സ്വാശ്രയ ക്യാമ്പസ്; ഇവിടെ സ്‌കൂളുമുണ്ടോ?
DISCOURSE
സ്വാശ്രയ ക്യാമ്പസ്; ഇവിടെ സ്‌കൂളുമുണ്ടോ?
ഫാറൂഖ്
Saturday, 10th June 2023, 8:13 pm
'ഇവിടെ മൂന്നു പേര്‍ കൂടി നിന്ന് അഞ്ചു മിനുട്ട് സംസാരിച്ചാല്‍ ക്യാമറ പിടിക്കും. ആദ്യം ടീച്ചര്മാര് വിളിപ്പിക്കും, പിന്നെ മാനേജ്മന്റ്. അവര്‍ രക്ഷിതാക്കളെ വിളിപ്പിച്ചു ഭീഷണിപ്പെടുത്തും. രക്ഷിതാക്കള്‍ കുട്ടികളെ ചീത്ത വിളിക്കും അല്ലെങ്കില്‍ ഇമോഷണലി ബ്ലാക്മെയ്ല്‍ ചെയ്യും. ഇതിനിടക്ക് എന്ത് ആക്ടിവിസമാണ്. ലോകം എങ്ങനെയെങ്കിലും പോട്ടെ, ഞങ്ങള്‍ക്ക് ഇവിടുന്ന് എങ്ങനെയെങ്കിലും പുറത്തിറങ്ങിയാല്‍ മതി ' കുട്ടികള്‍ പറയുന്നതാണ്. നമ്മുടെ സമൂഹത്തിന്റെ അകാല വാര്ധക്യത്തിനും പിന്‍വലിയലിനും കാരണം തേടി വേറെങ്ങും പോകണ്ട, ക്യാമ്പസുകള്‍ ഒരു പ്രാവശ്യം സന്ദര്‍ശിച്ചാല്‍ മതി.

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത അമല്‍ജ്യോതി കോളേജ്‌

‘ഈ ക്യാമ്പസില്‍ സ്‌കൂളും ഉണ്ടോ ?’ എനിക്കാദ്യം ചോദിക്കാന്‍ തോന്നിയത് അങ്ങനെയായിരുന്നു.

അമ്മാവന്മാര്‍ക്ക് അസൂയ പൂക്കുന്ന ഇടമാണ് കാമ്പസും പരിസരങ്ങളും. കോളേജില്‍ പോകാന്‍ ഭാഗ്യമില്ലാതിരുന്ന അമ്മാവന്മാര്‍ക്ക് തങ്ങള്‍ക്ക് ലഭിക്കാത്ത സന്തോഷങ്ങള്‍ വേറൊരാള്‍ അനുഭവിക്കുന്നത് കാണുമ്പോഴുള്ള അസൂയ, കോളേജില്‍ പോയ അമ്മാവന്മാര്‍ക്ക് തങ്ങള്‍ പോയ കോളേജിനേക്കാള്‍ മികച്ച ക്യാമ്പസാണല്ലോ ഇപ്പോഴത്തെ കുട്ടികള്‍ക്ക് കിട്ടുന്നതെന്ന അസൂയ. ഇതില്‍ രണ്ടാമത്തേതാണ് ഞാന്‍.

കോളേജില്‍ പഠിക്കുന്ന സമയത്ത് കോളേജിലെ അനുഭവങ്ങളെ കുറിച്ച് എന്നോട് സ്ഥിരമായി ചോദിക്കുന്ന ഒരമ്മാവനുണ്ടായിരുന്നു നാട്ടില്‍. അയാള്‍ കണ്ട സിനിമകളില്‍ കോളേജില്‍ ഹോക്കി സ്റ്റിക്ക് കൊണ്ടുള്ള തല്ലും വരാന്തകളിലെ ഗ്രൂപ് ഡാന്‍സും പ്രേമവും പ്രതികാരവും വിപ്ലവുമൊക്കെ ഉണ്ടായിരുന്നു. ഞാന്‍ പഠിച്ച ക്യാമ്പസിലും ഹോക്കി സ്റ്റിക്ക് കൊണ്ടുള്ള തല്ലും വരാന്തകളിലെ ഗ്രൂപ് ഡാന്‍സും ഒഴിച്ച് മറ്റെല്ലാം ഏറിയും കുറഞ്ഞുമായി ഉണ്ടായിരുന്നു. കലോത്സവങ്ങള്‍, ആര്‍ട്ട്, രാഷ്ട്രീയം, ആക്ടിവിസം, പ്രേമം, സൗഹൃദം, തല്ല്, പക, പ്രതികാരം, ഫാഷന്‍, സ്‌പോര്‍ട്‌സ് ഒക്കെ.

ഓരോ തലമുറയും തങ്ങളുടേതിനേക്കാള്‍ മികച്ച കാമ്പസാണ് അടുത്ത തലമുറയില്‍ വരാന്‍ പോകുന്നതെന്ന് സ്വാഭാവികമായും വിശ്വസിച്ചിരുന്നു.

തൊണ്ണൂറുകളിലെ ക്യാമ്പസുകളില്‍ ജീവിച്ച എനിക്കും അങ്ങനെ തോന്നാന്‍ ന്യായങ്ങള്‍ ഉണ്ടായിരുന്നു. ടെക്‌നോളജിയില്‍ വന്ന മാറ്റങ്ങള്‍, സാമ്പത്തികമായ പുരോഗതി, സോഷ്യല്‍ മീഡിയ, സ്ത്രീപുരുഷ ബന്ധങ്ങളില്‍ വന്ന മാറ്റങ്ങള്‍, ഇന്റെര്‌നെറ്റിലൂടെ ലഭിക്കുന്ന വിശാലമായ ലോക പരിചയം മുതലായവ വച്ച് ഇന്നത്തെ കാമ്പസുകള്‍ ഞങ്ങള്‍ക്ക് സ്വപ്‌നം കാണാന്‍ കഴിക്കുന്നതിനേക്കാള്‍ വര്ണാഭമാകേണ്ടതാണ്,  അതായിരുന്നു ക്യാമ്പസ് വിട്ട് കാലങ്ങള്‍ക്ക് ശേഷം മറ്റൊരു കാമ്പസിലേക്ക് കടക്കുമ്പോള്‍ എന്റെ തോന്നല്‍.

അമല്‍ജ്യോതി കോളേജില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി ശ്രദ്ധ സതീഷ്‌

വോക്ക് എന്ന് വിളിക്കപ്പെടുന്ന, തീവ്ര ഇടതുപക്ഷം നിറഞ്ഞൊഴുകുന്ന ചില അമേരിക്കന്‍ ക്യാമ്പസുകള്‍ പരിചയപ്പെടാന്‍ അതിനിടക്ക് അവസരം ലഭിച്ചിട്ടുണ്ടായിരുന്നു. കാലാവസ്ഥ വ്യതിയാനം, ബ്ലാക്ക് ലിവ്സ് മാറ്റര്‍ മുതല്‍ ഒക്കുപൈ വാള്‍സ്ട്രീറ്റ് വരെയുള്ള ആക്ടിവിസം, ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചു താമസിക്കുന്ന ഹോസ്റ്റലുകള്‍, നിയമപരമായ കഞ്ചാവ്, ക്ളാസ് മുറികളിലും പുറത്തുമുള്ള ടെക്‌നോളജിയുടെ നിരന്തരമായ ഉപയോഗം, ടിന്‍ഡര്‍, സ്‌നാപ്പ്ചാറ്റ് പോലുള്ള അപ്പുകളിലൂടെ പൂത്തു തളിര്‍ക്കുന്ന സൗഹൃദങ്ങളും ഡേറ്റിംഗും, തുടങ്ങി 2000 നു ശേഷം ലോകത്തെങ്ങും കാമ്പസുകള്‍ മാറിമറിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.

പുതിയ തലമുറ വഴിതെറ്റി പോകുകയാണല്ലോ ഈശ്വരാ എന്ന് എല്ലാ തലമുറയിലെയും എല്ലാ അമ്മാവന്മാരെയും പോലെ ഞാനും ചിലപ്പോഴൊക്കെ പറയാറുണ്ടായിരുന്നു.

എല്ലാ തലമുറയും വരാനുള്ള തലമുറ വഴിപിഴച്ചു പോകുന്നതിനെ കുറിച്ച് വേവലാതിപ്പെടും, അതെ സമയം എല്ലാ തലമുറയും മുമ്പത്തെ തലമുറകള്‍ എത്ര മോശമായിരുന്നു എന്ന് തെളിയിക്കുകയും ചെയ്യും

ലോകമുണ്ടായത് മുതല്‍ അങ്ങനെയാണ്.

മധ്യകേരളത്തിലെ ഒരു ഒരു സ്വാശ്രയ കോളേജില്‍ സുഹൃത്തിനോടൊപ്പം ഒരു കുട്ടിയെ കാണാന്‍ പോയതായിരുന്നു ഞാന്‍. യൂണിഫോമിട്ട കുറെ ആണ്‍കുട്ടികളെയാണ് ഗേറ്റിനടുത്ത് കണ്ടത്, അതാണെങ്കില്‍ ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും അഭംഗിയുള്ളത് എന്ന് സംശയമില്ലാതെ പറയാവുന്ന വസ്ത്രം, ഇളം നീല ഷര്‍ട്ടും കടും നീല പാന്റും.

വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അമല്‍ജ്യോതി കോളേജില്‍ വെച്ച് നടന്ന മന്ത്രിതല ചര്‍ച്ച

വര്‍ണങ്ങളെ മാത്രമല്ല ജീവിതത്തെ പോലും വെറുക്കുന്ന ആരോ ആകും അത്തരം ഒരു യൂണിഫോം ഡിസൈന്‍ ചെയ്തിട്ടുണ്ടാകുക എന്നുറപ്പ്. ഞാന്‍ ആദ്യമായിട്ടായിരുന്നു കേരളത്തിലെ ഒരു സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജില്‍ പോകുന്നത്. കേരളത്തില്‍ മികച്ച ഒരു സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ പഠിച്ച എനിക്ക് ഇളംനീല ഷര്‍ട്ടും കടും നീല പാന്റും ധരിച്ച ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ സങ്കല്‍പ്പിക്കാന്‍ പോലുമാകുമായിരുന്നില്ല, എല്ലാവരും അവരവര്‍ക്കിഷ്ടപ്പെട്ട വസ്ത്രങ്ങള്‍ ധരിച്ചു വന്നിരുന്ന ക്യാമ്പസായിരുന്നു എന്റേത്.

കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജിനോട് ചേര്‍ന്ന് ഒരു ഹൈസ്‌കൂള്‍ ഉണ്ടായിരുന്നു, ഇപ്പോഴുമുണ്ട് എന്ന് തോന്നുന്നു. കോളേജിലെയും സ്‌കൂളിലെയും കുട്ടികളെ തമ്മില്‍ തിരിച്ചറിയാനുള്ള മാര്‍ഗമായിരുന്നു അവിടെ യൂണിഫോം. യൂണിഫോമിട്ടവര്‍ സ്‌കൂളുകാര്‍, ഇടാത്തവര്‍ കോളേജുകാര്‍. ആ ഓര്മയിലാണ് യൂണിഫോമിട്ട് വരുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയോട് ഈ ക്യാമ്പസില്‍ സ്‌കൂള്‍ ഉണ്ടോ എന്ന് ചോദിയ്ക്കാന്‍ പെട്ടെന്ന് തോന്നിയത്.

മലയാളത്തിലെ എക്കാലത്തെയും മികച്ച ക്യാമ്പസ് സിനിമകളിലൊന്നായ ക്ലാസ്‌മേറ്റ്‌സ്‌

മലയാളത്തില്‍ അടുത്ത കാലത്തായി ക്യാമ്പസ് സിനിമകള്‍ ഇറങ്ങാത്തത് എന്താണെന്നും ഇറങ്ങുന്നവ തന്നെ ഭൂതകാലത്തില്‍ സെറ്റിട്ട് നിര്മിക്കുന്നതെന്തിനാണെന്നും അന്നെനിക്ക് മനസ്സിലായി. ഒരു കാലത്ത് വര്‍ണ്ണാഭമായ സിനിമകളൊക്കെ കാമ്പസുകളുടെ പ്ലോട്ടിലാണ്‌ നിര്‍മിച്ചിരുന്നത്.

ഇന്ന്, തല്ലുമാല പോലെ നിറങ്ങള്‍ വാരിവിതറുന്ന സിനിമകള്‍ ക്യാമ്പസിന് പുറത്തു നിര്‍മിക്കപെടുമ്പോള്‍ കടും നീലയും ഇളം നീലയുമുള്ള ക്യാമ്പസുകള്‍ ആര്‍ക്ക് കാണണം.

സ്‌പോര്‍ട്‌സും, ആര്‍ട്ടും, സൗഹൃദവും പ്രേമവും തല്ലും ഇല്ലാത്ത ഈ ക്യാമ്പസിന്റെ ക്യാന്‍വാസുകളില്‍ എന്ത് കഥകളാണെഴുതേണ്ടത്. സപ്പ്‌ളികള്‍ എഴുതുന്നതിന്റെയും ക്യാമ്പസ് ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യുന്നതിന്റെയും കഥകളോ?

യൂണിഫോം എന്തിനാണെന്ന് ഒരിക്കലും മനസ്സിലാവാത്ത ഒരാളായിരുന്നു ഞാന്‍. പണ്ടെപ്പോഴോ പണമുള്ളവര്‍ക്ക് മാത്രം നല്ല വസ്ത്രങ്ങള്‍ വാങ്ങാന്‍ കഴിഞ്ഞിരുന്ന കാലത്ത് ആരുടെയോ മനസ്സില്‍ തോന്നിയ ഐഡിയ ആയിരിക്കും പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള വ്യത്യാസം അറിയാതിരിക്കാന്‍ യൂണിഫോം ഏര്‍പ്പെടുത്തുക എന്നത്.

തുല്യത എന്നത് കൃത്രിമ ധാരണകളിലൂടെ ഉണ്ടാക്കേണ്ടതാണെന്ന് കരുതിയ ഏതോ വിപ്ലവകാരിയോ പട്ടാളച്ചിട്ടയോടെ അച്ചടക്കം പഠിക്കേണ്ടവരാണ് വിദ്യാര്ഥികളെന്ന് തോന്നിയ പാരമ്പര്യവാദിയോ ഒക്കെയായിരിക്കും ഇതിനു പിന്നില്‍. യൂണിഫോം ഉണ്ടായിരുന്ന എന്റെ ഹൈസ്‌കൂളിലും യൂണിഫോം ഇല്ലാതിരുന്ന എന്റെ കോളേജിലും പണക്കാരും പാവപ്പെട്ടവരും ഉണ്ടായിരുന്നു, അതൊരിക്കലും ഒരു പ്രശ്‌നമായിരുന്നതുമില്ല. യാത്രകളില്‍ പിന്നീട് സ്‌കൂളുകളിലൊന്നും യൂണിഫോം കണ്ടതുമില്ല.

തുച്ചവിലക്ക് കിട്ടുന്ന ഹൂഡിയും നെറ്റ്പാന്റും ധരിച്ചു സ്‌കൂളിലോ കോളേജിലോ ഒക്കെ വരുന്ന കുട്ടികളാണ് ലോകം മുഴുവനും.

യൂണിഫോം മാത്രമായിരുന്നില്ല അന്നത്തെ എന്റെ അത്ഭുതങ്ങള്‍. അവിടെക്കണ്ട ആണ്‍കുട്ടികളുടെ കൂട്ടത്തില്‍ ഒരു പെണ്‍കുട്ടി പോലുമില്ല. മെക്കാനിക്കല്‍ എഞ്ചിനീറിങ് ബാച്ച് ആയിരിക്കുമെന്നാണ് ആദ്യം കരുതിയത്. റോയല്‍ മെക്ക് എന്ന് അവര്‍ സ്വയം വിളിക്കുന്ന മെക്കാനിക്കല്‍ എഞ്ചിനീറിങ് ബാച്ചുകളില്‍ പൊതുവെ പെണ്‍കുട്ടികള്‍ ഉണ്ടാകാറില്ലായിരുന്നു ഒരു കാലത്ത്. പിന്നീട് അതൊക്കെ മാറി ഒരു പാട് പെണ്‍കുട്ടികള്‍ എല്ലാ ബാച്ചിലും വരാന്‍ തുടങ്ങിയിരുന്നു എന്ന് കേട്ടിരുന്നു. അതൊന്നുമല്ലായിരുന്നു കാര്യം. ആ കോളേജില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി പ്രത്യേകം ഒരു ഗേറ്റുണ്ട്. ആ ഗേറ്റിലൂടെ അവര്‍ ഹോസ്റ്റലിലേക്ക് പോണം, അതാണ് നിയമം എന്ന് ഒരു വിദ്യാര്‍ത്ഥി പറഞ്ഞു.

പാലായിലെ എന്‍ഡ്രന്‍സ് കോച്ചിങ് സെന്ററുകളിലൊന്ന്‌

പത്തില്‍ ഉന്നതവിജയം നേടിയ ഒരു സുഹൃത്തിന്റെ മകളെ പാലായിലെ അറിയപ്പെടുന്ന ഒരു എന്‍ട്രന്‍സ് കോച്ചിങ് സ്ഥാപനത്തില്‍ ചേര്‍ര്‍ക്കണം, സുഹൃത്ത് അതിനു വേണ്ടിയുള്ള പരക്കം പാച്ചിലിലാണ്, ആ യാത്രക്കിടയിലാണ് പരിചയക്കാരന്റെ കുട്ടി പഠിക്കുന്ന കോളേജിലെത്തിയത്.

‘പാലായിലെന്താ പ്രത്യേകത?’ ഞാന്‍ ചോദിച്ചു.

എന്ട്രന്‌സിന്റെ ഫോര്‍മാറ്റില്‍ കഴിഞ്ഞ പത്തു മുപ്പത് കൊല്ലങ്ങളായി പ്രത്യേകിച്ച് മാറ്റമൊന്നും വന്നിട്ടില്ല. മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളാണ്, അതിന് ഉത്തരങ്ങള്‍ കണ്ടു പിടിക്കുന്നതിനാണ് പരിശീലനം. കോച്ചിങിനും അന്നും ഇന്നും ഒരേ രീതിയാണ്, പരമാവധി ചോദ്യങ്ങള്‍ തയ്യാറാക്കി വച്ചിട്ടുണ്ടാകും, അതിന്റെ ഉത്തരങ്ങള്‍ കണ്ടുപിടിക്കുന്ന വിധം പരിശീലിപ്പിക്കും. ആയിരക്കണക്കിന് ചോദ്യങ്ങളും ഉത്തരങ്ങളും പരിശീലിക്കുന്നവര്‍ ഉന്നത റാങ്ക് നേടും എന്നതാണ് വെപ്പ്. അത് പരിശീലിപ്പിക്കുന്ന സ്ഥാപനങ്ങള്‍ നാട്ടിലെങ്ങുമുണ്ട്. അവിടെയൊന്നും പോകാതെ കുട്ടികള്‍ പാലാക്ക് പോകുന്നത് എന്തിനായിരിക്കും.

‘അവിടെ ഭയങ്കര സ്ട്രിക്ട് ആണ്, അവിടെത്തന്നെയാണ് താമസം. മൊബൈല്‍ ഫോണ്‍ കൊടുക്കില്ല, ആഴ്ചയില്‍ ഒരു ദിവസമേ വീട്ടിലേക്ക് വിളിക്കാന്‍ പറ്റൂ, അതും ലാന്‍ഡ്‌ഫോണില്‍. രണ്ടു മാസം കൂടുമ്പോള്‍ രണ്ടു ദിവസത്തേക്ക് നാട്ടില്‍ വരാം. പാട്ടില്ല, വായനയില്ല, സ്‌പോര്‍ട്‌സില്ല, സുഹൃത്തുക്കളില്ല, ബന്ധുക്കളില്ല, പഠനം മാത്രം’

‘അതും ജയിലുമായി എന്ത് വ്യത്യാസം’ ഞാന്‍ ചോദിച്ചു.

സുഹൃത്തിന്റെ മകള്‍ കാര്യമായ നിരാശയിലും സങ്കടത്തിലും ആയിരിക്കുമെന്നാണ് ഞാന്‍ കരുതിയത്, പക്ഷെ, പാലായില്‍ അഡ്മിഷന്‍ കിട്ടുന്നതില്‍ വളരെ സന്തോഷത്തിലായിരുന്നു ആ കുട്ടി. കുറച്ചു നേരം സംസാരിച്ചപ്പോള്‍ എനിക്കൊരു കാര്യം മനസ്സിലായി, എത്രയോ കൊല്ലങ്ങളായി ഈ കുട്ടിയുടെ തലച്ചോറിലേക്ക് ടീച്ചര്‍മാരും രക്ഷിതാക്കളും ചേര്‍ന്ന് പ്രോഗ്രാം ചെയ്തു വച്ചിരിക്കുന്ന ലക്ഷ്യമാണത്, എന്‍ട്രന്‍സില്‍ ഉന്നത റാങ്ക്, നല്ല ഒരു എഞ്ചിനീയറിംഗ് കോളേജിലോ മെഡിക്കല്‍ കോളേജിലോ ഉള്ള പഠനം, അവിടെയും ഉന്നത വിജയം, അത് കഴിഞ്ഞു അറയ്‌ന്ജ്ഡ് മാര്യേജ്. ഇതൊക്കെ നേടുന്നവര്‍ ജയിച്ചു, ഇല്ലാത്തവര്‍ തോറ്റു. വിജയത്തിലേക്ക് മുന്നേറുന്നതിന്റെ സന്തോഷത്തിലാണ് ആ കുട്ടി.

‘നിനക്കൊക്കെ ഐഡിയലിസം പറയാം, നല്ലൊരു റാങ്ക് കിട്ടിയിട്ടില്ലെങ്കില്‍ അവള്‍ക്കെന്താണ് ഭാവി, വേറെന്തെങ്കിലും പഠിച്ചവര്‍ക്ക് ഇവിടെ കൊള്ളാവുന്ന ഒരു ജോലി കിട്ടുമോ. വിദേശത്തെവിടെയെങ്കിലും പോയി രക്ഷപെടുവാന്‍ പറ്റുമോ’ സുഹൃത്ത് ചോദിച്ചു. എനിക്കുത്തരമുണ്ടായില്ല, ഇന്നും ഉത്തരമില്ല.

സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജില്‍ പഠിപ്പിക്കുന്ന ഒരു സുഹൃത്തിനോട് പുതിയ കോളേജ് സംസ്‌കാരത്തെ കുറിച്ച് ചോദിച്ചു.

‘നമ്മളൊക്കെ ക്യാമ്പസുകളില്‍ ജീവിച്ച പോലെ ഞാന്‍ പഠിപ്പിക്കുന്ന കുട്ടികളും ജീവിക്കണമെന്ന് എനിക്കും ആഗ്രഹമുണ്ട്’ അധ്യാപക സുഹൃത്ത് പറഞ്ഞു.

അക്ഷരാര്ഥത്തിലുള്ള സ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു തൊണ്ണൂറുകളിലെ കോളേജ് അഡ്മിഷന്‍.

യൂണിഫോമില്‍ നിന്നുള്ള മോചനം, ക്ലാസ്സില്‍ കയറുകയോ കയറാതിരിക്കുകയോ ചെയ്യാം, സിനിമക്ക് പോകാം. രാഷ്ട്രീയ പ്രവര്‍ത്തനവും കലാ പ്രവര്‍ത്തനവും നടത്താം, ആക്ടിവിസ്റ്റ് ആകാം, പ്രേമിക്കാം, ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കാം. സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്യാം. കടപ്പുറത്തോ പാര്‍ക്കിലോ പോകാം. ആരും ചോദിക്കില്ല.

‘അങ്ങനെയൊക്കെ ജീവിക്കാന്‍ കുട്ടികളെ വിട്ടാല്‍ ഈ കോളേജ് പൂട്ടും, ഒരു രക്ഷിതാവിനും അത്തരം കോളേജുകളിലേക്ക് കുട്ടികളെ അയക്കേണ്ട. കുട്ടികള്‍ അടക്കുന്ന ഫീസ് ആണ് ഞങ്ങളുടെ ശമ്പളം. എത്രത്തോളം സ്ട്രിക്ട് ആണോ അത്രയും തിരക്കുണ്ടാകും അഡ്മിഷന്. ഫീസ് കൂടും. മാനേജ്‌മെന്റിന് ലാഭവും അധ്യാപകര്‍ക്ക് ശമ്പളവും കിട്ടും’. എനിക്കെതിരൊന്നും പറയാനുണ്ടായിരുന്നില്ല, സത്യം പറയുന്നവരോട് എതിര് പറഞ്ഞിട്ടെന്തിനാണ്.

‘അത് മാത്രമല്ല പ്രശ്‌നം. ഈ കുട്ടികള്‍ മിക്കവരും ഒരു താല്പര്യവുമില്ലാതെ രക്ഷിതാക്കള്‍ക്ക് വേണ്ടി ഈ കോഴ്‌സ് എടുത്തവരാണ്. തല്ലി പഠിപ്പിച്ചില്ലെങ്കില്‍ ആരും പഠിക്കില്ല’, മാനേജ്‌മെന്റില്‍ പ്രവര്‍ത്തിക്കുന്ന ഒരു സുഹൃത്ത് പറഞ്ഞു. എല്ലാവര്ക്കും പറയാന്‍ കാരണങ്ങളുണ്ട്. എല്ലാം സത്യവുമാണ്.

കുട്ടികളോട് സംസാരിക്കുമ്പോള്‍ ഒരു കാര്യം മനസ്സിലാകും. അവര്‍ മുന്‍ തലമുറയെക്കാള്‍ എത്രയോ ബുദ്ധിയുള്ളവരും ലോക വിവരമുള്ളവരുമാണ്. സീരീസുകളിലൂടെയും ഇംഗ്ലീഷ്, കൊറിയന്‍, ഇറാനിയന്‍ സിനിമകളിലൂടെയും ഇന്റര്‍നെറ്റിലൂടെയും അവര്‍ കണ്ട ലോകം നമ്മള്‍ അമ്മാവന്മാര്‍ക്ക് ഒരിക്കലും കാണാന്‍ കഴിയാത്തതാണ്.

പത്രം വായിക്കുന്നവരല്ലെങ്കിലും മിക്കവരും പുസ്തകങ്ങള്‍ വായിക്കുന്നുണ്ട്. ന്യൂസ് ടെലിവിഷന്‍ കാണാത്തതും ഫേസ്ബുക് ഉപയോഗിക്കാത്തതും കാരണമായിരിക്കാം വര്‍ഗീയത തീരെയില്ല. ജാതി മത ചിന്തകള്‍ക്ക് അതീതമായ സൗഹൃദം കുട്ടികളില്‍ പ്രകടമായി കാണാം. ടെക്‌നോളജിയിലും സാങ്കേതികതയിലും നല്ല അവബോധമുണ്ട്, മുന്‍തലമുറക്ക് അന്യമായ തുല്യതാ ബോധമുണ്ട്.

പക്ഷെ മുന്‍കാല വിദ്യാര്‍ത്ഥികളെ അപേക്ഷിച്ചു ഒരു കാര്യം അവരുടെ വിദ്യാര്‍ത്ഥി ജീവിതത്തില്‍ നിന്ന് പ്രകടമായി അപ്രത്യക്ഷമായതായി കാണാം – റെബലിയന്‍ അഥവാ വിപ്ലവബോധം.

അമ്മാവന്മാരും അപ്പൂപ്പന്മാരുമൊക്കെ ഭൂതകാലം നോക്കിയിരിക്കുന്നവരാണ് – നൊസ്റ്റാള്‍ജിയക്കാര്‍. ഭൂതകാലം നിലനിര്‍ത്തുക എന്നതായിരിക്കും പൊതുവെ അവരുടെ മുന്‍ഗണന. കുട്ടികള്‍ക്ക് നൊസ്റ്റാള്‍ജിയ ഇല്ല. അവര്‍ക്ക് ഭാവിയെ മാത്രമേ നോട്ടമുണ്ടാകൂ. അതുകൊണ്ടാണ് ചുറ്റും കാണുന്ന ജീര്ണതകളെയും അസമത്വങ്ങളെയും ഇല്ലാതാക്കാനുള്ള ആക്ടിവിസങ്ങള്‍ ക്യാമ്പസുകളില്‍ നിന്ന് വന്നു കൊണ്ടിരുന്നത് .

നമ്മുടെ കോളേജില്‍ ഇന്ന് കാണുന്നത് അതല്ല. കുട്ടികള്‍ക്ക് അത്തരം ചിന്തകളേയില്ല, അവര്‍ക്ക് ഒന്നുകില്‍ ബി-ഗ്രേഡ് എഞ്ചിനീയറിംഗ് കോളേജുകളില്‍ നിന്ന് കൂട്ടത്തോടെ യുവാക്കളെ റിക്രൂട് ചെയ്ത് അടിമപ്പണി ചെയ്യിക്കുന്ന ഐ.ടി കമ്പനികളിലേതിലെങ്കിലും ജോലിക്ക് കയറണം, അല്ലെങ്കില്‍ ഉപരിപഠനത്തിന് എന്ന പേരില്‍ അമേരിക്ക, കാനഡ, യൂകെ എന്നിവിടങ്ങളിലേതിലെങ്കിലും പോയി അവിടെ സ്ഥിരമാകണം. ലോകത്തെങ്ങും വിദ്യാര്‍ത്ഥികളില്‍ കാണുന്ന വിപ്ലവചിന്തകള്‍ നഴ്‌സറി കാലംതൊട്ട് കുറേശ്ശ കുറേശ്ശയായി ഊറ്റിയെടുക്കപ്പെട്ട ഒരു കൂട്ടം കുട്ടികളെയാണിന്ന് നമ്മുടെ കോളേജുകളില്‍ കാണുന്നത്. അമ്മാവന്മാര്‍ ഏതാണ് കുട്ടികള്‍ ഏതാണ് എന്ന് തിരിച്ചറിയാനാവാത്ത അവസ്ഥ.

‘നമ്മള്‍ സന്ദേശം കണ്ടതിന് ശേഷമാണല്ലോ കല്യാണം കഴിച്ചത്, അതിന് ശേഷമാണല്ലോ ഇക്കാണുന്ന കുട്ടികളൊക്കെ ഉണ്ടായത്. അവരില്‍ നിന്ന് അത്രയൊക്കെ പ്രതീക്ഷിച്ചാല്‍ മതി ‘ അധ്യാപക സുഹൃത്ത് പറഞ്ഞു. പക്ഷെ കുട്ടികള്‍ക്ക് പറയാനുള്ളത് മറ്റൊന്നാണ്,

‘ഇവിടെ മൂന്നു പേര്‍ കൂടി നിന്ന് അഞ്ചു മിനുട്ട് സംസാരിച്ചാല്‍ ക്യാമറ പിടിക്കും. ആദ്യം ടീച്ചര്മാര് വിളിപ്പിക്കും, പിന്നെ മാനേജ്മന്റ്. അവര്‍ രക്ഷിതാക്കളെ വിളിപ്പിച്ചു ഭീഷണിപ്പെടുത്തും. രക്ഷിതാക്കള്‍ കുട്ടികളെ ചീത്ത വിളിക്കും അല്ലെങ്കില്‍ ഇമോഷണലി ബ്ലാക്മെയ്ല്‍ ചെയ്യും. ഇതിനിടക്ക് എന്ത് ആക്ടിവിസമാണ്. ലോകം എങ്ങനെയെങ്കിലും പോട്ടെ, ഞങ്ങള്‍ക്ക് ഇവിടുന്ന് എങ്ങനെയെങ്കിലും പുറത്തിറങ്ങിയാല്‍ മതി ‘ കുട്ടികള്‍ പറയുന്നതാണ്. നമ്മുടെ സമൂഹത്തിന്റെ അകാല വാര്ധക്യത്തിനും പിന്‍വലിയലിനും കാരണം തേടി വേറെങ്ങും പോകണ്ട, ക്യാമ്പസുകള്‍ ഒരു പ്രാവശ്യം സന്ദര്‍ശിച്ചാല്‍ മതി.

അതിനിടക്ക് വേറെ ചില കുട്ടികളെ കൂടി കണ്ടു. അവര്‍ക്ക് കോളേജില്‍ പോകുന്ന കാലം, അതായത് 18 മുതല്‍ 23 വയസ്സ് വരെ ജയിലിലെ പോലെ ജീവിക്കാന്‍ വയ്യ. ജീവിതത്തിലെ ഏറ്റവും വര്‍ണാഭമായ കാലത്ത് കടും നീല പാന്റും ഇളം നീല ഷര്‍ട്ടും ഇട്ട് അവര്‍ക്ക് ജീവിക്കാന്‍ വയ്യ. അവര്‍ക്ക് സിനിമക്ക് പോണം, ഫുട്‌ബോള്‍ കളിക്കണം, അവരുടെ ഇഷ്ട ക്ലബ്ബ്കള്‍ക്ക് വേണ്ടി ആര്‍ത്തു വിളിക്കണം, സുഹൃത്തുക്കള്‍ വേണം, അവരുടെ കൂടെ കറങ്ങി നടക്കണം, പ്രേമിക്കണം, ആക്ടിവിസം വേണം, മുദ്രാവാക്യം വിളിക്കണം, അതിന്റെ കൂടെ പഠിക്കുകയും നല്ലൊരു ജീവിതവും സമൂഹവും കെട്ടിപ്പടുക്കുകയും വേണം.

‘ഞാന്‍ പോകുകയാണ്’ ഒരു കുട്ടി പറഞ്ഞു.
‘എങ്ങോട്ട്’
‘ചുരുങ്ങിയ ചെലവില്‍ പഠിക്കാവുന്ന കുറെ രാജ്യങ്ങളുണ്ട്, ജോര്‍ജിയ, ഉസ്ബെക്കിസ്ഥാന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലൊക്കെ നോക്കുന്നുണ്ട്. ചില ഏജന്‍സികളോടൊക്കെ പറഞ്ഞു വച്ചിട്ടുണ്ട്. ബാങ്ക് ലോണിന് ശ്രമിക്കുന്നുണ്ട് ‘

അമ്മാവന്മാര്‍ക്ക് അസൂയപ്പെടാനുള്ള ഒന്നും ഈ ക്യാമ്പസിലില്ല. നിറം മങ്ങിയ ഇഷ്ടികകളില്‍ നിര്‍മിച്ച വരണ്ടുണങ്ങിയ ബില്‍ഡിംഗ്, കൂട്ടം കൂടി നില്‍ക്കാതെയും തമാശകള്‍ പറഞ്ഞു പൊട്ടിച്ചിരിക്കാതെയും ഒറ്റക്കോ പരമാവധി രണ്ടോ മൂന്നോ പേരുള്ള കൂട്ടങ്ങളായോ സ്‌കൂള്‍ കുട്ടികളെ പോലെ പുസ്തകങ്ങളും ബാഗുകളുമായി നാളത്തെ ടെസ്റ്റ് പേപ്പറിനെ കുറിച്ച് മാത്രം സംസാരിച്ചു നടന്നു പോകുന്ന ഇരുപതു വയസ്സുകാര്‍, ഗേറ്റ് അടക്കുന്നതിനു മുമ്പ് ഹോസ്റ്റലിലേക്ക് എത്താന്‍ ആഞ്ഞു നടക്കുന്ന പെണ്‍കുട്ടികള്‍, ഓരോ കുട്ടിയേയും സൂക്ഷിച്ചു നോക്കുന്ന സെക്യൂരിറ്റി ഗാര്‍ഡുകള്‍, അവിടിവിടെയായി കാമറകള്‍. എല്ലാത്തിനും സാക്ഷിയായി വെള്ളം ചീറ്റുന്നത് എന്നോ നിര്‍ത്തിയ പൂപ്പല്‍ പിടിച്ച വലിയൊരു ഫൗണ്ടൈന്‍.

ഒരു വിദ്യാര്ഥിയെന്നാല്‍ നിറക്കപ്പെടാനുള്ള പാനപത്രമല്ല, ജ്വലിക്കപ്പെടാനുള്ള തീപ്പന്തമാണ് – ആല്‍ബര്‍ട്ട് എയ്ന്‍സ്റ്റീന്‍.

content highlights: farooq writes about self finance college campuses kerala

ഫാറൂഖ്
ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ