| Saturday, 14th January 2023, 3:09 pm

പതിനാറ് വര്‍ഷം പഴകിയ ഭക്ഷണവും കോഴിക്കോട്ടുകാരുടെ ദുഖവും

ഫാറൂഖ്

കലോത്സവം ഒരു ഭക്ഷ്യമേളയാണോ? തീര്‍ച്ചയായും അല്ല. കല്യാണവും ബെര്‍ത്‌ഡേ പാര്‍ട്ടിയും പതിനാറടിയന്തിരവും ഭക്ഷ്യമേളയാണോ, അല്ല. എന്നിട്ടും നമ്മളെന്തിനാണ് ഇവിടെയൊക്കെ ഏറ്റവും നല്ല ഭക്ഷണം വേണമെന്നാഗ്രഹിക്കുന്നത്, അല്ലെങ്കില്‍ ഇതൊക്കെ കഴിഞ്ഞുവരുന്ന ഒരാളെ കണ്ടാല്‍ ഭക്ഷണം എങ്ങനെയുണ്ടായിരുന്നു എന്നുമാത്രം ചോദിക്കുന്നത്. മറ്റെല്ലാത്തിനും എന്നപോലെ അതിനും ചരിത്രമുണ്ട്, എക്കണോമിക്‌സ് ഉണ്ട്.

ഭൂതകാലത്തെ പറ്റി വല്യ ബഡായിയൊക്കെ പറയുമെങ്കിലും ഭക്ഷണം കഴിക്കാനില്ലാത്ത പട്ടിണിക്കാരായിരുന്നു നമ്മള്‍. തൊള്ളായിരത്തി നാല്‍പതുകളില്‍ ബംഗാളില്‍ മാത്രം 40 ലക്ഷത്തിലധികം പേരാണ് പട്ടിണി കിടന്നു മരിച്ചത്. മറ്റനേകം കൂട്ട പട്ടിണിമരങ്ങളില്‍ ഒന്ന് മാത്രമായിരുന്നു അത്. കേരളത്തിലെ ജനസംഖ്യയില്‍ മൂന്ന് ശതമാനത്തില്‍ താഴെ മാത്രം ആളുകളെ വയറുനിറയെ ഭക്ഷണം കഴിച്ചിരുന്നുള്ളൂ.

ജന്മികള്‍ മാത്രമേ ചോറ് തിന്നിരുന്നുള്ളൂ. ബാക്കിയുള്ളവരില്‍ അരിഭക്ഷണം കഴിക്കാന്‍ ഭാഗ്യം ലഭിച്ച ചുരുക്കം ചിലര്‍ കഞ്ഞിയാണ് കുടിച്ചിരുന്നത്. കഞ്ഞിയില്‍ പരമാവധി വെള്ളം കൂട്ടിയാല്‍ വയര്‍ വേഗം നിറയും, അരി കുറച്ചു മതി. അതാണതിന്റെ ഗുട്ടന്‍സ്. കഞ്ഞികള്‍ എന്ന് നമ്മള്‍ വിളിച്ചപഹസിക്കുന്നത് നമ്മുടെ തന്നെ മുത്തച്ഛനെ ആയിരിക്കും. അരി കിട്ടാത്ത ആളുകള്‍ അക്കാലത്ത് പലതരം കിഴങ്ങു വര്‍ഗങ്ങള്‍, പ്രത്യേകിച്ച് കൂര്‍ക്ക, മരച്ചീനി തുടങ്ങിയവയാണ് ഭക്ഷിച്ചിരുന്നത്.

അക്കാലത്ത് പട്ടിണി മരണം ഒഴിവാക്കാന്‍ അമേരിക്ക ഇന്ത്യയിലേക്ക് കപ്പലുകളില്‍ ഗോതമ്പും റവയുമൊക്കെ അയക്കുമായിരുന്നു. ആ റവ സ്‌കൂളിലൂടെ വിതരണം ചെയ്താണ് ഇന്ത്യ പോഷകക്കുറവിനെ നേരിട്ടത്. വളരെ പണ്ടൊന്നുമല്ല, അമേരിക്കന്‍ റവ കഴിച്ച ചിലരെങ്കിലും ഇത് വായിക്കുന്നുണ്ടാകും.

അക്കാലത്ത് ആളുകള്‍ കല്യാണത്തിനോ മറ്റാഘോഷങ്ങള്‍ക്കോ പൊയ്‌ക്കൊണ്ടിരുന്നത് വയറുനിറയെ ഭക്ഷണം കഴിക്കാം എന്ന ലളിതമായ ഒരു ആഗ്രഹവുമായിട്ടായിരുന്നു. ആദ്യകാലത്ത് രാത്രിയില്‍ നടന്നിരുന്ന വിവാഹാഘോഷങ്ങള്‍ പകലത്തേക്ക് മാറ്റിയതിന് പിന്നില്‍ പകല്‍ നല്ലൊരു ഭക്ഷണം കഴിച്ചോട്ടെ എന്ന ഒരുദ്ദേശമുണ്ടായിരുന്നു. ഇന്നും ആഘോഷങ്ങള്‍ രാത്രിയിലേക്ക് മാറ്റാം എന്ന് ചെറുപ്പക്കാര്‍ പറയുമ്പോള്‍ പഴമക്കാര്‍ പറയും വേണ്ട ഉച്ചക്ക് മതി, വരുന്നവര്‍ക്ക് നല്ലൊരു ഭക്ഷണം കഴിക്കാലോ എന്ന്.

ഇതിന് കാര്യമായ മാറ്റം വരുന്നത് എഴുപതുകളില്‍ ഇന്ദിര ഗാന്ധി ഹരിത വിപ്ലവം നടപ്പാക്കിയതിന് ശേഷമാണ്. പുതിയയിനം വിത്തുകളും, കനാലുകളും, ഭക്ഷ്യ ശേഖരണ സംവിധാനങ്ങളുമൊക്കെയായി ഹരിത വിപ്ലവം അത്ഭുതങ്ങള്‍ തീര്‍ത്തപ്പോള്‍ ഇന്ത്യ അരിയുടെയും ഗോതമ്പത്തിന്റെയും കാര്യത്തില്‍ സ്വയം പര്യാപ്തമായി. ഹരിത വിപ്ലവത്തിന് ശേഷം കേരളത്തില്‍ എല്ലാവര്‍ക്കും അരി കിട്ടി തുടങ്ങി. ഉച്ചക്ക് ചോറും രാത്രി കഞ്ഞിയും എന്നതായി മാറി സാധാരണ മലയാളിയുടെ ഭക്ഷണം, ക്രമേണ രാത്രിയും ചോറായി. രാവിലെ പുട്ട്, അരി ദോശ, പത്തിരി തുടങ്ങിയവ കൂടി ചേര്‍ന്നപ്പോള്‍ മലയാളികള്‍ മൂന്നു നേരം അരി തിന്നുതീര്‍ക്കുന്ന ജീവികളായി.

ഉച്ചക്കും രാത്രിയും ചോറും മീന്‍കറിയും എന്നതായി മലയാളികളുടെ സ്റ്റേപ്പിള്‍ ഫുഡ്. മീനില്ലാത്തപ്പോള്‍, അല്ലെങ്കില്‍ മീന്‍ കഴിക്കാത്തവര്‍, കേരളത്തില്‍ തന്നെ വിളയുന്ന വെണ്ട, തക്കാളി, പടവലങ്ങ, പാവയ്ക്കാ, ചേമ്പ്, ചേന തുടങ്ങിയവ കറിവെച്ച് ചോറിന് കൂട്ടി. ഉള്ളിയൊക്കെ വളരെ വൈകിയാണ് വരുന്നത്. ഇന്ന് നമ്മള്‍ മലയാളികളുടെതെന്നു കരുതുന്ന ഇഡ്ഡലി, മസാല ദോശ, ഉപ്മാവ് ഒക്കെ മലയാളികള്‍ വ്യാപകമായി തിന്നാന്‍ തുടങ്ങുന്നത് ചുരിദാര്‍ വന്നതിനും ശേഷമാണ്.

ഗതാഗതം കാര്യമായി വികസിക്കാത്തത് കൊണ്ട് ഇന്ത്യയില്‍ തന്നെ മറ്റു ഭാഗത്തുണ്ടാക്കുന്ന, എന്നാല്‍ ദിവസങ്ങള്‍ കഴിയുമ്പോള്‍ ചീഞ്ഞുപോകുന്ന ഒന്നും കേരളത്തിലേക്ക് വന്നിരുന്നില്ല. ചീത്തയാകാത്ത പരിപ്പുകള്‍, കടല തുടങ്ങിയവയാണ് ആദ്യം വന്നത്. ആപ്പിള്‍, മുന്തിരി, ഉള്ളി തുടങ്ങിയവ വരാന്‍ മികച്ച റോഡുകളും കൊങ്കണ്‍ റെയില്‍വേ, എയര്‍പോര്‍ട്ടുകളുമൊക്കെ വരേണ്ടി വന്നു. അതുകൊണ്ട് തന്നെ ഹരിത വിപ്ലവം കഴിഞ്ഞ് ഒന്നുരണ്ട് പതിറ്റാണ്ട് നമ്മള്‍ ചോറ്, മീന്‍, വെണ്ടകറി, ചേനകറി കോമ്പിനേഷനില്‍ തന്നെ കഴിഞ്ഞു.

വയറ് നിറയുമായിരുന്നെങ്കിലും അക്കാലത്ത് രുചികരമായ ഭക്ഷണം മിക്കവര്‍ക്കും കഴിക്കാനായിരുന്നില്ല. ചോറ്, മീന്‍, വെണ്ടകറി, ചേനകറി കോമ്പിനേഷനില്‍ എന്ത് ടേസ്റ്റ് ഉണ്ടാവാന്‍. അതുകൊണ്ടാണ് സദ്യ എന്ന ആശയം ഉണ്ടാകുന്നത്. ഓണത്തിനോ വിഷുവിനോ കല്യാണത്തിനോ കിട്ടാവുന്ന മുഴുവന്‍ പച്ചക്കറികളും വാങ്ങിക്കൂട്ടി പലതരം കറികള്‍ ഉണ്ടാക്കുന്ന പരിപാടിയായിരുന്നു സദ്യ. കൂടെ പായസവും പപ്പടവും. പായസം മിക്കവാറും അരിയോ ചെറുപയറോ ആയിരിക്കും. സേമിയ പിന്നീടാണ് വരുന്നത്.

സദ്യ ചിലവേറിയ ഏര്‍പ്പാടായത് കൊണ്ടാണ് അക്കാലത്ത് ‘കാണം വിറ്റും ഓണം ഉണ്ണണ്ണം’ എന്നൊക്കെയുള്ള ചൊല്ലുണ്ടായത്. മിക്ക കല്യാണത്തിനും ഒരുനേരം പല വിഭവങ്ങളുള്ള സദ്യയുണ്ടാകും, വേറൊരു നേരം ചോറും കല്ലുമ്മക്കായ അല്ലെങ്കില്‍ പരിപ്പ് കറിയും ഉണ്ടാകും. ഇക്കാലത്താണ് പഴയിടങ്ങള്‍ സദ്യയുണ്ടാക്കാന്‍ ആരംഭിക്കുന്നത്, പറ്റിത്തരുപതഞ്ചു കൊല്ലം മുമ്പ്. അക്കാലത്ത് സദ്യയുണ്ടാക്കുന്നവര്‍ ഹീറോകളായിരുന്നു, അവരുണ്ടാക്കുന്ന പായസത്തിന്റെയും സാമ്പാറിന്റെയും കാര്യം ആലോചിക്കുമ്പോള്‍ നാട്ടുകാരുടെ വായില്‍ വെള്ളമൂറുമായിരുന്നു.

പിന്നീടാണ് കേരളത്തിന്റെ ഭക്ഷണ സംസ്‌കാരത്തില്‍ വിപ്ലവങ്ങള്‍ വരുന്നത്. കേരളത്തില്‍ മൂന്ന് എയര്‍പോര്‍ട്ടുകള്‍ വന്നു, കൊങ്കണ്‍ റെയില്‍വേ വന്നു, ഹൈവേയും റോഡുകളും വന്നു. കശ്മീരില്‍ നിന്ന് ആപ്പിളും ഹിമാചല്‍ പ്രദേശില്‍ നിന്ന് മുന്തിരിയും മഹാരാഷ്ട്രയില്‍ നിന്ന് അല്‍ഫോന്‍സ് മാങ്ങയും ഒന്നോ രണ്ടോ ദിവസം കൊണ്ട് കേരളത്തില്‍ എത്താന്‍ തുടങ്ങി. തമിഴന്മാര്‍ വ്യാപകമായി കൃഷി ആരംഭിച്ചപ്പോള്‍ പച്ചക്കറികള്‍ സുലഭമായി. കോഴി ഫാമും ആട് ഫാമും പോത്തു ഫാമും കേരളത്തിലും അതിര്‍ത്തിയിലെ മറ്റ് സംസ്ഥാനങ്ങളിലും നിറഞ്ഞു.

തലശ്ശേരിയിലെ പാരീസ് ഹോട്ടലിലും കോഴിക്കോട്ടെ സാഗര്‍ ഹോട്ടലിലും കിട്ടിക്കൊണ്ടിരുന്ന ബിരിയാണിയും നെയ്‌ച്ചോറും കേരളത്തിലെ ചെറു ടൗണുകളിലെമ്പാടും കിട്ടിത്തുടങ്ങി. വിവാഹങ്ങള്‍ക്ക് മുസ്‌ലിം വീടുകളില്‍ തലേദിവസം രാത്രി നെയ്‌ച്ചോറും കല്യാണദിവസം ബിരിയാണിയും എന്ന രീതിയായി. ഹിന്ദു വീടുകളില്‍ കല്യാണ ദിവസം സദ്യ തുടര്‍ന്നെങ്കിലും മറ്റ് ദിവസങ്ങളില്‍ നെയ്‌ച്ചോറും ബിരിയാണിയും കൊടുത്തുതുടങ്ങി.

അവിടെ ഒരു ഫുള്‍ സ്റ്റോപ്പ് ഉണ്ടായി. കേരളത്തിലേക്ക് വന്ന ബിരിയാണി, നെയ്ച്ചോര്‍, ഇഡ്ഡലി, മസാല ദോശ എന്നിവ ഉണ്ടാക്കാന്‍ മലയാളികള്‍, പ്രത്യേകിച്ച് വീട്ടമ്മമാര്‍, പെട്ടെന്ന് പഠിച്ചെങ്കിലും അവിടന്ന് മുന്നോട്ടുപോകാന്‍ കുറെ വര്‍ഷങ്ങളില്‍ കഴിഞ്ഞില്ല. ഉദാഹരണത്തിന് കശ്മീര്‍ പുലാവ്, ചിക്കന്‍ മഞ്ചൂരിയന്‍, പാവ്-ബാജി, ചോല-ബട്ടൂര തുടങ്ങിയവയൊക്കെ ഉണ്ടാക്കേണ്ട സാധനങ്ങള്‍ മുഴുവന്‍ മാര്‍ക്കറ്റില്‍ കിട്ടുമെങ്കിലും ഇതെങ്ങനെ ഉണ്ടാക്കുമെന്ന് ആര്‍ക്കും ഒരു രൂപവും ഇല്ലായിരുന്നു.

അവകാഡോ എന്ന ഒരു സാധനം ഫ്രൂട്ട് ഷോപ്പില്‍ കണ്ടാല്‍ അത് എന്ത് ചെയ്താല്‍ ഭക്ഷിക്കാന്‍ കഴിയുമെന്ന് മിക്ക മലയാളിക്കും ഒരറിവും ഇല്ലായിരുന്നു. ഇതിനൊരു പരിഹാരമുണ്ടാക്കിയത് ചാഡ് ഹൗളി, സ്റ്റീവ് ചെന്‍, ജാവേദ് കരിം എന്നിവരാണ്. ഇവര്‍ മൂന്നു പേരും ചേര്‍ന്ന് യൂട്യൂബ് ഉണ്ടാക്കിയതോടെ കേരളത്തിലെ പെണ്ണുങ്ങള്‍ ലോകത്തിലെ മുഴുവന്‍ ഭക്ഷണവും ഉണ്ടാക്കാന്‍ പഠിച്ചു. ഇന്ന് കേരളത്തിലെ വീടുകളില്‍ ഉണ്ടാക്കാത്ത ഒരു ഭക്ഷണവുമില്ല.

ഹരിത വിപ്ലവത്തിന് മുമ്പ് വയറു നിറയെ ഭക്ഷണവും അതിനുശേഷം രുചിയും ആഗ്രഹിച്ച മലയാളി ഇന്ന് ഭക്ഷണത്തില്‍ എന്താണ് പ്രതീക്ഷിക്കുന്നത്? വൈവിധ്യം.ന്ന് രുചിയുള്ള ഭക്ഷണം തേടിയല്ല ആളുകള്‍ വീട്ടിനു പുറത്തുപോകുന്നത്. അതവര്‍ വീട്ടിലുണ്ടാക്കും. ഭക്ഷണത്തില്‍ ഒരു ‘ചെയ്ഞ്ച്’ ആണ് എല്ലാവര്‍ക്കും വേണ്ടത്.

പുട്ടും കടലയും ടേസ്റ്റില്ലാത്തത് കൊണ്ടല്ല വല്ലപ്പോഴും ശരവണ ഭവനില്‍ പോയി മസാല ദോശ കഴിക്കാമെന്ന് ആളുകള്‍ കരുതുന്നത്. അല്ലെങ്കില്‍ വീട്ടില്‍ ടേസ്റ്റുള്ള ബിരിയാണി ഉണ്ടാക്കാന്‍ അറിയാത്തത് കൊണ്ടല്ല കുടുംബങ്ങള്‍ പാരഗണില്‍ പോയി കഴിക്കുന്നത്. ആളുകള്‍ വൈവിധ്യമാണ് അന്വേഷിക്കുന്നത് അല്ലെങ്കില്‍ ആഗ്രഹിക്കുന്നത്, പ്രത്യേകിച്ച് കുട്ടികള്‍.

കഴിഞ്ഞ അര നൂറ്റാണ്ടിന്റെ കേരള ചരിത്രത്തില്‍ ഒരുവിധം എല്ലാ തലമുറയും ഭക്ഷണ കാര്യത്തില്‍ വളരെ വലിയ പരിവര്‍ത്തനത്തിലൂടെയാണ് കടന്നുവന്നിട്ടുള്ളത്. ഒരു തലമുറക്കും തൊട്ടുമുമ്പിലത്തേതിലേക്ക് ഒരു തരത്തിലും തിരിച്ചുപോവാന്‍ കഴിയാത്ത അകലമുണ്ട്. ഏതെങ്കിലും ഒരു തലമുറയെ മുന്‍തലമുറയുടെ ഭക്ഷണശീലങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് ക്രൂരതയാണ്.

ഉദാഹരണത്തിന് ചോറ് തിന്നു ശീലിച്ച തലമുറയെ കഞ്ഞി മാത്രം കുടിപ്പിക്കാന്‍ നോക്കുന്നതോ, കഞ്ഞി കുടിക്കാന്‍ ഭാഗ്യമുണ്ടായ തലമുറയെ കാച്ചിലും കൂര്‍ക്കയും മാത്രം തിന്നാന്‍ നിര്‍ബന്ധിക്കുന്നതോ ക്രൂരമാണ്. അതുപോലെയാണ് പലവിധ ഭക്ഷണങ്ങള്‍ ശീലിച്ചു വളര്‍ന്ന പത്തോ പന്ത്രണ്ടോ വയസ്സുള്ള കുട്ടികള്‍ക്ക് അഞ്ച് ദിവസം രണ്ടു നേരം ചോറും സാമ്പാറും മാത്രം കൊടുക്കുന്നതും.

ഈയൊരു കാര്യം ഉള്‍ക്കൊള്ളാനുള്ള കഴിവുള്ളവര്‍ വിദ്യാഭ്യാസ വകുപ്പില്‍ ഇല്ലാത്തത് കൊണ്ടാണ് ഇത്രയും ‘ബോറന്‍’ (കലോത്സവത്തില്‍ പങ്കെടുത്ത ഒരു കുട്ടി ഭക്ഷണത്തെ പറ്റി ഒറ്റ വാക്കില്‍ പറഞ്ഞതാണ്) മെനു ഉണ്ടാക്കുന്നത്. വിദ്യാഭാസ വകുപ്പിലുള്ള നാല്‍തിനും അമ്പതിനും മുകളിലുള്ളവര്‍ അവരുടെ കുട്ടിക്കാലത്തെ രുചിയുള്ള ഭക്ഷണം തന്നെയാകും ഇക്കാലത്തും കുട്ടികള്‍ക്ക് വേണ്ടത് എന്ന് ഊഹിച്ചാണ് മെനു ഉണ്ടാക്കുന്നത്. ഭക്ഷണം മാറി കഴിച്ചാല്‍ തങ്ങളെ പോലെ തന്നെ കുട്ടികള്‍ക്കും കക്കൂസില്‍ പോകാന്‍ തോന്നുമെന്നും ഗ്യാസ് ഉണ്ടാകുമെന്നും ഒക്കെയാണ് ഈ അമ്മാവന്‍മാരുടെ ധാരണ. അതേ പ്രായമുള്ളവര്‍ തന്നെ ടെലിവിഷന്‍ അവതാരകരായും പാനലിസ്റ്റുകളുമായി വരുന്നത് കൊണ്ടാണ് കലോത്സവത്തിലെ ഭക്ഷണത്തിന്റെ ‘രുചിയെ’ പുകഴ്ത്തുന്നത്.

ഫാമിലി ടൂര്‍ പോകുന്ന അമ്മാവന്മാര്‍ ‘തനി നാടന്‍ ഭക്ഷണം’ എന്നെഴുതിയ സ്ഥലത്ത് വണ്ടി നിര്‍ത്താന്‍ പറയുമ്പോള്‍ കുട്ടികളുടെ മുഖത്തുണ്ടാവുന്ന ദയനീയത കണ്ടിട്ടില്ലേ, അതായിരുന്നു കലോത്സവത്തിലെ ഊട്ടുപുര കാണുമ്പോഴും കുട്ടികളുടെ മുഖത്ത്. ഉച്ചക്കും രാത്രിയും ചോറ്, രാവിലെ ഇഡ്ഡലിക്കും ഉച്ചക്ക് ചോറിനും രാത്രി ചോറിനും ഒരേ സാമ്പാര്‍. എല്ലാദിവസവും ചോറും സാമ്പാറും. വൈകീട്ട് പരിപ്പുവട, കായബജി അല്ലെങ്കില്‍ കൊഴുക്കട്ട. 16 കൊല്ലത്തിന് ശേഷം ഇക്കൊല്ലം വൈവിധ്യം കൊണ്ടുവന്നിട്ടുണ്ട് എന്നാണ് പത്രങ്ങള്‍ എഴുതിയത്- ചേനപ്പായസം പുതുതായി അവതരിപ്പിച്ചിട്ടുണ്ടത്രെ.

16 കൊല്ലം മുമ്പ് പഴയിടം കലോത്സവത്തില്‍ പാചകം തുടങ്ങുമ്പോള്‍ ഇക്കൊല്ലത്തെ മത്സരാര്‍ത്ഥികള്‍ മിക്കവരും ജനിച്ചിട്ടില്ല. ഒരു തലമുറ മുഴുവന്‍ വളര്‍ന്നിട്ടും കേരളത്തിന്റെ ഭക്ഷണ സംസ്‌കാരം അടിമുടി മാറിയിട്ടും കലോത്സവത്തിലെ ഭക്ഷണത്തിന് ഒരു മാറ്റവുമില്ല. അറുപതും എഴുപതും കഴിഞ്ഞ പെരുന്നയിലെ തറവാടി നായന്മാര്‍ക്ക് വിളമ്പുന്ന അതെ ഭക്ഷണമാണ് പതിമൂന്നും പതിനാലും വയസ്സുള്ള ഫ്രീക്കന്മാര്‍ക്ക് കോഴിക്കോട്ട് വിളമ്പിയത്. ആകെ വന്ന മാറ്റമാണ് ചേന പായസം.

ഭക്ഷണ വൈവിധ്യങ്ങളുടെ തലസ്ഥാനമായ കോഴിക്കോട് സാധാരണ നടക്കുന്ന ഭക്ഷണ വിതരണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ ചെറിയ ഒരു പരിപാടിയാണ് ഇപ്രാവശ്യം നടന്ന കലോത്സവം. വെറും പതിനായിരം പേര്‍ക്കാണ് ഓരോ നേരവും ഭക്ഷണം വിളമ്പിയത്. ചില ദിവസം ഉച്ചക്ക് പന്ത്രണ്ടായിരം പേര്‍ വരെ ഉണ്ടായിരുന്നു, അത്രമാത്രം. താരതമ്യം ചെയ്യണമെങ്കില്‍, അതിന് മൂന്നാല് ദിവസം മുമ്പ് കോഴിക്കോട് തന്നെ നടന്ന മുജാഹിദ് സമ്മേളനത്തില്‍ അതിന്റെ മൂന്നും നാലും ഇരട്ടി പേര്‍ക്കാണ് ഓരോ നേരവും ഭക്ഷണം വിളമ്പിയത്, മൂന്നാലു ദിവസം.

അതും ബിരിയാണിയും നെയ്‌ച്ചോറും സദ്യയും ഉള്‍പ്പടെ വിവിധ തരം ഭക്ഷണങ്ങള്‍. അത്യാവശ്യം കാശുകാരനായ ഒരു കോഴിക്കോട്ടുകാരന്റെ വീട്ടില്‍ കല്യാണത്തിന് പതിനായിരം പേരില്‍ കൂടുതലുണ്ടാകും, അതും രണ്ടും മൂന്നും ദിവസം. കോഴിക്കോട്ടെ സാഗര്‍, പാരഗണ്‍, റഹ്മത്ത്, ടോപ് ഫോം തുടങ്ങിയ പ്രധാന ഹോട്ടലിലുകളില്‍ തലേന്ന് രാത്രി വിളിച്ചു പറഞ്ഞാല്‍ പിറ്റേന്ന് ഉച്ചക്ക് പതിനായിരം ബിരിയാണി കലോത്സവ വേദികളില്‍ എത്തിക്കാന്‍ അവര്‍ക്കൊരു പ്രയാസവും ഉണ്ടാവില്ല. പഴയിടത്തിന് കിട്ടിയതിന്റെ പകുതി പബ്ലിസിറ്റി കിട്ടുമെങ്കില്‍ ഇവരൊന്നും കാശു വാങ്ങാനും സാധ്യതയില്ല.

വിരുന്നുകാര്‍ വരുമ്പോള്‍ വീടിന്റെ പിറകില്‍ കോഴിയെ പിടിക്കാനോ ബേക്കറിയിലേക്കോ ഓടുന്നതാണ് മിക്ക കോഴിക്കോട്ടുകാരുടെയും കുട്ടിക്കാല ഓര്‍മ. അതിഥികള്‍ക്ക് നല്ല ഭക്ഷണം കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മിക്ക വീട്ടമ്മമാര്‍ക്കും കുറ്റബോധത്താല്‍ രണ്ടുമൂന്ന് ദിവസം ഉറക്കം വരില്ല. ആ ഒരു നഗരത്തില്‍ കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നും വന്ന മിടുക്കരും പ്രതിഭാധനരുമായ കുട്ടികള്‍ക്ക് നല്ല ഒരു ഭക്ഷണം കൊടുക്കാന്‍ കഴിഞ്ഞില്ല എന്നത് കോഴിക്കാട്ടുകാരുടെ ഒരു ദുഃഖമായി അവശേഷിക്കും.

വാല്‍ക്കഷ്ണം: വീണ്ടും വീണ്ടും കോഴിക്കോട്ടേക്ക് തിരിച്ചുവരാറുണ്ട് കലോത്സവങ്ങള്‍. അടുത്ത പ്രാവശ്യം കോഴിക്കോട്ട് കലോത്സവം വരുമ്പോള്‍ ഭക്ഷണത്തിന്റെ മെനു തീരുമാനിക്കുന്ന കാര്യം കോഴിക്കോട്ടുകാര്‍ക്ക് തന്നെ വിട്ടുകൊടുക്കുന്നതാണ് ഉചിതം. ടെന്‍ഡറൊന്നും വേണ്ട, വെറും പതിനായിരം പേര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ കോഴിക്കോട്ടെ ഹോട്ടലുകള്‍ക്ക് കാശൊന്നും കൊടുക്കണ്ട, ഓരോ ഐറ്റം ഓരോരുത്തരെ ഏല്‍പ്പിച്ചാല്‍ മതി.

ഒരു സാമ്പിള്‍ മെനു താഴെ കൊടുക്കുന്നു. വെജിറ്റേറിയന്‍ വേണ്ടവര്‍, ശുദ്ധ വെജിറ്റേയന്‍ വേണ്ടവര്‍ (ഉള്ളിയും പാലുമൊന്നും കഴിക്കാത്ത നിര്‍മല സീതാരാമന്‍, അമിത് ഷാ തുടങ്ങിയവര്‍ക്കുള്ളത്), ഹലാല്‍ വേണ്ടവര്‍, ഹറാം വേണ്ടവര്‍ (നോണ്‍-ഹലാല്‍ ആണ് ഹറാം, കണ്‍ഫ്യൂഷന്‍ വേണ്ട) എന്നിവര്‍ക്കെല്ലാം പ്രത്യേകം പ്രത്യേകം ഭക്ഷണമുണ്ടാകും. ഭക്ഷണ പാക്കറ്റിന് മുകളില്‍ പ്രത്യകം പ്രത്യകം സ്റ്റിക്കര്‍ ഒട്ടിച്ചിട്ടുണ്ടാകും. അതൊന്നും ഇക്കാലത്ത് വലിയ കാര്യമല്ല.

പ്രാതല്‍ :

ഒന്നാം ദിവസം: വെള്ളയപ്പം. + മുട്ടക്കറി (ഹലാല്‍+ഹറാം), ഉരുളക്കിഴങ്ങു കറി (വെജ്), കടലക്കറി (ശുദ്ധ വെജ്)

രണ്ടാം ദിവസം: പത്തിരി + മട്ടന്‍ കറി (ഹലാല്‍/ ഹറാം), ചെറുപയര്‍ കറി (വെജ്), തക്കാളി സ്റ്റ്യു (ശുദ്ധ വെജ്)

മൂന്നാം ദിവസം: മസാല ദോശ (ഹലാല്‍/ ഹറാം/ വെജ്), ഉരുളക്കിഴങ്ങ് ഇടാത്ത മസാലദോശ (ശുദ്ധ വെജ്)

നാലാം ദിവസം: ആലൂ-പൂരി (ഹലാല്‍/ ഹറാം/ വെജ്), പൈന്‍ആപ്പിള്‍ സീര (ശുദ്ധ വെജ്)

അഞ്ചാം ദിവസം: ഫ്രഞ്ച് ടോസ്റ്റ് (ഹലാല്‍+ഹറാം), പൊങ്കല്‍ (വെജ്, ശുദ്ധ വെജ്)

എല്ലാ ദിവസവും ചായ, അല്ലെങ്കില്‍ കാപ്പി. ശുദ്ധ വെജുകാര്‍ക്ക് പാലൊഴിക്കാത്ത ചായ അല്ലെങ്കില്‍ ഓറഞ്ച് ജ്യൂസ്.

ഉച്ച ഭക്ഷണം :

ഒന്നാം ദിവസം: ചിക്കന്‍ ബിരിയാണി (ഹലാല്‍+ഹറാം), വെജിറ്റബിള്‍ ബിരിയാണി (വെജ്), ഉരുളക്കിഴങ്ങും ഉള്ളിയും ഇടാത്ത വെജിറ്റബിള്‍ ബിരിയാണി (ശുദ്ധ വെജ്)

രണ്ടാം ദിവസം: സദ്യ (ഹലാല്‍+ഹറാം+വെജ് ), ഉരുളക്കിഴങ്ങും ഉള്ളിയും ഉപയോഗിക്കാത്ത സദ്യ (ശുദ്ധ വെജ്), കരിമീന്‍ പൊള്ളിച്ചത് (ഹലാല്‍+ഹറാം)

മൂന്നാം ദിവസം: ചിക്കന്‍ മഞ്ചൂരിയന്‍ (ഹലാല്‍+ഹറാം), ആലൂ മഞ്ചൂരിയന്‍ (വെജ്), ടോമോട്ടോ മഞ്ചൂരിയന്‍ (ശുദ്ധ വെജ്)

നാലാം ദിവസം: ചിക്കന്‍ ഫ്രൈഡ് റൈസ് (ഹലാല്‍+ഹറാം), വെജിറ്റബിള്‍ ഫ്രൈഡ് റൈസ് (വെജ്), ഉരുളക്കിഴങ്ങും ഉള്ളിയും ഇടാത്ത വെജിറ്റബിള്‍ ഫ്രൈഡ് റൈസ് (ശുദ്ധ വെജ്)

അഞ്ചാം ദിവസം: ചിക്കന്‍ കുഴിമന്തി (ഹലാല്‍+ഹറാം), വെജിറ്റബിള്‍ ന്യൂഡില്‍സ് (വെജ്, ശുദ്ധ വെജ്)

വൈകുന്നേരം:

ഒന്നാം ദിവസം: പാനി പൂരി (ഹലാല്‍+ഹറാം+വെജ് +ശുദ്ധ വെജ് ), മുട്ടമാല (ഹലാല്‍ + ഹറാം)

രണ്ടാം ദിവസം: ഷവര്‍മ (ഹലാല്‍+ഹറാം+വെജ്) , ദാഹി-പുരി (വെജ്), ദാഹി-പുരി ഉരുളക്കിഴങ്ങും ഉള്ളിയും ഇല്ലാത്തത് (ശുദ്ധ വെജ്)

മൂന്നാം ദിവസം: പഴം പൊരി (ഹലാല്‍+ഹറാം+വെജ്

നാലാം ദിവസം: ചിക്കന്‍ ലോലിപോപ്പ് (ഹലാല്‍/ഹറാം), ഉന്നക്കായ, ചട്ടി പത്തിരി (വെജ്+ശുദ്ധ വെജ്)

അഞ്ചാം ദിവസം: മാക് ഡൊണാള്‍ഡ്സ് ബീഫ് ബര്‍ഗര്‍ (ഹലാല്‍), ഹാം/പോര്‍ക്ക് ബര്‍ഗര്‍ (ഹറാം), മക്ഡൊണാള്‍ഡ്സ് ആലു ബര്‍ഗര്‍ (വെജ്), മക്ഡൊണാള്‍ഡ്സ് പനീര്‍ ബര്‍ഗര്‍ (ശുദ്ധ വെജ്),

കുടിക്കാന്‍ എല്ലാ ദിവസവും: കലന്തന്‍ലസ് ഷാര്‍ജ ഷെയ്ഖ്, ചിക്കു ഷെയ്ഖ്, ഇളനീര്‍ ഷെയ്ഖ്, ചായ, കാപ്പി

രാത്രി:

ഒന്നാം ദിവസം: ബ്രോസ്റ്റഡ് ചിക്കന്‍, കെ.എഫ്.സി അല്ലെങ്കില്‍ ചിക്കിങ് (ഹലാല്‍+ഹറാം), ചോളാ-ബട്ടൂര (വെജ്, ശുദ്ധ വെജ്)

രണ്ടാം ദിവസം: പൂരി + ചിക്കന്‍ കറി (ഹലാല്‍+ഹറാം), പൂരി + ഉരുളക്കിഴങ്ങ് കറി (വെജ്), പൂരി + തക്കാളി സ്റ്റൂ (ശുദ്ധ വെജ്)

മൂന്നാം ദിവസം: പിസ്സ. ചിക്കന്‍ അല്ലെങ്കില്‍ ബീഫ് (ഹലാല്‍+ഹറാം), വെജ് പിസ്സ (വെജ്, ശുദ്ധ വെജ്)

നാലാം ദിവസം: ബര്‍ഗര്‍. ചിക്കന്‍ അല്ലെങ്കില്‍ ബീഫ് (ഹലാല്‍), ഹാം/പോര്‍ക്ക് ബര്‍ഗര്‍ (ഹറാം), വെജിറ്റബിള്‍ ബര്‍ഗര്‍ (വെജ്, ശുദ്ധ വെജ്)

അഞ്ചാം ദിവസം: പൊറോട്ട + ബീഫ് ഫ്രൈ (ഹലാല്‍+ഹറാം), പൊറോട്ട+ ഉരുളക്കിഴങ്ങ് കറി (വെജ്) , പൊറോട്ട + വെണ്ട കറി (ശുദ്ധ വെജ്), പൊറോട്ട + ഉള്ളിക്കറി (കെ. സുരേന്ദ്രന്‍)

ഇത്തരം ഒരു മെനു കുട്ടികളുടെ അഭിപ്രായം കൂടി പരിഗണിച്ച് അടുത്ത പ്രാവശ്യം കഴിക്കാന്‍ കൊടുത്താല്‍ ഇപ്രാവശ്യം കുട്ടികളോട് ചെയ്ത ക്രൂരതക്ക് കോഴിക്കോട്ടുകാര്‍ക്ക് ഒരു പശ്ചാത്താപമാവും.

Content Highlight: Farooq write up on food pattern in Kerala School Kalolsavam 2023 at Kozhikode and about Pazhayidom Mohanan Namboothiri

ഫാറൂഖ്

ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ

We use cookies to give you the best possible experience. Learn more