| Friday, 25th March 2022, 7:37 pm

ശക്തന്‍ ദുഷ്ടന്റെ ഫലം ചെയ്യും

ഫാറൂഖ്

ദീര്‍ഘദൂരം ഡ്രൈവ് ചെയ്യാന്‍ താത്പര്യമുള്ള ടൂറിസ്റ്റുകള്‍ പൊതുവെ റഷ്യ സന്ദര്‍ശിക്കുമ്പോള്‍ മോസ്‌കോയില്‍ നിന്ന് സെന്റ് പീറ്റേഴ്സ്‌ബെര്‍ഗിലേക്ക് ഡ്രൈവ് ചെയ്യും. സെന്റ് പീറ്റേഴ്‌സ്‌ബെര്‍ഗിന്റെ പഴയ പേരാണ് ലെനിന്‍ ഗ്രാഡ്, അതിലും പഴയ പേര് പെട്രോഗ്രാഡ്. പകല്‍ ദൈര്‍ഘ്യം കുറഞ്ഞ റഷ്യയിലെ തണുപ്പുകാലത്ത് ഇത് ഏകദേശം ഒരു പകലത്തെ യാത്രയാണ്.

ഷെങ്കന്‍ വിസയുണ്ടെങ്കില്‍ സെന്റ് പീറ്റേഴ്‌സ്‌ബെര്‍ഗില്‍ നിന്ന് അഞ്ചാറു മണിക്കൂര്‍ ഡ്രൈവ് ചെയ്താല്‍ യൂറോപ്യന്‍ യൂണിയനിലേക്ക് കടക്കാം. ഫിന്‍ലന്‍ഡ്, സ്വീഡന്‍, ഡെന്‍മാര്‍ക്ക്, നോര്‍വേ ഒക്കെ ചെറുചെറു രാജ്യങ്ങളാണ്. പ്രത്യേകിച്ച് ബോര്‍ഡറോ ചെക്ക് പോയിന്റുകളോ ഒന്നുമില്ല.

വഴിയോര റെസ്റ്റോറന്റുകളിലും പെട്രോള്‍ പമ്പിലുമൊക്കെ വണ്ടി നിര്‍ത്തുമ്പോള്‍ റഷ്യയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും തമ്മില്‍ കാര്യമായ ഒരു വ്യത്യാസം കാണാം – പെട്രോള്‍ പമ്പുകളിലെ പുടിന്റെ ചിത്രങ്ങള്‍.

റഷ്യയില്‍ എവിടെയും പുടിനാണ്. കാറുകളുടെ ബമ്പര്‍ സ്റ്റിക്കറുകള്‍, ഫ്യൂവല്‍ ഡിസ്‌പെന്‍സറിന്റെ മറുവശത്ത്, വെറുതെ റോഡ് സൈഡിലുമൊക്കെ. മൊബൈല്‍ ആക്സെസറീസ് ഷോപ്പിലൊക്കെ കയറിയാല്‍ പുടിന്റെ ചിത്രം പ്രിന്റ് ചെയ്ത മൊബൈല്‍ കവറുകളാണ് പകുതിയും, പല പോസിലുളള പുടിന്‍ ചിത്രങ്ങള്‍.

ഷര്‍ട്ടിടാതെ കുതിരപുറത്തിരിക്കുന്ന പുടിന്റെ ചിത്രമാണ് ഏറ്റവും ജനപ്രിയം. ഇനി യൂറോപ്പിലേക്ക് കടന്നാലോ, ചിത്രങ്ങള്‍ പോട്ടെ, അവരവരുടെ പ്രഡിഡന്റോ പ്രധാനമന്ത്രിയോ ആരാണെന്നു പോലും നാട്ടുകാര്‍ക്കറിയില്ല.

ഇത് റഷ്യയില്‍ നിന്ന് യൂറോപ്പിലേക്ക് കടക്കുമ്പോള്‍ മാത്രം കാണുന്നതല്ല. ഉത്തര കൊറിയയില്‍ മുഴുവന്‍ കിം ജോങ് ഉന്നിന്റെ പോസ്റ്ററുകളാണ്. ദക്ഷിണ കൊറിയയിലേക്ക് കടന്നാല്‍ പിന്നെ പോസ്റ്ററുകളും ബോര്‍ഡുകളുമില്ല. സൗത്ത് കൊറിയക്ക് ഒരു പ്രസിഡന്റ് ഉണ്ടോ എന്ന് പോലും ഒരാള്‍ക്കും അറിയില്ല.

ഇതിനെ പറ്റി യൂറോപ്യന്‍മാരോട് ചോദിച്ചാല്‍ ഞങ്ങളെന്തിനാണ് അവരുടെയോക്കെ പടം വെക്കുന്നത് എന്ന് അവര്‍ തിരിച്ചു ചോദിക്കും. യൂറോപ്പില്‍ മാത്രമല്ല, അമേരിക്ക, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലൊക്കെ ഇലക്ഷന്‍ സമയത്ത് നേതാക്കളുടെ പടം കാറിന്റെ ബമ്പര്‍ സ്റ്റിക്കറായി കാണാമെന്നല്ലാതെ അത് കഴിഞ്ഞാല്‍ എവിടെയും കാണില്ല.

ഏതെങ്കിലും ഒരു അമേരിക്കകാരന്‍ ബൈഡന്റെ ചിത്രമുള്ള മൊബൈല്‍ കവര്‍ ഉപയോഗിക്കുന്നത് ആലോചിക്കാന്‍ കഴിയുമോ. അതിന് കാരണമുണ്ട്. പൊതുവെ സമ്പന്ന-വികസിത രാജ്യങ്ങളിലെ നാട്ടുകാര്‍, സര്‍ക്കാര്‍ എന്നത് ഒഴിവാക്കാനാവാത്ത ഒരു ശല്യം എന്ന നിലയ്ക്കാണ് കാണുന്നത്.

തങ്ങള്‍ അധ്വാനിച്ച് കാശുണ്ടാക്കുന്നു, അതില്‍ ഒരു പങ്ക് ടാക്‌സ് എന്നും പറഞ്ഞു പിടിച്ചു വാങ്ങി കുറേപേര്‍ സുഖിച്ചു നടക്കുന്നു. അതാണവര്‍ക്ക് പ്രസിഡന്റും പ്രധാനമന്ത്രിയുമൊക്കെ. അത്യാവശ്യം പോലീസും രെജിസ്‌ട്രേഷന്‍ ഓഫീസുമൊക്കെ നടന്നു പോകേണ്ടതുകൊണ്ട് പാടെ ഒഴിവാക്കാനും പറ്റില്ല. അതാണ് ഒഴിവാക്കാന്‍ പറ്റാത്ത ശല്യം/ബാധ്യത എന്നൊക്കെ സര്‍ക്കാരിനെ പറ്റി അന്നാട്ടുകാര്‍ പറയുന്നത്.

അതുകൊണ്ട് തന്നെ മിനിമം ഗവണ്‍മെന്റ് എന്നതായിരിക്കും എപ്പോഴും ജനങ്ങള്‍ക്ക് സുഖിക്കുന്ന മുദ്രാവാക്യം. മുദ്രാവാക്യത്തിന്റെ അര്‍ത്ഥം ഇത്രയേയുള്ളൂ, അത്യാവശ്യം കാശ് ഞങ്ങള്‍ ടാക്സായി തരും, അതുകൊണ്ട് ഒതുങ്ങി ജീവിച്ചോണം, കൂടുതല്‍ ചോദിക്കരുത്, ശല്യങ്ങള്‍.

ഒരു ഫിന്‍ലന്‍ഡുകാരന്‍ ഇതിനെ പറ്റി പറഞ്ഞതിതാണ്. നമ്മള്‍ എവിടെയെങ്കിലും പോവാന്‍ ഒരു ടാക്‌സി പിടിച്ചു എന്ന് കരുതുക. ടാക്‌സി ഡ്രൈവര്‍ നമ്മെ സുരക്ഷിതമായി മാന്യമായ വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചെന്നു കരുതി അയാളുടെ ഫോട്ടോ നമ്മള്‍ മൊബൈല്‍ കവറില്‍ പ്രിന്റ് ചെയ്യുമോ. ഇല്ല. അതയാളുടെ ജോലി. നമ്മള്‍ കൂലി കൊടുക്കും. അത്ര തന്നെ.

ഇനി അയാള്‍ നന്നായി ഡ്രൈവ് ചെയ്തില്ല എന്നുവെക്കുക, നമ്മള്‍ അയാളെ ചീത്ത പറയുകയോ കൂലി കൊടുക്കാതിരിക്കുകയോ ഒക്കെ ചെയ്യും. പ്രധാനമന്ത്രിയും പ്രസിഡന്റുമൊക്കെ അത്രയേയുള്ളൂ, നല്ലത് ചെയ്യേണ്ടത് അവരുടെ ജോലി, അതിന് പ്രത്യേകം പ്രശംസയൊന്നും ആവശ്യമില്ല, അവര്‍ക്കുള്ള ശമ്പളവും ബത്തയുമൊക്കെ ടാക്‌സ് ആയി കൊടുക്കുന്നുണ്ടല്ലോ. നന്നായി ഭരിച്ചിട്ടില്ലെങ്കില്‍ നമ്മള്‍ ഇടപെട്ടാല്‍ മതി.

എല്ലാ രാജ്യങ്ങളും ഇങ്ങനെയല്ല. ഇസ്തംബുളില്‍ എര്‍ദോഗാന്റെ ചിത്രം പ്രിന്റ് ചെയ്ത മൊബൈല്‍ കവറുകളും ലാപ്‌ടോപ്പ് ബാഗുകളുമൊക്കെ കാണാം. ശ്രീലങ്കയില്‍ രജപക്‌സെ കുടുംബത്തിലെ ആരുടെയെങ്കിലുമൊക്കെ പടം എല്ലായിടത്തുമുണ്ട്. ബ്രസീലില്‍ ബോള്‍സെനാറോയുടെ പടം പ്രിന്റ് ചെയ്ത ടീ ഷര്‍ട്ടിട്ട യുവാക്കള്‍, ഇന്ത്യയില്‍ മോദിയുടെ മുഖമുള്ള പെട്രോള്‍ പമ്പുകള്‍, അങ്ങനെ പലയിടത്തും.

ഇന്നാട്ടുകാര്‍ക്കും ന്യായമുണ്ട്. അവരുടെ ന്യായം ഇതാണ്. ഞങ്ങളുടേത് ആക്രമിക്കപ്പെടുന്ന ഒരു രാജ്യമാണ്. ആന്തരികമായും ബാഹ്യമായും ഞങ്ങള്‍ക്ക് ശത്രുക്കളുണ്ട്. കയ്യില്‍ കാശില്ല. ജനങ്ങളെക്കൊണ്ട് കാര്യമായി ഒന്നും ചെയ്യാന്‍ കഴിയില്ല. അതുകൊണ്ട് ഞങ്ങള്‍ക്ക് ശക്തനായ ഒരു നേതാവ് വേണം. ഞങ്ങള്‍ പിന്നില്‍ അണിനിരന്നോളാം. ശക്തനായ നേതാവിന് വേണ്ടി എന്ത് ത്യാഗം വേണമെങ്കിലും ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണ്. റഷ്യ, തുര്‍ക്കി, ശ്രീലങ്ക തുടങ്ങി ഇന്ത്യ വരെ ജനങ്ങളോട് സംസാരിക്കുമ്പോള്‍ ഈ ലേഖകന് കിട്ടിയ ഉത്തരങ്ങളാണിത്.

ഈ രണ്ടു വാദങ്ങളും പുതിയതൊന്നുമല്ല. രണ്ടു നൂറ്റാണ്ടു മുമ്പ് അമേരിക്കന്‍ ഭരണഘടന നിലവില്‍ വന്ന കാലം മുതല്‍ ദുര്‍ബലമായ ഗവണ്‍മെന്റ് ആണ് അമേരിക്കക്കാരുടെ മുദ്രാവാക്യം. അതിലും സഹസ്രാബ്ധങ്ങള്‍ക്ക് മുമ്പ് തന്നെ ശക്തമായ ഭരണാധികാരിയെ പാടി പുകഴ്ത്തുന്ന പതിവുമുണ്ട്.

രണ്ടു വിധം ഭരണങ്ങള്‍ അവരവരുടെ ഭരണീയര്‍ക്ക് എന്ത് നല്‍കി എന്ന് പരിശോധിക്കുമ്പോള്‍ കൗതുകകരമായ ഒരു കാര്യം കാണാം, ദുര്‍ബലമായ സര്‍ക്കാരുകള്‍ ജനങ്ങള്‍ക്ക് സമ്പന്നതയും ജീവിത സൗകര്യങ്ങളും നല്‍കി, ശക്തര്‍ നല്‍കിയത് പട്ടിണിയും പരിവട്ടവും യുദ്ധങ്ങളും കലാപങ്ങളും.

തൊണ്ണൂറുകളിലെപ്പോഴോ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കേരളത്തിലെ വീടുകളിലേക്ക് ഒരു ബക്കറ്റുമായി പിരിവിന് വന്നത് ഓര്‍ക്കുന്നു. വളരെ കൗതുകകരമായ ഒരു ആവശ്യത്തിനായിരുന്നു പിരിവ്. ക്യൂബയിലെ പട്ടിണിക്കാര്‍ക്ക് അയച്ചു കൊടുക്കാന്‍ വേണ്ടി കുറച്ചു അരി വേണം. അപ്പോഴേക്ക് ഫിദല്‍ കാസ്‌ട്രോ ക്യൂബയില്‍ അധികാരത്തില്‍ വന്നിട്ട് മുപ്പത്തഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു.

ഫിദല്‍ കാസ്‌ട്രോ പതിറ്റാണ്ടുകളോളം ഭരണത്തില്‍ തുടരുമ്പോഴും പ്രായാധിക്യം കൊണ്ട് മാറി പോവുമ്പോള്‍ അനുജന് ഭരണം കൈമാറുമ്പോഴും ക്യൂബക്കാര്‍ക്കും അവരുടെ അനുയായികള്‍ക്കും ഒരു ന്യായമേ ഉണ്ടായിരുന്നുള്ളൂ. ക്യൂബയ്ക്ക് രാജ്യത്തിനകത്തും പുറത്തും ശക്തരായ ശത്രുക്കളുണ്ട്. അതുകൊണ്ട് ശക്തനായ ഭരണാധികാരി വേണം.

അരനൂറ്റാണ്ടിനു മുകളില്‍ ശക്തനായ കാസ്‌ട്രോ ഭരിച്ചതിനു ശേഷം ഇന്നും ക്യൂബയ്ക്ക് വേണ്ടി ഡി.വൈ.എഫ്.ഐക്കാര്‍ക്ക് പിരിവെടുക്കേണ്ട സ്ഥിതിയാണ്.

ഫിദല്‍ കാസ്‌ട്രോ

ഫിദല്‍ കാസ്‌ട്രോ ഒരുദാഹരണം മാത്രം. പരമ ശക്തനായ സദ്ദാം ഹുസൈന്റെ ഭരണം ഇരുപത് വര്‍ഷം കഴിഞ്ഞപ്പോള്‍ ഒരു കാലത്ത് മിഡില് ഈസ്റ്റിലെ ഏറ്റവും സമ്പന്നരായിരുന്ന ഇറാഖികള്‍ ഭക്ഷണവും മരുന്നും ഇല്ലാതെ നരകിച്ചു മരിക്കാന്‍ തുടങ്ങി. ഗദ്ദാഫിയുടെ ലിബിയയും അതുപോലെ. ശക്തരായ രജപക്‌സെമാരുടെ ഭരണം നടക്കുന്ന ശ്രീലങ്കയുടെ സ്ഥിതിയും അതിലും ശക്തനായ എര്‍ദോഗാന്റെ തുര്‍ക്കിയുടെ സ്ഥിതിയുമൊക്ക നമുക്കറിയാം.

ഇന്നത്തെ പത്രങ്ങളിലൊക്കെ രണ്ടു ഫോട്ടോകള്‍ ഉണ്ട്. ഒന്ന് റഷ്യയില്‍ പഞ്ചസാരയ്ക്ക് വേണ്ടി ജനങ്ങള്‍ ക്യൂ നില്‍ക്കുന്ന ചിത്രം. രണ്ട്, പെട്രോളിനും ഗ്യാസിനും വേണ്ടി ശ്രീലങ്കക്കാര്‍ കിലോമീറ്ററുകളോളം ക്യൂ നില്‍ക്കുന്ന ചിത്രം. എ.ടി.എമ്മിന് മുമ്പില്‍ ആബാലവൃദ്ധം ജനങ്ങള്‍ ക്യൂ നിന്ന നമ്മുടെ സ്വന്തം അനുഭവം മറക്കുന്നില്ല.

ഇപ്പോള്‍ ഉത്തരേന്ത്യയില്‍ റേഷന്‍ കടകള്‍ക്ക് മുമ്പില്‍ വലിയ ക്യൂകള്‍ വന്നു തുടങ്ങിയിട്ടുണ്ട്. ക്യൂ എന്നത് ശക്തരായ ഭരണാധികാരികള്‍ ജനങ്ങള്‍ക്ക് നല്‍കുന്ന ഏറ്റവും പ്രകടമായ സമ്മാനങ്ങളിലൊന്നാണ്. ക്യൂ നിന്ന് മടുത്തത് കൊണ്ടാണ് റഷ്യക്കാര്‍ ലെനിന്‍ ഗ്രാഡിന്റെയും സ്റ്റാലിന്‍ ഗ്രഡിന്റെയുമൊക്കെ പേര് തന്നെ മാറ്റി കളഞ്ഞത്.

ശക്തനനായ ഭരണാധികാരികള്‍ വരുമ്പോള്‍ ജനങ്ങള്‍ ദുര്‍ബലരാകുന്നതിന് പല കാരണങ്ങളുണ്ട്.

ഒന്ന്, ശക്തനനായ ഭരണാധികാരിക്ക് താന്‍ ശക്തനാണെന്ന് ഇടയ്ക്കിടെ നാട്ടുകാരെ കാണിക്കാന്‍ തോന്നും. അതൊക്കെ മിക്കവാറും മണ്ടത്തരങ്ങളായിരിക്കുകയും ചെയ്യും. ശ്രീലങ്കയിലെ ജൈവകൃഷി, പുടിന്റെ ഉക്രൈന്‍ ആക്രമണം, ഇന്ത്യയുടെ നോട്ട് നിരോധനം തുടങ്ങിയവ.

രണ്ട്, ശക്തനായ ഭരണാധികാരികളോട് എതിര്‍ത്ത് പറയാന്‍, മണ്ടത്തരങ്ങള്‍ മണ്ടത്തരങ്ങളാണെന്ന് പറയാന്‍ ചുറ്റുമുള്ളവര്‍ക്ക് പേടിയായിരിക്കും. അതുകൊണ്ട് മണ്ടത്തരങ്ങളും ദുരന്തങ്ങളും തുടര്‍ന്ന് കൊണ്ടേയിരിക്കും.

സിവില്‍ സൊസൈറ്റി അഥവാ പൊതുസമൂഹത്തിന് പോലും സര്‍ക്കാരിനെ പേടിയായിരിക്കും, മാധ്യമങ്ങളുടെ കാര്യം പറയാനുമില്ല. മിക്കവാറും മണ്ടത്തരങ്ങളും അതുകൊണ്ട് തന്നെ ചോദ്യം ചെയ്യപ്പെടാതെ പോകും. ക്രമേണ ജനത്തെ ഭരിക്കുന്നവര്‍ക്ക് പേടിയില്ലാതാകും.

ഇതൊന്നുമല്ല പ്രധാനം. ഹിറ്റ്‌ലര്‍ പറയുന്നുണ്ട്, ഭരണാധികാരി ശക്തനാവണമെങ്കില്‍ പൗരന്മാര്‍ അത്രയും ദുര്‍ബലരായിരിക്കണം. ഭക്ഷണം കഴിക്കുന്നതിനു പോലും അവര്‍ അധികാരികളോട് നന്ദിയുള്ളവരായിരിക്കണം എന്നൊക്കെ.

ശക്തിയും ദൗര്‍ബല്യവുമൊക്കെ ആപേക്ഷികമാണ്. ശക്തിയുള്ള ഭരണാധികാരി എന്നത് ശക്തിയില്ലാത്ത ജനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉണ്ടാകുന്നതാണ്. ആപേക്ഷികമായി ഒരു ഭരണാധികാരിക്ക് ശക്തി കൂടിക്കൂടി വരണമെങ്കില്‍ ജനങ്ങളുടെ ശക്തി കുറച്ച് കുറച്ചു കൊണ്ടുവരണം.

ഇത് ഇക്കഴിഞ്ഞ യു.പി തെരഞ്ഞെടുപ്പില്‍ കാണാം. സൗജന്യ റേഷനരി ആയിരുന്നു പ്രധാന വാഗ്ദാനം. ആ റേഷനരി നിന്നുപോവാതിരിക്കാന്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യണമെന്ന് ഭരിക്കുന്നവരുടെ ഭീഷണി. ജോലി, നല്ല ജീവിതം തുടങ്ങിയ വാഗ്ദാനങ്ങളൊന്നുമില്ല, റേഷനരി, അത് മാത്രം.

ഇപ്പറഞ്ഞ അനക്‌ഡോട്ടല്‍ ഉദാഹരണങ്ങള്‍ പോരെന്നുള്ളവര്‍ക്ക് ഡാറ്റ പരിശോധിക്കാം.

ഏറ്റവും ദുര്‍ബലനായ പ്രധാനമന്ത്രിയായിരുന്ന ദേവഗൗഡയുടെ കാലത്താണ് ഏറ്റവും വലിയ സാമ്പത്തിക വളര്‍ച്ച ഇന്ത്യക്കുണ്ടായത്. വളര്‍ച്ചയില്‍ രണ്ടാമത്തേത് ഏറ്റവും ദുര്‍ബലാണെന്ന് ജനങ്ങള്‍ കളിയാക്കിയ മന്‍മോഹന്‍ സിംഗിന്റെ കാലത്ത്. ന്യൂനപക്ഷ ഗവണ്‍മെന്റായിരുന്ന നരസിംഹ റാവു മന്ത്രിസഭയാണ് സാമ്പത്തിക കുതിച്ചു ചാട്ടം ഇന്ത്യക്കുണ്ടാക്കിയത് എന്നതും മറക്കരുത്. ഏറ്റവും കുറഞ്ഞ സാമ്പത്തിക വളര്‍ച്ച ഉണ്ടായത് ശക്തരെന്ന് കരുതിയ മോദിയുടെയും ഇന്ദിരയുടെയും കാലത്താണ്.

തുടക്കത്തില്‍ പറഞ്ഞ പോലെ, നിങ്ങള്‍ യാത്രകള്‍ ചെയ്യുമ്പോള്‍ ഏതെങ്കിലും രാജ്യത്തെ ജനങ്ങള്‍ അവരുടെ മൊബൈല്‍ ഫോണിന്റെ കവറിലും കാറിന്റെ ബമ്പര്‍ സ്റ്റിക്കറിലും പെട്രോള്‍ പമ്പിലെ ഹോര്‍ഡിങ്ങിലുമൊക്കെ സ്വന്തം പ്രസിഡന്റിന്റെയോ പ്രധാനമന്ത്രിയുടെയോ ചിത്രം പതിച്ചിരിക്കുന്നത് വ്യാപകമായി കാണുന്നു എന്നിരിക്കട്ടെ, കുറച്ചു വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അതെ ജനങ്ങള്‍ പെട്രോളിനും റേഷനരിക്കും ക്യൂ നില്‍ക്കുന്ന ചിത്രം പത്രത്തില്‍ കാണാം. അതാണ് ചരിത്രവും വര്‍ത്തമാനവും.

Content Highlight: Farooq talks about ‘powerful rulers’

ഫാറൂഖ്

ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ

We use cookies to give you the best possible experience. Learn more