ലക്ഷ്യമില്ലാത്ത യാത്രകള്‍ എന്നൊക്കെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സംബന്ധമായ ഒരു ലേഖനത്തിന് തലക്കെട്ട് വരാന്‍ പാടില്ലാത്തതാണ്. പക്ഷെ ഈ തലക്കെട്ട് എന്റേതല്ല, സുപ്രീം കോടതി നിയമിച്ച വിദഗ്ധ സമിതി കോടതിക്ക് കൊടുത്ത പ്രാഥമിക റിപ്പോര്‍ട്ടിലെ വരികളാണ്. സത്യത്തില്‍ ഇത്ര ഭംഗിയായി എഴുതപ്പെട്ട കോടതി റിപോര്‍ട്ടുകള്‍ അധികമില്ല, സുന്ദരമായ വരികള്‍, 173 പേജുകളില്‍ സംക്ഷിപ്തം. സാധാരണ കോടതി രേഖകള്‍ 12,000 പേജുകള്‍ എന്നൊക്കെ പറഞ്ഞു എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയും ഷേക്സ്പിയര്‍ സാഹിതൃവും കോപ്പിയടിച്ചുവെക്കുന്ന ഇക്കാലത്ത് 173 പേജ് മാത്രം നീളമുള്ള റിപ്പോര്‍ട്ട് വായിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് വലിയ ആശ്വസമാണ്. രഹസ്യ റിപ്പോര്‍ട്ട് ആയിരിക്കുമെന്ന് പറഞ്ഞിട്ടും ഈ റിപ്പോര്‍ട്ട് പരസ്യമാക്കിയിരിക്കുകയാണ്, അത് തന്നെ സംശയാസ്പദമാണ്. ഏതായാലും മുഴുവന്‍ റിപ്പോര്‍ട്ട് ഇവിടെ വായിക്കാം ( Report-of-the-SC-appointed-Expert-Committee-on-Adani-Hindeburg)
എന്തുകൊണ്ടാണ് അദാനി അന്വേഷണങ്ങളെ ഈ റിപ്പോര്‍ട്ട് ‘ലക്ഷ്യമില്ലാത്ത യാത്രകള്‍’ എന്ന് വിളിക്കുന്നത്. ഇന്ത്യയിലെ മുഴുവന്‍ സിസ്റ്റവും കള്ളപ്പണക്കാര്‍ക്കും ക്രോണി ക്യാപിറ്റലിസ്റ്റുകള്‍ക്കും വേണ്ടി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് വ്യക്തമായി മനസിലാക്കണമെങ്കില്‍ ഈ റിപ്പോര്‍ട്ട് വായിക്കണം. അത് വിശദീകരിക്കുന്നതിന് മുമ്പേ ഒരു നുറുങ്ങു വസ്തുത പറയാം.
ഇന്ത്യന്‍ സ്റ്റോക്ക് വ്യാപാരത്തിന്റെ മൊത്തം റെഗുലേറ്ററാണ് സെബി. ഓഹരി വിപണിയിലെ തട്ടിപ്പുകള്‍ നിയന്ത്രിക്കുന്നത്, കുറ്റവാളികളെ ശിക്ഷിക്കുന്നത്, അതിന് വേണ്ടി നിയമങ്ങളും വകുപ്പുകളുമൊക്കെ ഉണ്ടാക്കുന്നത് ഒക്കെ സെബിയുടെ അധികാരപരിധിയില്‍ വരുന്നതാണ്. അതിന്റെ മേധാവിയായിരുന്നു യു.കെ സിന്‍ഹ. സെബി ചെയര്‍മാനായി വിരമിച്ച ശേഷം അദ്ദേഹത്തിന് പുതിയൊരു ജോലി കിട്ടി. ഈയടുത്ത് അദാനി വാങ്ങിയ എന്‍.ഡി.ടി.വിയിലാണ് ജോലി. സെബി ചെയര്‍മാനായി ജോലി ചെയ്ത ഒരാള്‍ക്ക് എന്‍.ഡി.ടി.വിയില്‍ എന്താണ് ചെയ്യാനുള്ളത് എന്ന് ചോദിക്കരുത്. രണ്ടരലക്ഷം മാസ ശമ്പളവും കാറും ദല്‍ഹിയില്‍ ഒരു ബംഗ്ലാവും അദാനി കൊടുക്കും. ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടര്‍ എന്നതാണ് പോസ്റ്റ്. പ്രത്യേകിച്ച് ജോലിയൊന്നും ചെയ്യേണ്ട, ശമ്പളം മാസാമാസം അക്കൗണ്ടിലെത്തും. ഇനി പറയാന്‍ പോകുന്നതും ഇതുമായി ഒരു ബന്ധവുമില്ല.
ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പിനെ കുറിച്ചുവന്ന സ്റ്റോക്ക് തിരിമറി, കള്ളപ്പണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചന്വേഷിച്ചു മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് തരാന്‍ സെബിയോടും സെബിക്ക് ഇക്കാര്യങ്ങളില്‍ വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കാനും ഭാവിയില്‍ ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തൊക്കെ ചെയ്യാമെന്ന് വിശദമായി പഠിച്ച ശേഷം നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഒരു കമ്മിറ്റിയോടും സുപ്രീം കോടതി ആവശ്യപ്പെടുകയിരുന്നു. എന്നാല്‍ മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് തരാന്‍ സാധ്യമല്ലെന്നും ആറു മാസം കൂടി നീട്ടിത്തരണമെന്നും സെബി സുപ്രീം കോടതിയോട് അഭ്യര്‍ത്ഥിച്ചു. സെബി വര്‍ഷങ്ങളായി അന്വേഷിക്കുന്ന ഒരു കാര്യം ഉപസംഹരിക്കാന്‍ മൂന്ന് മാസത്തിലധികം എന്തിനാണെന്ന് ചോദിച്ച കോടതിയിലേക്ക് അദാനിയെ കുറിച്ച് ഇതിനുമുമ്പ് അന്വേഷണങ്ങളൊന്നും സെബി നടത്തിയിട്ടില്ലെന്ന് പറയുന്ന ഒരു അഫിഡവിറ്റ് സെബി സമര്‍പ്പിച്ചു. 22 വയസുകാരനായ ഒരു ജൂനിയറിനെ കൊണ്ടാണ് സെബി ഈ കടുംകൈ ചെയ്യിച്ചത്. കുട്ടിക്കുറങ്ങാനെ കൊണ്ട് ചുടുചോറ് തിന്നിക്കുന്ന രീതി. കാരണം ധനകാര്യ വകുപ്പ് പാര്‍ലമെന്റില്‍വെച്ച രേഖക്ക് കടകവിരുദ്ധമായിരുന്നു ഈ അഫിഡവിറ്റ്.
അദാനിക്കെതിരെ അന്വേഷണം നടക്കുന്നിരുന്നില്ല എന്ന് കാണിച്ചു സെബി സുപ്രിം കോടതിയിൽ കൊടുത്ത അഫിഡവിറ്റ്
2021 ജൂലൈയില്‍ പാര്‍ലമെന്റില്‍ നല്‍കിയ ഒരു മറുപടിയില്‍, ധനകാര്യ സഹമന്ത്രി, അദാനിക്കെതിരെ സെബി അന്വേഷണം നടത്തിക്കൊണ്ടിരിക്കുയാണെന്ന് വിശദമാക്കിയിരുന്നു. ഇതിനുമുമ്പ് ഡൂള്‍ ന്യൂസ് ഈ വിഷയത്തില്‍ പ്രസിദ്ധീകരിച്ച സീരീസ് വായിച്ചവര്‍ക്ക് ഇക്കാര്യം ഓര്‍മയുണ്ടാകും. (പുരയ്ക്ക് മീതെ ചാഞ്ഞ അദാനി) .
അദാനിക്കെതിരെ സെബി അന്വേഷണം നടത്തി കൊണ്ടിരിക്കുകയാണ് എന്ന് കാണിച്ച ധനകാര്യ സഹമന്ത്രി പാർലമെന്റിൽ നൽകിയ മറുപടി. ഇതിന് കടകവിരുദ്ധമാണ് മുകളിൽ കൊടുത്ത അഫിഡവിറ്റ്
ഇങ്ങനെ ഒരു അഫിഡവിറ്റ് കോടതിയില്‍ വന്നതിനെ തുടര്‍ന്ന് ധനകാര്യവകുപ്പ് ഇത് നിഷേധിച്ചുകൊണ്ട് വേറൊരു പത്രക്കുറിപ്പ് ഇറക്കി.
The Government stands by its reply in Lok Sabha on 19th July 2021 to Q. No. 72, which was based on due diligence and inputs from all concerned agencies. https://t.co/JGZHXT6kqM
— Ministry of Finance (@FinMinIndia) May 15, 2023
പാര്‍ലമെന്റില്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു എന്നതായിരുന്നു അതിന്റെ ചുരുക്കം. ധനകാര്യ വകുപ്പ്, അതിനോട് ചേര്‍ന്ന് കിടക്കുന്ന സെബി, ഇവര്‍ രണ്ട് പേരും പറയുന്നത് പരസ്പര വിരുദ്ധമായ രണ്ട് കാര്യങ്ങള്‍, ഒന്ന് സുപ്രീം കോടതിയിലും മറ്റൊന്ന് പാര്‍ലമെന്റിലും, എന്നിട്ട് ആര്‍ക്കും ഒരു പ്രശ്‌നവുമില്ലാതിരിക്കുക, ആരും രാജിവെക്കാതിരിക്കുക എന്നൊക്കെയാണ് ഇപ്പോഴത്തെ രീതി. അദാനി പുതിയ പണപ്പിരിവിനിറങ്ങിയിട്ടുണ്ട്, അതിന് വേണ്ടി ഇന്‍വെസ്റ്റേഴ്‌സിനെ പാകപ്പെടുത്താനുള്ള പണിയാകും. അതങ്ങനെ നടക്കട്ടെ.
വിദഗ്ധ സമിതി റിപ്പോര്‍ട്ട് വായിച്ചാല്‍ ഏതൊരാള്‍ക്കും മനസിലാകുന്ന ഒരു വസ്തുതയുണ്ട്, ഹിന്‍ഡന്‍ബെര്‍ഗ് ഉന്നയിച്ച അദാനി തട്ടിപ്പുകള്‍ ഒന്നോ രണ്ടോ കൊല്ലം കൊണ്ടുണ്ടായതല്ല, പല ഘട്ടങ്ങളായി സെബിയുടെയും മറ്റ് എജന്‍സികളുടെയും സര്‍ക്കാരിന്റെയും പിന്തുണയും പ്രോത്സാഹനവും ഈ തട്ടിപ്പുകള്‍ക്കുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് 2019ല്‍ സെബി അതിന്റെ ചട്ടങ്ങളില്‍ വരുത്തിയ നിര്‍ണായകമായ ഒരു മാറ്റം, ആ ഒരു മാറ്റത്തിന്റെ മുമ്പിലാണ് സുപ്രീം കോടതിയും അത് നിയോഗിച്ച വിദഗ്ധ സമിതിയും പകച്ചുനില്‍ക്കുന്നത്. ലളിതമാണ് ഈ മാറ്റം. 2018 ന് മുമ്പ് സ്റ്റോക്ക് എക്ചേഞ്ചില്‍ നിക്ഷേപിക്കുന്ന സ്ഥാപനങ്ങള്‍ ആ സ്ഥാപനങ്ങള്‍ക്ക് പണം നല്‍കുന്ന യഥാര്‍ത്ഥ ഉടമകളുടെ പൂര്‍ണ വിവരങ്ങള്‍ സെബിയെയും മറ്റ് നിക്ഷേപകരെയും അറിയിക്കണമായിരുന്നു.
ഫൈനല്‍ ബെനിഫിഷ്യറി അഥവാ അവസാനത്തെ ആളുടെ വരെ കെയൈസീ അറിയിച്ചിട്ടേ നിക്ഷേപം അനുവദിക്കുമായിരുന്നുള്ളൂ. 2018ല്‍ ആ നിയമം സെബി എടുത്തുകളഞ്ഞു. ഇപ്പോള്‍ നിക്ഷേപം നടത്തുന്ന കമ്പനിയുടെ പേര് മാത്രമേ വേണ്ടൂ, ആ കമ്പനിക്ക് പിന്നില്‍ ആരാണെന്ന് പറയണ്ട. കള്ളപ്പണം കയ്യിലുള്ളവര്‍ക്ക് മൗറീഷ്യസിലോ കയ്മാന്‍ ദ്വീപുകളിലോ ഒരു കമ്പനി രജിസ്റ്റര്‍ ചെയ്യാം, ഇഷ്ടംപോലെ പണം ഇന്ത്യന്‍ ഓഹരിയിലേക്ക് പമ്പ് ചെയ്യാം, കള്ളപ്പണം വെള്ളപണമാക്കാം. കള്ളപ്പണക്കാര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു എന്ന് പറയുന്ന ഒരു സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുമ്പോള്‍ ചെയ്തു വച്ചതാണിത്. അതിന് ഫലമുണ്ടായി. കള്ളപ്പണം ഇന്ത്യയിലേക്കൊഴുകി. ആരൊക്കെ എവിടെയൊക്കെ ഷെല്‍ കമ്പനികളുണ്ടാക്കി ഇന്ത്യയിലേക്ക് കള്ളപ്പണം ഒഴുക്കുന്നു എന്നറിയാന്‍ നിയമപരമായി ഒരു മാര്‍ഗവുമില്ലാതെയായി. വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നതിന്റെ സംക്ഷിത വിവര്‍ത്തനം ഇവിടെ കൊടുക്കുന്നു.
( പേജ് 10 ). ‘ ഓഹരി തട്ടിപ്പ് നടന്നോ എന്നത് അദാനിയുടെ കമ്പനിയിലേക്ക് വന്ന 13 വിദേശ കമ്പനികളിലെ യഥാര്‍ത്ഥ നിക്ഷേപകര്‍ ആരാണെന്നതിനെ ആശ്രയിച്ചിരിക്കും.- 2002 ലെ PMLA ( കള്ളപ്പണ നിരോധന നിയമം)യും തുടര്‍ന്ന് വന്ന 2004 ലെ ആക്റ്റും തുടര്‍ന്നുള്ള 2014 ലെ ഭേദഗതികളും അനുസരിച്ചു, വിദേശത്തുനിന്ന് ഓഹരിയില്‍ പണം നിക്ഷേപിക്കുന്ന കമ്പനിയുടെ ഉടമസ്ഥരില്‍ അവസാനത്തെ ആളെ വരെ വരെ വെളിപ്പെടുത്തേണ്ടതുണ്ടായിരുന്നു. പക്ഷെ 2018ല്‍ നടത്തിയ ഭേദഗതി പ്രകാരം ആ നിബന്ധന എടുത്തുകളഞ്ഞു. ‘opaq stucture’ ( നിഗൂഢ ശൃംഖല ) എന്ന വാക്ക് തന്നെ ആ ഭേദഗതിയിലൂടെ നിയമത്തില്‍ നിന്ന് അപ്രത്യക്ഷമായി. 13 കമ്പനികളുടെ പിറകില്‍ 42 നിക്ഷേപകര്‍ ഉണ്ടെന്നാണ് കരുതുന്നത്. ഇവരെ കണ്ടുപിടിക്കാനായി സെബി ഇ.ഡി, സി.ബി.ഡി.ടി, എന്നിവക്ക് പുറമെ ഏഴ് രാജ്യങ്ങളിലെ കുറ്റാന്വേഷണ ഏജന്‍സികളെയും ബന്ധപ്പെട്ടു. ആരും സഹകരിച്ചില്ല.(ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം കയ്മാന്‍ ദ്വീപുകള്‍, മൗറീഷ്യസ്, മാള്‍ട്ട, കുറകാവോ, ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകള്‍, ബര്‍മുഡ എന്നിവയിലാണ് ഈ 42 നിക്ഷേപകരുള്ളത്). ഓഹരി തട്ടിപ്പ് നടന്നതായി സംശയിക്കാമെങ്കിലും ഈ ഭേതഗതിയുടെ അടിസ്ഥാനത്തില്‍ നിയമപരമായി തെറ്റുണ്ടെന്ന് കണ്ടെത്താനാകില്ല,’
( പേജ് 17 ) ‘കുറ്റ കൃത്യങ്ങള്‍ കണ്ടു പിടിക്കാനുള്ള സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളുടെ കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ അദാനിയെ കുറിച്ച് 849 തവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹിഡണ്‍ബെര്‍ഗ് റിപ്പോര്‍ട്ടിന് മുമ്പ് രണ്ട് പ്രാവശ്യവും ശേഷം വീണ്ടും രണ്ടു പ്രാവശ്യവും സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് സെബിക്ക് തന്നെ ഇത്തരം റിപോര്‍ട്ടുകള്‍ ലഭിച്ചിരുന്നു. എങ്കിലും ഈ റിപ്പോര്‍ട്ടുകളില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ സെബിക്ക് സാധിച്ചില്ല,’
എന്തുകൊണ്ട് ഇക്കാര്യത്തില്‍ ഒരു ജെ.പി.സി അന്വേഷണം വേണം എന്ന് ഈ റിപ്പോര്‍ട്ട് വായിച്ചാല്‍ മനസിലാകും. സുപ്രീം കോടതി നിയമിച്ച കമ്മിറ്റിയായിട്ടും സി.ബി.ഐ, ഇ.ഡി, സി.ബി.ഡി.ടി എന്നിവയൊന്നും അന്വേഷണവുമായി സഹകരിച്ചില്ല. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്സ് റിപ്പോര്‍ട്ട് പ്രകാരം വിദഗ്ധ സമിതിയുടെ ദയനീയാവസ്ഥ വെളിവാക്കുന്നത് അവര്‍ ജെ.പി. മോര്‍ഗന്‍, ഗോള്‍ഡ്മാന്‍ സാഷ്, സിറ്റി ഗ്രൂപ്, ബാങ്ക് ഓഫ് അമേരിക്ക, മോര്‍ഗന്‍ സ്റ്റാന്‍ലി എന്നിവറോട് ചില ഡാറ്റ ചോദിച്ചിട്ട് ഒരാള്‍ പോലും മറുപടി അയച്ചില്ല എന്ന് പറയുന്ന സ്ഥലത്താണ്.
‘ഞങ്ങള്‍ വിവരങ്ങള്‍ ചോദിച്ച ഒരു ഇന്റര്‍നാഷണല്‍ ഏജന്‍സി പോലും മറുപടി അയക്കാന്‍ പോലും തയ്യാറായില്ല,’ കമ്മിറ്റി പരിതപിക്കുന്നു. ജെ.പി.സിക്ക് അധികാരങ്ങളുണ്ടാവും, അവര്‍ വിളിച്ചാല്‍ ഏത് ഏജന്‍സി ആയാലും വരേണ്ടി വരും, ഇല്ലെങ്കില്‍ അവര്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാനോ ബിസിനസ് ചെയ്യാനോ കഴിയില്ല. ഒരുപക്ഷെ അതായിരിക്കും തലപോയാലും അദാനി വിഷയത്തില്‍ ജെ.പി.സീ അനുവദിക്കില്ല എന്ന് ബി.ജെ.പിക്കാര്‍ പറയുന്നത്.
ഈ കോളം ഇതിനുമുമ്പ് ചൂണ്ടി കാണിച്ചപോലെ ഹിദ്ദേന്‌ബെര്‍ഗ് ലാഭമുണ്ടാക്കാനായി മാത്രം വന്ന ഷോര്‍ട്ട് സെല്ലെര്‍ ആണ്. സ്റ്റോക്ക് വില കുറയുമ്പോള്‍ അവര്‍ ലാഭമെടുക്കും. ആയിരം കോടി ഈ പ്രോജെക്ടില്‍ അവര്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അദാനി ഷെയര്‍ പകുതി വിലക്ക് വില്‍ക്കുന്ന സമയത്ത് അവര്‍ അഞ്ഞൂറ് കോടി ലാഭമുണ്ടാക്കി സ്ഥലം വിട്ടിട്ടുണ്ടാകും. (മോദി കാലം കഴിഞ്ഞാല്‍ അദാനി എടുക്കാച്ചരക്കാവും; പുരയ്ക്ക് മീതെ ചാഞ്ഞ അദാനി; മൂന്നാം ഭാഗം).
പക്ഷെ ഹിന്‍ഡന്‍ബെര്‍ഗ് ഇന്ത്യക്ക് നല്ല ഒരവസരമായിരുന്നു, കള്ള പണവും ഓഹരിതട്ടിപ്പുകളും നിയന്ത്രിക്കാന്‍ മറ്റേതൊരു രാജ്യവും ഇതൊരു നല്ല അവസരമായി എടുത്തേനേ, ഇടത്തരക്കാരായ ഓഹരി നിക്ഷേപകര്‍ക്ക് തട്ടിപ്പുകാരെ പേടിക്കാതെ നിക്ഷേപം നടത്താനുള്ള ഒരു സാഹചര്യം ഇത്തരക്കാരെ പിടിച്ചു ജയിലിലിടുന്നത് മൂലം ഉണ്ടാകുകയും ചെയ്‌തേനെ. ഒന്നും സംഭവിച്ചില്ല. ഓഗസ്റ്റ് 14ന്‍ സെബിയോട് ഫൈനല്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിണ്ട്. ആ റിപ്പോര്‍ട്ട് അദനിക്കുള്ള ഒരു ക്ലീന്‍ ചിറ്റ് ആകാതിരിക്കാനുള്ള ഒരു സാധ്യതയും കാണുന്നില്ല.
അതിനിടെ പി.ആര്‍. സുന്ദര്‍ എന്ന ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുന്‍സറെ സെബി പിടിച്ചിട്ടുണ്ട്, അല്ലെങ്കിലും ചെറിയ മീനുകള്‍ എപ്പോഴും കുടുങ്ങുകയും വലിയ മീനുകള്‍ രക്ഷപെടുകയും ചെയ്യുന്ന വലയാണ് സെബിയുടേത്. യൂട്യൂബിലൂടെ നിക്ഷേപകര്‍ക്ക് തെറ്റായ ഉപദേശങ്ങള്‍ നല്‍കി കാശുണ്ടാക്കി എന്നതാണ് കുറ്റം. ആറ് കോടി രൂപ ഫൈനും ഒരു വര്‍ഷത്തെ വിലക്കുമാണ് ശിക്ഷ. കൊറോണക്കാലത്ത് ഇത്തരം യൂട്യൂബ് ഉപദേശകരുടെ മേളമായിരുന്നു നാട്ടില്‍, മലയാളത്തിലുമുണ്ട് ആവശ്യത്തിന്. ഇവരുടെ വൈറല്‍ വീഡിയോകള്‍ വിശ്വസിച്ച് ഒരു പാട് പേര് കെട്ടുതാലിയും പെന്‍ഷന്‍ കിട്ടിയ കാശും ഓഹരിപിപണിയില്‍ കൊണ്ടിട്ടുണ്ട്. സെബി അവരുടെ സിസ്റ്റം തുടച്ചുവൃത്തിയാക്കി കള്ളപ്പണക്കാരെയും ഓഹരിതട്ടിപ്പുകാരെയും പൂട്ടിയില്ലെങ്കില്‍ ഒട്ടേറെ ഇടത്തരക്കാരുടെ ആത്മഹത്യവാര്‍ത്തകള്‍ നമ്മള്‍ കേള്‍ക്കേണ്ടി വരും.
Content Highlight: Farooq’s Write up about Adani Black Money Investigations- Aimless Journeys