| Wednesday, 20th November 2024, 3:39 pm

സുരേഷ് ഗോപിക്കൊരു മുദ്രാവാക്യം - മെയ്ക്ക് കേരള ഗ്രേറ്റ് എഗൈന്‍

ഫാറൂഖ്

മംഗലശ്ശേരി നീലകണ്ഠന് പിന്നീടെന്തു സംഭവിച്ചു ?

തൊണ്ണൂറുകള്‍ക്ക് ശേഷം വന്ന മലയാള സിനിമകളിലെ ഹീറോകളുടെ പ്രധാന പരിപാടികളില്‍ ഒന്നായിരുന്നു ഉത്സവം നടത്തല്‍. ഹിന്ദു നായകനാണെങ്കില്‍ അമ്പലത്തിലെ ഉത്സവം, ക്രിസ്ത്യന്‍ നായകാണാനാണെങ്കില്‍ പള്ളിപ്പെരുന്നാള്‍. മുസ്‌ലിം നായകന്മാര്‍ ഉറൂസും നേര്‍ച്ചയുമൊന്നും നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ല, ഒരുപക്ഷെ കാണുമായിരിക്കും.

തൊണ്ണൂറുകളില്‍ തുടങ്ങിയ ഈ ഉത്സവം നടത്തല്‍ ഈയടുത്ത് കടുവ, ആര്‍.ഡി.എക്‌സ് തുടങ്ങിയവ വരെ നീണ്ടു.

കഥകളുടെ ഒരു പാറ്റേണ്‍ ഇങ്ങനെയാണ്, ഒരു നായകന്‍ കുറെ പണവുമായി നാട്ടിലേക്ക് വരുന്നു. പ്രത്യേകിച്ച് പുതുമയൊന്നുമില്ലാത്ത ഒരു ഫ്‌ളാഷ്ബാക്ക് അയാള്‍ക്കുണ്ടാകും. നാട്ടില്‍ വന്നാല്‍ കുറെ പാവങ്ങളെ സഹായിക്കും, പണിയൊന്നുമില്ലാത്ത കുറെ കൂട്ടുകാരുമായി ചുറ്റിയടിക്കും, ചിലപ്പോള്‍ തല്ലുണ്ടാക്കും.

സ്ത്രീകള അധിക്ഷേപിക്കുന്ന കുറെ ഡയലോഗ്, റിസര്‍വേഷന്‍ കാരണം ജോലി കിട്ടാത്ത തറവാട്ടുകാരെ പറ്റി സിമ്പതി, പുത്തന്‍പണക്കാരെ പുച്ഛിച്ച് നാലു മാസ് ഡയലോഗ് ഇതൊക്കെയാണ് തിരക്കഥയിലെ പ്രധാന ഐറ്റം.

പാവങ്ങള്‍ വന്നു കാല് പിടിക്കും, പത്രക്കാര്‍ വളയും, പക്ഷെ അവരെ ആട്ടും. അവസാനം വില്ലന്മാരെ തോല്‍പ്പിച്ചു ഉത്സവം അല്ലെങ്കില്‍ പള്ളിപ്പെരുന്നാള്‍ നടത്തും.

ഈ സിനിമകളുടെ ഒരു മിമിക്രി ആയിരുന്നു സുരേഷ് ഗോപിയുടെ തൃശൂര്‍ റണ്‍. റണ്‍ എന്നാല്‍ അമേരിക്കന്‍ രാഷ്ട്രീയക്കാര്‍ ഇലക്ഷനില്‍ മത്സരിക്കുന്നതിന് പറയുന്ന വാക്കാണ്, അതിന് കൃത്യമായ മലയാളമില്ല.

തൃശൂരില്‍ കുറെ പണവുമായിട്ടാണ് സുരേഷ് ഗോപി വരുന്നത്. ബി.ജെ.പിക്കാരുടെ കള്ളപ്പണമല്ല, ശരിക്കുള്ള വെള്ളപ്പണം. പാവങ്ങള്‍ക്ക് സഹായം, കാല് പിടിക്കുന്ന പാവങ്ങള്‍, അതിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്, പതിവ് ഐറ്റംസ് തന്നെ. സ്ത്രീവിരുദ്ധ ഡയലോഗ്, ജാതി പ്രകടനങ്ങള്‍, പത്രക്കാര്‍ക്ക് ആട്ട്, കാല് പിടുത്തം, മാസ് ഡയലോഗ് എല്ലാം കറക്റ്റ്.

അവസാനം ഉത്സവവും നടത്തി. പൂരം കലക്കി എന്ന് ചിലരൊക്കെ പറയുന്നുണ്ട്, അത് കാര്യമാക്കേണ്ട. തൃശൂരില്‍ ഉജ്ജ്വല വിജയം നേടി എം.പിയായി. തിയേറ്ററിലാണെങ്കില്‍ കൂട്ട കയ്യടി നടക്കേണ്ട സീന്‍. അവസാനം പേര് കാണിക്കുന്ന സമയം സുരേഷ് ഗോപി സഹ മന്ത്രിയായി സത്യപ്രതിജ്ഞ രംഗം ബ്ലര്‍ ആയി കാണിക്കാം. ശുഭം.

ഒരു തിരക്കഥാകൃത്തിന് വേണ്ട ഏറ്റവും മികച്ച സ്‌കില്ലുകളിലൊന്ന് കഥ എവിടെ വച്ച് നിര്‍ത്തണമെന്നുള്ള അറിവാണ്. മുകളില്‍ പറഞ്ഞ തരം സിനിമയാണെങ്കില്‍ വില്ലന്മാരെ തോല്‍പ്പിച്ച് ഉത്സവം നടത്തി ഒരു പാട്ടു പാടിത്തുടങ്ങുമ്പോള്‍ നിര്‍ത്തണം. അത് കഴിഞ്ഞാല്‍ ഹീറോയുടെ കാര്യം കഷ്ടമാണ്.

പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തത് കൊണ്ട് കയ്യിലുള്ള പണം തീരും, വെള്ളമടി മുടങ്ങുമ്പോള്‍ കൂട്ടുകാരൊക്കെ വേറെ ഹീറോയെ നോക്കിപ്പോകും, അടുത്ത കൊല്ലം ഉത്സവം നടത്താന്‍ വേറെ ആരെങ്കിലും വരും. നമ്മുടെ ഹീറോ പ്രായമായി പ്രഷറും ഷുഗറും മുട്ട് വേദനയുമൊക്കെയായി ആരും തിരിഞ്ഞു നോക്കാനില്ലാതെ ജീവിക്കും. മംഗലശ്ശേരി നീലകണ്ഠന്റെ ഇപ്പോഴത്തെ സ്ഥിതി അതായിരിക്കും. അതുകൊണ്ടാണ് നായകന്‍ പൂരം നടത്തിയാല്‍ അവിടെ വച്ച് സിനിമ നിര്‍ത്തണമെന്ന് പറയുന്നത്.

സുരേഷ് ഗോപിയുടെ പൊളിറ്റിക്കല്‍ സിനിമയുടെ ക്ലൈമാക്‌സ് പൂരം നടത്തി ഇലക്ഷന്‍ ജയിച്ചു മന്ത്രിയാകുന്ന നിമിഷം കഴിഞ്ഞു. (സത്യത്തില്‍ കഴിഞ്ഞിട്ടില്ല, അത് രണ്ടാം ഭാഗത്തില്‍ പറയാം). ക്ലൈമാക്‌സ് കഴിഞ്ഞുള്ള സുരേഷ് ഗോപി ഇപ്പോള്‍ എം.പിയാണ്, സഹമന്ത്രിയുമാണ്.

ഒരു എം.പിക്കെന്താണ് പണി. നാട്ടുകാരൊക്കെ വിചാരിക്കുന്നത് പോലെ അത് മണ്ഡലത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയൊന്നുമല്ല, പാര്‍ലമെന്റില്‍ നിയമനിര്‍മാണം നടത്തുകയാണ്. ഇപ്പോഴത്തെ പാര്‍ലമെന്റ് ആരെങ്കിലും കണ്ടിട്ടുണ്ടെങ്കില്‍ അവര്‍ക്ക് മനസിലാകും എം.പിമാര്‍ അവിടെ ഒരു പുണ്ണാക്കും ചെയ്യുന്നില്ലെന്ന്.

നിയമങ്ങളൊക്കെ പി.എം ഓഫീസില്‍ നിന്ന് തയ്യാറാക്കി കൊണ്ട് വരുന്നതാണ്. പാര്‍ട്ടി വിപ്പ് നല്‍കുന്നത് കൊണ്ട് അത് ന്യായീകരിക്കുക എന്നതില്‍ കവിഞ്ഞ ഒരു പണിയും എം.പി മാര്‍ക്കില്ല. സ്വന്തമായി എന്തെങ്കിലും പറയാന്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ മിനിറ്റ് കിട്ടും, അതിന്റെ വീഡിയോ എടുത്ത് റീല്‍സ് ആക്കി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതാണ് ഒരു സാധാരണ എം.പിയുടെ പണി.

ബ്രിട്ടാസിനെയും പ്രേമചന്ദ്രനെയും പോലെയുള്ള ചിലര്‍ക്ക് കുറച്ചധികം സമയം കിട്ടും, അവര്‍ അഞ്ചോ പത്തോ മിനിട്ട് ഗംഭീര പെര്‍ഫോമന്‍സ് കാണിക്കും, പക്ഷെ കാണാനോ കേള്‍ക്കാനോ പ്രധാനമന്ത്രിയോ മന്ത്രിമാരോ സഭയില്‍ വരാറില്ല. നിയമനിര്‍മാണത്തില്‍ അവരുടെ പ്രസംഗങ്ങള്‍ക്ക് ഒരു സ്വാധീനവും ഉണ്ടാകുകയുമില്ല. അതേ പ്രസംഗം സ്‌കൂള്‍ യുവജനോത്സവത്തില്‍ നടത്തിയാല്‍ ഒരു ട്രോഫിയെങ്കിലും കിട്ടും.

സുരേഷ് ഗോപി ആറു വര്‍ഷം രാജ്യസഭയിലുണ്ടായിരുന്നു. രണ്ടോ മൂന്നോ മിനിട്ട് സംസാരിച്ചിട്ടുമുണ്ട്. അതിന്റെ ക്ലിപ്പ് ടിക്-ടോക്കില്‍ ഉണ്ടായിരുന്നു. ടിക്-ടോക് നിരോധിച്ചപ്പോള്‍ അതും പോയി.

സുരേഷ് ഗോപിയുടെ അടുത്ത പണിയാണ് സഹമന്ത്രി പണി. പണ്ട് ശശി തരൂര്‍ സഹമന്ത്രിയായിരുന്നപ്പോള്‍ പറഞ്ഞ പ്രശസ്തമായ ഒരു വാചകമുണ്ട്. ‘Being MoS is like standing in a cemetery, there’s a lot of people under you but no one is listening!’ (ഒരു ശ്മശാനത്തില്‍ നില്‍ക്കുന്നത് പോലെയാണ് സഹമന്ത്രി പണി. കീഴെ ഒരു പാടാളുകളുണ്ട്, പക്ഷെ അവരാരും നിങ്ങള്‍ പറയുന്നത് കേള്‍ക്കില്ല).

ഒരു സഹമന്ത്രി പറഞ്ഞാല്‍ അനുസരിക്കുന്ന ഒരു ഉദ്യോഗസ്ഥനും ഈ ദുനിയാവിലില്ല. മോദി മന്ത്രിസഭയിലാണെങ്കില്‍ ക്യാബിനറ്റ് മന്ത്രിമാര്‍ക്ക് പോലും പുല്ല് വിലയാണ്. നോട്ട് നിരോധിച്ചത് ധനമന്ത്രി അറിഞ്ഞിട്ടില്ലെന്ന് പറഞ്ഞത് ബി.ജെ.പിക്കാര്‍ തന്നെയാണ്. പിന്നെയാണ് സഹമന്ത്രി! സഹമന്ത്രിക്ക് ആകെ ചെയ്യാനുള്ളത് പ്രധാനമന്ത്രിയുടെ ഓഫീസിന് ഒരു നിവേദനം കൊടുക്കുക എന്നതാണ്. അതിനിപ്പോള്‍ സഹമന്ത്രി തന്നെ വേണമെന്നൊന്നുമില്ല, കെ.വി. തോമസ് ആയാലും മതി.

ഒരു സാധാരണ എം.പിക്കോ സഹമന്ത്രിക്കോ ഇതിലൊന്നും പ്രത്യേകിച്ച് പ്രശ്‌മൊന്നുമുണ്ടാകില്ല, അത്യാവശ്യം നല്ല ശമ്പളം, ഒന്ന് രണ്ടു സെക്യൂരിറ്റിക്കാര്‍, ഫ്‌ളൈറ്റ് ടിക്കറ്റ്, നിരവധി അലവന്‍സുകള്‍, ഇടയ്‌ക്കൊരു വിദേശ യാത്ര ഇതൊക്കെയായി സന്തോഷത്തോടങ്ങ് ജീവിച്ചു പോകും.

എന്നാല്‍ അങ്ങനെയല്ല ഒരു സൂപ്പര്‍ ഹീറോ സഹമന്ത്രിയായാലുള്ള അവസ്ഥ. അതറിയണണമെങ്കില്‍ നിങ്ങളൊന്നു സാധാരണ തൃശൂര്‍ക്കാരുമായി സംസാരിക്കണം. എന്ത് പ്രശ്‌നമുണ്ടെങ്കിലും സുരേഷ് ഗോപിയോട് പറഞ്ഞാല്‍ മതി എന്നതാണ് നാട്ടുകാരുടെ തോന്നല്‍.

കൃഷിഭവനില്‍ നിന്ന് സൗജന്യ കോഴി വിതരണത്തില്‍ തങ്ങളെ അവഗണിച്ചു എന്നത് മുതല്‍, അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നത്, ആധാര്‍ കാര്‍ഡിലെ ഫോട്ടോ മാറിപ്പോയത്, റോഡിലെ കുഴി, അന്യജാതിക്കാരനെ മകള്‍ പ്രേമിക്കുന്നത്, പി.എസ്.സി ലിസ്റ്റിലുണ്ടായിട്ടും നിയമനം നടക്കാത്തത്, പൈപ്പില്‍ വെള്ളമില്ലാത്തത്, കടല്‍ക്ഷോഭത്തില്‍ നഷ്ടപരിഹാരം ലഭിക്കാത്തത് തുടങ്ങി സുരേഷ് ഗോപിയെ കൊണ്ട് പരിഹരിക്കാനാകാത്ത ഒരു പ്രശ്‌നവുമില്ലെന്നാണ് നാട്ടുകാരുടെ വിചാരം. അവരൊക്കെ നിവേദനവും കയ്യില്‍ പിടിച്ച് സുരേഷ് ഗോപിയെ തപ്പി നടപ്പാണ്.

സുരേഷ് ഗോപിക്കാണെങ്കില്‍ ഇതിലൊന്നും ചെയ്യാനുമില്ല. ജനങ്ങളുമായി ബന്ധപ്പെട്ട വില്ലേജ്, മുനിസിപ്പാലിറ്റി, വിദ്യാഭ്യാസം, കൃഷി, പൊലീസ്, ആരോഗ്യം തുടങ്ങി മുഴുവന്‍ കാര്യങ്ങളും ഒന്നുകില്‍ സംസ്ഥാന സര്‍ക്കാരിന്റെ, അല്ലെങ്കില്‍ മുനിസിപ്പാലിറ്റി/പഞ്ചായത്ത് ഭരണത്തിലാണ്.

സാധാരണ രാഷ്ട്രീയക്കാര്‍ക്ക് ബന്ധങ്ങളും പരസ്പര സഹകരണവുമുണ്ടാകും, പാര്‍ട്ടി നോക്കാതെ അങ്ങോട്ടുമിങ്ങോട്ടും ചില സഹായങ്ങളൊക്കെ ചെയ്തു കൊടുക്കും. അങ്ങനെ ലോക്കല്‍ രാഷ്ട്രീയക്കാരുമായി ബന്ധം വെക്കാന്‍ സുരേഷ് ഗോപിയെ ഈഗോ സമ്മതിക്കില്ല, അത് കൊണ്ട് തന്നെ അദ്ദേഹത്തിന് ഇപ്പറഞ്ഞ കാര്യങ്ങള്‍ ഒന്നും ചെയ്യാന്‍ സാധിക്കുകയുമില്ല. എയിംസ്, മെട്രോ റെയില്‍ തുടങ്ങി വലിയ എന്തെങ്കിലും കാര്യങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് നിവേദനം കൊടുത്ത് നടത്തിക്കാമെന്ന് വച്ചാലും ഭൂമിയേറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ വേണം. അതിന് ഈഗോ മാറ്റി വെച്ച് സുരേഷ് ഗോപി നാടന്‍ രാഷ്ട്രീയക്കാരെ സോപ്പിടണം, അത് നടക്കില്ല.

ഇത് വരെ വായിച്ചു തീര്‍ന്നപ്പോള്‍ നിങ്ങള്‍ സ്വാഭാവികമായും വിചാരിക്കും ഞാനിവിടെ പറഞ്ഞു വരുന്നത് ഒ. രാജഗോപാലിനെ പോലെ സുരേഷ് ഗോപിയും ഒറ്റത്തവണ തീര്‍പ്പായി അടുത്ത തവണ തോറ്റ് വീട്ടിലിരിക്കും എന്നായിരിക്കും. അല്ല. സുരേഷ് ഗോപിക്ക് ഇനി ലക്ഷ്യം വെക്കാവുന്ന ഒരു പോസ്റ്റ് ഉണ്ട്, കേരള മുഖ്യമന്തി സ്ഥാനം. അതിന് രണ്ടാം ഭാഗം വായിക്കുക.

രണ്ട്

2016ലെ ഡൊണാള്‍ഡ് ട്രംപിന്റെ റണ്‍ ലോകത്തിന് വലിയ അഭുതമായിരുന്നു. ശങ്കരാടിയുടെ ഭാഷയില്‍, കാടിളക്കി നടന്ന ഒരു മദയാനയായിരുന്നു ട്രംപ്, ശുദ്ധ തെമ്മാടി, എന്ത് തോന്നിവാസവും കാണിക്കാന്‍ മടിയില്ലാത്ത ഒരലവലാതി. അമേരിയ്ക്കയിലല്ല, ലോകത്തില്‍ ഒരു മനുഷ്യനും വേണ്ടി ഒരു നല്ല കാര്യവും ട്രംപ് ചെയ്തിട്ടുണ്ട് എന്ന് ട്രംപ് പോലും പറഞ്ഞിട്ടില്ല. എന്ന് മാത്രമല്ല എല്ലാ വിധ ഫ്രോഡ് പരിപാടികളും ചെയ്തിട്ടുണ്ട് താനും.

2016ല്‍ ഗോള്‍ഡന്‍ കളറുള്ള ഒരു എസ്‌കലേറ്ററില്‍ നിന്ന് ഇറങ്ങി വന്ന് ട്രംപ് ഒരു കാച്ചങ്ങ് കാച്ചി. അമേരിക്കക്കാരുടെ മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും കാരണം മെക്‌സിക്കോയില്‍ നിന്ന് വരുന്ന കുടിയേറ്റക്കാരാണ്, അവര്‍ ബലാത്സംഗികളാണ്, കൊലപാതകികളാണ്, കള്ളന്മാരാണ്. അവരെ മൊത്തം നാട് കടത്തും. അവരെ തടയാന്‍ അമേരിക്കന്‍ മെക്‌സിക്കോ അതിര്‍ത്തിയില്‍ വലിയൊരു മതില്‍ കെട്ടും, അതിനുള്ള പണം അവരോട് തന്നെ വാങ്ങും.

രണ്ടാമത്തേത്, മുസ്‌ലിങ്ങളെ മൊത്തം അമേരിക്കയില്‍ വരുന്നതില്‍ നിന്ന് നിരോധിക്കും, അതിന്റെ പേര് മുസ്‌ലിം-ബാന്‍. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തും, ഈ ഇറക്കുമതി കൊണ്ടാണ് അമേരിക്കക്കാര്‍ക്ക് തൊഴിലില്ലാത്തത്. വേറെ കുറെ ഗൂഢാലോചന സിദ്ധാന്തങ്ങളും വാഗ്ദാനങ്ങളുമൊക്കെ മിക്‌സ് ചെയ്തു, പക്ഷെ ഇത് മൂന്നുമായിരുന്നു മെയിന്‍.

ഇത് മൂന്നും കയറിയങ്ങേറ്റു. 2016ല്‍ ട്രംപ് പ്രസിഡന്റായി. പ്രസിഡന്റായ ശേഷം ആദ്യം പോയത് സൗദി അറേബ്യയിലേക്ക്. അതോടെ മുസ്‌ലിം ബാന്‍ തീര്‍ന്നു. പേരിന് ആദ്യമേതന്നെ ഉപരോധമുള്ള ചില രാജ്യങ്ങളില്‍ നിന്ന് നിരോധനം നടത്തി, പിന്നെ പിന്‍വലിച്ചു.

മുസ്‌ലിങ്ങളില്ലാതെ അമേരിക്കാര്‍ക്കെന്ത് കച്ചവടം എന്നായി പിന്നീട് ട്രംപിന്റെ ലോജിക്. ക്രമേണ അമേരിക്കയില്‍ ഇസ്‌ലാമോഫോബിയ കുറയുകയും ഈ മുദ്രാവാക്യത്തിന് സ്‌കോപ് ഇല്ലാതാകുകയും ചെയ്തു. ഇപ്രാവശ്യം മുസ്‌ലിങ്ങള്‍ ട്രംപിനൊപ്പം പോയി.

മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ ഇപ്പൊ കെട്ടും ഇപ്പൊ കെട്ടും എന്ന് പറഞ്ഞു ചില അഭ്യാസങ്ങളൊക്കെ നടത്തി. കെട്ടിയില്ല, ഇനി കെട്ടിയാലും മൂവായിരത്തിലധികം കിലോമീറ്ററുള്ള അതിര്‍ത്തി മെക്‌സിക്കോക്കാര്‍ മതില്‍ ചാടി വരും.

മറ്റൊരു വാഗ്ദാനമായിരുന്നു ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് തീരുവ ഏര്‍പ്പെടുത്തുമെന്നത്. അതും നടന്നില്ല, കാരണം തീരുവ വന്നാല്‍ അതും കൂടി അമേരിക്കക്കാര്‍ തന്നെ കൊടുക്കണം. ചൈനക്കാര്‍ ഒന്നും കൊടുക്കാന്‍ പോകുന്നില്ല. ഇപ്പോള്‍ തന്നെ ടാക്‌സ് കൊടുത്തു മുടിഞ്ഞിരിക്കുകയാണ് അമേരിക്കക്കാര്‍.

പ്രധാന വാഗ്ദാനങ്ങളില്‍ ഒന്ന് പോലും നടക്കാതിരുന്നിട്ടും ട്രംപിന്റെ വോട്ടര്‍മാര്‍ ഒരിടത്തും പോയില്ല. അവര്‍ ഇപ്രാവശ്യവും ട്രംപിന് തന്നെ വോട്ട് ചെയ്തു, എന്താ കാരണം. മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗൈന്‍.

കുറച്ചു കാലം മുമ്പ് വരെ രാഷ്ട്രീയ പാര്‍ട്ടികളൊക്കെ യുവാക്കളെ ആകര്‍ഷിക്കാന്‍ പലവിധ പരിപാടികളുമായി വരുമായിരുന്നു, ഇക്കാലത്തു അങ്ങനെയൊന്ന് കണ്ടിട്ടുണ്ടോ, കാണില്ല, കാരണം ഇപ്പൊ ഡിമാന്‍ഡ് മധ്യവയസ്‌കന്‍മാര്‍ക്കും പ്രായമുള്ളവര്‍ക്കുമാണ്.

നാട്ടുകാര്‍ കുട്ടികളുടെ എണ്ണം കുറച്ചത് മൂലം ജനസംഖ്യയില്‍ യുവാക്കളുടെ എണ്ണം കുറഞ്ഞത് ഒരു കാരണം. യുവാക്കള്‍ രാഷ്ട്രീയം തീരെ ശ്രദ്ധിക്കാതായി എന്നത് രണ്ടാമത്തെ കാരണം. സോഷ്യല്‍ മീഡിയക്കാലത് യുവാക്കള്‍ക്ക് ചെയ്യാന്‍ പല കാര്യങ്ങളുണ്ട്, രാഷ്ട്രീയം അതില്‍ അവസാനത്തേതാണ്.

ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍, പ്രത്യേകിച്ച് കേരളത്തില്‍, യുവാക്കള്‍ക്ക് നാട് നന്നാക്കുക എന്നതല്ല പ്രയോരിറ്റി, നാട് വിടുക എന്നതാണ്. നിങ്ങള്‍ എന്തേലുമൊക്കെ കാണിക്ക്, ഞങ്ങള്‍ സ്ഥലം വിടാന്‍ പോകുകയാണ് എന്നതാണ് യുവാക്കളുടെ ലൈന്‍.

രാഷ്ട്രീയം ശ്രദ്ധിക്കുന്ന പ്രായമുള്ളവരോ, അവര്‍ക്കാവശ്യം ഭാവിയല്ല, ഭൂതമാണ്. അതാണ് മെയ്ക് അമേരിക്ക ഗ്രേറ്റ് എഗൈന്‍ മുദ്രാവാക്യത്തിന്റെ പ്രസക്തി. പണ്ടത്തെ മഹത്തായ കാലം തിരിച്ചു കൊണ്ട് വരിക. അടിമത്തത്തിന്റെ കാലത്താണോ, അതോ സിവില്‍ വാറിന്റെ കാലത്താണോ, സ്ത്രീകള്‍ക്ക് വോട്ടവകാശമില്ലാത്ത കാലത്താണോ അതോ ആദിമ നിവാസികളെ കൂട്ടത്തോടെ കൊന്നൊടുക്കിയ കാലത്താണോ അമേരിക്ക മഹത്തായിരുന്നത് എന്ന് ചോദിച്ചാല്‍ അമേരിക്കക്കാര്‍ക്ക് ഉത്തരമുണ്ടാകില്ല.

പക്ഷെ എല്ലാ പ്രായമുള്ളവരുടെയും മനസ്സില്‍ മഹത്തായ ഒരു കാലമുണ്ട്, തങ്ങളുടെ കുട്ടിക്കാലം. വെള്ള കുടിയേറ്റക്കാര്‍ മാത്രമുള്ള, ചൈനീസ് സാധനങ്ങളൊന്നുമില്ലാത്ത, അമേരിക്കന്‍ കാറുകള്‍ മാത്രം റോഡിലുള്ള, സ്വവര്‍ഗ രതിക്കാര്‍ക്ക് അവകാശമൊന്നുമില്ലാത്ത, കറുത്തവര്‍ ദരിദ്ര കോളനികളില്‍ മാത്രം താമസിച്ചിരുന്ന, എവിടെ നോക്കിയാലും ഇന്ത്യന്‍ കുടിയേറ്റക്കാരില്ലാത്ത, മഹത്തായ കാലം.

ആ കാലത്തേക്ക് ഇനി ഒരിക്കലും ഒരു തിരിച്ചു പൊക്കില്ലെന്ന് അവര്‍ക്കറിയാം. പക്ഷെ അവരത് പറഞ്ഞു കൊണ്ടിരിക്കും. അങ്ങനെ പറയുമ്പോള്‍ കുട്ടികള്‍ അവരെ വാട്‌സ്ആപ്പ് അമ്മാവന്മാരെന്ന് വിളിക്കും. അവര്‍ പറയുന്നത് പഴഞ്ചന്‍ വര്‍ത്തമാനമാണെന്ന് പറഞ്ഞ് ചെറുപ്പക്കാര്‍ അവഗണിക്കും. കുട്ടികളും ചെറുപ്പക്കാരും ജനിച്ച അമേരിക്ക ഇപ്പോഴത്തെ അമേരിക്കയാണ്, മെക്‌സിക്കോക്കാരും ഇന്ത്യക്കാരും നിറഞ്ഞ അമേരിക്ക. അവര്‍ക്കത് മതി, പ്രായമായവരുടെ നൊസ്റ്റാള്‍ജിയയുടെ ബാധ്യത അവര്‍ക്കില്ല.

അവിടെയാണ് ഡൊണാള്‍ഡ് ട്രംപിന്റെ വിജയം. അമേരിക്കയിലെ നൊസ്റ്റാള്‍ജിയക്കാരെ അദ്ദേഹം കൃത്യമായി പ്രതിനിധീകരിച്ചു, അവര്‍ പറയാനാഗ്രഹിച്ച, പക്ഷെ ആരും കേള്‍ക്കാനില്ലാത്ത സ്ത്രീവിരുദ്ധതയും വംശീയതയും പച്ചയ്ക്ക് പറഞ്ഞു. തങ്ങള്‍ പറയാനാഗ്രഹിക്കുന്നത് പറയുന്ന ഒരാള്‍ക്ക് അവര്‍ വോട്ട് ചെയ്യുന്നു. അയാള്‍ എന്തെങ്കിലും ചെയ്യുമെന്ന ബോധ്യത്തിലല്ല, അയാള്‍ ഒന്നും ചെയ്തില്ലെങ്കിലും അവര്‍ക്ക് പ്രശ്‌നമല്ല, തങ്ങളുടെ പ്രതിനിധിയാണയാള്‍, അല്ലെങ്കില്‍ തങ്ങളുടെ മെഗാഫോണ്‍.

ഇതില്‍ സുരേഷ് ഗോപിക്കെന്താണ് കാര്യം എന്നല്ലേ?

കേരളത്തിലും മധ്യവയസ്‌കരും പ്രായമുള്ളവരും ചേര്‍ന്നാല്‍ യുവാക്കളെക്കാളും കൂടുതല്‍ വരും. അവരുടെ വോട്ട് മതി ജയിക്കാന്‍. വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും രാഷ്ട്രീയത്തില്‍ ഒരു താത്പര്യവുമില്ല, എങ്ങനെ നാട് വിടാന്‍ കഴിയുമെന്ന് റിസര്‍ച്ച് നടത്തിക്കൊണ്ടിരിക്കുന്നവരാണ് അവര്‍.

കേരളത്തിലെ പ്രായമുള്ളവരുടെ നൊസ്റ്റാള്‍ജിയയും അമേരിക്കയിലെ പ്രായമുള്ളവരുടെ നൊസ്റ്റാള്‍ജിയയും തമ്മില്‍ കാര്യമായ വ്യത്യാസമില്ല. തങ്ങളുടെ കുട്ടിക്കാലത്തു കണ്ടു പരിചയമില്ലാത്ത അന്യസംസ്ഥാന തൊഴിലാളികള്‍ വന്നു നിറഞ്ഞതാണ് കേരളത്തിന്റെ പ്രധാന പ്രശനം എന്ന് വിശ്വസിക്കുന്നവരാണ് തല നരച്ച മലയാളികളില്‍ മിക്കവരും.

തമിഴ്‌നാട്ടില്‍ നിന്ന് പച്ചക്കറി വരുന്നത് കൊണ്ട് നമ്മള്‍ സാമ്പത്തികമായി തകരുന്നു എന്നും ആ പച്ചക്കറികളില്‍ വിഷമുള്ളത് കൊണ്ടാണ് നമുക്ക് കാന്‍സര്‍ വരുന്നത് എന്നും അവര്‍ വിശ്വസിക്കുന്നു. തങ്ങളുടെ കുട്ടിക്കാലത്ത് പരിചയമില്ലാത്ത ഷോര്‍ട്ട്‌സ് ഇട്ട പെണ്‍കുട്ടികളും പ്രേമ വിവാഹങ്ങളും സ്വവര്‍ഗരതിക്കാരുമൊക്കെ ചേര്‍ന്ന് നമ്മുടെ സംസ്‌കാരം നശിപ്പിക്കുന്നു എന്നവര്‍ പരിതപിക്കുന്നു. ഏത് സംസ്‌കാരം,സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയം എന്ന് വിളിച്ച പണ്ടത്തെ കേരള സംസ്‌കാരം.

സുരേഷ് ഗോപി ചെയ്യേണ്ടത് ഇത്രയേയുള്ളൂ. കുടിയേറ്റക്കാരെ, അതായത് അന്യ സംസ്ഥാനക്കാരെ പുറത്താക്കുമെന്ന് പറഞ്ഞു ഒരു ക്യാമ്പെയ്ന്‍ നടത്തുക, കൂടെ തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറി നിരോധിക്കും, മുല്ലപ്പെരിയാര്‍ പൊളിക്കും എന്നും പറയുക.

പ്രേമ വിവാഹം ശരിയല്ല, കുട്ടികള്‍ ജീന്‍സ് ഇടരുത്, പെണ്ണുങ്ങള്‍ സാരി മാത്രം ഉടുക്കണം, ആണുങ്ങള്‍ ഷര്‍ട്ട് ഇടരുത്, റിസര്‍വേഷന്‍ ശരിയല്ല എന്നൊക്കെ ഇടക്കിടക്ക് ഓരോ ഡയലോഗ് കാച്ചണം. നട്ടെല്ലിന്റെയും നെഞ്ചളവിന്റെയും കാര്യം എല്ലാ പ്രസംഗത്തിലും പറയണം.

ആദ്യമൊക്കെ ട്രോളന്മാര്‍ കളിയാക്കും, അത് കൊണ്ട് ഗുണമേ ഉണ്ടാകൂ. ക്രമേണ യൂട്യൂബര്‍ ഇതിനൊക്കെ ഓരോ ന്യായീകരണവുമായി വരും, കാരണം വിദ്വേഷ യൂട്യൂബര്‍മാരുടെ പ്രധാന വരുമാനം തല നരച്ചവരാണ്. കേശവ മാമന്മാര്‍ അതൊക്കെ വാട്‌സ്ആപ്പില്‍ ഷെയര്‍ ചെയ്യും. ഇടക്കൊക്കെ പത്രക്കാരെ ചീത്ത വിളിക്കുകയോ വേണമെങ്കില്‍ തല്ലുകയോ ചെയ്യാം, അതിനിപ്പോള്‍ ഒടുക്കത്തെ ഡിമാന്‍ഡാണ്.

ഇത്തരമൊരു ക്യാമ്പയിന്‍ നടത്താന്‍ ഇന്ന് സുരേഷ് ഗോപിയേക്കാളും നല്ലൊരു മലയാളിയില്ല. സുരേഷ് ഗോപിക്ക് അതിനുള്ള സ്വാഗ് ഉണ്ട്, സൈസ് ഉണ്ട്, പ്രസംഗ പാടവമുണ്ട്, സ്‌ക്രീന്‍ പ്രസന്‍സ് ഉണ്ട്, പണമുണ്ട്. മുപ്പതോ മുപ്പത്തഞ്ചോ ശതമാനം പേര്‍ പിന്നിലുണ്ടെങ്കില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്യും. കേരളത്തിന്റെ സ്വന്തം ഡൊണാള്‍ഡ് ട്രംപ് ആണ് സുരേഷ് ഗോപി.

ശക്തമായ ഒരു മുദ്രാവാക്യമാണ് സുരേഷ് ഗോപിയുടെ റണ്ണിന് ഇനി വേണ്ടത്. അതിന് ട്രംപിന്റെ മുദ്രാവാക്യം ചെറുതായൊന്ന് മാറ്റിയാല്‍ മതി. ‘മെയ്ക് കേരള ഗ്രേറ്റ് എഗൈന്‍’. സ്വാമി വിവേകാനന്ദന്‍ കണ്ട ഭൂതകാലത്തിലേക്ക് കേരളത്തെ നയിക്കാന്‍ സുരേഷ് ഗോപിയെക്കാളും നല്ല വേറൊരാളില്ല.

Content Highlight: Farooq writes about Suresh Gopi

ഫാറൂഖ്

ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ

We use cookies to give you the best possible experience. Learn more