കിറ്റെക്‌സ് വിവാദവുമായി ബന്ധപ്പെട്ടാണെങ്കിലും അല്ലെങ്കിലും തൊഴിലവസരങ്ങളെ പറ്റി എല്ലാവരും സംസാരിക്കുന്നത് കാണുന്നത് തന്നെ സന്തോഷമാണ്. ഈ കോളത്തില്‍ ഏറ്റവും തവണ ചര്‍ച്ച ചെയ്ത വിഷയമാണ് തൊഴിലും തൊഴിലവസരങ്ങളും തൊഴിലില്ലായ്മയുമൊക്കെ.
തെരഞ്ഞെടുപ്പ് സമയത്തായാലും അല്ലെങ്കിലും നാട്ടുകാര്‍ തൊഴിലവസരങ്ങളെ പറ്റി സംസാരിച്ചു കൊണ്ടേയിരിക്കണം, അതാണ് വികസിത സമൂഹത്തിന്റെ ലക്ഷണം.
സര്‍ക്കാരിനെയും പാര്‍ട്ടികളെയും വിലയിരുത്തുന്നത് അവരുടെ ഭരണകാലത്തു എത്ര തൊഴിലവസരങ്ങള്‍ ഉണ്ടാക്കി എന്ന ഒരു കാര്യം വെച്ചായിരിക്കണം എന്ന് ഇതിനു മുമ്പ് എഴുതിയിട്ടുണ്ട് , കാരണം തൊഴിലവസരങ്ങളുണ്ടാവണമെങ്കില്‍ ക്രമസമാധാനം, വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീ സുരക്ഷാ, സര്‍ക്കാര്‍ കാര്യക്ഷമത തുടങ്ങി എല്ലാം നന്നായിരിക്കണം.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ കേരളം എന്ത് കൊണ്ട് പരാജയപ്പെട്ടു എന്ന് തിരിച്ചറിയാതെ ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ കൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും കാര്യമുണ്ടാകുമെന്ന് തോന്നുന്നില്ല.
സാമൂഹ്യ ജീവിത സൂചികകളില്‍ നമ്മള്‍ കൈ വരിച്ച അഭൂതപൂര്‍വമായ വിജയങ്ങളാണ് തൊഴില്‍ രംഗത്തെ നമ്മുടെ പരാജയത്തിന്റെ ആണിക്കല്ല്. ജീവിത നിലവാരം, വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലുള്ള വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന മുന്നേറ്റം, പരിസ്ഥിതി അവബോധം, ജനസാന്ദ്രത തുടങ്ങിയവയൊക്കെയാണ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ നിന്ന് നമ്മെ തടയുന്നത്.
കേരളത്തില്‍ ഫാക്ടറി തുടങ്ങാനായി ആദ്യമായി ഒരു വ്യവസായിയെ ആനയിച്ചു കൊണ്ട് വരുന്നത് ഇ.എം.എസ് ആണ്. ഗ്രാസിം എന്ന് പിന്നീട് അറിയപ്പെട്ട ഗ്വാളിയോര്‍ റയോണ്‍സ് ഫാക്ടറി കോഴിക്കോടിനടുത്തെ മാവൂരില്‍ തുടങ്ങാനായി ബിര്‍ളയെ കൊണ്ട് വരാന്‍ ഇ.എം.എസ് അന്ന് കൊടുത്തത് ഇന്ന് സാബു ജേക്കബിനൊന്നും സ്വപ്നം കാണാന്‍ കഴിയാത്തത്രയും വലിയ ഓഫറുകളായിരുന്നു.
ചാലിയാര്‍ പുഴയുടെ തീരത്ത് 316 ഏക്കര്‍ ഭൂമി സൗജന്യമായി, അസംസ്‌കൃത വസ്തുവായ മുള മുപ്പത് കൊല്ലത്തേക്ക് കേരളത്തിലെ കാടുകളില്‍ നിന്ന് ഇഷ്ടം പോലെ മുറിക്കാം, അതും സൗജന്യമായി. പുഴയിലെ വെള്ളം ഇഷ്ടം പോലെ, ടാക്‌സ് ഇളവുകള്‍, സൗജന്യ വൈദ്യുതി അങ്ങനെ ബിര്‍ള തന്നെ ഞെട്ടിയ ഓഫറുകള്‍.
1963ല്‍ ആഘോഷത്തോടെ ഫാക്ടറി തുടങ്ങിയതിന്റെ പിറ്റേന്ന് നേരം വെളുത്തപ്പോള്‍ നാട്ടുകാര്‍ ഞെട്ടി. തെളിഞ്ഞ ആകാശം ഉണ്ടായിരുന്ന മാവൂരും പരിസരവും കറുത്ത വായു കൊണ്ട് നിറഞ്ഞു. തെളിഞ്ഞ ജലമൊഴുക്കില്‍ വെള്ളത്തിനടിയിലെ ചരലുകള്‍ വരെ കാണാന്‍
കഴിയുമായിരുന്ന ചാലിയാര്‍ പുഴ കറുത്തിരുണ്ട് വിഷമയമായി. മീനുകള്‍ ചത്തു പൊങ്ങി.
മാവൂര്‍ മുതല്‍ ഫറോക്ക്, കല്ലായി വരെ പുഴയില്‍ കുളിക്കുന്നത് പോയിട്ട് കാല്‍ വെയ്ക്കാന്‍ പോലും കഴിയാത്ത അവസ്ഥയായി. റയോണ്‍സ് ഫാക്ടറിയില്‍ നിന്ന് ചാലിയാര്‍ പുഴയിലൂടെ കല്ലായി വഴി അറബിക്കടലിലേക്ക് ഒഴുകിയ വിഷങ്ങള്‍ മത്സ്യബന്ധനത്തെ പോലും ബാധിക്കാന്‍ തുടങ്ങി.
രണ്ടായിരം പേര്‍ക്ക് തൊഴില്‍ നല്‍കിയ റയോണ്‍സ് പതിനായിരങ്ങളുടെ ജോലി നശിപ്പിച്ചു. നാട്ടുകാര്‍ക്ക് വ്യാപകമായി അസുഖങ്ങളും വന്നു തുടങ്ങി, വരട്ടു ചൊറി മുതല്‍ ക്യാന്‍സര്‍ വരെ.
ആര്‍. എന്‍ സാബു എന്ന രാജസ്ഥാന്‍കാരനായിരുന്നു റയോണ്‍സിന്റെ ചീഫ് എക്‌സിക്യൂട്ടീവ്. മലിനീകരണനിയമങ്ങള്‍ പാലിക്കാതെ മാലിന്യങ്ങള്‍ പുഴയിലേക്കും അന്തരീക്ഷത്തിലേക്കും ഒഴുക്കരുതെന്ന് പറഞ്ഞ് നാട്ടുകാരും ഉദ്യോഗസ്ഥരും മന്ത്രിമാരുമൊക്കെ സാബുവിനെ പല പ്രാവശ്യം കണ്ടു.
സാബുവിന്റെ സ്ഥിരം മറുപടിയായിരുന്നു റയോണ്‍സ് പൂട്ടി ഉത്തരേന്ത്യയിലേക്ക് കൊണ്ട് പോകുമെന്നത്. ബിര്‍ളക്ക് ഒരുപാട് ഫാക്ടറികളുണ്ട് ഉത്തരേന്ത്യയില്‍, സാബു പറയും, അവിടെയൊക്കെ ഇങ്ങനെയാണ്. മലിനീകരണ നിയമം പാലിച്ചൊന്നുമല്ല അവിടങ്ങളിലെ ഫാക്ടറി.
ശരിയാണ്. വ്യാവസായിക മാലിന്യങ്ങള്‍ നിറഞ്ഞ പരിശുദ്ധ ഗംഗാനദി വൃത്തിയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 2014 നു ശേഷം ചെലവാക്കിയത് 85000 കോടി രൂപയാണ്. എന്നിട്ടും വൃത്തിയായില്ലെന്നത് വേറെ കാര്യം.
അങ്ങനെ പ്രശ്‌നങ്ങളായി, സമരങ്ങളായി, ചര്‍ച്ചകളായി. മലിനീകരണവും ക്യാന്‍സറും കറുത്ത വായുവും കറുത്ത ജലവുമായി റയോണ്‍സ് തുടര്‍ന്നു. കേരളത്തിലെ കാടുകളിലെ മുള മിക്കതും തീര്‍ന്നു. ഇപ്പൊ പൂട്ടും ഇപ്പൊ പൂട്ടും എന്ന സാബുവിന്റെ വെല്ലുവിളിക്ക് മുമ്പില്‍ കേരളം കൈ കൂപ്പി നിന്നു. അവസാനം 1985ല്‍ റയോണ്‍സ് പൂട്ടി.
കേരളം വ്യാവസായിക സൗഹൃദ സംസ്ഥാനമല്ല എന്ന ബിര്‍ളയുടെ പ്രസ്താവന ദല്‍ഹി മാധ്യമങ്ങളിലൊക്കെ വലിയ വാര്‍ത്തയായി. തൊഴിലെവിടെ എന്ന് ചോദിച്ച് ഡി.വൈ.എഫ്.ഐക്കാര്‍ മന്ത്രിയെ തടഞ്ഞ കാലമാണ്. റയോണ്‍സ് പൂട്ടിയത് കേരളത്തിന് വലിയ ആഘാതമായി.
1987 ലെ നായനാര്‍ സര്‍ക്കാരിലെ വ്യവസായ മന്ത്രിയായിരുന്ന കെ.ആര്‍. ഗൗരിയമ്മ ബിര്‍ളയെ കണ്ട് റയോണ്‍സ് ഫാക്ടറി വീണ്ടും തുറക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ഇതേ ആവശ്യമുന്നയിച്ചു നക്‌സല്‍ നേതാവായ ഗ്രോ-വാസു നിരാഹാര സത്യാഗ്രഹം നടത്തുന്ന സമയമായിരുന്നു അത്.
ഒരുപാട് അഭ്യര്‍ത്ഥനകള്‍ക്ക് ശേഷമാണ് ഗൗരിയമ്മയ്ക്ക് അപ്പോയ്ന്റ്‌മെന്റ് തന്നെ കിട്ടിയത്. ചുരുങ്ങിയ സമയം നീണ്ടു നിന്ന ചര്‍ച്ചയില്‍ കേരള സര്‍ക്കാര്‍ വീണ്ടും ഒരുപാട് സൗജന്യങ്ങള്‍ ബിര്‍ളക്ക് കൊടുത്തു. അതിനെ തുടര്‍ന്ന് റയോണ്‍സ് വീണ്ടും തുറന്നെങ്കിലും 2001 ജൂണ്‍ 30ന് അവസാനമായി ഷട്ടറിട്ടു.
ഇപ്പോള്‍ കാടു പിടിച്ചു നില്‍ക്കുന്ന 316 ഏക്കറും ക്യാന്‍സര്‍ ബാധിച്ചു മരിച്ച തന്റെ ഭാര്യയുടെ പേരില്‍ സാബു കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ച സാവിത്രി ദേവി ക്യാന്‍സര്‍ വാര്‍ഡുമാണ് അര നൂറ്റാണ്ടു കഴിയുമ്പോള്‍ കേരളത്തിന്റെ ഏറ്റവും വലിയ വ്യാവസായിക നിക്ഷേപത്തിന്റെ ബാക്കിപത്രം.
റയോണ്‍സിന്റെ കഥയില്‍ നിന്ന് പല പാഠങ്ങളുണ്ട് പഠിക്കാന്‍. ഏറ്റവും പ്രധാനമായത് ഇന്ത്യന്‍ വ്യവസായികള്‍ സര്‍ക്കാരുകളോട് ആവശ്യപ്പെടുന്നത് നിയമങ്ങള്‍ ലംഘിക്കാനുള്ള ലൈസന്‍സാണ്. പ്രത്യേകിച്ചും മലിനീകരണ നിയമങ്ങളും തൊഴില്‍ നിയമങ്ങളും.
വ്യവസായങ്ങളുള്ള ഏത് ഇന്ത്യന്‍ നഗരങ്ങളുടെയും പ്രത്യേകതകളാണ് കറുത്ത വായുവും കറുത്ത ജലാശയങ്ങളും. ഇന്ത്യക്കാര്‍ വിചാരിക്കുന്നത് വ്യവസായം വന്നാല്‍ അങ്ങനെയൊക്കെയാണ് എന്നാണ്. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ അങ്ങനെയല്ല.
ആയിരക്കണക്കിന് ഫാക്ടറികളുള്ള മാഞ്ചെസ്റ്ററിലെയോ സ്റ്റോക്ഹോള്‍മിലെയോ വായു കറുത്തിട്ടല്ല. ഇത് വായിക്കുന്നവരില്‍ പലരും ജബല്‍ അലി, ജുബൈല്‍, യാമ്പൂ, മെസ്സായീദ് തുടങ്ങിയ വ്യാവസായിക നഗരങ്ങളില്‍ താമസിക്കുന്നുണ്ടാകും. അവരൊന്നും ശ്വസിക്കുന്നത് വിഷ പുകയല്ല.
തൊഴില്‍ നിയമങ്ങള്‍ ലംഘിക്കാനുള്ള ലൈസന്‍സും തുച്ഛമായ കൂലിയുമാണ് ഇന്ത്യന്‍ വ്യവസായികള്‍ക്ക് വേണ്ട രണ്ടാമത്തെ സൗജന്യം. ഇരുന്നൂറും മുന്നൂറും രൂപ ദിവസക്കൂലിക്ക് അടിമപ്പണി ചെയ്യാന്‍ ആളെ കിട്ടുന്ന സംസ്ഥാനങ്ങള്‍ നോക്കിയാണ് വ്യവസായികള്‍ പോകുന്നത്.
ഭീകരമായ സാമൂഹ്യ അസമത്വവും ജാതി സമ്പ്രദായവും നിലനില്‍ക്കുന്ന സമൂഹങ്ങളില്‍ ദരിദ്രര്‍ക്ക് അന്നന്നത്തെ ഭക്ഷണം മാത്രമേ ആവശ്യമായുണ്ടാകൂ. കേരളം പോലെ മാനുഷിക വിഭവ ശേഷിയില്‍ യൂറോപ്പിനോട് കിട പിടിക്കുന്ന സ്ഥലത്ത് ആളുകള്‍ക്ക് ആവശ്യങ്ങള്‍ ഒരു പാടുണ്ടാകും, സ്വപ്നങ്ങളും. അത് കൊണ്ടാണ് വേതനം കൂടുന്നത്, അത് നമ്മുടെ വിജയങ്ങളുടെ വിലയാണ്.
ഇന്ത്യയില്‍ മൊത്തം എടുത്തു നോക്കിയാല്‍ വേതനം ഇനിയും കുറയാനെ സാധ്യത കാണുന്നുള്ളു. ടെക്സ്റ്റയില്‍സില്‍ ബംഗ്ലാദേശും വിയറ്റ്നാമുമൊക്കെ നമ്മെ പിന്നിലാക്കി ഒരുപാട് മുന്നേറി. ടണ്‍ കണക്കിന് വസ്ത്രങ്ങള്‍ ഉല്പാദിപ്പിക്കുന്ന വന്‍കിട ഫാക്ടറികള്‍ ചൈനീസ് സഹായത്തോടെ സ്ഥാപിച്ചാണ് ബംഗ്ലാദേശ് ലോക വിപണി കയ്യടക്കുന്നത്.
ഇന്ത്യയുടെ തുണിത്തരങ്ങളുടെ കയറ്റുമതി ഓരോ കൊല്ലവും കുറയുകയാണ്, ഇറക്കുമതി കൂടുകയും. ഇത് തന്നെയാണ് കളിപ്പാട്ടങ്ങള്‍, ഗ്രോസറി തുടങ്ങിയവയുടെയും കഥ. പെട്രോള്‍ ഡീസല്‍ വില ദിവസവും കൂടുന്നത് കൊണ്ട് വ്യവസായങ്ങളുടെ ഉല്പാദന ചിലവ് ഇനിയും കൂടിയാല്‍ ഇന്ത്യക്കാര്‍ ഇനി വിദേശ വസ്ത്രങ്ങളെ ധരിക്കൂ. തൊഴിലില്ലായ്മയും കൂടും, കൂലി ഇനിയും കുറയും.
ഔദ്യോഗിക കണക്ക് പ്രകാരം 2016ല്‍ 42 കോടി ആളുകള്‍ക്ക് ജോലിയുണ്ടായിരുന്ന ഇന്ത്യയില്‍ ഇന്ന് 38 കോടി ആളുകള്‍ക്കെ ജോലിയുള്ളൂ. തൊഴിലില്ലായ്മ നാല്‍പത്തഞ്ചു കൊല്ലത്തെ ഏറ്റവും വലിയ നിരക്കിലാണ്.
സ്വന്തം പഞ്ചായത്തിലെ വായുവും വെള്ളവും മലിനീകരിക്കാന്‍ സര്‍ക്കാര്‍ സമ്മതിച്ചാലും കേരളത്തില്‍ നാട്ടുകാര്‍ സമ്മതിക്കില്ല. ഇരുന്നൂറോ മുന്നൂറോ രൂപക്ക് അടിമപ്പണി ചെയ്യാന്‍ മലയാളികളെ കിട്ടില്ല. ഉയര്‍ന്ന പരിസ്ഥിതി ബോധവും വേതനവും നിലനില്‍ക്കുന്ന ഒരു സംസ്ഥാനം എന്ന നിലക്ക് കേരളത്തിലേക്ക് വന്‍കിട ഫാക്ടറികള്‍ വരില്ല. വന്നാലും നിലനില്‍ക്കില്ല.
എന്ന് വച്ച് കേരളത്തിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പറ്റില്ല എന്നാണോ – അല്ല.
ഇന്ത്യയില്‍ കേരളത്തിന്റെ അവസ്ഥയായിരുന്നു യൂറോപ്പില്‍ സ്വിറ്റ്സര്‍ലാന്‍ഡിന് ഒരു കാലത്ത്. ഏറ്റവും ഉയര്‍ന്ന ജീവിത നിലവാരം, ഏറ്റവും ലോലമായ പരിസ്ഥിതി. ചുറ്റുമുള്ള രാജ്യങ്ങള്‍ തൊഴിലുകള്‍ മുഴുവന്‍ കൊണ്ട് പോകുന്ന സ്ഥിതി. ആ ഒരു അവസ്ഥയെ സ്വിറ്റ്‌സര്‍ലാന്‍ഡ് എങ്ങനെ അതിജീവിച്ചു എന്നത് കേരളം പഠിക്കേണ്ട കാര്യമാണ്.
മലയാളികള്‍ ലോകത്തിലെ ഏറ്റവും മികച്ച വര്‍ക്ക്‌ഫോഴ്സുകളില്‍ ഒന്നാണ്. അത് നമ്മള്‍ ഗള്‍ഫിലും അമേരിക്കയിലുമൊക്കെ തെളിയിച്ചതാണ്. കൂടുതല്‍ പ്രതിഫലം നല്‍കാന്‍ കഴിയുന്ന വ്യവസായങ്ങള്‍ – ചെറിയത്, പക്ഷെ ഉയര്‍ന്ന വിദ്യാഭ്യാസവും കഴിവും ആവശ്യമുള്ള തൊഴിലാളികള്‍ വേണ്ടത് – കേരളത്തില്‍ വിജയിപ്പിക്കാന്‍ കഴിവും.
ഫാര്‍മസ്യൂട്ടിക്കല്‍, ഐ.ടി., ട്രേഡിങ്, ടൂറിസം, എഡ്യൂക്കേഷന്‍, മെഡിക്കല്‍ തുടങ്ങിയ സെക്ടറുകളിലേ കേരളത്തില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ കഴിയൂ. അതിനാവശ്യമായ സജ്ജീകരണങ്ങളാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.
കൂടുതല്‍ ഐ.ടി., വ്യവസായ പാര്‍ക്കുകള്‍ തുടങ്ങണം, ടാക്‌സ്-ഫ്രീ സോണുകള്‍ പരമാവധി സ്ഥാപിക്കണം, കോളേജുകള്‍ക്കും യൂണിവേഴ്‌സിറ്റികള്‍ക്കും വിദേശ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കി കൊടുക്കണം. ആശുപത്രികള്‍ക്ക് വിദേശത്തു നിന്ന് രോഗികളെ കിട്ടാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണം.
സ്ത്രീ സുരക്ഷയും സ്ത്രീ സമത്വവും ഏറ്റവും വലിയ മുന്‍ഗണനകളാവണം. ഉദ്യോഗസ്ഥര്‍ക്ക് മൂക്ക് കയറിടണം, ചുവപ്പ് നാടകള്‍ ഉണ്ടാകരുത്. വിനോദത്തിനുള്ള ഉപാധികള്‍ പരമാവധി ഉണ്ടാകണം, സദാചാര ഗുണ്ടകള്‍, ക്വട്ടേഷന്‍ സംഘങ്ങളൊക്കെ ഇല്ലാതാവണം.
ലോകത്തിലെ ഏറ്റവും സുന്ദരമായ നാടുകളില്‍ ഒന്നാണ് കേരളം. കേരളത്തിന്റെ അനുകൂല സാഹചര്യങ്ങള്‍ വച്ച് നോക്കിയാല്‍ ഇപ്പോള്‍ ടൂറിസത്തില്‍ നിന്ന് നമ്മള്‍ ഉണ്ടാക്കുന്ന തൊഴിലവസരങ്ങള്‍ തുച്ഛമാണ്. വിപ്ലവകരമായ തീരുമാനങ്ങള്‍ ഈ മേഖലയില്‍ അത്യാവശ്യമാണ്.
കായലുകള്‍ ടൂറിസത്തിന് തുറന്നു കൊടുത്ത പോലെ പരിസ്ഥിതിക്ക് ദോഷമാവാത്ത രീതിയില്‍ കാടുകള്‍ ടൂറിസത്തിനായി തുറന്നു കൊടുക്കണം. നല്ലൊരു പങ്ക് ടൂറിസ്റ്റുകളും, പ്രത്യേകിച്ച് പണക്കാരായ കുടുംബങ്ങള്‍ ഇപ്പോള്‍ മരിജുവാന നിയമ വിധേയമായ സ്ഥലങ്ങളിലേക്കെ യാത്ര പോവാറുള്ളൂ. പരിമിതമായ തോതിലെങ്കിലും കഞ്ചാവ് നിയമ വിധേയമാക്കണം.
ആളുകള്‍ സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് വിഘാതമാകുന്ന കുറെ പഴഞ്ചന്‍ നിയമങ്ങള്‍ എടുത്തു കളയുകയും വേണം. ആളുകള്‍ക്ക് തേക്കും വീട്ടിയുമുള്‍പ്പെട്ട എല്ലാ മരങ്ങളും ചെടികളും വീടുകളിലോ ഫാമുകളിലോ കൃഷി ചെയ്യാന്‍ അനുവാദം കൊടുക്കണം. മാന്‍, മുയല്‍ തുടങ്ങിയ കാട്ടു മൃഗങ്ങളെയും പക്ഷികളെയും ഫാമുകളില്‍ കൃഷി ചെയ്തു റെസ്‌റ്റോറന്റുകള്‍ക്കും റിസോട്ടുകള്‍ക്കും വില്‍ക്കാന്‍ അനുവാദം കൊടുക്കണം.
ഇങ്ങനെയുള്ള കൊച്ചു കാര്യങ്ങള്‍ കുറെ ചെയ്യുമ്പോള്‍ തന്നെ ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ ഉണ്ടാകും. വെറുതെ സാബുമാരുടെ പിറകെ നടന്നു കറുത്ത വായുവും കറുത്ത ജലവുമുണ്ടാക്കുന്നതിനേക്കാള്‍ നല്ലതാണ്.
ഇനി അഥവാ സാബുമാര്‍ രണ്ടോ മൂന്നോ ഫാക്ടറികള്‍ ഉണ്ടാക്കിയാലും അവിടെ മുന്നൂറോ നാനൂറോ രൂപക്ക് അടിമപ്പണി ചെയ്യാന്‍ അന്യസംസ്ഥാന തൊഴിലാളികളാവും ഭൂരിപക്ഷവും. കേരളീയര്‍ക്ക് ജോലിയുണ്ടാക്കാനാണല്ലോ കേരള സര്‍ക്കാര്‍, അല്ലാതെ പണി തരാനല്ലല്ലോ.
ഫാറൂഖ് എഴുതിയ മറ്റു ലേഖനങ്ങള്‍ ഇവിടെ വായിക്കാം
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ