ഫാറൂഖ് കോളേജ് : പതിവ് ന്യായീകരണങ്ങള്‍ പാളിയതെങ്ങനെ?
Farook College Issue
ഫാറൂഖ് കോളേജ് : പതിവ് ന്യായീകരണങ്ങള്‍ പാളിയതെങ്ങനെ?
ഫാറൂഖ്
Saturday, 24th March 2018, 4:35 pm

ഏതെങ്കിലും ഒരു പ്രശ്‌നം അല്ലെങ്കില്‍ വിവാദം തങ്ങളുടെ താല്പര്യത്തിന് എതിരാവുന്നു എന്ന് തോന്നുമ്പോള്‍ വ്യവസ്ഥാപിത ഗ്രൂപ്പുകള്‍ സ്ഥിരമായി അഭയം പ്രാപിക്കുന്ന മൂന്നു പ്രതിരോധങ്ങളുണ്ട് . വാട്ട്-അബൗട്ടറി  , ഇരവാദം, ഗൂഢാലോചന സിദ്ധാന്തം എന്നിവ. ഒരു പരിധിവരെ ഇതൊക്കെ വിജയിക്കാറുമുണ്ട്. പക്ഷെ ഫാറൂഖ് കോളേജ് അധ്യാപകന്റെ പ്രസംഗവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇത് മൂന്നും പരാജയപ്പെട്ടത് എന്തുകൊണ്ടാവും ?

കേംബ്രിഡ്ജ് അനാലിറ്റിക്കയിലെ ഡാറ്റ കള്ളന്മാര്‍ കേരളത്തിലെ മുസ്‌ലിം സ്ത്രീകളുടെ വാട്ടസ്ആപ് ഫേസ്ബുക് ഗ്രൂപ്പുകള്‍ വിശകലനം ചെയ്തിരുന്നുവെങ്കില്‍ ഒരാഴ്ച മുമ്പ് വരെ ലോകത്തിലെ ഏറ്റവും സന്തോഷകരമായ ജീവിതം നയിക്കുന്ന വിഭാഗമായി അവരെ വിലയിരുത്തിയേനെ. എല്ലാവരും ഏറ്റവും രുചികരമായ ഭക്ഷണം കഴിക്കുന്നു , ടൂര്‍ പോകുന്നു, മക്കള്‍ക്കൊക്കെ പല പല സമ്മാനങ്ങള്‍ ലഭിക്കുന്നു, അതിന്റെയൊക്കെ ഫോട്ടോ ഷെയര്‍ ചെയ്യുന്നു, അതായിരുന്നു മുസ്‌ലിം സ്ത്രീകളുടെ സോഷ്യല്‍ മീഡിയ ജീവിതം ഇതുവരെ.

പ്രൊഫസറുടെ പ്രസംഗം കൊണ്ടുണ്ടായ ഏറ്റവും വലിയ ഗുണം കേരളത്തിലെ മുസ്‌ലിം സ്ത്രീകളില്‍ ഗണ്യമായ ഒരു വിഭാഗം പൊതു ഇടങ്ങളില്‍ അല്ലെങ്കില്‍ ചുരുങ്ങിയത് അവരവരുടെ സ്വകാര്യ ഇടങ്ങളില്‍ ഒരു സാമൂഹ്യ വിഷയത്തില്‍ ശക്തമായി അഭിപ്രായം പറഞ്ഞു എന്നതാണ്.

 

 

ഈ വിഷയത്തില്‍ മുസ്‌ലിം ലീഗ്, സമസ്ത, മുജാഹിദ് തുടങ്ങിയ സംഘടനകള്‍ക്ക് പൊതു സമൂഹത്തിന്റെയും മുസ്‌ലിംകളില്‍ തന്നെ മഹാഭൂരിപക്ഷത്തിന്റെയും മുന്നില്‍ പരിഗണിക്കപ്പെടുകയെങ്കിലും ചെയ്യപ്പെടുന്ന വിധത്തില്‍ ഒരു ന്യായീകരണം പോലും ഇല്ലാതെ SFI, പിണറായി വിജയന്‍ തുടങ്ങി ഈ വിവാദത്തില്‍ കക്ഷിയല്ലാത്തവരെ പ്രതി സ്ഥാനത്തു നിര്‍ത്തി മുഖം രക്ഷിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത് എന്ന് കാണാം.

മൂന്നു പ്രധാന ന്യായീകരണങ്ങളില്‍ വാട്ട്-അബൗട്ടറി അങ്ങേയറ്റം പഴഞ്ചനായിപോയിരിക്കുന്നു. ഞാന്‍ മാത്രമല്ല അവനും എന്ന വാദം, അല്ലെങ്കില്‍ അത് നടന്നപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു എന്ന വാദം ഇപ്പോള്‍ ശരാശരിക്കാരായ ടി.വി അവതാരകര്‍ പോലും ചിരിച്ചു കൊണ്ട് അവഗണിക്കാരാണ് പതിവ്. മറ്റു രണ്ടു പ്രതിരോധങ്ങള്‍ എങ്ങനെപരാജയപെട്ടു എന്ന് പരിശോധിക്കാം .

ഇരവാദം

മത പ്രബോധനം, അല്ലെങ്കില്‍ താന്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ മറ്റുള്ളവരോട് പറയാനോ, ഉപദേശിക്കാനോ ഉള്ള പൗരന്റെ അവകാശം ആ പ്രൊഫസര്‍ക് മുസ്‌ലിം ആയതു കൊണ്ട് നിഷേധിക്കാന്‍ ശ്രമിക്കുന്നു എന്നതാണ് ഇരവാദത്തിന്റെ കാതല്‍. ഈ വാദം പൊളിയുന്നത് ആ പ്രസംഗത്തില്‍ സ്ത്രീകളെ ഉപദേശിക്കുകയല്ല മറിച്ചു അവരില്‍ ദുരുദ്ദേശം ആരോപിക്കുകയും അവരെ അപമാനിക്കുകയും ചെയ്യുകയായിരുന്നു എന്നത് കൊണ്ടാണ്. കൃത്യമായി പറഞ്ഞാല്‍ സ്ത്രീകള്‍ , പ്രത്യകിച്ചും അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥിനികള്‍, പുരുഷന്മാരെ വശീകരിക്കാന്‍ മനഃപൂര്‍വം ശ്രമിക്കുന്നു എന്ന് പറഞ്ഞതാണ്.

 

 

സത്യത്തില്‍ വത്തക്ക എന്ന വാക്കിന്റെ ഉപയോഗം കേരളത്തിലെ സ്ത്രീകളുടെ മനസ്സിനെ അത്രയ്ക്ക് മുറിവേല്പിക്കാന്‍ സാധ്യതയില്ല. കുമാരനാശാന്‍ മുതല്‍ ഒ.എന്‍.വി വരെയുള്ള കവികള്‍ സ്ത്രീകളുടെ വിവിധ അവയവങ്ങളെ വിവിധ പച്ചക്കറികളുമായോ പഴങ്ങളുമായോ പലപ്പോഴും താരതമ്യപ്പെടുത്തിയിട്ടുണ്ട്. മാപ്പിള പാട്ടുകളിലെ എക്കാലത്തെയും ടോപ് 10 ലിസ്റ്റില്‍ അത്തരം വര്‍ണനകളുള്ള പാട്ടുകള്‍ ഉണ്ട്. ഇത്തരം വരികള്‍ വരുമ്പോള്‍ സ്ത്രീകള്‍ പൊതുവെ അവഗണിക്കാറാണ് പതിവ്.

പ്രൊഫസറെ ന്യയീകരിക്കാനുള്ള വെപ്രാളത്തില്‍ “മുഴുവന്‍ കണ്ടിട്ട് വിമര്‍ശിക്കൂ സഹോദരീ ” എന്നും പറഞ്ഞു ഫോര്‍വേഡ് ചെയ്ത ക്ലിപ്പുകളാണ് പ്രൊഫസര്‍ക് സത്യത്തില്‍ പാരയായതെന്നു പറയാം. അതെങ്ങനെയെന്ന് മനസ്സിലാക്കാന്‍ ഒരുദാഹരണം പറയാം .

കേരളത്തിലെ മുസ്‌ലിം സ്ത്രീകള്‍ പൊതുവെ സാരിയാണ് അടുത്ത കാലം വരെ ധരിച്ചിരുന്നത്. ഇപ്പോഴും നാല്‍പതു വയസ്സിനു മുകളിലുള്ള സ്ത്രീകളില്‍ പലരും സാരി തന്നെയാണ് ധരിക്കുന്നതും. സാരി ധരിക്കുന്ന സ്ത്രീകളോട് മുസ്ല്യാക്കന്മാര്‍ സ്ഥിരമായി ഒരു ഉപദേശം കൊടുക്കാറുണ്ട് , സാരി ധരിച്ചാല്‍ വയറിന്റെ കുറച്ചു ഭാഗം പുറത്തു കാണും അത് അനിസ്‌ലാമികമാണ് എന്ന് . അതുവരെ മതസ്വാതന്ത്രം, അത് സ്ത്രീകള്‍ ബഹുമാനിക്കും. അടുത്ത വാചകത്തില്‍ മുസ്ലിയാര്‍ പറഞ്ഞെന്നിരിക്കട്ടെ നിങ്ങള്‍ വയറു കാണിച്ചു പുരുഷന്മാരെ വശീകരിക്കുകയാണ് എന്ന് , അപ്പോള്‍ പെണ്ണുങ്ങള്‍ ചൂലെടുക്കും. അത് മതസ്വാതന്ത്രമല്ല മറിച്ചു മറ്റുള്ളവരുടെ മേല്‍ ദുരുദ്ദേശം ആരോപിക്കലാണ്. ആ വ്യത്യാസം മനസ്സിലാക്കാത്ത വിഡ്ഢികളാണ് “മുഴുവന്‍ കേള്‍ക്കു സഹോദരീ ” എന്ന് പറഞ്ഞു പ്രൊഫസറുടെ ക്ലിപ്പ് എല്ലാവര്‍ക്കും ഫോര്‍വേഡ് ചെയ്തു സ്ത്രീകളെ കൊണ്ട് വാട്ടസ്ആപ്പിലും ഫേസ്ബുക്കിലും ചൂലെടുപ്പിച്ചത്.

 

ഇല്ലായിരുന്നെകില്‍ വത്തക്ക പ്രയോഗം സ്ത്രീകള്‍ ക്ഷമിച്ചേനെ, അല്ലെങ്കിലും സ്ത്രീകള്‍ നരകത്തിലെ വിറകു കൊള്ളികളാണെന്നു നൂറുവട്ടം കേള്‍ക്കാത്ത ഏതു മുസ്ലിം സ്ത്രീയാണ് കേരളത്തിലുള്ളത്, അതവര്‍ എപ്പോഴാണ് അംഗീകരിച്ചു കൊടുക്കാത്തതിരുന്നിട്ടുള്ളത് ?

ഫാറൂഖ് കോളേജിനെ തകര്‍ക്കാന്‍ എല്ലാവരും ചേര്‍ന്ന് ശ്രമിക്കുന്നു എന്ന ഗൂഢാലോചന സിദ്ധാന്തം:

ഏതൊരു മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിനും ഒരു ഐഡന്റിറ്റി ഉണ്ട്. ഉദാഹരണം, ഇന്ത്യയിലെ ഐ.ഐ.ടികള്‍ അതിന്റെ ഐഡന്റിറ്റി ആര്‍ജിച്ചെടുക്കുന്നത് അതിലേക്ക് വരുന്ന കുട്ടികളുടെ അസാമാന്യ ബുദ്ധിശക്തി കൊണ്ടാണ്. ഓസ്ഫോര്‍ഡിന്റെ ഐഡന്റിറ്റി നോബല്‍ സമ്മാന ജേതാക്കളടക്കമുള്ള പ്രഗത്ഭരായ അദ്ധ്യാപകരുടെ സാന്നിധ്യമാണ്. എം.ഐ.ടിയുടേത് സാങ്കേതിക മേഖലയില്‍ അവര്‍ നടത്തുന്ന ഗവേഷണങ്ങളാണ്. ഹാര്‍വാര്‍ഡ് അറിയപ്പെടുന്നത് അവര്‍ ലോകത്തിനു സംഭാവന ചെയ്യുന്ന മികച്ച ബിസിനസ്സുകാരുടെയും നിയമജ്ഞരുടെയും നിരകൊണ്ടാണ്.

ഇതിലൊരു സ്ഥാപനത്തെ നശിപ്പിക്കാനുള്ള എളുപ്പവഴി അതിന്റെ ഐഡന്റിറ്റി ഇല്ലാതാക്കുക എന്നാണ്. ഉദാഹരണം, സ്മൃതി ഇറാനി ഇന്ത്യയില്‍ ഒട്ടേറെ ഐ.ഐ.ടികള്‍ കൂടുതലായി തുടങ്ങി, ശരാശരിയും അതില്‍ താഴെയും ഉള്ള കുട്ടികള്‍ ഐ.ഐ.ടിയില്‍ എത്തി തുടങ്ങി. ഐ.ഐ.ടി മറ്റൊരു സാധാരണ എഞ്ചിനീയറിംഗ് കോളേജ് ആയി മാറി കൊണ്ടിരിക്കുന്നു.

എന്താണ് ഫാറൂഖ് കോളേജിന്റെ ഐഡന്റിറ്റി മലബാറിന്റെ പൊതുവെയും മുസ്‌ലീംകളുടെ പ്രത്യേകിച്ചും സാമൂഹ്യ പരിഷ്‌കരണത്തില്‍ നിര്‍ണായക പങ്കു വഹിച്ച ഒരു സ്ഥാപനം എന്നതാണത്. മുസ്‌ലീംകള്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം വെറുത്തിരുന്ന സമയത്തു ഫാറൂഖ് കോളേജ് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു മുന്നിട്ടിറങ്ങി. സ്ത്രീ വിദ്യാഭ്യാസം നിരോധിച്ച യാഥാസ്ഥിതികരെ വെല്ലു വിളിച്ചു പെണ്‍കുട്ടികളെ കോളേജില്‍ പ്രവേശിപ്പിച്ചു. ആണ്‍ പെണ്‍ വേര്‍തിരിവ് ഇല്ലാത്ത ക്ലാസ് മുറികള്‍ ആരംഭിച്ചു. മാപ്പിളപ്പാട്ടും ഒപ്പനയും അല്ലാത്ത കലകളില്‍ പങ്കെടുക്കാതിരുന്ന മുസ്‌ലീം സാഹിത്യത്തിന്റെയും കലയുടെയും പൊതു ധാരയിലേക്ക് കൊണ്ടുവന്നു.

 

കാലത്തിനു മുന്‍പേ നടന്ന സാമൂഹ്യ പരിഷ്‌കര്‍ത്താക്കളായിരുന്നു ഫാറൂഖ് കോളേജിന്റെ സ്ഥാപകരും ആദ്യകാല അധ്യാപകരും. ഈ ഒരു സാമൂഹ്യ പരിഷ്‌കരണത്തിന്റെ പശ്ചാത്തലമാണ് ഫാറൂഖ് കോളേജിന്റെ കാരക്ടര്‍. ആ കാരക്ടര്‍ നശിപ്പിച്ചാല്‍ ഫാറൂഖ് കോളേജ് മലബാറിലെ നൂറു കണക്കിന് ഡിഗ്രി ഫാക്ടറികള്‍ ഒന്നായി ഒടുങ്ങും.

സാമൂഹ്യ പരിഷ്‌കരണം നിരന്തരമായ ഒരു പ്രക്രിയയാണ് , ഏതെങ്കിലും ഘട്ടത്തില്‍ നിര്‍ത്താന്‍ കഴിയുന്നതല്ല അത്. അടിമത്തം നിരോധിച്ചത് വലിയൊരു പരിഷ്‌കരണമാണെന്നതുകൊണ്ട് അമേരിക്കക്ക് സ്ത്രീ വോട്ടവകാശം, സ്വവര്‍ഗ രതിക്കാരുടെ അവകാശങ്ങള്‍ തുടങ്ങിയ പിന്നീടുള്ള പരിഷ്‌കരണങ്ങള്‍ വേണ്ടെന്നുവെക്കാന്‍ പറ്റിയിട്ടില്ല. സതി നിരോധനം കൊണ്ട് ഹിന്ദു മതത്തിലെയോ , സ്ത്രീകള്‍ക്ക് സ്വത്തവകാശം നല്‍കിയ മേരി റോയ് വിധികൊണ്ട് ക്രിസ്ത്യാനികളുടെയോ സാമൂഹ്യ പരിഷ്‌കരണം അവസാനിക്കുന്നില്ല. സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് കൊടുക്കുന്നതോടു കൂടി സൗദിയില്‍ മാറ്റങ്ങള്‍ അവസാനിക്കില്ല.

മുസ്‌ലീംകള്‍ക്കിടയില്‍ വരേണ്ട ഒട്ടനവധി മാറ്റങ്ങള്‍ ഉണ്ട്, പ്രധാനമായും ലിംഗ സമത്വവുമായി ബന്ധപ്പെട്ടവ, തുല്യ സ്വത്തവകാശം, ബഹു ഭാര്യത്വ നിരോധനം തുടങ്ങി പ്രേമ വിവാഹങ്ങള്‍ക്കുള്ള പൊതു സ്വീകാര്യത വരെ. ഇതൊക്കെ ഫാറൂഖ് കോളേജ് മുന്‍കൈ എടുത്താലും ഇല്ലെങ്കിലും നടക്കും. കാലം മാറുമ്പോള്‍ സ്വാഭാവികമായോ, കോടതി വിധികളിലൂടെയോ, നിയമ നിര്‍മാണങ്ങളിലൂടെയോ ഇതൊക്കെ സംഭവിക്കും. പക്ഷെ ഇത്തരം മാറ്റങ്ങളെ ആവശ്യപ്പെടുന്ന അല്ലെങ്കില്‍ അംഗീകരിക്കുന്ന ഒരു കാമ്പസ് ഉണ്ടെങ്കില്‍ മാത്രമേ ഫാറൂഖ് കോളേജിന് അതിന്റെ ഐഡന്റിറ്റിയോടുകൂടി നിലനില്‍ക്കാന്‍ പറ്റൂ.

 

ധീരരും നിസ്വാര്‍ത്ഥരും ആയിരിക്കുക എന്നത് സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ ഒരു അടിസ്ഥാന യോഗ്യത ആണ്. കാരണം സമൂഹത്തിലെ 90% പേരും അതതു സമയത്തു ഏതു പരിഷ്‌കരണത്തിനും എതിരായിരിക്കും, അവരെ എതിര്‍ത്ത് വേണം ക്യാമ്പസിലും പുറത്തും ജീവിക്കാന്‍. ഫാറൂഖ് കോളേജിന്റെ സ്ഥാപകര്‍ക്കു ആ ധീരതയും ദീര്‍ഘ വീക്ഷണവും ഉണ്ടായിരുന്നു, ഇന്നത്തെ അവിടുത്തെ അധ്യാപകര്‍ കാലത്തിന്റെ നിശ്ചലത ആവശ്യപെടുന്നവരാണ്.

സങ്കടകരമെന്നു പറയട്ടെ , ജൗഹറിനെ പോലുള്ള സ്ത്രീ വിരുദ്ധരും, കുറെ സദാചാര പോലീസുകാരും അവരെ നയിക്കാന്‍ അങ്ങേയറ്റം പിന്തിരിപ്പന്‍ നിലപാടുകളുള്ള പ്രിന്‍സിപ്പാളും അവര്‍ക്കൊത്ത മാനേജ്‌മെന്റുമാണ് ഇന്നത്തെ ഫാറൂഖ് കോളേജ്. അവരാണ് കോളേജിനെ നശിപ്പിക്കുന്നത്. ഈ ഒരു തിരിച്ചറിവാണ് പൊതു സമൂഹവും മുസ്‌ലീംകളില്‍ നല്ലൊരു ശതമാനവും കോളേജിനെ നശിപ്പിക്കാന്‍ ഗൂഢാലോചനകള്‍ നടക്കുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങളെ തള്ളി കളയാന്‍ ഇട വരുത്തിയത്.

ഇത്തരം പ്രതിരോധങ്ങളുടെ പാളിച്ച, അല്ലെങ്കില്‍ ന്യായീകരണങ്ങളുടെ സ്വീകാര്യതയില്ലായ്മ, യാഥാസ്ഥിതികരെ കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പര്യാപ്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാരണമെന്തൊക്കെയായാലും മുസ്‌ലീംകള്‍ നിരന്തരം പാര്‍ശ്വവത്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന കാലമാണിത്. നിരന്തരം സംഭവിക്കേണ്ട സാമൂഹ്യ പരിഷ്‌കരണങ്ങള്‍ സംഭവിക്കാതിരിക്കുന്നതു കാര്യങ്ങള്‍ അങ്ങേയറ്റം വഷളാക്കാനേ സഹായിക്കൂ. ആ അവസരത്തില്‍ ഫാറൂഖ് കോളേജ് പോലെ സമൂഹ മാറ്റങ്ങള്‍ക്കു മുന്നണിയില്‍ നില്‍ക്കേണ്ട സ്ഥാപനങ്ങള്‍ പുറം തിരിഞ്ഞു നില്‍ക്കുന്നത് അങ്ങേയറ്റം നിരാശാജനകമാണ് .

ഫാറൂഖ്
ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ