| Sunday, 26th December 2021, 11:29 am

സെക്‌സ്. മാര്യേജ്. സ്റ്റാന്‍ഡിങ് കമ്മിറ്റി. 

ഫാറൂഖ്

സെക്സും വിവാഹവും തമ്മില്‍ വല്ല ബന്ധവുമുണ്ടോ? ഈ ചോദ്യം ആരോടാണ് ചോദിച്ചത് എന്നതനുസരിച്ചിരിക്കും ഉത്തരം. ചോദ്യത്തില്‍ തന്നെ ഒരു കണ്‍ഫ്യൂഷന്‍ ഉണ്ട്.

സെക്‌സ് എന്നത് കര്‍മമായും നാമവിശേഷണമായും ഉപയോഗിക്കുന്ന വാക്കാണ്. ലൈംഗിക ബന്ധം പുലര്‍ത്തുക എന്ന കര്‍മത്തിലും, അപേക്ഷാ ഫോറങ്ങളില്‍ കാണുന്ന പോലെ ആണ്‍/പെണ്‍ വിശേഷണങ്ങളിലും ഒരുപോലെ ഉപയോഗിക്കുന്ന വാക്കാണ് സെക്‌സ്.

ചോദ്യത്തിലേക്ക് തിരിച്ചു വന്നാല്‍, ചോദ്യകര്‍ത്താവ് ഉദ്ദേശിക്കുന്നത് സെക്‌സ് എന്ന നാമവിശേഷണമാണെങ്കില്‍, സെക്സും വിവാഹവും തമ്മില്‍ ബന്ധമുള്ള സ്ഥലങ്ങളുണ്ട്, ഇല്ലാത്തവയുമുണ്ട്.

ഉദാഹരണത്തിന് ഇന്ത്യയില്‍ ഒരു പുരുഷന് സ്ത്രീയെ മാത്രമേ വിവാഹം കഴിക്കാന്‍ പാടുള്ളൂ. മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും അങ്ങനെ ഒരു നിബന്ധനയില്ല. നമ്മുടെ വിഷയം അതല്ല, സെക്‌സ് എന്ന കര്‍മമാണ്. ചോദ്യം ആവര്‍ത്തിക്കാം, സെക്സും വിവാഹവുമായി വല്ല ബന്ധവുമുണ്ടോ?

അമേരിക്ക, ലാറ്റിന്‍ അമേരിക്ക, യൂറോപ്പ്, ചൈന, ഫിലിപ്പീന്‍സ്, തായ്‌വാന്‍, ആസ്ട്രേലിയ, ന്യൂസീലാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലെ ആരോടെങ്കിലുമാണ് ചോദ്യം ചോദിക്കുന്നതെങ്കില്‍ അവര്‍ സംശയമില്ലാതെ പറയും ഒരു ബന്ധവുമില്ല എന്ന്. ആഫ്രിക്കക്കാര്‍, ഈസ്റ്റ് ഏഷ്യന്‍ രാജ്യക്കാര്‍ എന്നിവരൊക്കെ സംശയം പ്രകടിപ്പിക്കും.

ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക തുടങ്ങിയ സൗത്ത് ഏഷ്യന്‍ രാജ്യങ്ങള്‍, ഗള്‍ഫ് രാജ്യങ്ങള്‍ ഒക്കെ നിശ്ചയമായും പറയും സെക്‌സും വിവാഹവും തമ്മില്‍ ബന്ധമുണ്ടെന്ന്. അപവാദങ്ങളുണ്ടാകാമെങ്കിലും അവസാനം പറഞ്ഞവരുടെ സെക്‌സ് ലൈഫ് തുടങ്ങുന്നത് വിവാഹശേഷമാണ്. ആദ്യം പറഞ്ഞവരുടേത് ഏതാണ്ട് അവസാനിക്കാറാവുന്നതും.

വിനോദത്തിനായി സെക്‌സിനെ ഉപയോഗിക്കുന്ന ഒരേയൊരു ജീവി മനുഷ്യനാണെന്നാണ് ജൈവ ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. ബാക്കിയുള്ള ജീവികള്‍ പ്രജനനത്തിനാണത്രെ, ഉറപ്പൊന്നുമില്ല. ഏതായാലും അമേരിക്ക മുതല്‍ ചൈന വരെയുള്ള  നാടുകളിലെ മിക്ക കുട്ടികളും ഹൈസ്‌കൂള്‍ കാലം മുതല്‍ വിനോദം തുടങ്ങും, ബാക്കിയുള്ളവര്‍ കോളേജിലും. പ്രജനനം അവരുടെ ഉദ്ദേശമല്ലെന്ന് വ്യക്തം.

പതിനാല്-പതിനഞ്ച് വയസ്സുള്ള കുട്ടികള്‍ക്ക് ബോയ്ഫ്രണ്ട് അല്ലെങ്കില്‍ ഗേള്‍ഫ്രണ്ട് ഉണ്ടാകും. ആദ്യമൊക്കെ സമൂഹത്തിന് അത് അംഗീകരിക്കാനുള്ള വിമുഖത പ്രകടമായിരുന്നു. അക്കാലത്ത് കുട്ടികളുടെ സെക്‌സ് ഒളിഞ്ഞും മറഞ്ഞും കാറിലും ലാബിലുമൊക്കെയായിരുന്നു.

പക്ഷെ അതിന് അതിന്റെതായ പ്രശ്‌നങ്ങളുണ്ടായി. പ്രധാനമായും ടീനേജ് പെണ്‍കുട്ടികളുടെ ഗര്‍ഭധാരണം. ബ്രിട്ടനിലൊക്കെ ഇതൊരു വലിയ പ്രശ്‌നമായി.

രണ്ട് പരിഹാരങ്ങള്‍ മാത്രമേ ഒരു സമൂഹമെന്ന നിലയില്‍ അവര്‍ക്കുണ്ടായിരുന്നുള്ളു. ഒന്ന്, ടീനേജ് സെക്‌സ് പരമാവധി ഇല്ലാതാക്കുക. രണ്ട്, സെക്‌സ് എജൂക്കേഷന്‍ അഥവാ ലൈംഗിക വിദ്യാഭ്യാസം. അവര്‍ രണ്ടാമത്തേത് തെരഞ്ഞെടുത്തു. സെക്‌സ് എജൂക്കേഷന്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി.

പ്ലാന്‍ഡ് പ്രെഗ്‌നന്‍സിയെക്കുറിച്ചും ഗര്‍ഭനിരോധന മാര്‍ഗങ്ങളെക്കുറിച്ചും കുട്ടികള്‍ക്ക് ക്ലാസെടുത്തു. സ്‌കൂളുകളിലും പബ്ലിക് ടോയ്‌ലറ്റുകളിലും കോണ്ടം മെഷീനുകള്‍ സ്ഥാപിച്ചു. മിക്ക കോളേജുകളുടെയും ഹോസ്റ്റലുകള്‍ കോ-എഡ് അല്ലെങ്കില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ ആക്കി.

നമ്മുടെ അലക്‌സാണ്ടര്‍ സാറിന്റെ ഹാര്‍വഡിലൊക്കെ മുറികള്‍ തെക്കോട്ടായാലും വടക്കോട്ടായാലും കോ-എഡ് ആയിട്ടാണ് കുട്ടികളെ താമസിപ്പിക്കുന്നത്. കുട്ടികള്‍ അവരുടെ ഗേള്‍ഫ്രണ്ട്/ബോയ്ഫ്രണ്ടിനെ ഒക്കെ വീടുകളിലേക്ക് കൊണ്ടുവരുന്നതും അവര്‍ ഒരുമിച്ച് അവരുടെ മുറികളില്‍ സമയം ചെലവഴിക്കുന്നതും സാധാരണമായി. പ്ലാന്‍ ചെയ്യാത്ത ഗര്‍ഭധാരണം കുറച്ച്കുറച്ച് കൊണ്ടുവന്നു.

മറ്റ് രാജ്യങ്ങളും ഇതേ പാത പിന്തുടര്‍ന്നു. പകുതിയോളം ലോകം ഇക്കാലത്ത് വിവാഹപൂര്‍വ ലൈംഗിക ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നു. സെക്‌സ് ഒരു വിനോദമായി കരുതുന്നു. സെക്‌സ് ഏതായാലും നടക്കുന്നതുകൊണ്ട് വിവാഹം ഒരു അത്യാവശ്യ കാര്യം അല്ലാതായി. രണ്ടും മൂന്നും കുട്ടികളായ ശേഷം മാത്രം വിവാഹം കഴിക്കുന്നവരായി ഭൂരിഭാഗവും. അവരുടെ കാര്യം അവിടെ നില്‍ക്കട്ടെ.

ഇനി അടുത്ത പകുതി, അതായത് നമ്മള്‍. ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍. ഇക്കൂട്ടത്തില്‍ ചിലര്‍ വിവാഹപൂര്‍വ ബന്ധങ്ങള്‍ നിയമപരമാക്കി, ചിലര്‍ നിയമവിരുദ്ധമാക്കി. സമൂഹം ഏതായാലും സെക്‌സിന് വിവാഹം നിര്‍ബന്ധമാക്കി. വിവാഹത്തിന് പുറത്തുണ്ടാകുന്ന കുട്ടികളെ തന്തയില്ലാത്തവര്‍ എന്ന് വിളിക്കുന്നത് തുടര്‍ന്നു.

‘തന്തയില്ലാതെ’ പിറക്കുന്ന കുട്ടികളും ഭര്‍ത്താവില്ലാതെ പ്രസവിക്കുന്ന സ്ത്രീകളും സമൂഹത്തില്‍ നിരന്തരം അപമാനിക്കപ്പെട്ടു. ദുരഭിമാനകൊലകള്‍ വ്യാപകമായി ഇന്നും നടക്കുന്നു. കേരളം പോലെ താരതമ്യേന വിദ്യാഭ്യാസവും ജീവിത നിലവാരവും കൂടുതലുള്ള സമൂഹങ്ങളില്‍ പോലും വിവാഹപൂര്‍വ ബന്ധത്തിലുള്ള കുട്ടികളെ കൊന്ന് കളയുകയോ അമ്മത്തൊട്ടിലുകളില്‍ ഉപേക്ഷിക്കുകയോ ചെയ്യുന്നു.

ഈ സമൂഹങ്ങളില്‍ പ്രജനനത്തിന് ഒരു കുറവുമില്ല. ജനസംഖ്യ ആവശ്യത്തിന് കൂടുന്നുണ്ട്. അതുകൊണ്ട് സെക്‌സിന്റെ പ്രജനനോദ്ദേശം നടക്കുന്നുണ്ടെന്ന് ഉറപ്പ്. പക്ഷെ സെക്‌സ് എന്ന വിനോദം പരിതാപകരമാവുന്നു. വിവാഹപ്രായം ഉയര്‍ന്നുയര്‍ന്ന് പോകുന്നു. ഇന്ത്യയില്‍ ആണുങ്ങള്‍ വിവാഹം കഴിക്കുന്നത് ഇപ്പോള്‍ മുപ്പത് വയസിനടുത്താകുമ്പോഴാണ്. ഹരിയാനയിലൊക്കെ പെണ്‍കുട്ടികളെ ഭ്രൂണത്തില്‍ തന്നെ കശാപ്പ് ചെയ്യുന്നതുകൊണ്ട് ആണുങ്ങള്‍ നാല്‍പതായാലും കെട്ടാതെ നടക്കുന്നു. പെണ്‍കുട്ടികള്‍ ഇരുപത്തഞ്ചിന് മുകളില്‍. ശൈശവ വിവാഹം നടത്തുന്നവരുടെ കാര്യമല്ല പറയുന്നത്.

മുപ്പത് വയസുവരെ അശ്ലീല വീഡിയോ കണ്ട് നടക്കലാണ് മിക്കവരുടെയും സെക്‌സ് ജീവിതം. പെണ്‍കുട്ടികളെ അവരുടെ സമ്മതമില്ലാതെ സ്പര്‍ശിക്കുക, പിന്തുടരുക, ഒളിഞ്ഞു നോക്കുക, പീഡിപ്പിക്കുക എന്നിവയൊക്കെ ഏറ്റവും കൂടുതല്‍ ഇവിടെയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ പോണ്‍ വീഡിയോ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നതും ഇന്ത്യയിലാണ്, രണ്ടാമത് പാകിസ്ഥാനിലും. 

ലൈംഗികതയുടെ നല്ല സമയം കഴിയുമ്പോഴാണ് മിക്കവരുടെയും സെക്‌സ് ജീവിതം ആരംഭിക്കുന്നത്. അതും പ്രാരാബ്ധ കാലത്ത്. ജോലി, പ്രസവം, കുട്ടികള്‍, വീട് വെക്കല്‍ എന്നിങ്ങനെ മുപ്പതിനും നാല്‍പതിനും ഇടക്കില്ലാത്ത വള്ളിക്കെട്ടുകളില്ല. അതിനിടയില്‍ വേണം സെക്‌സ് എന്ന വിനോദം.

ഇതിലാരുടെ രീതിയാണ് ശരി എന്ന് അഭിപ്രായം പറയുന്നില്ല. ഓരോ കാലത്തും ഓരോ ദേശത്തും ഓരോരോ രീതികള്‍. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ നീളുന്ന മനുഷ്യന്റെ വികാസപരിണാമ ഘട്ടങ്ങളിലെ ഓരോരോ വളവുതിരിവുകള്‍. ജഡ്ജ്‌മെന്റലാകുന്നതില്‍ കാര്യമില്ല. പക്ഷെ ഇമ്മാതിരി പരിഷ്‌കാരങ്ങളുടെ ഒരു രീതിയുണ്ട്.

ആദ്യം യൂറോപ്പില്‍ വരും, പിന്നെ അമേരിക്കയിലും ലാറ്റിന്‍ അമേരിക്കയിലും. അതുകഴിഞ്ഞ് തായ്‌വാന്‍, ജപ്പാന്‍, കൊറിയ, പിന്നെ ചൈന, തുടര്‍ന്ന് ആഫ്രിക്ക, പിന്നെ ഇന്ത്യ, അതും കഴിഞ്ഞ് ദുബായ്, അവസാനം സൗദി അറേബ്യ. അതാണതിന്റെ രീതി. യൂറോപ്യന്‍ ക്ലോസെറ്റ് വന്ന വഴി നോക്കിയാല്‍ മതി. ആ നിലക്ക് സെക്‌സ് വിപ്ലവത്തിന്റെ അടുത്ത സ്റ്റോപ്പ് ഇന്ത്യയാണ്. അതേതായാലും വരും. വരാനുള്ളതൊന്നും വഴിയില്‍ തങ്ങിയ ചരിത്രമില്ല.

ഈ പശ്ചാത്തലത്തിലാണ് പുതിയ വിവാഹ ബില്ലിനെ വിലയിരുത്തേണ്ടത്. കറുപ്പും വെളുപ്പുമായി വിലയിരുത്തേണ്ടതിന് പകരം ഒരുപാട് വാര്യബിള്‍സ് (variables) പരിശോധിച്ച് വേണം ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍. വിവാഹപ്രായം ലൈംഗികത കുറ്റകൃത്യമല്ലാത്ത പ്രായത്തേക്കാള്‍ കൂടുമ്പോള്‍ സ്വാഭാവികമായും വിവാഹപൂര്‍വ ലൈംഗികത കൂടും. കുട്ടികള്‍ കണ്ടുതീര്‍ക്കുന്ന അസംഖ്യം വിദേശ സിനിമകളിലൂടെ, വിവാഹപൂര്‍വ ലൈംഗികത ഒരു പാപമല്ല എന്ന ബോധം ഇപ്പോഴേ പുതിയ തലമുറയില്‍ രൂഢമൂലമാണ്. അത് പ്രായോഗികതയിലേക്ക് വരാന്‍ ചെറിയൊരു ഉന്ത് മതി. ആ ഉന്തല്‍ കൊടുക്കാന്‍ ഈ ബില്ലിന് കഴിയും.

ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവ്, സെക്‌സിനുള്ള സ്വകാര്യതയുടെയും സൗകര്യങ്ങളുടെയും അഭാവം- ഒക്കെകൊണ്ട് ഇത്തരം ബന്ധങ്ങളില്‍ കുട്ടികളുണ്ടാകാനുള്ള സാധ്യതയും ഒരുപാട് കൂടുതലാണ്. അത് കണക്കാക്കി വിവാഹപൂര്‍വ ബന്ധങ്ങളിലുണ്ടാകുന്ന കുട്ടികളുടെ സംരക്ഷണം, കസ്റ്റഡി, പിന്തുടര്‍ച്ചാവകാശം തുടങ്ങിയ കാര്യങ്ങളില്‍ സമഗ്രമായ നിയമങ്ങളുണ്ടാകണം. അതൊരുദാഹരണം മാത്രം, മറ്റനവധി പ്രശ്‌നങ്ങള്‍ പരിഗണിക്കപ്പെടണം.

ഇപ്പോഴാണ് ഈ ലേഖനത്തിന്റെ തലക്കെട്ടിലെ മൂന്നാമത്തെ വാക്ക് പ്രസക്തമാകുന്നത്. സ്റ്റാന്‍ഡിങ് കമ്മിറ്റി.

ഇപ്പോഴത്തെ ബില്‍ മോദി സര്‍ക്കാര്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടിട്ടുണ്ട്. ഈ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം അതൊരു പുതുമയാണ്. ഭരണഘടന ഒരു ലിവിങ് ഡോക്യുമെന്റാണ് എന്നാണ് പറയാറ്, ജീവനുള്ള പുസ്തകം. മതഗ്രന്ഥങ്ങളെ പോലെ ഒരിക്കലും മാറ്റാന്‍ കഴിയാത്തതല്ല നിയമങ്ങള്‍. അതിനാണ് പാര്‍ലമെന്റും നിയമസഭകളും. നമ്മള്‍ തെരഞ്ഞെടുക്കുന്നവരെ ‘ലോ മേക്കേഴ്സ്’ എന്നാണ് വിളിക്കാറ്, നിയമനിര്‍മാതാക്കള്‍. അതുകൊണ്ട് കാലത്തിനനുസരിച്ച് ഒരു സര്‍ക്കാര്‍ നിയമങ്ങളെ മാറ്റുന്നതില്‍ തെറ്റില്ല. അതിപ്പോള്‍ മോദി സര്‍ക്കാരായാലും പിണറായി സര്‍ക്കാരായാലും.

പക്ഷെ മോദി സര്‍ക്കാര്‍ പ്രധാന നിയമങ്ങള്‍ കൊണ്ടുവരുന്ന ഒരു രീതിയുണ്ടായിരുന്നു ഇതുവരെ. പാര്‍ലമെന്റ് പിരിയാന്‍ അര മണിക്കൂറുള്ളപ്പോള്‍ ഒരു ബില്ലവതരിപ്പിക്കും. പ്രതിപക്ഷം എന്തെങ്കിലും പറയാന്‍ ശ്രമിക്കുമ്പോള്‍ ഭരണപക്ഷക്കാര്‍ കൂക്കിവിളിച്ച് ബഹളമുണ്ടാക്കും. സ്പീക്കര്‍ ശബ്ദ വോട്ടോടെ നിയമം പാസാക്കും. പിന്നെ എല്ലാവരും സോഷ്യല്‍ മീഡിയയില്‍ വന്ന് പരസ്പരം തെറിവിളിക്കും. നിയമം ന്യായീകരിക്കേണ്ട ചുമതല മണ്ടന്മാരായ സംഘികളെയും രണ്ടുരൂപക്ക് ട്വീറ്റ് ചെയ്യുന്ന ഐ.ടി സെല്ലുകാരെയും ഏല്‍പ്പിക്കും. 

ഇതുകൊണ്ടൊന്നും പ്രത്യേകിച്ച് ഒരു കാര്യവുമില്ല. പാര്‍ലമെന്റിലും സ്റ്റാന്റിങ് കമ്മിറ്റിയിലും ചര്‍ച്ച ചെയ്യാത്ത നിയമങ്ങള്‍ നാട്ടുകാരും നാട്ടുകാരല്ലാത്തവരുമൊക്കെ ചര്‍ച്ച ചെയ്യും. അവസാനം ബില്ല് ഒന്നുകില്‍ പിന്‍വലിക്കും അല്ലെങ്കില്‍ നടപ്പാക്കാതെ നീട്ടിക്കൊണ്ട് പോകും. ഭൂമി ഏറ്റെടുക്കല്‍ ബില്‍, പൗരത്വ ബില്‍, കാര്‍ഷിക ബില്‍ തുടങ്ങിയവയൊക്കെ ഇതിനുദാഹരണങ്ങളാണ്.

സത്യത്തില്‍ ഇതൊക്കെ ആവശ്യമുള്ള ബില്ലുകളായിരുന്നു. ഇന്ത്യക്ക് പുരോഗമിക്കണമെങ്കില്‍ സമഗ്രമായ ഭൂമിയേറ്റെടുക്കല്‍ നയം വേണം. ഇന്ത്യയില്‍ കാര്‍ഷികഘടനയും രീതികളും അടിമുടി പൊളിച്ചെഴുതപ്പെടണം. പതിറ്റാണ്ടുകളായി ഇന്ത്യയില്‍ അഭയാര്‍ഥികളായി കഴിയുന്നവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ ഫാസ്റ്റ്ട്രാക്ക് പോളിസി വേണം.

ഇതിലൊന്നും ആര്‍ക്കും വിയോജിപ്പില്ല. പക്ഷെ ഈ ബില്ലുകളൊക്കെ പരാജയപ്പെടാന്‍ കാരണം മോദി സര്‍ക്കാര്‍ പാര്‍ലമെന്റിനെയും സ്റ്റാന്റിങ് കമ്മിറ്റികളെയും വിശ്വാസത്തിലെടുക്കുന്നതിന് പകരം ഫേസ്ബുക്ക് സംഘികളെ വിശ്വാസത്തിലെടുക്കുന്നത് കൊണ്ടാണ്. കോടിക്കണക്കിന് മനുഷ്യരെ ബാധിക്കുന്നതാണ് ഓരോ നിയമവും. എല്ലാ വശങ്ങളും കാണാനും മനസിലാക്കാനും കഴിയുന്ന വിദഗ്ധരുമായും പാര്‍ട്ടികളുമായും പൊതുജനങ്ങളുമായുമൊക്കെ മാസങ്ങളെടുത്ത് ചര്‍ച്ച ചെയ്ത് വേണം ബില്ലുകള്‍ കൊണ്ടുവരാന്‍. അതിന് പകരം മോദി സര്‍ക്കാര്‍ ആശ്രയിക്കുന്ന ഫേസ്ബുക്ക് സംഘികള്‍ മൂക്കിനപ്പുറം കാണാന്‍ കഴിവില്ലാത്ത വിഡ്ഢികളാണ്.

ഏതായാലും പരാജയങ്ങളില്‍ നിന്ന് പാഠം പഠിക്കുന്നത് തെറ്റല്ല. ഇപ്രാവശ്യം ബില്ല് സ്റ്റാന്റിങ് കമ്മിറ്റിക്ക് വിട്ടിട്ടുണ്ട്. അതൊരു പുരോഗതിയാണ്. അവര്‍ വിദഗ്ധരില്‍ നിന്നും പാര്‍ട്ടികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും പ്രതികരണം തേടി, കുറ്റമറ്റ ഒരു ബില്ല് കൊണ്ടുവരും എന്ന് പ്രതീക്ഷിക്കാം. ഇല്ലെങ്കില്‍ മറ്റ് ബില്ലുകളുടെ പരാജയം ഈ ബില്ലിനും വരും.

പ്രധാനമായും സ്റ്റാന്റിങ് കമ്മിറ്റി പരിഗണിക്കണം എന്ന് കരുതുന്ന വിഷയങ്ങള്‍ ഇവയാണ്,

സെക്‌സ് നിയമവിരുദ്ധമല്ലാത്ത 18നും വിവാഹം അനുവദനീയമായ 21നും ഇടയില്‍ മൂന്ന് കൊല്ലങ്ങളുണ്ട്. മറ്റേതൊരു മൂന്ന് കൊല്ലം പോലെയല്ല ഈ കൊല്ലങ്ങള്‍. മനുഷ്യായുസ്സില്‍ ലൈംഗികത ഏറ്റവും ദീപ്തമാവുന്ന വര്‍ഷങ്ങളാണിത്. വിവാഹപൂര്‍വ ലൈംഗികത പാപമല്ല എന്ന് വിശ്വസിക്കുന്ന കുട്ടികളുടെ എണ്ണം ക്രമാതീതമായി കൂടുന്ന ഇക്കാലത്ത് അവര്‍ സെക്‌സില്‍ നിന്ന് സ്വാഭാവികമായി വിട്ടുനില്‍ക്കും എന്ന് കരുതുന്നത് വിഡ്ഢിത്തമാണ്.

അതുകൊണ്ട് തന്നെ ഇനിയങ്ങോട്ട് വിവാഹപൂര്‍വ ബന്ധങ്ങളില്‍ ലക്ഷക്കണക്കിന് കുട്ടികള്‍ ജനിക്കാനാണ് സാധ്യത. ഇതില്‍ നല്ലൊരു പങ്ക് ടീനേജ് പ്രെഗ്‌നന്‍സിയും ആയിരിക്കും. ആ നിലക്ക് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് യൂറോപ്പും ഇംഗ്ലണ്ടും ചെയ്ത പരിഹാരങ്ങള്‍ നമ്മളും ചെയ്യേണ്ടി വരും. താഴെ പറയുന്ന കാര്യങ്ങള്‍ സ്റ്റാന്റിങ് കമ്മിറ്റി വിശദമായി പരിശോധിക്കും എന്ന് കരുതുന്നു.

1 – എങ്ങനെ ഏറ്റവും ചെറിയ ക്ലാസുകള്‍ മുതല്‍ സെക്‌സ് എജൂക്കേഷന്‍ നടപ്പാക്കാം.

2 – എങ്ങനെ ടീനേജ് പ്രെഗ്‌നന്‍സിയും അണ്‍-പ്ലാന്‍ഡ് പ്രെഗ്‌നന്‍സിയും ഒഴിവാക്കാന്‍ പെണ്‍കുട്ടികളെ തയ്യാറെടുപ്പിക്കാം. അതിനുള്ള സൗകര്യങ്ങള്‍    എങ്ങനെ ഒരുക്കാം, ഉദാഹരണത്തിന്, സ്‌കൂളുകളിലും പൊതുസ്ഥലങ്ങളിലും കോണ്ടം വെന്‍ഡിങ് മെഷീന്‍ സൗകര്യങ്ങള്‍.

3 – വിവാഹപൂര്‍വ ബന്ധങ്ങളെ അംഗീകരിക്കാനും സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാനും സമൂഹത്തിലെ മുതിര്‍ന്നവരെ എങ്ങനെ തയ്യാറാക്കാം.

4 – വിവാഹപൂര്‍വ ബന്ധങ്ങളില്‍ ജനിക്കുന്ന കുട്ടികളുടെ സംരക്ഷണം, കസ്റ്റഡി, പിന്തുടര്‍ച്ചാവകാശം തുടങ്ങിയവയിലുള്ള അനിശ്ചിതത്വങ്ങള്‍ എങ്ങനെ പരിഹരിക്കാം.

ഇത്തരം കാര്യങ്ങള്‍ പരിശോധിച്ച്, നിയമം സമഗ്രവും കുറ്റമറ്റതും ആക്കിയിട്ടില്ലെങ്കില്‍ മറ്റൊരു ദുരന്തമായിരിക്കും ഫലം. കറുപ്പും വെളുപ്പും മാത്രം കണ്ട് നിയമങ്ങളുണ്ടാക്കരുത്, രണ്ടിനുമിടയില്‍ ഒരു കോടി നിറങ്ങളുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

ഫാറൂഖ് എഴുതിയ മറ്റ് ലേഖനങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Content Highlight: Farooq writes about Pre-marital sex, Marriage age bill and how it works in India

ഫാറൂഖ്

ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ

We use cookies to give you the best possible experience. Learn more