കുഴലിലൊഴുകുന്ന ഇന്ത്യ - അദാനി മുതല്‍ സുരേന്ദ്രന്‍ വരെ 
Discourse
കുഴലിലൊഴുകുന്ന ഇന്ത്യ - അദാനി മുതല്‍ സുരേന്ദ്രന്‍ വരെ 
ഫാറൂഖ്
Thursday, 17th June 2021, 1:49 pm
ഏതെങ്കിലും പത്രക്കാരന്‍ പോര്‍ട്ട് ലൂയീസില്‍ പോയി ഇപ്പറഞ്ഞ ഓഫീസിന്റെ വാതിലില്‍ മുട്ടി ആരാ ഈ സ്ഥാപനത്തിന്റെ ഉടമ എന്നോ എന്ത് കച്ചവടമാണ് നിങ്ങള്‍ ചെയ്യുന്നതെന്നോ ചോദിച്ചു റിപ്പോര്‍ട്ട് ചെയ്യുമെന്ന് സ്വാഭാവികമായി നമ്മള്‍ പ്രതീക്ഷിക്കും.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മഡഗാസ്‌കറിന് അടുത്തായി കിടക്കുന്ന ഒരു കൊച്ചു ദ്വീപാണ് മൗറീഷ്യസ്. ഒരു രാജ്യമാണ് എന്നാണ് സ്വയം വിളിക്കുന്നത്. ഒരു രാജ്യമൊക്കെയാവുമ്പോള്‍ ഒരു തലസ്ഥാനം വേണമല്ലോ. പോര്‍ട്ട് ലൂയിസ് എന്ന ഒരു തലസ്ഥാനവുമുണ്ട്. ആകപ്പാടെ ഒന്നര ലക്ഷം ആളുകളാണ് പോര്‍ട്ട് ലൂയീസിലുള്ളത്. പോര്‍ട്ട് ലൂയീസിലെ എഡിത്ത് സ്ട്രീറ്റില്‍ മുപ്പത്തി മൂന്നാം ബില്‍ഡിങ്ങില്‍ ഒരു കൊച്ചു മുറിയില്‍ മൂന്ന് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട് – അല്‍ബുല, ക്രെസ്റ്റ, എ.പി.എം.എസ് എന്നൊക്കെയാണ് പേര്. പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ആലങ്കാരികമായി പറഞ്ഞതാണ്. പ്രവര്‍ത്തിക്കാന്‍ ഫോണോ ഫാക്സോ ആള്‍ക്കാരോ ആ മുറിയിലില്ല.

ആരാ എന്താ എന്നറിയാത്ത ഈ മൂന്നു കമ്പനികളും കൂടി അദാനി ഗ്രൂപ്പില്‍ ഈയടുത്ത് നിക്ഷേപിച്ച തുകയാണ് 45000 കോടി. കോടിയുടെ കണക്ക് കേട്ടാല്‍ നമ്മള്‍ സാധാരണക്കാര്‍ക്ക് വലിയ പിടിയുണ്ടാകില്ല, അത് കൊണ്ട് ഒരു താരതമ്യം പറയാം. ഇന്ത്യയിലെ മുഴുവന്‍ ആളുകള്‍ക്കും വാക്‌സിന്‍ കൊടുക്കാന്‍ വേണ്ടി കേന്ദ്ര ബഡ്ജറ്റില്‍ വകയിരുത്തിയ തുക 35000 കോടിയാണ്. അതിന്റെ കൂടെ 10000 കോടി കൂടെ ചേര്‍ത്താല്‍ അദാനിക്ക് മൗറീഷ്യസില്‍ നിന്ന് വന്ന തുകയായി.

ഈ തിങ്കളാഴ്ച, ഇക്കണോമിക് ടൈംസില്‍ ഒരു വാര്‍ത്ത വന്നു, സംശയാസ്പദമായ നിക്ഷേപം ആയതു കൊണ്ട് ഈ മൂന്നു കമ്പനികളെ എന്‍.എസ്‌.ഡി.എല്‍ ഇന്ത്യയില്‍ വിനിമയമം ചെയ്യുന്നതില്‍ നിന്ന് വിലക്കിയിരിക്കുന്നു എന്നതായിരുന്നു വാര്‍ത്തയുടെ കാതല്‍. ഈ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് അദാനി തകരാന്‍ പോകുന്നെ എന്ന് പറഞ്ഞു ബഹളമായി, സ്റ്റോക്ക് എക്ചേഞ്ചില്‍ അദാനി സ്റ്റോക്ക് വിറ്റഴിക്കാന്‍ നിക്ഷേപകരുടെ തിരക്കായി. അങ്ങനെ എളുപ്പത്തില്‍ തകരുന്ന മുതലാണോ അദാനി. തലങ്ങും വിലങ്ങും ഫോണ്‍ കോളുകള്‍, ഡല്‍ഹിയില്‍ മീറ്റിംഗുകള്‍, ഡീലുകള്‍, എല്ലാം കഴിഞ്ഞ് മൂന്നു മണിയാവുമ്പോഴേക്ക് അദാനിയുടെ പത്രകുറിപ്പ് വന്നു, ഈ കമ്പനികള്‍ക്ക് വിലക്കില്ല.

അദാനി

അക്കൗണ്ട് മരവിപ്പിച്ചതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ട്വിറ്ററില്‍ പാറി നടന്നെങ്കിലും എന്‍.എസ്.ഡി.എല്‍ ഓ സെബിയോ ഇതുവരെ കമ എന്നൊരക്ഷരം ഇതിനെ പറ്റി പറഞ്ഞിട്ടില്ല. 45000 കോടിയുടെ കുഴല്‍ ആരോപണമാണ്, സ്വാഭാവികമായും മാധ്യമങ്ങളില്‍ വലിയ കോളിളക്കമുണ്ടാകേണ്ടതാണ്. ബിസിനസ് പേജുകളില്‍ രണ്ടു കോളം വര്‍ത്തയൊഴിച്ചാല്‍ എല്ലാ പത്രങ്ങളും ക്ലീന്‍ ആയി ഈ കഥ മുക്കി. 30 കിലോ സ്വര്‍ണം കടത്തിയത് മാസങ്ങളോളം വര്‍ത്തയാക്കിയവരാണ് 45000 കോടിയുടെ കഥ മുക്കിയത്. ഏകദേശ കണക്കില്‍ 45000 കോടിക്ക് ആയിരം ടണ്‍ സ്വര്‍ണം വാങ്ങാം.

ഏതെങ്കിലും പത്രക്കാരന്‍ പോര്‍ട്ട് ലൂയീസില്‍ പോയി ഇപ്പറഞ്ഞ ഓഫീസിന്റെ വാതിലില്‍ മുട്ടി ആരാ ഈ സ്ഥാപനത്തിന്റെ ഉടമ എന്നോ എന്ത് കച്ചവടമാണ് നിങ്ങള്‍ ചെയ്യുന്നതെന്നോ ചോദിച്ചു റിപ്പോര്‍ട്ട് ചെയ്യുമെന്ന് സ്വാഭാവികമായി നമ്മള്‍ പ്രതീക്ഷിക്കും. മറിയം റഷീദയുടെ അമ്മയെ ഇന്റര്‍വ്യൂ ചെയ്യാന്‍ മാലി ദ്വീപ് വരെ പോയ പാരമ്പര്യമുള്ളവരാണ് നമ്മുടെ മാധ്യമക്കാര്‍.

മൗറീഷ്യസില്‍ നിന്ന് നിക്ഷേപം വരുന്നത് കുഴലാണെന്നും ഹവാലയാണെന്നും കള്ളപ്പണമാണെന്നുമൊക്കെ പറഞ്ഞു നടന്നത് വേറാരുമല്ല. ഇപ്പോഴത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും, ബി.ജെ.പി എം.പി. സുബ്രഹ്മണ്യ സ്വാമിയും ആര്‍.എസ്.എസ് ബുദ്ധിജീവിയും ഇപ്പോള്‍ ആര്‍.ബി.ഐ. ബോര്‍ഡ് മെമ്പറുമായ ഗുരു മൂര്‍ത്തിയുമൊക്കെയാണ്. 2014 നു മുമ്പ് ഇവര്‍ക്ക് ഇതും പ്രസംഗിച്ചു നേതാക്കളാവുകയായിരുന്നു ജോലി. മോദിക്ക് പതിനഞ്ചു ലക്ഷത്തിന്റെ കണക്ക് പറഞ്ഞു കൊടുത്തത് ഇവരാണ്. മൗറീഷ്യസില്‍ നിന്ന് ഇന്ത്യയിലേക്ക് എങ്ങനെയാണ് കുഴല്‍ പണം കടത്തുന്നത് എന്ന് സുബ്രഹ്മണ്യം സ്വാമി വിശദീകരിക്കുന്ന വിഡിയോകള്‍ ഇപ്പോഴും യൂട്യൂബില്‍ ഇഷ്ടം പോലെ കാണാം.

അജിത് ഡോവല്‍

ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലും സ്വകാര്യ വിമാനങ്ങളിലും കള്ളപ്പണം ഇന്ത്യയില്‍ നിന്ന് കൊണ്ടുപോയി തിരിച്ചു സ്റ്റോക്ക് ഓഹരി മാര്‍ക്കറ്റിലൂടെ വെള്ളപ്പണമാക്കുന്ന രീതി അജിത് ഡോവല്‍ ഈ ബ്ലോഗില്‍ വിശദീകരിക്കുന്നുണ്ട്. ഇന്ത്യന്‍ വ്യവസായികളുടെയും രാഷ്ട്രീയക്കാരുടെയും മക്കളോ അടുത്ത ബന്ധുക്കളോ വിദേശ പൗരന്മാരോ എന്‍.ആര്‍.ഐയോ ആയി വിദേശത്ത് പ്രോക്‌സി കമ്പനികള്‍ തുടങ്ങി, ഇന്ത്യയില്‍ നിന്ന് ഹവാല വഴി വരുന്ന കള്ളപ്പണം തിരിച്ച് ഇന്ത്യന്‍ ഓഹരിവിപണിയില്‍ നിക്ഷേപിക്കുന്നത് നന്നായി വിവരിക്കുന്നുണ്ട് ഡോവല്‍.

സന്ദര്‍ഭവശാല്‍ പറയട്ടെ, ഡോവലിന്റെ മകന്‍ വിദേശ പൗരനാണിപ്പോള്‍, കയ്മാന്‍ ഐലന്‍ഡില്‍ നിന്ന് ഇന്ത്യയില്‍ നിക്ഷേപിക്കലാണ് ജോലി. അദാനിയുടെ സഹോദരനും വിദേശത്താണ്. ബഹാമസിലും മൗറീഷ്യസിലുമൊക്കെയായാണ് താമസം. കുഴല്‍പ്പണക്കാരുടെ ആഗോള ലിസ്റ്റായ പനാമ പേപ്പേഴ്സില്‍ പേരുള്ളയാളാണ് അദാനിയുടെ സഹോദരന്‍ വിനോദ് അദാനി. കേരളത്തിന്റെ സ്വന്തം എന്‍.ഡി.എ. നേതാവ് ദുബായ് ജയിലില്‍ കുടുങ്ങിയ സമയത്ത് ഹവാല ഇടപാടിനെ പറ്റി ഈ കോളത്തില്‍ എഴുതിയിട്ടുണ്ട്.

ഡോവലും സുബ്രഹ്മണ്യം സ്വാമിയും വിശദീകരിച്ചതില്‍ നിന്നും അഴിമതിയും കള്ളപ്പണവുമൊക്കെ ഒരുപാട് മുമ്പോട്ട് പോയി. ഇലക്ട്റല്‍ ബോണ്ട് എന്ന സംവിധാനം വന്നതോടെ രാഷ്ട്രീയ സംരക്ഷണം കുഴല്‍പ്പണക്കാര്‍ക്ക് ലഭ്യമായി. ബഹാമാസില്‍ നിന്നും കയ്മാന്‍ ഐലന്‍ഡില്‍ നിന്നും അലക്കി വെളുപ്പിച്ചു വരുന്ന പണം ഇലക്ടറല്‍ ബോണ്ടിലൂടെ പരമ രഹസ്യമായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൊടുക്കാം. നിയമപരമായും രാഷ്ട്രീയമായും പരിരക്ഷയുണ്ട്. അതുകൊണ്ടാണ് 45000 കോടിയുടെ കുഴല്‍ ഇടപാട് പുറത്തായി മൂന്നുനാല് ദിവസമായിട്ടും ഒരു അനക്കവുമില്ലാത്തത്. വേറേതൊരു രാജ്യത്താണെങ്കിലും കുറെ പേരൊക്കെ ഇപ്പോഴേ അഴിയെണ്ണുന്നുണ്ടാകും.

സുബ്രഹ്മണ്യം സ്വാമി

അഴിമതിയുടെ രീതിയും മാറി. ഏറ്റവും വലിയ ഉദാഹരണമാണ് റാഫേല്‍. ഏകദേശം ഇരട്ടി വില കൊടുത്ത് റാഫേല്‍ വിമാനം വാങ്ങുമ്പോള്‍ പറഞ്ഞിരുന്ന ന്യായം അവര്‍ അനില്‍ അംബാനിയിലൂടെ ഇന്ത്യയില്‍ യുദ്ധ വിമാനങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറി തുടങ്ങും എന്നായിരുന്നു. മൂന്നാലു കൊല്ലം കഴിഞ്ഞിട്ടും ഫാക്ടറി ഇല്ല എന്നല്ല, അനില്‍ അംബാനി എവിടെയാണെന്ന് പോലും ആര്‍ക്കും അറിയില്ല. ആ പണമൊക്കെ കുഴലിലൂടെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ എത്തിയിട്ടുണ്ടാകും. വിദേശത്തു കൈക്കൂലി വാങ്ങി മൗറീഷ്യസ് ബഹാമാസ് റൂട്ടിലൂടെ ഇന്ത്യയിലെത്തിക്കുന്നത് ശീലമായിട്ടുണ്ട് ഇപ്പൊള്‍.

കര്‍ണാടകയിലെ ബി.ജെ.പി നേതാക്കളും ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ പ്രയോജകരുമായ റെഡ്ഢി സഹോദരന്മാര്‍ അനധികൃത ഖനനത്തിലൂടെ വര്‍ഷത്തില്‍ 50000 കോടിയുടെ ഇരുമ്പയിരാണ് ചൈനയിലേക്കും സിംഗപ്പൂരിലേക്കും കടത്തുന്നത് എന്ന് കര്‍ണാടകയിലെ ലോകയുക്ത കണ്ടെത്തിയിട്ടുണ്ട്. അതിന്റെ വരുമാനമൊക്കെ ഓഹരി വിപണിയില്‍ കൃത്യമായി എത്തുന്നുണ്ട്. മനുഷ്യന്മാരാരും പുറത്തിറങ്ങാതെ ജീവിച്ച കൊറോണക്കാലത്ത്, കമ്പനികളികളൊന്നും ലാഭമുണ്ടാക്കാതിരിന്നിട്ടും ഓഹരി വിപണി ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളില്‍ നിന്ന് കുതിക്കുന്നതിന് കാരണം ഈ കുഴല്‍പ്പണമാണ്.

ഫാറൂഖ് എഴുതിയ മറ്റ് ലേഖനങ്ങള്‍ ഇവിടെ വായിക്കാം

സ്റ്റോക്ക് മാര്‍ക്കറ്റില്‍ എന്തെങ്കിലുമൊക്കെ നടക്കട്ടെ എന്ന് നമ്മള്‍ സാധാരണക്കാര്‍ക്ക് പറയാം. അവിടെ ഇന്‍വെസ്റ്റ് ചെയ്യുന്നവര്‍ക്ക് ഇതൊക്കെയറിയാം. നാട്ടുകാര്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലയെ പറ്റി പരാതി പറയാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. ഭക്ഷ്യ എണ്ണ അവശ്യ സാധനങ്ങളുടെ ലിസ്റ്റില്‍ നിന്ന് എടുത്തു കളഞ്ഞത് ആറു മാസം മുമ്പാണ്, ഇപ്പോള്‍ വിലക്കയറ്റം മുപ്പത് ശതമാനം. ഭക്ഷ്യ എണ്ണയുടെ ഇറക്കുമതിയും വിപണനവും നിയന്ത്രിക്കുന്നത് ആരുടെ കമ്പനിയാണെന്ന് ഊഹിക്കുന്നവര്‍ക്ക് സമ്മാനമൊന്നുമില്ല.

അദാനിയുടെ ബിസിനസ് എന്നാല്‍ എന്തെങ്കിലും പ്രോഡക്റ്റ് വികസിപ്പിച്ചെടുത്തിട്ടോ വിപണനം ചെയ്തിട്ടോ ഒന്നുമല്ല. പൊതുജനങ്ങളുടെ സ്വത്ത് സര്‍ക്കാര്‍ ഓരോന്നായി അദാനിക്ക് എഴുതി കൊടുക്കും, അത് പിന്നെ അദാനിയുടെ സ്വത്താകും. ഇന്ത്യയിലെ തുറമുഖങ്ങള്‍, കല്‍ക്കരി പാടങ്ങള്‍, വിമാനത്താവളങ്ങള്‍ തുടങ്ങി അദാനിക്ക് കിട്ടാത്ത ഒന്നുമില്ല. ഒരു പ്രധാനമന്തി സ്വന്തമായുള്ളതിന്റെ ബലം. ഇങ്ങനെ സ്വത്തു മുഴുവന്‍ എഴുതിക്കൊടുക്കുമ്പോള്‍ രാജ്യ സുരക്ഷ പോലും നോക്കാറില്ല. ഉദാഹരണത്തിന്, എയര്‍പോര്‍ട്ട് നടത്തുന്നവര്‍ പൊളിഞ്ഞാല്‍ രാജ്യത്തെ മൊത്തം വ്യോമ ഗതാഗതവും നിന്ന് പോവാതിരിക്കാന്‍ ഒരാള്‍ക്ക് പരമാവധി അഞ്ചു എയര്‍പോര്‍ട്ട് എന്ന നിബന്ധന മാറ്റിയാണ് അദാനിക്ക് ഇഷ്ടം പോലെ കൊടുക്കുന്നത്.

അതേ പോലെ ഒരേ നഗരത്തിലെ തുറമുഖവും വിമാനത്താവളവും ഒരാള്‍ തന്നെ കൈകാര്യം ചെയ്യാന്‍ പാടില്ല എന്ന ദേശ സുരക്ഷയ്ക്കുള്ള കരുതലും അദാനിക്ക് വേണ്ടി മാറ്റി. എയര്‍പോര്‍ട്ട് കൈകാര്യം ചെയ്ത് ഒരു മുന്‍പരിചയവും ഇല്ലാത്ത അദാനിക്ക് ഏറ്റവും വലിയ മുംബൈ വരെ കൊടുത്തു. തിരുവന്തപുരം എയര്‍പോര്‍ട്ട് ഇതുവരെ ഏറ്റെടുത്തിട്ടില്ല, കൊറോണ സമയത്ത് ഏറ്റെടുത്താല്‍ ലാഭം കുറയും എന്നതാണ് കാര്യം, വികസനത്തിന്റെ കാര്യം തല്ക്കാലം ആലോചിക്കുന്നില്ല എന്നാണ് പറയുന്നത്. ഈ വിമാനത്താവളങ്ങളും തുറമുഖങ്ങളുമൊക്കെ അനാഥമാക്കി അദാനി മുങ്ങില്ല എന്നൊന്നും പറയാന്‍ പറ്റില്ല, 135000 കോടി കടമുണ്ട് അദാനിക്ക്. മല്യയുടെ അനുഭവം നമ്മുടെ മുന്നിലുണ്ട്.

ഈ കൊള്ളകള്‍ക്കിടയില്‍ ആശ്വാസമാണ് സുരേന്ദ്രനെ പോലുള്ള നമ്മുടെ നേതാക്കള്‍. കരീബിയന്‍ ദ്വീപുകളില്‍ നിന്ന് ബഹാമനസിലേക്കും അവിടുന്ന് മൗറീഷ്യസിലേക്കും, അത് കഴിഞ്ഞ് ഇന്ത്യയിലെ ഓഹരി വിപണിയിലേക്കും, തിരിച്ച് ലണ്ടനിലേക്കും അവിടുന്ന് സ്വിസ് ബാങ്കിലേക്കുമൊക്കെ റൌണ്ട് ട്രിപ്പ് നടത്തുന്ന ഈ പണത്തില്‍ ഒരു പങ്ക് അവര്‍ നമ്മുടെ നാട്ടിലെത്തിച്ചു കുറച്ചു ഭാഗമെങ്കിലും നാട്ടുകാര്‍ക്ക് വിതരണം ചെയ്യുന്നുണ്ട്.

കെ. സുരേന്ദ്രന്‍

കൊളംബിയന്‍ മാഫിയ തലവന്‍ പാബ്ലോ എസ്‌കോബാര്‍ തണുപ്പകറ്റുവാന്‍ 20 ലക്ഷം ഡോളര്‍ നോട്ടുകള്‍ കത്തിച്ചു തീക്കാഞ്ഞ ഒരു കഥയുണ്ട്. പിന്നീട് നാര്‍ക്കോസ് എന്ന പ്രശസ്ത സീരീസില്‍ ആ രംഗം കാണിക്കുന്നുമുണ്ട്. ഇന്ന് ലോകത്ത് അത്തരം മാഫിയാ തലവന്മാര്‍ കുറവാണ്. ഉള്ളവര്‍ തന്നെ ക്രിപ്‌റ്റോ കറന്‍സിയും പ്രോക്‌സി ഷെയറും ഒക്കെയാണ് കൈകാര്യം ചെയ്യുന്നത്. കുറെ പേരൊക്കെ സ്വര്‍ണക്കട്ടികള്‍ വീടിന്റെ തറക്കടിയില്‍ കുഴിച്ചിട്ടിട്ടൊക്കെയുണ്ടാകും. ഏതായാലും, തണുത്താല്‍ കറന്‍സി കത്തിച്ചു തീക്കായാന്‍ പറ്റുന്നവരായി ലോകത്ത് തന്നെ ഇന്ന് രണ്ടു കൂട്ടരേ ഉള്ളൂ, നമ്മുടെ സ്വന്തം ദേശീയ പാര്‍ട്ടിയുടെ നേതാക്കളും ഒരു കാര്‍ട്ടല്‍ പോലെ ബിസിനസ് കൊണ്ട് നടക്കുന്ന ഇന്ത്യന്‍ മുതലാളിമാരും.

പിന്‍കുറിപ്പ്: കേരളത്തില്‍ ഒരുപാട് ഓഡിയോ ലീക്കുകള്‍ കള്ളപ്പണ വിവാദവുമായി ബന്ധപ്പെട്ട് വന്നതില്‍, ഒരു വനിതാ നേതാവിന്റേതായി കേട്ടതാണ് ഏറ്റവും മികച്ചതായി തോന്നിയത്. ഇരുപത്തഞ്ചു ലക്ഷം എനിക്ക് വേണം, പുണ്യ പ്രവര്‍ത്തി ചെയ്യാനൊന്നുമല്ല. ഒരു സ്ഥാനം വരുന്നുണ്ട്, ഈ കാശ് കൊടുത്തിട്ട് വേണം അത് വാങ്ങാന്‍. സിമ്പിള്‍ ആന്‍ഡ് സ്‌ട്രെയ്റ്റ് ഫോര്‍വേഡ്. ഒരു സീനിയര്‍ കേന്ദ്രമത്രി ഒരു കൊല്ലം കൊണ്ട് ഇപ്പണി നിര്‍ത്തി പോകുമെന്നും അതിനു മുമ്പ് അയാളുടെ കയ്യിലുള്ള കാശ് വാങ്ങിച്ചെടുക്കണമെന്നും പറയുന്നുണ്ട് ഇതേ ഓഡിയോയില്‍. ഒരു സിനിമയില്‍ ബാലചന്ദ്രമേനോന്‍ ചാണകം കൈക്കൂലിയായി വാങ്ങുന്നുണ്ട്. അത് പോലെ സ്‌കാനിയ ബസ്സ് കൈക്കൂലിയായി വാങ്ങിയ മന്ത്രിയാണ് ഈ മന്ത്രി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Farooq Writes about Black Money and behind politics in India

ഫാറൂഖ്
ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ