| Wednesday, 20th November 2024, 7:24 pm

മുനമ്പം വിഷയത്തില്‍ ഫറൂഖ് കോളേജ് അധികൃതരുടെ മൗനം സംശയാസ്പദം, വില്‍പ്പന നടത്തിയതവരാണെങ്കില്‍ അവര്‍ തന്നെ പരിഹക്കണം: ഡോ. എ.പി. അബ്ദുള്‍ ഹക്കീം അസ്ഹരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുനമ്പം ഭൂമി വിഷയത്തില്‍ ഫറൂഖ് കോളേജ് അധികൃതരുടെ മൗനം സംശയാസ്പദമാണെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.എ.പി. അബ്ദുള്‍ ഹക്കീം അസ്ഹരി. വഖഫ് ഭൂമി വിറ്റതും രജിസ്റ്റര്‍ ചെയ്തതും എങ്ങനെയാണെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കണമെന്നും കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

വഖഫ് ഭൂമി വിറ്റുവെന്നത് വലിയ ചോദ്യമാണെന്നും രജിസ്ട്രാര്‍ ഭൂമി രജിസ്റ്റര്‍ ചെയ്ത് കൊടുത്തത് എങ്ങനെയാണെന്നും ചോദിച്ച അസ്ഹരി പാവപ്പെട്ടവരോട് കാശ് വാങ്ങി കച്ചവടം നടത്തിയതാണെങ്കില്‍ അത് നാട്ടിലെ നിയമത്തിനെതിരാണെന്നും ഫറൂഖ് കോളേജാണ് വില്‍പ്പന നടത്തിയതെങ്കില്‍ അവരത് പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വഖഫ് ഭൂമി എങ്ങനെ വിറ്റു എന്നത് വലിയ ചോദ്യമാണ്. എങ്ങനെ രജിസ്ട്രാര്‍ അത് രജിസ്ട്രര്‍ ചെയ്ത് കൊടുത്തു? പാവപ്പെട്ടവരോട് കാശ് വാങ്ങി കച്ചവടം നടത്തിയതാണെങ്കില്‍ അത് നാടിന്റെ നിയമത്തിനെതിരാണ്. ഫാറൂഖ് കോളേജാണ് വില്‍പ്പന നടത്തിയതെങ്കില്‍ അവരാണത് പരിഹരിക്കേണ്ടത്. ഫാറൂഖ് കോളജ് അധികൃതര്‍ മൗനം ഭേദിച്ചാല്‍ തന്നെ പ്രശ്‌നപരിഹാരമുണ്ടാകും. മറ്റുള്ളവര്‍ അഭിപ്രായം പറയുന്നതിനേക്കാള്‍ നല്ലത് പറയേണ്ട ആളുകള്‍ കൃത്യമായി പറയുന്നതാണ്,’ അബ്ദുള്‍ ഹക്കീം അസ്ഹരി പറഞ്ഞു.

അതേസമയം മുസ്‌ലിം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കാന്‍ ചില കോണുകളില്‍ നിന്നും ശ്രമങ്ങള്‍ നടക്കുന്നതായും രേഖകള്‍ പരിശോധിച്ച് തീരുമാനമെടുക്കേണ്ടത് സര്‍ക്കാരിന്റെ കൂടി നേതൃത്വത്തിലായിരിക്കണമെന്നും അസ്ഹരി പറയുകയുണ്ടായി.

വഖഫ് സംരക്ഷിക്കേണ്ടതും ക്രമസമാധാനം പാലിക്കേണ്ടതും മുഖ്യമാണെന്നും റിസോര്‍ട്ട് മാഫിയകള്‍ വഖഫ് ഭൂമി എങ്ങനെ കൈക്കലാക്കിയെന്നുള്ളത് വിശദമായി പഠിക്കേണ്ടതാണെന്നും എന്നാല്‍ ഏതെങ്കിലും കാലത്ത് നടന്ന കൃത്യവിലോപത്തിന്റെ പേരില്‍ താമസക്കാരെ ഇറക്കിവിടുന്നതിനോട് യോജിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുടിയിറക്കപ്പെടുന്നവര്‍ക്ക് വീട് വെച്ചുകൊടുക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും മുനമ്പം ഭൂമിയിലുള്ളവരെ പുനരധിവസിപ്പിക്കുന്നതിന് സര്‍ക്കാരിനെ എസ്.വൈ.എസ്. എഫ് സഹായിക്കുമെന്നും പറഞ്ഞ അദ്ദേഹം നാടിന്റെ ക്രമസമാധാനവും സാമൂഹിക അന്തരീക്ഷവും കലുഷിതമാക്കുന്നതിനുള്ള നീക്കങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുനമ്പം ഭൂമി വിഷയവുമായുണ്ടാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിനെ എല്ലാവരും സഹായിക്കണമെന്നും അസ്ഹരി കൂട്ടിച്ചേര്‍ത്തു.

ക്രിസ്ത്യന്‍ നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ പ്രത്യേക റോളുള്ളതായി തോന്നുന്നില്ലെന്നും ഭൂമി കൈയ്യേറ്റക്കാരും വഖഫിന്റെ ഉടമയും തമ്മിലുള്ള പ്രശ്‌നമാണിതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മതങ്ങള്‍ തമ്മിലുള്ള തര്‍ക്കമല്ലെങ്കിലും പ്രശ്‌നങ്ങളില്ലാതെയിരിക്കുന്നതിന് ചര്‍ച്ചകള്‍ തുടരുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെടുന്നതും കൈയ്യേറുന്നതും ധാരാളമായി കണ്ടുവരുന്നുണ്ടെന്നും ഇതിനെ കുറിച്ച് റഹ്‌മാന്‍ ഖാന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആ റിപ്പോര്‍ട്ടില്‍ ഒന്നാമത്തെ കൈയ്യേറ്റക്കാരായി കണ്ടെത്തിയിരിക്കുന്നത് സര്‍ക്കാരാണെന്നും പറഞ്ഞ അദ്ദേഹം കോഴിക്കോടുള്ള മൊയ്തീന്‍ പള്ളി, പട്ടാളപ്പള്ളി തുടങ്ങിയ സുന്നി വഖഫുകള്‍ മറ്റ് ആശയക്കാര്‍ കൈയ്യേറിയതാണെന്നും പറഞ്ഞു.

വഖഫ് പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് സമസ്തയുടെ അഭിപ്രായങ്ങള്‍ ജെ.പി.സിക്ക് കൈമാറിയിട്ടുണ്ടെന്നും ബില്ലും മുനമ്പം വിഷയവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും അസ്ഹരി പറഞ്ഞു.

Content Highlight: Farooq College authorities’ silence on Munambam issue is questionable, those who did the sale should be ridiculed: Dr. AP Abdul Hakeem Azhari

We use cookies to give you the best possible experience. Learn more