| Thursday, 19th November 2020, 8:09 pm

കെ-ഫോണ്‍ മുടക്കരുത് ; നമ്മുടെ മക്കളെ കരുതി

ഫാറൂഖ്

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് ഡാറ്റ ഉപയോഗിക്കപ്പെടുന്നത് എന്തിനാണെന്ന് ചോദിച്ചാല്‍ മിക്കവരും കൃത്യമായി തന്നെ മറുപടി പറയും. അശ്ളീല വീഡിയോ എന്ന് മലയാളത്തില്‍ പറയുന്ന പോണ്‍. അശ്ലീലം എന്നത് പോണ്‍ എന്ന ഇംഗ്ലീഷ് വാക്കിന്റെ കൃത്യമായ വിവര്‍ത്തനമല്ല. പോണ്‍ ശ്ലീലമോ അശ്ലീലമോ ആകാം, ഏതായാലും അതല്ല നമ്മുടെ വിഷയം.

ഏകദേശം പകുതി ഡാറ്റ പോണ്‍ എടുക്കും. അത് കഴിഞ്ഞാല്‍ പൈറേറ്റഡ് സിനിമകള്‍, പിന്നെ യൂട്യൂബ്, അതും കഴിഞ്ഞാല്‍ ഫേസ്ബുക്. ഗെയിം സൈറ്റുകളും വാര്‍ത്താ പോര്‍ട്ടലുകളും കല്യാണ ബ്രോക്കര്‍ സൈറ്റുകളുമൊക്കെ പിന്നാലെ വരും. ഏറ്റവും അവസാനം വരുന്നതാണ് എഡ്യൂക്കേഷന്‍ എന്ന വിഭാഗം, പ്രധാനമായും വിക്കിപീഡിയ, ഖാന്‍ അക്കാദമി, ലൈബ്രറികള്‍, എഡ്എക്‌സ് തുടങ്ങിയവ. അടുത്ത കാലത്തായി നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം തുടങ്ങിയ സ്ട്രീമിംഗ് സൈറ്റുകളും പ്രചാരത്തിലായിട്ടുണ്ട്.

ഇപ്പറഞ്ഞ ഡാറ്റയൊക്കെ എവിടെ നിന്നാണ് വരുന്നത്. ഇന്റര്‍നെറ്റ് എന്ന സംവിധാനത്തിന്റെ രീതി അനുസരിച്ച് ഏതു രാജ്യത്തും സെര്‍വര്‍ വയ്ക്കാം, അതില്‍ എന്ത് ഡാറ്റ വേണമെങ്കിലും നിറക്കാം, എവിടെ നിന്നും ആര്‍ക്കും ആ ഡാറ്റ എടുക്കാം. ഇതിനൊക്കെ അപവാദങ്ങളുണ്ട്, പരമാവധി ലളിതമാക്കി പറയുന്നതാണ്, വിദഗ്ദ്ധന്മാര്‍ ക്ഷമിക്കണം.

മിക്കവാറും സെര്‍വറുകള്‍ അമേരിക്കയിലാണ്, സ്വാഭാവികമായും ഡാറ്റയും. ആ നിലക്ക് നമ്മുടെ ഫോണിലേക്കും കംപ്യൂട്ടറിലേക്കും ഡാറ്റ മിക്കവാറും അമേരിക്കയില്‍ നിന്നാണ് വരുന്നത്. പല കമ്പനികളും കടലിനടിയിലൂടെ കേബിള്‍ വലിച്ചു രാജ്യങ്ങള്‍ തമ്മില്‍ ബന്ധിപ്പിച്ചിട്ടുണ്ട്. ആ കേബിളിലൂടെയാണ് അമേരിക്കയില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും ഇങ്ങോട്ട് ഡാറ്റ വരുന്നത്.

അങ്ങനെ കേബിള്‍ വലിച്ചവരില്‍ ഒരുപാട് ബഹുരാഷ്ട്ര കമ്പനികളുണ്ട്, നാടന്‍ കമ്പനികളുമുണ്ട്, സര്‍ക്കാരുകളുമുണ്ട്. നമ്മള്‍ ബി.എസ്.എന്‍.എലിനോ ഐഡിയക്കോ ഡാറ്റക്ക് പണം കൊടുക്കുമ്പോള്‍ അതില്‍ ഒരു വിഹിതം അവര്‍ കടലിനടിയിലൂടെ കേബിള്‍ വലിച്ച കമ്പനികള്‍ക്ക് കൊടുക്കും.

കേരള സര്‍ക്കാര്‍ കെ-ഫോണ്‍ തുടങ്ങിയെന്നും നമ്മളെല്ലാം കാര്യമായി ഡാറ്റ ഉപയോഗിക്കാന്‍ തുടങ്ങിയെന്നും വയ്ക്കുക. കടലിനടിയിലൂടെ കേബിള്‍ വലിച്ച കമ്പനികള്‍ക്ക് ആര് കാശ് കൊടുക്കും. ഒന്നുകില്‍ നമ്മള്‍, അല്ലെങ്കില്‍ സര്‍ക്കാര്‍. സര്‍ക്കാര്‍ എന്നാല്‍ വീണ്ടും നമ്മള്‍. അത് കൊണ്ട് കെ-ഫോണ്‍ വഴി നാട്ടുകാര്‍ക്ക് ഒരു ഗുണവും ഉണ്ടാകില്ല എന്നാണ് കോണ്‍ഗ്രസ്സുകാരും ബി.ജെ.പിക്കാരും വാട്‌സാപ്പിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്നത്. സത്യമാണോ – അല്ല.

കാഷിങ് ( caching ) എന്ന വാക്കിനെ നമ്മള്‍ പരിചയപ്പെടേണ്ടത് ഈ അവസരത്തിലാണ്. സാധാരണ ഗതിയില്‍ നിങ്ങള്‍ നിങ്ങള്‍ ഇന്റര്‍നെറ്റില്‍ ഒരു സിനിമ തപ്പിപ്പിടിച്ചു കാണാനിരിക്കുകയാണെന്ന് വയ്ക്കുക. ആ സിനിമ ഒരു ജിബി ആണെങ്കില്‍ ആ ഒരു ജിബി ഡാറ്റ അമേരിക്കയിലെ ഒരു സെര്‍വറില്‍ നിന്നാണ് വരിക. ആ ഒരു ജിബി യുടെ പണം നമ്മള്‍ ജിയോക്ക് കൊടുക്കും, അതില്‍ ഒരു പങ്ക് അവര്‍ കടലിനടിയിലൂടെ കേബിള്‍ ഇട്ടവര്‍ക്ക് കൊടുക്കും.

എന്നാല്‍ ഒരുപാടാളുകള്‍ക്ക് കാണാനുള്ളതായതു കൊണ്ട് നമുക്ക് ഇന്റര്‍നെറ്റ് തരുന്ന ജിയോ ആ ഒരു ജിബി അവരുടെ മുംബൈയിലുള്ള സെര്‍വറില്‍ ആദ്യമേ കൊണ്ട് വച്ചിരുന്നു എന്ന് വയ്ക്കുക, പിന്നെ നമ്മള്‍ കൊടുക്കുന്ന പണത്തിന്റെ വിഹിതം അവര്‍ കടല്‍-കേബിള്‍ കാര്‍ക്ക് കൊടുക്കണ്ട, മൊത്തം പണം അവരുടെ പോക്കറ്റില്‍. ഇങ്ങനെ ഇന്റര്‍നെറ്റ് ഫയലുകള്‍ നമ്മുടെ സ്വന്തം ഡാറ്റ സെന്ററില്‍ കൊണ്ട് വന്നു വെക്കുന്നതിന്റെ സാങ്കേതിക പദമാണ് കാഷിംഗ്.

ഇവിടെ ഒരു പ്രശ്‌നമുണ്ട്. മിക്കവാറും സൈറ്റുകള്‍ ലാഭം ഉദ്ദേശിച്ചു കൊണ്ടുള്ളതാണ്. അവരുടെ സൈറ്റ് നമ്മള്‍ സന്ദര്‍ശിക്കുമ്പോഴേ അവര്‍ക്ക് കാര്യമുള്ളൂ. അത് കൊണ്ട് ലാഭമുണ്ടാക്കാനുദ്ദേശിച്ചു കൊണ്ടുള്ള സൈറ്റുകള്‍ ഇങ്ങനെ ലോക്കല്‍ കാഷെ അനുവദിക്കില്ല. അല്ലെങ്കില്‍ ലാഭം പങ്കിടാനുള്ള പ്രത്യക കോണ്‍ട്രാക്ടുകള്‍ വേണ്ടി വരും. പക്ഷെ, ഒരു വിധം എഡ്യൂക്കേഷന്‍ സൈറ്റുകളൊക്കെ ലാഭം ഉദ്ദേശിച്ചു കൊണ്ടുള്ളതല്ല. അവരൊക്കെ ലോക്കല്‍ കാഷിംഗ് അനുവദിക്കും.

കെ-ഫോണിലേക്ക് വരാം. കെ-ഫോണിന് കൊച്ചിയിലും കോഴിക്കോട്ടും തിരുവന്തപുരത്തുമൊക്കെ ഡാറ്റ സെന്റര്‍ തുടങ്ങാം. സ്റ്റോറേജുകളും സെര്‍വറുകളുമൊക്കെ അനുദിനം വിലകുറഞ്ഞു കൊണ്ടിരിക്കുന്ന സാധനങ്ങളാണ്. ലോകത്തിലെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്ന ഖാന്‍-അക്കാദമിയുടെ മുഴുവന്‍ വിഡിയോകളും കൊച്ചിയില്‍ ഹോസ്റ്റ് ചെയ്യാന്‍ നാലോ അഞ്ചോ ലക്ഷം രൂപ വിലയുള്ള തരക്കേടില്ലാത്ത ഒരു സെര്‍വര്‍ മതി. എന്ന് പറഞ്ഞാല്‍ കെ-ഫോണ്‍ കേബിള്‍ വീട്ടിലുള്ള ഏതൊരു വിദ്യാര്‍ത്ഥിക്കും ഖാന്‍-അക്കാദമി വീഡിയോ കിട്ടാന്‍ ഒരു രൂപയും ചിലവാക്കണ്ട, ഒരു കമ്പനിക്കും അഞ്ചു പൈസ ആരും കൊടുക്കേണ്ട. നമ്മുടെ കേബിള്‍, നമ്മുടെ സെര്‍വര്‍, നമ്മുടെ ഡാറ്റ, നമ്മുടെ ഇഷ്ടം.

മാത്രമല്ല, ഇത്തരം കമ്പനികളൊക്കെ ഭാഷ വിവര്‍ത്തനവും അനുവദിക്കുന്നുണ്ട്. എന്ന് പറഞ്ഞാല്‍ ഖാന്‍ അക്കാദമിയുടെ ഇംഗ്ലീഷിലുള്ള വിഡിയോകള്‍ മലയാളത്തിലാക്കി കെ-ഫോണിന്റെ കൊച്ചിയിലുള്ള സെര്‍വറില്‍ ഇട്ട് നമ്മുടെ കുട്ടികള്‍ക്ക് പഠിക്കാന്‍ അവര്‍ക്ക് റോയല്‍റ്റി കൊടുക്കേണ്ട. അല്ലു അര്‍ജുന്റെ തട്ട് പൊളിപ്പന്‍ തെലുങ്ക് പടം മലയാളത്തിലേക്ക് ഡബ്ബ് ചെയ്യുന്ന കൊച്ചിയിലെ മിമിക്രിക്കാര്‍ക്ക് കോണ്‍ട്രാക്ട് കൊടുത്താല്‍ ഖാന്‍ അക്കാദമിയുടെ പതിനായിരം വീഡിയോ ആറ് മാസം കൊണ്ട് മലയാളത്തിലാക്കി തരും. സൗദാമിനി ടീച്ചര്‍ തലകുത്തി നിന്ന് പഠിപ്പിച്ചിട്ടും നമുക്ക് മനസ്സിലാകാത്ത ലസാഗുവും ഉസാഗയുമൊക്കെ നമ്മുടെ കുട്ടികള്‍ ഇത്തരം വിഡിയോ കണ്ട് അഞ്ചു മിനിറ്റ് കൊണ്ട് മനസ്സിലാക്കും. നമ്മുടെ സ്വന്തം സിലബസും സ്‌കൂള്‍ ക്ലാസ്സുകളും കോളേജ് ലക്ച്ചറുകളും വിക്ടറി ചാനലുമൊക്കെ ഇതേ പോലെ സൗജന്യമായി ഇന്റര്‍നെറ്റിലൂടെ ലഭ്യമാക്കാം.

പരിചയമുള്ള സൈറ്റ് ആയതു കൊണ്ട് ഖാന്‍ അക്കാദമിയുടെ കാര്യം പറഞ്ഞു എന്നേയുള്ളൂ. അത് പോലെ നിരവധി വീഡിയോ സൈറ്റുകളുണ്ട് . വിക്കി പീഡിയ പോലെയുള്ള വിവര ശേഖരണ സൈറ്റുകള്‍, ലൈബ്രറികള്‍, റോയല്‍റ്റി വേണ്ടാത്ത പുസ്തകങ്ങളും സിനിമകളും ഡോക്യൂമെന്ററികളും, ഗവേഷണ പ്രബന്ധങ്ങള്‍, മെഡിക്കല്‍ എഞ്ചിനീയറിംഗ് പുസ്തകങ്ങള്‍, പ്രോഗ്രാമിങ് പഠന സൈറ്റുകള്‍, ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്വെയര്‍, എല്ലാം നമുക്ക് കൊച്ചിയിലോ കോഴിക്കോട്ടോ കാഷെ ചെയ്യാം. അത് വഴി ആവശ്യമുള്ളവര്‍ക്കെല്ലാം സൗജന്യമായി നല്‍കാം. നമുക്കും ചിലവില്ല സര്‍ക്കാരിനും ചിലവില്ല.

ഇത് മാത്രമല്ല, ഇപ്പോള്‍ നമ്മള്‍ ഉപയോഗിക്കുന്ന സൂം പോലെയുള്ള കോണ്‍ഫെറെന്‍സിങ് ആപ്പുകള്‍ നമ്മുടെ തന്നെ സെര്‍വറുകളില്‍ ഹോസ്റ്റ് ചെയ്യാം. ഇപ്പോള്‍ തന്നെ പല ഇന്ത്യന്‍ കമ്പനികളും ഇത്തരം ആപ്പുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കെ-ഫോണിന്റെ സെര്‍വറുകളിലാണ് ഈ ആപ്പുകള്‍ ഹോസ്റ്റ് ചെയ്യുന്നതെങ്കില്‍ നമ്മുടെ സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കുമൊക്കെ ഈ ആപ്പുകള്‍ സൗജന്യമായി കൊടുക്കാം. സര്‍ക്കാര്‍ ഫയലുകളും മറ്റും കെ-ഫോണിന്റെ ഡാറ്റ സെന്ററുകളിലേക്ക് മാറ്റുകയോ, നിലവിലുള്ള സെര്‍വറുകള്‍ കെ-ഫോണ്‍ കേബിളുമായി ബന്ധിപ്പിക്കുകയോ ചെയ്താല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് കൊടുക്കുന്ന ഡാറ്റ ചാര്‍ജ് പൂജ്യമായി മാറും. നെറ്റ്ഫ്‌ലിക്‌സ് പോലുള്ള സ്ട്രീമിങ് സൈറ്റുകളുമായും കെ-ഫോണിന് ലോക്കല്‍ ഹോസ്റ്റിംഗിന് കരാറുകളില്‍ എത്താന്‍ കഴിയും, അവരുടെ വരുമാനം മാസവരി ആയതു കൊണ്ട് അവര്‍ സമ്മതിക്കും.

ഇനി നമ്മള്‍ തുടക്കത്തില്‍ പറഞ്ഞ വിഭാഗങ്ങളില്‍ ഏതു വിഭാഗങ്ങളാണ് കടല്‍-കേബിള്‍കാര്‍ക്ക് വാടക കൊടുത്തു വാങ്ങേണ്ടത് എന്ന് നോക്കാം. അശ്ലീലമോ ശ്ലീലമോ ആയ പോണ്‍ വിഡിയോകള്‍, വ്യാജ സിനിമകള്‍, ഗെയിമുകള്‍, ഗ്യാംബ്ലിങ് സൈറ്റുകള്‍, ഫേസ്ബുക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയവയാണ് നമുക്ക് കൊച്ചിയിലോ കോഴിക്കോടോ ഹോസ്റ്റ് ചെയ്യാന്‍ കഴിയാതെ വരിക. ഇപ്പറഞ്ഞ വിഭാഗങ്ങളില്‍ ഒന്ന് പോലും സര്‍ക്കാര്‍ കുറഞ്ഞ നിരക്കിലോ സൗജന്യമോ ആയി ആര്‍ക്കും കൊടുക്കേണ്ടതില്ല. ഇതൊക്കെ അമിതമായി ഉപയോഗിക്കുന്നവര്‍ നാട്ടിനോ നാട്ടുകാര്‍ക്കോ ഒരുപകാരവും ഇല്ലാത്തവരായി വളരും. ഇവയുടെ ഉപയോഗം നിരുല്‍ഹസപ്പെടുത്താന്‍ വേണ്ടി ഈ വിഭാഗത്തിലുള്ള ഡാറ്റ ഉപയോഗത്തിന് അധിക ചാര്‍ജ് വാങ്ങുന്നതിലും തെറ്റില്ല, മദ്യത്തിന് കൂടുതല്‍ ടാക്‌സ് ഏര്‍പ്പെടുത്തുന്നത് പോലെ പോണ്‍ ടാക്‌സ് ഏര്‍പെടുത്താം.

നെറ്റ് ന്യൂട്രാലിറ്റിക്ക് വേണ്ടിയുള്ള നിയമം ഇങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലുള്ള ഡാറ്റക്ക് വ്യത്യസ്ത നിരക്ക് വാങ്ങുന്നത് വിലക്കുന്നുണ്ട്. പോണ്‍ ഡാറ്റക്കും വിക്കിപീഡിയക്കും ഒരേ ചാര്‍ജ് വാങ്ങണമെന്ന് ഇന്റര്‍നെറ്റ് ദാതാക്കളോട് നിഷ്‌കര്‍ഷിക്കുന്നതാണ് നെറ്റ് ന്യൂട്രാലിറ്റി നിയമം. ഇത് ഇന്ത്യയെ പോലെയുള്ള ദരിദ്ര രാഷ്ട്രങ്ങളിലെ പാവപ്പെട്ട കുട്ടികളെ ഉപദ്രവിക്കാനുള്ള നിയമമാണെന്നും ഫലത്തില്‍ പോണ്‍ കാണുന്നവര്‍ക്കുള്ള സബ്സിഡി ആണെന്നും ഇതിനു മുമ്പേ ചൂണ്ടി കാട്ടപ്പെട്ടിട്ടുണ്ട്. ദല്‍ഹിയിലെയും മുംബെയിലെയും പ്രിവിലേജ്ഡ് ആയ കുറെ പേര്‍ സമരം നയിച്ചതാണ് ഈ നിയമം കൊണ്ടുവരാന്‍ എന്‍.ഡി.എ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. സംസ്ഥാന തലത്തില്‍ ഈ നിയമത്തെ നിര്‍വീര്യമാക്കുന്ന മറു-നിയമം കൊണ്ട് വരേണ്ടതായി വരും, അല്ലെങ്കില്‍ മറ്റു രീതിയില്‍ മറികടക്കേണ്ടി വരും, ഇച്ഛാശക്തിയുള്ള സര്‍ക്കാരുകള്‍ക്ക് അത് പ്രയാസകരമാവില്ല.

മലയോര പ്രദേശങ്ങള്‍, ആദിവാസി ഗ്രാമങ്ങള്‍, വിദൂര ദേശങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് അംബാനി ഇന്റര്‍നെറ്റ് കേബിള്‍ വലിക്കില്ല. കാരണം ഒട്ടേറെ പേര്‍ വരിക്കാറായില്ലെങ്കില്‍ കേബിള്‍ ഇടാന്‍ ചിലവാക്കിയ പണം തിരിച്ചു പിടിക്കാനാകില്ല. പലയിടങ്ങളിലേക്കും ബസ് സര്‍വീസ് നടത്താന്‍ ഇപ്പോഴും കെ.എസ്.ആര്‍.ടി.സി മാത്രമേ ഉള്ളൂ എന്നറിയണം. അത്തരം ഇടങ്ങളില്‍ ഇന്റര്‍നെറ്റ് കൊടുക്കാനുള്ള ബാധ്യത ബി.എസ്.എന്‍.എലിനായിരുന്നു. അത് അംബാനിയുടെ നേതൃത്വത്തില്‍ പൂട്ടിക്കെട്ടിയിട്ടുണ്ട്. ആ നിലക്ക് ഇത്തരം പ്രദേശങ്ങളില്‍ ജീവിക്കുന്ന കുട്ടികള്‍ക്ക് ഇനി ഇന്റര്‍നെറ്റ് ഉണ്ടാകില്ല. ഇന്റര്‍നെറ്റ് ഇല്ല എന്നാല്‍ ഇക്കാലത്തു വിദ്യാഭാസത്തിന് അവസരമില്ല എന്നാണര്‍ത്ഥം. കൊവിഡ് കഴിഞ്ഞാലും ഇന്റര്‍നെറ്റ് ഇല്ലാത്ത പഠനം അസാധ്യമായി തന്നെ തുടരും.

ലോകം കാത്തിരിക്കുന്ന ഒരു വിപ്ലവമാണ് കെ-ഫോണ്‍ പദ്ധതി. വിദ്യാര്‍ത്ഥികള്‍ക്ക്, സര്‍ക്കാര്‍ സേവനങ്ങള്‍ക്ക്, ആശുപത്രികള്‍ക്ക്, ഗവേഷകര്‍ക്കൊക്കെ പൂര്‍ണ സൗജന്യമായി ഇന്റര്‍നെറ്റ് ഡാറ്റ കൊടുക്കുകയും അതിന്മേല്‍ സര്‍ക്കാരിനോ ജനങ്ങള്‍ക്കോ ബാധ്യതകള്‍ ഒന്നും ഇല്ലാതിരിക്കുകയും ചെയ്യുന്ന, ലോകം ഇത് വരെ ചിന്തിക്കാത്ത പദ്ധതി. വിദ്യാഭ്യാസത്തിന്റെ മാത്രം കാര്യമെടുത്താല്‍ ജോസഫ് മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബില്ലിന് ശേഷം കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് നടക്കാന്‍ പോകുന്ന ഏറ്റവും വലിയ വിപ്ലവം.

അത് കൊണ്ട് തന്നെയാണ് കെ-ഫോണ്‍ മുടക്കാനുള്ള ശ്രമങ്ങളും മറുവശത്തു ഊര്‍ജ്ജിതമാകുന്നത് .

അംബാനിയുടെ ജിയോ എങ്ങനെയാണ് വന്നതെന്നും, എങ്ങനെയാണ് ഇന്ത്യയുടെ ടെലികോം രംഗം മറ്റൊരു രാജ്യത്തുമില്ലാത്ത വിധം ഒരൊറ്റ കമ്പനിയുടെ മോണോപോളിയിലേക്ക് നീങ്ങുന്നതെന്നും ഡൂള്‍ ന്യൂസില്‍ ഇതിന് മുമ്പ് വിശദീകരിച്ചിട്ടുണ്ട്. ( https://www.doolnews.com/farooq-opinion-on-bnsl-and-economic-crisis880.html ) . അംബാനിയുടെ ഇന്‍വെസ്റ്റ്‌മെന്റ് ദീര്‍ഘകാലത്തേക്കുള്ളതാണ്. ഇന്ത്യയിലെ ഓരോ ഫോണ്‍ കോളും ഓരോ ബൈറ്റ് ഡാറ്റയും തന്റെ നെറ്റ്വര്‍ക്കിലൂടെ പോകണമെന്നും അതിന്റെ വില താന്‍ നിശ്ചയിക്കുന്നതാകണമെന്നുമുള്ള വാശിയിലാണ് അംബാനി. അതിനെതിരെയുള്ള ഏതു നീക്കത്തിനും ശക്തമായ തിരിച്ചടി ഉണ്ടാകും.

ബി.എസ്.എന്‍.എല്‍ നശിപ്പിച്ചത് അതിന്റെ ഭാഗമായിട്ടാണ്, മറ്റു കമ്പനികളെ നശിപ്പിക്കുന്നത് എങ്ങനെയാണെന്ന് നേരത്തെ പറഞ്ഞ ലേഖനത്തില്‍ വിശദീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ കെ-ഫോണ്‍ പദ്ധതി വിജയിക്കുകയും ലോകം ശ്രദ്ധിക്കുന്ന ഒരു പ്രസ്ഥാനമായി അത് മാറുകയും ചെയ്യുമ്പോള്‍ മറ്റു സംസ്ഥാനങ്ങള്‍ അത് അനുകരിക്കും. പ്രത്യേകിച്ച് ആദിവാസി ദളിത് ജില്ലകള്‍ ഒരു പാടുള്ള ജാര്‍ഖണ്ഡ്, ഉത്തര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളും ദാരിദ്ര്യത്തിന്റെ പടുകുഴിയിലുള്ള ഒറീസ്സ, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളും. തമിഴ്‌നാട്, തെലുങ്കാന പോലെ സാമൂഹ്യ സുരക്ഷിതത്വത്തിന് മുന്‍തൂക്കം നല്‍കുന്ന സംസ്ഥാനങ്ങള്‍ ഇതേ പദ്ധതി എപ്പോ നടപ്പാക്കി എന്ന് ചോദിച്ചാല്‍ മതി. ഇത് അംബാനിയുടെ സ്വപ്നങ്ങളെ തകര്‍ക്കും.

കേരളത്തിലെ പല രാഷ്ട്രീയ നേതാക്കളെയും അംബാനി വിലക്കെടുത്തിട്ടുണ്ടെന്ന ആരോപണം വിശ്വസിക്കാന്‍ നമുക്ക് മുമ്പില്‍ തെളിവുകളില്ല, പ്രത്യക്ഷത്തില്‍ ആരും കെ-ഫോണ്‍ പദ്ധതിയെ എതിര്‍ക്കുന്നതായും കണ്ടിട്ടില്ല. പക്ഷെ സിബിഐ യെ വിളിച്ചു വരുത്തി സ്വന്തം മണ്ഡലത്തിലെ 140 കുടുംബങ്ങളുടെ വീടെന്ന സ്വപ്നം ഇല്ലാതാക്കിയ അനില്‍ അക്കരെയുടെ വലിയ വേര്‍ഷന്‍ ആകുകകയാണ് പല സംസ്ഥാന നേതാക്കളും. അറിഞ്ഞായാലും അറിയാതെയായാലും അവര്‍ മുടക്കാന്‍ പോകുന്നത് വെറും 140 കുടുംബങ്ങളുടെ സ്വപ്നം മാത്രമല്ല, കേരളത്തിലെ മുഴുവന്‍ കുട്ടികളുടെയും വിദ്യാഭ്യാസത്തിനുള്ള അവകാശമാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: farooq writes about K-Fon Project opinion

ഫാറൂഖ്

ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ

We use cookies to give you the best possible experience. Learn more