| Wednesday, 16th March 2022, 12:49 pm

ഒബ്ജക്ഷന്‍ യുവര്‍ ഹോണര്‍

ഫാറൂഖ്

നമ്മള്‍ സാധാരണക്കാര്‍ക്ക് കോടതി വിധികളെയൊക്കെ വിലയിരുത്താനും വിമര്‍ശിക്കാനുമുള്ള അവസരം പൊതുവെ കിട്ടാറില്ല. അതൊക്കെ നിയമം പഠിച്ചവര്‍ക്കും നിരീക്ഷകര്‍ക്കുമൊക്കെ കിട്ടുന്ന സൗഭാഗ്യങ്ങളാണ്. അപൂര്‍വമായി സാധാരണക്കാര്‍ക്ക് പോലും വിലയിരുത്താന്‍ പറ്റിയ ചില വിധികള്‍ വരും.

ഇന്നലത്തെ കര്‍ണാടക ഹൈക്കോടതി വിധി അത്തരത്തിലൊന്നാണ്. 129 പേജുള്ള വിധിയാണ്, മുഴുവനൊന്നും വിലയിരുത്തുന്നില്ല. ഒരൊറ്റ പേജ്, സത്യത്തില്‍ ഒരു പേജ് പോലുമില്ല, ഒരു പാരഗ്രാഫ് മാത്രം പരിശോധിക്കാം.

ജഡ്ജിമാരെ പറ്റിയോ അവരുടെ വ്യക്തിത്വത്തെ പറ്റിയോ കാഴ്ചപ്പാടുകളെ പറ്റിയോ പരാമര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നില്ല. വിധി, വിധി മാത്രം.

മുകളില്‍ കൊടുത്ത പാരഗ്രാഫാണ് പരിശോധിക്കുന്നത്.

ഒന്നാമത്തെ വാചകം: ‘സ്‌കൂളിങ് മൂന്ന് കാര്യങ്ങളില്ലാതെ പൂര്‍ണമാവില്ല- അധ്യാപകര്‍, പഠിത്തം, ഡ്രസ് കോഡ്. ബുദ്ധിയുള്ള ഒരാള്‍ക്കും യൂണിഫോം ഇല്ലാതെ സ്‌കൂളുകള്‍ സങ്കല്‍പ്പിക്കാന്‍ കഴിയില്ല.’

ഇത് വല്ലാതെ കാടുകയറുന്ന സാമാന്യവല്‍ക്കരണമാണ് എന്ന് പറയാതെ വയ്യ. അമേരിക്കയും കാനഡയും ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ അപൂര്‍വം സ്‌കൂളുകളില്‍ ഒഴികെ മിക്കയിടത്തും യൂണിഫോം ഇല്ല. യൂണിഫോം തീരെയില്ലാത്ത, അല്ലെങ്കില്‍ അപൂര്‍വം സ്‌കൂളുകളില്‍ മാത്രമുള്ള മറ്റ് പ്രധാന രാജ്യങ്ങളാണ് ജര്‍മ്മനി, ഫ്രാന്‍സ്, ഓസ്ട്രിയ, ഇറ്റലി, പോളണ്ട്, സ്‌പെയിന്‍ തുടങ്ങിയവ. (https://en.wikipedia.org/wiki/School_uniforms_by_country)

പണ്ട് ദരിദ്രരായ രക്ഷിതാക്കളുടെ കുട്ടികള്‍ക്ക് അപകര്‍ഷത വരാതിരിക്കാനായിരുന്നു യൂണിഫോം നടപ്പാക്കിയിരുന്നത്. അന്നൊക്കെ സാധാരണക്കാര്‍ക്ക് താങ്ങാന്‍ പറ്റാത്ത വിലയായിരുന്നു വസ്ത്രങ്ങള്‍ക്ക്. ഇന്നങ്ങനെയല്ല. രണ്ട് ദിവസത്തെ പണിക്കൂലിയുണ്ടെങ്കില്‍ ഒരു പാന്റും ഷര്‍ട്ടും വാങ്ങാം.

അമേരിക്കയിലും കാനഡയിലുമൊക്കെ കുട്ടികള്‍ വിലകുറഞ്ഞ ഹൂഡിയും, നൈറ്റ് പാന്റും ടീ ഷര്‍ട്ടുമിട്ടാണ് സ്‌കൂളില്‍ പോകുന്നത്. രാജ്യങ്ങള്‍ ഓരോന്നോരോന്നായി യൂണിഫോം എടുത്തുകളയാനുള്ള ഒരു കാരണം ഇതാണ്. ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നത് പൗരന്റെ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന രീതിയിലുള്ള പല കോടതി വിധികളും ഈ രാജ്യങ്ങളിലുണ്ടായി. ഇന്ന രീതിയില്‍ മുടി വെട്ടണം, ഇന്ന തരം ചെരിപ്പിടണം എന്നൊക്കെ കുട്ടികളോട് പറയുന്നത് പല രാജ്യങ്ങളിലും നിയമവിരുദ്ധമാണ്.

പക്ഷെ ഇതല്ല വികസിത രാജ്യങ്ങള്‍ യൂണിഫോം നിര്‍ത്തലാക്കാനുള്ള പ്രധാന കാരണം. വസ്ത്രത്തിലും സമ്പത്തിലും മാത്രമല്ല കുട്ടികളില്‍ വൈവിധ്യമുള്ളത്. കുട്ടികളുടെ കൂട്ടത്തില്‍ വെളുത്തവരും കറുത്തവരുമുണ്ടാകും. ഉയരം കൂടിയവരും കുറഞ്ഞവരുമുണ്ടാകും, തടിച്ചവരും മെലിഞ്ഞവരുമുണ്ടാകും.

പലവിധ സാമര്‍ഥ്യങ്ങളുള്ളവരും ഇല്ലാത്തവരുമുണ്ടാകും. കുട്ടികളുടെ വ്യത്യാസവും വൈവിധ്യവും മറച്ചുവെക്കുകയല്ല, മറിച്ച് മനുഷ്യര്‍ വൈവിധ്യമുള്ളവരാണെന്നും പക്ഷെ എല്ലാവരും തുല്യരുമാണെന്നും കുട്ടികളെ ചെറുപ്പത്തിലേ മനസ്സിലാക്കിക്കൊടുക്കുന്നതാണ് ആധുനിക രീതി.

യൂണിഫോം എന്നത് പഴഞ്ചന്‍ ആശയമാണ്. രണ്ടോ മൂന്നോ പതിറ്റാണ്ടുകള്‍ കഴിയുമ്പോള്‍ ലോകത്ത് യൂണിഫോം ഉണ്ടാകില്ല. ‘ബുദ്ധിയുള്ള ഒരാള്‍ക്കും യൂണിഫോം ഇല്ലാതെ സ്‌കൂളുകള്‍ സങ്കല്‍പ്പിക്കാന്‍ കഴിയില്ല’ എന്നത് ആധുനികകാലത്ത് ഒരു വിധിന്യായത്തില്‍ ഉണ്ടാകാന്‍ പാടില്ലായിരുന്നു.

രാവിലെ നൈറ്റ്പാന്റും ഹൂഡിയുമിട്ട് മക്കളെ സ്‌കൂളിലേക്കയക്കുന്ന അമേരിക്കയില്‍ ജീവിക്കുന്ന സംഘികളെ പറ്റിയെങ്കിലും കോടതി ഓര്‍ക്കണമായിരുന്നു. അമേരിക്കന്‍ സംഘികള്‍ക്ക് ബുദ്ധിയില്ല എന്നായിരിക്കുമോ ഇനി കോടതി ഉദ്ദേശിച്ചത്.

രണ്ടാമത്തെ വാചകം– യൂണിഫോം എന്നത് ഒരു ആധുനിക സങ്കല്‍പമല്ല (പണ്ട് മുതലേ യൂണിഫോം ഉണ്ടായിരുന്നു എന്ന് സാരം).

ഏതായാലും നമ്മുടെ നാട്ടില്‍ പണ്ട് യൂണിഫോം ഇല്ലായിരുന്നു. 1970കള്‍ക്ക് മുമ്പേ സമ്പന്നര്‍ മാത്രം പഠിക്കുന്ന ചില സ്വകാര്യ സ്‌കൂളുകളിലൊഴിച്ച് മിക്കയിടത്തും യൂണിഫോം ഇല്ലായിരുന്നു. ഇത് വായിക്കുന്നവരില്‍ പലരും യൂണിഫോം ഇല്ലാത്ത സ്‌കൂളുകളില്‍ പഠിച്ചവരായിരിക്കും. വേറൊരു തരത്തില്‍ നോക്കിയാല്‍ എല്ലാവര്‍ക്കും യൂണിഫോം ഉണ്ടായിരുന്നു എന്നും പറയാം- ഒറ്റ തോര്‍ത്തോ കോണകമോ ഒക്കെയായിരുന്നു എല്ലാവരുടെയും വേഷം.

മൂന്നാമത്തെ വാചകം– മുഗളന്മാരും ബ്രിട്ടീഷുകാരുമല്ല ഇന്ത്യയില്‍ യൂണിഫോം കൊണ്ടുവന്നത്, അതിന് മുമ്പേ യൂണിഫോം ഉണ്ടായിരുന്നു.

വസ്ത്രങ്ങള്‍ അവിടെ നില്‍ക്കട്ടെ, മനുഷ്യര്‍ക്ക് തമ്മില്‍ സമത്വമില്ലാത്ത കാലമായിരുന്നു ഈയടുത്ത് വരെ. രണ്ട് ജാതിയില്‍പെട്ട കുട്ടികള്‍ക്ക് അടുത്തടുത്തിരിക്കാം എന്ന സങ്കല്‍പം വന്നത് തന്നെ 1950കള്‍ക്ക് ശേഷമാണ്. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഇന്നും അത്തരം ഒരു യൂണിഫോമിറ്റി ഇല്ല. മുഗളന്മാര്‍ക്കും ബ്രിട്ടീഷുകാര്‍ക്കും മുമ്പുള്ള എന്ത് യൂണിഫോമിറ്റിയെ പറ്റിയാണ് പറയുന്നതെന്ന് വിധിയില്‍ കുറച്ചുകൂടി വ്യക്തമാക്കാമായിരുന്നു എന്ന ഒരഭിപ്രായമുണ്ട്.

നാലാമത്തെ വാചകം– പ്രാചീനകാലം തൊട്ട് ഗുരുകുല സമ്പ്രദായത്തില്‍ വരെ ഇന്ത്യയില്‍ യൂണിഫോം ഉണ്ടായിരുന്നു. ശരി, സമ്മതിച്ചു.

അഞ്ചാമത്തെ വാചകം– നിരവധി പൗരാണിക ഗ്രന്ഥങ്ങളില്‍ യൂണിഫോമിനെ (സമവസ്ത്ര, ശുഭ്രവേഷ്) പറ്റി പറയുന്നുണ്ട്. പി.വി. കാനെയുടെ ‘ധര്‍മശാസ്ത്രത്തിന്റെ ചരിത്രം’ എന്ന പുസ്തകത്തിന്റെ രണ്ടാം വോള്യത്തിന്റെ 278ാം പേജില്‍ യൂണിഫോമിനെ പറ്റി പരാമര്‍ശിക്കുന്നുണ്ട്. സത്യമാണ്, പരാമര്‍ശിക്കുന്നുണ്ട്. എല്ലാവരും വായിക്കേണ്ട ഒരു പേജ് ആണ് 278ാം പേജ്. സത്യത്തില്‍ 268ാം പേജ് മുതല്‍ വായിച്ച് തുടങ്ങണം.

‘ഉപനയനം’ എന്നാണ് അധ്യായത്തിന്റെ പേര്. പേര് പോലെ ഉപനയനത്തിന്റെ ചടങ്ങുകളും രീതികളും വിശദമാക്കുന്ന 20 പേജോളം നീളുന്ന ഒരധ്യായമാണത്. നിര്‍ബന്ധമായും എല്ലാവരും വായിക്കണം. സത്യത്തില്‍ സമയമുള്ളവര്‍ ഈ ഗ്രന്ഥം മുഴുവന്‍ തന്നെ വായിക്കണം. (https://archive.org/details/in.ernet.dli.2015.24397/page/n336/mode/1up?view=theater)

വിധിയില്‍ പറഞ്ഞ 278ാം പേജില്‍, A person who entitled to perform Upanayana of a boy, a brahmacarl had to wear two garments എന്ന് തുടങ്ങുന്ന ഒരു പാരഗ്രാഫിന്റെ പ്രസക്ത ഭാഗങ്ങളുടെ ഏകദേശ വിവര്‍ത്തനമാണ് താഴെ കൊടുക്കുന്നത്. ഒറിജിനല്‍ ഇംഗ്ലീഷും ഹിന്ദിയും ഇന്റര്‍നെറ്റ് ആര്‍ക്കൈവ്‌സില്‍ ഉണ്ട്. പറ്റുന്നവര്‍ അത് തന്നെ വായിക്കുന്നതാവും ഉചിതം.

‘ശരീരത്തില്‍ രണ്ട് വസ്ത്രങ്ങളാണിയേണ്ടത്. ഒന്ന് ശരീരത്തിന്റെ കീഴ്ഭാഗം മറക്കാനും (വഷസ്സ്) മറ്റേത് മേല്‍ഭാഗം മറക്കാനും (ഉത്തരീയം). ബ്രാഹ്മണര്‍ മുന്തിയ ഇനം ചണം കൊണ്ടുണ്ടാക്കിയതും ക്ഷത്രിയര്‍ താണ ഇനം ചണം കൊണ്ടുണ്ടാക്കിയതും വൈശ്യര്‍ മാന്‍തോല് കൊണ്ടുണ്ടാക്കിയതുമാണ് ധരിക്കേണ്ടത്.

ചില ആചാര്യന്മാര്‍ പറയുന്നത് വഷസ്സ് പരുത്തി കൊണ്ടുണ്ടാക്കിയതായിരിക്കണം എന്നാണ്. ഇതില്‍ ചുവപ്പ്-മഞ്ഞ കളര്‍ മുക്കിയത് ബ്രാഹ്മണരും, മാഡര്‍ കളര്‍ ക്ഷത്രിയരും മഞ്ഞള്‍ കളര്‍ വൈശ്യരും ധരിക്കണം… കറുത്ത മാന്‍തോല്‍ കൊണ്ടുള്ള ഉത്തരീയമാണ് ബ്രാഹ്മണര്‍ ധരിക്കേണ്ടത്. ക്ഷത്രിയര്‍ രുരു-മാനിന്റെ തോലും വൈശ്യര്‍ പശു/ആട് തോലും കൊണ്ടുണ്ടാക്കിയവ ധരിക്കണം… ഏതെങ്കിലും ജാതിയിലുള്ളവര്‍ക്ക് അവരവര്‍ക്ക് പറഞ്ഞ വസ്ത്രം കിട്ടാതിരിക്കുകയാണെങ്കില്‍ അവര്‍ക്ക് പശുത്തോല്‍ ധരിക്കാം. പശു മൃഗങ്ങളില്‍ ഉത്തമനായത് കൊണ്ടാണത്.’

ഇത്രയുമാണ് കോടതി എടുത്തുപറഞ്ഞ 278ാം പേജില്‍ പറയുന്നത്. തുടര്‍ന്നങ്ങോട്ടുള്ള പേജുകള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ചെയ്യേണ്ട കാര്യങ്ങള്‍ വിശദമാക്കുന്നതാണ്. വായിച്ച് വരുമ്പോള്‍ 286ാം പേജില്‍ ഒരു കാര്യം സംശയത്തിനിടയില്ലാതെ പറയുന്നുണ്ട്. ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ ജാതികള്‍ക്ക് മാത്രമേ പഠിക്കാന്‍ പാടുള്ളൂ.

ശൂദ്രര്‍ തൊട്ട് താഴോട്ടുള്ളവര്‍ എന്ത് യൂണിഫോമിട്ടാലും വീട്ടിലിരിക്കാനെ പറ്റൂ, പഠിക്കാന്‍ പറ്റില്ല. മറ്റ് പല പേജുകളിലും ഇത്തരം ‘ചിന്താദീപകമായ’ ഒരുപാട് കാര്യങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്. ഭാവിയില്‍ ഏതെങ്കിലും വിധികളില്‍ അതൊക്കെ ഉദ്ധരിക്കുമായിരിക്കും.

മുകളില്‍ പറഞ്ഞത് ഈ വിധിയിലെ ഒരു പാരഗ്രാഫ് മാത്രമാണെന്ന് ആദ്യമേ പറഞ്ഞല്ലോ. ബാക്കി 128 പേജുകള്‍ നിങ്ങള്‍ തന്നെ വിലയിരുത്തുക. കോടതി വിധിയെ വിമര്‍ശിക്കാന്‍ പൗരന്മാര്‍ക്ക് അവകാശമുണ്ടെന്നാണ് ഇന്നലെ സുപ്രീംകോടതി പറഞ്ഞത്. വിധി വായിക്കുന്ന കൂട്ടത്തില്‍ വിധിയില്‍ റഫറന്‍സ് ആയി കൊടുത്ത പുസ്തകങ്ങളും വായിക്കുക. കോപ്പിറൈറ്റ് കഴിഞ്ഞവയായത് കൊണ്ട് മിക്കവയും ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. നല്ല പുസ്തകങ്ങളുടെ റഫറന്‍സ് തരുന്ന ജസ്റ്റിസുമാര്‍ക്ക് നന്ദി.

ന.ബി: നിങ്ങളില്‍ ചിലരെങ്കിലും മുകളിലെ പാരഗ്രാഫില്‍ വിശദീകരിക്കാന്‍ വിട്ടുപോയ ഒരു വാക്ക് ശ്രദ്ധിച്ചിട്ടുണ്ടാവും- സിംഗുലാരിറ്റി (Singularity). ക്രിസ്റ്റഫര്‍ നോളന്റെ ഇന്റര്‍സ്റ്റെല്ലാര്‍ എന്ന സിനിമയില്‍ സിംഗുലാരിറ്റി എന്താണെന്ന് വിശദമാക്കുന്നുണ്ട്. ഈ കുറിപ്പിന്റെ പരിധിയില്‍ ഒതുങ്ങാത്തത് കൊണ്ട് മനപൂര്‍വം വിട്ടതാണ്.


Content Highlight: Farooq about the Karnataka High Court vardict on Hijab ban, and the system of uniforms in educational institutions

ഫാറൂഖ്

ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ

We use cookies to give you the best possible experience. Learn more