രാഹുല്‍ പപ്പുവല്ല !

ഫാറൂഖ്

ചെറിയ സദസ്സുകളുള്ള ടൗണ്‍ഹാള്‍ മീറ്റിങ്ങുകളില്‍ ഉത്തരേന്ത്യയിലെ വലിയ നേതാക്കള്‍ സാധാരണ പങ്കെടുക്കാറില്ല, കൂറ്റന്‍ റാലികള്‍ അല്ലെങ്കില്‍ അടച്ചിട്ട മുറികള്‍ എന്നതാണ് അവരുടെ രീതി. കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ രാഹുല്‍ ഗാന്ധി അങ്ങനെയല്ല, കൊച്ചു കൊച്ചു ടൗണ്‍ഹാള്‍ മീറ്റിങ്ങുകളില്‍ രാഹുലിനെ കാണാം, അവിടെ പങ്കെടുക്കുന്നവരോട് വളരെ സ്വതന്ത്രമായി സംസാരിക്കുന്നതും കാണാം. അങ്ങനെയൊരു മീറ്റിങ്ങില്‍ ഒരാള്‍ രാഹുലിനോട് എന്തോ ഒരു ചോദ്യം ചോദിക്കുമ്പോള്‍ വനവാസി എന്ന വാക്ക് കടന്നു വന്നു.

രാഹുല്‍ ഗാന്ധി

‘ആ വാക്ക് പറയരുത്’ രാഹുല്‍ അയാളോട് പറഞ്ഞു. വാക്കുകളുടെ രാഷ്ട്രീയത്തെ നിരന്തരം ഇവിടെ എഴുതുന്ന ഞാന്‍ അന്നാദ്യമായാണ് വലിയൊരു നേതാവ് വാക്കുകളുടെ രാഷ്ട്രീയം സംസാരിക്കുന്നത് കാണുന്നത്. പപ്പു എന്ന പരിഹാസ പേരില്‍ നിരന്തരം അധിക്ഷേപിക്കപ്പെടുന്ന രാഹുല്‍ ബൗദ്ധികമായി അല്ലെങ്കില്‍ താത്വികമായി എത്ര ഉയര്‍ന്ന നിലവാരത്തിലാണ് എന്ന് ആദ്യമായി മനസ്സിലാക്കുന്നത് അന്നാണ്.

‘ആദിവാസി എന്ന് തന്നെ പറയണം. അവരാണ് ഈ ഭൂമിയിലെ ആദിമ നിവാസികള്‍, ആദ്യത്തെ അവകാശികള്‍. വനവാസികള്‍ എന്നാല്‍ വനത്തില്‍ താമസിക്കുന്നവര്‍ എന്നെ അര്‍ത്ഥമുള്ളൂ’ രാഹുല്‍ തുടര്‍ന്നു. ‘ആര്‍ എസ് എസ് ആണ് വനവാസികള്‍ എന്ന പേര് പ്രചരിപ്പിക്കുന്നത്. ആദിവാസികളെ ആദ്യം വനവാസികളാക്കി പിന്നീട് അവരുടെ ഭൂമിയും ജലവും വനവും അവരില്‍ നിന്ന് പിടിച്ചെടുക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് ഈ പേര് മാറ്റം’.

ആ സംഭാഷണം അവസാനിപ്പിക്കുന്നതിന് മുമ്പ് രാഹുല്‍ ആവര്‍ത്തിച്ചു ‘അവര്‍ വനവാസികളല്ല, ഈ ഭൂമിയുടെ ആദ്യത്തെ അവകാശികളാണ് അവര്‍, ആദിവാസികള്‍’. സമാനമായ വാദം അദ്ദേഹം പിന്നീട് പല തിരഞ്ഞെടുപ്പ് യോഗങ്ങളിലും ആവര്‍ത്തിച്ചു

അമിത്ഷാ

രാഹുലിന്റെ ഈ പരാമര്‍ശത്തെ പറ്റി ഒരു ഗോഡി അവതാരക അമിത്ഷായോട് ചോദിച്ചു. ‘ഒരാളും രാഹുലിനെ കാര്യമായി എടുക്കില്ല’ അമിത്ഷാ പറഞ്ഞു. ‘കുട്ടികളുടെ ബുദ്ധിയാണയാള്‍ക്ക്’

രാഹുല്‍ ആദ്യമായി നടത്തുകയും വിജയിപ്പിക്കുകയും ചെയ്ത സമരം മിക്ക വായനക്കാര്‍ക്കും ഓര്മയുണ്ടാകില്ല. 2014 ല്‍ മോദി അധികാരത്തില്‍ വന്നയുടനെ കൊണ്ടുവന്ന ഭൂമിയേറ്റെടുക്കല്‍ നിയമത്തിനെതിരായിരുന്നു അത്. ആദിവാസികളെ കുടിയൊഴിപ്പിക്കാന്‍ അദാനിക്ക് അവസരമൊരുക്കാന്‍ കൊണ്ട് വന്ന ആ ബില്ല് രാഹുല്‍ ഗാന്ധി ഒറ്റക്ക് നടത്തിയ സമരത്തെ തുടര്‍ന്നാണ് പിന്‍വലിച്ചത്. മറ്റാര്‍ക്കും അതിന്റെ ക്രെഡിറ്റ് എടുക്കാനാവില്ല.

ആ സമരകാലത്താണ് പ്രശസ്തമായ സൂട്ട്-ബൂട്ട്-കി-സര്‍ക്കാര്‍ പ്രയോഗം രാഹുല്‍ ഗാന്ധി നടത്തുന്നത്.

അക്കാലത്തു രാഹുല്‍ നടത്തിയ വെല്ലുവിളിയെ തുടര്‍ന്നാണ് തൊഴിലുറപ്പ് പദ്ധതി പിന്‍വലിക്കാനുള്ള നീക്കത്തില്‍ നിന്ന് മോഡി പിന്മാറുന്നത്. രാഹുലിനെ ആരും കാര്യമായെടുക്കുന്നില്ല എന്ന് അമിത്ഷാ പറയുമെങ്കിലും മോദി എന്നും രാഹുലിനെ കാര്യമായി എടുത്തിരുന്നു.

നരേന്ദ്രമോദി

ഉത്തരേന്ത്യയിലെ പൊതു രാഷ്ട്രീയ സംഭാഷണങ്ങള്‍ കുറെ കാലമായി ആര്‍.എസ്.എസ് ആണ് നിയന്ത്രിക്കുന്നത്. വാക്കുകളും ആശയങ്ങളും അജണ്ടകളും അവര്‍ നിശ്ചയിക്കും. മറ്റുള്ളവര്‍ ഒന്നുകില്‍ അതൊക്കെ അംഗീകരിക്കും, അല്ലെങ്കില്‍ മിണ്ടാതിരിക്കും.

ആര്‍.എസ്.എസ് ആശയങ്ങളെ എതിര്‍ക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് പ്രതിപക്ഷ പാര്‍ട്ടികളില്‍ പോലും വംശനാശം വന്ന കാലമാണ്. ബി.ജെ.പി വിരുദ്ധ പക്ഷത്തിരുന്ന് ആര്‍.എസ്.എസ് ആശയങ്ങളെ അംഗീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന അരവിന്ദ് കെജ്‌രിവാള്‍ ഒക്കെ മധ്യവര്‍ഗ ഹീറോ ആകുന്ന കാലത്താണ് രാഹുല്‍ എതിര്‍വഴിയില്‍ സഞ്ചരിക്കുന്നത്.

‘ജനിച്ച അന്ന് മുതല്‍ ഞാന്‍ സിസ്റ്റത്തിന്റെ അകത്താണിരിക്കുന്നത്‌. സിസ്റ്റം എനിക്ക് അകത്ത് നിന്ന് മനസ്സിലാകും’. മറ്റൊരു ടൗണ്‍ഹാള്‍ മീറ്റിങ്ങില്‍ രാഹുല്‍ പറഞ്ഞു. ‘സിസ്റ്റം എങ്ങനെ നടക്കുന്നു, ആര് നടത്തുന്നു, എങ്ങനെ നടത്തുന്നു, ആരെ പിന്തുണക്കുന്നു, ആരെ രക്ഷിക്കുന്നു, ആരെ ആക്രമിക്കുന്നു, ഇതൊക്കെ സിസ്റ്റത്തിന്റെ അകത്തു നിന്ന് മനസ്സിലായ ആളാണ് ഞാന്‍.’ രാഹുല്‍ തുടര്‍ന്ന്. ‘ഞാന്‍ നിങ്ങളോട് പറയുന്നു. സിസ്റ്റം പ്രവര്‍ഹിക്കുന്നത് ‘താഴ്ന്ന’ ജാതികള്‍ക്ക് എതിരെയാണ്. ഭയങ്കരമായി, എല്ലാ മേഖലയിലും’.

രാഹുല്‍ ഗാന്ധി

‘നിങ്ങള്‍ ഉദ്യോഗസ്ഥരെ നോക്കൂ, വ്യവസായികളെ നോക്കൂ, മീഡിയ നോക്കൂ, ജുഡീഷ്യറി നോക്കൂ, വിദ്യാഭ്യാസ രംഗം നോക്കൂ, എവിടെ വേണമാണെങ്കിലും നോക്കൂ, 90% ജനങ്ങള്‍ക്കും ഒരു പ്രാധിനിത്യവും ഇല്ല. എന്നിട്ടവര്‍ ഒരു വാദവുമായി വരും. മെറിറ്റ് ആണത്രേ അതിന്റെ കാരണം. 90% ആളുകള്‍ക്ക് മെറിറ്റില്ലത്രേ, അതെങ്ങനെ സംഭവിക്കും?’

രാഹുല്‍ തുടര്‍ന്നു, ‘90% പിന്നോക്കക്കാര്‍ക്ക് അവസരം കിട്ടാന്‍ സാധ്യതയൊരുക്കാനായിരുന്നു സംവരണം. പ്രധാനമായും സംവരണ റിക്രൂട്‌മെന്റുകള്‍ നടന്നു കൊണ്ടിരുന്നത് പൊതു മേഖല സ്ഥാപനങ്ങളിലായിരുന്നു. അത് മുഴുവന്‍ സ്വകാര്യ മേഖലക്ക് നല്‍കി. അങ്ങനെ വളഞ്ഞ വഴിയിലൂടെ സംവരണം അവസാനിപ്പിച്ചു.’

തുടര്‍ന്ന്‌നടന്ന ഭരണഘടന സംരക്ഷണ സമ്മേളനത്തില്‍  ഇതിന്റെ ഒരു ഉദാഹരണവും അദ്ദേഹം പറഞ്ഞു.
‘രണ്ടു മുഖ്യമന്ത്രിമാര്‍ ഇന്ത്യയില്‍ അറസ്റ്റിലായി. ഇലക്ഷന്‍ പ്രചാരണം നടത്താന്‍ ഒരാള്‍ക്ക് ജാമ്യം കിട്ടി, മറ്റേയാള്‍ക്ക് കിട്ടിയില്ല. ഒറ്റ കരണമേയുള്ളൂ, ജാമ്യം കിട്ടാത്തയാള്‍ ആദിവാസിയാണ്’ രാഹുല്‍ തുടര്‍ന്നു. ‘മായാവതി അഴിമതിക്കാരിയാണ്, പക്ഷെ നവീന്‍ പട്നായിക് അല്ല. ലാലു അഴിമതിക്കാരനാണ്. ഏതെങ്കിലും പിന്നോക്കക്കാര്‍ ഉന്നത സ്ഥാനത്തെത്തിയാല്‍ അവരെ ഉടനെ അഴിമതിക്കാരനാക്കും’

അഗ്‌നിവീറിനെ പറ്റി രാഹുല്‍ നിരന്തരം സംസാരിച്ചു. ഗ്രാമങ്ങളിലെ പിന്നോക്ക വിഭാഗങ്ങളില്‍ നിന്ന് പട്ടാളത്തില്‍ നിയമനം ലഭിക്കുന്നവരാണ് സാധാരണ പട്ടാളക്കാര്‍, ഉന്നത ജാതിക്കാരില്‍ നിന്നാണ് പട്ടാള ഓഫീസര്‍മാര്‍. ആദ്യത്തെ വിഭാഗത്തിന് ഇനി നാലു കൊല്ലം മാത്രം സര്‍വീസ്, പെന്‍ഷനില്ല. രണ്ടാമത്തെ വിഭാഗത്തിന് ആജീവാനന്ത പെന്‍ഷന്‍.

വീരമൃതിയടയുന്ന ആദ്യത്തെ വിഭാഗത്തിന്റെ കുടുംബത്തിന് ഒന്നുമില്ല, രണ്ടാമത്തെ വിഭാഗത്തിന്റെ കുടുംബത്തെ സര്‍ക്കാര്‍ നോക്കും. ‘രണ്ടു തരം രക്തസാക്ഷികള്‍, മോദി നമ്മുടെ രക്തസാക്ഷികളെ പോലും വിഭജിച്ചിരിക്കുന്നു’

രാജസ്ഥാനിലും ഹരിയാനയിലും നടന്ന പൊതുയോഗങ്ങളില്‍ രാഹുല്‍ ആവര്‍ത്തിച്ച ആ വരികള്‍ക്ക് രണ്ടു സംസ്ഥാനങ്ങളിലും മികച്ച പ്രതികരണമുണ്ടായി. ‘അഗ്‌നിവീര്‍ ആര്‍മിയില്‍ നിന്ന് വന്നതല്ല, ആര്‍.എസ്.എസ്സില്‍ നിന്ന് വന്നതാണ്’ രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ മുമ്പ് പറഞ്ഞതാണ്. ‘ആര്‍.എസ്.എസ്സിന്റെ പേര് ഇനി പാര്‍ലമെന്റില്‍ പറയരുത്’, സ്പീക്കര്‍ രാഹുല്‍ ഗാന്ധിയെ ശാസിച്ചു. ‘ആര്‍.എസ്.എസ് ശാഖ പോലെ പാര്‍ലമെന്റിനെ നടത്താന്‍ കഴിയില്ല ‘ രാഹുല്‍ തിരിച്ചടിച്ചു.

പാര്‍ലമെന്റില്‍ വിലക്കപ്പെട്ടെങ്കിലും ലണ്ടനില്‍ നടന്ന ഒരു സംഭാഷണത്തില്‍ രാഹുല്‍ പറഞ്ഞു , ‘ആര്‍.എസ്.എസ്  ലക്ഷണമൊത്ത ഒരു ഫാസിസ്റ്റു സംഘടനയാണ്. അവര്‍ ഇന്ത്യയിലെ ഒരു വിധം സ്ഥാപനങ്ങളൊക്കെ കീഴടക്കി കഴിഞ്ഞിരിക്കുന്നു. അവരെ ഒരു രഹസ്യ സംഘം എന്ന് വിളിക്കാം. ജനാധിപത്യത്തിലൂടെ അധികാരത്തില്‍ വരികയും എന്നിട്ടതിനെ നശിപ്പിക്കയും ചെയ്യുന്നതാണ് അവരുടെ രീതി. അവരുടെ വിജയം എന്നെ അത്ഭുതപ്പെടുത്തുന്നു’

ഭരണഘടന എന്നത് സാധാരണക്കാര്‍ക്ക് എത്രത്തോളം പ്രധാനമാണെന്ന് രാഹുല്‍ പൊതുയോഗങ്ങള്‍ തോറും വിശദീകരിച്ചു. ‘ഭരണഘടന വരുന്നതിന് മുമ്പ് ഇന്ത്യയിലെ മിക്കവര്‍ക്കും ഭൂമി വാങ്ങാന്‍ അവകാശമുണ്ടായിരുന്നില്ല, പ്രത്യേകിച്ചും പിന്നോക്കക്കാര്‍ക്കും ദളിതര്‍ക്കും സ്ത്രീകള്‍ക്കും. ഭരണഘടനയാണ് ആ അവകാശം അവര്‍ക്ക് നല്‍കിയത്. ഭരണഘടന പോയാല്‍ ആ അവകാശം പോയി’. രാഹുല്‍ പറഞ്ഞു കൊണ്ടേയിരുന്നു.

യൂ.പി യിലെ വോട്ടിംഗ് വിശദാംശങ്ങള്‍ വരുന്നതേയുള്ളൂ. പക്ഷെ പ്രാഥമികമായ വിലയിരുത്തലില്‍ നിന്ന് ഒരു കാര്യം മനസ്സിലാകും, യു.പിയിലെ ഗ്രാമങ്ങളിലെ ദളിതര്‍ രാഹുല്‍ പറഞ്ഞത് കേട്ടു, ഭരണഘടനക്ക് വേണ്ടി വോട്ട് ചെയ്തു. അതീവ ദരിദ്രരായ ജനങ്ങള്‍ എങ്ങനെ ഭരണഘടന സംരക്ഷണം ഒരു മുദ്രാവാക്യമായി എടുത്തു എന്നത് ഭാവിയിലെ ചരിത്രകാരന്മാര്‍ വിലയിരുത്തുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ പൊളിറ്റിക്കല്‍ ജീനിയസ് അവര്‍ നിര്‍ബന്ധമായും രേഖപ്പെടുത്തും.

മോഹന്‍ ഭഗവത്

ഇന്ത്യയിലെ ഓരോ തരി മണ്ണും ആര്‍.എസ്.എസിന്റെ കാല്‍കീഴിലാണെന്ന് മോഹന്‍ ഭഗവത് പറഞ്ഞതിന് പിന്നാലെ ഇനി ഇന്ത്യന്‍ രാഷ്ട്രീയം ആര്‍.എസ്.എസ്സിന് വിധേയപ്പെട്ട് മാത്രമേ മുന്നോട്ട് കൊണ്ട് പോകാന്‍ പറ്റൂ എന്ന് കോണ്‍ഗ്രെസ്സിലടക്കം മിക്ക നേതാക്കളും തീരുമാനിച്ച കാലത്ത്, രാഹുല്‍ ഗാന്ധി മാത്രം ആര്‍.എസ്.എസ്സിനെ പേരെടുത്ത്  വിമര്‍ശിച്ച് പാര്‌ലമെന്റിലും പുറത്തും നിരവധി പ്രസംഗങ്ങള്‍ നടത്തി. രാജ്യം മുഴുവന്‍ നടന്ന് ജനങ്ങളെ ബോധവല്‍ക്കരിച്ചു.

പക്ഷെ അത് മാത്രമായിരുന്നില്ല രാഹുലിന്റെ പോരാട്ടം. ക്രോണി ക്യാപിറ്റലിസവും അത് കാരണം ഇന്ത്യക്ക് വരാന്‍ പോകുന്ന സാമ്പത്തിക ദുരന്തവും അദ്ദേഹം മറ്റാരേക്കാളും മനസ്സിലാക്കി. പൊതുവേ വ്യവസായികളെ പേരെടുത്തു പരാമര്‍ശിക്കാന്‍ മടിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ക്കിടയില്‍ അനില്‍ അംബാനിയെയുയും അദാനിയേയും പേരെടുത്തു തന്നെ നിരന്തരം വിമര്‍ശിച്ചു രാഹുല്‍ വ്യത്യസ്തനായി.

അംബാനിയും അദാനിയും

‘ഇന്ത്യയിലെ തുറമുഖങ്ങള്‍ നോക്കൂ, ഐര്‌പോര്ട്ടുകള്‍ നോക്കൂ, ഖനികള്‍ നോക്കൂ, റോഡുകള്‍ നോക്കൂ, വനങ്ങള്‍ നോക്കൂ, എല്ലാം മോഡി അദാനിക്ക് നല്‍കി. ഇവിടുത്തെ ജനങ്ങളുടെ പണം കൊണ്ടുണ്ടാക്കിയ ആസ്തികള്‍ മുഴുവന്‍ മോദി അദാനിക്ക് നല്‍കി ‘ രാഹുല്‍ നിരന്തരം ആവര്‍ത്തിച്ചു.

ഇക്കഴിഞ്ഞ മാസം ലണ്ടനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഫിനാന്‍ഷ്യല്‍ ടൈംസ് പുറത്തു കൊണ്ട് വന്ന അദാനി കല്‍ക്കരി കുംഭകോണ വാര്‍ത്ത മുഴുവന്‍ മാധ്യമങ്ങളും മൂടി വച്ചിട്ടും രാഹുല്‍ പ്രസംഗങ്ങളില്‍ അത് ഉന്നയിച്ചു. ‘അദാനി നടത്തുന്ന അഴിമതികള്‍ നിങ്ങളെ നേരിട്ടാണ് ബാധിക്കുന്നത്’ രാഹുല്‍ പറഞ്ഞു. ‘നിങ്ങളുടെ വൈദ്യുതി ബില് കൂടുന്നത് അദാനി കാരണമാണ് . പവര്‍ കമ്പനികള്‍ക്ക് ഇരട്ടി വിലക്ക് കല്‍ക്കരി വില്‍ക്കാന്‍ അദാനിയെ മോദി സമ്മതിക്കുന്നത് കൊണ്ടാണ് നിങ്ങളുടെ വൈദ്യുതി ബില് കൂടുന്നത് ‘ 

ഫിനാന്‍ഷ്യല്‍ ടൈംസ് പുറത്തു കൊണ്ട് വന്ന അദാനി കല്‍ക്കരി കുംഭകോണ വാര്‍ത്ത

എക്കണോമിയെ കുറിച്ച് രാഹുല്‍ പറഞ്ഞ മറ്റു ചില കാര്യങ്ങള്‍  ഇന്ത്യ വരും വര്‍ഷങ്ങളില്‍ ഒരുപാട് ചര്‍ച്ച ചെയ്യേണ്ടി വരുമെന്നുറപ്പ്.

ഇന്ത്യയുടെ വളര്‍ച്ച K ഷേപ്പില്‍ ആണെന്നും 10% മാത്രം സാമ്പത്തികമായി മുകളിലേക്ക് പോകുകയാണെന്നും 90% താഴേക്ക് പോകുകയെണെന്നും എന്നതിന്റെ രൂപകമാണ് K ഷേപ്പ്. രാജ്യത്തിന്റെ സമ്പത്ത് വളരെ ചെറിയ ഒരു ശതമാനത്തിന്റെ കയ്യില്‍ കുന്നു കൂടുന്നതും ബാക്കിയുള്ളവര്‍ മുഴുവന്‍ തുച്ഛമായ വരുമാനത്തില്‍ ജീവിക്കേണ്ടി വരുന്നതും രാജ്യത്ത് പട്ടിണി മരണങ്ങളും അരാജകത്വവും ഉണ്ടാക്കും എന്നും അദ്ദേഹം നിരന്തരം മുന്നറിയിപ്പുകള്‍ നല്‍കി.

ടാക്‌സ് ലളിതമാക്കുക എന്ന ഒറ്റ ഉദ്ദേശത്തില്‍ കോണ്‍ഗ്രസ് നിര്‍ദേശിച്ച ജി.എസ്.ടി, അനാവശ്യമായ സങ്കീര്‍ണതകളും പല സ്ലാബുകളുമൊക്കെയായി, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ പിന്നോട്ടടിപ്പിച്ചു എന്നും, കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മറ്റെല്ലാ രാജ്യങ്ങളിലെയും പോലെ ഒറ്റ സ്‌ളാബ് നടപ്പാക്കുമെന്നും സങ്കീര്‍ണതകള്‍ അവസാനിപ്പിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. ഗുജറാത്ത് അദ്ദേഹം ഒരു ഉദാഹണമായി കാണിച്ചു, കോടീശ്വരന്മാര്‍ നിറഞ്ഞ ഗുജറാത്തില്‍ ആണ് ഏറ്റവും കൂടുതല്‍ പോഷകാഹാരക്കുറവുള്ള കുഞ്ഞുങ്ങള്‍, ഏറ്റവും കുറഞ്ഞ ദിവസക്കൂലി.

നെഹ്റു

അംബേദ്കര്‍

ചിന്തിക്കുന്ന, ആശയങ്ങള്‍ പങ്കിടുന്ന, ബുദ്ധിയുള്ള രാഷ്ടീയക്കാര്‍ ആയിരുന്നു സ്വാതന്ത്രനാന്തര ഇന്ത്യയെ ഇന്ത്യയായി നില നിര്‍ത്തിയതും മുന്നോട്ട് നയിച്ചച്ചതും. നെഹ്റു, അംബേദ്കര്‍, ആസാദ് തുടങ്ങിയവര്‍ കേന്ദ്രത്തിലും, ഇ എം എസ്, പെരിയാര്‍, കാമരാജ് തുടങ്ങിയവര്‍ സംസ്ഥാനങ്ങളിലും.

ഇ.എം.എസ്

പെരിയാര്‍

ക്രമേണ രാഷ്ട്രീയത്തില്‍ അടവുകളും തന്ത്രങ്ങളും മാത്രമായി, അത് ക്രമേണ അഴിമതിയും ഗുണ്ടാപണിയും ഒക്കെയായി. തട്ടികൊണ്ട് പോകലിനും കൊലപാതകത്തിനും സ്വന്തം സംസ്ഥാനത്ത് കടക്കുന്നത് കോടതി വിലക്കിയ ആള്‍ ആഭ്യന്തരമന്ത്രി വരെയായി. ചാക്കുകെട്ടുകളില്‍ പണവുമായി എം.എല്‍.എമാരെ വിലക്ക് വാങ്ങി മന്ത്രിസഭ ഉണ്ടാക്കുന്നവരെ പത്രക്കാര്‍ ചാണക്യന്‍ എന്ന് വിളിക്കാന്‍ തുടങ്ങി.

അവരുടെയിടയില്‍, ചിന്തിക്കുന്ന, ആശയങ്ങളുള്ള, ആ ആശയങ്ങള്‍ ജനങ്ങളുമായി പങ്ക് വക്കാന്‍ ധൈര്യവും കഴിവുമുള്ള, ഒരു നേതാവ് ഉയര്‍ന്നു വരികയാണ്. രാഹുല്‍ ഗാന്ധി. ക്രോണി ക്യാപിറ്റലിസ്റ്റുകളും ആര്‍.എസ്സ്.എസ്സും ഒരു ഭാഗത്തും രാഹുല്‍ ഗാന്ധി മറുഭാഗത്തും. വേറൊരു വിധത്തില്‍ പറഞ്ഞാല്‍, ആര്‍.എസ്.എസ്സിനും ഇന്ത്യക്കും ഇടയില്‍ ഒരു മതില്‍ പോലെ നില്‍ക്കുകകയാണ് രാഹുല്‍ ഗാന്ധി.

content highlights: Farooq writes about Rahul Gandhi in the context of Lok Sabha election results

ഫാറൂഖ്

ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ

Latest Stories