നോട്ടുനിരോധനത്തേക്കാള്‍ വലിയ ആന്റി-ക്ലൈമാക്സ് ആകുകയാണ് പൗരത്വ പട്ടിക. ബി.ജെ.പിയുടെ ആസാം ഘടകം ഇന്നലത്തെ ലിസ്റ്റ് തള്ളിക്കളഞ്ഞിരിക്കുകയാണ്, ഹിന്ദു സംഘടനകള്‍ പ്രക്ഷോഭത്തിലാണ്. ഏറ്റവും നിരാശരാകും എന്ന് കരുതപ്പെട്ടിരുന്ന മുസ്‌ലിം സംഘടനകള്‍ സന്തോഷത്തിലാണ്, ആസാമിലെ ഏറ്റവും വലിയ മുസ്‌ലിം സംഘടനയായ AIUDF ഉം, ബദ്റുദ്ദിന്‍ അജ്മല്‍, ഒവൈസി തുടങ്ങിയ നേതാക്കളും കരുതലോടെയെങ്കിലും എന്‍.ആര്‍.സി ലിസ്റ്റ് സ്വാഗതം ചെയ്തിരിക്കുകയാണ്.
പൗരത്വപട്ടികയെ തുടക്കം മുതല്‍ സ്വാഗതം ചെയ്തിരുന്നവരാണ് ആസാമിലെ മുസ്‌ലിങ്ങള്‍, ബി.ജെ.പി വന്നു കുളം കലക്കുന്നത് വരെ. ആസാമിലെ മുഴുവന്‍ മുസ്‌ലിങ്ങളും ജീവിതത്തിന്റെ മുഴുവന്‍ മേഖലകളിലും നേരിട്ട അധിക്ഷേപവും പ്രതിസന്ധിയുമായിരുന്നു ബംഗ്ലാദേശി എന്ന വിളി. ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നിടം മുതല്‍ സ്‌കൂള്‍ അഡ്മിഷന്‍ വരെ ഇതിന്റെ പേരില്‍ പീഡനമാണ്.
ഈയൊരു അധിക്ഷേപം എന്നെന്നേക്കും ഇല്ലാതാകണമെങ്കില്‍ കൃത്യമായ ഒരു പൗരത്വ രജിസ്റ്റര്‍ ഉണ്ടാകണമെന്ന് അവര്‍ ആഗ്രഹിച്ചിരുന്നു. തുടക്കം മുതല്‍ എന്‍.ആര്‍.സിയുമായി ഏറ്റവും സഹകരിച്ചതും മുസ്‌ലിങ്ങളായിരുന്നു. വ്യക്തികളും സംഘടനകളും ഒരാള്‍ പോലും പുറത്താക്കരുതെന്ന വാശിയില്‍ മുഴുവന്‍ രേഖകളും തപ്പിയെടുത്തു ഓരോരുത്തര്‍ക്കും വേണ്ടി സമര്‍പ്പിച്ചു.
കേരളം പ്രളയ കാലത്തു കാണിച്ച അര്‍പ്പണബോധവും ഐക്യവുമാണ് ആസാമികള്‍ എന്‍.ആര്‍.സി എന്ന ദുരന്ത കാലത്തു കാണിച്ചത്. അതിന്റെ ഫലവും ഉണ്ടായി. ആദ്യ ലിസ്റ്റില്‍ 80 ലക്ഷത്തിലധികം ആളുകള്‍ രേഖകള്‍ സമര്‍പ്പിക്കാനാവാതെ പുറത്തായെങ്കില്‍ രണ്ടാമത്തേതില്‍ അത് നേര്‍ പകുതിയായി – നാല്‍പതു ലക്ഷം. അതില്‍ 21 ലക്ഷം പേര്‍ പിന്നീട് രേഖകള്‍ സമര്‍പ്പിച്ചു, ഇപ്പോഴത്തെ ലിസ്റ്റില്‍ അത് 19 ലക്ഷമായി. രേഖകള്‍ എന്ന് പറഞ്ഞാല്‍ 1971 നു മുമ്പ് തങ്ങളുടെ അപ്പനപ്പൂപ്പന്മാര്‍ ജീവിച്ചിരുന്നതിന്റെ രേഖയാണ്, പറയും പോലെ എളുപ്പമല്ല.
ഇനി ഫോറിന്‍ ട്രിബ്യുന്‍, അത് കഴിഞ്ഞു കോടതികള്‍. ആസാം ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുകയും അതേസമയം പൗരത്വ രജിസ്റ്ററില്‍ നിന്ന് പുറത്തായ പാവങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്ന അമന്‍ വദുദ് പറയുന്നത് ഫോറിന്‍ ട്രിബ്യുനില്‍ 19 ലക്ഷം എന്ന എണ്ണം ഇനിയും പകുതിയാകും എന്നാണ്, കാരണം സഹോദരങ്ങള്‍, മാതാപിതാക്കള്‍ എന്നിവര്‍ പൗരന്മാരാകുകയും മക്കള്‍ പൗരന്മാല്ലാതാകുകയും ചെയ്തത് പോലെയുള്ള ആയിരക്കണക്കിന് കേസുകള്‍ ലളിതമായി പരിഹരിക്കപ്പെടും.
ഇപ്പോള്‍ വന്ന ലിസ്റ്റിലെ പകുതിയിലധികം പേരുകള്‍ ഹിന്ദുക്കളുടേതാണ് എന്നതാണ് ബി.ജെ.പിയെ അലട്ടുന്നത്, അവര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിലാണ് കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞത്. പുറത്തായ ഹിന്ദുക്കള്‍ക്ക് പുതിയ പൗരത്വ ബില്ല് വരുമ്പോള്‍ പൗരത്വം നല്‍കാം എന്നാണ് ബി.ജെ.പി പറയുന്നത്.
ഇവിടെ ജനിച്ചു വളര്‍ന്ന തങ്ങള്‍ക്ക് 1971 നു മുമ്പുള്ള രേഖകള്‍ കയ്യിലില്ല എന്ന പേരില്‍ പൗരത്വം നിഷേധിച്ചു പിന്നീട് അഭയാര്‍ത്ഥി എന്ന മുദ്രകുത്തി പൗരത്വം സൗജന്യം പോലെ തരുന്നത് എന്ത് ക്രൂരതയാണെന്നാണ് അവരുടെ ചോദ്യം. മാത്രമല്ല ഭാവിയില്‍ സര്‍ക്കാരും നാട്ടുകാരും തങ്ങളെ രണ്ടാംതരം പൗരന്മാരെ പോലെ പരിഗണിക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്കയും അവര്‍ക്കുണ്ട്.
ഇപ്പോഴത്തെ കണക്ക് ഇങ്ങനെയാണ്, ആകെയുള്ള 3.3 കോടി ജനങ്ങളില്‍ 3.1 കോടി പൗരന്മാര്‍ ആയി – മഹാത്ഭുതം. 19 ലക്ഷം പുറത്തുണ്ട്. ആ 19 ലക്ഷത്തില്‍ പകുതിയിലധികം ഹിന്ദുക്കള്‍ ( 11 ലക്ഷം മുതല്‍ 13 ലക്ഷം വരെ എന്ന് പറയപ്പെടുന്നുണ്ട്). അവര്‍ക്ക് പുതിയ ബില്ല് വന്നാല്‍ സ്വന്തം രാജ്യത്തില്‍ അഭയാര്‍ത്ഥി പരിഗണനയില്‍ പൗരന്മാരാകാം. പുറത്തുള്ള മുസ്‌ലിങ്ങളില്‍ പകുതിയലധികം പേര്‍ കോടതികളിലൂടെയോ ഫോറിന്‍ ട്രിബുണിലൂടെയോ പൗരന്മാരാകും. ബാക്കി വരിക മൂന്നോ നാലോ ലക്ഷം പേരാണ്. ബംഗ്ലാദേശുമായി കൈമാറ്റ കരാറുകളൊന്നും ഇല്ലാത്ത സ്ഥിതിക്ക് അവര്‍ക്ക് മിക്കവാറും വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാനാണ് സാധ്യത.
ചോദ്യം – എവിടെ ? ഇന്ത്യയെ വിഴുങ്ങുന്ന ചിതലാണ്, മുഴുവന്‍ പേരെയും ചവിട്ടി പുറത്താക്കണം എന്ന് ബി.ജെ.പിക്കാര്‍ പറഞ്ഞു നടക്കുന്ന കോടിക്കണക്കിനു ബംഗ്ലാദേശി കുടിയേറ്റക്കാര്‍ എവിടെ??
ഇന്ത്യക്കാരുടെ സ്വപ്നഭൂമികളാണ് അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, യൂ.കെ, ന്യൂസിലാന്‍ഡ്, ഗള്‍ഫ് രാജ്യങ്ങള്‍, സിങ്കപ്പൂര്‍ തുടങ്ങി ചൈന മുതല്‍ മലേഷ്യ വരെ. അവിടേക്ക് നിയപരമായോ അല്ലാതെയോ കുടിയേറാന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറാണ് ഇന്ത്യക്കാര്‍. കേരളത്തിലെ വിസാ ഏജന്റുമാര്‍ മുതല്‍ ആന്ധ്രയിലും പഞ്ചാബിലും ദല്‍ഹിയിലും മുക്കിനു മുക്കിനു കാണുന്ന ഇമ്മിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സികള്‍ വരെ ഇത്തരക്കാരെ ചൂഷണം ചെയ്താണ് ജീവിക്കുന്നത്.
മ്യൂസിക് ട്രൂപ്പുകളിലും സ്‌പോര്‍ട്‌സ് ടീമുകളിലും മുതല്‍ വിനോദ സഞ്ചാരികളുടെ കൂട്ടത്തില്‍ വരെ ആളുകളെ കാശ് വാങ്ങി വിദേശത്തേക്ക് കടത്തുന്ന ആളുകളുണ്ട്. പ്രശസ്ത പഞ്ചാബി ഗായകന്‍ ദല്ലാര്‍ മെഹന്ദി ജയിലിലായത് ഇങ്ങനെയാണ്.
ഇന്ത്യക്കാര്‍ ഏറ്റവും കഷ്ടപ്പെട്ട് കുടിയേറാന്‍ ശ്രമിക്കുന്ന രാജ്യമാണ് അമേരിക്ക, പ്രത്യേകിച്ച് പഞ്ചാബികള്‍. യു.എസ് ബോര്‍ഡര്‍ ആന്‍ഡ് കസ്റ്റംസ് കണക്ക് പ്രകാരം അനധികൃതമായി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നവരില്‍ രണ്ടാമത്തേതാണ് ഇന്ത്യക്കാര്‍, ഒന്നാമത്തേത് മെക്‌സിക്കന്‍സ്. താഴെ കാണിച്ച ചാര്‍ട്ട് പ്രകാരം കഴിഞ്ഞ കൊല്ലം മാത്രം അതിര്‍ത്തിയിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിച്ചതിന് പിടിയിലായ ഇന്ത്യക്കാരുടെ എണ്ണം ഒന്‍പതിനായിരത്തിനടുത്താണ്.
ആയിരക്കണക്കിന് കിലോമീറ്റര്‍ ബോട്ടിലും നടന്നുമൊക്കെ സഞ്ചരിച്ചാണ് വിശാലമായ മെക്‌സിക്കന്‍-അമേരിക്കന്‍ ബോര്‍ഡറില്‍ ഇവര്‍ എത്തി ചേരുന്നത്, ആ ബോര്‍ഡറില്‍ മതില്‍ കെട്ടുമെന്നായിരുന്നു ട്രംപിന്റെ തെരഞ്ഞടുപ്പ് വാഗ്ദാനം.
അമേരിക്കയില്‍ മാത്രമല്ല യു.കെ, ഓസ്‌ട്രേലിയ തുടങ്ങി നിരവധി രാജ്യങ്ങളില്‍ അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ ഒന്നാമതോ രണ്ടാമതോ ആണ് ഇന്ത്യക്കാര്‍. ഇതൊന്നും മോശം കാര്യമാണ് എന്നല്ല പറഞ്ഞു വരുന്നത്. മറ്റെല്ലാ ജീവികളെ പോലെ തന്നെ മനുഷ്യനും നല്ല ജീവിതം തേടി യാത്ര ചെയ്യുന്നവരാണ്. കൂടുതല്‍ നല്ല അവസരങ്ങള്‍, ഭക്ഷണം, വെള്ളം, മെഡിക്കല്‍, വിദ്യാഭ്യാസ സൗകര്യങ്ങള്‍ തുടങ്ങിയവ കിട്ടുന്ന സ്ഥലങ്ങളിലേക്ക് ആളുകള്‍ പോകും. മനുഷ്യന്‍ അങ്ങനെ യാത്ര ചെയ്താണ് ഭൂമി മുഴുവന്‍ നിറഞ്ഞത്.
അതാതു കാലത്തു രാഷ്ട്രീയക്കാര്‍ കുടിയേറ്റം ഒരു ഭീകര പ്രശ്‌നമായി ഉയര്‍ത്തി കൊണ്ട് വരും. മനുഷ്യന്‍ ഒരു ഗോത്രസ്വഭാവമുള്ളതായി തുടങ്ങിയവരായതു കൊണ്ട് ഉള്ളില്‍ ഉറങ്ങി കിടക്കുന്ന അന്യവിദ്വേഷം ( xenophobia ) ഉണര്‍ത്തികൊണ്ടുവരുന്നത് എളുപ്പമാണ്. മനുഷ്യന്റെ പ്രശ്‌നങ്ങള്‍ക്ക് ഭാവനാപൂര്‍ണമായ പരിഹാരം നിര്‍ദേശിക്കാന്‍ കഴിവില്ലാത്ത ട്രംപിനെയും ബോറിസ് ജോണ്‍സണെയും പോലുള്ള രാഷ്ട്രീയക്കാരാണ് പ്രധാനമായും ഈ പണിക്കിറങ്ങുക.
അവര്‍ക്ക് പറയാന്‍ കാരണങ്ങളുണ്ട്. അമേരിക്കക്കാരന്റെ പ്രതിശീര്‍ഷ വരുമാനം 67000 ഡോളറാണ്, ഇന്ത്യക്കാരന്റേത് വെറും 2000 ഡോളറും മെക്‌സിക്കോക്കാരന്റേത് 9000 ഡോളറും. സ്വാഭാവികമായും നല്ല ജീവിതം തേടി ഇന്ത്യക്കാരനും മെക്‌സിക്കോക്കാരനും അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിക്കും.
പക്ഷെ ട്രംപ് പറയുന്നത് കേട്ട് ഇന്ത്യന്‍ പ്രധാനമന്ത്രി നുഴഞ്ഞു കയറ്റക്കാരെ പറ്റി പരാതി പറയുന്നത് എന്തടിസ്ഥാനത്തിലാണ്, ഇന്ത്യയിലേക്ക് സത്യത്തില്‍ ആരെങ്കിലും നുഴഞ്ഞുകയറുന്നുണ്ടോ ?
ലോകത്ത് ആകെ 180നു മുകളില്‍ രാജ്യങ്ങളുള്ളതില്‍ 145-ാം സ്ഥാനത്താണ് ഇന്ത്യ പ്രതിശീര്‍ഷ വരുമാനത്തിന്റെയും മാനുഷിക വിഭവശേഷിയുടെയും കാര്യത്തില്‍. ഇന്ത്യക്ക് താഴെയുള്ളവര്‍ ചാഡ്, എറിത്രിയ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളാണ്. പക്ഷെ അവരും ഇന്ത്യയും തമ്മില്‍ ചെറിയ വ്യത്യാസമേ ഉള്ളൂ. ചെറിയ വ്യത്യാസമുള്ള രാജ്യങ്ങളിലേക്ക് ആരും കുടിയേറ്റം നടത്തില്ല, ഉദാഹരണം ശ്രീലങ്ക.
ശ്രീലങ്കയുടെ പ്രതിശീര്‍ഷ വരുമാനം ഇന്ത്യയുടെ ഇരട്ടിയുണ്ട്, എന്ന് വച്ച് ആരും ശ്രീലങ്കയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കില്ല. നമ്മളെക്കാള്‍ ചുരുങ്ങിയത് പത്തോ ഇരുപതോ ഇരട്ടി സമ്പന്നതയുള്ള രാജ്യങ്ങളിലേക്കെ ആളുകള്‍ പോവാന്‍ ശ്രമിക്കൂ, ഉദാഹരണം ഗള്‍ഫ് രാജ്യങ്ങള്‍.
പ്രതിശീര്‍ഷ വരുമാനത്തിന്റെയും മാനുഷിക വിഭവശേഷിയുടെയും കാര്യത്തില്‍ ഇന്ത്യയും അയല്‍ക്കാരും ഏകദേശം ഒരേ ലെവലില്‍ ആണ്, അഫ്ഗാനിസ്ഥാന്‍ വളരെ താഴെയാണ്, ചൈന വളരെ മുകളിലാണ്. അവരെ ഒഴിച്ച് നിര്‍ത്തിയാല്‍, ആര്‍ക്കും മെച്ചപ്പെട്ട ജീവിതം പ്രതീക്ഷിച്ചു അയല്‍പക്കത്തേക്ക് നുഴഞ്ഞു കയറേണ്ട സ്ഥിതി ഇപ്പോള്‍ നിലവിലില്ല. പ്രത്യേകിച്ചും ബംഗ്ലാദേശിന്.
ലോകത്തില്‍ തന്നെ കയറ്റുമതി വളര്‍ച്ചയില്‍ രണ്ടാം സ്ഥാനത്താണ് ബംഗ്ലാദേശ്, വിയറ്റ്‌നാമിന് തൊട്ടു പിന്നില്‍. ചൈനയും അമേരിക്കയുമായുള്ള വ്യാപാര യുദ്ധം ഏറ്റവും മുതലെടുക്കുന്നത് ഈ രണ്ടു രാജ്യങ്ങളാണ്. ലോകത്തിലെ ഏറ്റവും വലിയ വസ്ത്ര കയറ്റുമതിക്കാര്‍ എന്ന സ്ഥാനം ഇന്ത്യയില്‍ നിന്നും അടുത്ത കാലത്താണ് ബംഗ്ലാദേശ് തട്ടിയെടുത്തത്.
മറ്റൊരു സാധ്യത, ആഭ്യന്തര യുദ്ധവും പ്രകൃതി ദുരന്തങ്ങളും മൂലമുള്ള കുടിയേറ്റങ്ങളാണ്. വിഭജന കാലത്തും പിന്നീട് ബംഗ്ലാദേശ് യുദ്ധകാലത്തും ഭീകരമായ അഭയാര്‍ത്ഥി പ്രവാഹങ്ങള്‍ക്ക് ഇന്ത്യന്‍ ഉപഭൂഖണ്ഡം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധ കാലത്തും അഫ്ഗാന്‍ യുദ്ധകാലത്തും ഇന്ത്യ നിരവധി അഭയാര്‍ത്ഥികളെ സ്വീകരിച്ചിട്ടുണ്ട്.
കാബൂളിവാല എന്ന് നമ്മള്‍ വിളിച്ചിരുന്ന അഫ്ഗാനികളെ ഓര്‍ക്കുക. പഞ്ചാബ് വിഘടന വാദം കത്തി നില്‍ക്കുന്ന സമയത്തു നിരവധി സിഖുകാര്‍ക്ക് യു.കെയും കാനഡയും അഭയം കൊടുത്തിട്ടുണ്ട്. ഇത്തരം കുടിയേറ്റങ്ങള്‍ ഇപ്പോഴില്ല, എന്നുവെച്ച് ഇനി ഉണ്ടാവില്ലെന്നുമില്ല.
അമേരിക്കക്കാരും യു.കെക്കാരുമൊക്കെ കുടിയേറ്റക്കാര്‍ വരുന്നേ എന്നും പറഞ്ഞു ബഹളമുണ്ടാക്കുന്നതു പോലെ ഇന്ത്യയില്‍ കോലാഹലമുണ്ടാക്കാന്‍ ശ്രമിക്കുന്ന സംഘപരിവാറുകാര്‍ ഒരു കാര്യം മറക്കരുത്. ഇന്ത്യ അമേരിക്കയല്ല. ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും ആളുകള്‍ ഇന്ത്യയുടെ അതിര്‍ത്തിയില്‍ വന്നു വാതില്‍ മുട്ടുന്നുമില്ല.
നേരെമറിച്ചു ഇന്ത്യക്കാര്‍ ലോകത്തിലെ ഏറ്റവും വലിയ കുടിയേറ്റക്കാരാണ്, ലോകം മുഴുവന്‍ ഇന്ത്യന്‍ കുടിയേറ്റക്കാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എന്നുവെച്ച് എല്ലാ കാലത്തും അങ്ങനെയാകണമെന്നുമില്ല, 10 ശതമാനം വച്ച് ഇരുപതോ മുപ്പതോ കൊല്ലം ജി.ഡി.പി വളര്‍ന്നു ഇന്ത്യക്കാരുടെ പ്രതിശീര്‍ഷ വരുമാനം അമേരിക്കയുടെയും ചൈനയുടെയും മുകളിലെത്തിയാല്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറ്റക്കാരുടെ പ്രവാഹമായിരിക്കും. അക്കാലത്തു നമുക്ക് ഒരു ട്രംപും കുറെ ബഹളങ്ങളുമൊക്കെയാവാം, ഇപ്പോഴേ വേണ്ട.
ഒരു പക്ഷെ ആസാം പൗരത്വ പട്ടിക കൊണ്ടുണ്ടായ ഒരേ ഒരു ഗുണം ഈ തിരിച്ചറിവായിരിക്കും.