| Tuesday, 15th September 2020, 8:24 pm

ആര്‍.എസ്.എസിനു വേണ്ടി കളം നിറഞ്ഞു കളിക്കുന്ന പി.കെ ഫിറോസ്

ഫാറൂഖ്

ഫുട്‌ബോളില്‍ മാന്‍-ടു-മാന്‍ മാര്‍ക്കിങ് എന്ന ഏര്‍പ്പാട് എന്താണെന്ന് അറിയാത്തവരില്ല, ഫുട്‌ബോള്‍ ഭ്രാന്തന്മാരായ ലീഗണികളില്‍ പ്രത്യേകിച്ചും. മാര്‍കിങ് എന്ന് മാത്രമാണ് സാധാരണ പറയുക. എതിര്‍ ടീമില്‍ ഒരു സൂപ്പര്‍സ്റ്റാര്‍ അല്ലെങ്കില്‍ ‘പിടിച്ചാല്‍ കിട്ടാത്ത’ ഒരു കളിക്കാരന്‍ ഉണ്ടെങ്കില്‍ കോച്ചുമാര്‍ സാധാരണ സ്വന്തം ടീമിലെ ഒരു കളിക്കാരനെ ഈ സൂപ്പര്‍സ്റ്റാറിന്റെ പിറകെ വിടും.

ഇയാള്‍ക്കുള്ള ചുമതല പിടിച്ചാല്‍ കിട്ടാത്ത കളിക്കാരനെ പിടിച്ചു കെട്ടുക എന്നത് മാത്രമാണ്, വേറെ കളിയില്‍ സംഭവിക്കുന്നതൊന്നും ഇയാളുടെ വിഷയമല്ല, ഗോള്‍ അടിച്ചോ കളി ജയിച്ചോ തുടങ്ങിയതൊന്നും.

ഇയാള്‍ സൂപ്പര്‍സ്റ്റാറിനെ ചുറ്റിപ്പറ്റിയുണ്ടാകും തൊണ്ണൂറു മിനുട്ടും. സൂപ്പര്‍ സ്റ്റാറിന്റെ കാലില്‍ പന്ത് കിട്ടാതിരിക്കാന്‍ പാസ് കൊടുക്കുന്നയാളിന്റെയും സൂപ്പര്‍സ്റ്റാറിന്റെയും നടുവില്‍ കയറി നില്‍ക്കുക, സൂപ്പര്‍സ്റ്റാറിന് പന്ത് കിട്ടിയാല്‍ നേരെ മുമ്പില്‍ പോയി നിന്ന് ബ്ലോക്ക് ചെയ്യുക, പറ്റിയാല്‍ ഫൗള്‍ ചെയ്യുക, കാലിനിട്ടു ചവിട്ടുക, പിടിച്ചു തള്ളുക ഇതൊക്കെയാണ് ജോലി.

ഇയാള്‍ക്ക് മഞ്ഞ കാര്‍ഡും ചുവപ്പ് കാര്‍ഡുമൊക്കെ കിട്ടും, അതൊന്നും കോച്ചിന് പ്രശ്‌നമല്ല. പന്ത് അടുത്തില്ലാത്തപ്പോള്‍ സൂപ്പര്‍സ്റ്റാറിനെ വെറുതെ തെറി പറഞ്ഞു കൊണ്ടിരിക്കും ചില മാര്‍ക്കര്‍മാര്‍. സൂപ്പര്‍ സ്റ്റാറിന് ദേഷ്യം വന്നു ഇയാള്‍ക്ക് ഒന്ന് പൊട്ടിച്ചു കൊടുത്താല്‍ സൂപ്പര്‍സ്റ്റാറിന് ചുവപ്പു കാര്‍ഡ് കിട്ടും. കോച്ചിന് ലാഭം.

അങ്ങനെയാണ് 2006 ല്‍ ഫ്രഞ്ച് ക്യാപ്റ്റന്‍ സിദാന്‍ ഇറ്റലിക്കാരന്‍ മറ്റെരാസിയുടെ നെഞ്ചില്‍ തല കൊണ്ടിടിക്കുന്നത്. സിദാന്റെ പെങ്ങളെ പറ്റി തെറി വിളിച്ചാണ് ഇത് മറ്റെരാസി ഒപ്പിച്ചെടുത്തതെന്ന് മറ്റെരാസി തന്നെ പിന്നീട് തുറന്നു പറഞ്ഞിട്ടുണ്ട്. സിദാന്‍ ചുവപ്പു കാര്‍ഡ് കണ്ടു പുറത്തു പോയി, ഇറ്റലി കളി ജയിക്കുകയും ചെയ്തു. അക്കൊല്ലം തന്നെയാണ് കെ.ടി ജലീല്‍ കുറ്റിപ്പുറത്തു കുഞ്ഞാലിക്കുട്ടിയെ മലര്‍ത്തിയടിച്ചതും.

മറഡോണയേയും പെലെയും പോലെയുള്ള ഭയങ്കരന്മാര്‍ക്ക് വേണ്ടി എതിര്‍ കോച്ചുമാര്‍ രണ്ടോ മൂന്നോ മാര്‍ക്കര്‍മാരെ കണക്കാക്കും. മറഡോണക്ക് ലോകം മുഴുവന്‍ ഇത്രക്ക് ആരാധകരെ ഉണ്ടാക്കി കൊടുക്കാന്‍ മാര്‍ക്കര്‍മാര്‍ കുറച്ചൊന്നുമല്ല സഹായിച്ചത്. ഇവന്മാര്‍ മറഡോണയുടെ കാലിനിട്ട് ചവിട്ടും, ജേഴ്സി പിടിച്ചു വലിക്കും, പിടിച്ചു തള്ളും, ഇടങ്കാല്‍ വച്ച് വീഴ്ത്തും.

ഇങ്ങനെ വീണു കിടന്നിടത്തു നിന്ന് എണീറ്റ് മുട്ട് കുത്തി നിന്ന് കൈകള്‍ ആകാശത്തേക്കക്ക് ഉയര്‍ത്തി നിറകണ്ണോടെ മറഡോണയുടെ ഒരു പ്രാര്‍ഥനയുണ്ട്. ആ പ്രാര്‍ത്ഥന ടെലിവിഷനില്‍ കണ്ടാണ് ലോകം മുഴുവന്‍ മറഡോണ ഫാന്‍സ് ആയത്. പറഞ്ഞു വരുമ്പോള്‍ അഭിനയത്തില്‍ നെയ്മറുടെ അച്ഛനായിട്ടു വരും മറഡോണ.

രാഷ്ട്രീയവും ഒരു കളിയാണെങ്കിലും മാര്‍കിങ് പൊതുവെ ഉണ്ടാകാറില്ല. അപവാദങ്ങളുണ്ട്, ഉദാഹരണത്തിന് രാഹുല്‍ ഗാന്ധിയെ സ്മൃതി ഇറാനി മാര്‍ക്ക് ചെയ്തത്. മാര്‍കിങ് ഒരു സ്ഥിരം രീതിയാവാത്തതിന് കാരണങ്ങളുണ്ട്. രാഷ്ട്രീയത്തില്‍ എല്ലാവര്‍ക്കും അവരവരുടെ ആഗ്രഹങ്ങളുണ്ടാകും എന്നതാണ് പ്രധാനപ്പെട്ടത്.

ഏതെങ്കിലും ഫുട്‌ബോള്‍ ടീമിലെ ഡിഫന്‍ഡര്‍മാരെ പോലെ ഇനിയങ്ങോട്ട് പ്രത്യേകിച്ചു ഒന്നും നേടാന്‍ ഇല്ലാത്തവരല്ല രാഷ്ട്രീയക്കാര്‍. രാഷ്ട്രീയത്തില്‍ മാര്‍കിങ് റിസ്‌ക് ഉള്ള പണിയാണ്. പത്തോ പതിനഞ്ചോ കൊല്ലം തുടര്‍ച്ചയായി മാര്‍ക്ക് ചെയ്താലേ ഫലം കാണൂ. ചിലപ്പോള്‍ ഒരിക്കലും ഫലം കണ്ടില്ല എന്നും വരും. സ്വന്തമായി ഒരു കരിയര്‍ ഉണ്ടാക്കുന്നതാണ് ബുദ്ധി.

മാത്രമല്ല, രാഷ്ട്രീയത്തില്‍ ദീര്‍ഘകാല നിക്ഷേപം നടത്താന്‍ കഴിവുള്ള ആര്‍.എസ്.എസ് പോലുള്ള പ്രസ്ഥാനങ്ങളുടെ പിന്തുണ പൊതുവെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ടാവില്ല. സ്മൃതി ഇറാനിക്ക് മൂന്നോ നാലോ തവണ തോറ്റാലും പ്രശ്‌നമില്ല. അവരുടെ ജോലി രാഹുല്‍ ഗാന്ധിയെ പിന്തുടരുക, തെറി വിളിക്കുക, പ്രകോപിക്കുക, അമേഠിയില്‍ ചുറ്റിപറ്റി കറങ്ങി കൊണ്ടിരിക്കുക തുടങ്ങിയവയായിരുന്നു.

അതവര്‍ ഭംഗിയായി ചെയ്യുന്നിടത്തോളം അവര്‍ക്കുള്ള പ്രതിഫലമായി രാജ്യസഭയും മന്ത്രിസ്ഥാനവും ആര്‍.എസ്.എസ് കൊടുത്തു കൊണ്ടുമിരുന്നു, ഇപ്പോള്‍ അവരുടെ ജോലി കഴിഞ്ഞു, രാഹുല്‍ തോറ്റു, സ്മൃതി കറിവേപ്പിലയായി കൊണ്ടിരിക്കുന്നു.

സ്മൃതി ഇറാനി മോഡല്‍ മാര്‍കിങ് നടത്തുന്ന ഒരു നേതാവേ നിലവില്‍ കേരളത്തിലുള്ളൂ- പി.കെ ഫിറോസ്.

കോച്ചു പറഞ്ഞിട്ടാണോ അതോ സ്വയം തീരുമാനിച്ചതാണോ എന്നറിയില്ല, ഫിറോസിന് ഒരു ജോലിയേയുള്ളു, ജലീലിനെ മാര്‍ക്ക് ചെയ്യുക. ജലീലിനെ ചുറ്റി കറങ്ങി കൊണ്ടിരിക്കുക. ജലീലിന് ആരെങ്കിലും പാസ് കൊടുക്കുന്നെങ്കില്‍ അതിനിടയില്‍ കയറി തല വക്കുക. ഇടങ്കാല്‍ വച്ച് വീഴ്ത്താന്‍ നോക്കുക. ചുറ്റും നടന്ന് തെറി വിളിച്ചു കൊണ്ടിരിക്കുക, സ്വയം മഞ്ഞ കാര്‍ഡ് കണ്ടാലും വേണ്ടില്ല ജലീലിന് ഒരു ചുവപ്പു കാര്‍ഡ് വാങ്ങിച്ചു കൊടുക്കുക.

ഇത് മാത്രമല്ല തന്റെ ജോലി എന്ന് സ്വയം തോന്നിക്കാന്‍ വല്ലപ്പോഴും വേറെ ഒന്ന് രണ്ടു പേരെ കൂടി തെറി വിളിച്ചു കളിക്കളത്തില്‍ ഓടി നടക്കും. ടീം ജയിക്കുന്നതും തോല്‍ക്കുന്നതുമൊന്നും ഫിറോസിന്റെ വിഷയമല്ല.

2006 ല്‍ കുറ്റിപ്പുറത്തു ജലീല്‍ കുഞ്ഞാലിക്കുട്ടിയെ തോല്‍പ്പിച്ചിട്ട് പതിനഞ്ചു വര്‍ഷത്തോടടുക്കുന്നു. അന്ന് കളിച്ചു കൊണ്ടിരുന്ന സിദാനും മറ്റരാസിയുമൊക്കെ പണ്ടേ വിരമിച്ചു. രാഷ്ട്രീയത്തില്‍ റിട്ടയര്‍മെന്റ് ഇല്ലാത്തതു പോലെ തന്നെ സ്ഥിരം ശത്രുക്കളുമില്ല, എതിരാളികളെ പ്രതിയോഗികള്‍ മാത്രമായേ കേരളത്തിലെ രാഷ്ട്രീയക്കാര്‍ പൊതുവെ കാണാറുള്ളൂ.

ആ നിലക്ക് ലീഗിനോ കുഞ്ഞാലിക്കുട്ടിക്കോ ജലീല്‍ ഒരു ശത്രുവാകേണ്ട കാര്യമില്ല. ജലീലിനെക്കാള്‍ എത്രോയോ വലിയ നേതാവാണ് കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷത്തിരിക്കുമ്പോള്‍ കുഞ്ഞാലിക്കുട്ടിക്കുള്ള സ്വാധീനം മന്ത്രിയായിരിക്കുമ്പോളും ജലീലിനില്ല. പതിറ്റാണ്ടുകള്‍ നീണ്ടു നില്‍ക്കുന്ന രാഷ്ട്രീയക്കളിക്കിടയില്‍ ഒരു തോല്‍വിയൊന്നും ഒരു തോല്‍വിയല്ല.

ആ നിലക്ക് കേരള രാഷ്ട്രീയത്തില്‍ അപൂര്‍വമായ മാന്‍-ടു-മാന്‍ മാര്‍കിങ് നടത്താന്‍ പി.കെ ഫിറോസിനെ ലീഗ് നിയോഗിക്കേണ്ട കാര്യമില്ല, പ്രത്യേകിച്ച് ജലീല്‍ വലിയ സൂപ്പര്‍സ്റ്റാര്‍ ഒന്നും അല്ലാത്ത സ്ഥിതിക്ക്. ജലീല്‍ രാഹുല്‍ ഗാന്ധിയെ പോലെ ഒരു മഹാ പ്രസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന പ്രതീകമൊന്നുമല്ല മാന്‍-ടു-മാന്‍ മാര്‍കിങ് നടത്തി വീഴ്ത്താന്‍.

വ്യക്തി എന്ന നിലയില്‍ നിന്ന് പ്രസ്ഥാനമായി വളര്‍ന്ന ഒരാളല്ല ജലീല്‍, രണ്ടോ മൂന്നോ തെരഞ്ഞെടുപ്പ് കൂടി ജയിച്ചാലായി, അത് കഴിഞ്ഞാല്‍ റിട്ടയര്‍ ചെയ്യും. ലീഗിന് അവഗണിക്കാവുന്ന ഒരു തലവേദന, അത്രയേയുള്ളൂ.

പക്ഷെ പി.കെ ഫിറോസിനെ വിട്ടു മാര്‍കിങ് നടത്തി ജലീലിനെ വീഴ്ത്താന്‍ ശ്രമിക്കുമ്പോള്‍ തോല്‍ക്കുന്നത് മുസ്‌ലിം ലീഗ് പ്രതിനിധീകരിക്കുന്നു എന്നവകാശപ്പെടുന്ന മുസ്‌ലിങ്ങളാണ്, ജയിക്കുന്നത് ആര്‍.എസ്.എസും.

പറയാം.

ബി.ജെ.പി ക്ക് കേരളത്തില്‍ അടിയന്തിരമായി ജയിക്കാനുള്ള പദ്ധതിയോ കഴിവോ ഇല്ല, ആഗ്രഹമുമില്ല. ഇപ്പോഴുള്ള ഒരു എം.എല്‍.എ എന്നത് രണ്ടോ മൂന്നോ ആക്കണമെന്നായിരിക്കും അവരുടെ അടുത്ത പത്തു വര്‍ഷത്തെ പദ്ധതി. അതിനീ കള്ളക്കടത്തു വിവാദമൊന്നും സഹായിക്കുകയുമില്ല. പക്ഷെ അവര്‍ക്കൊരു ദീര്‍ഘകാല ലക്ഷ്യമുണ്ട്, അതില്‍ പ്രധാനം മുസ്‌ലീങ്ങളെ അപരവല്‍ക്കരിച്ചു മറ്റുള്ളവരെ ഒന്നിപ്പിക്കുക എന്നതാണ്.

അതിന് പരീക്ഷിച്ചു വിജയിച്ച തന്ത്രമാണ് മുസ്‌ലീങ്ങളെ കള്ളക്കടത്തുകാര്‍, അഴിമതിക്കാര്‍, രാജ്യദ്രോഹികള്‍, ലവ് ജിഹാദുകാര്‍ എന്നിങ്ങനെ മുദ്ര കുത്തുക എന്നത്.

കേരളത്തില്‍ രണ്ടു മുസ്‌ലീം മന്ത്രിമാരാണുള്ളത്. എ.സി മൊയ്തീനും ജലീലും. നിങ്ങള്‍ക്ക് അവരുടെ നാട്ടില്‍ പരിചയക്കാരുണ്ടെങ്കില്‍, അല്ലെങ്കില്‍ അവരെ അടുത്തറിയാവുന്നവരുണ്ടെങ്കില്‍ ചെറിയൊരന്വേഷണം നടത്താം. ഒരു കാര്യം നിങ്ങള്‍ക്ക് ബോധ്യപ്പെടും, സംശുദ്ധമായ വ്യക്തി ജീവിതത്തിന് ഉടമകളാണ് രണ്ടു പേരും.

അഴിമതിക്കാരല്ല, മോഷ്ടിക്കില്ല, അധാര്‍മിക പ്രവര്‍ത്തികളൊന്നുമില്ല, നാട്ടുകാരെ കൊണ്ട് പറയിപ്പിക്കുന്നവരല്ല. സംഘപരിവാര്‍ പ്രൊജക്റ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ചിത്രത്തിന്റെ നേരെ എതിര്‍. ഇബ്രാഹിം കുഞ്ഞുമാരെയാണ് സംഘ പരിവാറിനിഷ്ടം.

ജലീല്‍, രാഷ്ട്രീയ പ്രവര്‍ത്തനം തൊഴിലായെടുക്കാത്ത അപൂര്‍വങ്ങളില്‍ അപൂര്‍വം രാഷ്ട്രീയക്കാരില്‍ ഒരാളാണ്. നല്ല വിദ്യാഭ്യാസമുണ്ട്. ജോലിയുണ്ട്. ഭാര്യക്കും മക്കള്‍ക്കും വിദ്യാഭ്യാസവും ജോലിയുമുണ്ട്, സാധാരണ രാഷ്ട്രീയക്കാരുടെ കുടുംബക്കാര്‍ക്കുള്ള തരികിട ജോലിയല്ല, നാലാളോട് പറയാന്‍ പറ്റുന്ന അന്തസ്സുള്ള ജോലി.

ഒരഴിമതിയും ഒരിക്കലും നടത്തിയിട്ടില്ല. അന്തസ്സും ആഭിജാത്യവുമുള്ള പെരുമാറ്റം, സംസാരം, എഴുത്ത്. എന്നാലും ബി.ജെ.പി എം.പിയുടെ ഉടമസ്ഥതയിലുള്ള ചാനലിലെ അവതാരകന്‍ അദ്ദേഹത്തെ അല്‍പ്പന്‍ എന്നാണ് വിളിക്കുക. അത് മനസിലാക്കാം. അത് കേട്ട് കയ്യടിക്കലാണ് ഫിറോസിന്റെ ജോലി, ഇനി അതാരെങ്കിലും കേട്ടില്ലെങ്കിലോ എന്ന് കരുതി സോഷ്യല്‍ മീഡിയയിലും മറ്റു ചാനലുകളിലും പോയി ആവര്‍ത്തിക്കുകയും ചെയ്യും.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഫിറോസ് നടത്തുന്ന നിരന്തരമായ മാര്‍ക്കിങ്ങിന് ഫലമുണ്ടായി. ജലീലിനെ അടുത്തറിയാത്ത, ഇടുക്കിയിലോ ആലപ്പുഴയിലെയോ ഒരു സാധാരണക്കാരനോട് ചോദിച്ചു നോക്കൂ കേരളത്തിലെ ഏറ്റവും അഴിമതിക്കാരനായ മന്ത്രി ആരാണെന്ന്, ജലീല്‍ എന്നായിരിക്കും ഉത്തരം.

സ്വര്‍ണ കള്ളക്കടത്തു കേസ് സംഘപരിവാര്‍ ആഗ്രഹിച്ചതു പോലെയല്ല വന്നത്. സ്വപ്ന സുരേഷും സന്ദീപ് നായരും അനില്‍ നമ്പ്യാരും മുരളീധരനും മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് അവരുടെ അജണ്ടയെ സഹായിക്കുന്നതായിരുന്നില്ല. ഒരു ചേഞ്ച് വേണമായിരുന്നു. ആ ഗ്യാപ്പിലാണ് ഫിറോസ് ചാടി വീണ് ജലീലിനെതിരെ ചറപറ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.

പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും ആര്‍.എസ്.എസ് കയ്യടക്കി വച്ചിരിക്കുന്ന മുഴുവന്‍ മാധ്യമങ്ങളിലും ഒന്നാം നമ്പര്‍ വില്ലനായി മാറി ജലീല്‍. ചര്‍ച്ചകളിലും, ബ്രേക്കിംഗ് ന്യൂസുകളിലും ജലീലിന്റെ പേര് മാത്രമായി. സൂചന സൂചന സൂചന മാത്രം എന്ന മുദ്രാവാക്യം പോലെ ജലീലിനെ പറ്റിയുള്ള സൂചനകള്‍ മാത്രമായി പത്രങ്ങളുടെ ഒന്നാം പേജ് മുഴുവന്‍. കുരുക്കുകള്‍ വീണ്ടും വീണ്ടും മുറുകി കൊണ്ടിരുന്നു.

സംഘപരിവാര്‍ ഒരുക്കി കൊടുത്ത മാധ്യമങ്ങളായ സ്റ്റേഡിയങ്ങളില്‍ മുഴുവന്‍ ഫിറോസ് നിറഞ്ഞു കളിച്ചപ്പോള്‍ ഫൗള്‍ ചെയ്തു വീഴ്ത്തിയത് ജലീലിനെ മാത്രമല്ല, മുസ്‌ലീങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രതീകങ്ങളെയായിരുന്നു. ഖുര്‍ആന്‍, സകാത്ത്, സദഖ, റമദാന്‍, ചാരിറ്റി, റെഡ് ക്രെസന്റ്, ഈത്തപ്പഴം, യു.എ.ഇ, അറബികള്‍, ഗള്‍ഫുകാര്‍, മൂവാറ്റുപുഴക്കാര്‍, ഭട്കലുകാര്‍ തുടങ്ങി എല്ലാം കള്ളക്കടത്തിന്റെ ഉപകരണങ്ങളായി മാറി.

പാവം ഈത്തപഴമൊക്കെ എന്ത് പിഴച്ചു. പുണ്യമായി മനുഷ്യരെല്ലാം കണ്ടിരുന്നതതിനെയെല്ലാം കള്ളക്കടത്തുപകരണങ്ങളാക്കി എന്നായിരിക്കും ഫിറോസിന്റെ രാഷ്ട്രീയ ജീവിതത്തിലെ പൊന്‍തൂവല്‍.

സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ നിരന്തരം മാര്‍ക്ക് ചെയ്തു വീഴ്ത്തിയത് പോലെ ജലീലിനെ ഫിറോസ് വീഴ്ത്തുമായിരിക്കും, നിത്യാഭ്യാസി ആനയെ എടുക്കും എന്നോ മറ്റോ ആണല്ലോ. അങ്ങനെയാണെങ്കില്‍ ഫിറോസിന് ഒരു എം.എല്‍.എ സ്ഥാനമോ മന്ത്രി സ്ഥാനമോ ലഭിക്കും.

അത് നടന്നില്ലെങ്കില്‍ ഫിറോസിന് മറ്റൊരു മാര്‍ഗം നോക്കാം, അബ്ദുള്ളക്കുട്ടിയുടെ മാര്‍ഗം. സംഘപരിവാറിന് ഏറ്റവും ഉപകാരങ്ങള്‍ ചെയ്ത വ്യക്തി എന്നത് കൊണ്ട് സ്മൃതി ഇറാനിയുടെ തൊട്ടടുത്ത് ഒരു കസേര ഫിറോസിനും ലഭിച്ചേക്കാം.

ഫൗള്‍ ചെയ്തു വീഴ്ത്തപ്പെടുമ്പോള്‍ നിറകണ്ണോടെ രണ്ടു കയ്യും നീട്ടി ആകാശത്തേക്ക് നോക്കി പ്രാര്‍ത്ഥിക്കുന്ന ചിത്രം ലോകം മുഴുവന്‍ മറഡോണക്ക് ആരാധകരെ സൃഷ്ട്ടിച്ച പോലെ, ഒരു പക്ഷെ ജലീല്‍ കേരളത്തിലെ മുസ്‌ലീങ്ങള്‍ക്കിടയില്‍ ആരാധക കൂട്ടങ്ങളെ ഉണ്ടാക്കിയേക്കാം. ഫിറോസിനെ മാന്‍-ടു-മാന്‍ മാര്‍ക്കിങ്ങിന് അഴിച്ചു വിടുമ്പോള്‍ ടീം തോല്‍ക്കാതിരിക്കാന്‍ മുസ്‌ലീം ലീഗിലെ കോച്ചുമാര്‍ ശ്രദ്ധിക്കാതിരിക്കരുത്.

ഫാറൂഖിന്റെ മറ്റ് ലേഖനങ്ങള്‍ വായിക്കാം

Content Highlight: PK Firos KT Jaleel

ഫാറൂഖ്

ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ

Latest Stories

We use cookies to give you the best possible experience. Learn more