സി.പി.ഐ.എമ്മിന്റെ ആര്‍.എസ്.എസ് വിധേയത്വം പുറത്തറിഞ്ഞാല്‍ അത് സി.പി.ഐ.എമ്മിനെ പ്രതികൂലമായി ബാധിക്കും എന്നാണ് നമ്മളൊക്കെ കരുതുന്നത്. പക്ഷെ അത് തന്നെയാണോ ഗോവിന്ദന്‍ മാഷ് നയിക്കുന്ന സി.പി.ഐ.എം നേതൃത്വവും കരുതുന്നത്.
അതല്ല, തങ്ങളും ബി.ജെ.പിയെ പോലെ തന്നെ ഒരു സംഘപരിവാര്‍ സംഘടനാനയെണെന്ന് പരമാവധി ബി.ജെ.പിയുടെ പൊട്ടന്‍ഷ്യല്‍ വോട്ടര്‍മാര്‍ വിചാരിച്ചോട്ടെ എന്നും, അവര്‍ ബി.ജെ.പിക്ക് പകരം സി.പി.ഐ.എമ്മിന് വോട്ട് ചെയ്യട്ടെ എന്നുമാണ് അവര്‍ ചിന്തിക്കുന്നതെങ്കിലോ?
ബംഗാളും ത്രിപുരയും കേരളത്തില്‍ ആവര്‍ത്തിക്കാതിക്കാതിരിനുള്ള അടവുനയമാണതെങ്കിലോ. ശരിക്കും ഗോവിന്ദന്‍ മാഷ് ബുദ്ധിജീവി ആണെങ്കിലോ?
ഫാറൂഖ് എഴുതുന്നു
ജനാധിപത്യം പക്വത പ്രാപിച്ച രാജ്യങ്ങളില്‍ രണ്ടു പാര്‍ട്ടികളോ മുന്നണികളോ ആണുണ്ടാവുക. ലിബറല്‍ എന്ന് വിളിക്കപ്പെടുന്ന ഒരു പാര്‍ട്ടി. കണ്‍സര്‍വെറ്റീവ് എന്ന് വിളിക്കപ്പെടുന്ന മറ്റൊരു പാര്‍ട്ടി.
ലിബറല്‍ പാര്‍ട്ടികളില്‍ പൊതുവെ പാവങ്ങള്‍, ന്യൂനപക്ഷങ്ങള്‍, കുടിയേറ്റക്കാര്‍ പുരോഗമന വാദികള്‍, എല്‍.ജി.ബി.ടി, വിദ്യാര്‍ഥികള്‍ ഒക്കെയാണുണ്ടാകുക. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ഭൂരിപക്ഷ മതം അല്ലെങ്കില്‍ വിഭാഗം, പണക്കാര്‍, യാഥാസ്ഥിതികര്‍, കുടിയേറ്റ വിരുദ്ധര്‍, പ്രായം ചെന്നവര്‍ തുടങ്ങിയവരും.
പൊതുവെ എന്ന വാക്ക് പ്രത്യേകം ശ്രദ്ധിക്കണം, ഇതിനപവാദം ഇഷ്ടംപോലെയുണ്ട്, രണ്ടു കൂട്ടരും രണ്ടിലും ചേരും. അമേരിക്കയില്‍ ഡെമോക്രറ്റിക് പാര്‍ട്ടി ലിബറല്‍ പാര്‍ട്ടിയായും റിപ്പബ്ലിക്കന്‍ പാര്‍ട്ടി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയായും പ്രവര്‍ത്തിക്കുന്നു, ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടിയും കണ്‍സെര്‍വേറ്റീവ് പാര്‍ട്ടിയുമാണ് യഥാക്രമം ആ റോളുകളില്‍.
മറ്റെല്ലാ രാജ്യത്തും ഇതേ പോലെ പാര്‍ട്ടികളുണ്ട്, ചില രാജ്യങ്ങളില്‍ സമാനമായ കുറെ പാര്‍ട്ടികളുടെ ഓരോ മുന്നണികളായിരിക്കും. അവരങ്ങനെ മാറി മാറി ഭരിക്കും, ഒരാള്‍ വലത്തോട്ട്, മറ്റെയാള്‍ ഇടത്തോട്ട്, മൊത്തത്തില്‍ രാജ്യം മുന്നോട്ട് പോകും. അതാണ് സെറ്റപ്പ്.
രണ്ടു കൂട്ടര്‍ക്കും ഇരുപത് ശതമാനത്തിനടുത്ത് ബേസ് ഉണ്ടാകും. ബേസ് എന്ന് പറഞ്ഞാല്‍ നമ്മുടെ ഭാഷയില്‍ ഉറച്ച വോട്ടുകള്‍. പിന്നെയൊരു അഞ്ചു മുതല്‍ പത്തു ശതമാനത്തിനടുത്ത് അനുഭാവികള്‍. അവര്‍ വിമര്‍ശിക്കുകയും വിയോജിക്കുകയുമൊക്കെ ചെയ്യും, പക്ഷെ വോട്ട് കറക്റ്റായി ചെയ്യും.
അത് കഴിഞ്ഞുള്ള അഞ്ചു മുതല്‍ പത്തു വരെ ശതമാനത്തിനടുത്തുള്ള വോട്ടിനു വേണ്ടിയാണ് മത്സരം. ഇത് പലവിധ കാരണങ്ങള്‍ കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും മാറുന്ന വോട്ടുകളാണ്. ഏകദേശം മുപ്പത്തഞ്ചു ശതമാനത്തിനടുത്ത് വോട്ടു കിട്ടുന്ന പാര്‍ട്ടിയോ മുന്നണിയോ ഭരിക്കും.
ഈയൊരു കണക്ക് വച്ച്, ഒരു പാര്‍ട്ടിയും തങ്ങളുടെ ബേസിനെ ഒരിക്കലും തള്ളിക്കളയില്ല, ബേസിന് ദോഷം വരുന്നതൊന്നും ചെയ്യുകയില്ല, ബേസിനെ വെറുപ്പിക്കുകയുമില്ല. അത് എന്തൊക്കെ പ്രശനം വന്നാലും.
ബേസ് ഉണ്ടായാല്‍ ബാക്കി എപ്പോഴായാലും ബില്‍ഡ് ചെയ്യാം എന്നതാണ് തിയറി. സാധാരണഗതിയില്‍ ഇവര്‍ അഞ്ചോ പത്തോ കൊല്ലം കൂടുമ്പോള്‍ മാറി മാറി ഭരിക്കും, ചിലപ്പോള്‍ പത്തോ ഇരുപതോ കൊല്ലം പ്രതിപക്ഷത്താകാനും മതി. അപ്പോഴെല്ലാം ഈ പാര്‍ട്ടികള്‍ ബേസിനെ താലോലിച്ചു കൂടെ നിര്‍ത്തും. സാഹചര്യം ഒത്തു വരുമ്പോള്‍ ബേസിന്റെ കൂടെ അനുഭാവികളെയും നിഷ്പക്ഷരെയും കൂട്ടി ജയിക്കാനുള്ള ശതമാനമാക്കും.
കേരളത്തിലും ഇങ്ങനെയൊക്കെയായിരുന്നു സ്ഥിതി. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഒരു മുന്നണി, സി.പി.ഐ.എം നേതൃത്വത്തില്‍ മറ്റൊന്ന്.
ഇതില്‍ ആദ്യത്തേതിനെ വലത് എന്നും രണ്ടാമത്തേതിനെ ഇടത് എന്നും വിളിച്ചു വന്നു. സത്യത്തില്‍ കോണ്‍ഗ്രസ് വലത് ആയതു കൊണ്ടല്ല, ആപേക്ഷികമായി സി.പി.ഐ.എമ്മിനേക്കാള്‍ വലത് ആയത് കൊണ്ടാണ്.
സി.പി.ഐ.എമ്മില്‍ ഉണ്ടായിരുന്നത് നേരത്തെ പറഞ്ഞത് പോലെ, പാവങ്ങള്‍, വിദ്യാര്‍ഥികള്‍, ദളിതര്‍, പിന്നോക്കക്കാര്‍ തുടങ്ങിയവരും കോണ്‍ഗ്രസില്‍ (മുന്നണിയില്‍) ഉണ്ടായിരുന്നത് പ്രധാനമായും സവര്‍ണരും പണക്കാരും പ്രമാണിമാരും ആയിരുന്നു. അതിന്റെ പ്രധാന കാരണം ഇ.എം.എസിന്റെ ഭൂപരിഷ്‌കരണ ബില്ലും അതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് മുന്നണി നടത്തിയ വിമോചന സമരവുമായിരുന്നു.
ജന്മിത്വത്തിനെതിരെ നടത്തിയ പോരാട്ടങ്ങളും അതിന്റെ അവസാനം ഭൂപരിഷ്‌കരണ ബില്ലും കൊണ്ട്, തങ്ങള്‍ക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം നല്‍കിയ പാര്‍ട്ടി എന്ന നിലയില്‍ ദളിത് പിന്നോക്കക്കാര്‍ തലമുറകളോളം കമ്മ്യൂണിസ്റ്റുകളോട് കടപ്പെട്ടവരായി.
മറിച്ച് ജന്മിത്വത്തെ പിന്തുണച്ചു, ഇ.എം.എസ് സര്‍ക്കാരിനെ വലിച്ചു താഴെയിട്ട വിമോചന സമരം നടത്തി എന്നതൊക്കെ കൊണ്ട് മുന്‍ ജന്മികളായ സവര്‍ണര്‍ കോണ്‍ഗ്രസിനെയും പൊതുവെ സ്വീകരിച്ചു. ഇതിലും പൊതുവെ എന്ന വാക്ക് ശ്രദ്ധിക്കണം. ഇതൊക്കെ പൊതുവെ ആണ്.
രണ്ടു കൂട്ടര്‍ക്കും ഇരുപത് ഇരുപത്തഞ്ചു ശതമാനത്തിന് മുകളില്‍ ബേസ് ഉണ്ട്, അഞ്ച് മുതല്‍ പത്ത് ശതമാനം വരെ അനുഭാവികളുണ്ട്. ഭരണവിരുദ്ധ വികാരം അടിച്ചു വീശുമ്പോള്‍ നിഷ്പക്ഷര്‍ ഇങ്ങോട്ടോ അങ്ങോട്ടോ വരും, അങ്ങനെ ഭരിക്കാനുള്ള സീറ്റ് കിട്ടും. അങ്ങനെ രണ്ടു കൂട്ടരും കേരളം മാറി മാറി ഭരിച്ചു.
തെറ്റൊന്നും പറയാനില്ല, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ കേരളം മിക്ക കാര്യത്തിലും ബഹുദൂരം മുന്നിലായി. പല സൂചികകളിലും ലോക നിലവാരത്തിലെത്തി. ചില കാര്യത്തില്‍ പിന്നോട്ടും പോയി, ഉദാഹരണത്തിന് വ്യാവസായികവത്ക്കരണത്തിലും തൊഴിലവസങ്ങള്‍ സൃഷ്ടിക്കുന്നതിലും. അതൊക്കെ പോട്ടെ, മൊത്തത്തില്‍ തരക്കേടില്ല എന്ന് പറയാം.
കാര്യങ്ങളെങ്ങനെ സ്മൂത്തായി നടന്നു കൊണ്ടിരിക്കുമ്പോള്‍ കഴിഞ്ഞ അഞ്ചു പത്തു വര്‍ഷത്തിനിടെ ചില മാറ്റങ്ങള്‍ നടന്നു, രണ്ടു കൂട്ടരുടെയും ബേസിലേക്ക് മറ്റേ കൂട്ടര്‍ ഇടിച്ചു കയറാന്‍ തുടങ്ങി.
ഇതിന് പ്രധാനമായും രണ്ടു കാരണങ്ങളാണ്. ഒന്ന് രാഹുല്‍ ഗാന്ധി. രണ്ട് സവര്‍ണ സംവരണം. വേറെയും കാരണങ്ങളുണ്ട്, പക്ഷെ പ്രധാനം ഇത് രണ്ടുമാണ്.
ആദ്യം രാഹുല്‍ ഗാന്ധി. ബേസ് ഇല്ലെങ്കില്‍ മൊത്തം പോയി എന്ന് നേരത്തെ പറഞ്ഞല്ലോ. അങ്ങനെ ബേസ് പോയ പാര്‍ട്ടിയാണ് ദേശിയ തലത്തില്‍ കോണ്‍ഗ്രസ്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ ബേസ് ആയിരുന്ന ന്യൂനപക്ഷങ്ങള്‍, ദളിതര്‍, പിന്നോക്കക്കാര്‍ തുടങ്ങിയവര്‍ പലവിധ കാരണങ്ങളാല്‍ കോണ്‍ഗ്രസിനെ കൈവിട്ട് പല പാര്‍ട്ടികളിലേക്ക് പോയി.
കോണ്‍ഗ്രസ് അവസാനിച്ചു എന്ന് രാജ്യം മൊത്തത്തില്‍ വിധിയെഴുതാന്‍ തുടങ്ങി. ഈ ഘട്ടത്തിലാണ് രാഹുല്‍ ഗാന്ധി ജാതി സെന്‍സസ്, ജനസംഖ്യക്കനുസരിച്ചുള്ള പ്രാധിനിത്യം തുടങ്ങിയ ആശയങ്ങളുമായി ചാടി വീഴുന്നത്. അത് കയറി കൊളുത്തി.
ദളിത് പിന്നോക്ക വിഭാഗങ്ങള്‍ വീണ്ടും കോണ്‍ഗ്രസിന്റെ ബേസ് ആകാന്‍ തുടങ്ങി. ഇപ്പോള്‍ രാഹുല്‍ ദളിത് പിന്നോക്ക പ്രാധിനിത്യം പറയാത്ത വേദികളില്ല. ബജറ്റ് ചര്‍ച്ചയില്‍ പോലും രാഹുല്‍ പ്രധാനമായി ഉയര്‍ത്തിയ ചോദ്യം ബഡ്ജറ്റ് തയ്യാറാക്കിയതിനു ശേഷം നടന്ന ഹല്‍വ തയ്യാറാക്കല്‍ ചടങ്ങില്‍ എത്ര ദളിത് പിന്നോക്കക്കാരുണ്ട് എന്നാണ്. ആരും ഉണ്ടായിരുന്നില്ല.
ന്യായ, ഘടാഘട് തുടങ്ങി പലവിധ നമ്പറുകളിലൂടെ പാവപ്പെട്ടവരെയും ലിബറല്‍ വീക്ഷണങ്ങളിലൂടെ ചെറുപ്പക്കാരെയും കോണ്‍ഗ്രസ് മെല്ലെ തങ്ങളിലേക്ക് അടുപ്പിക്കാന്‍ തുടങ്ങി. അതെ സമയം സമ്പന്ന സവര്‍ണ വിഭാഗങ്ങളെ വെറുപ്പിക്കാനും.
ചുരുക്കത്തില്‍ വലത് പാര്‍ട്ടിയായ കോണ്‍ഗ്രസ് ഇടതു പാര്‍ട്ടിയായി. സി.പി.ഐ.എമ്മിനേക്കാള്‍ ഇടതായി കോണ്‍ഗ്രസിന്റെ സ്ഥാനം.
ഏകദേശം ഇതേ സമയത്താണ് അയ്യഞ്ചു വര്‍ഷം കൂടുമ്പോഴുള്ള ഈ ഭരണമാറ്റം അവസാനിപ്പിച്ച് നമുക്ക് തുടര്‍ച്ചയായങ്ങ് ഭരിച്ചാലെന്താ എന്ന് സി.പി.ഐ.എമ്മിന് തോന്നി തുടങ്ങുന്നത്. അതിനായവര്‍ കോണ്‍ഗ്രസ് (മുന്നണിയുടെ) ബേസിലേക്ക് ഇടിച്ചു കയറാന്‍ തുടങ്ങി.
വിമോചനസമര കാലം മുതല്‍ കോണ്‍ഗ്രസില്‍ അടിയുറച്ചു നിന്ന സവര്‍ണ ക്രിസ്ത്യന്‍ വിഭാഗങ്ങളിലേക്ക് കടന്നു കയറാന്‍ വേണ്ടി കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ ഇങ്ങോട്ട് കൊണ്ടുവന്നാണ് ആ കളി തുടങ്ങുന്നത്.
കാന്തപുരത്തെ കൂടെക്കൂട്ടി, സമസ്തയുമായി സഹകരണത്തിന്റെ പാലമിട്ടു, ലീഗിനെ തന്നെ ഏതു സമയത്തു വേണമെങ്കിലും ഇങ്ങോട്ട് എടുക്കമെന്ന താത്വിക പരിസരം ഒരുക്കി. വ്യവസായികളെയും സമ്പന്നരെയും കൂടെ കൂട്ടാനും സി.പി.ഐ.എം നന്നായി പണിയെടുത്തു. അതിന്റെ ക്ലൈമാക്‌സിലാണ് സവര്‍ണ സംവരണം നടപ്പാക്കുന്നത്.
കേരളത്തിലെ മാധ്യമങ്ങളില്‍ ഏറ്റവും കുറച്ചും എന്നാല്‍ വീടുകളില്‍ ഏറ്റവും കൂടുതലും ചര്‍ച്ച ചെയ്യപ്പെടുന്ന നിയമ നിര്‍മാണം ഏതാണെന്ന് ചോദിച്ചാല്‍ ഒരുത്തരമേ ഉള്ളൂ – സവര്‍ണ സംവരണം.
ആരെങ്കിലും പി.എസ്.സിക്കോ നീറ്റിനോ എഞ്ചിനീയറിങ്ങിനോ നഴ്സിങ്ങിനോ മറ്റേതെങ്കിലും മത്സര പരീക്ഷകളോ തയ്യാറെടുക്കാത്ത ഒരു വീടും കേരളത്തിലുണ്ടാകില്ല. ഈ പരീക്ഷകളിലും നിയമനങ്ങളിലും ഇപ്പോള്‍ സംവരണം ഒരു കോമഡിയാണ്. പിന്നോക്ക ദളിത് കുട്ടികളെക്കാള്‍ മാര്‍ക്ക് കുറഞ്ഞ സവര്‍ണ വിദ്യാര്‍ഥികള്‍ക്കാണ് കൂടുതല്‍ സംവരണം.
ഓരോ കോളേജ് പ്രവേശനവും നിയമനവും കഴിയുമ്പോഴും സംവരണം അട്ടിമറിക്കപ്പെട്ടിരിക്കുന്നു എന്ന തോന്നല്‍ ദളിത് പിന്നോക്ക വീടുകളില്‍ ചര്‍ച്ചയാകുകയാണ്.
തങ്ങള്‍ക്ക് ഭൂമി തന്ന പാര്‍ട്ടി എന്ന ഓര്‍മ ആ സമൂഹങ്ങളില്‍ നിന്ന് മായുകയും തങ്ങളുടെ സംവരണം അട്ടി മറിച്ച പാര്‍ട്ടി എന്ന തോന്നല്‍ ചെറുപ്പക്കാര്‍ക്കിടയില്‍ ഉണ്ടായിത്തുടങ്ങുകയുമാണ്. സി.പി.ഐ.എം എന്നും തങ്ങളുടേതെന്ന് കരുതിയിരുന്ന പിന്നോക്ക വോട്ടുകള്‍ ഇനിയൊരിക്കലും അങ്ങനെയായിരിക്കില്ല. പക്ഷെ സവര്‍ണ സംവരണത്തിന്റെ ഗുണഭോക്താക്കള്‍ സി.പി.ഐ.എമ്മിലേക്ക് വന്നോ, അതുമില്ല.
മുഴുവന്‍ വിഭാഗങ്ങളെയും കൂടെ കൂട്ടി ലോകാവസാനം വരെ ഭരിച്ചു കളയാമെന്ന സി.പി.ഐ.എമ്മിന്റെ പരിപാടി അങ്ങനെ പാളി. കോണ്‍ഗ്രസ് സി.പി.ഐ.എമ്മിനേക്കാള്‍ ഇടതായി, സി.പി.ഐ.എം കോണ്‍ഗ്രസ്സിനെക്കാള്‍ വലതായി. ഇടതുമുന്നണി വലതായി, വലതുമുന്നണി ഇടതായി.
ഒരു ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്റര്‍വെല്‍ കഴിയുമ്പോള്‍ ഇടത്തുള്ളവര്‍ വലത്തും വലത്തുള്ളവര്‍ ഇടത്തും വരുന്നത് പോലെ മുമ്പത്തെ സി.പി.ഐ.എമ്മിന്റെ ബേസ് കോണ്‍ഗ്രസ്സിലേക്കും മുമ്പത്തെ കോണ്‍ഗ്രസ് ബേസ് സി.പി.ഐ.എമ്മിലേക്കും പോയാലും തരക്കേടില്ലായിരുന്നു, രണ്ടു മുന്നണികളും നിലനിന്നേനെ. പക്ഷെ അതിനിടയില്‍ മറ്റൊരു ടീം ചാടി വീണു – ബി.ജെ.പി.
ബി.ജെ.പി ജയിക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങളില്‍ മുന്നോക്ക വോട്ടുകള്‍, പ്രത്യേകിച്ച് നായര്‍ വോട്ടുകള്‍, മുഴുവനായും ഇപ്പോള്‍ ബി.ജെ.പിയിലേക്കാണ് പോകുന്നത്. മുന്നോക്ക ഹിന്ദു വോട്ടുകള്‍ മാത്രമല്ല, മുന്നോക്ക ക്രിസ്ത്യന്‍ വോട്ടുകളും.
ബി.ജെ.പി ജയിക്കാന്‍ ഒരു സാധ്യതയും ഇല്ല എന്ന് തോന്നുന്ന മണ്ഡലങ്ങളില്‍ മാത്രമാണ് മറ്റു മുന്നണികള്‍ക്ക് ഇവരുടെ വോട്ടുകള്‍ ലഭിക്കുന്നത്. ആ ഒരു പാറ്റേണ്‍ വച്ച് നോക്കുമ്പോള്‍ പിന്നെ സി.പി.ഐ.എമ്മിന്റെ ബേസ് എന്ന് പറയാന്‍ എന്താണ് ബാക്കി.
ഒന്നുകൂടെ നോക്കാം. കോണ്‍ഗ്രസിന്റെ ബേസിലേക്ക് ദളിതരും പിന്നോക്കക്കാരും കടന്നു വരുന്നു, അതെ സമയം മുന്നോക്കക്കാര്‍ ഒഴിഞ്ഞു പോകുന്നു, സി.പി.ഐ.എമ്മിന്റെ ബേസില്‍ നിന്ന് ദളിതരും പിന്നോക്കക്കാരും ഒഴിഞ്ഞു പോകുന്നു. സ്വാഭാവികമായും കോണ്‍ഗ്രസില്‍ നിന്ന് ഒഴിഞ്ഞു പോകുന്ന മുന്നോക്ക ബേസ് സി.പി.ഐ.എമ്മില്‍ വരേണ്ടതായിരുന്നു, അത് വരുന്നില്ല.
സി.പി.ഐ.എമ്മിന് വോട്ടുകള്‍ ഇനിയും കിട്ടുമായിരിക്കും, പക്ഷെ ബേസ് ഇല്ലാതെ ആധുനിക ജനാധിപത്യത്തില്‍ പാര്‍ട്ടികള്‍ നില നില്‍ക്കില്ല.
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ ബേസ് തിരിച്ചെടുക്കാന്‍ ശ്രമിക്കുന്ന പോലെ സി.പി.ഐ.എമ്മിനും റാഡിക്കലായി എന്തെങ്കിലും ചെയ്യേണ്ടി വരും. അതെന്താണെന്ന് സി.പി.ഐ.എമ്മിലെ താത്വികാചാര്യന്മാര്‍ ചിന്തിച്ചു തുടങ്ങിയിട്ടുണ്ടാകും എന്ന് കരുതാം.
ഇ.എം.എസ് ആണ് അടവ്, നയം, അടവ് നയം എന്നീ മൂന്ന് വാക്കുകള്‍ കേരള രാഷ്ട്രീയത്തിന് സംഭാവന ചെയ്യുന്നത്.
നയം എന്നാല്‍ പാര്‍ട്ടിയുടെ ദീര്‍ഘകാല നയങ്ങള്‍. വൈരുധ്യാത്മക ഭൗതികവാദം, തൊഴിലാളി വര്‍ഗ സര്‍വാധിപത്യം തുടങ്ങിയവ. അടവ് എന്നാല്‍ അതതു സാഹചര്യങ്ങളില്‍ ഉപയോഗിക്കേണ്ട ചില ട്രിക്കുകള്‍.
അടവ് നയം എന്താണെന്ന് കൃത്യമായി അറിയില്ല. ഇ.എം.എസ് അതാത് സമയങ്ങളില്‍ പല തരം അടവുകള്‍ എടുക്കാറുണ്ടായിരുന്നു. ഇ.എം.എസ് ഇപ്പോഴില്ല, അതുകൊണ്ട് ഇപ്പോഴത്തെ അടവുകള്‍ തീരുമാനിക്കേണ്ടത് ഗോവിന്ദന്‍ മാഷാണ്.
സി.പി.ഐ.എമ്മിന്റെ ആര്‍.എസ്.എസ് വിധേയത്വം പുറത്തറിഞ്ഞാല്‍ അത് സി.പി.ഐ.എമ്മിനെ പ്രതികൂലമായി ബാധിക്കും എന്നാണ് നമ്മളൊക്കെ കരുതുന്നത്. പക്ഷെ അത് തന്നെയാണോ ഗോവിന്ദന്‍ മാഷ് നയിക്കുന്ന സി.പി.ഐ.എം നേതൃത്വവും കരുതുന്നത്.
അതല്ല, തങ്ങളും ബി.ജെ.പിയെ പോലെ തന്നെ ഒരു സംഘപരിവാര്‍ സംഘടനാനയെണെന്ന് പരമാവധി ബി.ജെ.പിയുടെ പൊട്ടന്‍ഷ്യല്‍ വോട്ടര്‍മാര്‍ വിചാരിച്ചോട്ടെ എന്നും, അവര്‍ ബി.ജെ.പിക്ക് പകരം സി.പി.ഐ.എമ്മിന് വോട്ട് ചെയ്യട്ടെ എന്നുമാണ് അവര്‍ ചിന്തിക്കുന്നതെങ്കിലോ?
ബംഗാളും ത്രിപുരയും കേരളത്തില്‍ ആവര്‍ത്തിക്കാതിക്കാതിരിനുള്ള അടവുനയമാണതെങ്കിലോ. ശരിക്കും ഗോവിന്ദന്‍ മാഷ് ബുദ്ധിജീവി ആണെങ്കിലോ?
ആ ഒരു തന്ത്രത്തില്‍ ആര്‍.എസ്.എസ്സിനും പ്രശ്‌നമൊന്നുമുണ്ടാകാനിടയില്ല. എല്ലാ സംഘപരിവാര്‍ സംഘടനകളും അവര്‍ക്ക് യൂസ്-ആന്‍ഡ്-ത്രോ ആണ്, നല്ല കാലത്ത് ഉപയോഗിക്കാനും ബാധ്യതയാകുമ്പോള്‍ തള്ളിക്കളയാനും.
കേരളത്തിലെ ബി.ജെ.പി ആര്‍.എസ്.എസ്സിന് എന്ത് കൊണ്ടും ബാധ്യതയാണ്. കുറെ നേതാക്കന്മാര്‍ക്ക് കള്ളപ്പണം കടത്താനും കേന്ദ്രഭരണം കാണിച്ചു കമ്മീഷന്‍ വാങ്ങിക്കാണും അത് വീതിക്കുമ്പോള്‍ തല്ല് കൂടാനും ഉള്ള ഒരു സെറ്റപ്പ് എന്നതല്ലാതെ കേരളത്തില്‍ ബി.ജെ.പി വകയ്ക്ക് കൊള്ളില്ല.
ഇനിയെങ്ങാനും ആര്‍.എസ്.എസ് കഷ്ടപ്പെട്ട് ബി.ജെ.പിയെ കേരളത്തില്‍ അധികാരത്തിലെത്തിച്ചാലും കേരളം മുഴുവന്‍ അവര്‍ അടിച്ചു മാറ്റും എന്നല്ലാതെ വേറെ ഗുണമൊന്നും ആര്‍.എസ്.എസ്സിന് ഉണ്ടാകില്ല. കൂടാതെ അവര്‍ ഉണ്ടാക്കുന്ന പുകിലുകള്‍ക്കൊക്കെ ഉത്തരവാദിത്വം ഏല്‍ക്കുകയും വേണം.
സി.പി.ഐ.എം അങ്ങനെയല്ല, ഭരണ പരിചയവും ഇന്‍സ്റ്റിറ്റിയൂഷണല്‍ മെമ്മറിയും ആവശ്യത്തിനുണ്ട്. കൊള്ളാവുന്ന നേതാക്കളും പ്രവര്‍ത്തകരുമുണ്ട്, അഴിമതി താരതമ്യേന കുറവാണ്. ആര്‍.എസ്.എസ്സിന് വേണ്ടതെല്ലാം അവര്‍ ചെയ്തു കൊടുക്കും, ഉത്തരവാദിത്വം ഏല്‍ക്കുകയും വേണ്ട.
അധികാരത്തിന് അധികാരം, പണത്തിന് പണം, ഉദ്യോഗസ്ഥന്മാര്‍ ചൊല്‍പ്പടിയില്‍, ഒരുത്തരവാദിത്വവും ഏല്‍ക്കുകയും വേണ്ട. ആര്‍.എസ്.എസ്സിന് എന്തുകൊണ്ട് സൗകര്യം സി.പി.ഐ.എം ആണ്.
രണ്ടു കൂട്ടര്‍ക്കും സൗകര്യമാണെങ്കില്‍ പിന്നെ നമുക്കെന്ത് പ്രശനം.