| Wednesday, 14th April 2021, 1:37 pm

ഗോപാലകൃഷ്ണന്‍ ടെലിവിഷനുകളിലേക്ക് മടങ്ങി വരുമ്പോള്‍

ഫാറൂഖ്

നമ്മളൊക്കെ തര്‍ക്കികന്മാരാണ്, ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍. വിഷയങ്ങളിലെ വ്യത്യസ്ത നിലപാടുകളാണ് തര്‍ക്കങ്ങളാകുന്നത്. രാഷ്ട്രീയം, മതം, സ്‌പോര്‍ട്‌സ്, കല, സാഹിത്യം തുടങ്ങി ഏതു കാര്യത്തിലും മനുഷ്യര്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകും. യേശുദാസ് പാട്ടു പാടിയത് ശരിയായോ, അരുന്ധതി റോയിക്ക് പുസ്തകം എഴുതാന്‍ കഴിവുണ്ടോ, മെസ്സി നല്ലൊരു ഫുട്‌ബോള്‍ കളിക്കാരനാണോ എന്നൊക്കെ നമ്മള്‍ തര്‍ക്കിക്കും. മറ്റുള്ളവര്‍ തര്‍ക്കിക്കുന്നത് കാണാനും മനുഷ്യര്‍ക്ക് പൊതുവെ ഇഷ്ടമാണ്. അതുകൊണ്ടാണ് ഡിബേറ്റ് എന്ന് വിളിക്കുന്ന തര്‍ക്ക പരിപാടികള്‍ ടെലിവിഷനുകളിലെ പ്രധാന പരിപാടികളാകുന്നത്.

മുമ്പ് പത്രങ്ങളിലെ എഡിറ്റോറിയല്‍ പേജുകളിലായിരുന്നു തര്‍ക്കങ്ങള്‍, വിവാദങ്ങള്‍, അഭിപ്രായങ്ങളൊക്കെ. ഒരു ജനാധിപത്യ സമൂഹമെന്ന നിലയില്‍ മനുഷ്യന്‍ മുമ്പോട്ട് പോകുന്നതിന് ഇതൊക്കെ നന്നായി സഹായിച്ചിട്ടുണ്ട്. ഏതു കാര്യത്തിലും മനുഷ്യര്‍ക്ക് അഭിപ്രായം പറയാനുള്ള വേദിയുണ്ടാകുക എന്നത് ജനാധിപത്യത്തില്‍ ആവശ്യവുമാണ്. ആ നിലക്ക് ഇതൊക്കെ പ്രോത്സാഹിക്കപ്പെടുകയും വേണം.

ആളുകള്‍ പല വിധമായതുകൊണ്ട് തന്നെ പല അഭിപ്രായങ്ങളും ഉണ്ടാകും. എന്നുവച്ച് അതൊക്കെ പറയാനോ എഴുതാനോ ഉള്ള സമയം അല്ലെങ്കില്‍ ഇടം പത്രങ്ങളോ ടെലിവിഷനോ കൊടുക്കേണ്ടതുണ്ടോ. ഇല്ല എന്ന് മാത്രമല്ല, അങ്ങെനെയുണ്ടാകുന്നില്ല എന്നുറപ്പ് വരുത്തുന്നത് എഡിറ്റര്‍മാരുടെ പല ജോലികളില്‍ ഒന്നാണ്. എന്തിനൊക്കെ ഇടം കൊടുക്കരുത് എന്നത് എഡിറ്റര്‍മാര്‍ ജീവിക്കുന്ന കാലവും ദേശവും അനുസരിച്ചിരിക്കും.

ഉദാഹരണത്തിന്, അടിമത്തം നിരോധിക്കുന്നതിന് മുമ്പ് തന്നെ ഒരുപാട് പത്രങ്ങളുണ്ട് അമേരിക്കയില്‍. ഒട്ടേറെ തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ശേഷമാണ് അടിമത്തം നിരോധിക്കുന്നത്. അക്കാലത്തെ ന്യൂയോര്‍ക് ടൈംസിലും ഹാര്‍ട്ട്‌ഫോര്‍ഡ് കൗറന്റിലും ഒക്കെ അടിമത്തത്തെ ന്യായീകരിച്ചുകൊണ്ട് സ്ഥിരമായി ലേഖനങ്ങള്‍ വരുമായിരുന്നു. ഇന്നും ന്യൂയോര്‍ക് ടൈംസ് ആര്‍കൈവ്‌സില്‍ അതൊക്കെ ലഭ്യമാണ്. അടിമത്വം നിരോധിച്ചാല്‍ അമേരിക്കന്‍ ഇക്കോണമി നശിച്ചു പോവുമെന്നും ധാര്‍മിക മൂല്യങ്ങള്‍ ഇല്ലാതായി പോകുമെന്നുമൊക്കെയുള്ള നെടുനെടുങ്കന്‍ അവലോകനങ്ങള്‍ വായിച്ചാല്‍ ഇന്ന് നമുക്ക് ചിരി വരും.

1861 ലെ ന്യൂയോര്‍ക്ക് ടൈംസ് പത്രം

അമേരിക്ക ആ കാലത്തില്‍ നിന്ന് ഒരുപാട് മുന്നോട്ട് പോയി. ഇന്നിപ്പോള്‍ അടിമത്വത്തെ ന്യായീകരിച്ചുകൊണ്ട് ആരെങ്കിലും ന്യൂയോര്‍ക് ടൈംസിലേക്ക് ഒരു ലേഖനം അയച്ചാല്‍ അവരത് അപ്പോള്‍ തന്നെ ചവറ്റുകൊട്ടയിലിടും. സി.എന്‍.എന്‍.ലോ ബി.ബി.സിയിലോ ഏതെങ്കിലും കമന്റേറ്റര്‍ അത്തരം ഒരഭിപ്രായം എവിടെയെങ്കിലും പറഞ്ഞാല്‍ അവര്‍ അയാളെ പിന്നീട് സ്റ്റുഡിയോയുടെ ചുറ്റുവട്ടത്ത് പോലും അടുപ്പിക്കില്ല.

ഇതുപോലെ തന്നെയാണ് സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കണോ എന്ന കാര്യത്തില്‍ ബ്രിട്ടനില്‍ നടന്ന ചര്‍ച്ചകള്‍. അല്ലെങ്കില്‍ വര്‍ണ വിവേചനം നിലനിര്‍ത്തണോ വേണ്ടയോ എന്ന് ദക്ഷിണാഫ്രിക്കയില്‍ നടന്ന ചര്‍ച്ചകള്‍. ഇന്ന് അത്തരം ചര്‍ച്ചകള്‍ ആരും അനുവദിക്കില്ല. സമൂഹം എന്ന നിലയില്‍ ആ വിഷയങ്ങളില്‍ പൊതു തീരുമാനം വന്നു കഴിഞ്ഞു, ഇനി ഈ വിഷയങ്ങളില്‍ ചര്‍ച്ച ഇല്ല.

മലയാള മനോരമ സ്ഥാപിതമായിട്ട് നൂറ്റിമുപ്പത് കൊല്ലങ്ങള്‍ കഴിഞ്ഞു. സ്വാഭാവികമായും വൈക്കം സത്യാഗ്രഹത്തിനും ഗുരുവായൂര്‍ സത്യാഗ്രഹത്തിനുമൊക്കെ എതിരായും അനുകൂലമായും ലേഖനങ്ങള്‍ മനോരമയില്‍ വന്നിട്ടുണ്ടാകും. തൊട്ടുകൂടായ്മ നിലനില്‍ക്കേണ്ട ഒരു ആചാരമാണെന്നും അയിത്തം ഇല്ലാതായാല്‍ സമൂഹത്തില്‍ ധാര്‍മികത ഇല്ലാതാകുമെന്നൊക്കെ മനോരമയില്‍ പലരും ലേഖനങ്ങള്‍ എഴുതിയിട്ടുണ്ടാകും. ഡിജിറ്റല്‍ ആര്‍കൈവ്‌സ് വന്നാല്‍ നമുക്കതൊക്കെ ഇനിയും വായിക്കാന്‍ പറ്റും. എന്നുവച്ച് ഇന്ന് ആരെങ്കിലും തൊട്ടുകൂടായ്മയെ അനുകൂലിച്ച് ഒരു ലേഖനം മനോരമക്കയച്ചു കൊടുത്താല്‍ അവരത് പ്രസിദ്ധീകരിക്കുമോ. ഇല്ല.

1947 ആഗസ്ത് 15 ലെ മലയാള മനോരമ പത്രം

ഇപ്പോള്‍ മനോരമയും മാതൃഭൂമിയുമൊക്കെ ആര്‍ത്തവ അയിത്തത്തെയും അതുപോലുള്ള ആചാരങ്ങളെയും അനുകൂലിച്ച് ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. മുസ്‌ലിം സ്ത്രീകള്‍ക്ക് സ്വത്തവകാശത്തില്‍ പകുതി മതി എന്ന് വാദിക്കുന്ന ലേഖനങ്ങള്‍ ചില പ്രസിദ്ധീകരണങ്ങളില്‍ കാണാറുണ്ട്. കാരണം ഒരു സമൂഹം എന്ന നിലയില്‍ ഇക്കാര്യങ്ങളിലൊന്നും ഒരു പൊതു തീരുമാനം വന്നിട്ടില്ല. പത്ത് മുപ്പത് കൊല്ലം കഴിഞ്ഞാല്‍ ഇതേ പത്രങ്ങള്‍ അത്തരം ലേഖനങ്ങള്‍ ചവറ്റുകൊട്ടയിലെറിയും. ചാനല്‍ അവതാരകര്‍ അത് സമ്മതിക്കുകയുമില്ല. അങ്ങനെയാണ് കാലം മുന്നോട്ടു പോകുക.

സമൂഹം എന്ന നിലയില്‍ നമ്മള്‍ ചര്‍ച്ച അവസാനിപ്പിച്ച വിഷയങ്ങളാണ് വംശ വിവേചനം, വംശ ശുദ്ധീകരണം, തൊഴില്‍ പരമായ വിവേചനം, ജീവിക്കാനുള്ള അവകാശത്തിനുള്ള നിഷേധം തുടങ്ങിയവ. വംശ വിവേചനം വേണോ വേണ്ടയോ, വംശ ശുദ്ധീകരണം നടത്തണോ വേണ്ടയോ എന്നൊന്നും ചര്‍ച്ച ചെയ്യേണ്ട എന്ന് മാത്രമല്ല അത്തരം ചര്‍ച്ചകള്‍ തന്നെ മനുഷ്യ വിരുദ്ധമാണ്. ഒരു കാലത്ത് അത് നടന്നിരിക്കാം. ഹിറ്റ്‌ലര്‍ ആര്യ വംശത്തിന്റെ പരിശുദ്ധിയും ജൂതരെ കൂട്ടക്കൊല ചെയേണ്ടതിന്റെ ആവശ്യകതയുമൊക്കെ പ്രസംഗിക്കുന്ന സമയത്ത് യൂറോപ്പിലെ മിക്ക പത്രങ്ങളിലും റേഡിയോകളിലും അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ നടന്നിരുന്നു. ഇന്നത് നടക്കില്ല.

ബി.ജെ.പി നേതാവ് അഡ്വക്കറ്റ് ഗോപാല കൃഷ്ണന്‍ സ്വന്തം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ ചില കാര്യങ്ങള്‍ പറയുന്നുണ്ട്. മിക്കതും ചര്‍ച്ച ചെയ്യാന്‍ കഴിയുന്നവയാണ്. ഉദാഹരണത്തിന്, ന്യൂനപക്ഷത്തിന് കിട്ടേണ്ട ആനുകൂല്യങ്ങള്‍ എണ്‍പത് ശതമാനം മുസ്‌ലിങ്ങള്‍ കൊണ്ടുപോകുന്നു, ക്രിസ്ത്യാനികള്‍ക്ക് ബാക്കി ഇരുപത് ശതമാനമേ കിട്ടുന്നുള്ളു എന്നത്. അദ്ദേഹം പറഞ്ഞതിനെ എതിര്‍ക്കുന്നവര്‍ക്ക് എതിര്‍ക്കാം അനുകൂലിക്കുന്നവര്‍ക്ക് അനുകൂലിക്കാം, ആ ചര്‍ച്ചക്ക് ഇടം നിഷേധിക്കേണ്ട കാര്യമില്ല.

ബി. ഗോപാലകൃഷ്ണന്‍

പക്ഷെ അദ്ദേഹം മറ്റൊരു കാര്യം പറയുന്നുണ്ട്. തൃശ്ശൂര്‍ റൗണ്ടില്‍ മുസ്‌ലിങ്ങള്‍ കച്ചവടം ചെയ്യുന്നതിനെ പറ്റിയാണത്. അദ്ദേഹം പറഞ്ഞതിന്റെ ചുരുക്കം, തൃശ്ശൂര്‍ റൗണ്ടില്‍ പണ്ട് ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ മുസ്‌ലിങ്ങള്‍ കച്ചവടം ചെയ്യുന്നുണ്ട്, അത് ഇല്ലാതാക്കണമെങ്കില്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ മാത്രമേ കഴിയൂ എന്നാണ്.

തൃശ്ശൂരിലെ മുസ്‌ലിങ്ങള്‍ എന്തെങ്കിലും കുറ്റ കൃത്യങ്ങള്‍ ചെയ്തതായി അദ്ദേഹം ആരോപിക്കുന്നില്ല. അഥവാ സാമ്പത്തിക കുറ്റങ്ങള്‍ ചെയ്തിട്ടാണ് മുസ്‌ലിങ്ങള്‍ കച്ചവടം ചെയ്യുന്നതെങ്കില്‍ അതവസാനിപ്പിക്കാന്‍ ബി.ജെ.പിക്ക് കേരള ഭരണത്തിന്റെ ആവശ്യമില്ല. അത് നിയന്ത്രിക്കേണ്ട സംവിധാനങ്ങളൊക്കെ കേന്ദ്രത്തിന്റെ കയ്യിലാണ്. ഗോപാലകൃഷ്ണന്റെ ആകെ ആവശ്യം മുസ്‌ലിങ്ങള്‍ കച്ചവടം ചെയ്യാന്‍ പാടില്ല എന്നതാണ്. ഒറ്റ വാക്കില്‍ പറയാമെങ്കില്‍ വംശ ശുദ്ധീകരണം.

ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ തൃശ്ശൂര്‍ റൗണ്ടില്‍ മുസ്‌ലിങ്ങള്‍ കച്ചവടം ചെയ്യുന്നത് അവസാനിപ്പിക്കാന്‍ നിയമപരമായി ഒരേ ഒരു മാര്‍ഗ്ഗമേയുള്ളൂ, മുസ്‌ലിങ്ങള്‍ തൃശ്ശൂര്‍ റൗണ്ടില്‍ കച്ചവടം ചെയ്യുന്നത് വിലക്കി ഒരു നിയമം കൊണ്ടുവരിക. നിയമവിരുദ്ധമായ മറ്റു മാര്‍ഗങ്ങളുണ്ടാകാം, ഉദാഹരണത്തിന് കലാപം നടത്തി കച്ചവട സ്ഥാപനങ്ങള്‍ക്ക് തീയിടുകയോ മറ്റോ ചെയ്യുക, അതായിരിക്കില്ല ഗോപാലകൃഷ്ണന്‍ ഉദ്ദേശിച്ചത് എന്ന് ഊഹിക്കാം. അതിന് സര്‍ക്കാരുണ്ടാക്കേണ്ട കാര്യമില്ലല്ലോ. ഗോപാലകൃഷ്ണന്‍ മുന്നോട്ടു വെക്കുന്ന, മുസ്‌ലിങ്ങളെ തൃശ്ശൂര്‍ റൗണ്ടില്‍ കച്ചവടം ചെയ്യുന്നത് വിലക്കുന്ന നിയമം, ഒരു പക്ഷെ കേരളത്തിലെ ആദ്യത്തെ വംശ വിവേചന നിയമം അല്ലെങ്കില്‍ വംശ ശുദ്ധീകരണ നിയമം ആയിരിക്കും.

തൃശ്ശൂര്‍ റൗണ്ട്

വംശ ശുദ്ധീകരണം ആഹ്വാനം ചെയ്യുന്നത് പല രാജ്യങ്ങളും നിയമവിരുദ്ധമാക്കിയിട്ടുണ്ട്. യൂറോപ്പില്‍ മിക്കയിടത്തും ആന്റി-സെമിറ്റിസം നിരോധിക്കുന്ന നിയമങ്ങളുണ്ട്. ഉദാഹരണത്തിന്, ഫ്രാന്‍സിലെ ഏതെങ്കിലും ഒരു സ്ട്രീറ്റില്‍ കച്ചവടം ചെയ്യുന്നവരില്‍ ഭൂരിഭാഗവും ജൂതന്മാരാണ്, അതവസാനിപ്പിക്കണം എന്നാരെങ്കിലും പറഞ്ഞാല്‍ പിറ്റേന്ന് മുതല്‍ അയാള്‍ ജയിലിലായിരിക്കും. കാരണം അവര്‍ അതിന്റെ ദൂഷ്യ ഫലങ്ങള്‍ അനുഭവിച്ചവരാണ്. ജൂതന്മാര്‍ കച്ചവട സ്ഥാപനങ്ങള്‍ മുഴുവന്‍ കയ്യടക്കുന്നു, ഭൂമി മുഴുവന്‍ വാങ്ങി കൂട്ടുന്നു എന്ന പ്രചാരണത്തിന്റെ അവസാനം അറുപത് ലക്ഷം ജൂതന്മാരാണ് കൂട്ടക്കൊല ചെയ്യപ്പെട്ടത്. ജര്‍മനി തകര്‍ന്ന് തരിപ്പണം ആകുകയും ചെയ്തു.

സമ്പൂര്‍ണമായ അഭിപ്രായ സ്വാതന്ത്രം അവകാശമാക്കിയിട്ടുള്ള അമേരിക്കയില്‍ പോലും സാമൂഹ്യ മാധ്യമങ്ങളിലല്ലാതെ ഇത്തരം പരാമര്‍ശം ഉണ്ടാകാറില്ല. പ്രധാനപ്പെട്ട പത്രങ്ങളും ടെലിവിഷനുകളുമൊക്കെ ഇത്തരം അഭിപ്രായം പ്രകടിപ്പിക്കുന്നവരെ വിലക്കാറുണ്ട്. അവര്‍ക്കൊന്നും മുഖ്യധാരാ മാധ്യമങ്ങളില്‍ പ്രവേശനമില്ല, അവര്‍ സോഷ്യല്‍ മീഡിയയില്‍ അതേ അഭിപ്രായമുള്ള കുറേയാളുകളുള്ള എക്കോ ചേംബറുകളില്‍ ഒതുക്കപ്പെടുന്നതാണ് രീതി.

കേരളത്തില്‍ നേരെ തിരിച്ചാണ്. പത്തോ നൂറോ ആളുകള്‍ പങ്കെടുക്കുന്ന പരിപാടികളില്‍ വിഷം വമിക്കുന്ന ആഹ്വാനങ്ങള്‍ നടത്തിയിരുന്നവരെയൊക്കെ പിടിച്ച് മുഖ്യധാരയിലേക്ക് കൊണ്ടുവന്നത് കേരളത്തില്‍ പ്രധാനപ്പെട്ട ടെലിവിഷന്‍ ചാനലുകളാണ്. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും വേണ്ടാത്ത കുറെ ചെറുപ്പക്കാരും നൈരാശ്യം ബാധിച്ച മധ്യവയസ്‌കരും മാത്രം കേട്ടിരുന്ന ശശികല ടീച്ചറെയും ടി.ജി. മോഹന്‍ദാസിനെയുമൊക്കെ ചര്‍ച്ചക്ക് വിളിച്ചിരുത്തി നാട്ടുകാര്‍ക്ക് സ്വീകാര്യരാക്കിയത് ടെലിവിഷന്‍ അവതാരകരാണ്.

ടെലിവിഷന്‍കാര്‍ സ്ഥിരമായി അവസരം കൊടുക്കുന്നതുകൊണ്ട് മാത്രമാണ് ഗോപാലകൃഷ്ണന്റെ വീഡിയോ ഒക്കെ നാട്ടുകാര്‍ കാണുന്നത്. ഒരുപാട് ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ നാട്ടുകാരുടെ ശ്രദ്ധ കിട്ടാന്‍ വേണ്ടി വിദ്വേഷവും കോമഡിയുമൊക്കെ പറയുന്നുണ്ട്. ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥിയൊക്കെ കാട്ടിക്കൂട്ടിയത് നമ്മള്‍ കണ്ടതാണ്. മിക്ക മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികള്‍ ആരാണെന്ന് വോട്ടര്‍മാര്‍ക്ക് അറിയുക പോലുമില്ല. അതുകൊണ്ട് തന്നെ ഗോപാലകൃഷ്ണന്‍ വംശ ശുദ്ധീകരണത്തിന് ആഹ്വാനം ചെയ്യുകയും അത് കേരളം മുഴുവന്‍ ശ്രദ്ധിക്കുകയും ചെയ്യുമ്പോള്‍ ടെലിവിഷന്‍ ചാനലുകള്‍ക്ക് ആ കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് പറയുന്നത്.

ഇലക്ഷന് വേണ്ടി ഒന്നോ രണ്ടോ മാസം ടി.വി.യില്‍ നിന്ന് അവധിയെടുത്തതിന് ശേഷം ഗോപാലകൃഷ്ണന്‍ തിരിച്ചു വരികയാണ്. അദ്ദേഹത്തിന് ഇനിയും അവസരം കൊടുക്കുന്നത് ശരിയാണോ ടെലിവിഷന്‍ അവതാരകര്‍ (മിക്ക അവതാരകരും എഡിറ്റര്‍മാര്‍ കൂടിയാണ്) ആലോചിക്കണം. വംശ ശുദ്ധീകരണത്തിന് വോട്ടുചോദിക്കുന്ന ഒരാള്‍ക്ക് വേറേതെങ്കിലും രാജ്യത്തെ അവതാരകര്‍ അവസരം കൊടുക്കുമോ എന്ന പരിശോധനയും നടത്താവുന്നതാണ്. സംസ്‌കാര സമ്പന്നരെന്ന് അവകാശപ്പെടുന്നവരാണ് നമ്മള്‍.

രണ്ടാം ലോക മഹായുദ്ധം അവസാനിക്കുകയും ഹിറ്റ്‌ലര്‍ ആത്മഹത്യ ചെയ്യുകയും ചെയ്തതിന് ശേഷം, ജൂത വിരോധം പ്രചരിപ്പിക്കുന്നവര്‍ക്ക് ഇടം നല്‍കിയ എഡിറ്റര്‍മാര്‍ക്കൊക്കെ എന്ത് സംഭവിച്ചു എന്നത് ചരിത്രത്തിലെ വലിയ പാഠങ്ങളില്‍ ഒന്നാണ്. മിക്കവരെയും ജനം ഓടിച്ചു, ചിലരൊക്കെ ആത്മഹത്യ ചെയ്തു, മറ്റു ചിലര്‍ ന്യൂറംബര്‍ഗില്‍ വിചാരണ നേരിട്ടു. കുറെ പേര്‍ ശിക്ഷിക്കപ്പെട്ടു. ജൂലിയസ് സ്റ്റെയ്ച്ചര്‍ എന്ന ഒരു ഒരു പത്രാധിപരെ ന്യൂറംബര്‍ഗില്‍ വിചാരണക്ക് ശേഷം തൂക്കി കൊല്ലുകയും ചെയ്തു. വിചാരണ സമയത്ത് മിക്കവരുടെയും ന്യായീകരണം ഒന്ന് തന്നെയായിരുന്നു, എല്ലാ അഭിപ്രായങ്ങള്‍ക്കും ഇടം നല്‍കുക എന്ന പത്ര ധര്‍മം.

ഈ കാലവും കടന്നുപോകും. നമ്മള്‍ തീര്‍ച്ചയായും ഇപ്പോഴുള്ളതിനേക്കാളും നല്ല സമൂഹമാവും. എല്ലാം ഡിജിറ്റല്‍ ആര്‍കൈവ്‌സിലൂടെ സംരക്ഷിക്കപ്പെടുന്ന കാലമായതുകൊണ്ട് ഇപ്പോഴുള്ള ടെലിവിഷന്‍ അവതാരകരൊക്കെ ഇക്കാലത്ത് എന്തായിരുന്നു ചെയ്തിരുന്നത് എന്ന് ഭാവി തലമുറ പരിശോധിക്കാതിരിക്കില്ല. ഇപ്പോള്‍ നമ്മള്‍ താരങ്ങളായി കാണുന്ന ടി.വി. അവതാരകരെ ഒരു പക്ഷെ നമ്മുടെ കുട്ടികള്‍ കാണുന്നത് വംശഹത്യക്ക് കുഴലൂത്ത് നടത്തിയവര്‍ എന്ന നിലയിലായിരിക്കും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Farooq writes about televisions role’s in hate campaigns

ഫാറൂഖ്

ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ

We use cookies to give you the best possible experience. Learn more