കഴിഞ്ഞ മൂന്ന് ഭാഗങ്ങളിലായും, അതിനുമുമ്പ് പലപ്പോഴായും, ഈ കോളം അദാനിയെ പറ്റി എഴുതുമ്പോഴെല്ലാം കാര്യമായ പ്രതികരണങ്ങളുണ്ടാകാറുണ്ട്. അദാനിയെ സ്വന്തക്കാരനായി കാണുന്ന ബി.ജെ.പി അനുഭാവികള്‍ എതിര്‍പ്പുമായും മറ്റുള്ളവര്‍ അനുകൂലിച്ചും രംഗത്ത് വരും. ചിലര്‍ തെറിവിളിക്കും മറ്റു ചിലര്‍ അഭിനന്ദിക്കും. സോഷ്യല്‍ മീഡിയ കാലത്ത് അതൊക്കെ സ്വാഭാവികം.
പക്ഷെ ഒരു സ്‌പെഷ്യല്‍ ക്യാറ്റഗറിയിലുള്ള ആളുകളുടെ നിരന്തരമായ പ്രതികരണങ്ങള്‍ കൃത്യമായ ഒരു മറുപടി അര്‍ഹിക്കുന്നുണ്ട് എന്ന തോന്നലില്‍ നിന്നാണ് ഈ എഴുത്ത്.
ക്യാപിറ്റലിസത്തെ പറ്റി വളരെ വലിയ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുന്ന, അല്ലെങ്കില്‍ കമ്യൂണിസ്റ്റ് ചിന്താഗതികള്‍ വെച്ചുപുലര്‍ത്തുന്ന ആളുകള്‍ കൂടുതല്‍ ഉള്ളതുകൊണ്ടാണ് നമ്മുടെ നാട് വികസിക്കാത്തത് എന്നും, അദാനിയെ തുറന്ന് കാട്ടുന്നത് ക്യാപിറ്റലിസത്തെ എതിര്‍ക്കുന്നവരുടെ ജോലിയാണെന്നും അവര്‍ നാടിന്റെ വികസനം തകര്‍ക്കുന്നവരാണെന്നും ചിന്തിക്കുന്നവരുടെയാണ് ഇത്തരം പ്രതികരണങ്ങള്‍.
പൊതുവെ സ്വതന്ത്രചിന്തകരുടെ ഗ്രൂപ്പുകളിലെ മെമ്പര്‍മാരില്‍ നിന്നാണ് ഇത്തരം പ്രതികരണങ്ങള്‍ വരാറ്. മിക്കവരും വിദ്യാര്‍ത്ഥികളും ചെറുപ്പക്കാരുമാണ്. ന്യൂ ജെന്‍ കാപിറ്റലിസ്റ്റുകള്‍.
ആദ്യമേ തന്നെ പറയട്ടെ, ക്യാപിറ്റലിസമാണ് സമ്പന്നതയും തൊഴിലവസങ്ങളും ജീവിത സൗകര്യങ്ങളും ലോകത്തെങ്ങും കൊണ്ടുവന്നത് എന്ന് വിശ്വസിക്കുക മാത്രമല്ല, ക്യാപിറ്റലിസത്തിന്റെ എല്ലാ സുഖസൗകര്യങ്ങളും അനുഭവിക്കുകയും ചെയ്യുന്നയാളാണ് ഇതെഴുതുന്നത്.
മുതലാളിത്തം എന്ന അപഹാസ്യമായ പരിഭാഷ ക്യാപിറ്റലിസത്തിന് ചേരാത്തതാണെന്നും കമ്യൂണിസത്തിനും സോഷ്യലിസത്തിനുമൊന്നും പരിഭാഷയില്ലാത്ത സ്ഥിതിക്ക് ക്യാപിറ്റലിസത്തിനും പരിഭാഷ വേണ്ടെന്നും ഇതിന് മുമ്പ് ഇവിടെ എഴുതിയിട്ടുണ്ട്.
ഒരു ആശയം എന്ന നിലക്ക് സ്വയം നവീകരിക്കാനുള്ള ക്യാപിറ്റലിസത്തിന്റെ അപാരമായ കഴിവ് സമാനമായ ആശയങ്ങളില്‍ നിന്ന് അതിനെ വ്യത്യസ്താമാക്കുകയും എല്ലാ കാലത്തും മുമ്പോട്ടേക്ക് പോകാന്‍ അതിനെ പ്രാപ്തമാക്കുകയും ചെയ്യുന്നത് അത്ഭുതത്തോടെ നിരീക്ഷിച്ചിട്ടുണ്ട്.
കേരളത്തെ ന്യൂ ജെന്‍ കാപിറ്റലിസ്റ്റുകള്‍ സ്ഥിരമായി പറയുന്ന പരാതി, കേരളീയര്‍ പൊതുവെ കമ്യൂണിസ്റ്റ് ചിന്താഗതിക്കാരാണെന്നും അതുകൊണ്ട് വികസനം വരുന്നില്ലെന്നതുമാണ്. വൈരുധ്യാധിഷ്ഠിത ബൗദ്ധികവാദവും ദാസ് കാപിറ്റലുമൊക്കെ ഒഴിച്ച് നിര്‍ത്തി ലളിതമായി വിശദീകരിച്ചാല്‍ കമ്യൂണിസം സ്വകാര്യ സ്വത്തവകാശത്തെ നിരാകരിക്കുന്ന ഒരു പ്രത്യയശാസ്ത്രമാണ്. എല്ലാ സ്വത്തും സര്‍ക്കാരിന് അല്ലെങ്കില്‍ സമൂഹത്തിനാണ്.
എല്ലാവരും തുല്യമായി എല്ലാ വിഭവങ്ങളും പങ്കിട്ടെടുക്കുന്നതാണ് കമ്യൂണിസ്റ്റ് രീതി. അപൂര്‍വം സ്ഥലത്തു കമ്യൂണിറ്റി ഫാര്‍മിങ് ഒക്കെ നടന്നിട്ടുണ്ടെന്നതൊഴിച്ചാല്‍ ഇത് ഒരിടത്തും പ്രായോഗികമായി നടന്നിട്ടില്ല. സ്വകാര്യ സ്വത്ത് അനുവദിക്കുകയും അതേസമയം സര്‍ക്കാരിന് പൊതു വിഭവങ്ങളില്‍ കാര്യമായ പങ്കാളിത്തം നല്‍കുകയും ചെയ്യുന്നതാണ് സോഷ്യലിസം.
ഇന്ത്യയില്‍, കേരളത്തില്‍ പ്രത്യേകിച്ച്, ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയും സ്വകാര്യസ്വത്തവകാശത്തെ എതിര്‍ത്തിട്ടില്ല. കമ്യൂണിസ്റ്റുകാര്‍ കേരളത്തില്‍ ജനകീയമാകുന്നത് ക്യാപിറ്റലിസത്തെ എതിര്‍ത്തിട്ടല്ല, ഫ്യൂഡലിസത്തെ എതിര്‍ത്തിട്ടാണ്.
കുറച്ചു ജന്മിമാര്‍ക്ക് മാത്രം ഭൂമിയുടെ ഉടമസ്ഥാവകാശം ഉണ്ടാകുകയും മറ്റുള്ളവര്‍ അവരുടെ അടിമകളെ പോലെ ജീവിക്കുകയും അതില്‍ തന്നെ ജാതിവിവേചനം ഉണ്ടാകുകയും ചെയ്യുന്നതാണ് ഫ്യൂഡലിസം. ഇതൊരു മനുഷ്യവിരുദ്ധമായ രീതിയാണെന്നും മാറ്റപ്പെടേണ്ടതായിരുന്നുവെന്നും ഉള്ള കാര്യത്തില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമുണ്ടാകില്ല.
1957ല്‍ ഇ.എം.എസ് സര്‍ക്കാര്‍ ഭൂപരിഷ്‌കരണം നടപ്പാക്കിയതോടെ ജന്മിത്വം ഏതാണ്ടവസാനിച്ചു. പിന്നീട് എന്നെങ്കിലും സ്വത്തവകാശങ്ങളുടെ ഘടന മാറ്റുന്നതിനെ പറ്റി കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സംസാരിച്ചിട്ടില്ല. തീവ്ര കമ്യൂണിസ്റ്റുകളായ നക്‌സലൈറ്റുകളും മാവോയിസ്റ്റുകള്‍ പോലും സ്വകാര്യ സ്വത്തവകാശം ഇല്ലാതാക്കണം എന്ന് പറഞ്ഞു സമരം ചെയ്തിട്ടില്ല.
സ്വത്തവകാശം ഗിരിവര്‍ഗക്കാര്‍ക്കും ആദിവാസികള്‍ക്കും കൂടെ വേണമെന്നും അവരുടെ അനുവാദമില്ലാതെ അവരുടെ ഭൂമി മറ്റൊരാള്‍ ഏറ്റെടുക്കരുത് എന്നുമുള്ള ക്യാപിറ്റലിസ്റ്റ് നയമാണ് നക്‌സലുകളുടെയും നയം.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ക്യാപിറ്റലിസത്തെ എതിര്‍ത്തിട്ടില്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഭൂപരിഷ്‌കരണം നടപ്പാക്കിയ അതേ ഇ.എം.എസ് മാവൂരില്‍ ഗ്വാളിയോര്‍ റയോണ്‍സ് തുടങ്ങാനായി ബിര്‍ളയെ ക്ഷണിച്ചത്.
316 ഏക്കര്‍ ഭൂമിയും നിലമ്പൂര്‍ കാട്ടിലെ മുഴുവന്‍ മുളയും കൊടുത്താണ് ഇ.എം.എസ് ബിര്‍ളയെ കേരളത്തിലേക്ക് കൊണ്ടുവന്നത്. ഇന്ത്യയില്‍ തന്നെ മുഖ്യമന്ത്രിമാര്‍ വ്യവസായികളെ ക്ഷണിച്ചു കൊണ്ട് വരുന്ന രീതി തുടങ്ങിയത് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്.
കേരളത്തില്‍ ഫാക്ടറികള്‍ വരാത്തതിന് കാരണം കമ്യൂണിസ്റ്റുകാരാണ് എന്ന് നിരന്തരമായി വാട്‌സ്ആപ്പിലും യൂട്യൂബിലും വരുന്നത് വിശ്വസിച്ചാണ് ഈ ന്യൂ ജെന്‍ ക്യാപിറ്റലിസ്റ്റുകള്‍ മിക്കവരും ജീവിക്കുന്നത്. അതല്ല സത്യം. കേരളത്തില്‍ കൂലി വളരെ കൂടുതലാണ്, അതാണ് പ്രധാന കാരണം. കൂലി കൂടാന്‍ കാരണം നമ്മള്‍ ആഗ്രഹങ്ങളും ആവശ്യങ്ങളും ഉള്ള ഒരു ജനതയായത് കൊണ്ടാണ്.
നമ്മുടെ കുട്ടികള്‍ നല്ല ഭക്ഷണം കഴിക്കണം, നല്ല വസ്ത്രങ്ങള്‍ ധരിക്കണം, നല്ല സ്‌കൂളുകളിലും കോളേജിലും പഠിക്കണം എന്നൊക്കെ ഏതു തരം ജോലിയെടുക്കുന്നവനും ആഗ്രഹം തോന്നുന്ന ഒരു ആധുനിക ക്യാപിറ്റലിസ്റ്റ് സമൂഹമാണ് മലയാളികള്‍. അത് നമ്മുടെ വിജയമാണ്.
പക്ഷെ ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും കേരളത്തില്‍ കൊടുക്കുന്നതിനേക്കാള്‍ പകുതിയോ കാല്‍ ഭാഗമൊ കൂലി കൊടുത്താല്‍ മതിയെന്നുള്ളത് കൊണ്ട് കൂടുതല്‍ തൊഴിലാളികള്‍ ആവശ്യമുള്ള വ്യവസായങ്ങള്‍ കേരളത്തില്‍ വരില്ല. കുറച്ചു തൊഴിലാളികള്‍ മാത്രം വേണ്ടതും എന്നാല്‍ കൂലി കൂടുതലുള്ള വ്യവസായങ്ങള്‍, ഐ.ടി, സര്‍വീസ്, തുടങ്ങിയവയൊക്കെ കേരളത്തില്‍ വരുന്നുമുണ്ട്. ഫാക്ടറികള്‍ വരില്ല, അതിന് മെനക്കെട്ടിട്ട് കാര്യവുമില്ല. ഇത് വിശദമായി ഇതിനു മുമ്പ് എഴുതിയിട്ടുമുണ്ട് .
ട്രേഡ് യൂണിയന്‍, പാര്‍ട്ടികള്‍ക്കുള്ള കമ്മീഷന്‍, ഉദ്യോഗസ്ഥരുടെ അഴിമതി, ഒക്കെയാണ് കാരണം എന്നൊക്കെ പറയുന്നത് വെറുതെയാണ്. കേരളത്തില്‍ ട്രേഡ് യൂണിയന്‍ ഉണ്ടെങ്കില്‍ മറ്റു സംസ്ഥാനങ്ങളില്‍ ഗുണ്ടാ പിരിവുണ്ട്. അഴിമതി മറ്റു സംസ്ഥാനങ്ങളില്‍ ഉള്ളതിന്റെ പത്തിലൊന്ന് കേരളത്തിലില്ല.
കര്‍ണാടകയില്‍ 40% കമ്മിഷന്‍ എന്നത് എല്ലാവരും അംഗീകരിച്ച റേറ്റ് ആണ്. 100 കോടി മുടക്കുന്നയാള്‍ 40 കോടി കമ്മീഷനായി ചെലവാക്കണം. ഭൂമി ലഭ്യതയും പരിസ്ഥിതി അവബോധവും മറ്റു ഘടകങ്ങളാണ്. മുകളില്‍ പറഞ്ഞ ആര്‍ട്ടിക്കിള്‍ ഇക്കാര്യങ്ങള്‍ വിശദമാക്കുന്നത് കൊണ്ട് ആവര്‍ത്തിക്കുന്നില്ല.
ആശയങ്ങളെന്ന നിലയില്‍, കേരളത്തില്‍ കൂടുതലുള്ളത് കമ്യൂണിസ്റ്റുകളല്ല, സോഷ്യലിസ്റ്റുകളാണ്. വിശദമാക്കിയാല്‍, സ്വകാര്യ സ്വത്തവകാശം വേണ്ടെന്ന് വാദിക്കുന്ന ഒരാളെയും നിങ്ങള്‍ കേരളത്തില്‍ കാണില്ല, പക്ഷെ സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ കൂടുതല്‍ വേണമെന്ന് ആവശ്യപ്പെടുന്ന ഒരുപാട് പേരെ കാണാനും പറ്റും.
അതേ പോലെ, ശുദ്ധ ക്യാപിറ്റലിസ്റ്റുകള്‍, അഥവാ സര്‍ക്കാര്‍ ഒന്നും ചെയ്യണ്ട, സ്വകാര്യ കമ്പനികള്‍ ചെയ്താല്‍ മതി എന്ന് പറയുന്ന ഒരാളെയും കേരളത്തില്‍ കണ്ടെന്ന് വരില്ല. ആ അര്‍ത്ഥത്തില്‍ നോക്കിയാല്‍ കേരളത്തില്‍ കാപിറ്റലിസ്റ്റുകളില്ല. ഒറ്റ വാചകത്തില്‍, കേരളത്തില്‍ കമ്യൂണിസ്റ്റുകളും കാപിറ്റലിസ്റ്റുകളുമില്ല, സോഷ്യലിസ്റ്റുകളേയുള്ളു.
കമ്യൂണിസം, സോഷ്യലിസം, ക്യാപിറ്റലിസം എന്നൊന്നും ഇക്കാലത്തു ആരും പറയാറില്ല, സ്മോള്‍ ഗവണ്‍മെന്റ്, ബിഗ് ഗവണ്‍മെന്റ് എന്നേ പറയാറുള്ളൂ. ഇസങ്ങളെ പറ്റിയുള്ള ഡിബേറ്റ് ഏതോകാലത്ത് കാലത്ത് അവസാനിച്ചതാണ്. അതൊക്കെ ഇപ്പോഴും ചര്‍ച്ചക്കെടുക്കുന്നത് നാണക്കേടാണ്.
ഒരു രാജ്യവും ഇപ്പോള്‍ സോഷ്യലിസ്റ്റോ ക്യാപിറ്റലിസ്റ്റോ അല്ല. സര്‍ക്കാര്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതിനെ ബിഗ് ഗവണ്‍മെന്റ് എന്ന് പറയും. കാരണം, ഗവണ്‍മെന്റ് എന്തെങ്കിലും ചെയ്യണമെങ്കില്‍ ജനങ്ങള്‍ ടാക്‌സ് കൊടുക്കണം, സര്‍ക്കാര്‍ സേവനം കൂടുന്നതിനനുസരിച്ച് ടാക്‌സ് കൂടും.
സര്‍ക്കാര്‍ ഒരു കാര്യക്ഷമമല്ലാത്ത സംവിധാനമായത് കൊണ്ട് ടാക്‌സ് കൊടുക്കുന്നതിന് പകരം സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ സ്വകാര്യ വ്യക്തികളെ തന്നെ ഏല്‍പ്പിച്ചാല്‍ അവര്‍ അത് നന്നായി ചെയ്യും, രാജ്യത്ത് സമ്പത്തും തൊഴിലവസരങ്ങളും വര്‍ധിക്കും. ഇതാണ് ആധുനിക ചിന്ത, ശാസ്ത്രീയവും.
അതുവെച്ച് നോക്കുമ്പോള്‍, സര്‍ക്കാര്‍ പരിമിതമായ ജോലികള്‍ മാത്രം ചെയ്യുന്നതാണ് നല്ലത്, പൊലീസ്, ഫയര്‍ഫോഴ്സ്, പട്ടാളം തുടങ്ങിയവ മാത്രം. വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയവയില്‍ നിന്ന് സര്‍ക്കാര്‍ എത്രത്തോളം പിന്മാറുന്നോ അത്രയും നല്ലതാണ് എന്നതാണ് ശാസ്ത്രം, എല്ലാവരും അത് അംഗീകരിക്കുന്നുമുണ്ട്.
ലോകത്തിലെ ഏറ്റവും നല്ല യൂണിവേഴ്‌സിറ്റികള്‍, ആശുപത്രികള്‍ തുടങ്ങിയവയൊന്നും സര്‍ക്കാര്‍ നടത്തുന്നതല്ല. പക്ഷെ ഒരു രാജ്യവും, എത്രത്തോളം ക്യാപിറ്റലിസ്റ്റ് ആയാലും ഇതൊന്നും മുഴുവനായി സ്വകാര്യ മേഖലക്ക് കൊടുക്കില്ല.
ഉദാഹരണത്തിന്, അമേരിക്കയില്‍ ഇപ്പോഴും പൊതുമേഖലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്, നാസയുണ്ട്, എയര്‍പോര്‍ട്ടുകളുണ്ട്, റോഡുകളുണ്ട്, സോഷ്യല്‍ സെക്യൂരിറ്റി ഉണ്ട്.
കാനഡയില്‍ വലിയ തുക ടാക്‌സ് വാങ്ങി വിദ്യാഭ്യാസവും ആരോഗ്യവും സര്‍ക്കാരാണ് നടത്തുന്നത്, സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലും ഇതൊക്കെയാണ് സ്ഥിതി. ക്യൂബ, ചൈന, നോര്‍ത്ത് കൊറിയ തുടങ്ങി യൂറോപ്പ്, അമേരിക്ക വരെ എല്ലാവരും കുറെ സോഷ്യലിസവും കുറെ ക്യാപിറ്റലിസവുമായാണ് മുന്നോട്ട് പോകുന്നത്. ശതമാനം ഏറിയും കുറഞ്ഞുമിരിക്കും.
കുറെ കാര്യങ്ങളെങ്കിലും പൊതുമേഖലയില്‍ നിലനിര്‍ത്തുന്നതിന്, അല്ലെങ്കില്‍ ഒരു പരിധി വരെ സോഷ്യലിസം നിലനിര്‍ത്തുന്നതിന്, രാജ്യങ്ങള്‍ക്ക് അവരുടേതായ ന്യായങ്ങളുണ്ട്.
പോസ്റ്റ് ഓഫീസിന്റെ ഉദാഹരണം എടുക്കാം, നമ്മുടെ പോസ്റ്റ് ഓഫീസിനേക്കാളും എത്രയോ കാര്യക്ഷമമാണ് ഡി.എച്ച്.എല്‍, എന്നുവെച്ച് ഏതെങ്കിലും ഒരു ഉള്‍ഗ്രാമത്തില്‍ ഡി.എച്ച്.എല്‍ കത്ത് എത്തിക്കില്ല. ആ ഗ്രാമം ഒറ്റപ്പെട്ടു പോകും. അതേപോലെ തന്നെയാണ് പബ്ലിക് ട്രാന്‍സ്പോര്‍ട്ടും, ടെലികമ്യൂണിക്കേഷനും. ബി.എസ്.എന്‍.എല്‍ ഇല്ലെങ്കില്‍ യു.പിയിലെയും ആന്ധ്രയിലെയും മിക്ക ഗ്രാമങ്ങളിലും ഇന്റെര്‍നെറ്റോ ഫോണോ ഉണ്ടാകില്ല.
നൂറോ ഇരുന്നൂറോ ആളുകളുള്ള ഗ്രാമങ്ങളില്‍ അംബാനി ടവര്‍ സ്ഥാപിക്കില്ല. അതവര്‍ക്ക് നഷ്ടമാണ്യ അതിനവരെ നിര്‍ബന്ധിക്കാനും കഴിയില്ല. സര്‍ക്കാര്‍ നടത്തുന്ന പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ ഒരു ക്യാപിറ്റലിസ്റ്റ് രാജ്യത്തിന് അഭികാമ്യമല്ല. പക്ഷെ നമ്മുടെ സര്‍ക്കാര്‍ ആരോഗൃ രംഗത്ത് നിന്ന് പിന്മാറിയാല്‍ മിക്ക ഗ്രാമീണരും വാക്സിനും പ്രാഥമിക ശുശ്രൂഷയും ഇല്ലാതെ കഷ്ടപ്പെടും. പ്രാഥമിക വിദ്യാഭ്യാസത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയാല്‍ നമ്മുടെ സാക്ഷരതയും രാജ്യത്തിന്റെ മാനുഷിക വിഭവ സൂചികയും കുത്തനെ താഴും.
എന്നുവച്ച് എല്ലാം ഇപ്പോഴുള്ളത് പോലെ തുടരണമെന്നുമില്ല, മെഡിക്കല്‍ കോളേജുകളും താലൂക്ക് ആശുപത്രികളും നിര്‍ത്തി ആരോഗ്യം സ്വകാര്യ മേഖലക്ക് കൊടുത്ത് ഒബാമ കെയര്‍ പോലുള്ള പദ്ധതിയില്‍ പാവങ്ങള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കൊടുക്കാം. ഉന്നത വിദ്യാഭ്യാസത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി പാവങ്ങള്‍ക്ക് വിദ്യാഭ്യാസ ലോണ്‍ ഉറപ്പ് വരുത്താം.
ഇതൊന്നും ബ്ലാക്ക് ആന്‍ഡ് വൈറ്റ് അല്ല, രാജ്യങ്ങളില്‍ സാമ്പത്തിക സാമൂഹ്യസ്ഥിതികള്‍ മാറുന്നതിനനുസരിച്ച് അപ്പപ്പോഴുള്ള സര്‍ക്കാരുകള്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി മുമ്പോട്ട് പോകുന്നതാണ്.
ഇതിലൊന്നും ഒരു ആശയ സംവാദത്തിന് പ്രസക്തിയില്ല, ഓരോരോ കാര്യങ്ങള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് പൊതുമേഖലയില്‍ നിന്ന് സ്വകാര്യമേഖലയിലേക്കും തിരിച്ചും മാറ്റുന്നതാണ്. ഗവണ്‍മെന്റിന്റെ വലിപ്പം പരമാവധി കുറയ്ക്കുന്നതായിരിക്കണം ആത്യന്തികമായ ലക്ഷ്യം എന്നതില്‍ ഏതായാലും സംശയമില്ല.
ക്യാപിറ്റലിസം യാതൊരു നിയന്ത്രണവുമില്ലാതെ കുറെ മുതലാളിമാരെ അവരുടെ തോന്ന്യാസത്തിന് അഴിച്ചു വിടുന്ന ഒരേര്‍പ്പാടാണെന്ന് നല്ലൊരു വിഭാഗം ന്യൂ ജെന്‍ ക്യാപിറ്റലിസ്റ്റുകളെ വിശ്വസിപ്പിക്കുന്നതില്‍ സ്ഥാപിത താത്പര്യക്കാര്‍ വിജയിച്ചിട്ടുണ്ട്.
ക്യാപിറ്റലിസത്തിന് വ്യക്തമായ നിയന്ത്രണങ്ങളും ചട്ടക്കൂടുകളുമുണ്ട്, ചട്ടക്കൂട്ടുകള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ക്യാപിറ്റലിസം പുലിപ്പുറത്തുള്ള സഞ്ചാരമാണ്. മൊണോപൊളി, ക്രോണിയിസം, ഇന്‍സൈഡര്‍ ട്രേഡിങ്ങ് തുടങ്ങിയവയൊക്കെ കര്‍ശനമായി നിയന്ത്രിക്കപ്പെടണം.
മിനിമം വേതനം, പരിസ്ഥിതി, ബാലവേല, ഉപഭോക്തൃ സംരക്ഷണം തുടങ്ങിയവയില്‍ റെഗുലേറ്റര്‍മാര്‍ കര്‍ശനമായി ഇടപെടണം. സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാകണം, ടാക്‌സ് കൃത്യമായി കൊടുക്കണം, കള്ളപ്പണവും റൗണ്ട് ട്രിപ്പിങ്ങും ഉണ്ടാകാന്‍ പാടില്ല, കൃത്രിമമായി ഷെയര്‍ മൂല്യം പൊലിപ്പിക്കാനോ ലാഭം കാണിക്കാനോ പാടില്ല.
മാധ്യമങ്ങളും കോടതികളും കുറ്റാന്വേഷണ സംവിധാങ്ങളും സുതാര്യമായും പക്ഷപാതിത്വം ഇല്ലാതെയും പ്രവര്‍ത്തിക്കണം. മാര്‍ക്കറ്റില്‍ മത്സരം ഇല്ലാതാകുന്ന യാതൊന്നും അനുവദിക്കാന്‍ പാടില്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഒരു വ്യവസായിയോടും പ്രത്യേകമായി അടുപ്പമോ അകലമോ ഉണ്ടാകരുത്.
ഇതൊക്കെ തെറ്റിച്ചാല്‍ കുറച്ചു കാലം കമ്പനികള്‍ വളരുകയും കുറെ പേര്‍ക്ക് ജോലി ലഭിക്കുകയും ഒക്കെ ചെയ്യുന്നതായി തോന്നും. പക്ഷെ അധികകാലം നിലനില്‍ക്കില്ല. ക്രമേണ മത്സരം നിലയ്ക്കും, അഴിമതിയും കള്ളപ്പണവും ഭരിക്കുന്നവരുടെ കാരുണ്യവുമാകും ബിസിനസ് വിജയങ്ങളുടെ അടിസ്ഥാനം. അതോടെ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകരും, ആര്‍ക്കും ജോലിയില്ലാതെയാകും. അത് കൊണ്ടാണ്, അദാനിയെ തുറന്നു കാട്ടേണ്ടത് ഓരോ ക്യാപിറ്റലിസ്റ്റിന്റെയും ബാധ്യതയാകുന്നത്.
ക്യാപിറ്റലിസം സംരക്ഷിക്കാന്‍ ക്യാപിറ്റലിസ്റ്റുകളെക്കാള്‍ താത്പര്യം മറ്റുള്ളവര്‍ക്കുണ്ടാകില്ലല്ലോ. ആളുകള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ പണം നിക്ഷേപിക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്, രാജ്യത്തിനും ജനങ്ങള്‍ക്കും ജോലിയും സമ്പത്തും ഉണ്ടാകാന്‍ ഏറ്റവും അനിവാര്യമാണത്.
പക്ഷേ പൊതുജനങ്ങള്‍ തങ്ങള്‍ സ്ഥിരമായി കബളിക്കപ്പെടുകയാണെന്ന് തോന്നിയാല്‍ പിന്നീട് ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കില്ല. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാനാണ് റെഗുലേറ്റര്‍മാര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടതുണ്ട് എന്ന് പറയുന്നത്. അത് ക്യാപിറ്റലിസത്തിന് വേണ്ടിയാണ്, അല്ലാതെ അതിനെ തകര്‍ക്കാനല്ല.
സ്വതന്ത്രചിന്തകരുടെ വേഷമിട്ടു വരുന്ന ചില സ്ഥാപിത താത്പര്യക്കാര്‍ ക്യാപിറ്റലിസത്തിന്റെ പേരില്‍ ഇന്ത്യയില്‍ നടക്കുന്ന ക്രോണിയിസത്തെയും കള്ളപ്പണ ഇടപാടുകളെയും റൗണ്ട് ട്രിപ്പിങ്ങിനെയും സ്റ്റോക്ക് മാനിപുലേഷനുകളെയും വെള്ളപൂശാന്‍ കാര്യമായി ശ്രമിക്കുന്നുണ്ട്.
സത്യത്തില്‍ തൊണ്ണൂറുകളിലെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും വലിയ ‘ബിഗ് ഗവണ്‍മെന്റ്’ ആണ് ഇപ്പോള്‍ കേന്ദ്രത്തിലുള്ളത്. ചരിത്രത്തിലെ ഏറ്റവും കൂടിയ ടാക്സും സെസും പിരിക്കുന്ന, ഏറ്റവും കൂടുതല്‍ കടമെടുക്കുന്ന, സര്‍ക്കാരാണ് മോദി സര്‍ക്കാര്‍. അതുകൊണ്ട് തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കും ഈ സര്‍ക്കാരിന്റെ സമയത്താണ്.
സോഷ്യലിസവും ക്രോണിയിസവും ചേര്‍ന്ന കോമ്പിനേഷന്‍ ആണ് ഏറ്റവും അപകടകരമായത്, ഒട്ടേറെ രാജ്യങ്ങളുടെ തകര്‍ച്ച കണ്ടത് അത്തരം ഭരണ രീതിയുള്ള രാജ്യങ്ങളിലാണ്.
ശാസ്ത്രബോധവും യുക്തിചിന്തയും ചിന്താ സ്വതന്ത്രവുമുള്ള പുതുതലമുറ എഴുപതുകളില്‍ അവസാനിച്ച വരട്ടുസംവാദങ്ങളില്‍ നിന്ന് പുറത്തു കടന്ന് കാലികമായ സംവാദങ്ങളില്‍ ഏര്‍പ്പെടുന്നതാണ് അവര്‍ക്കും രാജ്യത്തിനും നല്ലത്. വരട്ടു സംവാദങ്ങള്‍ നടത്താന്‍ വാട്‌സ്ആപ്പ് അമ്മാവന്മാര്‍ ആവശ്യത്തിനുണ്ടല്ലോ.
Content Highlight: Farooq about Capitalism