്യ മുഴുവന്‍ മൂടുന്ന വിഷ വൃക്ഷമായിട്ടുണ്ട് അവര്‍ ഇപ്പോള്‍ തന്നെ. ഇനി അത് ക്ഷയിച്ചു വീഴാനേയുള്ളൂ. ആ വീഴ്ച കഴിയുമ്പോള്‍ ആരൊക്കെ ബാക്കിയുണ്ടാകും എന്നേ ചിന്തിക്കാനുള്ളു.
ഏതൊരു പ്രസ്ഥാനത്തെയും പോലെ സംഘപരിവാറിനും പല അടരുകളുണ്ട്. ഏറ്റവും മുകളിലിരുന്ന് നിയന്ത്രിക്കുന്നവര്‍ മുതല്‍ താഴെ തെരുവില്‍ കലാപമുണ്ടാക്കുന്നവര്‍ വരെ. അതിനിടയില്‍ നിന്ന് പണവും അധികാരവും ഉണ്ടാക്കുന്നവരുമുണ്ട്. ഇവരിലൊക്കെ ഏറ്റവും താഴെ, നേരത്തെ പറഞ്ഞപോലെ, എലികളെ പോലെ കരുതേണ്ട ഒരു വിഭാഗമുണ്ട്.
മനസ് മുഴുവന്‍ നിരാശയും ചിന്തയില്‍ മുഴുവന്‍ വിദ്വേഷവുമായി ജീവിക്കുന്നവര്‍. സോഷ്യല്‍ മീഡിയയില്‍ ഇരുപത്തിനാല് മണിക്കൂറും അന്യ വിദ്വേഷം പ്രകടിപ്പിക്കുക, സ്ത്രീകളെ അധിക്ഷേപിക്കുക, അവരെ ലേലത്തിന് വെക്കാന്‍ ആപ്പ് ഉണ്ടാക്കുക തുടങ്ങിയവയൊക്കെ ചെയ്യുന്നവരില്‍ നല്ലൊരു ഭാഗം ഇവരാണ്. ഹോബികളില്ല, വായനയില്ല, പ്രണയമില്ല, സുഹൃത്തുക്കളില്ല. സാമൂഹ്യ ശാസ്ത്രജ്ഞന്മാര്‍ ‘സോഷ്യോപാത്തുകള്‍’ എന്ന് വിളിക്കുന്ന വിഭാഗം.
അടിസ്ഥാനപരമായി ഭീരുക്കളാണിവര്‍. ആള്‍ക്കൂട്ടത്തിന്റെയോ സര്‍ക്കാരിന്റെയോ സംരക്ഷണം ഇല്ലെങ്കില്‍ സാധാരണ നിലയില്‍ ഇവര്‍ തല വെളിയില്‍ കാണിക്കില്ല. എന്തെങ്കിലും കുത്തിത്തിരിപ്പും അക്രമവും കലാപവുമൊക്കെ ഉണ്ടായാല്‍ ഇവര്‍ക്ക് വലിയ സന്തോഷമാണ്. എന്നാല്‍ ചെറിയ ഒരു തിരിച്ചടി പോലും താങ്ങാനുള്ള കഴിവ് ഉണ്ടാകില്ല.
ബുള്ളി ഡീലിന് പിറകിലെ മൂന്ന് പേരെ പിടിച്ചാല്‍ മതി മൂവായിരം പേര്‍ അടങ്ങിയിരുന്നോളും. ജയിലോ മരണമോ ഒക്കെ വരിക്കാന്‍ സ്വാതന്ത്ര്യസമര പോരാളികളോ കമ്മ്യൂണിസ്റ്റുകാരോ ഒന്നുമല്ല ഇവര്‍. പ്രത്യേകിച്ച് ആദര്‍ശവും ലക്ഷ്യവും ഒന്നുമില്ല. അപര വിദ്വേഷം, പരദൂഷണം, കുത്തിത്തിരിപ്പ് ഇതൊക്കെയാണ് അവരുടെ സന്തോഷങ്ങള്‍. ഇവരെയൊക്കെ തൂക്കിയെടുത്ത് ജയിലിലിട്ടാല്‍ സംഘപരിവാര്‍ വളരില്ലെന്ന് മാത്രമല്ല, തളരുകയും ചെയ്യും.
തൊണ്ണൂറ്റിയാറില്‍ പ്രാദേശിക പാര്‍ട്ടികളെല്ലാം ചേര്‍ന്ന് ഒരു സര്‍ക്കാരുണ്ടാക്കാന്‍ നോക്കിയപ്പോള്‍ എല്ലാവര്‍ക്കും സമ്മതമായ ഒരു പേരേ ഉണ്ടായിരുന്നുള്ളൂ, ജ്യോതി ബസു. പാര്‍ട്ടി ചെറുതായാലും ദിശാബോധമുള്ള പാര്‍ട്ടികള്‍ക്ക് എവിടെയും വിലയുണ്ട്. ഭരണമില്ലാത്തപ്പോള്‍ നടത്തുന്ന പ്രസ്താവനകളുടെ പേരിലല്ല, ഭരണമുള്ളപ്പോള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ജനാധിപത്യത്തില്‍ പാര്‍ട്ടികളുടെ ദിശാബോധം തീരുമാനിക്കപ്പെടുന്നത്. കോണ്‍ഗ്രസും ബി.ജെ.പിയുമൊക്കെ കാലം കൊണ്ട് ചെറുതാകും. പ്രാദേശിക പാര്‍ട്ടികളുടെ പലവിധ കോണ്‍ഫഡറേഷനുകളാണ് ഭാവിയില്‍ ഇന്ത്യ ഭരിക്കുക. അത്തരം ഒരു സംവിധാനത്തില്‍ താക്കറെയുടെ പിറകിലായിരിക്കുമോ സി.പി.ഐ.എമ്മിന്റെ സ്ഥാനം? പാര്‍ട്ടി സമ്മേളനങ്ങള്‍ ചര്‍ച്ച ചെയ്യട്ടെ.
ഫാറൂഖിന്റെ മറ്റ് ലേഖനങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Farooq writes about the difference between Kerala and Maharashtra police in the cases of Sulli Deals, Bulli Bai apps