എന്നിട്ടും എന്തിനാകും കെജ്‌രിവാളിന്റെ വക്താക്കള്‍ ബംഗ്ലാദേശികളുടെയും റോഹിംഗ്യന്‍സിന്റെയും കാര്യം പറഞ്ഞ് ബി.ജെ.പിയെ കുറ്റപ്പെടുത്തുന്നത്. അതാണ് 'ഡോഗ് വിസ്ലിങ്'. ബംഗ്ലാദേശികള്‍ എന്നും റോഹിംഗ്യന്‍ എന്നുമൊക്കെ എ.എ.പി പറയുമ്പോള്‍ കേള്‍ക്കേണ്ടവര്‍ കേള്‍ക്കുന്നത് മുസ്‌ലിങ്ങള്‍ എന്നാണ്. നിങ്ങള്‍ക്ക് അങ്ങനെ കേള്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ അതിന്റെ കാരണം നിങ്ങളുടെ ചെവി ഇപ്പോഴും മനുഷ്യ ചെവിയായി നിലനില്‍ക്കുന്നത് കൊണ്ടാണ്, അഭിനന്ദനങ്ങള്‍. എ.എ.പി ബി.ജെ.പിയെ കുറ്റപ്പെടുത്തുന്നത് കഴിവുകെട്ട ഫാസിസ്റ്റുകളായതിന്റെ പേരിലാണ്. നിങ്ങള്‍ ഭരണത്തില്‍ വന്നിട്ട് എട്ട് കൊല്ലമായി, ഇന്നുവരെ ഒരു ഗ്യാസ് ചേംബര്‍ തുറക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടോ, അതാണ് എ.എ.പിയുടെ ചോദ്യം. കേള്‍ക്കേണ്ടവര്‍ക്ക് അത് കേള്‍ക്കാം. വ്യക്തമായി, മുഴക്കത്തില്‍.
മഹാമാരി കാലത്തിന് ശേഷം ദുഖമുള്ള മുഖങ്ങളേ കാണാനുള്ളൂ, എന്ന് പരാതിപ്പെട്ടിരുന്ന ഇന്ത്യക്കാര്‍ ഇന്നലെ സന്തോഷം കൊണ്ട് വെട്ടിത്തിളങ്ങുന്ന ഒരു മുഖം കണ്ടു. അഞ്ജന ഓം കശ്യപ്. ഇന്ത്യ ടുഡേ ഗ്രൂപ്പിലെ സീനിയര്‍ എഡിറ്റര്‍. ആജ് തക് ചാനലിന്റെ മുഖം.
ഏറ്റവും കൂടുതല്‍ കാണികളുണ്ടാവാന്‍ സാധ്യതയുള്ള സംഭവങ്ങളുണ്ടാകുമ്പോഴേ പ്രധാന ആങ്കര്‍മാര്‍ പുറത്തിറങ്ങി ലൈവ് റിപ്പോര്‍ട്ട് ചെയ്യാറുള്ളു. അതുകൊണ്ട് തന്നെ, ചാനലുകളുടെ അവതാരകര്‍ മുഴുവന്‍ ഇന്നലെ ജഹാംഗീര്‍ പുരിയിലുണ്ടായിരുന്നു.
ഐ.പി.എല്ലിന് ഏറ്റവും പ്രേക്ഷകര്‍ കുറഞ്ഞ ഈ വര്‍ഷം, ഇന്ത്യക്കാര്‍ക്ക് കണ്ടാസ്വദിക്കാന്‍ ഒരു വിനോദമേയുള്ളൂ. മുസ്‌ലിങ്ങളുടെ ദയനീയത. അവരെ തല്ലുന്നത്, അവരുടെ പള്ളിക്ക് മുകളില്‍ കൊടി കെട്ടുന്നത്, അവരുടെ പെണ്‍കുട്ടികളുടെ തലയില്‍ നിന്ന് തട്ടം അഴിപ്പിക്കുന്നത്. ദിവസവും പുതിയതോരോന്ന് കാണാനുള്ളത് കൊണ്ടാണ് ഇക്കൊല്ലം ഐ.പി.എല്‍ ആരും കാണാത്തത്.
ജഹാംഗീര്‍ പുരിയിലെല്ലാമുണ്ടായിരുന്നു. ഇന്ത്യന്‍ ടി.വി പ്രേക്ഷകര്‍ക്ക് പോപ്പ്‌കോണ്‍ കൊറിച്ചോ കാപ്പി കുടിച്ചോ സോഫയിലിരുന്ന് ആസ്വദിക്കാനുള്ളതെല്ലാം. തട്ടിത്തെറിപ്പിച്ച ഭക്ഷണം പെറുക്കിയെടുക്കാന്‍ ശ്രമിക്കുന്ന കുട്ടികള്‍, അവരെ തല്ലുന്ന പൊലീസുകാര്‍, വാവിട്ടു കരയുന്ന സ്ത്രീകള്‍, തകര്‍ന്നു വീഴുന്ന ചുമരുകള്‍ക്കടുത്ത് കരഞ്ഞുകൊണ്ട് നില്‍ക്കുന്ന വൃദ്ധന്മാര്‍, എല്ലാറ്റിനും മുകളില്‍ ഇന്ത്യന്‍ ദേശീയതയുടെ പുതിയ പ്രതീകമായ ബുള്‍ഡോസര്‍.
ധാര്‍മിക പാപ്പരത്വത്തിന്റെ പാതാളക്കുഴിയിലെത്തിയ ഇന്ത്യന്‍ മധ്യവര്‍ഗത്തിന്, ദരിദ്രരെ യാചകരാക്കുന്ന, സഹജീവികളെ അഭയാര്ഥികളാക്കുന്ന ഈ ആഘോഷം കാണുന്നതിനേക്കാള്‍ വലിയ സന്തോഷമില്ല. ജനങ്ങളുടെ നാഡീമിടിപ്പറിയുന്ന പത്രക്കാരേക്കാള്‍ ഇതറിയുന്ന ആരുണ്ട്. അതുകൊണ്ട് തന്നെ ഏറ്റവും വിലയുള്ള അവതാരകര്‍ ജഹാംഗീര്‍ പുരിയിലെത്തി. അവരിലെ ഏറ്റവും വലിയ താരമായിരുന്നു അഞ്ജന ഓം കശ്യപ്.
അഞ്ജനക്കറിയാം പ്രേക്ഷകര്‍ക്ക് എന്താണ് വേണ്ടതെന്നും വേണ്ടാത്തതെന്നും. ബുള്‍ഡോസറുകള്‍ അശരണരുടെ വീടുകള്‍ക്ക് മുകളിലൂടെ കയറിയിറങ്ങുമ്പോള്‍ ഒരു തരി ദുഖം, ശബ്ദത്തില്‍ ചെറിയൊരിടര്‍ച്ച, ഇന്ത്യന്‍ പ്രേക്ഷകര്‍ സഹിക്കില്ല. അവര്‍ക്ക് വേണ്ടത് കലര്‍പ്പില്ലാത്ത സന്തോഷമാണ്, ആഹ്ലാദം, പൊട്ടിച്ചിരി. ദരിദ്രനെ യാചകനാക്കുന്നതിന്റെ ആഘോഷതിമര്‍പ്പില്‍ നേരിട്ട് പങ്കെടുക്കാന്‍ കഴിയാത്ത പ്രേക്ഷകന്റെ പ്രതിനിധിയാണ് ടെലിവിഷന്‍ അവതാരകര്‍.
എല്ലാ അവതാരകര്‍ക്കും അതറിയാം. ലക്ഷങ്ങള്‍ വിലയുള്ള ഡിസൈനര്‍ വസ്ത്രങ്ങളണിഞ്ഞ്, പോളിഷ് ചെയ്ത് മിനുക്കിയ ഷൂ ധരിച്ച്, വൈറ്റ്‌നര്‍ കൊണ്ട് വെളുപ്പിച്ച പല്ല് കാണിച്ച് പൊട്ടിച്ചിരിച്ച് അവര്‍ കൂട്ടംകൂട്ടമായി വന്നു. യാചകരാകാന്‍ പോകുന്ന ദരിദ്രരുടെ ലോകത്തേക്ക്. സുന്ദരികളും സുന്ദരന്മാരും. അക്കൂട്ടത്തിലെ താരമായിരുന്നു അഞ്ജന ഓം കശ്യപ്.
ആ കാഴ്ച നിങ്ങള്‍ക്ക് ലൈവ് കാണാന്‍ പറ്റിയിരുന്നില്ലെങ്കില്‍ യൂട്യൂബില്‍ കാണണം. സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു അഞ്ജന. പൊളിക്കാന്‍ പോകുന്ന വീടുകളുടെയും പള്ളികളുടെയും അടുത്ത് നിന്ന് ദൃക്സാക്ഷി വിവരണം നടത്തിക്കൊണ്ടിരുന്ന അവര്‍ ആവേശതിമര്‍പ്പിന്റെ ഒരു ഘട്ടത്തില്‍ ബുള്‍ഡോസറിന്റെ മുകളിലേക്ക് കയറി ഇനി ഞാന്‍ ഓടിച്ചോട്ടെ എന്ന് ഡ്രൈവറോട് ചോദിക്കുന്നുണ്ടായിരുന്നു.
ഒരു ജ്യൂസ് കടയുടെ മേല്‍ക്കൂര മാത്രമേ പൊളിച്ചുള്ളൂ, ചുവര് പൊളിക്കാന്‍ മറന്നു പോയല്ലോ എന്ന് ഡ്രൈവറോട് പരിഭവം പറയുന്നുണ്ടായിരുന്നു. ബാറ്റ്സ്മാന്റെ പഴയ റണ്‍റേറ്റൊക്കെ പറഞ്ഞ് പ്രേക്ഷകനെ മോഹിപ്പിക്കുന്ന കമന്റേറ്ററെ പോലെ ഒരു ബുള്‍ഡോസറിന് ഒരു മണിക്കൂര്‍ കൊണ്ട് എത്ര വീട് പൊളിക്കാന്‍ പറ്റും എന്നൊക്കെ വിവരിക്കുന്നുണ്ടായിരുന്നു അവര്‍. ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ ചാനലായ ടൈംസ് നൗ അവതാരകയായ നാവിക കുമാര്‍ ആശങ്കപ്പെട്ടത്, ഇനി ആവശ്യമുള്ളത്രയും ബുള്‍ഡോസറുകള്‍ ഇന്ത്യയിലുണ്ടാകുമോ അതോ ഇറക്കുമതി ചെയ്യേണ്ടി വരുമോ എന്നാണ്.
ഓരോരുത്തരെയായി കൊല്ലുന്നത് പ്രായോഗികമല്ലെന്ന് മനസ്സിലാക്കിയ നാസികള്‍ ഇനിമുതല്‍ ജൂതന്മാരെ ഗ്യാസ് ചേംബറുകളില്‍ വിഷപ്പുക അടിച്ച് കൂട്ടത്തോടെ കൊല്ലാം എന്ന് തീരുമാനിച്ചപ്പോള്‍, ഇതിനും മാത്രം ഗ്യാസ് ജര്‍മനിയിലുണ്ടാകുമോ എന്ന് ആശങ്കപ്പെട്ട ഒരു പത്രമുണ്ടായിരുന്നു- വോള്‍കിഷര്‍ ബിയോബാച്ചര്‍.
വംശ ശുദ്ധീകരണം കഴിഞ്ഞു, കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളെല്ലാം അടച്ചുപൂട്ടി, ബര്‍ലിന്‍ തവിടുപൊടിയായി. ഹിറ്റ്‌ലര്‍ ആത്മഹത്യ ചെയ്തതിന് ശേഷം, മറ്റെല്ലാവരുടെയും കൂട്ടത്തില്‍ നാസികള്‍ക്ക് സ്തുതി പാടിയ പത്രക്കാരെയും ന്യൂറംബര്‍ഗില്‍ വിചാരണ ചെയ്തു. വോള്‍കിഷര്‍ ബിയോബാച്ചറിന്റെ എഡിറ്ററായിരുന്നു ആല്‍ഫ്രഡ് റോസെന്‍ബെര്‍ഗ്. ന്യൂറംബര്‍ഗ് വിചാരണയില്‍ കുറ്റവാളിയാണെന്ന് കണ്ടെത്തിയ ഇയാളെ 1946 ഒക്ടോബര്‍ 16ന് തൂക്കിക്കൊന്നു.
കൂട്ടത്തില്‍ പറഞ്ഞെന്നേയുള്ളു.
മാധ്യമ ധാര്‍മികതയൊക്കെ ചര്‍ച്ച ചെയ്ത് സമയം കളയേണ്ട കാലമല്ലിത്. മനുഷ്യര്‍ക്ക് അതിലും വലിയ പ്രശ്‌നങ്ങളുണ്ട്. അവര്‍ അവര്‍ക്കെതിരെ തന്നെയുള്ള തെളിവുകള്‍ പകര്‍ത്തട്ടെ. ആല്‍ഫ്രഡ് റോസെന്‍ബെര്‍ഗ്, ജൂലിയസ് ട്രീഷര്‍ തുടങ്ങി ചുരുക്കം പത്രക്കാര്‍ക്കെതിരെയെ തെളിവുകളുണ്ടായിരുന്നുള്ളൂ. എട്ട് ലക്ഷത്തോളം മനുഷ്യര്‍ മരിച്ച റുവാണ്ടന്‍ കൂട്ടക്കുരുതിക്ക് ഇന്ധനം നല്‍കിയ റുവാണ്ടന്‍ റേഡിയോ അവതാരകരില്‍ മൂന്നോ നാലോ പേരെയേ പിന്നീട് ശിക്ഷിക്കാന്‍ പറ്റിയുള്ളു.
ഇന്ത്യക്ക് ഒരു ന്യൂറംബര്‍ഗ് വിചാരണ ഉണ്ടാകുന്ന കാലം തെളിവുകള്‍ക്ക് കുറവൊന്നും ഉണ്ടാകില്ല. തെളിവുകള്‍ മുഴുവന്‍ ഇന്റര്‍നെറ്റില്‍ ശേഖരിക്കപ്പെടുന്നുണ്ട്. പത്രധര്‍മത്തെ പറ്റി ക്ലാസ്സെടുക്കുന്നത് നിര്‍ത്തി നമുക്ക് വിചാരണയ്ക്കായി കാത്തിരിക്കാം. തെളിവുകള്‍ യൂട്യൂബില്‍ തന്നെ വേണം. കാരണം ഇപ്പോള്‍ സ്വന്തം പ്രിവിലേജിന്റെ തണലില്‍ പോപ്കോണ്‍ തിന്നുകൊണ്ട് ടെലിവിഷനില്‍ ദുരിതങ്ങള്‍ കണ്ടാസ്വദിക്കുന്ന ഒരാളും സാക്ഷി പറയാന്‍ വരില്ല.
ഗ്യാസ് ചേംബറിലേക്ക് സ്വന്തം അയല്‍ക്കാരായ ജൂതന്മാരെ വലിച്ചിഴച്ച് കൊണ്ടുപോകുന്നത് കണ്ടാസ്വദിച്ച ജര്‍മന്‍ ക്രിസ്ത്യന്‍സ്, എല്ലാം കഴിഞ്ഞപ്പോള്‍ പറഞ്ഞത് തങ്ങളൊന്നും അറിഞ്ഞിരുന്നില്ല എന്നാണ്. ഹിറ്റ്‌ലറുടെ സ്വന്തം സ്റ്റെനോഗ്രാഫര്‍ പോലും അതാണ് പറഞ്ഞത്. പക്ഷെ, കാലം അവരെയൊന്നും വെറുതെ വിട്ടില്ല.
യുദ്ധത്തില്‍ മരിക്കാതെ രക്ഷപ്പെട്ട ജര്‍മന്‍കാര്‍, വാര്‍ധക്യത്തില്‍ സ്വന്തം പേരക്കുട്ടികളുടെ മുഖത്തു നോക്കാനാവാതെ, നിങ്ങളെന്തു ചെയ്യുകയായിരുന്നു എന്ന അവരുടെ ചോദ്യത്തെ നേരിടാന്‍ കഴിയാതെ, നിരാശയിലും നാണത്തിലും വിഷാദത്തിലും നീറിനീറിയാണ് മരിച്ചത്. എംപതി – സഹാനുഭൂതി, എന്നത് മനുഷ്യന് വേണ്ട അടിസ്ഥാന സ്വഭാവങ്ങളിലൊന്നാണ്. അതില്ലാത്തവരാണ് സൈക്കോപാത്തുകള്‍. അവര്‍ക്കൊരിക്കലും സന്തോഷത്തോടെ ജീവിക്കാന്‍ കഴിയില്ല.
ഇന്ത്യക്കാര്‍ ആഘോഷിച്ച ആ പകലില്‍, ചുരുക്കം ചിലര്‍ ചോദിക്കുന്നുണ്ടായിരുന്നു ദല്‍ഹി ഭരിക്കുന്ന പാര്‍ട്ടിയെ പറ്റി, അതിന്റെ നേതാവിനെ പറ്റി, ദല്‍ഹി മുഖ്യമന്ത്രിയെപ്പറ്റി. ഇപ്പോഴും കുറെ പേരുണ്ട് ഇന്ത്യയില്‍, അധികമൊന്നും ഇല്ല, നേതാക്കള്‍ക്ക് ദിശാബോധം വേണമെന്ന് കരുതുന്നവര്‍.
എക്‌സല്‍ ഷീറ്റില്‍ മതത്തിന്റെയും ജാതിയുടെയും കള്ളികളില്‍ വോട്ടിന്റെ കണക്കെഴുതി, ഓരോ തീരുമാനമെടുക്കുമ്പോഴും എത്ര വോട്ട് കൂടും എത്ര കുറയും എന്ന ഫോര്മുലയില്‍ തെളിഞ്ഞുവരുന്ന അക്കങ്ങള്‍ നോക്കിയിരിക്കുന്ന ആധുനിക ഇന്ത്യയിലെ പ്രൊഫഷണല്‍ രാഷ്ട്രീയക്കാരേക്കാള്‍ ഒരല്പം ധാര്‍മികത കെജ്‌രിവാളിനുണ്ടാകുമെന്ന് പ്രതീക്ഷിച്ച കുറെ പേരുണ്ടായിരുന്നു. പ്രത്യേകിച്ച് കൂട്ടത്തോടെ കെജ്‌രിവാളിന് വോട്ട് ചെയ്ത മുസ്‌ലിങ്ങള്‍.
അയാള്‍ ഒന്നും ചെയ്തില്ല, ഒന്നും മിണ്ടിയില്ല. പക്ഷെ അയാളുടെ വക്താക്കള്‍ വൈകുന്നേരമായപ്പോഴേക്ക് റുവാണ്ടന്‍ റേഡിയോകളിലെത്തി. ആതിഷി മാര്‍ലേനയും രാഘവ് ഛദ്ദയും. അവര്‍ ചെയ്തതാണ് ഡോഗ് വിസിലിംഗ്. ഇത് പറയുന്നതിന് മുമ്പ് ഈ രണ്ടു വക്താക്കളെയും പറ്റി രണ്ടു വാക്ക്.
2019ല്‍ എ.എ.പിയുടെ ലോക്‌സഭാ സ്ഥാനാര്‍ഥിയായി ആതിഷി മാര്‍ലേനയുടെ പേര് പ്രഖ്യാപിച്ചപ്പോള്‍ ബി.ജെ.പി ഒരു പ്രചാരണം ആരംഭിച്ചു, ആതിഷി മാര്‍ലേന ക്രിസ്ത്യാനിയാണെന്ന്. മാര്‍ക്‌സിന്റെയും ലെനിന്റെയും പേരുകള്‍ ചേര്‍ത്തിട്ട ഒരു പേരായിരുന്നു സത്യത്തില്‍ മാര്‍ലേന എന്നത്.
വിദ്വേഷവായു മാത്രം ശ്വസിക്കുന്ന, മൂന്നു രാത്രികള്‍ കൊണ്ട് മൂവായിരം സിഖുകാരെ കൊന്നുതള്ളിയ ദല്‍ഹിക്കാര്‍, രണ്ടാം ശത്രുവായി ഗോള്‍വാള്‍ക്കര്‍ ചൂണ്ടിക്കാട്ടിയ ക്രിസ്ത്യാനിക്ക് വോട്ട് ചെയ്യുകയോ? എ.എ.പി ഈ പ്രചരണത്തെ സധൈര്യം നേരിടാന്‍ തീരുമാനിച്ചു. ആതിഷിയുടെ പേരില്‍ നിന്ന് ക്രിസ്ത്യന്‍ ഭാഗം വെട്ടിമാറ്റി. അങ്ങനെ ഇലക്ഷന്‍ ജയിക്കാന്‍ വേണ്ടി സ്വന്തം പേര് മാറ്റിയ ഒരേയൊരു നേതാവ് എന്ന റെക്കോര്‍ഡ് സ്വന്തം പേരില്‍ എഴുതിചേര്‍ത്തു ആതിഷി.
ആതിഷി മാര്‍ലേന
ഫാഷന്‍ ഷോയുടെ റാമ്പില്‍ നടക്കുന്ന, ഡിസൈനര്‍ വസ്ത്രങ്ങളണിഞ്ഞ് ടെലിവിഷനില്‍ വരുന്ന, വടിവൊത്ത ഇംഗ്ലീഷ് സംസാരിക്കുന്ന രാഘവ് ഛദ്ദയാണ് എ.എ.പിയുടെ പ്രധാന ഡോഗ് വിസിലര്‍. രാഘവ് ഛദ്ദ രണ്ട് വാചകം പറഞ്ഞാല്‍ അതിലൊന്ന് ഡോഗ് വിസില്‍ ആയിരിക്കും. പഞ്ചാബ് ഇലക്ഷന്‍ കാലത്ത് അത് കണ്ടതാണ്.
ഡോഗ് വിസില്‍ എന്താണെന്നറിയാമോ? പറയാം.
മനുഷ്യന്റെ ചെവിക്ക് കേള്‍ക്കാന്‍ കഴിയുക 20 kHz വരെയുള്ള ശബ്ദം മാത്രമാണ്. പട്ടിക്ക് 45 kHz വരെ കേള്‍ക്കാം. 20 kHzന് മുകളിലും 45 kHzന് താഴെയുമായി ഒരു ശബ്ദമുണ്ടാക്കിയാല്‍ പട്ടികള്‍ മാത്രം അത് കേള്‍ക്കും, മനുഷ്യര്‍ കേള്‍ക്കില്ല. അത്തരം ശബ്ദമുണ്ടാക്കുന്ന ഒരു തരം വിസിലുണ്ട്, ഡോഗ് വിസില്‍. പട്ടിയെയും കൂട്ടി നടക്കാനിറങ്ങുന്ന സായിപ്പന്മാര്‍ പട്ടിയെ വിളിക്കാന്‍ ഈ വിസിലടിക്കും, പട്ടി മാത്രം കേള്‍ക്കും, മനുഷ്യര്‍ കേള്‍ക്കില്ല.
ആതിഷിയും രാഘവ് ഛദ്ദയും ചെത്തിമിനുക്കിയ ഭാഷയില്‍ പറഞ്ഞതിത്രയുമാണ്. ഈ പ്രശ്നങ്ങളുടെ മുഴുവന്‍ ഉത്തരവാദി ബി.ജെ.പിയാണ്, ശരി. എങ്ങനെയാണ് അവര്‍ ഉത്തരവാദികളായതെന്നുള്ള വിശദീകരണമാണ് അടുത്ത വാചകം. ബംഗ്ലാദേശികളെയും റോഹിംഗ്യന്‍സിനെയും അവര്‍ വിവിധ സ്ഥലങ്ങളില്‍ ജീവിക്കാന്‍ സമ്മതിച്ചു. അതാണ് അവരുടെ തെറ്റ്. എങ്ങനെയുണ്ട്.
രാഘവ് ഛദ്ദ
ഇതിലെവിടെയാണ് ഡോഗ് വിസിലിംഗ് എന്ന് മനസ്സിലായോ. ഒരു ബംഗ്ലാദേശിക്ക് ഇന്ത്യയിലേക്ക് കുടിയേറേണ്ട ഒരാവശ്യവും ഇപ്പോഴില്ല. ഇന്ത്യയേക്കാളും പ്രതിശീര്‍ഷ വരുമാനവും തൊഴിലവസരങ്ങളും അവര്‍ക്കുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, പോഷകാഹാര ലഭ്യത തുടങ്ങി മാനുഷിക വിഭവശേഷിയുടെ എല്ലാ പാരാമീറ്ററിലും ബംഗ്ലാദേശികള്‍ മുന്നിലാണ്.
ഇന്ത്യക്കാര്‍ തന്നെ എങ്ങോട്ടെങ്കിലും കുടിയേറാനുള്ള മരണപ്പാച്ചിലിലാണ്. ഈയടുത്താണ് മഞ്ഞുമൂടിയ അതിര്‍ത്തിയിലൂടെ കാനഡയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഒരു ഇന്ത്യന്‍ കുടുംബം മുഴുവന്‍ തണുത്തുവിറച്ച് മരിച്ചത്. വിദേശത്ത് കാണുന്ന ഏതെങ്കിലും ബംഗ്ലാദേശിയോട് ഇന്ത്യയിലേക്ക് കുടിയേറുന്ന കാര്യം പറഞ്ഞാല്‍ അവര്‍ രണ്ടു ദിവസം ചിരിക്കും, ചിരിച്ചു മരിക്കും.
ആകപ്പാടെ 40,000 റോഹിംഗ്യക്കാരാണ് ഇന്ത്യയിലുള്ളത്. അതിലും കൂടുതല്‍ ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ ബര്‍മയില്‍ നിന്ന് ഈയടുത്ത് ഇന്ത്യയിലേക്ക് പലായനം ചെയ്തിട്ടുണ്ട്. 40,000 എന്നാല്‍ 130 കോടി ജനങ്ങള്‍ക്കിടയില്‍ ഒന്നുമല്ല. ദല്‍ഹിയിലെ ഒരു റെയില്‍വേ സ്റ്റേഷനില്‍ അതിലധികം ആള്‍ക്കാരുണ്ടാകും.
എന്നിട്ടും എന്തിനാകും കെജ്‌രിവാളിന്റെ വക്താക്കള്‍ ബംഗ്ലാദേശികളുടെയും റോഹിംഗ്യന്‍സിന്റെയും കാര്യം പറഞ്ഞ് ബി.ജെ.പിയെ കുറ്റപ്പെടുത്തുന്നത്. അതാണ് ഡോഗ് വിസിലിംഗ്. ബംഗ്ലാദേശികള്‍ എന്നും റോഹിംഗ്യന്‍ എന്നുമൊക്കെ എ.എ.പി പറയുമ്പോള്‍ കേള്‍ക്കേണ്ടവര്‍ കേള്‍ക്കുന്നത് മുസ്‌ലിങ്ങള്‍ എന്നാണ്. നിങ്ങള്‍ക്ക് അങ്ങനെ കേള്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ അതിന്റെ കാരണം നിങ്ങളുടെ ചെവി ഇപ്പോഴും മനുഷ്യ ചെവിയായി നിലനില്‍ക്കുന്നത് കൊണ്ടാണ്, അഭിനന്ദനങ്ങള്‍.
എ.എ.പി ബി.ജെ.പിയെ കുറ്റപ്പെടുത്തുന്നത് കഴിവുകെട്ട ഫാസിസ്റ്റുകളായതിന്റെ പേരിലാണ്.നിങ്ങള്‍ ഭരണത്തില്‍ വന്നിട്ട് എട്ട് കൊല്ലമായി. ഇന്നുവരെ ഒരു ഗ്യാസ് ചേംബര്‍ തുറക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടോ. അതാണ് എ.എ.പിയുടെ ചോദ്യം. കേള്‍ക്കേണ്ടവര്‍ക്ക് അത് കേള്‍ക്കാം. വ്യക്തമായി, മുഴക്കത്തില്‍.
വാല്‍ക്കഷ്ണം: എ.എ.പി പിന്നെയും കേരളത്തില്‍ പണമിറക്കാന്‍ തുടങ്ങിയിട്ടുണ്ട്. പത്രങ്ങളിലെല്ലാം പരസ്യങ്ങള്‍ വീണ്ടും തുടങ്ങിയിട്ടുണ്ട്. മുന്‍നിര ചാനലുകളില്‍ പൊടുന്നനെ എ.എ.പിയെ പറ്റിയുള്ള ചര്‍ച്ചയൊക്കെ കാണുന്നുണ്ട്, പേയ്ഡ് ചര്‍ച്ചയാണ്. ദല്‍ഹിയില്‍ അഴിമതി നടത്തുന്ന പണമാണ് ഇന്ത്യ മുഴുവന്‍ ചിലവാക്കുന്നത്.
രാജ്യസഭാ സീറ്റൊക്കെ കള്ളപ്പണക്കാര്‍ക്ക് ലേലം ചെയ്തപ്പോള്‍ കിട്ടിയ പണമാണ്. പണം കേരളത്തിലേക്ക് വരുന്നതില്‍ സന്തോഷമേ ഉള്ളൂ. കോണ്‍ഗ്രസിനും സി.പി.ഐ.എമ്മിനും വോട്ട് ചെയ്ത് ബോറടിച്ച മലയാളിക്ക് ഒരു ചേഞ്ച് വേണമെന്ന് തോന്നിയാല്‍, ഒരു ചേഞ്ച് ആരാണിഷ്ടപ്പെടാത്തത്. എ.എ.പിക്ക് വോട്ട് ചെയ്യരുത്, ബി.ജെ.പിക്ക് ചെയ്തോളൂ. ഇരുട്ടത്തെ ശത്രുവാണ് വെളിച്ചത്തെ ശത്രുവിനേക്കാള്‍ അപകടകാരി.
Content Highlight: Farooq about BJP’s Bulldozer act in Jahangirpuri, how media presented it and Aam Aadmi Party’s reaction on it