| Sunday, 28th January 2024, 3:59 pm

നോട്ട് യുവര്‍ കപ്പ് ഓഫ് ടീ

ഫാറൂഖ്

‘ഇതോ, എന്തിന്, ചേറ്റുപുഴെലെ ലാസറേട്ടന്‍ നന്നായിട്ട് സീനറി വരക്കും. അത് മേടിച്ചാല്‍ ആ പാവത്തിനൊരു ഉപകാരമാവുകയും ചെയ്യും’. പത്മശ്രീ എന്ന നായികാ കഥാപാത്രം വരച്ച മോഡേണ്‍ ആര്‍ട് പെയിന്റിങ് വാങ്ങണ്ടേയെന്ന് മമ്മൂട്ടിയുടെ കഥാപാത്രം ചോദിക്കുമ്പോള്‍ ടിനി ടോമിന്റെ കഥാപാത്രം പറയുന്ന മറുപടിയാണിത്.

ആ പറഞ്ഞത് കറക്ടാണല്ലോ എന്ന് പ്രാഞ്ചിയേട്ടന്‍ കണ്ടു കൊണ്ടിരിക്കുമ്പോള്‍ മനസില്‍ ചോദിച്ച അസംഖ്യം പ്രേക്ഷകരില്‍ ഞാനും പെടും. എനിക്കൊരിക്കലും മനസിലാകുന്നതോ ആസ്വദിക്കാന്‍ കഴിയുന്നതോ ആയിരുന്നില്ല മോഡേണ്‍ ആര്‍ട് എന്ന് നമ്മള്‍ വിളിക്കുന്ന അത്ര മോഡേണ്‍ അല്ലാത്ത സര്‍റിയലിസ്റ്റിറ്റിക് പെയിന്റിങ്.

അത്ര മോഡേണ്‍ അല്ലാത്തത് എന്ന് പറയാന്‍ കാരണം സാല്‍വദോര്‍ ദാലി തന്റെ കാബറേ സീന്‍ എന്ന പ്രശസ്തമായ ചിത്രം വരച്ചിട്ട് നൂറു വര്‍ഷം കഴിഞ്ഞു. നാട്ടുകാര്‍ ഇന്നും അതിനെ മോഡേണ്‍ ആര്‍ട് എന്നാണ് വിളിക്കുന്നത്.

സാല്‍വദോര്‍ ഡാലിയുടെ കാബറെ സീന്‍ എന്ന പെയിന്റിങ് – 1922

ഞാന്‍ ഏറ്റവും ചിരിച്ച മലയാളം കോമഡികളില്‍ ഒന്ന് മുകേഷ് മോഡേണ്‍ പെയിന്റിങ് വരക്കുന്നതാണ്. കുറെ കളറെടുത്തു കാന്‍വാസില്‍ മെഴുകി അതിനടിയില്‍ അണ്ഡകടാഹം എന്നെഴുതുന്ന പ്രിയദര്‍ശന്‍ കോമഡി. ഇതിനെ അണ്ഡകടാഹം എന്നല്ല പോക്രിത്തരം എന്നാണ് വിളിക്കേണ്ടത് എന്ന് രാജു പറയുന്ന മറുപടിയായിരുന്നു എനിക്ക് ഏറ്റവും ഉചിതമായി തോന്നിയതും.

എം.എഫ്. ഹുസൈന്റെ പല പെയിന്റിങ്ങുകള്‍ക്കും മുകേഷിന്റെ അണ്ഡകടാഹവുമായി പ്രത്യേകിച്ച് ഒരു വ്യത്യാസവുമില്ല എന്ന് ഞാന്‍ സുഹൃത്തുക്കളോട് പറയുമായിരുന്നു.

ഈ കോമഡികളുടെയും ചിരിയുടെയും പരിഹാസങ്ങളുടെയും വര്‍ഷങ്ങള്‍ കഴിഞ്ഞു യാത്രകള്‍ ചെയ്യാന്‍ ഭാഗ്യമുണ്ടായപ്പോള്‍ ഒരു ദിവസം ഞാന്‍ സാല്‍വദോര്‍ ദാലി മ്യൂസിയത്തിലെത്തിപ്പെട്ടു. ദാലിയുടെ പല പെയ്ന്റിങ്ങുകളുടെയും ഒറിജിനല്‍ സൂക്ഷിച്ചിരിക്കുന്ന മ്യൂസിയമായിരുന്നു അത്.

അവിടെ കണ്ട പെയ്ന്റിങ്ങുകളെക്കാളും എന്നെ അത്ഭുതപ്പെടുത്തിയത് ദാലിയുടെ ആരാധകരായിരുന്നു. തായ്‌വാന്‍, ഫിലിപ്പീന്‍സ്, കൊറിയ, ജപ്പാന്‍, ബര്‍മ, ബ്രസീല്‍ എന്നിങ്ങനെ ഭൂമിയില്‍ എല്ലായിടത്തും നിന്നും എത്രയോ ത്യാഗങ്ങള്‍ സഹിച്ചു, ജീവിത സമ്പാദ്യങ്ങള്‍ മുഴുവന്‍ ചിലവിട്ട് നൂറു വര്‍ഷം മുമ്പുള്ള ദാലിയുടെ ഒറിജിനല്‍ മോഡേണ്‍ ആര്‍ട് കാണാന്‍ കാലങ്ങള്‍ കാത്തിരുന്ന് അവിടെ എത്തുന്നവര്‍.

ചിലരൊക്കെ മണിക്കൂറുകള്‍ ഒരേ ചിത്രത്തില്‍ നോക്കി നില്‍ക്കുന്നു. ചിലര്‍ കാന്‍വാസുമായി വന്നു ദാലിയുടെ പെയിന്റിങ് നോക്കി വരക്കുന്നു, ചിലര്‍ പെയിന്റിങ് കണ്ട സന്തോഷത്തില്‍ വെറുതെ ചിരിക്കുകയും കരയുകയുമൊക്കെ ചെയ്യുന്നു.

ആ പെയ്ന്റിങ്ങുകള്‍ വീണ്ടും വീണ്ടും ഞാന്‍ നോക്കി. അന്നും ആ പെയ്ന്റിങ്ങിനെ പറ്റി എനിക്കൊന്നും മനസിലാകുകയോ ആസ്വദിക്കാന്‍ കഴിയുകയോ ചെയ്തില്ല, എങ്കിലും മറ്റൊരു കാര്യം എനിക്ക് മനസ്സസിലായി. ദാലിയുടെ പെയ്ന്റിങ് കാലത്തെ അതിജീവിക്കും.

ഇരുന്നൂറും മുന്നൂറും വര്‍ഷങ്ങള്‍ കഴിഞ്ഞാലും ദാലിയുടെയോ എം.എഫ്. ഹുസൈന്റെയോ പെയിന്റിങ്ങുകള്‍ അന്വേഷിച്ച് ആരാധകര്‍ വന്നു കൊണ്ടേയിരിക്കും. ലാസറേട്ടന്‍ വരച്ച സീനറി രണ്ടു കൊല്ലം കഴിഞ്ഞാല്‍ ആരും തിരിഞ്ഞു നോക്കില്ല.

ദാലി മഹാനായ കലാകാരനാണ്. അദ്ദേഹത്തിന്റെ വരകള്‍ കാലങ്ങളെ താണ്ടുന്നതാണ്. അത് മനസിലാക്കാനോ ആസ്വദിക്കാനോ ആകാത്തത് എന്റെ ആസ്വാദന നിലവാരത്തിന്റെ പരിമിതി – നോട്ട് മൈ കപ്പ് ഓഫ് ടീ.

ഇത്രയും വായിച്ചു കഴിഞ്ഞപ്പോള്‍ നിങ്ങള്‍ സ്വാഭാവികമായും വിചാരിക്കുന്നുണ്ടാകും മലൈക്കോട്ടൈ വലിബന്‍ മഹത്തായ സിനിമയാണ്, കാലങ്ങള്‍ താണ്ടും, എന്നൊക്കെ പറയാനാണെങ്കില്‍ ഇങ്ങനെ വളഞ്ഞു മൂക്ക് പിടിക്കണോ നേരിട്ടങ്ങ് പറഞ്ഞാല്‍ പോരെ എന്ന്. നിങ്ങള്‍ വിചാരിച്ചത് കറക്റ്റാണ്, പക്ഷെ അത് മാത്രം പറയാനല്ല ഈ കുറിപ്പ്.

ദാലിയുടെയും എം. എഫ് ഹുസൈന്റേയും പെയ്ന്റിങ്ങുകള്‍ ആസ്വദിക്കാന്‍ ഒരിക്കലും കഴിഞ്ഞില്ലെങ്കിലും ആ വിഭാഗത്തില്‍ മറ്റൊന്ന് എനിക്ക് ആസ്വദിക്കാന്‍ പറ്റി – അനന്തരം.

കേരളത്തിലെ ഗ്രാമങ്ങളില്‍ ദൂരദര്‍ശന്‍ മാത്രം കിട്ടിക്കൊണ്ടിരുന്ന കാലമായിരുന്നു എന്റെ കുട്ടിക്കാലം. ഞായറാഴ്ച ഉച്ചക്ക് ഒരു സിനിമയുണ്ടാകും. മിക്കവാറും അവാര്‍ഡ് സിനിമ അല്ലെങ്കില്‍ ആര്‍ട് സിനിമ എന്ന് നമ്മള്‍ പുച്ഛിച്ചു വിളിക്കുന്ന സത്യജിത് റേ, ഋത്വിക് ഘട്ടക്ക്, ശ്യാം ബെനഗല്‍, ഗിരീഷ് കാസറവള്ളി, അപര്‍ണ സെന്‍ ടൈപ്പ് സിനിമകളായിരിക്കും.

ഒരു പൈപ്പ് തുറന്നു വച്ച് ബക്കറ്റില്‍ വെള്ളം നിറയുന്നത് വരെ അത് തന്നെ കാണിച്ചു കൊണ്ടിരിക്കുക, കലത്തില്‍ അരിയിട്ട് അത് വേവുന്നത് വരെ അടുപ്പ് കാണിച്ചു കൊണ്ടിരിക്കുക എന്നൊക്കെയാണ് അത്തരം സിനിമകളെ പറ്റി മലയാളികള്‍ പറയുക. അങ്ങനെയൊരു ദിവസം ഒരു മമ്മൂട്ടി പടം ദൂരദര്‍ശനില്‍ ഉണ്ടാകുമെന്ന് രാവിലെ പേപ്പറില്‍ കണ്ടു. പത്രങ്ങള്‍ ദൂരദര്‍ശന്‍ പരിപാടികള്‍ക്ക് വേണ്ടി ഒരു കോളം നീക്കി വച്ച് കൊണ്ടിരുന്ന കാലമായിരുന്നു അത്. മമ്മൂട്ടിയുടെ മാമാട്ടി-പെട്ടി-സ്‌കൂട്ടര്‍ സിനിമകളടെ പെരുമഴക്കാലമായിരുന്നു അത്.

സ്ത്രീകളുടെ ഹൃദയങ്ങളില്‍ മമ്മൂട്ടി ഒരു പ്രത്യേക അവകാശം സ്ഥാപിക്കാന്‍ തുടങ്ങിക്കൊണ്ടിരുന്ന കാലം. സ്ത്രീകളും കുട്ടികളും അടക്കം വലിയൊരു സംഘം ടി.വി കാണാന്‍ ഇരുന്നു. ടീസറും ട്രെയ്ലറും പ്രോമോയും ഇല്ലാത്ത കാലമാണ്. ഏതു തരമാണെന്ന് പടം തുടങ്ങിയാലെ മനസിലാവൂ. പടം തുടങ്ങി, നേരത്തെ പറഞ്ഞ മാതിരി പടം, ബക്കറ്റ്, പൈപ്പ്, കലം, അരി തിളക്കല്‍.

നോട്ട് മൈ കപ്പ് ഓഫ് ടീ എന്നൊന്നും അക്കാലത്തു ആരും പറയാറില്ല, അത് കൊണ്ട് തന്നെ ഇതെന്നെക്കൊണ്ട് സഹിക്കാന്‍ പറ്റില്ല എന്നും പറഞ്ഞ് ഓരോരുത്തര്‍ ഓരോരുത്തരായി എഴുന്നേറ്റ് പോയി. അര മണിക്കൂര്‍ കഴിയുമ്പോഴേക്ക് സദസ് കാലി. സിനിമയുടെ പേര് അനന്തരം, സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍.

വര്‍ഷങ്ങള്‍ കഴിഞ്ഞു, വിദേശത്തു ഒരു ഫിലിം ഫെസ്റ്റിവലില്‍ ഒരു മലയാളം സിനിമ ഉണ്ടെന്ന് കേട്ട് പോയതായിരുന്നു. സിനിമ പഴയത് തന്നെ, അനന്തരം. ഏതായാലും വന്നതല്ലേ, കണ്ടു കളയാം എന്ന് കരുതി കണ്ടു. എനിക്കെന്നെ തന്നെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല, എന്ത് മനോഹരമായ സിനിമ. ഒരുപാട് അര്‍ത്ഥതലങ്ങളുള്ള കഥാപരിസരം, മനോഹരമായ ദൃശ്യക്കാഴ്ചകള്‍, അത് വരെ കാണാത്ത വിധം ആഴമുള്ള അഭിനയ മുഹൂര്‍ത്തങ്ങള്‍. അന്നുവരെ ഞാന്‍ കാണാത്ത വിധമുള്ള ഒരു മലയാളം സിനിമ ഞാന്‍ അന്ന് കാണുകയായിരുന്നു. ഇന്ന് എന്നോട് ആരെങ്കിലും ഞാന്‍ കണ്ട ഏറ്റവും നല്ല മലയാളം സിനിമ ഏതാണെന്ന് ചോദിച്ചാല്‍ അനന്തരം എന്ന പേര് നിസ്സംശയം പറയും. എത്ര പ്രാവശ്യം ഞാന്‍ ആ സിനിമ കണ്ടു എന്നോര്‍മയില്ല, യൂട്യൂബില്‍ ഇന്നും ഏറ്റവും കൂടുതല്‍ പേര് ആവര്‍ത്തിച്ചു കാണുന്ന മലയാളം സിനിമകളില്‍ ഒന്നാണ് അനന്തരം.

അനന്തരത്തിന് ശേഷവും മമ്മൂട്ടി അടൂര്‍ സിനിമകളില്‍ അഭിനയിച്ചു. വിധേയന്‍, മതിലുകള്‍ തുടങ്ങിയവ. ആദ്യം കണ്ടപ്പോള്‍ എനിക്കിഷ്ടപ്പെട്ടില്ല. ഈയടുത്തു വീണ്ടും കണ്ടു, അപ്പോഴും ഇഷ്ടപ്പെട്ടില്ല. നോട്ട് മൈ കപ്പ് ഓഫ് ടീ.

പക്ഷെ ഒരു കാര്യത്തില്‍ എനിക്കെന്നും അത്ഭുതമായിരുന്നു, ചിത്രഭൂമിയില്‍ അക്കാലത്തു വന്ന ഒരു വാര്‍ത്തയായിരുന്നു ആ അത്ഭുതത്തിന് കാരണം. മമ്മൂട്ടി അടൂരിനെ അങ്ങോട്ട് വിളിച്ചു റോള്‍ ചോദിക്കുകയാണെന്നും കാര്യമായി പ്രതിഫലമൊന്നും വാങ്ങാതെയാണ് അഭിനയിക്കുന്നതെമൊക്കെയായിരുന്നു ആ വാര്‍ത്ത.

ഐ.വി. ശശിയും ജോഷിയുമുക്കെ സൂപ്പര്‍ഹിറ്റുകള്‍ ഉണ്ടാക്കുക്കുകയും അവരുടെ ഫസ്റ്റ് ചോയിസ് ഹീറോ മമ്മൂട്ടിയായിരിക്കുകയും ചെയ്യുമ്പോള്‍ മമ്മൂട്ടി എന്തിനാണ് അടൂരിനോട് അങ്ങോട്ട് പോയി റോള്‍ ചോദിക്കുന്നത്. അതിനുത്തരം എനിക്ക് മനസിലാകുന്നത് കുറെ കാലം കഴിഞ്ഞു ഇ.എം.എസ്സിനെ കുറിച്ച് ഒരു ലേഖനം വായിച്ചപ്പോഴാണ്.

1980ല്‍ സി.പി.ഐ.എം കേരളത്തില്‍ അധികാരത്തിലെത്തുമെന്ന് ഉറപ്പായപ്പോള്‍ പത്രക്കാര്‍ താങ്കളാണോ മുഖ്യമന്ത്രി എന്ന് ഇ.എം.എസ് നോട് ചോദിച്ചു, അല്ല എന്ന് ഇ.എം.എസ്. പിന്നെ അധികാരത്തില്‍ ഏതു സ്ഥാനമാണ് താങ്കള്‍ നോക്കുന്നത് എന്ന് പത്രക്കാര്‍, താന്‍ അധികാരത്തിലുള്ള സ്ഥാനമല്ല ചരിത്രത്തിലെ സ്ഥാനമാണ് നോക്കുന്നത് എന്ന് ഇ.എം.എസ്.

1969ലാണ് ഇ.എം.എസ് മുഖ്യമന്ത്രി പദം ഒഴിയുന്നത്. 1998ലാണ് മരിക്കുന്നത്. അതിനിടയിലുള്ള മുപ്പത് വര്‍ഷങ്ങളില്‍ പാര്‍ട്ടിയുടെ ഏറ്റവും മുതിര്‍ന്ന നേതാവായിട്ടും അദ്ദേഹം അധികാരം വലിയ കാര്യമായി കരുതിയില്ല. ചരിത്രത്തില്‍ തന്റെ സ്ഥാനം എന്തായിരിക്കും എന്ന് മാത്രം ഉത്കണ്ഠപ്പെട്ടു.

മമ്മൂട്ടിയും മോഹന്‍ലാലും മഹാപ്രതിഭകളായ കലാകാരന്‍മാര്‍ മാത്രമല്ല, നല്ല വായനയും ചരിത്രബോധമുള്ളവരുമാണ്. അവരുടെ സംസാരങ്ങളില്‍ അത് ബോധ്യപ്പെടും. നിരന്തരമായ വായനകളിലും യാത്രകളിലും അവര്‍ക്ക് ഒരു കാര്യം ബോധ്യമായിരിക്കും. നമ്മളൊക്കെ മരിച്ച് നൂറോ നൂറ്റമ്പതോ കൊല്ലങ്ങള്‍ കഴിയുമ്പോള്‍, നമ്മുടെ മക്കള്‍, അവരുടെ മക്കള്‍, അവരുടെയും മക്കള്‍, ഇക്കാലത്തെ ഒരു സിനിമ കാണുന്നെണ്ടെങ്കില്‍ അത് അടൂരിന്റേതായിരിക്കും അരവിന്ദന്റെതായിരിക്കും കുറച്ചു കൂടെ ഫാസ്റ്റ് ഫോര്‍വേഡ് ചെയ്താല്‍ ജിയോ ബേബിയുടേതായിരിക്കും ലിജോ ജോസ് പെല്ലിശ്ശേരിയുടേതായിരിക്കും.

ലോകത്തിന്റെ ഏതെങ്കിലും ഒരു മൂലയില്‍, ഏതെങ്കിലും ഒരു യൂണിവേഴ്‌സിറ്റിയുടെ ഓഡിറ്റോറിയത്തില്‍, ഏതെങ്കിലും ഫിലിം ഫെസ്റ്റിവലുകളില്‍, അവര്‍ കാണുന്നത് ന്യൂഡല്‍ഹിയും പുലിമുരുകനുമായിരിക്കില്ല, അനന്തരവും അമ്മ അറിയാനും കാതലും മലൈക്കോട്ടൈ വലിബനുമായിരിക്കും. ഒരു ചിത്ര പ്രദര്‍ശനത്തില്‍ അവര്‍ കാണുന്നത് ചേറ്റുപുഴേലെ ലാസറേട്ടന്‍ വരച്ച സീനറി ആയിരിക്കില്ല, എം.എഫ് ഹുസൈന്റെ ഹോര്‍സസ് ആയിരിക്കും.

എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല, വിശദീകരിക്കാനുമാവില്ല. അതങ്ങനെയാണ്. കലയില്‍ മാത്രമല്ല, സാഹിത്യത്തിലും. മനോരമയിലും മംഗളത്തിലുമൊക്കെ എഴുതുന്ന ജെസി, സുധാകര്‍ മംഗളോദയം, മാത്യു മുറ്റം എന്നൊക്കെ പേരുള്ള ലക്ഷക്കണക്കിന് വായനക്കാരുള്ള എഴുത്തുകാരുണ്ടായിരുന്നു കേരളത്തില്‍.

അക്കാലത്തിറങ്ങിയ ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം നൂറോ ആയിരമോ കോപ്പി ചിലവായിരുന്നിരിക്കും. പക്ഷെ ഇന്നും ഏതൊരു മലയാള പുസ്തകശാലയിലും ഖസാക്കിന്റെ ഇതിഹാസം അന്വേഷിച്ചു വരുന്ന വായനക്കാരെ നിങ്ങള്‍ക്ക് കാണാം, മറ്റുള്ളവരുടെതൊന്നും പ്രിന്റിലില്ല.

മാര്‍ക്വസിന്റെ പുസ്തകങ്ങള്‍ ആസ്വദിച്ചു വായിക്കുകയും സല്‍മാന്‍ റുഷ്ദിയുടെയും വി.എസ്. നൈപോളിന്റെയും നോവലുകള്‍ കഷ്ടപ്പെട്ട് വായിക്കാന്‍ ശ്രമിച്ചു പരാജയപ്പെടുകയും ചെയ്തെങ്കിലും ഒരു കാര്യം ഉറപ്പാണ്, നൂറോ ഇരുന്നൂറോ കൊല്ലം കഴിയുമ്പോഴും ആരെങ്കിലുമൊക്കെ ഈ പുസ്തകവും വായിച്ചു ലോകത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ ഇരിക്കുന്നുണ്ടാകും.

മമ്മൂട്ടിക്കും മോഹന്‍ലാലിനും അതറിയാം. അവര്‍ക്കിനി സൂപ്പര്‍ഹിറ്റുകളുടെ ആവശ്യമില്ല. ഇനിയങ്ങോട്ട് ഒരു സൂപ്പര്‍ഹിറ്റ് പോലുമില്ലെങ്കിലും അവരുടെ സൂപ്പര്‍ താരപദവി ആരും ചോദ്യം ചെയ്യാന്‍ പോകുന്നില്ല. നൂറു കോടി ക്ലബ്ബില്‍ ഒരു പ്രാവശ്യം കൂടിയെത്തിയിട്ട് അവര്‍ക്കൊന്നും ചെയ്യാനില്ല. തങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ കുറച്ചു കോടികള്‍ കൂടി കൂടിയത് കൊണ്ട് അവരുടെ ജീവിത്തത്തില്‍ ഒരു മാറ്റവും വരാനില്ല.

രണ്ടോ മൂന്നോ അവാര്‍ഡുകളോ പത്മശ്രീയോ പത്മഭൂഷണോ കിട്ടുന്നുണ്ടോ എന്ന് അവര്‍ ചിന്തിക്കുന്നു പോലും ഉണ്ടാകില്ല. അവര്‍ക്ക് വേണ്ടത് ഇ.എം.എസ് പറഞ്ഞതാണ് – ചരിത്രത്തിലെ സ്ഥാനം. മമ്മൂട്ടിയുടെ ആരാധകര്‍ക്കതറിയാം, മോഹന്‍ലാലിന്റെ ആരാധകര്‍ക്കതറിയില്ല. അതാണീ കോലാഹലങ്ങള്‍ക്കൊക്കെ കാരണം.

മമ്മൂട്ടിയുടെ ആരാധകരും മോഹന്‍ലാലിന്റെ ആരാധകരും തമ്മില്‍ പണ്ടേ ഒരു വ്യത്യാസമുണ്ട്. തകര്‍ന്നു പോയ ഫ്യൂഡല്‍ തറവാടുകളിലെ നഷ്ടപ്പെട്ടത് മുഴുവന്‍ തിരിച്ചു പിടിക്കുന്ന മംഗലശ്ശേരി നീലകണ്ഠന്മാരെ തങ്ങളുടെ പ്രതിരൂപമായി കണ്ട ചെറുപ്പക്കാരായിരുന്നു മോഹന്‍ലാലിലിന്റെ കട്ട ഫാന്‍സ്. തകര്‍ന്നു പോയ, അല്ലെങ്കില്‍ തലമുറകള്‍ കഴിയുമ്പോള്‍ ഭൂസ്വത്ത് വീതം വച്ച് പാപ്പരായി പോയ തറവാടുകളിലെ പിന്മുറക്കാരായ, കാര്യമായ ജോലിയും വരുമാനവുമില്ലാതെ പി.എസ്.സി ടെസ്റ്റ് എഴുതി നടക്കുന്ന ചെറുപ്പക്കാര്‍ കേരളം നിറയെ ഉണ്ടായിരുന്നു ഒരു കാലത്ത്.

തങ്ങള്‍ക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചെടുത്ത് കുറെ കൂട്ടുകാരെയും സുന്ദരിയായ ഒരു കാമുകിയെയും നേടിയെടുത്തി ഉത്സവത്തിന് കൊടിയേറ്റുന്ന മോഹന്‍ലാലിനെ സ്വന്തം പ്രതിഫലനമായി അവര്‍ കരുതി. മറിച്ചു, മമ്മൂട്ടിയുടെ ആരാധകര്‍ മമ്മൂട്ടിയെ ഒരിക്കലും തങ്ങളിലൊരാളായി കണ്ടില്ല. വളരെ ദൂരെ, തങ്ങളിലൊരാളല്ലാത്ത, എന്നാല്‍ തങ്ങള്‍ ഇഷ്ടപെടുന്ന ഒരു നായകനായിരുന്നു ആരാധകര്‍ക്ക് മമ്മൂട്ടി.

അതുകൊണ്ട് തന്നെ മമ്മൂട്ടി ഏതു തരം സിനിമ ചെയ്താലും, ബോക്‌സ് ഓഫീസില്‍ പൊളിഞ്ഞാലും അവര്‍ക്കത് പ്രശ്‌നമല്ല. അതവരുടെ ജയമോ പരാജയമോ അല്ല. മോഹന്‍ലാല്‍ ഫാന്‍സ് അങ്ങനെയല്ല, അവര്‍ക്കിപ്പോഴും വേണ്ടത് നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കുന്ന മംഗലശ്ശേരി നീലകണ്ഠന്മാരെയാണ്, അതവരുടെ സ്വപ്നത്തിന്റെ ഭാഗമാണ്.

പുലര്‍ച്ചെ ആറു മണിക്ക് മോഹന്‍ലാല്‍ ആരാധകര്‍ തിയേറ്ററുകളില്‍ എത്തുന്നത് സിനിമ വിജയിപ്പിക്കാനോ ആസ്വദിക്കാനോ അല്ല, തങ്ങള്‍ക്ക് തന്നെ വിജയിക്കാനാണ്. ഈ ഫാന്‍സ് തന്നെ വിട്ടു പോകാത്തതാണ് മോഹന്‍ലാലിന്റെ ബാധ്യത. മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യുന്ന സംവിധായകരുടെയും ബാധ്യത അത് തന്നെ.

അതുകൊണ്ട്, മോഹന്‍ലാലും ആരാധകരും ചെയ്യേണ്ട ഓരോ കാര്യങ്ങളുണ്ട്. ആരാധകര്‍ ചെയ്യേണ്ടത് ഇത്രയേയുള്ളൂ. ഇനി മംഗലശ്ശേരി നീലകണ്ഠന്മാര്‍ ഉണ്ടാകില്ല എന്ന് സ്വയം ഉറപ്പിക്കുക. മോഹന്‍ലാലിന് പ്രായമായത് കൊണ്ടല്ല, അദ്ദേഹത്തെ പോലെയുള്ള ഒരു മഹാപ്രതിഭക്ക് പ്രായം ഒരു പ്രശ്‌നമല്ല. ഭൂമി തിരിച്ചു പിടിക്കേണ്ടതും ഉത്സവം നടത്തേണ്ടതുമായ ഒരു സാമൂഹികാവസ്ഥ ഇപ്പോള്‍ നാട്ടിലില്ല, ഒരു ലോണെടുത്ത് ഫ്‌ളാറ്റ് വാങ്ങി എങ്ങനെയെങ്കിലും ഇ.എം.ഐ അടച്ചു തീര്‍ക്കണമെന്ന ലളിതമായ സ്വപ്നമേ ചെറുപ്പക്കാര്‍ക്കുള്ളു.

പുലിമുരുകന്‍മാര്‍ക്കൊക്കെ വളരെ ചെറിയ എക്‌സ്പയറി ഡേറ്റെ ഉള്ളൂ. അതൊന്നും ചെയ്യാന്‍ മോഹന്‍ലാലിനും ആഗ്രഹമുണ്ടാകില്ല. ഇനി പരമാവധി പ്രതീക്ഷിക്കാനുള്ളത് ദൃശ്യവും നേരുമൊക്കെയാണ്. അതിന് പുലര്‍ച്ചെ ആറു മണിയുടെ ഷോ കാണേണ്ട ഒരാവശ്യവുമില്ല. അല്ലെങ്കില്‍ തന്നെ പുലര്‍ക്കാലത്ത് സുഖമായി കിടന്നുറങ്ങുന്നതിനേക്കാള്‍ സന്തോഷം വേറെന്തുണ്ട്. ചുരുക്കി പറഞ്ഞാല്‍ മമ്മൂട്ടി ആരാധകര്‍ എങ്ങനെയാണോ പെരുമാറുന്നത് അതെ പോലെ പെരുമാറുക.

മോഹന്‍ലാല്‍ ചെയ്യേണ്ടത് ഇത്രയേയുള്ളൂ. ബി ഉണ്ണികൃഷ്ണന്‍ ടൈപ്പ് സിനിമയാണെങ്കില്‍ മാത്രം പുലര്‍ച്ചെ ആറു മണിക്ക് റിലീസ് ചെയ്യുക. ജിയോ ബേബിയേയും ലിജോ ജോസ് പെല്ലിശ്ശേരിയെമൊക്കെ അവരുടെ പാട്ടിന് അവര്‍ക്കിഷ്ടമുള്ളത് പോലെ സിനിമ ചെയ്യാന്‍ വിടുക, അവര്‍ പറയുന്നത് പോലെ അഭിനയിക്കുക.

തിയേറ്റര്‍ കുലുക്കുന്ന എന്‍ട്രിയും മാസ്സ് ഡയലോഗും ഒന്നും അവര്‍ കൂട്ടിയാല്‍ കൂടില്ല. ആരാധകര്‍ക്ക് വേണ്ടി അവരെ അതിനൊന്നും നിര്‍ബന്ധിക്കാതിരിക്കുക. രാവിലെ ആറു മണിക്ക് പടം റിലീസ് ചെയ്യാന്‍ തിയേറ്ററുകാരെ നിര്‍ബന്ധിക്കാതിരിക്കുക. സര്‍വോപരി ആരാധകരോട് വ്യക്തമായി പറയുക – നോട്ട് യുവര്‍ കപ്പ് ഓഫ് ടീ .

(ഇതെഴുതി കഴിഞ്ഞപ്പോഴാണ് ലിജോ പെല്ലിശ്ശേരിയുടെ പത്രസമ്മേളനം കണ്ടത്. അതിലദ്ദേഹം ‘നോട്ട് മൈ കപ്പ് ഓഫ് ടീ’ എന്നതിനെ ബുദ്ധിയുള്ളവരും ഇല്ലാത്തവരും എന്ന രീതിയില്‍ വിശദീകരിക്കുന്നു. ചിലത് ചിലര്‍ക്ക് ഇഷ്ടപെടും, ചിലത് ഇഷ്ടപ്പെടില്ല, രണ്ടുകൂട്ടരേയും ബഹുമാനിക്കുന്നു, എന്ന വളരെ ജനാധിപത്യപരായ ആശയത്തെ വികലമായി വിശദീകരിക്കുകയാണ് അദ്ദേഹം ചെയ്തത് എന്ന് പറയാതെ വയ്യ)

Content highlight: Farooq writes about Mohanlal and Malaikkottai Valiban

ഫാറൂഖ്

ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ

We use cookies to give you the best possible experience. Learn more