| Monday, 4th November 2024, 5:18 pm

ആവര്‍ത്തിക്കാതെ നഖ്ബ, നാട് വിടാതെ ഫലസ്തീനികള്‍, ജയിക്കുന്ന പോരാട്ടം

ഫാറൂഖ്

വേണമെങ്കില്‍ യൂറോപ്പില്‍ നിന്ന് തുടങ്ങാം, അല്ലെങ്കില്‍ ജറുസലേമില്‍ നിന്ന്. രണ്ടായിരം കൊല്ലം മുമ്പോ അറുപത്താറു കൊല്ലം മുമ്പോ തുടങ്ങാം, ഇസ്രഈല്‍-ഫലസ്തീന്‍ പ്രശ്‌നത്തിന്റെ സംക്ഷിപ്ത ചരിത്രം എഴുതാന്‍ എളുപ്പമാണ്.

എഴുതും മുമ്പ് എന്തിനെഴുതുന്നു എന്ന് പറയാം,

ഫലസ്തീനികള്‍ എന്തിനാണ് വെറുതെ മരിക്കുന്നത് എന്ന പേരില്‍ ഇവിടെ ഒരു ആര്‍ട്ടിക്കിള്‍ എഴുതിയിട്ട്(www.doolnews.com/isreal-palestine-farooq-writes-123.html)ഇപ്പോള്‍ മൂന്നു വര്‍ഷം കഴിയുന്നു. അതിന്റെ രണ്ടാം ഭാഗം പോലെ മറ്റൊന്ന് എഴുതിയിട്ട് ഒരു വര്‍ഷവും. രണ്ടും അത്യാവശ്യം നന്നായി വായിക്കപ്പെട്ടതായത് കൊണ്ടും ഇപ്പോഴും ഷെയര്‍ ചെയ്യപ്പെടുന്നത് കൊണ്ടും പലരും ഇപ്പോഴും ചോദിക്കും ഇത്രയേറെ സംഭവങ്ങള്‍ ഉണ്ടായിട്ടും അതിനെ പറ്റിയൊന്നും എഴുതാത്തതെന്താണെന്ന്. പകുതി തമാശയായും പകുതി കാര്യമായും ഞാന്‍ മറുപടിയായി ചോദിക്കും, ഓരോ ബോളിനും കമന്ററി പറയാന്‍ ഇതൊരു ക്രിക്കറ്റ് മത്സരമാണോ എന്ന്. പതിറ്റാണ്ടുകളോ ചിലപ്പോള്‍ നൂറ്റാണ്ടുകളോ നീണ്ടു നില്‍ക്കുന്ന സംഘര്‍ഷങ്ങളാണ്, അതിലെ ഓരോ ഇവന്റും ഇതാണവസാനം എന്ന രീതിയില്‍ വിലയിരുത്തുന്നതില്‍ പ്രത്യേകിച്ച് കാര്യമൊന്നുമില്ല.

പതിറ്റാണ്ടുകളോ നൂറ്റാണ്ടുകളോ നീളുന്ന സംഘര്‍ഷങ്ങള്‍ ചരിത്ര പശ്ചാത്തലം മനസ്സിലാക്കാതെ വിലയിരുത്തുന്നത് വിഡ്ഢിത്തമാണ്. നമ്മുടെ ജീവിതകാലത്തു നാം കാണുന്നു എന്നത് കൊണ്ട് മാത്രം ഓരോ സംഭവങ്ങള്‍ക്കും പ്രാധാന്യം കുറയുകയോ കൂടുകയോ ഇല്ല. ഇന്ന് നമ്മള്‍ പ്രധാനമെന്ന് കാണുന്ന പല ആളുകളും പ്രസ്ഥാനങ്ങളും നൂറു കൊല്ലം കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോള്‍ തീരെ അപ്രധാനമാണെന്നും, അപ്രധാനമാനാണെന്ന് കാണുന്നവ പ്രധാനമാണെന്നും അന്നുള്ളവര്‍ കാണും. അതുകൊണ്ട് തന്നെ ചരിത്ര പശ്ചാത്തലത്തില്‍ മാത്രം ഇപ്പോഴത്തെ സംഭവങ്ങളെ മനസ്സിലാക്കുന്നതാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്ലത്. മനുഷ്യന്റെ ചരിത്രം തന്നെ അധിനിവേശങ്ങളുടെയും വിമോചന പോരാട്ടങ്ങളുടെയും ചരിത്രമാണ്. ഇന്നത്തെ സംഘര്‍ഷം എങ്ങനെ തീരും എന്നറിയാന്‍ ഇന്നലത്തെ സംഘര്‍ഷം എങ്ങനെ തീര്‍ന്നു എന്ന് നോക്കിയാല്‍ മതി. ചരിത്രം ചാക്രികമാണ്.

ഫലസ്തീന്‍ പ്രശനം വിലയിരുത്തിക്കൊണ്ട് നമ്മള്‍ കാണുന്ന മിക്ക വീഡിയോകളും വിദ്വേഷ വീഡിയോകള്‍ക്ക് അഡിക്ട് ആയിട്ടുള്ള മധ്യവയസ്‌കന്മാര്‍ക്കും പ്രായമുള്ളവര്‍ക്കും കാണാന്‍ വേണ്ടി നിര്‍മിക്കപ്പെടുന്നതാണ്. അവരത് സ്ഥിരമായി കാണുന്നു എന്നതുകൊണ്ട് അവര്‍ക്ക് ഒരു സന്തോഷം, വീഡിയോ ഉണ്ടാക്കുന്നവര്‍ക്ക് ഒരു ജീവിത മാര്‍ഗം, എന്നതില്‍ കവിഞ്ഞ് പ്രത്യേകിച്ച് സമൂഹത്തിന് ഗുണമോ ദോഷമോ ഇല്ല. വിദ്യാര്‍ത്ഥികളോ ചെറുപ്പക്കാരോ അത് കാണാറില്ല, അത് കൊണ്ട് തന്നെ വരും തലമുറയെ സ്വാധീനിക്കില്ല. പക്ഷെ സമൂഹം എന്ന നിലയയില്‍ നമ്മള്‍ വിലകൊടുക്കേണ്ടി വരുന്ന മറ്റൊരു വിഭാഗവും അവരുടെ പ്രചാരണവും ഉണ്ട്, ശക്തിയുടെ ആരാധകര്‍, സോഷ്യല്‍ ഡാര്‍വിനിസം തലയ്ക്കു പിടിച്ചവര്‍, ശക്തര്‍ക്കു മാത്രമേ നിലനില്‍ക്കാന്‍ അവകാശമുള്ളൂ എന്ന് കരുതുന്നവര്‍, അവരെപ്പറ്റി അവസാനം പറയാം.

തുടക്കത്തില്‍ പറഞ്ഞ പോലെ, എവിടെ വച്ച് തുടങ്ങിയാലും അവസാനിപ്പിച്ചാലും ഒരു കാര്യം സ്ഥായിയായുണ്ട്, യുറോപ്പ്യന്മാരുടെ സെമിറ്റിക് വിരോധം. സെമിറ്റിക് വിരോധം എന്നത് ഭാഷാപരമായി ശരിയല്ല, ജൂത വിരോധം എന്ന് പറയുന്നതാണ് ശരി. സെമിറ്റിക് എന്ന് പറഞ്ഞാല്‍ ജൂതരും ക്രിസ്ത്യാനികളും മുസ്‌ലിങ്ങളും പെടും. മുസ്‌ലിങ്ങള്‍ക്ക് ചരിത്രപരമായി ജൂത വിരോധമില്ല. യൂറോപ്പിന്റെ ആന്റി സെമിറ്റിസം എന്നാല്‍ ക്രിസ്ത്യാനികള്‍ക്ക് ജൂതരോടുള്ള വിരോധമാണ്. യേശു ക്രിസ്തുവിനെ ക്രൂശിച്ചത് ജൂതരാണെന്ന വിശ്വസത്തില്‍ നിന്നാണ് ഈ ജൂതവിരോധം പ്രധാനമായി വന്നത്. പക്ഷെ അത് മാത്രമല്ല കാരണം. പണം പലിശക്ക് കൊടുക്കുക എന്നത് മുസ്‌ലിങ്ങളെ പോലെ തന്നെ ക്രിസ്ത്യാനികള്‍ക്കും ഹറാമാണ്. അടുത്ത കാലം വരെ, എന്ന് പറഞ്ഞാല്‍ നൂറോ ഇരുന്നൂറോ കൊല്ലം മുമ്പ് വരെ ക്രിസ്ത്യാനികള്‍ പലിശക്ക് പണം കൊടുത്തിരുന്നില്ല. ഈ ഒരു ചാന്‍സ് മുതലെടുത്ത് ന്യൂനപക്ഷമായ ജൂതന്മാര്‍ പലിശ ബിസിനസ് കാര്യമായി നടത്തി പണക്കാരായി. അത്യാവശ്യം വരുമ്പോള്‍ എല്ലാവരും പലിശക്കാരന്റെ അടുത്തേക്ക് ഓടുമെങ്കിലും പണം തിരിച്ചു ചോദിക്കാന്‍ പലിശക്കാരന്‍ വരുന്നത് ആര്‍ക്കും ഇഷ്ടമല്ല. ഞങ്ങളുടെ നാട്ടില്‍ ബ്ലേഡ് ബിസിനസ് നടത്തുന്ന ഒരു തമിഴന്‍ പറഞ്ഞത് പോലെ പണം തിരിച്ചു ചോദിച്ചില്ലെങ്കില്‍ എല്ലാവര്‍ക്കും പലിശക്കാരെ ഇഷ്ടമാണ്. അതേതായാലും നടക്കില്ലല്ലോ, ജൂതന്മാരെ മൊത്തത്തില്‍ വെറുക്കാന്‍ അതൊരു കാരണമായി. അക്കാലത്തെ ജനപ്രിയമായ സാഹിത്യത്തിലും നാടകത്തിലും ബോറടിപ്പിക്കുന്ന ഓപ്പറ തുടങ്ങിയ മറ്റു കലാരൂപങ്ങളിലുമൊക്കെ ജൂതന്മാരായിരുന്നു പ്രധാന വില്ലന്മാര്‍. ഒരു പൗണ്ട് മാംസം പലിശയായി ചോദിച്ച ഷേക്സ്പിയറിന്റെ ജൂത കഥാപാത്രമായ ഷൈലോക്കിന്റെ കഥ മിക്കവരും വായിച്ചിട്ടുണ്ടാകും.

ഇഷ്ടമല്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന് പറഞ്ഞത് പോലെ ഇല്ലാത്തതും ഉള്ളതുമായ മുഴുവന്‍ കുറ്റങ്ങളും യൂറോപ്പ്യന്മാര്‍ ജൂതന്മാരുടെ തലയിലേക്കിട്ടു. പെണ്‍കുട്ടികളെ വശീകരിച്ചു ഗര്‍ഭിണികളാക്കുന്ന ലവ് ജിഹാദ്, പന്നികളെ പോലെ പെറ്റു കൂട്ടുക, ചോറിങ്ങും കൂറങ്ങും, ധനാപഹരണം, കൂടോത്രം തുടങ്ങി ഏതൊരു നാട്ടിലുമുള്ള ഭൂരിപക്ഷ റേസിസ്റ്റുകളും ന്യുനപക്ഷങ്ങള്‍ക്കെതിരെ സാധാരണ ആരോപിക്കുന്ന എല്ലാ ഗൂഢാലോചന സിദ്ധാന്തങ്ങളും യൂറോപ്പിലെ ക്രിസ്താനികള്‍ ജൂതന്മാര്‍ക്കെതിരെ തെറ്റായി ആരോപിച്ചു. പക്ഷെ ജൂതന്മാര്‍ക്കെതിരെയുള്ള ഏറ്റവും ഭീകരമായ അതിക്രമങ്ങള്‍ക്ക് വകവച്ചത് മറ്റൊരാരോപണമാണ് – ബ്ലഡ് ലിബെല്‍. രക്ത-പൂജ എന്ന് ഏകദേശ വിവര്‍ത്തനം. കുട്ടികളെ തട്ടി കൊണ്ടുപോയി അവരുടെ ചോര കുടിക്കുക, ചോര കൊണ്ട് പൂജ ചെയ്യുക, മത്സോസ് എന്ന വിശേഷാവസരങ്ങില്‍ ഉണ്ടാക്കുന്ന കേക്കില്‍ കുട്ടികളുടെ രക്തം ചേര്‍ക്കുക എന്നതൊക്കെയായിരുന്നു ജൂതര്‍ക്കെതിരെയുള്ള ഏറ്റവും ക്രൂരമായ അപവാദ പ്രചാരണം.

1144ല്‍ ഇംഗ്ലണ്ടിലെ നോര്‍വിച്ച് എന്ന സ്ഥലത്തു വില്യം എന്ന ഒരു കുട്ടിയെ മരിച്ച നിലയില്‍ കാണപ്പെട്ടു, അത് ജൂതന്മാര്‍ രക്ത പൂജ ചെയ്യാന്‍ നടത്തിയ കൊലപാതകമാണെന്നായിരുന്നു വ്യാപകമായ തെറ്റായ പ്രചാരണം. ‘തെറ്റായ’ എന്ന് ഓരോ വാചകത്തിലും ആവര്‍ത്തിക്കുന്നത് എന്തിനാണെന്ന് നിങ്ങള്‍ക്ക് തോന്നും, കാരണമുണ്ട്, ഇത്തരം പ്രചാരണങ്ങള്‍ തെറ്റാണ് എന്ന് ആവര്‍ത്തിച്ചു പറഞ്ഞില്ലെങ്കില്‍ പിന്നീട് വന്ന കൂട്ടക്കൊലപാതങ്ങള്‍ക്ക് അതൊരു ന്യായീകരണമാവും.

ഇത്തരം നിരവധി അസത്യ കഥകള്‍ ജൂതരെ കുറിച്ച് യൂറോപ്പിലെങ്ങും പ്രചരിച്ചു. ജൂത പുരോഹിതര്‍ ഒരു ചായ കോപ്പയില്‍ രക്തം കുടിക്കുന്നത് അക്കാലത്തെ ജനകീയമായിരുന്ന തെരുവ് ചിത്രങ്ങളായിരുന്നു. ഈ അസത്യ പ്രചാരണങ്ങള്‍ക്ക് എഴുത്തുകാരൊക്കെ പറയുന്നത് പോലെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടായി. ജൂതര്‍ക്കെതിരെയുള്ള ആക്രമണങ്ങളും കൂട്ടക്കൊലകളും പതിവായി. ഒന്നാം കുരിശു യുദ്ധത്തില്‍ ആയിരക്കണക്കിന് ജൂതന്മാര്‍ യൂറോപ്പില്‍ കൂട്ടക്കൊലകള്‍ക്ക് ഇരയായി. ക്രൂസേഡുകാര്‍ അവരുടെ പടയോട്ടങ്ങളില്‍ ജര്‍മനി, ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ജൂതന്മാരെ തെരഞ്ഞു പിടിച്ചു കൂട്ടക്കൊല ചെയ്തു.

1350കളില്‍ പ്ലേഗ് പരത്തുന്നത് ജൂതന്മാരാണെന്ന് തെറ്റായി ആരോപിച്ചു വീണ്ടും കൂട്ടക്കൊലകളും ആള്‍ക്കൂട്ട ആക്രമണങ്ങളും നടന്നു. 1349ല്‍ ഫ്രാന്‍സിലെ സ്ട്രാന്‍സ്ബെര്‍ഗില്‍ 2,000 ജൂതരെ ഇതേ തെറ്റായ കാരണം ഉന്നയിച്ചു പച്ചയ്ക്ക് കത്തിച്ചു കൊന്നു. ബെര്‍ലിനിലും, ഫ്രാങ്ക്ഫര്‍ട്ടിലും കോളോണിലും സമാനമായ കൂട്ടക്കൊലകളുണ്ടായി. ഇംഗ്ലണ്ടിലെ എഡ്വേര്‍ഡ് ഒന്നാമനും ഫ്രാന്‍സിലെ ഫിലിപ് നാലാമനും ജൂതരെ മുഴുവന്‍ നാടുകടത്താന്‍ ഉത്തരവിട്ടു. 1492ല്‍ സ്‌പെയിനിലെ കത്തോലിക്ക സഭ ജൂതന്മാരെ ഒന്നുകില്‍ മതം മാറ്റാനും അല്ലെങ്കില്‍ നാടുകടത്തനോ കൊന്നു കളയാനോ ഉത്തരവിട്ടതിനെ തുടര്‍ന്ന് നൂറ്റാണ്ടുകളോളം നടന്ന ജൂത കൂട്ടക്കൊലകള്‍ സ്പാനിഷ് ഇന്‍ക്വിസിഷന്‍ എന്ന പേരില്‍ അറിയപ്പെടുന്നു.

പതിനാറാം നൂറ്റാണ്ടില്‍ ഇറ്റലിയില്‍ ജൂത വിരോധത്തിന്റെ പുതിയൊരു അധ്യായം തുടങ്ങി, ജൂതന്മാര്‍ ക്രിസ്ത്യാനികളുടെ ഇടയില്‍ താമസിക്കാന്‍ പാടില്ല എന്നും അവര്‍ക്ക് നിശ്ചയിക്കപ്പെട്ട ഇടങ്ങളില്‍ മാത്രമേ താമസിക്കാന്‍ പാടുള്ളൂ എന്നുമുള്ള നിയമുണ്ടായി. ഇന്ന് വ്യാപകമായി നമ്മള്‍ ഉപയോഗിക്കുന്ന ഗെറ്റോ എന്ന വാക്ക് അങ്ങനെയാണുണ്ടായത്. ഗെറ്റോകള്‍ പിന്നീട് യൂറോപ്പ് മുഴുവന്‍ വ്യാപിച്ചു . ജൂതന്മാര്‍ കുട്ടികളെ കൊന്നു ചോര കുടിക്കുമെന്നും സ്ത്രീകളെ തട്ടിക്കൊണ്ടു പോകുമെന്നും കൂടോത്രം നടത്തുമെന്നുമൊക്കെയുള്ള തെറ്റായ പ്രചാരണങ്ങളില്‍ വിശ്വസിച്ച നാട്ടുകാര്‍ ഗെറ്റോകള്‍ക്ക് നേരെയും വ്യാപകമായ ആക്രമണങ്ങള്‍ നടത്തി. വളരെ കുറച്ചു സ്ഥലം മാത്രം ഗെറ്റോകള്‍ക്ക് അനുവദിച്ചു, അവിടെ പരമാവധി ജൂതന്മാരെ കുത്തിനിറച്ചു, അവര്‍ക്ക് ആവശ്യമായ തോതില്‍ ഭക്ഷണമോ വെള്ളമോ കിട്ടാത്ത രീതിയിലായിരുന്നു ഇതിന്റെ ഘടന. ഗെറ്റോകളില്‍ നിന്ന് പുറത്തിറങ്ങേണ്ടി വന്നാല്‍ ജൂതന്മാര്‍ പ്രത്യക നിറത്തിലുള്ള വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ എന്നതും പല നാടുകളിലും നിയമമായിരുന്നു. പ്ലേഗ്, കോളറ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ വരുമ്പോള്‍ ഗെറ്റോകളിലുള്ളവരെ പട്ടിണിക്കിട്ടോ എറിഞ്ഞോ കൊല്ലുന്നതും വ്യാപകമായിരുന്നു.

ഗെറ്റോ

ഇത്തരം ക്രൂരമായ പീഡനങ്ങളുടെയും കൂട്ടക്കൊലകളുടെയും പശ്ചാത്തലത്തിലാണ് സയണിസം ഉടലെടുക്കുന്നത്.

ഓസ്ട്രിയന്‍ ജൂതനായ തിയോഡര്‍ ഹെര്‍സെല്‍ ആണ് സയണിസ്റ്റ് പ്രസ്ഥാനം സ്ഥാപിക്കുന്നത്. യുറോപ്പില്‍ നടക്കുന്ന അതിക്രൂരമായ ജൂത പീഡനങ്ങളുടെ പശ്ചാത്തലത്തില്‍ സ്വന്തമായി ഒരു രാജ്യമില്ലാതെ ജൂതന്മാര്‍ക്കിനി ജീവിക്കാനാകില്ല എന്നായിരുന്നു 1896ല്‍ പ്രസിദ്ധീകരിച്ച ജൂത-രാഷ്ട്രം എന്ന ലേഖനത്തില്‍ തിയോഡര്‍ സ്ഥാപിക്കാന്‍ ശ്രമിച്ചത്. കൂട്ടത്തില്‍ പറയട്ടെ, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നൂറു കൊല്ലം കഴിഞ്ഞ് ഈയടുത്തു പറഞ്ഞതും അതെ കാര്യമായിരുന്നു. ബൈഡന്‍ പറയാതെ പറയുന്നത് അമേരിക്കയിലോ യുറോപ്പിലോ ജൂതന്മാര്‍ ആരെങ്കിലും ബാക്കിയുണ്ടെങ്കില്‍ അവര്‍ ഇസ്രഈലിലേക്ക് പോയി സുരക്ഷിതമായിക്കൊള്ളൂ എന്നാണ്. ജൂത വിരോധം ഇപ്പോഴും പാശ്ചാത്യ മനസില്‍ മായാതെ കിടക്കുന്നു എന്നത് ബൈഡന്റെ പ്രസ്താവനയില്‍ നിഴലിക്കുന്നു എന്ന് പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്.

തിയോഡര്‍ ഹെര്‍സെല്‍

സയണിസ്റ്റ് നേതാക്കള്‍ ഈ ആവശ്യവുമായി അന്ന് ലോകം കയ്യടക്കി വെച്ചിരിക്കുന്ന ബ്രിട്ടീഷുകാരെ സമീപിച്ചു. അവര്‍ സന്തോഷത്തോടെ ആ ആവശ്യം അംഗീകരിച്ചു. ഉഗാണ്ടയിലോ കെനിയയിലോ അയ്യായിരം സ്‌ക്വയര്‍ കിലോമീറ്റര്‍ സ്ഥലം കൊടുക്കാമെന്നായിരുന്നു ബ്രിട്ടീഷ് വാഗ്ദാനം. ഒരുപാട് ചര്‍ച്ചകള്‍ക്ക് ശേഷം സയണിസ്റ്റുകള്‍ അത് നിരസിച്ചു. പിന്നീട് സൈപ്രസ്, മഡഗാസ്‌കര്‍ എന്നീ സ്ഥലങ്ങള്‍ നിശ്ചയിച്ചു. സൂര്യന്‍ അസ്തമിക്കാത്ത സാമ്ര്യാജ്യം സ്വന്തമായിട്ടുള്ള ബ്രിട്ടീഷുകാര്‍ക്ക് എവിടെ വേണമെങ്കിലും സ്ഥലം കൊടുക്കുമായിരുന്നു. അങ്ങനെയാണ് അന്നത്തെ ഫലസ്തീനില്‍ ജൂതന്മാര്‍ക്ക് ഭൂമി കൊടുക്കാമെന്ന് തീരുമാനമായത്. അവര്‍ ജൂതര്‍ക്ക് സ്വന്തം രാജ്യം കൊടുക്കുന്നതില്‍ രഹസ്യമായി സന്തോഷിക്കുന്നുമുണ്ടായിരുന്നു, അതിന്റെയും കാരണം മറ്റേതു തന്നെ, ജൂത വിരോധം. യൂറോപ്പിലെ ഏറ്റവും വലിയ ജൂത വിരോധികളില്‍ പെട്ടവരായിരുന്നു ഇംഗ്ലണ്ടുകാര്‍. എഡ്വേര്‍ഡ് ഒന്നാമന്‍ രാജാവായിരുന്നു ജൂതരെ മുഴുവന്‍ ഇംഗ്ലണ്ടില്‍ നിന്ന് പുറത്താക്കാന്‍ ഉത്തരവിട്ടത് എന്ന് നേരത്തെ പറഞ്ഞല്ലോ. അതിനോടനുബന്ധിച്ച വേട്ടയാടല്‍ മൂന്നു നൂറ്റാണ്ടോളം തുടര്‍ന്നു. ജൂതന്മാര്‍ക്ക് സ്വത്ത് വാങ്ങാനോ സര്‍ക്കാര്‍ ജോലികള്‍ ചെയ്യാനോ ഇംഗ്ലണ്ടില്‍ വിലക്കുണ്ടായിരുന്നു.

19, 20 നൂറ്റാണ്ടുകളില്‍ കിഴക്കന്‍ യൂറോപ്പില്‍ നിന്നുള്ള പീഡനങ്ങളില്‍ നിന്ന് ഓടി രക്ഷപ്പെട്ട കുറെയധികം ജൂതന്മാര്‍ ഇംഗ്ലണ്ടിലെത്തി. ഈ പാവങ്ങളെയും ഇംഗ്ലണ്ടുകാര്‍ വേട്ടയാടി. സൊല്യൂഷന്‍ അഥവാ പരിഹാരം എന്ന കോഡ് വേഡ് ജൂത പ്രശ്‌നം വംശഹത്യയിലൂടെ പരിഹരിക്കണം എന്നതിന് ഉപയോഗിച്ച് തുടങ്ങിയത് ഇംഗ്ലണ്ടിലാണ്. ഇതാണ് പിന്നീട് ഹിറ്റ്‌ലര്‍ ഫൈനല്‍ സൊല്യൂഷന്‍ അഥവാ ശാശ്വത പരിഹാരം എന്നതാക്കി മാറ്റിയത്. അതിലേക്ക് വരാം. ഇപ്പറഞ്ഞ പരിഹാരങ്ങളില്‍ ഒന്നായിരുന്നു ജൂത രാഷ്ട്രം. പരമാവധി ജൂതന്മാരെ ഇംഗ്ലണ്ടില്‍ നിന്ന് പറഞ്ഞയക്കുക. മറ്റൊരു ഉദ്ദേശം കൂടിയുണ്ടായിരുന്നു, അത് മതപരം.

ഇംഗ്ലണ്ടിലും അമേരിക്കയിലുമുള്ള ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍സ് യേശുവിന്റെ രണ്ടാം വരവ് ജൂത നിയന്ത്രണത്തിലുള്ള ജെറുസലേമിലേക്കായിരിക്കുമെന്ന് വിശ്വസിക്കുന്നു. തിരിച്ചു പറഞ്ഞാല്‍ ക്രിസ്തു വരണമെങ്കില്‍ ജെറുസലേം ജൂത നിയന്ത്രണത്തിലാക്കണം. അന്ത്യനാളില്‍ ക്രിസ്തു ജെറുസലേമിലേക്ക് വരികയും ജൂതരെ മൊത്തം ഒന്നുകില്‍ മതം മാറ്റുകയോ അല്ലെങ്കില്‍ ശിക്ഷിക്കുകയുമോ ചെയ്യുമെന്നാണ് അവരുടെ വിശ്വസം. ഈ വിശ്വസമനുസരിച്ച് ജെറുസലേം ജൂത നിയന്ത്രണത്തിലാക്കാന്‍ പരിശ്രമിക്കുന്ന ക്രിസ്ത്യാനികളെ ക്രിസ്ത്യന്‍ സയണിസ്റ്റുകള്‍ എന്ന് വിളിക്കുന്നു. ജൂതവിശ്വസം തിരിച്ചാണ്, അന്ത്യനാളില്‍ മിശിഹ വരുമെന്നും ജെറുസലേമില്‍ മൂന്നാം ക്ഷേത്രം പുനര്‍നിമിക്കുമെന്നും ലോകത്തുള്ള ജൂതരെയെല്ലാം ജെറുസലേമിലേക്ക് തിരിച്ചു കൊണ്ടുവരുമെന്നും ക്രിസ്ത്യനികളെ ശിക്ഷിക്കുമെന്നും ആണ് അവരുടെ വിശ്വസം.

1917ലാണ് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബാല്‍ഫോറിന്റെ നേതൃത്വത്തില്‍ ബാല്‍ഫോര്‍ ഡിക്ലറേഷന്‍ ഉണ്ടാകുന്നത്, ഫലസ്തീനില്‍ ജൂതന്മാര്‍ക്ക് സ്വന്തം രാജ്യം ഉണ്ടാക്കാന്‍ വേണ്ടി ബ്രിട്ടീഷുകാരുടെ പിന്തുണ അറിയിക്കുന്നതായിരുന്നു ബാല്‍ഫോര്‍ ഡിക്ലറേഷന്‍. അതിനെ തുടര്‍ന്നാണ് ആലിയ എന്ന് ജൂതന്മാര്‍ വിളിക്കുന്ന ഫലസ്തീനിലേക്കുള്ള ജൂത കുടിയേറ്റം ആരംഭിക്കുന്നത്.

ബാല്‍ഫോര്‍ ഡിക്ലറേഷന്‍

അതിന് മുമ്പ് ഫലസ്തീനില്‍ ജൂതന്മാര്‍ ഉണ്ടായിരുന്നില്ല എന്നല്ല, പക്ഷെ വളരെ കുറച്ചു മാത്രമായിരുന്നു. ഏകദേശം അഞ്ചു ശതമാനം. പക്ഷെ യൂറോപ്പിലെ പോലെ ജൂത വിരോധമോ ജൂതര്‍ക്കെതിരെയുള്ള ആക്രമണമോ മറ്റൊരിടത്തും ഉണ്ടായിരുന്നില്ല. അവിടെയും എവിടെയുമുള്ള ചില പ്രാദേശിക പ്രശ്‌നങ്ങള്‍ ഒഴിച്ചാല്‍ ഏഷ്യ, ആഫ്രിക്ക ഭൂഖണ്ഡങ്ങളില്‍ ജൂതന്മാര്‍ സമാധാനത്തോടെയാണ് ജീവിച്ചിരുന്നത്.

ഫലസ്തീനിന്റെ ചരിത്രം ജൂതരുടെയും ക്രിസ്ത്യാനികളുടെയും മുസ്‌ലിങ്ങളുടെയും ചരിത്രമാണ്. ഈ മൂന്നു മതങ്ങളും അബ്രഹാമിക് മതങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്. അബ്രഹാം അഥവാ ഇബ്രാഹിം, അന്ന് മെസോപ്പൊട്ടാമിയ എന്നറിയപ്പെട്ട ഇന്നത്തെ ഇറാഖില്‍, യൂഫ്രട്ടീസ് നദിക്കരയില്‍ ജനിച്ച ഒരു പ്രവാചകനായിരുന്നു. ദൈവം ആവശ്യപ്പെട്ടതനുസരിച്ചു ഇറാഖില്‍ നിന്ന് കാനോന്‍ ദേശത്തേക്ക് അഥവാ ഫലസ്തീനിലേക്ക് പലായനം ചെയ്യുകയായിരുന്നു അബ്രഹാം. അബ്രഹാമിന് മൂന്നു ഭാര്യമാരിലായി എട്ടു കുട്ടികളാണ് ഉണ്ടായിരുന്നത്. ഹാജറ എന്ന ഭാര്യയിലെ ഇസ്മായില്‍ എന്ന മകനും സാറ എന്ന ഭാര്യയിലെ ഇസഹാക്ക് എന്ന മകനുമാണ് പിന്നത്തെ ചരിത്രത്തില്‍ പരാമര്‍ശിക്കപെട്ടുന്നത്. ഒരിക്കല്‍, അബ്രഹാമിനെ പരീക്ഷിക്കാനായി അദ്ദേഹത്തോട് ഒരു മകനെ തനിക്ക് ബലിയര്‍പ്പിക്കാന്‍ ദൈവം നിര്‍ദേശിക്കുന്നു. ഇത് ഇസഹാക്ക് ആണ് എന്ന് ജൂതരും ഇസ്മായില്‍ ആണ് എന്ന് മുസ്‌ലിങ്ങളും വിശ്വസിക്കുന്നു. ആദ്യത്തേത് കാനോന്‍ ദേശത്തും രണ്ടാമത്തേത് മക്കയിലും. മകനെ ബലിയര്‍പ്പിക്കുന്നതിന് തൊട്ടു മുമ്പ് മകന് പകരം ഒരാടിനെ ബലിയര്‍പ്പിച്ചാല്‍ മതിയെന്ന് ദൈവം അബ്രാഹാമിനോട് പറയുന്നു. ഇസ്‌ലാമിക വിശ്വസമനുസരിച്ച് ഇബ്രാഹിമും മകന്‍ ഇസ്മായിലും ചേര്‍ന്ന് ദൈവത്തിനെ ആരാധിക്കാനായി മക്കയില്‍ കഅബ എന്ന ഒരു ആരാധനാലയം പണിയുന്നു. ജൂത വിശ്വസമനുസരിച്ചു ഈ ബലികര്‍മം നടന്ന സ്ഥലത്ത് കിങ് സോളമന്‍ ഫസ്റ്റ് ടെംപിള്‍ അഥവാ ഒന്നാമത്തെ പ്രാര്‍ത്ഥനാലയം പണിയുന്നു.

കിങ് സോളമന്‍ ഫസ്റ്റ് ടെംപിള്‍ അഥവാ ഒന്നാമത്തെ പ്രാര്‍ത്ഥനാലയം

മക്കയിലെ കഅബ

ക്രിസ്തുവിന് ഏകദേശം ആയിരം വര്‍ഷങ്ങള്‍ മുമ്പ് അഥവാ ഇന്നത്തേതില്‍ നിന്ന് മൂവായിരം വര്‍ഷങ്ങള്‍ മുമ്പാണ് ഇതൊക്കെ സംഭവിക്കുന്നത്. ഫസ്റ്റ് ടെംപിള്‍ നിര്‍മിച്ചു ഏകദേശം 400 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ബാബിലോണിയക്കാര്‍ കാനോന്‍ ദേശം ആക്രമിച്ചു കീഴ്‌പ്പെടുത്തുന്നു എന്ന് മാത്രമല്ല ഫസ്റ്റ് ടെംപിള്‍ തകര്‍ക്കുകയും നിരവധി ജൂതന്മാരെ ബാബിലോണിയക്കാര്‍ പിടിച്ചു അവരുടെ ദേശത്തേക്ക് കൊണ്ട് പോകുകയും ചെയ്യുന്നു. ഈ സംഭവത്തെ ജൂത രാജ്യത്തിന്റെ തകര്‍ച്ച എന്ന് വിളിക്കപ്പെടുന്നു. ഇതിന് ശേഷം കുറെ പതിറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ പേര്‍ഷ്യന്‍ രാജാവായ സൈറസ് ബാബിലോണിയ കീഴ്‌പെടുത്തുകയും ബാബിലോണിയയിലുണ്ടായിരുന്ന ജൂതന്മാര്‍ക്ക് തിരിച്ച് ജെറുസലേമിലേക്ക് പോകാനും ആരാധനാലയം പുനര്‍നിമിക്കാനും അനുമതി നല്‍കുകയും ചെയ്യുന്നു . അതനുസരിച്ചു സെക്കന്റ് ടെംപിള്‍ എന്ന പേരില്‍ ആരാധനാലയം പുനര്‍നിര്‍മിക്കപ്പെടുന്നു.

സെക്കന്റ് ടെംപിള്‍

അതിനും ഏകദേശം 500 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജെറുസലേമിന് തൊട്ടടുത്ത് ബത്ലഹേമില്‍ ക്രിസ്തു ജനിക്കുന്നതും തുടര്‍ന്ന് ക്രൂശിക്കപ്പെടുന്നതും. അതൊരു വലിയ ചരിത്രമാണ്, മിക്കവര്‍ക്കും അറിയാമായിരിക്കും. ഏതായാലും അതിനു ശേഷം 40 വര്‍ഷം കഴിഞ്ഞു റോമാക്കാര്‍ ജെറുസലേം കീഴടക്കി സെക്കന്റ് ടെംപിള്‍ നശിപ്പിക്കുന്നു.

മുസ്‌ലിങ്ങള്‍ ഇബ്രാഹിം അഥവാ എബ്രഹാം, മൂസാ അഥവാ മോസസ്, ഈസ അഥവാ ജീസസ് തുടങ്ങി ഇപ്പറഞ്ഞ എല്ലാവരും അവരുടെ കൂടി പ്രവാചകനാണ് എന്നാണ് വിശ്വസിക്കുന്നത്. അതിലെ അവസാന കണ്ണിയാണ് മുഹമ്മദ് നബി. മുസ്‌ലിങ്ങള്‍ ആദ്യ കാലത്ത് പ്രാര്‍ത്ഥനകള്‍ നിര്‍വഹിച്ചിരുന്നത് ജെറുസലേമിലേക്ക് തിരിഞ്ഞായിരുന്നു. മുഹമ്മദ് നബി മിഅറാജ്, അസ്‌റാഅ എന്നിങ്ങനെ ആകാശങ്ങളിലേക്ക് ഒരു യാത്ര നടത്തുകയും ആ യാത്രയില്‍ ദൈവത്തെയും ഇബ്രാഹീം നബി ഉള്‍പ്പടെ മറ്റു നബിമാരെയും കാണുകയും ചെയ്തു എന്നും മുസ്‌ലിങ്ങള്‍ വിശ്വസിക്കുന്നു. ആ യാത്രയുടെ തുടക്കം ജെറുസലേമില്‍ നിന്നായിരുന്നു, അവിടെ വെച്ച് മുന്‍കഴിഞ്ഞു പോയ നബിമാരോടൊപ്പം മുഹമ്മദ് നബി നമസ്‌കരിക്കുകയും ചെയ്തു എന്നാണ് വിശ്വസം. ഇപ്പോള്‍ ഡോം ഓഫ് റോക്ക് എന്നറിയപ്പെടുന്ന സ്ഥലത്ത് ഇസ്‌ലാമിലെ രണ്ടാമത്തെ ഖലീഫയായ ഉമര്‍-ബിന്‍-ഖത്താബ് ആ യാത്രയുടെ സ്മാരകമായി ഒരു പള്ളി നിര്‍മിച്ചു. അതിന്റെ പേരാണ് മസ്ജിദ് അഖ്സ.

ക്രിസ്തുവിനു മുമ്പ് ബാബിലോണിയക്കാര്‍ കാനോന്‍ ദേശം ആക്രമിച്ച സമയത്ത് നശിപ്പിച്ച ഫസ്റ്റ് ടെംപിള്‍ നിലനിന്നിരുന്നത് ഇപ്പോള്‍ മസ്ജിദ് അഖ്സ നിലനില്‍ക്കുന്ന സ്ഥലത്താണെന്ന് ചില ജൂത ഗ്രൂപ്പുകള്‍ വിശ്വസിക്കുന്നു. ഏതായാലും ഒന്നാം കുരിശു യുദ്ധത്തിന്റെ സമയത്ത്, അതായത് പതിനൊന്നാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ നിന്ന് വന്ന ക്രിസ്ത്യാനികള്‍ ജെറുസലേം കീഴടക്കി അല്‍ അഖ്സ പള്ളി ഒരു കൊട്ടാരമായും അതിനടുത്ത ഡോം ഓഫ് റോക്ക് ഒരു ചര്‍ച്ച് ആയി ഉപയോഗിക്കുകയും ചെയ്തു. ഏകദേശം നൂറ് വര്‍ഷം കഴിഞ്ഞപ്പോള്‍ സലാഹുദിന്‍ അയ്യൂബി എന്ന മുസ്‌ലിം പോരാളി ജെറുസലേം തിരിച്ചു പിടിച്ചു അല്‍ അഖ്സ വീണ്ടും മുസ്‌ലിങ്ങള്‍ക്കായി ആരാധനക്ക് തുറന്നു കൊടുത്തു.

എങ്ങനെയൊക്കെ നോക്കിയാലും മൂവായിരം വര്‍ഷം മുമ്പ് ബഹുദൈവ വിശ്വസികളായിരിക്കുകയും അതിനു ശേഷം ജൂതരാകുകയും രണ്ടായിരം കൊല്ലം കഴിഞ്ഞ് ക്രിസ്തുവിനും കുരിശു യുദ്ധത്തിന്റെ സമയത്തും ക്രിസ്ത്യാനികളാകുകയും അത് കഴിഞ്ഞ ഉമര്‍ ഖത്താബിന്റെയും പിന്നീട് സലാഹുദിന്‍ അയ്യൂബിയുടെയും കാലത് മുസ്‌ലിങ്ങളാവുകയും ചെയ്തവരാണ് ഫലസ്തീനിലെ ജനത. ഒരേ ജീന്‍ ഒരേ രക്തം. ഒരു സുഹൃത്ത് തമാശ പറഞ്ഞത് പോലെ എല്ലാവരെയും പിടിച്ച ജനിതക ടെസ്റ്റ് നടത്തിച്ചാല്‍ തീരാവുന്ന പ്രശ്‌നങ്ങളെ ഫലസ്തീനില്‍ ഉള്ളൂ. പക്ഷെ തമാശയല്ലല്ലോ യുദ്ധം. ജൂതന്മാര്‍ക്ക് മുമ്പ് ക്യാനനൈറ്‌സ് എന്ന വിഭാഗമായിരുന്നു ജെറുസലേമില്‍ താമസിച്ചിരുന്നത്, ബഹുദൈവ വിശ്വസികളായിരുന്നു അവര്‍. അവര്‍ക്ക് ശേഷമാണ് ഘട്ടം ഘട്ടമായി മൂന്നു സെമറ്റിക് മതങ്ങളും വരുന്നത്.

ഈ സമയത് തേര്‍ഡ് ടെംപിള്‍, അഥവാ രണ്ട് പ്രാവശ്യം നശിപ്പിക്കപ്പെട്ട ആരാധനാലയങ്ങളുടെ ഇനിയുള്ള പുനര്‍നിര്‍മാണത്തെ കുറിച്ചുള്ള ജൂത വിശ്വസത്തെ കുറിച്ച് പറയാതിരിക്കാന്‍ കഴിയില്ല. ലോകാവസാന കാലത്ത് മിശിഹാ അവതരിക്കും എന്നതാണ് ജൂത വിശ്വസം എന്ന് നേരത്തെ പറഞ്ഞല്ലോ. ഇങ്ങനെ തേര്‍ഡ് ടെംപിള്‍ പുനര്‍നിര്‍മിക്കുന്നതിന് മുമ്പ് ഒരു ചുവന്ന പശുക്കുട്ടിയെ ബലിയര്‍പ്പിക്കും. പരിശുദ്ധമായ, മുറിവുകളൊന്നുമില്ലാത്ത, മൂന്നു വയസില്‍ താഴെയുള്ള, പാല്‍ചുരത്താത്ത, ഒരു രോമം പോലും മറ്റു നിറത്തിലല്ലാത്ത ഒരു പശുക്കുട്ടിയെയാണ് ബലിയര്‍പ്പിക്കുക. ഇങ്ങനെയുള്ള ചുവന്ന പശുക്കുട്ടികളെ എവിടെയെങ്കിലും കണ്ടാല്‍ അതിനെ കൊണ്ട് വരാനായി ഇസ്രഈലില്‍ ഒരു പ്രത്യേക നിയമമുണ്ട്. ടെംപിള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന പേരില്‍ ഒരു സ്ഥാപനവും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്.

തേർഡ് ടെംപിളിന്റെ മാതൃക

2022ല്‍ ടെക്‌സസില്‍ നിന്ന് ഇത്തരം അഞ്ച് പശുക്കുട്ടികളെ ഇസ്രഈലിലേക്ക് ഒരു ചാര്‍ട്ടേഡ് വിമാനത്തില്‍ കൊണ്ടുവരികകയും പ്രത്യേക സംവിധാനത്തില്‍ സൂക്ഷിക്കുകയും ചെയ്തു. ഈ പശുക്കുട്ടികള്‍ക്ക് മൂന്നു വയസാകുന്നതിന് മുമ്പ്, അല്ലെങ്കില്‍ ചുവപ്പല്ലാത്ത ഒരു രോമം വളരുന്നതിന് മുമ്പ് ബലിയര്‍പ്പിക്കുമെന്നും തേര്‍ഡ് ടെംപിള്‍ നിര്‍മാണം തുടങ്ങുമെന്നുമായിരുന്നു അക്കാലത്തെ പ്രചാരണം. ഇപ്പോള്‍ എന്തായി എന്നറിയില്ല.

ബാല്‍ഫോര്‍ ഡിക്ലറേഷന്‍ നടന്നു. ജൂതന്മാര്‍ക്ക് സ്വന്തമായി ഒരു രാജ്യം ഫലസ്തീനില്‍ നല്‍കാമെന്ന് ബ്രിട്ടണ്‍ തീരുമാനിക്കുന്ന സമയത്ത് ആകപ്പാടെ 25,000 ജൂതന്മാരെ ഫലസ്തീനില്‍ ഉണ്ടായിരുന്നുള്ളൂ. മൊത്തം ജനസംഖ്യയുടെ മൂന്നു ശതമാനം. ഇപ്പോഴത്തെ ഇസ്രാഈല്‍, വെസ്റ്റ് ബാങ്ക്, ഗസ എന്നിവ ചേര്‍ന്നതായിരുന്നു അന്നത്തെ ഫലസ്തീന്‍. ഓട്ടോമന്‍ സാമ്ര്യാജ്യത്തിന്റെ പതനത്തിനു ശേഷം ബ്രിട്ടീഷുകാര്‍ ഭരണം തുടങ്ങുന്നത് വരെ ഇപ്പോഴത്തെ ജോര്‍ദാനും ഇതേ അഡ്മിനിസ്‌ട്രേഷന്‍ യൂണിറ്റിന്റെ ഭാഗമായിരുന്നു. പിന്നീട് ജോര്‍ദാന്‍ നദിക്ക് മറുപുറം ഇപ്പോഴത്തെ ജോര്‍ദാനായി. ആലിയ എന്ന് വിളിക്കപ്പെടുന്ന ജൂത കുടിയേറ്റം തുടങ്ങി ഇരുപത് വര്‍ഷം കഴിഞ്ഞപ്പോള്‍ ജൂത ജനസംഖ്യ ഏകദേശം മറ്റൊരു 25,000 കൂടി വര്‍ധിച്ചു. അതങ്ങനെ പത്തുനാല്‍പതു കൊല്ലം കഴിയവേ യൂറോപ്പില്‍ മറ്റൊന്ന് സംഭവിച്ചു – ഹിറ്റ്‌ലര്‍.

ഒന്നാം ലോക മഹായുദ്ധത്തില്‍ ജര്‍മനിയുടെ പരാജയത്തിന് ജൂതരെ പഴിച്ചു കൊണ്ടാണ് ഹിറ്റ്‌ലര്‍ തുടങ്ങിയത്. ജര്‍മന്‍ സൈനികരെ അകത്തു നിന്ന് ചതിച്ചു, എതിരാളികളുമായി ഗൂഢാലോചന നടത്തി, സാമ്പത്തിക കുറ്റകൃത്യങ്ങളിലൂടെ ഇക്കോണമി തകര്‍ത്തു എന്നിവയായിരുന്നു ആദ്യമേ ഉണ്ടായിരുന്ന ആന്റി-സെമിറ്റിക് ആരോപണങ്ങളുടെ മുകളില്‍ ഹിറ്റ്‌ലര്‍ ജൂതര്‍ക്കെതിരായി കൊണ്ടുവന്ന പുതിയ തെറ്റായ ആരോപണങ്ങള്‍. കേവലം ഒരു ശതമാനം മാത്രമായിരുന്നു അക്കാലത്തെ ജര്‍മനിയിലെ ജൂത ജനസംഖ്യ എന്നോര്‍ക്കണം. ക്രിസ്ത്യനികള്‍ 96 ശതമാനവും. എണ്ണം നോക്കിയാല്‍ ഏകദേശം അഞ്ചു ലക്ഷം മാത്രം ജൂതരും ആറ് കോടി ക്രിസ്ത്യാനികളും. ആദ്യമേ തന്നെ ജൂത വിരുദ്ധതയും ഗെറ്റോവത്ക്കരണവും തീവ്രവമായ ജര്‍മനിയില്‍ ഇപ്പറഞ്ഞ ഒരു ശതമാനം മാത്രം ആളുകള്‍ ഗൂഢാലോചന നടത്തിയാണ് തങ്ങളെ യുദ്ധം തോല്‍പിച്ചതെന്ന് ആറു കോടി ക്രിസ്ത്യാനികള്‍ വിശ്വസിച്ചു. അതാണ് പ്രോപ്പഗാണ്ടയുടെ ശക്തി. ജര്‍മനിയില്‍ ഭൂരിപക്ഷമാളുകളും വോട്ട് ചെയ്ത് ഹിറ്റ്‌ലര്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നെ സംഭവിച്ചത് സമാനതകളില്ലാത്ത കൂട്ടക്കുരുതികള്‍.

എല്ലാവര്‍ക്കും അറിയാവുന്ന ചരിത്രമാണ്. 1933ല്‍ ഹിറ്റ്‌ലര്‍ അധികാരത്തിലെത്തിയ ഉടനെ ജൂതന്മാരെ പുറംതള്ളാന്‍ ആരംഭിച്ചു. 1935ലെ ന്യൂറംബര്‍ഗ് നിയമം ജൂതന്മാരുടെ പൗരത്വം റദ്ദ് ചെയ്യുകയും ജൂത ബിസിനസുകള്‍ മുഴുവന്‍ പിടിച്ചെടുക്കുകയും ചെയ്തു. 1938ല്‍ കോണ്‍സെന്‍ട്രഷന്‍ ക്യാമ്പുകള്‍ ഔദ്യോഗികമായി ആരംഭിച്ചു. നൂറ്റാണ്ടുകളില്‍ നിലനിന്ന ഗെറ്റോകളുടെ ക്രൂരമായ പുതിയ പതിപ്പായിരുന്നു കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍. ഗെറ്റോകളുടെ ഉദ്ദേശം ക്രിസ്ത്യാനികളുടെ ഇടയിലേക്ക് ജൂതന്മാര്‍ കലരുന്നത് ഒഴിവാക്കുകയും അവരെ സാമൂഹികമായും സാമ്പത്തികമായും ബഹിഷ്‌കരിക്കുകയും ആയിരുന്നെങ്കില്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളുടെ ഉദ്ദേശം അവരെ ക്രൂരമായി കൊന്നുകളയുക എന്നതായിരുന്നു. ജര്‍മനിയില്‍ മാത്രമല്ല, യുറോപ്പിലെ മുഴുവന്‍ ജൂതരെയും കൊല്ലണമെന്ന അജണ്ടയില്‍ 1939ല്‍ പോളണ്ട് കീഴടക്കിയ ഹിറ്റ്‌ലര്‍ അവിടെയുള്ള മുഴുവന്‍ ജൂതരെയും ഒന്നുകില്‍ ഗെറ്റോകളിലേക്ക് അല്ലെങ്കില്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിക്കേക്ക് അയക്കാന്‍ തുടങ്ങി. ഇതിനായി കീഴടക്കിയ പ്രദേശങ്ങളിലെല്ലാം നാസി, എസ്.എസ്, ക്രിസ്ത്യന്‍ മിലീഷ്യകളെ നിയോഗിച്ചു. ഇവരുടെ ജോലി ജൂതമാരെ കണ്ടിടത്തു വച്ച് കൊല്ലുക, അവരുടെ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കുക, ബാക്കിയുള്ളവരെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലേക്ക് ആട്ടിപ്പായിക്കുക എന്നതായിരുന്നു.

ജര്‍മ്മനി, പോളണ്ട്, ഗ്രീസ്, ഹംഗറി, ബെല്‍ജിയം എന്നിവടങ്ങിലെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലായി 60 ലക്ഷം ജൂതന്മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് കണക്ക്. തൊണ്ണൂറു ലക്ഷം ജൂതന്മാരുണ്ടായിരുന്ന യൂറോപ്പില്‍ രണ്ടാം ലോകയുദ്ധം അവസാനിക്കുമ്പോള്‍ മുപ്പത് ലക്ഷം പേരെ ബാക്കിയുണ്ടായിരുന്നുള്ളൂ. മൂന്നില്‍ രണ്ട് പേര്‍ അതിക്രൂരമായി കൊല്ലപ്പെട്ടു. മനുഷ്യരെ കൊന്നു തീര്‍ക്കാന്‍ എളുപ്പമല്ല എന്ന് മനസ്സിലാക്കിയ യൂറോപ്പ്യന്മാര്‍ അതിന് വേണ്ടി ശാസ്ത്രീയ മാര്‍ഗങ്ങള്‍ കണ്ടുപിടിച്ചു. ഗ്യാസ് ചേംബറും പോയ്സണ്‍ ചേംബറുമാണ് ഏറ്റവും കൂടുതല്‍ ആളുകളെ കൊല്ലാന്‍ ഉപയോഗിച്ചത്. ജൂതന്മാരെ കൂട്ടത്തോടെ ആട്ടിത്തെളിച്ചു പ്രത്യകം നിര്‍മിച്ച വലിയൊരു ചേമ്പറില്‍ നിര്‍ത്തി പുറത്തു നിന്ന് വിഷവാതകം അടിച്ചു കയറ്റിയാണ് കൂട്ടക്കൊല നടത്തിയത്. അതിനായി സൈക്ലോണ്‍ ബി (Zyklon B) എന്ന വിഷ വാതകം വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിച്ചു. ഇത് കൂടാതെ, ടൗണുകളില്‍ നിരത്തി നിര്‍ത്തി പരസ്യമായി വെടിവച്ചു കൊല്ലുക, ക്യാമ്പുകളില്‍ ഭക്ഷണം എത്തിക്കാതെ പട്ടിണിക്കിട്ടു കൊള്ളുക, അനസ്തേഷ്യ കൂടാതെ സര്‍ജറി ചെയ്യാന്‍ ഡോക്ടര്‍മാരെ അനുവദിക്കുക, പരീക്ഷണങ്ങള്‍ നടത്താന്‍ ജീവിക്കുന്ന ശരീരങ്ങള്‍ വിട്ടുകൊടുക്കുക എന്നിങ്ങനെ എത്രയൊക്കെ ക്രൂരമാവാമോ അത്രയും ക്രൂരമായാണ് ജൂത കൂട്ടക്കൊലകള്‍ അരങ്ങേറിയത്. ‘ജൂത പ്രശ്‌നത്തിന്’ ഫൈനല്‍ സൊല്യൂഷന്‍ അഥവാ അന്തിമ പരിഹാരം കാണാനാണ് തൊക്കെ ചെയ്യുന്നത് എന്നായിരുന്നു ജര്‍മന്‍കാരുടെ വാദം.

യൂറോപ്പ്യന്മാര്‍ നടത്തിയ ഈ ക്രൂരതകള്‍ക്കും കൂട്ടക്കൊലകള്‍ക്കും പിന്നീട് ശിക്ഷ അനുഭവിക്കാന്‍ വിധിക്കപ്പെട്ടത് ഒലിവു കൃഷി നടത്തി ജീവിച്ച പാവം ഫലസ്തീനികളായിരുന്നു.

യൂറോപ്പിലെ അതിഭീകരമായ ജൂത പീഡനങ്ങളെ തുടര്‍ന്ന് 1930 മുതല്‍ 1945 വരെ ഏകദേശം അഞ്ചു ലക്ഷത്തോളം ജൂതന്മാര്‍ ഫലസ്തീനിലില്‍ അഭയാര്‍ഥികളായി എത്തി. കേവലം 25,000 എന്ന സംഖ്യയില്‍ നിന്ന് നാലര ലക്ഷം എന്ന സംഖ്യയില്‍ ഫലസ്തീനിലെ ജൂത ജനസംഖ്യ എത്തി. അഥവാ അഞ്ച് ശതമാനത്തില്‍ നിന്ന് 30 ശതമാനത്തിലേക്ക്! കൂട്ടത്തില്‍ ബാല്‍ഫോര്‍ ഡിക്ലറേഷന്‍ അനുസരിച്ച് ഫലസ്തീനില്‍ ഒരു ജൂത രാഷ്ട്രം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആ സമയത്ത് ഫലസ്തീന്‍ ഭരിച്ചിരുന്ന ബ്രിട്ടീഷുകാര്‍ ജൂതന്മാര്‍ക്ക് പരിശീലനം കൊടുത്തു ഒരു മിലീഷ്യ ഉണ്ടാക്കിയെടുക്കുകയും അവര്‍ ഗ്രാമങ്ങളില്‍ അക്രമങ്ങള്‍ നടത്തി ഫലസ്തീനികളെ പുറത്താക്കാനുള്ള പരിപാടികള്‍ ആരംഭിക്കുകയും ചെയ്തു. യൂറോപ്പില്‍ ജൂതന്മാരെ എങ്ങനെ ഗെറ്റോകളിലേക്ക് അയച്ചോ അതിന്റെ ആവര്‍ത്തനം മറ്റൊരു ജനതക്കെതിരെ ജൂതന്മാര്‍ ആരംഭിക്കുകയായിരുന്നു.

1947ല്‍ ബ്രിട്ടീഷ് നേതൃത്വത്തില്‍ ഐക്യരാഷ്ട്രസഭ ഫലസ്തീന്‍ വിഭജിക്കാന്‍ തീരുമാനിച്ചു. രണ്ടു കാര്യങ്ങള്‍ കൊണ്ട് ഫലസ്തീനികള്‍ ഈ വിഭജനം നിരസിച്ചു. ഒന്നാമത്, കുറെ അഭയാര്‍ത്ഥികള്‍ വന്നു എന്ന കാരണം കൊണ്ട് ഒരു രാജ്യവും വിഭജിക്കപ്പെടാറില്ല. രണ്ടാമത്, വിഭജിച്ചാല്‍ തന്നെ 33% ശതമാനം ജനസംഖ്യയുള്ളവര്‍ക്ക് 55% ഭൂമിയും 67% ജനസംഖ്യയുള്ളവര്‍ക്ക് 45% ഭൂമിയും എന്നത് കൊടിയ അനീതിയായി ഫലസ്തീനികള്‍ കരുതി. ഒരു ഈജിപ്ഷന്‍ കൊമേഡിയന്‍ പറഞ്ഞ ഉപമ ഉക്രൈനില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് ഇപ്പോള്‍ വന്ന അഭയാര്‍ത്ഥികള്‍ രണ്ടു വര്‍ഷം കഴിഞ്ഞ സ്വന്തം രാജ്യം ചോദിക്കുകയും ഐക്യരാഷ്ടസഭ ഇടപെട്ടു ഇംഗ്ലണ്ടിന്റെ 55% അവര്‍ക്ക് നല്‍കുകയും ചെയ്യുന്നത് പോലെ. ഈ വിചിത്രമായ ശതമാനക്കണക്കിന് ബ്രിട്ടണ്‍ പറഞ്ഞ ന്യായീകരണം, ഇനിയും ഒരു പാട് പേര് യൂറോപ്പില്‍ നിന്ന് വരും, അവര്‍ക്കുള്ള സ്ഥലം വേണം എന്നായിരുന്നു. ഇത്രയും കൊടിയ ക്രൂരതകള്‍ ചെയ്തിട്ടും മൂന്നില്‍ രണ്ടു ജൂതന്മാരെ കൊന്നു തീര്‍ത്തിട്ടും യുറോപ്പ്യന്മാര്‍ക്ക് ജൂതന്മാരുടെ കൂടെ ഒന്നിച്ചു കഴിയുന്നത് അപ്പോഴും ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല. ജൂത പ്രശ്‌നത്തിന് പരിഹാരം അവരെ മുഴുവന്‍ ഫലസ്തീനിലേക്ക് നാടുകടത്തുക എന്നതായിരുന്നു അന്നും ഇന്നും എന്നും യൂറോപ്പ്യന്‍ അജണ്ട.

അതെസമയം സയണിസ്റ്റുകള്‍, വിശാലമായ ഒരു ഇസ്രഈല്‍ സ്വപ്നം കണ്ടു. ലോകത്തിലെ മുഴുവന്‍ ജൂതരെയും കൊണ്ട് വരാനും അവര്‍ക്ക് സുഖമായി ജീവിക്കാനുമുള്ള വിശാലമായ ഒരു ദേശമായിരുന്നു അവരുടെ മനസില്‍. ഫലസ്തീന്‍, ലെബനന്‍, സിറിയ, ജോര്‍ദാന്‍, ഈജിപ്തിന്റെ ചില ഭാഗങ്ങള്‍ ഇതൊക്കെയുള്‍ക്കൊള്ളുന്ന ഒരു ഇസ്രഈലായിരുന്നു സയണിസ്‌റ് സ്വപ്നം.

ഏതായാലും ഈ 33-55% ഫലസ്തീനികള്‍ അംഗീകരിക്കാതിരിക്കുകയും ഈജിപ്ത്, സിറിയ, ലെബനന്‍, ഇറാഖ് എന്നീ രാജ്യങ്ങള്‍ അവരെ പിന്തുണക്കുകയും ചെയ്തതോടെ ഒന്നാമത്തെ അറബ് യുദ്ധം നടന്നു. അതില്‍ അറബികള്‍ തോറ്റു. ഇന്നത്തെ പോലെ തന്നെ അന്നും ബ്രിട്ടണിന്റെ പൂര്‍ണ പിന്തുണയിലായിരുന്നു ഇസ്രഈല്‍. അവരുടെ ആയുധങ്ങളും പോര്‍വിമാനങ്ങളും ട്രെയ്‌നിങ്ങും ഇസ്രഈലിനുണ്ടായിരുന്നു. അറബ് രാജ്യങ്ങള്‍ അപ്പോള്‍ കഷ്ടിച്ചു ബ്രിട്ടണില്‍ നിന്ന് സ്വാതന്ത്ര്യം നേടിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഫലസ്തീനികള്‍ക്ക് 78% ഭൂമി നഷ്ടപ്പെട്ടു എന്ന് മാത്രമല്ല പട്ടാളവും മിലീഷ്യയും ചേര്‍ന്ന് ഫലസ്തീനികളെ ആക്രമിക്കുകയും കൂട്ടക്കൊല നടത്തുകയും ചെയ്തു. പല കണക്കുകളനുസരിച്ച് ഏഴു മുതല്‍ പത്ത് ലക്ഷത്തോളം ഫലസ്തീനികള്‍ അഭയാര്‍ഥികളായി. യുദ്ധം കഴിഞ്ഞിട്ടും ഇവരെ തിരിച്ചു വരാന്‍ ഇസ്രഈലി പട്ടാളം സമ്മതിച്ചില്ല. തിരിച്ചു വരാന്‍ ശ്രമിച്ചവരെ വെടിവച്ചു കൊന്നു. 1948ല്‍ നടന്ന ഈ സംഭവം നഖ്ബ എന്നറിയപ്പെടുന്നു.

ആ ദിവസം മുതല്‍ യൂറോപ്യന്മാര്‍ ജൂതരോട് എന്തോക്കെ അതിക്രമങ്ങള്‍ ചെയ്‌തോ അതൊക്കെ ഇസ്രഈലികള്‍ ഫലസ്തീനികളോട് ചെയ്തു തുടങ്ങി. ജനിച്ച സ്ഥലത്ത് നിന്ന് ആട്ടിയോടിക്കല്‍, ഗേറ്റോ വത്ക്കരണം, അപ്പാര്‍തീഡ്, കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പ്, ഗൂഢാലോചന ആരോപിച്ച് കൂട്ടക്കൊലകള്‍ തുടങ്ങി എല്ലാമെല്ലാം. ‘ശക്തന്മാരാണ് ശരി. അവരെ അതിജീവിക്കൂ. ദുര്‍ബലര്‍ ശക്തരുടെ അടിമയായി ജീവിക്കണം’ എന്ന പ്രാകൃത ചിന്താഗതി ഇസ്രഈലി സമൂഹത്തില്‍ വ്യാപിച്ചു. തങ്ങള്‍ ദുര്‍ബലരായത് കൊണ്ട് മാത്രമാണ് നൂറ്റാണ്ടുകളോളം യൂറോപ്പ്യന്‍ ക്രിസ്ത്യാനികള്‍ തങ്ങളെ പീഡിപ്പിച്ചതെന്നും ഇനി തങ്ങള്‍ ശക്തി കാണിക്കാന്‍ തുടങ്ങണമെന്നും സയണിസ്റ്റുകള്‍ പരസ്യമായി ആവശ്യപ്പെടാന്‍ തുടങ്ങി. അന്ന് യൂറോപ്പ്യന്മാര്‍ ജൂതരെ വംശഹത്യ ചെയ്യാന്‍ ഉപയോഗിച്ച പദാവലികള്‍ പോലും, സൊല്യൂഷന്‍, ഫൈനല്‍ സൊല്യൂഷന്‍, ടോട്ടല്‍ സൊല്യൂഷന്‍ തുടങ്ങിയവ ഇന്ന് ഇസ്രഈലികള്‍ ഫലസ്തീനികളെ വംശഹത്യ ചെയ്യാന്‍ ഉപയോഗിക്കുന്നത് കാണാം. ഒരു കാലത്ത് യൂറോപ്പ്യന്‍മാര്‍ ജൂതന്മാരെ എങ്ങനെ കൊന്നുതീര്‍ക്കാമെന്ന് താത്വിക ചര്‍ച്ചകള്‍ നടത്തിയിരുന്നു, ഇന്ന് ഇസ്രഈലികള്‍ അതെ ചര്‍ച്ചകള്‍ ഫലസ്തീനികളെ കുറിച്ച് നടത്തുന്നത് കാണാം, അണുബോംബ് വേണോ, ഗ്യാസ് ചേംബര്‍ വേണോ എന്നൊക്കെ.

ഇങ്ങനെ അഭയാര്‍ഥികളായവരില്‍ ഏകദേശം മൂന്ന് ലക്ഷം പേര്‍ വെസ്റ്റ് ബാങ്കിലും, രണ്ടു ലക്ഷം പേര്‍ ഗസയിലും, ഓരോ ലക്ഷം ലെബനനിലും സിറിയയിലും ജോര്‍ദാനിലും എത്തിപ്പെട്ടു.

1967ലാണ് രണ്ടാമത്തെ ഇസ്രഈല്‍ അറബ് യുദ്ധം നടക്കുന്നത്. തങ്ങളെ ആക്രമിക്കാന്‍ അറബ് രാജ്യങ്ങള്‍ ഒരുങ്ങുന്നെണ്ടെന്ന ഭീതിയില്‍ ഇസ്രഈല്‍ അങ്ങോട്ട് ആക്രമിക്കുകയായിരുന്നു. ‘സിക്‌സ്-ഡേ വാര്‍’ എന്നറിയപ്പെടുന്ന ആ യുദ്ധത്തില്‍ ഒന്നാം ദിനം തന്നെ ഇസ്രഈല്‍ ഈജിപ്തിന്റെ യുദ്ധവിമാനങ്ങള്‍ ബോംബിട്ടു നശിപ്പിക്കുകയും പിന്നീട് ഈജിപ്തിന്റെ സിനായ്, സിറിയയുടെ ഗോലാന്‍ കുന്നുകള്‍, വെസ്റ്റ് ബാങ്ക്, ഗസ എന്നീ സ്ഥലങ്ങള്‍ കീഴടക്കി ഇസ്രഈലിനോട് ചേര്‍ക്കുകയും ചെയ്തു. അതാണ് ഇസ്രഈല്‍ ജയിച്ച അവസാന യുദ്ധം.

സിക്സ് ഡേ വാറിൽ തകർന്ന യുദ്ധവിമാനം

അഞ്ച് വര്‍ഷത്തിന് ശേഷം 1973ല്‍ ഈജിപ്ത് സിനായ് തിരിച്ചു പിടിച്ചു. സൂയസ് കനാല്‍ കടന്ന് യുദ്ധം ചെയ്ത ഈജിപ്ഷ്യന്‍ സൈനികര്‍ ആദ്യമായി ഇസ്രഈലിനെ സൈനികമായി തോല്‍പ്പിച്ചു പിടിച്ചെടുത്ത ഭൂമി തിരിച്ചുവാങ്ങി. വിശാല ഇസ്രഈല്‍ എന്ന സ്വപ്നത്തിന് ആദ്യത്തെ തിരിച്ചടിയായിരുന്നു അത്. 1978ലും 1982ലും ലെബനന്‍ കീഴടക്കാന്‍ ഇസ്രഈല്‍ ശ്രമിച്ചെങ്കിലും രണ്ടു പ്രാവശ്യവും പരാജയപ്പെട്ടു തിരിച്ചുപോകേണ്ടി വന്നു. 1982ല്‍ ലെബനനില്‍ കടന്നു കയറിയ ഇസ്രഈല്‍ സേന തലസ്ഥാനമായ ബെയ്റൂട്ട് പിടിച്ചടക്കുകയും സബ്ര-ശാത്തില എന്ന പേരില്‍ കുപ്രസിദ്ധമായ കൂട്ട കൊലപാതകങ്ങള്‍ നടത്തുകയും ചെയ്തു. ഫലസ്തീനി അഭയാര്‍ത്ഥികള്‍ താമസിക്കുന്ന ലെബനനിലെ ഒരു ക്യാമ്പിലേക്ക് ഇസ്രഈലി മിലീഷ്യയും പട്ടാളക്കാരും കടന്നു ചെന്ന് ആയിരക്കനണക്കിനാളുകളെ ഒരു ദിവസം കൊണ്ട് കൂട്ടക്കൊല ചെയ്ത സംഭവമായിരുന്നു അത്. പിന്നീട് ഇസ്രഈലി പ്രധാനമന്ത്രിയായ ഏരിയല്‍ ഷാരോണ്‍ ആയിരുന്നു ഈ കൂട്ടക്കൊലക്ക് നേതൃത്വം നല്‍കിയത്. ഹിറ്റ്‌ലര്‍ നടത്തിയ കൂട്ടക്കൊലകളുടെ അതെ മാര്‍ഗം അനുകരിച്ച കൂട്ടക്കൊലയിരുന്നു അത്.

ലെബനന്‍ ഇനിയെന്നും ഇസ്രഈലിന്റെ ഭാഗമാകും എന്നും അങ്ങനെ സംഭവിച്ചാല്‍ ലെബനന്‍കാര്‍ ഫലസ്തീനികളെ പോലെ അഭയാര്‍ഥികളായി അലയേണ്ടി വരുമെന്ന തോന്നലില്‍ നിന്നാണ് ഹിസബുല്ല എന്ന സംഘടന രൂപം കൊള്ളുന്നത്. എണ്‍പതുകളിലും തൊണ്ണൂറുകളിലും ഹിസ്ബുല്ല നടത്തിയ ഐതിഹാസികമായ ചെറുത്തു നില്‍പ്പിനെ തുടര്‍ന്ന് 2000ലാണ്, പതിനെട്ടു വര്‍ഷത്തെ അധിനിവേശത്തിന് ശേഷം ഇസ്രഈല്‍ ലെബനന്‍ വിടുന്നത്. സിനായും ലെബാനോനും വിട്ടു കൊടുക്കേണ്ടി വന്ന പരാജയങ്ങള്‍ക്ക് ശേഷമാണ് വിശാല ഇസ്രഈല്‍ എന്ന സ്വപ്നം സയണിസ്റ്റുകള്‍ക്ക് ഉപേക്ഷിക്കേണ്ടി വരുന്നത്. പക്ഷെ അധിനിവേശത്തിന്റെ മറ്റൊരു ക്രൂര രൂപം ഇസ്രഈല്‍ വെസ്റ്റ് ബാങ്കിലും ഗസയിലും ആരംഭിച്ചു. സെറ്റില്‍മെന്റ് എന്ന ഓമനപ്പേരില്‍ വിളിക്കപ്പെടുന്ന അനധികൃത കുടിയേറ്റം.

സെറ്റില്‍മെന്റ് എന്നാല്‍ ഇത്രയേയുള്ളു. വയനാട്ടിലും ഇടുക്കിയിലുമൊക്കെയുള്ള കാടുകളില്‍ നമ്മള്‍ നടത്തിയ കുടിയേറ്റമില്ലേ, അതുപോലൊന്ന്. പക്ഷെ നമ്മള്‍ മൃഗങ്ങളെ ഓടിച്ചും കൊന്നും അധിനിവേശം നടത്തിയപ്പോള്‍ സയണിസ്റ്റുകള്‍ മനുഷ്യരെ ഓടിച്ചും കൊന്നും അധിനിവേശം നടത്തുന്നു എന്ന് മാത്രം. വെസ്റ്റ് ബാങ്കിലും ഗസയിലും ചെയ്യുന്നതിതാണ്.

ആദ്യം ഫലസ്തീനികള്‍ താമസിക്കുന്ന ഒരു ഗ്രാമത്തിലേക്ക് കുറെ ഇസ്രഈലി മിലീഷ്യ മെമ്പര്‍മാര്‍ തോക്കും ബോംബുമൊക്കെയായി ചെല്ലും. അവിടെ താമസിക്കുന്നവരോട് ഓടി രക്ഷപ്പെടാന്‍ പറയും. അനുസരിക്കാത്തവരെ കൊല്ലും, അവരുടെ സ്ഥലം പിടിച്ചെടുത്തു അവിടെ ഒരു ഹൗസിങ് കോളനി പണിയും. എന്നിട്ട് ചുറ്റുമുള്ള റോഡുകളില്‍ ചെക്പോയിന്റ് സ്ഥാപിച്ച് ഫലസ്തീനികളെ ആ റോഡുകളുടെ സഞ്ചരിക്കുന്നത് തടയും. അങ്ങനെ രണ്ടു ഫലസ്തീനി ഗ്രാമങ്ങള്‍ തമ്മില്‍ ബന്ധമില്ലാതാക്കും. പിന്നെ അടുത്ത ഗ്രാമത്തിലേക്ക്. ഹിറ്റ്‌ലര്‍ പോലും നടത്താത്ത ഈ മനുഷ്യവേട്ട എല്ലാ ദിവസവും ഇന്നും വെസ്റ്റ് ബാങ്കില്‍ നടത്തുന്നു. ഒരു കൊല്ലം ഏകദേശം 5,00,000 സെറ്റ്ലര്‍മാര്‍ ഇങ്ങനെ വരും. കഴിഞ്ഞ കൊല്ലവും വന്നു. അമേരിക്കയിലും യൂറോപ്പിലും നല്ലവണം ജീവിക്കുന്ന, പണക്കാരായ, ഇരട്ട പൗരത്വമുള്ളവരാണ് ഇങ്ങനെ വന്നു പാവപ്പെട്ട ഗ്രാമീണരെ അവരുടെ വീട്ടില്‍ നിന്ന് ഓടിക്കുന്നത്. മുന്‍കാലത്ത് വെള്ളക്കാര്‍ ആഫ്രിക്കയില്‍ മനുഷ്യവേട്ടക്ക് വന്നിരുന്നു, ആളുകളെ ഉപദ്രവിക്കുമ്പോള്‍ കിട്ടുന്ന ഒരു മനസുഖം, അതിനു വേണ്ടി മാത്രം. ഗസയില്‍ ഈ മനുഷ്യവേട്ട അവസാനിപ്പിച്ചത് ഹമാസ് ആണ്. ഹമാസിന്റെ ചെറുത്തു നില്‍പ്പ് കാരണമാണ് ഗസയിലെ മുഴുവന്‍ സെറ്റില്‍മെന്റും അവസാനിപ്പിച്ച് 2005ല്‍ മുഴുവന്‍ അനധികൃത കുടിയേറ്റക്കാരും ഓടിപ്പോകുന്നത്.

ഹമാസ്

1969ല്‍ , അതായത് വെസ്റ്റ് ബാങ്കും ഗസയും കിഴക്കന്‍ ജെറുസലേമും ഇസ്രഈല്‍ പിടിച്ചെടുത്ത് രണ്ടു വര്‍ഷത്തിന് ശേഷമാണ് യാസര്‍ അറാഫത്ത് ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ (പി.എല്‍.ഒ) നേതൃത്വത്തിലേക്ക് വരുന്നത്. ഒന്നാം നഖ്ബയിലെ ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഒരു സംഘടന എന്ന പേരില്‍ പി.എല്‍.ഒ അതിനും അഞ്ചു വര്‍ഷം മുമ്പ് രൂപീകരിക്കപ്പെട്ടിരുന്നെങ്കിലും യാസര്‍ അറാഫത്താണ് അതിന്റെ സാന്നിധ്യം ലോകത്തെ അറിയിക്കുന്നത്. മിക്ക ഫലസ്തീന്‍കാരെയും പോലെ ഒരു അഭയാര്‍ത്ഥി ക്യാമ്പില്‍ വളര്‍ന്ന അറാഫത്ത് ആദ്യകാലം സായുധ പോരാട്ടത്തിലൂടെ ഫലസ്തീനിനെ മോചിപ്പിക്കാം എന്ന അഭിപ്രായക്കാരനായിരുന്നു. നിരവധി ആക്രമണങ്ങള്‍ പി.എല്‍.ഒയും അനുബന്ധ സംഘടനകളും അക്കാലത്ത് ഇസ്രഈലിന്റെ ലക്ഷ്യങ്ങള്‍ക്കെതിരെ നടത്തി. 1972ല്‍ മ്യൂണിക് ഒളിമ്പിക്‌സില്‍ ഇസ്രഈലി അത്‌ലീറ്റുകളെ വധിച്ചതും പിന്നീട് രണ്ട് പ്രാവശ്യം ഇസ്രഈലി വിമാനങ്ങള്‍ റാഞ്ചിയതും, ഇംഗ്ലണ്ടിലെ ഇസ്രഈല്‍ അംബാസിഡറെ വധിച്ചതുമൊക്കെ ഇതില്‍പ്പെടും.

യാസര്‍ അറാഫത്ത്

ഇതിനെ തുടര്‍ന്ന് 1987ല്‍ ഒന്നാം ഇന്‍തിഫാദ എന്നറിയപ്പെടുന്ന ഫലസ്തീനി ജനകീയ ചെറുത്തുനില്‍പ്പും ആരംഭിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര കാലത്ത് നടന്ന നിസ്സഹകരണ പ്രസ്ഥാനവുമായി താരതമ്യം ചെയ്യാവുന്ന ഒന്നായിരുന്നു ഇന്‍തിഫാദ. പക്ഷെ ഇസ്രാഈലിന്റെ ഭാഗത്ത് നിന്ന് ഭീകരമായ ആക്രമണങ്ങള്‍ സമരക്കാര്‍ക്ക് നേരെയുണ്ടായി. സമരക്കാരുടെ തിരിച്ചടിയും. സമരങ്ങളും ആക്രമണങ്ങളും തുടര്‍ന്നപ്പോള്‍ സ്വാഭാവികമായും ഇസ്രാഈലിനു വേണ്ടി അമേരിക്കന്‍ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടന്നു. നോര്‍വേയുടെ തലസ്ഥാനമായ ഓസ്‌ലോയില്‍ നടന്ന സന്ധിസംഭാഷണത്തില്‍ പി.എല്‍.ഒയും ഇസ്രഈലും തമ്മില്‍ ആദ്യമായി കരാറിലെത്തി. വെസ്സ്റ്റ് ബാങ്കിലും ഗസയിലും പി.എല്‍.ഒക്ക് വളരെ പരിമിതമായ അധികാരങ്ങളോടെ സ്വയം ഭരണം നടത്താന്‍ അനുമതി നല്‍കാമെന്നും പകരം പി.എല്‍.ഒ ഇസ്രഈലിനെ അംഗീകരിക്കാമെന്നുമായിരുന്നു ഒത്തുതീര്‍പ്പ്. ഈ കരാറിനെതിരെ ഇസ്രഈലി സെറ്റ്‌ലേര്‍സ് എന്ന് വിളിക്കപ്പെടുന്ന അനധികൃത കുടിയേറ്റക്കാര്‍ വലിയ തോതിലുള്ള അക്രമങ്ങള്‍ നടത്തി എന്ന് മാത്രമല്ല കരാറിലൊപ്പിട്ട ഇസ്രഈലി പ്രധാനമന്ത്രി ഇഷാക്ക് റാബിനെ ജൂത തീവ്രവാദികള്‍ വധിക്കുകയും ചെയ്തു.

യാസർ അറാഫത്തും ഇഷാഖ് റാബിനും ഓസ്‌ലോ അക്കോഡിൽ

ചുരുക്കിപ്പറഞ്ഞാല്‍ പി.എല്‍.ഒയിലെ കുറേ നേതാക്കള്‍ക്ക് ബ്രിട്ടീഷുകാരുടെ കീഴില്‍ നമ്മുടെ തിരുവിതാംകൂര്‍ രാജവംശം നടത്തിയത് പോലെയുള്ള റസിഡന്റ് ഭരണം നടത്താന്‍ സാധിച്ചു എന്നത് കൂടാതെ സി.പി. രാമസ്വാമി അയ്യരെ പോലെ പൊലീസ് കളിക്കാനും കഴിഞ്ഞു എന്നതാണ് ഓസ്‌ലോ കരാര്‍ കൊണ്ട് ആകെ ഉണ്ടായ നേട്ടങ്ങള്‍. കൊല്ലപ്പെടുന്നതിലൂടെ ഹമാസിന്റെയോ ഹിസ്ബുല്ലയുടെയോ നേതൃത്വത്തില്‍ പുതുരക്തങ്ങള്‍ വരുന്നത് പോലെ പി.എല്‍.ഒ നേതൃത്വം മാറിയതുമില്ല. എണ്‍പതും തൊണ്ണൂറും കഴിഞ്ഞ നേതൃത്വം അഴിമതിയും അഹങ്കാരവുമായി നിരന്തരം തുടരുന്ന സെറ്റ്‌ലര്‍ അതിക്രമങ്ങള്‍ സഹിച്ച് പഞ്ചായത് ഭരണം തുടരുന്നു

2000-ല്‍ ഈജിപ്തിലെ ക്യാമ്പ് ഡേവിഡില്‍ വച്ച് പി.എല്‍.ഒയും ഇസ്രഈലുമായി അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ നേതൃത്വത്തില്‍ മറ്റൊരു ചര്‍ച്ച നടന്നു. ജെറുസലേമിന്റെ അവകാശം, അഭയാര്‍ത്ഥികള്‍ക്ക് മടങ്ങി വരാനുള്ള അവകാശം എന്നീ പ്രധാന തര്‍ക്ക വിഷയങ്ങളില്‍ രണ്ടു കൂട്ടരും യോജിക്കാത്തത് കൊണ്ട് ആ ചര്‍ച്ചയും പൊളിഞ്ഞു. ഇതിനെ കുറിച്ച് കഴിഞ്ഞ ലേഖനത്തില്‍ വിശദമായി പറഞ്ഞിട്ടുണ്ട്. പിന്നീട് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍കൈയില്‍ എബ്രഹാം അക്കോര്‍ഡ് എന്ന പ്രൊജക്റ്റ് പൊങ്ങി വന്നു. ഗള്‍ഫ് നാടുകളെക്കൊണ്ട് ഇസ്രഈലിനെ അംഗീകരിക്കുക എന്നതായിരുന്നു എബ്രഹാം അക്കോര്‍ഡിന്റെ ലക്ഷ്യം. യു.എ.ഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ ഇത് പ്രകാരം ഇസ്രയേലുമായി ബന്ധം സ്ഥാപിച്ചു. സൗദി അറേബ്യ ഇതിനായി ചര്‍ച്ചകള്‍ നടത്തി വരവേ ഒക്ടോബര്‍ 7 സംഭവിച്ചു. അതിനു ശേഷമുള്ളത് ഇവിടെ പറയുന്നില്ല, പത്തോ ഇരുപതോ കൊല്ലം കഴിഞ്ഞ് ആരെങ്കിലുമൊക്കെ പറയട്ടെ.

അബ്രഹാം അക്കോഡ്

പക്ഷേ, അധിനിവേശത്തിന്റെ ചരിത്രം ഫലസ്തീനില്‍ തുടങ്ങുന്നതല്ല, അവസാനിക്കുന്നതുമല്ല. രണ്ട് മൂന്ന് അധിനിവേശങ്ങളുടെ കഥ ഇവിടെ പറയാം. ഫലസ്തീന്‍ അധിനിവേശം എങ്ങനെ അവസാനിക്കും എന്ന് മനസ്സിലാക്കാന്‍ അത് ഉപകരിക്കും.

1498ല്‍ വാസ്‌കോ ഡ ഗാമ കോഴിക്കോട്ടെ കാപ്പാട് കപ്പലിറങ്ങിയ അന്നുതൊട്ട് തുടങ്ങിയതാണ് ഇന്ത്യയിലേക്കുള്ള അധിനിവേശത്തിന്റെയും അതിനെതിരെയുള്ള ചെറുത്തുനില്‍പ്പിന്റെയും ചരിത്രം. 1947ല്‍ അത് അവസാനിക്കുമ്പോഴേക്കും 450 കൊല്ലം കഴിഞ്ഞിരുന്നു. സാങ്കേതികമായി അവസാനം പോയത് പോര്‍ച്ചുഗീസുകാരാണ്. 1961ല്‍ ഗോവയില്‍ നിന്ന്. അതിന് ഏഴ് വര്‍ഷം മുമ്പ് മാത്രമാണ് ഫ്രഞ്ചുകാര്‍ മാഹി വിടുന്നത്.

പോര്‍ച്ചുഗീസുകാര്‍, ഡച്ചുകാര്‍, ഫ്രഞ്ചുകാര്‍, ഇംഗ്ലണ്ടുകാര്‍ എന്നിങ്ങനെ അന്നത്തെ ലോക ശക്തികകളാണ് ഇന്ത്യയെ കീഴടക്കിയത്. അവസാനത്തെ അധിനിവേശകരായ ഇംഗ്ലണ്ടിനോട് മാത്രം ഇന്ത്യക്കാര്‍ മുന്നൂറില്‍പ്പരം കൊല്ലങ്ങള്‍ പൊരുതി. സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായിരുന്നു ഇംഗ്ലണ്ട്, ഇന്ത്യയാണെങ്കില്‍ പട്ടിണിക്കാരും നിരക്ഷരരരുമായ കുറെ ഗ്രാമീണര്‍. വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ഇന്ത്യക്കാരെ കുറിച്ച് അന്ന് പറഞ്ഞത് ഇന്ത്യ എന്ന ഒരു രാജ്യമില്ലെന്നും സ്വാതന്ത്ര്യം കൊടുത്താല്‍ അത് ഒരു കൂട്ടം തെമ്മാടികളുടെ കയ്യിലേക്ക് പോകുമെന്നും ഒരു കഴിവുമില്ലാത്ത വിഡ്ഢികളാണ് ഇന്ത്യന്‍ നേതാക്കള്‍ എന്നുമായിരുന്നു. ബംഗാളില്‍ ഭീകരമായ പട്ടിണി മരണങ്ങള്‍ നടക്കുമ്പോള്‍ ചര്‍ച്ചില്‍ പറഞ്ഞത് പട്ടിണിയായാലും ഇല്ലെങ്കിലും ഇന്ത്യക്കാര്‍ പന്നികളെ പോലെ പെറ്റുകൂട്ടും എന്നായിരുന്നു.

ഇന്ത്യന്‍ സ്വതന്ത്ര്യ സമരം എല്ലാ വഴികളിലൂടെയും സഞ്ചരിച്ചതാണ്. അതുകൊണ്ടാണ് മറ്റെല്ലാ സ്വതന്ത്ര്യ സമരങ്ങള്‍ക്കും പ്രചോദനമായത്. ഗാന്ധിജിയുടെ അഹിംസയും സുഭാഷ് ചന്ദ്രബോസിന്റേയും ഭഗത് സിങ്ങിന്റെയും സായുധ ചെറുത്തുനില്‍പ്പും മാത്രമല്ല പഴശ്ശിരാജയും ടിപ്പു സുല്‍ത്താനും ഝാന്‍സി റാണിയും പോലെയുള്ള നിരവധി നാട്ടുരാജാക്കന്മാരും കുഞ്ഞാലി മരക്കാരെപോലെ തലമുറകളോളം യുദ്ധം ചെയ്ത വീരന്മാരും ആ ഇതിഹാസ പോരാട്ടത്തിന്റെ ഭാഗമാണ്. 450 കൊല്ലത്തെ പോരാട്ടത്തിന് ശേഷം ഇന്ത്യ സ്വതന്ത്രമാകുന്നത് വരെ ലോക വന്‍ശക്തികളുമായുള്ള ഇന്ത്യയുടെ ചെറുത്തുനില്‍പ്പ് സഫലമാകുമെന്ന് ലോകം വിചാരിച്ചിരുന്നില്ല.

ഇന്ത്യയെ പോലെത്തന്നെ ദക്ഷിണാഫ്രിക്കക്കും പതിനേഴാം നൂറ്റാണ്ടില്‍ തുടങ്ങിയ കോളനൈസേഷന്റെ ദീര്‍ഘ ചരിത്രമുണ്ട്. പക്ഷെ 1948 ലാണ് വര്‍ണവിവേചനം ഔദ്യോഗികമായി അവിടെ ഭരിച്ചു കൊണ്ടിരുന്ന ഡച്ച് സെറ്റ്‌ലെര്‍മാര്‍ കൊണ്ട് വരുന്നത്. അപ്പാര്‍ത്തീഡ് എന്ന് ഇംഗ്ലീഷില്‍ പറയുന്ന വര്‍ണവിവേചനം യഥാര്‍ഥ ആഫ്രിക്കക്കാരെ അവരുടെ ഗെറ്റോകള്‍ക്ക് പുറത്തു വരുന്നതും ഭൂമി വാങ്ങുന്നതും ബിസിനസ് ചെയ്യുന്നതും നിയമപരമായി വിലക്കി. അവര്‍ എങ്ങോട്ട് പോകുമ്പോഴും ഒരു പാസ് ബുക്ക് കയ്യില്‍ വെക്കണമെന്നും എവിടെയൊക്കെ പോകുന്നു എന്നതിന്റെ രേഖകള്‍ സൂക്ഷിക്കണമെന്നതും നിര്‍ബന്ധമാക്കി. വോട്ടവകാശം മുതലുള്ള എല്ലാ അവകാശങ്ങളും കുടിയേറ്റക്കാര്‍ക്ക് മാത്രമാക്കി. ഏറ്റവും കുറഞ്ഞ കൂലി കിട്ടുന്ന ജോലികള്‍ മാത്രം യഥാര്‍ത്ഥ ആഫ്രിക്കകാരെ ചെയ്യാന്‍ അനുവദിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ വെസ്റ്റ് ബാങ്കിലെ ഫലസ്തീനികളുടെ അതേ ജീവിതം.

ഇന്ത്യക്കാരെ പോലെ തന്നെ പലവിധ പ്രതിരോധങ്ങളും ഉണ്ടായി. 1961ല്‍ നെല്‍സണ്‍ മണ്ടേല എം.കെ എന്ന സായുധ പ്രതിരോധ സേന രൂപീകരിച്ചു. അപ്പാര്‍ത്തീഡ് ഗവണ്‍മെന്റിന്റെ സ്ഥാപനങ്ങളെയും നേതാക്കളെയും സായുധമായി ആക്രമിക്കുന്ന ഒരു സംഘത്തിന്റെ നേതാവായിരുന്നു നെല്‍സണ്‍ മണ്ടേല എന്ന് ഇന്ന് തിരിഞ്ഞു നോക്കുന്നവര്‍ക്ക് വലിയൊരു അത്ഭുതമായി തോന്നും.

നെല്‍സണ്‍ മണ്ടേല

നെല്‍സണ്‍ മണ്ടേല ഇരുപത്തേഴു കൊല്ലം ജയിലില്‍ കിടന്നു, ടെററിസം ആയിരുന്നു പ്രധാന കുറ്റം. അതേ നെല്‍സണ്‍ മണ്ടേലയെ ബ്രിട്ടീഷ് പാര്‍ലമെന്റ് പിന്നീട് ആദരിച്ചിട്ടുണ്ട്, നോബല്‍ സമ്മാനവും കിട്ടിയിട്ടുണ്ട്. അതേസമയം, നാടുവിടേണ്ടി വന്ന എം.കെ ഗ്രൂപ്പിന്റെ അണികളും നേതാക്കളും വിദേശത്തു നിന്ന് അപ്പാര്‍ത്തീഡ് ഭരണത്തിനെതിരെ ആക്രമണങ്ങള്‍ നടത്തി. 1991ല്‍ അപ്പാര്‍ത്തീഡ് ഭരണം വീണു. പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ നെല്‍സണ്‍ മണ്ടേല വിജയിക്കുകയും പ്രസിഡന്റാകുകയും ചെയ്തു.

1965ലാണ് അമേരിക്ക വിയറ്റ്‌നാം കീഴടക്കുന്നത്. 1969 ആകുമ്പോഴേക്ക് അഞ്ചു ലക്ഷത്തോളം അമേരിക്കന്‍ പട്ടാളക്കാര്‍ വിയറ്റ്‌നാമിലുണ്ടായിരുന്നു. ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബിട്ട് ലക്ഷക്കണക്കിന് നിരപരാധികളെ കൊന്ന അമേരിക്ക ലോകം മുഴുവന്‍ ഭീതി പരത്തി നില്‍ക്കുന്ന സമയമാണ്. വിയറ്റ്‌നാംകാര്‍ക്ക് ഏതെങ്കിലും രീതിയില്‍ അമേരിക്കയെ തോല്‍പ്പിക്കാന്‍ കഴിയുമെന്ന് ആരും കരുതിയിരുന്നില്ല. മുപ്പത് ലക്ഷത്തോളം വിറ്റ്‌നാംകാരും അമ്പതിനായിരത്തോളം അമേരിക്കന്‍ പട്ടാളക്കാരും മരിച്ചു വീണ സമാനതകളില്ലാത്ത പോരാട്ടമാണ് വിറ്റ്‌നാംകാര്‍ കാഴ്ച വച്ചത്. 1973-ഓട് കൂടി അമേരിക്ക വിറ്റ്‌നാമില്‍ നിന്ന് പിന്മാറി.

ഇത് മൂന്നും ജയിച്ച പോരാട്ടങ്ങളുടെ കഥ. ഇനി തോറ്റ പോരാട്ടങ്ങളുടെ കഥ പറയാം. നാലെണ്ണമാണ് പ്രധാനമായി ഉള്ളത്, നാലിന്റെയും കഥ ഒന്നായത് കൊണ്ട് ഒന്നിച്ചു പറയാം. അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്. കൊളംബസ് അമേരിക്ക കണ്ടു പിടിച്ചു എന്നൊക്കെ വെറുതെ പറയുന്നതാണ്. കൊളംബസ് ജനിക്കുന്നതിന് ആയിരക്കനണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അമേരിക്ക അവിടെയുണ്ടായിരുന്നു. കോളംബസും അതിന് ശേഷം നിരവധി യുറോപ്പ്യന്മാരും ചെന്ന് അവിടെ ആദ്യം ഉണ്ടായിരുന്ന മുഴുവന്‍ പേരെയും നിഷ്ഠൂരമായി കൂട്ടക്കൊല ചെയ്തു അവിടെ സ്ഥിരം കോളനിയാക്കി. മുഴുവന്‍ പേരെയും എന്ന് പറഞ്ഞു കൂടാ, വളരെ കുറച്ചു പേരെ ബാക്കിവെച്ചു. പിന്നീട് അവരോട് മാപ്പു പറയാനും സ്‌നേഹം പ്രകടിപ്പിക്കാനും പൊളിറ്റിക്കല്‍ കറക്ട്‌നെസ്സ് കാണിക്കാനുമൊക്കെ. കഴിഞ്ഞ ദിവസവും ബൈഡന്‍ മാപ്പ് പറഞ്ഞിരുന്നു. ഇത് തന്നെയാണ് കാനഡയിലും ഓസ്ട്രേലിയയിലും ന്യൂസിലാന്‍ഡിലുമൊക്കെ സംഭവിച്ചത്. പരിധിവിട്ട ക്രൂരതകളുടെ കഥകളായത് കൊണ്ട് നീട്ടിപ്പരത്തി പറയുന്നില്ല.

ഫലസ്തീനിലേക്ക് തിരിച്ചു വരാം.

ഇതില്‍ ഏത് രീതിയില്‍ ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കപ്പെടും എന്നാണ് നിങ്ങള്‍ കരുതുന്നത്? ഒരുപാട് ഇസ്ഈലികള്‍ കരുതുന്നത് അവസാനം പറഞ്ഞ വഴിയാണ് പരിഹാരം എന്നാണ്. അതായത് വംശഹത്യ നടത്തി ഫലസ്തീനികളെ മുഴുവന്‍ കൊന്നൊടുക്കുക. പക്ഷേ ഫല്‌സ്തീനികളെ കൊന്നു തീര്‍ക്കാന്‍ കഴിയില്ല എന്നതാണ് അവര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. നേരത്തെ പറഞ്ഞത് പോലെ, വ്യാവസായികാടിസ്ഥാനത്തില്‍ വിഷവാതകവും, ഗ്യാസ് ചേംബറും ഉണ്ടാക്കിയ ഹിറ്റ്‌ലര്‍ രീതി ഇക്കാലത്ത് നടക്കില്ല. ബോംബിട്ടും പട്ടിണിക്കിട്ടും കൊന്നു തീര്‍ക്കാനുള്ള ശ്രമവും ഒരു പരിധി കഴിഞ്ഞാല്‍ മുന്നോട്ടുപോകില്ല. യാസര്‍ അറാഫത്ത് എപ്പോഴും പറയും, റെഡ് ഇന്ത്യന്‍സിനെ കൊന്നു തീര്‍ത്ത പോലെ ഞങ്ങളെ കൊന്നുതീര്‍ത്ത് ഞങ്ങളുടെ അടുക്കള പാത്രങ്ങളും വസ്ത്രങ്ങളും മ്യൂസിയത്തില്‍ വച്ച് അതിന്റെ ടിക്കറ്റ് വിറ്റ് ജീവിക്കാം എന്ന് ആരും കരുതണ്ട, ഫലസ്തീനികളെ കൊന്നു തീര്‍ക്കാനാവില്ല.

കൊന്നു തീര്‍ക്കാനാവില്ല എന്നത് കൊണ്ട് തന്നെ ഫലസ്തീന്‍കാര്‍ക്ക് ഒന്നുകില്‍ സ്വാതന്ത്ര്യം അല്ലെങ്കില്‍ തുല്യാവകാശം എന്നീ രണ്ടു പരിഹാരം മാത്രമേ ഉണ്ടാകാനുള്ളു. അല്ലാതെ എഴുപത് ലക്ഷത്തോളം ജനങ്ങളെ അനന്തകാലം അടിമകളാക്കി വെക്കുന്നതൊന്നും പ്രായോഗികമല്ല. ടു-സ്റ്റേറ്റ് സൊല്യൂഷന്‍ അല്ലെങ്കില്‍ വണ്‍-സ്റ്റേറ്റ് സൊല്യൂഷന്‍ എന്നിങ്ങനെയാണ് പരിഹാര നിര്‍ദേശങ്ങള്‍. ടു-സ്റ്റേറ്റ് എന്നാല്‍ വെസ്റ്റ് ബാങ്കും ഗസയും കിഴക്കന്‍ ജെറുസലേമും ഇസ്രഈലില്‍ നിന്ന് വേര്‍തിരിച്ചു മറ്റൊരു രാജ്യമാക്കി ഫലസ്തീനികള്‍ക്ക് കൊടുക്കുക. വണ്‍ സ്റ്റേറ്റ് എന്നാല്‍ ഇസ്രഈല്‍ അപ്പാര്‍ത്തീഡ് അവസാനിപ്പിച്ച് എല്ലാവര്‍ക്കും തുല്യാവകാശം കൊടുക്കുക.

ഇസ്രഈലിന്റെ ഫലസ്തീൻ അധിനിവേശം വിവിധ ഘട്ടങ്ങളിൽ. പച്ച നിറത്തിൽ ഫലസ്തീൻ

ടു-സ്റ്റേറ്റ് സൊല്യൂഷനാണ് ലോകത്തിന്റെ അംഗീകാരം. അമേരിക്കയും അറബ് രാജ്യങ്ങളും ഒരു പരിധി വരെ ഇസ്രഈലും സമ്മതിച്ചതാണ്. കിഴക്കന്‍ ജറുസലേമിന്റെ കാര്യത്തിലും അഭയാര്‍ഥികളുടെ തിരിച്ചു വരവിന്റെ കാര്യത്തിലും മാത്രമായിരുന്നു തര്‍ക്കം. ഇസ്രഈലിന് താത്പര്യമുണ്ടെങ്കില്‍ അത് എന്നോ നടക്കുമായിരുന്നു. ഇസ്രഈലിന്റെ താല്പര്യം ഹിറ്റ്‌ലര്‍ ജൂതന്മാരെ ചെയ്തത് പോലെ ഒരു ഗെറ്റോ ആയോ കോണ്‍സെന്‍ട്രഷന്‍ ക്യാമ്പ് ആയോ ഫലസ്തീന്‍കാരെ വെസ്റ്റ് ബാങ്കിലോ ഗസയിലോ നിര്‍ത്തി ബോംബിട്ടോ പട്ടിണിക്കിട്ടോ കൊന്നു തീര്‍ക്കുക എന്നതാണ്. അത് നടക്കുന്നില്ല എന്നതാണ് അവരുടെ പ്രതിസന്ധി.

ടു-സ്റ്റേറ്റ് സൊല്യൂഷന്‍ നടക്കാത്തതിന് പ്രായോഗികമായി മറ്റൊരു കാരണം കൂടിയുണ്ട്, സെറ്റ്ലര്‍മാര്‍. വെസ്റ്റ് ബാങ്ക് മറ്റൊരു രാജ്യത്തിലേക്ക് പോകുമ്പോള്‍ ഈ സെറ്റ്ലര്‍മാര്‍ അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചു പോകേണ്ടി വരും. വയലന്‍സ് ആസ്വദിക്കുന്നവരാണ് സെറ്റ്ലര്‍മാര്‍, അവരെ കുടിയൊഴിപ്പിക്കുക എന്നത് ശ്രമകരമാകും. സെറ്റ്‌ലെര്‍മാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് ടു-സ്റ്റേറ്റ് സൊല്യൂഷന്‍ പ്രായോഗികത കുറഞ്ഞു കുറഞ്ഞു വരും.

വണ്‍-സ്റ്റേറ്റ് സൊല്യൂഷന്‍ എന്നാല്‍ ഇപ്പോഴത്തെ ഇസ്രഈലും ഗസയും വെസ്റ്റ് ബാങ്കും ചേര്‍ന്ന് ഒരു രാജ്യമാകുക. എന്നിട്ട് എല്ലാവര്‍ക്കും തുല്യാവകാശവും സഞ്ചാര സ്വതന്ത്ര്യവും കൊടുക്കുക എന്നതാണ്. ഫലസ്തീനികള്‍ക്ക് ഇതില്‍ സന്തോഷമേ ഉള്ളൂ. കാരണം അങ്ങനെയൊരു രാജ്യത്ത് അവരായിരിക്കും ഭൂരിപക്ഷം. നദി മുതല്‍ കടല്‍ വരെ എന്ന അവരുടെ സ്വപ്നത്തിന്റെ സാക്ഷാത്കാരം. ഇസ്രഈലിലും മറ്റു ലോക രാജ്യങ്ങളിലും ഇതിന് നല്ല പിന്തുണയുണ്ട്. അതിനു കാരണം മത രാഷ്ട്രങ്ങള്‍ എന്ന സങ്കല്‍പം ക്രമേണ ഇല്ലാതാകും എന്നും ലോകം കൂടുതല്‍ കൂടുതല്‍ ലിബറലും സെക്കുലറും ആകും എന്ന വിശ്വസമാണ്. അങ്ങനെ വരുമ്പോള്‍ ജൂത രാഷ്ട്രം എന്നോ മുസ്‌ലിം രാഷ്ട്രം എന്നോ അല്ലാതെ ഒരു സെക്കുലര്‍ രാഷ്ട്രമാണുണ്ടാകുക. ഇങ്ങനെയല്ലാത്ത ഒരു വണ്‍-സ്റ്റേറ്റ് സൊല്യൂഷന്‍ നിര്‍ദേശിക്കുന്ന ചില സയണിസ്റ്റുകളുമുണ്ട്, ഇസ്രഈലി മന്ത്രിമാരടക്കം. അവരുടെ നിര്‍ദേശം പരമാവധി ഫലസ്തീനികളെ കൊന്നുതീര്‍ത്തോ ചുരുങ്ങിയത് ആട്ടിപ്പായിച്ചോ എണ്ണം കുറച്ച ശേഷം വണ്‍-സ്റ്റേറ്റ് ഉണ്ടാക്കി റെഡ് ഇന്ത്യന്‍സിനോട് ചെയ്തതു പോലെ പിന്നീട് സ്‌നേഹിക്കാം എന്നാണ്. 1948ലെ ഒന്നാമത്തെ നഖ്ബയിലും 1967ലും അഭയാര്‍ഥികളായി ഓടിപ്പോയത് വലിയൊരു തെറ്റായിരുന്നു എന്ന് വിശ്വസിക്കുന്നവരാണ് ഫലസ്തീനികള്‍ മിക്കവരും. ഇനിയൊരു നഖ്ബ ഉണ്ടാകില്ല എന്നതാണ് അവരുടെ തീരുമാനം. യാസര്‍ അറാഫത്ത് ആവര്‍ത്തിക്കും പോലെ ഫലസ്തീന്‍കാര്‍ റെഡ്-ഇന്ത്യന്‍സ് ആകില്ല, അവര്‍ മ്യൂസിയയത്തിലേക്ക് പോകുകയുമില്ല.

കൂടുതല്‍ കൂടുതല്‍ സെറ്റ്ലര്‍മാര്‍ വെസ്റ്റ് ബാങ്കിലെക്ക് വരികയും, അവരെ കുടിയൊഴിപ്പിക്കല്‍ അസാധ്യമാകുകയും ചെയ്യുന്നത് കൊണ്ട് ഓരോ ദിവസം കഴിയുമ്പോഴും ടു-സ്റ്റേറ്റ് സാധ്യതകള്‍ ഇസ്രഈല്‍ തന്നെ അടയ്ക്കുകയാണ്. അപ്പാര്‍ത്തീഡ് അവസാനിപ്പിച്ച് ഒരു രാഷ്ട്രമാകുക എന്ന ദക്ഷിണാഫ്രിക്കന്‍ പരിഹാരത്തിലേക്കാണ് ഓരോ ദിവസവും കഴിയുമ്പോഴും ഫലസ്തീന്‍ പോകുന്നത്. നൂറ്റാണ്ടുകള്‍ നീണ്ട പരസ്പരവിദ്വേഷം അവസാനിപ്പിച്ച് കറുത്തവരും വെള്ളക്കാരും ഇപ്പോള്‍ ഒരുമിച്ച് ജീവിക്കും പോലെ ഫലസ്തീനികളും ഇസ്രാഈലുകാരും ഒരു കാലത്ത് ഒന്നിച്ചു ജീവിക്കേണ്ടി വരും. മറ്റെല്ലാ വഴികളും അടയുകയാണ്.

കൊന്നു തീര്‍ത്ത ജൂതന്മാരുടെ ഓര്‍മകള്‍ വേട്ടയാടുമ്പോള്‍ ജര്‍മന്‍കാര്‍ മുന്‍ തലമുറയെ കുറ്റപ്പെടുത്തും. കോളനികളാക്കി വെച്ചും കൂട്ടക്കൊല നടത്തിയും കൊള്ളയടിച്ചും തങ്ങള്‍ പാപ്പരാക്കിയ നാടുകളില്‍ പോയി ബ്രിട്ടീഷ് പ്രധാനമന്ത്രി ഇടയ്ക്കിടെ മാപ്പ് പറയും. അണുക്കള്‍ നിറച്ച പുതപ്പിലൂടെ രോഗങ്ങള്‍ പടര്‍ത്തിയും തെരുവുപട്ടികളെ പോലെ കൊന്നു തീര്‍ക്കുകയും ചെയ്ത റെഡ്-ഇന്ത്യക്കാര്‍ക്ക് വേണ്ടി അമേരിക്കന്‍ പ്രസിഡന്റ് കഴിഞ്ഞയാഴ്ചയും മാപ്പ് പറഞ്ഞു. നെല്‍സണ്‍ മണ്ടേലയുടെയും ഹോ ചിമിന്റെയും ഗാന്ധിജിയും പ്രതിമകള്‍ ലണ്ടനിലും ന്യൂയോര്‍ക്കിലും ഇന്ന് കാണാം. ചെ ഗുവേരയുടെ ടീ ഷര്‍ട്ടിട്ട കുട്ടികളാണ് അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളില്‍ നിറയെ. കുറച്ചു കാലം കഴിയുമ്പോള്‍ ഫലസ്തീന്‍കരോടും ഇതേ മാപ്പ് പറച്ചിലുണ്ടാകും, അവരുടെ നേതാക്കളുടെ പ്രതിമകള്‍ ലണ്ടനിലും ന്യൂയോര്‍ക്കിലും ഉയരും.

അപ്പോള്‍ നമ്മളോ?

ഇന്ത്യയുടെ സ്വതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരില്‍ ചിലരൊക്കെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. സ്വതന്ത്ര്യത്തിന് തൊട്ടുമുമ്പായിരുന്നു ഹോളോകോസ്റ്റ് എന്നറിയപ്പെട്ട ജൂത കൂട്ടക്കൊലകള്‍, അന്ന് നമ്മള്‍ ദുര്‍ബലരായ ജൂതരോടൊപ്പം നിന്നു. ചിലരൊഴിച്ച്. അത് കഴിഞ്ഞ ഉടനെയായിരുന്നു വിയറ്റ്‌നാം യുദ്ധം. അഭിപ്രായ വ്യത്യാസങ്ങളില്ലാതെ നമ്മള്‍ വിറ്റ്‌നാമിനെ പിന്തുണച്ചു. സ്വാതന്ത്ര്യ സമരത്തിന്റെ ഓര്‍മകള്‍ ജ്വലിച്ചു നിന്ന കാലമായിരുന്നു അത്. ഇക്കാരണം കൊണ്ട് തന്നെ നമ്മെ പോലെ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതുന്ന മറ്റൊരു ജനതയെ പിന്തുണയ്ക്കാതിരിക്കാന്‍ നമുക്ക് കഴിയുമായിരുന്നില്ല. അമേരിക്ക ടണ്‍ കണക്കിന് ബോംബുകള്‍ വിയറ്റ്‌നാമില്‍ വര്‍ഷിക്കുകയും ലക്ഷക്കണക്കിനാളുകളെ കൊന്നൊടുക്കുകയും ചെയ്യുമ്പോഴും അവസാനം വിയറ്റ്‌നാംകാര്‍ ജയിക്കുമെന്ന് നമുക്കുറപ്പായിരുന്നു. കാരണം സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തോട് നമ്മള്‍ ജയിച്ചു കാണിച്ചതിന്റെ ഓര്‍മ അപ്പോഴും നമുക്കുണ്ടായിരുന്നു.

അത് കഴിഞ്ഞയുടനെ ദക്ഷിണാഫ്രിക്കന്‍ പോരാട്ടം വന്നു. അന്നും നമ്മള്‍ സംശയമൊന്നുമില്ലാതെ കറുത്തവരോടൊപ്പം നിന്നു. അമേരിക്കയും ഇംഗ്ലണ്ടും പാശ്ചാത്യര്‍ മുഴുവനും അപ്പാര്‍ത്തീഡ് ഭരണത്തോടൊപ്പം നിന്നെങ്കിലും അവര്‍ പരാജയപ്പെടുമെന്ന് നമുക്കുറപ്പായിരുന്നു. അപ്പോഴേക്ക് ഫലസ്തീന്‍ വന്നു, അവരോടൊപ്പവും നമ്മള്‍ നിന്നു. അതേ കാരണങ്ങള്‍, അധിനിവേശത്തിനെതിരെയാണ് നില്‍ക്കണ്ടതെന്ന ചിന്ത , എല്ലാവരും തുല്യരാനാണെന്നും ശക്തിയുണ്ടെന്നുള്ളത് കൊണ്ട് ആരും ആരെയും കീഴടക്കുകയും അടിമകളാക്കുകയും ചെയ്യരുതെന്ന നീതി ബോധം.

ഫലസ്തീന്‍കാരെ ആറ്റം ബോംബിട്ടു കൊല്ലണോ, അതോ ഓടിച്ചുവിട്ടാല്‍ മതിയോ, 2,000 ടണ്‍ ബോംബ് വേണോ അതോ 1,000 ടണ്‍ മതിയോ, 50,000 പേരെ കൊന്നാല്‍ മതിയോ അതോ ഒരു ലക്ഷം പേരെ കൊല്ലണോ എന്ന രീതിയില്‍ സ്വതന്ത്ര ചിന്തകരുടെ നേതാവിന്റെ ഒരു വീഡിയോ ഒരു സുഹൃത്ത് അയച്ചു തന്നു. ശക്തര്‍ക്ക് മാത്രമേ അതിജീവിക്കാന്‍ കഴിയൂ എന്ന വികൃതമായ ചിന്ത പടര്‍ത്തുന്ന വീഡിയോ. നൂറ്റാണ്ടുകളിലൂടെ നമ്മള്‍ ആര്‍ജിച്ചെടുത്ത തുല്യത, നീതി തുടങ്ങിയവവല്ല ഫൈറ്റര്‍ ജെറ്റും ക്ലസ്റ്റര്‍ ബോംബും ആണ് അന്തിമമായി ജയിക്കുക എന്ന നീച ചിന്തയുടെ പ്രചാരണം. അത് മാത്രം കാണുന്ന ചിലരെങ്കിലും ഉണ്ടാകും, അവരോട് ചരിത്രം തെളിയിക്കുന്നത് അങ്ങനെയല്ല എന്ന് പറയണം എന്ന് തോന്നി. അതിനാണിത്രയും എഴുതിയത്. നീണ്ടു പോയതിന് ക്ഷമിക്കണം.

ഈ ലേഖനത്തിൽ പരാമർശിച്ച ഫാറൂഖിന്റെ ലേഖനം (വായിക്കാനായി ക്ലിക് ചെയ്യുക)

ഫലസ്തീനുകാർ എന്തിനാണ് വെറുതെ മരിക്കുന്നത്

ഫാറൂഖിന്റെ മറ്റ് ലേഖനങ്ങൾ

​➤ ഗോവിന്ദൻ മാഷ് എന്ന താത്വികാചാര്യൻ

➤ ഓഹരി വിപണി; കോഴിയും കുറുക്കൻമാരും

➤ രാഹുൽ പപ്പുവല്ല!

➤ വികസനം വേണ്ട, തൊഴിൽ‌ മതി

➤ അനേക സിവിൽ കോഡ്

➤ പുരയ്ക്ക് മീതെ ചാഞ്ഞ അദാനി: ഒന്നാം ഭാ​ഗം

➤ പുരയ്ക്ക് മീതെ ചാഞ്ഞ അദാനി: രണ്ടാം ഭാ​ഗം

➤ മോദി കാലം കഴിഞ്ഞാല്‍ അദാനി എടുക്കാച്ചരക്കാവും; പുരയ്ക്ക് മീതെ ചാഞ്ഞ അദാനി; മൂന്നാം ഭാഗം

➤ ന്യൂ ജെന്‍ ക്യാപിറ്റലിസ്റ്റുകളോട്; പുരയ്ക്ക് മീതെ ചാഞ്ഞ അദാനി: ഭാഗം നാല്

ഡൂൾന്യൂസിൽ ഫാറൂഖ് എഴുതിയ എല്ലാ ലേഖനങ്ങളും ഇവിടെ വായിക്കാം

Content highlight: Farooq writes about Palestine and Israel issue

ഫാറൂഖ്

ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ

We use cookies to give you the best possible experience. Learn more