മലയാളികള്‍ക്ക് പട്ടം പറത്തുന്ന ഹോബി ഇല്ലാത്തത് കൊണ്ട് പട്ടം പറത്തി നോക്കുക എന്ന പ്രയോഗം കേരളത്തില്‍ കാര്യമായി ഉപയോഗിക്കാറില്ല. കാറ്റിന്റെ ദിശ അറിയാന്‍ പട്ടം പറത്തുന്നതിനേക്കാളും നല്ല മാര്‍ഗമില്ല, തോണി വെള്ളത്തിലിറക്കുന്നതിന് മുമ്പ് പട്ടം പറത്തി നോക്കുന്ന പതിവ് പണ്ട് പലയിടത്തുമുണ്ടായിരുന്നു.
ആര്‍.എസ്.എസുകാര്‍ക്ക് നാട്ടുകാരോട് നേരിട്ട് പറയാന്‍ കഴിയുന്ന ഒരു കാര്യമല്ല ലീഗുമായി ബന്ധമുണ്ടാക്കാന്‍ താല്‍പര്യമുണ്ട് എന്നത്, അത് കൊണ്ടാണ് ടി.ജി. മോഹന്‍ദാസിനെ ഒരു പട്ടമാക്കി ആകാശത്തേക്ക് പറത്തി വിട്ടത്. കാറ്റെങ്ങോട്ടാണെന്ന് അറിയാല്ലോ.
കാറ്റിന്റെ ഗതി തികച്ചും അനുകൂലമാണെന്ന് ബി.ജെ.പി- സംഘപരിവാര്‍ പ്രവര്‍ത്തകരോട് സംസാരിച്ചാലോ അവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ശ്രദ്ധിച്ചാലോ മനസ്സിലാകും. പേരിനുവേണ്ടി ചില നിഷേധങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ മിക്ക ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും ലീഗ് ബന്ധത്തില്‍ കാര്യമായ താല്‍പര്യമുണ്ട്, എന്ന് മാത്രമല്ല, അതല്ലാതെ വേറൊരു വഴി മുന്നോട്ടില്ല എന്ന അഭിപ്രായവുമുണ്ട്.
ബി.ജെ.പിക്ക് കേരളത്തില്‍ അധികാരത്തില്‍ വരാന്‍ ഒരേയൊരു മാര്‍ഗമേയുള്ളൂ എന്നും അത് ലീഗുമായുള്ള ബന്ധമാണെന്നും കേരളത്തിന്റെ പൊളിറ്റിക്‌സും ഡെമോഗ്രഫിയും നിരീക്ഷിക്കുന്ന പലരും ഇതിനു മുമ്പും പറഞ്ഞിട്ടുണ്ട്, ഈ കോളം അടക്കം. പക്ഷെ ആര്‍.എസ്.എസ് ഒരു പ്രൊപ്പോസല്‍ വെക്കുന്നത് ആദ്യമായിട്ടാണ്.
ലീഗിന് കേരളത്തില്‍ അധികാര പങ്കാളിത്തം കിട്ടാന്‍ ചുരുങ്ങിയത് മൂന്ന് മാര്‍ഗങ്ങളെങ്കിലുമുണ്ട്. ഇപ്പോഴുള്ളത് പോലെ യു.ഡി.എഫ് അധികാരത്തിലെത്താന്‍ കാത്തിരിക്കാം, എല്‍.ഡി.എഫിലേക്ക് ചാടാം. രണ്ടുമല്ലെങ്കില്‍ പാര്‍ട്ടി പിളര്‍ത്തി രണ്ടു മുന്നണിയിലും ഓരോ കഷ്ണങ്ങള്‍ സ്ഥാപിച്ച് എല്ലാ കാലവും അധികാരത്തിലിരിക്കാം, പ്രാദേശിക നേതാക്കന്മാരെ തരംപോലെ അങ്ങോട്ടുമിങ്ങോട്ടും മാറിക്കളിക്കാന്‍ അനുവദിക്കുകയും ചെയ്യാം.
കേരള കോണ്‍ഗ്രസുകാര്‍ എത്രയോ കാലമായി പരീക്ഷിച്ച് വിജയിച്ച രീതിയാണത്. ഇത്രയൊക്കെ ഓപ്ഷനുകള്‍ ഉള്ളതുകൊണ്ടാണ് ലീഗുകാര്‍ക്ക് ബി.ജെ.പിയില്‍ കാര്യമായ ഉത്സാഹമില്ലാത്തത്. എങ്കിലും പേരിനല്ലാതെ കാര്യമായ നിഷേധം ലീഗുകാരും നടത്തിയിട്ടുമില്ല. കാശും അധികാരവുമൊക്കെയുള്ള ആള്‍ പിറകെ നടക്കുമ്പോള്‍ ചാടിക്കയറി വേണ്ട എന്ന് പറയേണ്ട കാര്യമെന്ത്, അതാണ് അവരുടെ ലൈന്‍.
എന്ത് കൊണ്ടാവും ആര്‍.എസ്.എസിന് ഇപ്പോള്‍ ലീഗ് ബാന്ധവം വേണമെന്ന് തോന്നുന്നത്?
ബി.ജെ.പിയുടെ താഴേത്തട്ടിലുള്ള പ്രവര്‍ത്തകരെ ഏറ്റവും അടുത്തറിയാവുന്നത് ആര്‍.എസ്.എസിനാണ്. നല്ലൊരു ശതമാനം ബി.ജെ.പി പ്രവര്‍ത്തകരും ആര്‍.എസ്.എസ് ശാഖയില്‍ പോകുന്നവരാണ്, അല്ലാത്തവരെ നിയന്ത്രിക്കുന്ന ജോലിയും കാലങ്ങളായി ആര്‍.എസ്.എസ് ആണ് ചെയ്യുന്നത്. ഈയടുത്തായി ബി.ജെ.പി പ്രവര്‍ത്തകരുടെ ഇടയില്‍ വലിയ അസംതൃപ്തി ആര്‍.എസ്.എസ് കാണുന്നുണ്ട്. നേതാക്കളും പ്രവര്‍ത്തകരും പരസ്പരം വാളെടുക്കുന്ന അവസ്ഥയിലാണ്. പരിപാടികള്‍ക്കൊന്നും ആളെ കിട്ടുന്നില്ല. പ്രവര്‍ത്തകര്‍ കേരളത്തിലെ ബി.ജെ.പിയെ ഇപ്പോള്‍ വിളിക്കുന്നത് കെ.ജെ.പി എന്നാണ്. നേതാക്കള്‍ പ്രവര്‍ത്തകരെ കാണുന്നത് തന്നെ പേടിച്ചു പേടിച്ചാണ്. അതിന്റെ കാരണങ്ങളാണ് ആദ്യം പരിശോധിക്കേണ്ടത്.
രാഷ്ട്രീയ പ്രവര്‍ത്തനം രണ്ട് തരത്തിലാണ്, ആദര്‍ശ രാഷ്ട്രീയവും അധികാര രാഷ്ട്രീയവും. മിക്ക രാഷ്ട്രീയ പാര്‍ട്ടികളും കുറേകാലം ആദര്‍ശ രാഷ്ട്രീയം പയറ്റിയിട്ടാണ് അധികാരത്തിലെത്തുന്നത്. സി.പി.ഐ.എമ്മും കോണ്‍ഗ്രസും ബി.ജെ.പിയും ഒക്കെ ഓരോരോ ആദര്‍ശങ്ങളില്‍ കെട്ടിപ്പടുത്തതാണ്. പതിറ്റാണ്ടുകളോളം പോരാടിയിട്ടാണ് അധികാരത്തിലെത്തുക. അധികാരത്തിലെത്തിയാല്‍ പിന്നെ അധികാര രാഷ്ട്രീയമേ നടക്കൂ, ആദര്‍ശ രാഷ്ട്രീയത്തിലേക്ക് തിരിച്ചു പോവാന്‍ കഴിയില്ല.
പ്രവര്‍ത്തകരും അതേപോലെ തന്നെ, തുടക്കത്തില്‍ ആദര്‍ശത്തില്‍ ആകൃഷ്ടരായിട്ടാണ് പാര്‍ട്ടിയിലേക്ക് വരിക. പിന്നീട് പ്രവര്‍ത്തകരാകും, അതിനിടയില്‍ കുറേപേര്‍ കൊഴിഞ്ഞു പോകുകയോ അനുഭാവികളാവുകയോ ചെയ്യും. പ്രവര്‍ത്തകരാണ് പ്രാദേശിക നേതാക്കളാകുന്നത്, അവര്‍ അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാകും. അധികാരം, പണം, സമൂഹത്തില്‍ ലഭിക്കുന്ന പരിഗണന ഒക്കെയാണ് അധികാര രാഷ്ട്രീയത്തില്‍ ആളുകളെ പിടിച്ചുനിര്‍ത്തുന്നത്. അങ്ങനെയല്ലാത്ത അപൂര്‍വം പേരില്ലെന്നല്ല.
താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് അധികാരവും പണവും പരിഗണനയും കിട്ടാന്‍ നമ്മുടെ സിസ്റ്റം ഒരുപാട് ചാനലുകള്‍ തുറന്നുവെച്ചിട്ടുണ്ട്. വാര്‍ഡ് മെമ്പര്‍, പഞ്ചായത്ത്, ബ്ലോക്ക്, പൊലീസ് സ്റ്റേഷന്‍ ഭരണം, താല്‍ക്കാലിക ജോലികള്‍ക്കുള്ള ശിപാര്‍ശ, വീടിനും കക്കൂസിനുമൊക്കെയുള്ള സഹായം ശരിയാക്കല്‍, വൈദ്യസഹായം തുടങ്ങിയവ. ഈ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചിട്ടാണ് മുകളിലേക്ക് പോകുന്നതും എം.എല്‍.എ, മന്ത്രി, ബോര്‍ഡ് ചെയര്‍മാന്‍ ഒക്കെ ആകുന്നതും.
ഈ ഘട്ടങ്ങളിലൊക്കെ അഴിമതിക്ക് സ്‌കോപ് ഉള്ളതുകൊണ്ട് കാര്യങ്ങള്‍ നടന്നു പോകുകയും ചിലര്‍ പണക്കാരാകുകയും ചെയ്യും. ഈ സിസ്റ്റം അതേപോലെ നിന്നാലേ അധികാര രാഷ്ട്രീയത്തിന് നിലനില്‍പുള്ളൂ. ആദര്‍ശ രാഷ്ട്രീയത്തിന് ആ പ്രശ്‌നമില്ല, അതില്‍ എല്ലാവരും ത്യാഗസന്നദ്ധരാണ്. നേതാക്കള്‍ പ്രവര്‍ത്തകരുടെ വീട്ടില്‍ കിടന്നുറങ്ങും, എല്ലാവരും ഒന്നിച്ച് ബസ്സിലോ സൈക്കിളിലോ യാത്ര ചെയ്യും, രാത്രി പോസ്റ്ററൊട്ടിക്കാന്‍ പോകും. ഭാവിയെക്കുറിച്ചുള്ള സ്വപ്നം മാത്രമാണ് ആദര്‍ശ രാഷ്ട്രീയത്തിന്റെ ഊര്‍ജം.
ബി.ജെ.പി അടുത്തകാലം വരെ ആദര്‍ശ പാര്‍ട്ടിയായിരുന്നു. എന്നോ വരാനുള്ള അധികാരത്തിനു വേണ്ടി നേതാക്കളും അണികളും ഒന്നിച്ചു പ്രവര്‍ത്തിച്ചു. വളരെ ചുരുക്കം നേതാക്കന്മാര്‍ വോട്ട് കച്ചവടം നടത്തി പണമുണ്ടാക്കാറുണ്ടായിരുന്നു എന്നതൊഴിച്ചാല്‍ കാര്യമായ അധികാരമോ പണമോ സ്വാധീനമോ ഇല്ലാതെയായിരുന്നു മിക്ക നേതാക്കളും പ്രവര്‍ത്തകരും ജീവിച്ചത്. കര്‍ണാടകയില്‍ റെഡ്ഡി സഹോദരന്മാര്‍ക്ക് തോന്നിയ പോലെ ഖനനം നടത്താന്‍ യെഡിയൂരപ്പ അനുവാദം നല്‍കുകയും പകരം ബി.ജെ.പിയിലേക്ക് അവര്‍ വെള്ളം പോലെ പണം ഒഴുക്കാന്‍ തുടങ്ങുകയും ചെയ്തതോടെയാണ് കേരളത്തിലെ ബി.ജെ.പി നേതാക്കളുടെ ജാതകം മാറിയത്.
മിക്കവരും കരുതുന്നത് കേരളത്തിലേക്ക് പണം ഒഴുക്കിത്തുടങ്ങിയത് അമിത് ഷാ ആണെന്നാണ്, അതല്ല സത്യം. അമിത് ഷാ വരുന്നതിന് മുമ്പേ കര്‍ണാടകയില്‍ നിന്ന് പണമൊഴുക്ക് തുടങ്ങിയിട്ടുണ്ട്.
2014ന് ശേഷം അമിത് ഷായും അദാനിയും വന്നു, പണമൊഴുക്ക് കൂടി, കൂടെ അധികാരവും സ്വാധീനവും. മെഡിക്കല്‍ കോളേജ് കോഴ വിവാദം എല്ലാവരും ഓര്‍ക്കുന്നുണ്ടാകും, അതൊരു ഉദാഹരണം മാത്രം. കേന്ദ്രത്തില്‍ നിന്ന് എന്ത് പെര്‍മിറ്റ് വേണമെങ്കിലും ബി.ജെ.പി സംസ്ഥാന നേതാക്കളുടെ ഏജന്റുമാരെ സമീപിച്ചാല്‍ മതി എന്നായി. പെര്‍മിറ്റുകള്‍ മാത്രമല്ല, ഇന്‍കം ടാക്‌സ് വെട്ടിപ്പ്, കള്ളപ്പണ ഇടപാടുകളിലൊക്കെ ബി.ജെ.പി നേതാക്കള്‍ക്ക് ഷെയര്‍ ആയി. സ്വാധീനവും അംഗീകാരവുമൊക്കെ കൂടി.
ബെന്‍സ് ഇല്ലെങ്കില്‍ ഇന്നോവയെങ്കിലും ഇല്ലാത്ത നേതാക്കളില്ലാതായി, മക്കളുടെ പഠനം വിദേശങ്ങളിലേക്ക് മാറി, ബന്ധുക്കള്‍ ദുബായില്‍ ഫ്‌ളാറ്റ് വാങ്ങി, കല്യാണങ്ങള്‍ക്ക് യൂസഫലിയും മമ്മൂട്ടിയുമൊക്കെ അതിഥികളായെത്തി. ലീക് ചെയ്യപ്പെടുന്ന ബി.ജെ.പിക്കാരുടെ ഫോണ്‍ കോളുകളില്‍ പത്ത് എന്ന് പറഞ്ഞാല്‍ പത്ത് ലക്ഷവും രണ്ട് എന്ന് പറഞ്ഞാല്‍ രണ്ടു കോടിയും ആണെന്ന് മനസ്സിലാക്കേണ്ട ഗതികേടായി നാട്ടുകാര്‍ക്ക്.
മൂക്കാതെ പഴുത്തതാണ് ബി.ജെ.പിയുടെ പ്രശ്‌നം എന്നാണ് ഒരു ആര്‍.എസ്.എസ് നേതാവ് പറഞ്ഞത്. പണവും അധികാരവും വന്നാല്‍ പാര്‍ട്ടികള്‍ മെച്ചപ്പെടുകയേ ഉള്ളൂ. അഴിമതി നടത്തുകയും കള്ളപ്പണം കൈകാര്യം ചെയ്യുകയും ചെയ്യുന്ന ആദ്യത്തെ പാര്‍ട്ടിയല്ല ബി.ജെ.പി. പക്ഷെ പണവും അധികാരവും പങ്കുവെക്കുന്നതില്‍ ദയനീയ പരാജയമായി ബി.ജെ.പി മാറി.
പതിറ്റാണ്ടുകളുടെ പരിചയം കൊണ്ട് കോണ്‍ഗ്രസും സി.പി.ഐ.എമ്മുമൊക്കെ ആര്‍ജിച്ചെടുത്ത ഒരു പങ്കുവെക്കല്‍ മെക്കാനിസമുണ്ട്. ഏറ്റവും പണവും അധികാരവും സംസ്ഥാന നേതാക്കള്‍ക്ക്. അതില്‍ കുറവ് അധികാരവും പണവും ജില്ലാ തലത്തില്‍, പിന്നെ താലൂക്ക്, അതുകഴിഞ്ഞ് പഞ്ചായത്ത്, പിന്നെ വാര്‍ഡ്. എല്ലാവര്‍ക്കും എന്തെങ്കിലും ഉണ്ടാകും എന്നത് മാത്രമല്ല ഇതിന്റെ ആകര്‍ഷണം, എല്ലാവര്‍ക്കും തൊട്ടുമുകളിലെത്തണമെന്ന ആഗ്രഹവും ഉണ്ടാകും, തമ്മില്‍തമ്മില്‍ ശത്രുതയോ അസൂയയോ ഉണ്ടാകില്ല.
ഒരു പിരമിഡ് പോലെ പാര്‍ട്ടിയില്‍ എല്ലാവരും പ്രവര്‍ത്തിക്കും. ഈ പിരമിഡിന്റെ ഏറ്റവും മുകളില്‍ മാത്രം അധികാരവും പണവുമെല്ലാം കേന്ദ്രീകരിച്ചു എന്നതും ആ ഭാരം കൊണ്ട് പിരമിഡിന്റെ താഴ്ഭാഗം മണല്‍പോലെ പരന്നില്ലാതാകുന്നതുമാണ് ബി.ജെ.പി കേരള ഘടകത്തിന്റെ പ്രശ്നം.
ഈ പിരമിഡ് എങ്ങനെ ഉറപ്പിക്കും എന്നതാണ് ബി.ജെ.പിയുടെ കസ്റ്റോഡിയന്‍ ആയ ആര്‍.എസ്.എസിന്റെ പ്രശ്‌നം. അധികാര രാഷ്ട്രീയത്തില്‍ നിന്ന് ആദര്‍ശ രാഷ്ട്രീയത്തിലേക്ക് ഒരു തിരിച്ചുപോക്കില്ല എന്ന് ആദ്യമേ പറഞ്ഞല്ലോ. പിന്നെ ഒരു മാര്‍ഗമേ ഉള്ളു, പിരമിഡിന്റെ എല്ലാ നിലയിലുമുള്ള എല്ലാവര്‍ക്കും എന്തെങ്കിലുമൊക്കെ കിട്ടുന്നുണ്ട് എന്നുറപ്പ് വരുത്തുക. കേന്ദ്രത്തിലെ അധികാരം കൊണ്ട് ഏറ്റവും മുകള്‍തട്ടിലെ നേതാക്കള്‍ക്കെ കാര്യമുള്ളൂ. സ്വച്ഛ ഭാരതത്തിന്റെ ഫണ്ട് ഉപയോഗിച്ചുണ്ടാക്കുന്ന കക്കൂസിന് വേണ്ടിയുള്ള ശിപാര്‍ശക്ക് പോലും ആളുകള്‍ കോണ്‍ഗ്രസുകാരോ സി.പി.ഐഎമ്മുകാരോ ആയ മെമ്പറുടെ അടുത്താണ് പോകുന്നത്.
പൊലീസ് സ്റ്റേഷന്‍ മുതല്‍ കല്യാണ വീടുകള്‍ വരെ ഒരു സ്ഥലത്തും ബി.ജെ.പി പ്രാദേശിക നേതാക്കള്‍ക്ക് വിലയില്ല, എന്നാലോ പെട്രോള്‍, ഗ്യാസ് മുതല്‍ തക്കാളി വരെ എന്തിന് വില കൂടിയാലും നാട്ടുകാര്‍ ബി.ജെ.പിക്കാരെ ചീത്തവിളിക്കും. ജി.എസ്.ടിയൊക്കെ പാവപ്പെട്ട ബി.ജെ.പിക്കാര്‍ വീട്ടില്‍ കൊണ്ടുപോകുന്നത് പോലെയാണ് നാട്ടുകാരുടെ സംസാരം.
അധികാരമില്ലാത്ത ബി.ജെ.പിയില്‍ ഇനി പ്രാദേശിക നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നിലനില്പില്ല. സംസ്ഥാനം ഭരിച്ചില്ലെങ്കിലും കുറച്ചു എം.എല്‍.എമാര്‍ വേണം, കുറെ വാര്‍ഡ് മെമ്പര്‍മാരും പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കയ്യില്‍ വേണം, പൊലീസ് സ്റ്റേഷനുകളില്‍ കയറി ചെല്ലാന്‍ കഴിയണം, കല്യാണ വീടുകളില്‍ ചെന്നാല്‍ നാലാള്‍ എഴുന്നേറ്റ് നില്‍ക്കണം. ബെന്‍സ് വാങ്ങിച്ചില്ലെങ്കിലും ഒരു സ്വിഫ്‌റ്റെങ്കിലും വാങ്ങാന്‍ ജില്ലാ നേതാവിന് കഴിയണം, ലോക്കല്‍ നേതാവിന് ഒരു മോട്ടോര്‍ സൈക്കിളെങ്കിലും വേണം. തെരഞ്ഞെടുപ്പ് വരുമ്പോള്‍ മുകളില്‍ നിന്ന് താഴോട്ട് വരുന്ന അന്‍പതിനായിരമോ ലക്ഷമോ നോക്കിയിരുന്ന് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ കഴിയില്ല. ഇപ്പോഴത്തെ അവസ്ഥയില്‍ ബി.ജെ.പിയുടെ പരമാവധി പ്രതീക്ഷ സുരേഷ് ഗോപി തൃശൂരില്‍ വിജയിച്ച് എം.എല്‍.എ ആകുന്നതാണ്.
അവിടെയാണ് ബി.ജെ.പി അണികള്‍ക്ക് ലീഗിനെ വേണ്ടത്. ബി.ജെ.പി നേതാക്കള്‍ക്കും ലീഗിനെ വേണം, അതിന് മറ്റൊരു കാരണമുണ്ട്.
ബി.ജെ.പി നേതാക്കളുടെ കയ്യില്‍ ലക്ഷവും കോടിയുമൊക്കെ വന്നുതുടങ്ങിയിട്ട് അഞ്ചോ പത്തോ കൊല്ലമാവുന്നതേ ഉള്ളു. വരുന്നത് മിക്കതും ചാക്കില്‍ കെട്ടിയും പോളിത്തീന്‍ കവറിലിട്ടുമൊക്കെയാണ്. കള്ളപ്പണം കൈകാര്യം ചെയ്ത് പരിചയമില്ല. വീതം വെക്കാനറിയില്ല, ഒളിപ്പിക്കാനുമറിയില്ല. ബിനാമി ബിസിനസ്സില്‍ നിക്ഷേപിക്കണമെങ്കില്‍ അതിനും വൈദഗ്ധ്യമില്ല. ഗുജറാത്തി മാര്‍വാഡി ബി.ജെ.പിക്കാര്‍ ചെയ്യുന്നത് പോലെ പണം മൗറീഷ്യസിലേക്ക് കടത്തി തിരിച്ച് ഇന്ത്യന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലേക്ക് റൌണ്ട്- ട്രിപ്പ് ചെയ്യുന്ന ട്രിക്ക് അറിയില്ല.
അവരുടെ കൂടെ കൂടാമെന്ന് വെച്ചാല്‍ അതിനുമാത്രം പണം കേരള നേതാക്കളുടെ കയ്യിലില്ല. നമുക്ക് നോക്കുമ്പോള്‍ മലയാളികളൊക്കെ വലിയ അഴിമതിക്കാരൊക്കെയാണെന്ന് തോന്നുമെങ്കിലും ഗുജറാത്തികളുടെ മുമ്പില്‍ ശിശുക്കളാണ്.ഫോണും ഫാക്‌സും ഓഫീസും ഇല്ലാത്ത മൂന്ന് മൗറീഷ്യസ് കമ്പനികളില്‍ നിന്ന് ഏഴ് ബില്യണ്‍ ഡോളറാണ് നിന്ന നില്‍പ്പില്‍ അദാനി ഇന്ത്യയിലേക്ക് മറിച്ചത്, മുഴുവന്‍ ബി.ജെ.പിക്കാരുടെ പണമാണ് എന്നാണ് ആരോപണം.
കേരള ബി.ജെ.പി നേതാക്കള്‍ക്ക് പണം വെളുപ്പിക്കാന്‍ പ്രായോഗികമായി ഒരു മാര്‍ഗമേയുള്ളു. എങ്ങനെയെങ്കിലും ഈ പണമൊക്കെ ഗള്‍ഫിലെത്തിക്കുക. മക്കളെയോ അളിയന്മാരെയോ പിറകെ പറഞ്ഞുവിടുക, ഒരു എന്‍.ആര്‍.ഐ അക്കൗണ്ട് തുടങ്ങി വെള്ളപ്പണം നാട്ടിലേക്ക് തിരികെയെത്തിക്കുക. പറ്റുമെങ്കില്‍ ഗള്‍ഫിലെ ഏതെങ്കിലും കമ്പനികളൊക്കെ മക്കളെയും മരുമക്കളെയും ഡയറക്ടര്‍ ആക്കുക, ബുര്‍ജ് ഖലീഫയില്‍ ഒരു ഫ്‌ലാറ്റ് വാങ്ങുക. ഇതിനൊക്കെ സഹായിക്കാന്‍ ഇപ്പോള്‍ ലീഗുകാര്‍ക്കേ കഴിയൂ.
ആര്‍.എസ്.എസിനും ബി.ജെ.പി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒരുപോലെ ആവശ്യമായ സ്ഥിതിക്ക് ഇനിയങ്ങോട്ട് ലീഗുകാര്‍ക്ക് വമ്പന്‍ ഡിമാന്‍ഡ് ആയിരിക്കും. ലീഗുകാരുടെ ടൈം ബെസ്റ്റ് ടൈം.
Content Highlight: Farooq writes about the chances of alliance between Muslim League and BJP, and the involvement of RSS in it