| Sunday, 6th February 2022, 1:55 pm

രാഹുൽ ഗാന്ധി - ഭീരുക്കളുടെ മാർട്ടിൻ ലൂഥർ കിംഗ് | ഫാറൂഖ്

ഫാറൂഖ്

രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ സംസാരിച്ച ദിവസം രാവിലെ ഇറങ്ങിയ പത്രങ്ങളില്‍ ഒരു ചിത്രം ഉണ്ടായിരുന്നു. തല മറച്ച കുറെ മുസ്‌ലിം പെണ്‍കുട്ടികളെ പുറത്താക്കി കോളേജ് പ്രിന്‍സിപ്പല്‍ ഒരു കോളേജിന്റെ ഗേറ്റ് അടക്കുന്ന ചിത്രം.

ചരിത്രം പ്രസംഗങ്ങളിലൂടെ മാത്രമല്ല, ചിത്രങ്ങളിലൂടെയും വാക്കുകളിലൂടെയും രേഖപ്പെടുത്തപ്പെടും. ഈ ചിത്രം ലോകം മുഴുവന്‍ നിറയും, പതിറ്റാണ്ടുകള്‍ ചര്‍ച്ച ചെയ്യപ്പെടും.

പറയാന്‍ കാരണം, ഇതേപോലെ മറ്റൊരു ചിത്രം ഇന്നും ലോകം ഓര്‍മിക്കുന്നുണ്ട്. 1938ല്‍ ബര്‍ലിനില്‍ നാസികള്‍ ജൂതന്മാരെ കോളേജിന്റെ പുറത്ത് തടയുന്നതിന്റെ ചിത്രം. അതിന് ശേഷം ജര്‍മനിക്കും നാസികള്‍ക്കും എന്തുപറ്റി എന്നത് ചരിത്രം. ചരിത്രം ആദ്യം ദുരന്തമായും പിന്നീട് പ്രഹസനമായും ആവര്‍ത്തിക്കപ്പെടും എന്ന് പറഞ്ഞത് കാറല്‍ മാര്‍ക്‌സ് ആണ്.

രാഹുല്‍ ഗാന്ധി ഇക്കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തിന്റെ ക്ലിപ്പുകള്‍ കൊണ്ട് നിറയുകയാണ് സോഷ്യല്‍ മീഡിയ. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് മുതല്‍ ജവഹര്‍ലാല്‍ നെഹ്റു വരെയുള്ളവര്‍ നടത്തിയ പ്രസംഗങ്ങളുമായി താരതമ്യം ചെയ്താണ് പോസ്റ്റുകള്‍ മുഴുവന്‍.

വളരെ നല്ല പ്രസംഗമായിരുന്നു രാഹുല്‍ നടത്തിയത്. വളരെ പ്രധാനമായ, രാഷ്ട്രത്തെ ബാധിക്കുന്ന വിഷയങ്ങള്‍ അദ്ദേഹം പരാമര്‍ശിച്ചു. കൂടിവരുന്ന തൊഴിലില്ലായ്മ, സാമ്പത്തിക അസമത്വം, ചൈനയില്‍ നിന്നുള്ള ഭീഷണി, അയല്‍ക്കാരെ മുഴുവന്‍ ശത്രുക്കളാക്കിയത്, ഫെഡറലിസം- തുടങ്ങി എല്ലാ കാര്യങ്ങളും സമഗ്രമായി പരാമര്‍ശിച്ചു.

പക്ഷെ ഈ പ്രസംഗം ഓര്‍മിക്കപ്പെടുക അദ്ദേഹം പറയാന്‍ ഭയന്ന കാര്യങ്ങളുടെ പേരിലായിരിക്കും. പൗരത്വനിയമം, തല്ലിക്കൊല്ലല്‍, കന്യാസ്ത്രീകള്‍ക്ക് നേരെ നടന്ന ആക്രമണങ്ങള്‍, ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചര്‍ച്ചുകള്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങള്‍, റാഡിക്കലൈസഷന്‍, തോക്കുവ്യാപനം- തുടങ്ങി മുസ്‌ലിങ്ങളുമായോ ക്രിസ്ത്യാനികളുമായോ ബന്ധപ്പെട്ട ഒരു സംഗതിയിലും ഒരക്ഷരം പോലും പറയാന്‍ അദ്ദേഹം ധൈര്യപ്പെട്ടില്ല.

രാഹുല്‍ പ്രധാനമായി ഊന്നിയത് ഫെഡറലിസം തകരുന്നത് മൂലം രാജ്യത്ത് വിവിധ ദേശ-ഭാഷ വിഭാഗങ്ങള്‍ക്കിടയില്‍ രൂപപ്പെടുന്ന അന്യതാബോധത്തിന്റെയും അകല്‍ച്ചയുടെയും കാര്യത്തിലാണ്. രാജ്യത്തിന്റെ ഐക്യത്തിനെയും അഖണ്ഡതയെയും തീര്‍ച്ചയായും ബാധിക്കുന്ന വിഷയം. ഏറ്റവും പ്രധാനപ്പെട്ട ആഭ്യന്തര വിഷയമായി അദ്ദേഹം ചൂണ്ടിക്കാണിച്ചത് ഇതാണ്.

പക്ഷെ അതല്ല പ്രധാന ആഭ്യന്തര വെല്ലുവിളി എന്ന് അദ്ദേഹത്തിനും കേട്ടിരുന്നവര്‍ക്കും മുഴുവന്‍ അറിയാം. പ്രസംഗം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് തോക്കുധാരികളായ യുവാക്കള്‍ വളരെ ആസൂത്രിതമായി ഒരു ടോള്‍ബൂത്തില്‍ വെച്ച് ഉവൈസിക്ക് നേരെ വെടിയുതിര്‍ത്തത്. അതിന് ഏതാനും ആഴ്ച മുന്‍പാണ് ആപ്പുകള്‍ വഴി സ്ത്രീകളെ ലേലം ചെയ്തതിന് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നിരവധി പേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.

പതിനഞ്ചും പതിനാറും വയസ്സുള്ള കുട്ടികളാണ് സ്വന്തം സഹപാഠികളെ സ്‌കൂളില്‍ നിന്നും കോളേജില്‍ നിന്നുമൊക്കെ പുറത്താക്കണം എന്നും പറഞ്ഞ് കാവി ഷാള്‍ കഴുത്തിലിട്ട് പ്രകടനം നടത്തുന്നത്. വേറേതൊരു രാജ്യത്തായിരുന്നെങ്കിലും സ്വന്തം സഹപാഠികള്‍ക്ക് വേണ്ടി തെരുവിലിറങ്ങിയേനെ കൂട്ടുകാര്‍.

ലോകം മുഴുവന്‍ ഡി-റാഡിക്കലൈസ് ചെയ്യപ്പെടുമ്പോള്‍ ഇന്ത്യക്കാര്‍ അതിവേഗം റാഡിക്കലൈസ് ചെയ്യപ്പെടുകയാണ്. ജനസംഖ്യയില്‍ നല്ലൊരു വിഭാഗം റാഡിക്കലൈസ് ചെയ്യപ്പെട്ടു കഴിഞ്ഞാല്‍ ഏതൊരു രാജ്യത്തിനും പിന്നെ വരാനുള്ളത് സര്‍വനാശമാണ്. അതാണ് ചരിത്രം. നല്ല ചരിത്രബോധമുള്ള രാഹുല്‍ വിട്ടുകളഞ്ഞത് അതാണ്. മനഃപൂര്‍വം ആണെന്നുറപ്പ്.

സംഘപരിവാര്‍ കാലങ്ങളായി നടത്തുന്ന വിദ്വേഷ പ്രചരണങ്ങള്‍ വാട്‌സാപ്പ് വിട്ട് റോഡിലേക്കിറങ്ങുകയാണ്. റാഡിക്കലൈസ് ചെയ്യപ്പെട്ട യുവാക്കള്‍ തോക്ക് ശേഖരിക്കുന്ന തിരക്കിലാണ് എന്നാണ് അടുത്തിടെ നടന്ന ആക്രമണങ്ങള്‍ സൂചിപ്പിക്കുന്നത്. ‘ഗോലി മാരോ സാലോം കോ’ എന്നതാണ് ദല്‍ഹിയിലും ഹരിയാനയിലുമടക്കം ഉത്തരേന്ത്യയില്‍ എവിടെയും മുഴങ്ങികേള്‍ക്കുന്ന മുദ്രാവാക്യം.

നാടന്‍ തോക്കുപയോഗിച്ച് ഉവൈസിയെ വെടിവെച്ച സച്ചിന്‍, ശുഭം എന്നിവര്‍ വിവിധ ബി.ജെ.പി നേതാക്കളോടൊപ്പം നില്‍ക്കുന്ന ഫോട്ടോകള്‍ അവര്‍ തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്. പകരം മുസ്‌ലിങ്ങളുടെ ഭാഗത്തുനിന്ന് വരുന്നത് പേടിപ്പെടുത്തുന്ന നിശബ്ദതയാണ്. ഒരു കാലത്ത് എല്ലാവരും ബഹുമാനത്തോടെ നോക്കുമായിരുന്ന കന്യാസ്ത്രീകള്‍ക്ക് ഇപ്പോള്‍ ട്രെയിനില്‍ യാത്ര ചെയ്യണമെങ്കില്‍ ഒന്നുകില്‍ പൊലീസുകാരെ അറിയിക്കണം അല്ലെങ്കില്‍ പ്രൈവറ്റ് സെക്യൂരിറ്റി വേണം എന്ന നിലയാണ്. ഇക്കാര്യങ്ങള്‍ക്കൊക്കെ, തന്റെ അമ്പത് മിനിട്ട് നീണ്ടുനിന്ന പ്രസംഗത്തില്‍ അമ്പത് സെക്കന്റ് പോലും നീക്കിവെക്കാന്‍ രാഹുല്‍ തയ്യാറായില്ല.

കര്‍ഷകപ്രക്ഷോഭത്തെ പറ്റി വിശദമായി സംസാരിച്ച രാഹുല്‍ ഐതിഹാസികമായ പൗരത്വപ്രക്ഷോഭങ്ങളെ പറ്റി ഒരു വാക്കും പറഞ്ഞില്ല. കര്‍ഷകപ്രക്ഷോഭം രണ്ടോ മൂന്നോ സംസ്ഥാനങ്ങള്‍ മാത്രം ഒതുങ്ങിയപ്പോള്‍ ഇന്ത്യ മുഴുവന്‍ വ്യാപിച്ച, ലോകം ശ്രദ്ധിച്ച സമരമായിരുന്നു പൗരത്വ ബില്ലിനെതിരെ നടന്നത്.

അയല്‍ക്കാര്‍ മുഴുവന്‍ ഇന്ത്യക്കെതിരായി എന്ന് രാഹുല്‍ പരാമര്‍ശിക്കുവാന്‍ കാരണവും സി.എ.എ ആണ്. സി.എ.എയും അതിനോടനുബന്ധിച്ച് അമിത് ഷാ നടത്തിയ ‘കീടങ്ങള്‍’ പരാമര്‍ശവുമാണ് എക്കാലവും ഇന്ത്യയോടൊപ്പം നിന്ന ബംഗ്ലാദേശിനെ ചൈനീസ് ക്യാമ്പിലെത്തിച്ചത്.

രാഹുല്‍ ആരോപിച്ച പോലെ റിപ്പബ്ലിക്ക്ദിന പരേഡിന് ഇക്കൊല്ലം ആരെയും കിട്ടിയില്ല എന്ന കാര്യവും പൗരത്വ സമരവുമായി ബന്ധപ്പെട്ടതാണ്. വംശീയ നിലപാടുകളെടുക്കുന്ന ഭരണകൂടങ്ങളുമായി ചേര്‍ന്ന് നില്‍ക്കാന്‍ മറ്റുള്ളവര്‍ മടിക്കും. അല്ലെങ്കില്‍ അവരുടെ കയ്യില്‍ നിന്ന് നമ്മള്‍ വല്ലതും വാങ്ങും എന്നവര്‍ക്ക് ഉറപ്പ് വേണം.

ഐഫോണ്‍ ഒരു സെക്യൂരിറ്റി പാച്ച് ഇറക്കിയാല്‍ ഉപയോഗശൂന്യമാകുന്ന പെഗാസസ് പോലുള്ള തല്ലിപ്പൊളി സോഫ്റ്റ്വെയര്‍ 2000 കോടി കൊടുത്ത് വാങ്ങുകയാണെങ്കില്‍ രാജ്യതലവന്മാര്‍ വരും, ഇല്ലെങ്കില്‍ വരില്ല. അതാണ് രാഹുല്‍ ഉദ്ദേശിച്ചത്.

പരന്ന വായനയുള്ള, ഒട്ടേറെ യാത്ര ചെയ്തിട്ടുള്ള, ചരിത്രബോധമുള്ള, ബുദ്ധിമാനായ നേതാവാണ് രാഹുല്‍ ഗാന്ധി. കഠിനാധ്വാനിയല്ല എന്നത് മാത്രമാണ് പൊതുവെ അദ്ദേഹത്തിനെതിരെ വരുന്ന പരാതി. അതും ഒരുപക്ഷെ അദ്ദേഹത്തിന്റെ ബുദ്ധിയുടെ ലക്ഷണമായിരിക്കും.

ബി.ജെ.പി ഏതായാലും കുറച്ചുകാലം ഭരിക്കും, പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. ആ സമയത്ത് കുറച്ച് ലോകം ചുറ്റാം എന്നദ്ദേഹം വിചാരിച്ചു കാണും.

പണ്ടത്തെ പോലെ 21 മണിക്കൂര്‍ ജോലി ചെയ്ത് മൂന്ന് മണിക്കൂര്‍ മാത്രം ഉറങ്ങുന്ന കഠിനാധ്വാനികള്‍ക്ക് ആധുനികകാലത്ത് പുല്ലുവിലയാണ്. എട്ട് മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുന്നവരെ കാര്യക്ഷമതയും ബുദ്ധിയുമില്ലാത്തവര്‍ എന്ന വിഭാഗത്തിലാണ് ഐ.ടി കമ്പനികളൊക്കെ പെടുത്തുന്നത്. വര്‍ഷത്തില്‍ രണ്ടോ മൂന്നോ ഉല്ലാസയാത്രയൊക്ക ചെയ്യാതെ, ദിവസവും രാവിലെ മുതല്‍ രാത്രി വരെ പാര്‍ട്ടി ഓഫീസില്‍ കട്ടന്‍ ചായ കുടിച്ചിരിക്കുന്നത് 70 കഴിഞ്ഞ നേതാക്കളാണ്. അവരെ പോലെയാകണം രാഹുല്‍ എന്ന് നിര്‍ബന്ധിക്കാന്‍ പറ്റില്ല.

ഇങ്ങനെയൊക്കെയായിട്ടും മുസ്‌ലിങ്ങളെയോ ക്രിസ്ത്യാനികളെയോ തന്റെ വാര്‍ഷിക പ്രസംഗത്തില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല എന്ന തീരുമാനം രാഹുല്‍ എടുത്തത് എന്തുകൊണ്ടായിരിക്കും. പ്രായോഗിക രാഷ്ട്രീയ കണക്കുകൂട്ടലുകളാണ് എന്ന് മിക്ക കോണ്‍ഗ്രസുകാരും പറയും. ലളിതമാണ് കണക്കുകൂട്ടല്‍, അതിങ്ങനെയാണ്.

ഹിന്ദി ബെല്‍റ്റില്‍ വന്‍തോതില്‍ മുസ്‌ലിം വിദ്വേഷം നിലനില്‍ക്കുന്നുണ്ട്. മുസ്‌ലിങ്ങള്‍ക്ക് വേണ്ടിയെന്ന് തോന്നുന്ന വിധത്തില്‍ ആരെന്തു പറഞ്ഞാലും അവര്‍ക്ക് ഹിന്ദുക്കള്‍ വോട്ട് ചെയ്യില്ല എന്നതാണ് രാഹുലിന്റെ കണക്കുകൂട്ടല്‍. അതുകൊണ്ട് മുസ്‌ലിങ്ങളെ പറ്റി സംസാരിക്കുന്നത് നിര്‍ത്തുക, മുസ്‌ലിം നേതാക്കളെ യോഗങ്ങള്‍ക്ക് കൊണ്ട് പോകാതിരിക്കുക, അവര്‍ക്കെതിരെ വല്ല ആക്രമണങ്ങളും നടന്നാല്‍ മിണ്ടാതിരിക്കുക, അഥവാ മിണ്ടേണ്ടി വന്നാലും പൊതുവെ പറഞ്ഞതാണ് എന്ന രീതിയില്‍ ഒരു ട്വീറ്റ് ചെയ്യുക. ഇതൊക്കെയാണ് തന്ത്രങ്ങള്‍.

പെണ്‍കുട്ടികളെ സ്‌കൂളിന് പുറത്തുനിര്‍ത്തുന്ന കാര്യത്തില്‍ ഇരകളെയോ അക്രമികളെയോ പരാമര്‍ശിക്കാത്ത ഒരു അഴകൊഴമ്പന്‍ ട്വീറ്റ് രാഹുലിന്റേതായി വന്നിട്ടുണ്ട്.

ഭീകരമാകുന്ന തൊഴിലില്ലായ്മ മൂലം കുറെ ഹിന്ദുക്കള്‍ ബി.ജെ.പിക്ക് എതിരാവും, മുസ്‌ലിങ്ങള്‍ ഏതായാലും കയ്യിലുണ്ട്, ഒക്കെ ചേര്‍ത്ത് നൂറോളം സീറ്റുകള്‍ നേടാം. ഫെഡറലിസത്തെ കുറിച്ച് പറഞ്ഞാല്‍ തമിഴ്‌നാട്, ആന്ധ്ര, ബംഗാള്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രാദേശിക പാര്‍ട്ടികള്‍ക്ക് സന്തോഷമാകും, അങ്ങനെ എല്ലാവരുടെയും പിന്തുണയില്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രിയുണ്ടാകും. 2024ല്‍ തന്നെ വേണമെന്നില്ല, 2029ല്‍ ആയാലും മതി. അപ്പോഴും രാഹുലിന് അറുപതില്‍ താഴെയേ വയസ്സാകൂ, പ്രായം പിന്നെയും ബാക്കിയുണ്ട്.

ആ കണക്കുകൂട്ടലില്‍ വലിയ തെറ്റില്ല. ലോകം മുഴുവന്‍ ജനാധിപത്യം അങ്ങനെയൊക്കെയാണ്. ഉദാഹരണത്തിന് കറുത്തവരും, സ്പാനിഷ്, ഇന്ത്യന്‍ വംശജരും, ലിബറല്‍ ആയിട്ടുള്ള വെള്ളക്കാരും ചേര്‍ന്നതാണ് അമേരിക്കയിലെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ബേസ്. തൊഴിലില്ലായ്മ കൂടുമ്പോള്‍ കുറെയേറെ വെള്ളക്കാര്‍ കൂടെ ഇങ്ങോട്ട് വരും, ഇവര്‍ ജയിക്കും. ഇങ്ങനെ വന്ന വെള്ളക്കാര്‍ അടുത്ത ഇലക്ഷനില്‍ തിരിച്ച് വെള്ളക്കാരുടെ സ്വന്തം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ പോകും, അപ്രാവശ്യം അവര്‍ ജയിക്കും. മിക്ക രാജ്യങ്ങളിലും ഇങ്ങനെയൊക്കെയാണ്. ജനസംഖ്യയില്‍ 20 മുതല്‍ 30 ശതമാനം വരെ ഓരോ പാര്‍ട്ടിക്കും അടിത്തറയായുണ്ടാകും.

ഓരോ പാര്‍ട്ടിയും അവരുടെ ബേസിന് വേണ്ടി നില്‍ക്കും, തല പോയാലും, അവരെ ഒരിക്കലും തള്ളിപ്പറയുകയോ അനാഥരാക്കുകയോ ചെയ്യില്ല. എന്തൊക്കെ പ്രശ്‌നമുണ്ടായാലും ഡെമോക്രാറ്റിക് പാര്‍ട്ടി കറുത്തവരോടൊപ്പം നില്‍ക്കും. അവസരം കിട്ടിയാല്‍ ഒബാമയെ പ്രസിഡന്റാക്കും, കമല ഹാരിസിനെ വൈസ് പ്രസിഡന്റാക്കും.

ഇവിടെയാണ് രാഹുല്‍ ഗാന്ധിക്ക് പിഴക്കുന്നത്. കോണ്‍ഗ്രസിന്റെ ഇരുപത് ശതമാനം ബേസ് ആകേണ്ടിയിരുന്ന മുസ്‌ലിങ്ങളെ, അവര്‍ക്കൊരു പ്രശ്‌നം വന്നപ്പോള്‍ ഒരു ദാക്ഷീണ്യവുമില്ലാതെ വഴിയില്‍ തള്ളി നടപ്പാണ് കൊണ്‍ഗ്രസ്, എന്ന് മാത്രമല്ല മുസ്‌ലിം എന്ന വാക്ക് പറയാന്‍ പോലും പേടിയാണ് രാഹുലിന്.

മുസ്‌ലിങ്ങളാണെങ്കില്‍ കോണ്‍ഗ്രസിനെ പ്രതീക്ഷയോടെ നോക്കുന്നത് നിര്‍ത്തി. അവരിപ്പോള്‍ ഒരു രാഷ്ട്രീയക്കാരനെയും കാത്തിരിക്കുന്നില്ല. അധികാരത്തിലെ പ്രാധിനിധ്യം മുസ്‌ലിങ്ങകള്‍ ഇന്ന് ആഗ്രഹിക്കുന്നില്ല. ഉത്തരേന്ത്യയിലെ മുസ്‌ലിങ്ങളോട് ആര് ഭരിക്കണമെന്നാണ് ആഗ്രഹമെന്ന് ചോദിച്ചാല്‍ ആരെങ്കിലും ഭരിക്കട്ടെ എന്ന് പറയും.

അതേസമയം അവര്‍ സ്വന്തം കാര്യം നോക്കാന്‍ തുടങ്ങുകയും ചെയ്തു. ആന്റി-സെമിറ്റിസം നിറഞ്ഞാടിയ കാലത്തെ യൂറോപ്പിലെ ജൂതന്മാരെ പോലെ ഇസ്‌ലാമോഫോബിയ വാഴുന്ന ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ നിശബ്ദമായി ഒരു സമൂഹം ഉണ്ടാക്കിക്കൊണ്ടിരുന്നു. വിദ്യാഭാസത്തിലും ബിസിനസ്സിലും പരസ്പരം സഹായിച്ച് അവര്‍ മുന്നേറുന്നു. ഒട്ടേറെ തടസ്സങ്ങളും അതിലേറെ മരണങ്ങളും അവര്‍ മുന്നില്‍ കാണുന്നുണ്ട്. പക്ഷെ ഒരു രാഷ്ട്രീയക്കാരുടെയും സഹായം അവര്‍ തേടുന്നില്ല.

നഷ്ടം കോണ്‍ഗ്രസിനെ ഉണ്ടാകൂ. 20 ശതമാനം ജനങ്ങളുടെ പിന്തുണ എന്നാല്‍ ജനാധിപത്യത്തില്‍ ചില്ലറ കാര്യമല്ല. അത്രയും വലിയ ഒരു ജനസമൂഹം കോണ്‍ഗ്രസിനെ ഇഷ്ടപ്പെടുന്നു എന്ന് കണ്ടാല്‍ പല പ്രാദേശിക പാര്‍ട്ടികളും കോണ്‍ഗ്രസിനെ കൂടെകൂട്ടും. തങ്ങള്‍ മത്സരിക്കാത്തിടങ്ങളില്‍ പോലും വോട്ട് നേടിക്കൊടുക്കാന്‍ കോണ്‍ഗ്രസിനാകുമെന്ന് കണ്ടാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കീഴില്‍ ഒരു മുന്നണിയിലിരിക്കാന്‍ മറ്റ് പാര്‍ട്ടികള്‍ക്ക് ആവേശം കാണും.

എന്നാല്‍ ഇപ്പോള്‍ മറിച്ചാണ്. കോണ്‍ഗ്രസിനെ കൂട്ടിയത് കൊണ്ടാണ് ഭരണം പോയതെന്നാണ് തേജസ്വി യാദവിനെ പോലുള്ളവര്‍ പറഞ്ഞു നടക്കുന്നത്.

പാര്‍ലമെന്റില്‍ പൊതുതത്വങ്ങള്‍ വിളമ്പിയാലും സോഷ്യല്‍ മീഡിയയില്‍ വൈറലായാലും മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ആവില്ല. കണക്കുകൂട്ടലുകളല്ല, ആക്രമിക്കപ്പെടുന്നവരോടൊപ്പം നില്‍ക്കാനുള്ള നീതിബോധവും നിര്‍ഭയത്വവുമാണ് വേണ്ടത്. പ്രായോഗികതയുടെ കാര്യത്തിലായാലും ധാര്‍മികതയുടെ കാര്യത്തിലായാലും മുസ്‌ലിങ്ങളെ വഴിയില്‍ തള്ളുക എന്നത് രാഹുല്‍ ചെയ്യുന്ന വിഡ്ഢിത്തമാണ്. കോണ്‍ഗ്രസിന് അതുകൊണ്ട് നഷ്ടമേ ഉണ്ടാകൂ, മുസ്‌ലിങ്ങള്‍ക്ക് ലാഭവും.

ഫാറൂഖിന്റെ മറ്റ് ലേഖനങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Content Highlight: Farooq writes about Rahul Gandhi’s speech in Parliament and its political angles

ഫാറൂഖ്

ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ

We use cookies to give you the best possible experience. Learn more