| Wednesday, 27th April 2022, 3:51 pm

നന്മ നിറഞ്ഞ എ.എ.പിക്കാരോട്

ഫാറൂഖ്

എ.എ.പിയെ വിമര്‍ശിച്ചു കൊണ്ട് കഴിഞ്ഞയാഴ്ച എഴുതിയ ലേഖനത്തിന് നേരിട്ടും അല്ലാതെയും ഒരുപാട് പ്രവര്‍ത്തകരും അനുഭാവികളും വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. എല്ലാവര്‍ക്കും നന്ദി.

മറ്റ് പാര്‍ട്ടികളുടെ അനുയായികളില്‍ നിന്ന് വ്യത്യസ്തമായി തെറിവിളികളും പരിഹാസങ്ങളും ഇല്ലാതെ മാന്യമായ ഭാഷയിലുള്ള വിമര്‍ശനങ്ങളായിരുന്നു മിക്കതും. മാത്രമല്ല, മിക്ക എ.എ.പി പ്രവര്‍ത്തകരും രാഷ്ട്രീയം വരുമാനമാര്‍ഗമാക്കിയവരല്ലെന്നും പ്രത്യേക താല്‍പര്യങ്ങളില്ലാത്തവരാണെന്നും പെയ്ഡ് ട്രോളുകളല്ലെന്നും മനസ്സിലാക്കുവാനും സാധിച്ചു. ഈ കാരണങ്ങള്‍ കൊണ്ടാണ് ഇങ്ങനെയൊരു കുറിപ്പ് എഴുതണമെന്ന് തോന്നിയത്.

കെജ്‌രിവാള്‍ പ്രായോഗിക രാഷ്ട്രീയം പയറ്റുകയാണെന്നും, തെരഞ്ഞെടുപ്പ് വിജയിക്കാന്‍ വേണ്ടി ചില അടവുകള്‍ വേണമെന്നുമാണ് പ്രധാനമായും ഈ പ്രതികരണങ്ങളൊക്കെ പറയുന്നത്. ഏതെങ്കിലും വിധത്തില്‍ മുസ്‌ലിങ്ങള്‍ക്ക് വേണ്ടി സംസാരിച്ചാല്‍ പിന്നെ ഹിന്ദുക്കളാരും വോട്ട് ചെയ്യില്ല, അതുകൊണ്ട് മുസ്‌ലിങ്ങള്‍ക്ക് വേണ്ടി സംസാരിക്കാതിരിക്കുക എന്നതാണ് തന്ത്രം. ഈ തന്ത്രം വിജയിച്ചാല്‍ ഭരണത്തിലെത്താം, ഭരണത്തിലെത്തി കഴിഞ്ഞാല്‍ ദല്‍ഹി മോഡല്‍ ഭരണം മറ്റുള്ള സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാം, അതോടെ എല്ലാവര്‍ക്കും സന്തോഷമാകും. ഇതാണ് മിക്ക വാദങ്ങളുടെയും കാമ്പ്.

ദല്‍ഹി മോഡല്‍ എന്താണെന്ന് പരിശോധിച്ചതിന് ശേഷം തന്ത്രത്തിലേക്ക് വരാം.

സൗജന്യങ്ങളാണ് ദല്‍ഹി മോഡല്‍. സൗജന്യ വൈദ്യുതി, സൗജന്യ വെള്ളം, സൗജന്യ വിദ്യാഭ്യാസം, സൗജന്യ ബസ് ടിക്കറ്റ്, സൗജന്യ മെട്രോ തുടങ്ങിയവ. നിബന്ധനകളുണ്ട് ഏറിയും കുറഞ്ഞും. ചിലതൊക്ക സ്ത്രീകള്‍ക്ക് മാത്രം, മറ്റു ചിലത് പാവങ്ങള്‍ക്ക് മാത്രം. എന്നാലും സൗജന്യങ്ങളാണ് പ്രധാന പരിപാടികള്‍ എന്ന് പറയാം. ഈ സൗജന്യങ്ങളാണ് മറ്റ് സംസ്ഥാനങ്ങളിലും വാഗ്ദാനം ചെയ്യുന്നത്. ഇപ്പോള്‍ പഞ്ചാബില്‍ 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കി, ഇനിയും ഒരുപാട് വരാനുണ്ട്. വളരെ ജനപ്രിയമാണ് ഇപ്പറഞ്ഞതെല്ലാം.

ഉപഭോക്താക്കള്‍ പണം കൊടുക്കേണ്ട, സര്‍ക്കാര്‍ കൊടുത്തോളും എന്നതാണ് സൗജന്യം എന്നതിനര്‍ത്ഥം. ആരെങ്കിലും കൊടുക്കണമല്ലോ. സര്‍ക്കാര്‍ ടാക്‌സ് പിരിച്ച് ഇതിനുവേണ്ട പണം കണ്ടെത്തും. സൗജന്യങ്ങള്‍ കൂട്ടണമെങ്കില്‍ ഒന്നുകില്‍ ടാക്‌സ് കൂട്ടണം അല്ലെങ്കില്‍ മറ്റ് ചിലവുകള്‍ കുറക്കണം. മറ്റ് ചിലവുകളെന്നാല്‍ പ്രധാനമായും ശമ്പളം, പലിശ, ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന് വിളിക്കുന്ന റോഡുകള്‍, പാലങ്ങള്‍, മെട്രോകള്‍ തുടങ്ങിയവ.

ടാക്‌സ് കൂട്ടി സൗജന്യങ്ങള്‍ കൊടുക്കുക എന്നത് കെജ്‌രിവാളിന്റെ കണ്ടുപിടുത്തമല്ല, ആധുനിക ഭരണക്രമം ഉണ്ടായത് മുതല്‍ പലരും ശ്രമിക്കുന്നതാണ്. ജയലളിതയൊക്കെ അതിന്റെ ആശാത്തി ആയിരുന്നു. ടെലിവിഷന്‍, സൈക്കിള്‍, ലാപ്‌ടോപ്പ് മുതല്‍ ഇഡ്ഡലിയും സാമ്പാറും വരെ കൊടുത്തിരുന്നു. മോദിയും കൊടുക്കുന്നുണ്ട്, കക്കൂസ്, ഗ്യാസ്, വീട്, പണം ഒക്കെ.

പണമുള്ളവനാണ് കൂടുതല്‍ ടാക്‌സ് കൊടുക്കുന്നത് എന്നതുകൊണ്ടും പാവപ്പെട്ടവര്‍ക്കാണ് സൗജന്യങ്ങള്‍ കിട്ടുന്നത് എന്നതുകൊണ്ടും റോബിന്‍ഹുഡ് എന്നൊക്കെ കാപിറ്റലിസ്റ്റുകള്‍ സര്‍ക്കാരിനെ പരിഹസിക്കും. റോബിന്‍ഹുഡിന്റെ പണിയായിരുന്നു പണക്കാരെ കൊള്ളയടിച്ചു പാവപ്പെട്ടവര്‍ക്ക് കൊടുക്കല്‍. കായംകുളം കൊച്ചുണ്ണിയുടെ അമേരിക്കന്‍ വേര്‍ഷന്‍.

പെട്രോള്‍ ടാക്‌സ്, ജി.എസ്.ടി തുടങ്ങിയവയുടെ ഡിസൈന്‍ പാവപ്പെട്ടവന്‍ കൂടുതല്‍ ടാക്‌സ് കൊടുക്കേണ്ട രീതിയിലായത് കൊണ്ട് റിവേഴ്സ് റോബിന്‍ഹുഡ് എന്നും പറയാം. പാവപ്പെട്ടവന്റെ പണമെടുത്തു പണക്കാരന് സൗജന്യം കൊടുക്കല്‍. അതെന്തുമാവട്ടെ, ഒരാള്‍ കൊടുക്കും മറ്റൊരാള്‍ വാങ്ങും.

ജനപ്രിയ ആശയമാണെങ്കിലും, വോട്ട് നല്ലോണം കിട്ടുമെങ്കിലും, ഈ മോഡലിന് ചില പ്രശ്‌നങ്ങളുണ്ട്. തൊഴിലവസരങ്ങള്‍ അതില്ലാതാക്കും. നാട്ടിലെ മിക്കവാറും സാധനങ്ങള്‍, ബക്കറ്റ്, ചീര്‍പ്, കണ്ണാടി മുതല്‍ പടക്കവും ഗണപതിയും വരെ ചൈനയില്‍ നിന്ന് വരുന്നത് കണ്ടിട്ടില്ലേ. നമ്മുടെ സ്വന്തം ഇന്ത്യന്‍ പേരുകളിലുള്ള പ്രഷര്‍ കുക്കറും ഫാനുമൊക്കെ ഇപ്പോള്‍ വരുന്നത് ചൈനയില്‍ നിന്നും വിയറ്റ്‌നാമില്‍ നിന്നും ആണ്. വസ്ത്രങ്ങള്‍ ബംഗ്ലാദേശില്‍ നിന്നും.

നാട്ടില്‍ ഇതൊന്നും ഉണ്ടാക്കാന്‍ ആളില്ലാഞ്ഞിട്ടല്ല. മുതലാവാഞ്ഞിട്ടാണ്. ചൈനക്കാര്‍ 50 രൂപക്കുണ്ടാക്കുന്ന സാധനം ഇന്ത്യയിലുണ്ടാക്കാന്‍ 100 രൂപ വേണം. അതിന് പ്രധാനമായും രണ്ട് കാരണങ്ങളാണ്, ഒന്ന് വലിയ ടാക്സ്, രണ്ട് അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്. ജി.എസ്.ടി നടപ്പാക്കുകയും കക്കൂസ് ടാക്‌സ് ഏര്‍പ്പെടുത്തുകയും ചെയ്തതോടെ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് മുപ്പത്തഞ്ചു വര്‍ഷത്തെ ഏറ്റവും മുകളിലെത്തിയത് അറിയാമല്ലോ. എല്ലാ ചെറുകിട ബിസിനസ്സുകളും പൂട്ടിപ്പോയി, അതാണ് പ്രശ്‌നം.

ഷീല ദീക്ഷിതിനെ തോല്‍പിച്ചാണ് കെജ്‌രിവാള്‍ മുഖ്യമന്ത്രിയാവുന്നത്. ടാക്‌സ് പണമെടുത്തു അവര്‍ നിര്‍മിച്ച ഫ്ളൈ ഓവറുകളും റോഡുകളും മെട്രോകളുമാണ് ദല്‍ഹി മുഴുവന്‍. അവരുടെ കാലത്താണ് ദല്‍ഹിയില്‍ ഏറ്റവും കൂടുതല്‍ ചെറുകിട സംരംഭങ്ങള്‍ ഉയര്‍ന്നുവന്നത്. അത് വഴി ഏറ്റവും കൂടുതല്‍ തൊഴിലവസങ്ങളും.

ഷീല ദീക്ഷിത്

അവരുടെ കാലത്ത് തൊഴില്പരമായും സാമ്പത്തികമായും ഉയര്ന്നുവന്ന മധ്യവര്‍ഗമാണ് പിന്നീട് കെജ്‌രിവാളിന്റെയും മോദിയുടെയും ഭക്തന്മാരായത്. അവര്‍ ടാക്‌സ് പണമടുത്തു എല്ലാവര്ക്കും സൗജന്യങ്ങള്‍ കൊടുത്തിരുന്നെങ്കില്‍ ദല്‍ഹിയില്‍ ഇന്ന് കാണുന്നതിന്റെ ഇരട്ടി ദരിദ്രര്‍ ഉണ്ടായേനെ. സൗജന്യം പട്ടിണി ഒഴിവാക്കാനുള്ള അരി, പ്രൈമറി വിദ്യാഭ്യാസം എന്നിവയില്‍ ഒതുക്കി നിര്‍ത്തുന്നതാണ് തൊഴിലവസരങ്ങള്‍ സൃഷ്ഠിക്കാന്‍ നല്ലത്. അതാണ് നല്ല എക്കണോമിക്‌സ്. നല്ല ഇക്കണോമിക്‌സ് നല്ല പൊളിറ്റിക്‌സ് ആകണമെന്നില്ല.

സൗജന്യങ്ങള്‍ കൊടുക്കണമെന്ന് എല്ലാ ഭരണാധിപര്‍ക്കും ആഗ്രഹം കാണും, വോട്ട് ഒഴുകി വരും. കേരളത്തിലെ മുഴുവന്‍ മനുഷ്യര്‍ക്കും എല്ലാദിവസവും ചിക്കന്‍ ബിരിയാണി സൗജന്യമായി കൊടുക്കണമെന്ന് പിണറായിക്ക് ആഗ്രഹമുണ്ടാകും. പക്ഷെ അതൊരു പോളിസിയാക്കിയാല്‍ പെട്രോളിന് ഇപ്പോഴുള്ളതിന്റെ പത്തിരട്ടി ടാക്‌സ് വേണ്ടി വരും, സ്വകാര്യ സംരംഭകര്‍ മുഴുവന്‍ പാപ്പരാകും. ആര്‍ക്കും പിന്നെ തൊഴിലുണ്ടാകില്ല.

സൗജന്യങ്ങള്‍ പോളിസിയാക്കുന്നതാണ് കെജ്‌രിവാളിന്റെ ജനപ്രിയതക്ക് കാരണം. കേരളത്തിലും പഞ്ചാബിലുമൊന്നും ആര്‍ക്കും വൈദ്യുതി സൗജന്യമായി വേണ്ട, തൊഴിലവസരങ്ങളാണ് വേണ്ടത്, അതിന് ടാക്‌സ് കുറക്കണം, ഇന്‍ഫ്രാസ്ട്രക്ചര്‍ കൂട്ടണം, ചൈനയേക്കാള്‍ കുറഞ്ഞ ചിലവില്‍ ഇവിടെ സാധനങ്ങള്‍ ഉണ്ടാക്കാന്‍ കഴിയണം. അതാണ് ഇക്കണോമിക്‌സ്. സൗജന്യങ്ങളുടെ ആശാന്മാരായിരുന്ന തമിഴ്‌നാട് പോലും ഇപ്പോള്‍ അത് മനസ്സിലാക്കി. ഹിന്ദി സംസാരിക്കുന്ന ജയലളിതയാണ് കെജ്‌രിവാള്‍.

ജയലളിത

ജനപ്രിയത ദിലീപിന്റെ സിനിമ പോലെയാണ്. കൂനുള്ളവരെയും ചുണ്ടിന് മുറിവുള്ളവരെയും ട്രാന്‌സ്‌ജെന്‍ഡേഴ്‌സിനെയും മാനസികാരോഗ്യം കുറഞ്ഞവരെയുമൊക്കെ കോമാളികളാക്കി ദിലീപ് കുറെ സിനിമകളെടുത്തില്ലേ. ആ സിനിമകളൊക്കെ ജനപ്രിയമായിരുന്നില്ലേ. ഇപ്പൊ തിരിഞ്ഞു നോക്കുമ്പോള്‍ അതൊക്കെ സമൂഹത്തിനേല്‍പ്പിച്ച മുറിവുകള്‍ മനസ്സിലാകുന്നില്ലെ.

മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊക്കെ അത് പോലത്തെ വേഷങ്ങള്‍ ചെയ്തു കാശുണ്ടാക്കാമായിരുന്നു, പക്ഷേ അവര്‍ ചെയ്യില്ല. ദിലീപാണ് കെജ്‌രിവാള്‍, മോഹന്‍ലാലാണ് ഷീലാ ദീക്ഷിത്. നീണ്ട ചരിത്രകാലത്തെ ചില അപൂര്‍വ നിമിഷങ്ങളില്‍ മോഹന്‍ലാലിനേക്കാള്‍ വലിയവനാണ് ദിലീപ് എന്ന് തോന്നും. അതില്‍ കാര്യമില്ല.

കെജ്‌രിവാളിന്റെ സൗജന്യ പോളിസി നല്ലതാണെന്ന് തന്നെ വക്കുക. അദ്ദേഹത്തിന്റെ തന്ത്രങ്ങളോ.

സര്‍ക്കാരിന് രണ്ടു കാര്യങ്ങള്‍ പ്രധാനമായി ചെയ്യാനുണ്ട്. നിയമ നിര്‍മാണവും ഭരണ നിര്‍വഹണവും. നിയമ നിര്‍മാണത്തിന് അതിന്റെതായ പ്രാധാന്യമുണ്ട്. ഏറ്റവും വലിയ ഉദാഹരണമാണ് ഭൂമി ഏറ്റെടുക്കല്‍ നിയമം. ഇന്ത്യയില്‍ റോഡിനായാലും റെയിലിനായാലും ഫാക്ടറികള്‍ക്കായാലും ഭൂമി ഏറ്റെടുക്കേണ്ടി വരുമ്പോള്‍ ഇപ്പോള്‍ മാന്യമായ നഷ്ടപരിഹാരം കിട്ടുന്നുണ്ട്. അതിന് കാരണം മന്‍മോഹന്‍ സിംഗ് കൊണ്ടുവന്ന നിയമം ആണ്. ആ നിയമം ഇല്ലാതാക്കാന്‍ 2015ല്‍ മോദി ശ്രമിച്ചു.

രാഹുല്‍ ഗാന്ധി ശക്തമായ പ്രതിഷേധം നടത്തി ആ ശ്രമം ഇല്ലാതാക്കി. സൂട്ട് ബൂട്ട് കി സര്‍ക്കാര്‍ അക്കാലത്തെ മുദ്രാവാക്യമാണ്. കെജ്‌രിവാള്‍ ആ സമരത്തില്‍ നിന്നൊഴിഞ്ഞു നിന്നു, കാരണം മോദിക്കെതിരെ സമരം ചെയ്യുന്നത് വോട്ടര്‍മാര്‍ക്കിഷ്ടമാകില്ല എന്നതായിരുന്നു കാരണം. രാഹുലിന്റെ ആ സമരം പരാജയപ്പെട്ടിരുന്നെങ്കില്‍ ഇന്ന് തുച്ഛമായ നഷ്ടപരിഹാരവുമായി ഇന്ത്യ മുഴുവന്‍ ലക്ഷങ്ങള്‍ ചേരികളിലേക്ക് പോകേണ്ടി വന്നേനെ, നമ്മുടെ കെ റെയില്‍കാരടക്കം. സൗജന്യങ്ങള്‍ മാത്രമല്ല, നിയമങ്ങളും സമരങ്ങളും ജനങ്ങളെ ബാധിക്കും, അതുകൊണ്ട് തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതൊക്കെ ചെയ്യണം.

അത് തന്നെയാണ് മറ്റ് കാര്യങ്ങളിലും. റിപബ്ലിക്ക് എന്നാല്‍ ഒരു സോഷ്യല്‍ കോണ്‍ട്രാക്ട് ആണ്. എല്ലാവര്‍ക്കും തുല്യമായ അവകാശവും പരിഗണനയും കിട്ടുമെന്നുള്ള ഒരു എഗ്രിമെന്റിന്റെ പേരില്‍ ആളുകള്‍ കൂട്ടമായി ജീവിക്കുകയാണ്. ആരെങ്കിലും അത് തെറ്റിച്ചാല്‍ ഭരണകൂടം, കോടതി, മാധ്യമങ്ങള്‍, പാര്‍ട്ടികള്‍, സിവില്‍ സൊസൈറ്റി ഒക്കെ ഇടപെടും എന്ന വിശ്വസത്തില്‍ മുമ്പോട്ട് പോകുന്ന ഒരു സംവിധാനമാണത്. അത് സംഭവിച്ചില്ലെങ്കില്‍ റിപ്പബ്ലിക്ക് തകരും.

ശ്രീലങ്ക, ബര്‍മ, ജര്‍മനി, റുവാണ്ട ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഉദാഹരണങ്ങളുണ്ട്. ഒരു ശതമാനത്തിന് താഴെ മാത്രമുള്ള ജൂതന്മാരോട് വിവേചനം കാണിക്കാന്‍ ശ്രമിച്ച ജര്‍മനി പോലും തകര്‍ന്ന് പോയി. തകര്‍ന്നാല്‍ തലമുറകളെടുക്കും പുനര്‍നിര്‍മിക്കാന്‍. ഒരു തോണി പോലെ പോകുന്ന സംവിധാനമാണത്, ഒന്ന് ചെരിഞ്ഞാല്‍, ഒരു തുള വീണാല്‍ തോണി മുങ്ങും, തുള വലിയതായാലും ചെറിയതായാലും. ആരെങ്കിലും തോണിയില്‍ തുളയിടാന്‍ ശ്രമിക്കുമ്പോള്‍, ചരിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് തടയാതിരിക്കുന്നത് തന്ത്രമല്ല, ആത്മഹത്യയാണ്.

അതാണ് ബൃന്ദ കാരാട്ട് ശ്രമിച്ചത്. ആ ശ്രമത്തിനാണ് ആപ്പുകാര്‍ ബൃന്ദ കാരാട്ടിനെ പരിഹസിക്കുന്നത്. ബൃന്ദ കാരാട്ട് ഒരിക്കലും ദല്‍ഹിയില്‍ ജയിക്കുകയോ മുഖ്യമന്ത്രി ആകുകയോ ചെയ്യില്ല എന്നത് പരിഹസിക്കപ്പെടേണ്ട കാര്യമല്ല, അങ്ങനെ ഒരു സാധ്യതയും ഇല്ലാഞ്ഞിട്ടും അവരവിടെ വന്നു എന്നത് അഭിനന്ദിക്കപ്പെടണം.

താഴത്തെ ഫോട്ടോകളില്‍ എല്ലാവരും ഹിറ്റ്‌ലറെ സല്യൂട്ട് ചെയ്യുമ്പോള്‍ സല്യൂട്ട് ചെയ്യാന്‍ വിസമ്മതിക്കുന്ന ഒരാളെ കാണാം, ടിയാനന്‍മെന്‍ സ്‌ക്വയറില്‍ ഒറ്റക്ക് ടാങ്കുകളെ തടയുന്ന മറ്റൊരാളെയും.

അവര്‍ പിന്നീടെന്തായി നമുക്കറിയില്ല, അവര്‍ തെരഞ്ഞെടുപ്പുകളില്‍ ജയിച്ചിട്ടില്ല. പക്ഷെ അവരൊക്കെ കൂടിയാണ് നമ്മള്‍ ഇന്ന് ജീവിക്കുന്ന ലോകമുണ്ടാക്കി തീര്‍ത്തത്. പരിഹസിക്കപ്പെടേണ്ടവരല്ല, ആഘോഷിക്കപ്പെടേണ്ടവരാണവര്‍. അധികാരം മാത്രമല്ല രാഷ്ട്രീയപ്രവര്‍ത്തനം.

അതുകൊണ്ട് തന്നെയാണ് ഹിജാബ് സമരക്കാലത്തും പൗരത്വ സമരകാലത്തും കെജ്‌രിവാള്‍ ഇടപെടാത്തതിനെ നാട്ടുകാര്‍ വിമര്‍ശിക്കുന്നത്. പൊളിറ്റിക്കല്‍ പാര്‍ട്ടികളും സിവില്‍ സൊസൈറ്റിയും ഇടപെടേണ്ട സമയത്ത് ഇടപെടണം. ഉദാഹരണത്തിന് പെണ്‍കുട്ടികള്‍ തട്ടം ഇടാന്‍ പാടില്ല എന്നുപറഞ്ഞ് കുറെ ഗുണ്ടകള്‍ പ്രശ്‌നമുണ്ടാക്കി, മുസ്‌ലിം സംഘടനകള്‍ കോടതിയില്‍ പോയി. ഗുണ്ടകളായിരുന്നു ശരി എന്ന് കോടതി കണ്ടെത്തി.

അതോടെ പെണ്‍കുട്ടികള്‍ക്ക് പിന്നീട് ഒന്നും പറയാന്‍ കഴിയാതെയായി. ഇനിയിപ്പം പെണ്‍കുട്ടികള്‍ പാവാട ധരിക്കാന്‍ പാടില്ല എന്ന് പറഞ്ഞു വേറൊരു കൂട്ടം ഗുണ്ടകള്‍ വരും. ജോലിയും കൂലിയുമില്ലാത്ത ചെറുപ്പക്കാര്‍ മുഴുവന്‍ നാലു ചരടും ഒരു കാവി ഷാളും കെട്ടി ഭരിക്കാനിറങ്ങുന്ന കാലമാണ്, ദിവസവും പുതിയ പുതിയ ഐഡിയകള്‍ ആണ് അവര്‍ക്ക്. പാവാട ധരിക്കണമെന്ന് ഒരു മതഗ്രന്ഥത്തിലും പറയാത്തത് കൊണ്ട് കോടതി ഗുണ്ടകളാണ് ശരി എന്ന് വിധിക്കാനും മതി.

കോടതിയില്‍ പോകുന്നത് വിപരീത ഫലം ഉണ്ടാക്കും എന്ന് കണ്ടാല്‍ ക്രമേണ മുസ്‌ലിങ്ങള്‍ കോടതിയില്‍ പോകുന്നത് നിര്‍ത്തും. അതാണ് തോണിയില്‍ തുള വീഴുന്ന സാഹചര്യം. രാഷ്ട്രീയപാര്‍ട്ടികളും സിവില്‍ സൊസൈറ്റിയും ഇടപെണ്ട കാര്യം കോടതികളെ ഏല്‍പ്പിക്കരുത്.

ഇത് കൊണ്ട് തന്നെയാണ് എ.എ.പി ബി.ജെ.പിയുടെ ബി ടീമോ എ ടീമോ ഒക്കെയാണെന്ന് നാട്ടുകാര്‍ പറയുന്നത്. ആതിഷി മാര്‍ലേന ക്രിസ്ത്യന്‍ ആണെന്ന് ബി.ജെ.പിക്കാര്‍ പ്രചാരണം തുടങ്ങിയപ്പോള്‍ ക്രിസ്ത്യന്‍ ആയാലെന്താ എന്ന് തിരിച്ചു ചോദിക്കുന്നതിന് പകരം അവരുടെ പേരിലെ ക്രിസ്ത്യന്‍ ഭാഗം മുറിച്ചു മാറ്റാനാണ് കെജ്‌രിവാള്‍ പറഞ്ഞത്.

ക്രിസ്ത്യന്‍ പേരുള്ളത് കൊണ്ട് തോറ്റാല്‍ തോല്‍ക്കട്ടെ എന്ന് പറയാന്‍ കഴിയാത്തവര്‍ ഗോള്‍വാള്‍ക്കറുടെ ക്രിസ്ത്യാനികളും മുസ്‌ലിങ്ങളും ആഭ്യന്തര ശത്രുക്കളാണെന്ന തിയറി അംഗീകരിക്കുകയാണ്. ഗോള്‍വാള്‍ക്കറുടെ തിയറി അംഗീകരിക്കുന്ന എല്ലാവരും ആര്‍.എസ്.എസിന്റെ ടീമാണ്, എ ആണോ ബി ആണോ സി ആണോ എന്നതിലല്ല കാര്യം.

ആര്‍.എസ്.എസിന് ഒരുപാട് ടീമുകളുണ്ട്. കോട്ടും സ്യൂട്ടുമിട്ട് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ പറന്നുനടക്കുന്ന ഇന്ത്യാ ഫൗണ്ടേഷന്‍കാര്‍ മുതല്‍ ചരടും ഷാളും കെട്ടി ഗുണ്ടകളായി നടക്കുന്ന പലവിധ സേനകള്‍ വരെ. മഫ്‌ളര്‍ കെട്ടി നടക്കുന്ന കെജ്‌രിവാള്‍ ഇതിനിടയിലെവിടെയോ ആണെന്ന് കരുതാന്‍ നാട്ടുകാര്‍ക്ക് വേറെയും ഒരുപാട് കാരണങ്ങളുണ്ട്, വിവേകാനന്ദ ഫൗണ്ടേഷനും അജിത് ദോവലുമാണ് ഇന്ത്യ എഗൈന്‍സ്റ്റ് കറപ്ഷന്‍ ലോഞ്ച് ചെയ്തത് എന്നതുള്‍പ്പടെ.

അവസാനമായി എ.എ.പിയുടെ അഴിമതി വിരുദ്ധത. ഒരുലക്ഷത്തി എഴുപതിനായിരം കോടി രൂപയുടെ അഴിമതി എന്ന നുണയില്‍ കെട്ടിപ്പടുത്ത പാര്‍ട്ടിയാണ് എ.എ.പി. അത്രയും വലിയൊരു തുകയുടെ അഴിമതി വിശ്വസിക്കണമെങ്കില്‍ ഗുണിക്കാനും ഹരിക്കാനും കഴിയാത്ത ആളുകളായിരിക്കണം. ഇന്ത്യന്‍ മിലിട്ടറിയുടെ ബഡ്ജറ്റിനെക്കാള്‍ വലിയൊരു തുക കോണ്‍ഗ്രസുകാര്‍ വിദേശത്തേക്ക് കടത്തി എന്നും സോണിയ ഗാന്ധി ബ്രിട്ടീഷ് രാജ്ഞിയേക്കാള്‍ പണക്കാരിയാണെന്നുമൊക്കെ പറഞ്ഞു പരത്തിയാണ് എ.എ.പി ലോഞ്ച് ചെയ്യുന്നത്. പോട്ടെ, കുറെ കള്ളങ്ങളൊക്കെ പറഞ്ഞില്ലെങ്കില്‍ എന്ത് രാഷ്ട്രീയം. നുണ പറയുമ്പോള്‍ ഏറ്റവും വലുതാക്കി തന്നെ പറയണമെന്ന് പഠിപ്പിച്ചത് പ്രൊപ്പഗാണ്ടയുടെ ആശാനായ ഗീബല്‍സാണ്.

എന്നിട്ട് ആം ആദ്മിയുടെ അഴിമതി വിരുദ്ധത എവിടെയെത്തി. രാജ്യസഭാ സീറ്റുകളുടെ ലേലം വിളി, പാര്‍ട്ടിക്കാര്‍ക്ക് പലവിധ കമ്മിറ്റികളില്‍ നിയമനം നടത്തി സര്‍ക്കാര്‍ ശമ്പളം, തുടങ്ങി ദല്‍ഹിക്കാര്‍ ടാക്‌സ് കൊടുക്കുന്ന പണമെടുത്തു ഇന്ത്യ മുഴുവനുമുള്ള പത്രങ്ങളില്‍ കെജ്‌രിവാളിന്റെ മുഖം പ്രിന്റ് ചെയ്യുന്നത് വരെയുള്ള ആധുനിക രീതികളാണ് എ.എ.പി പയറ്റുന്നത്. എ.എ.പിയെ വലിയ അഴിമതി വിരുദ്ധരായി വാഴ്ത്തിപ്പാടുന്ന പത്രക്കാര്‍, അവരുടെ സ്വന്തം അക്കൗണ്ട്‌സ് ഡിപ്പാര്‍ട്‌മെന്റില്‍ പോയി എ.എ.പി പരസ്യ ഇനത്തില്‍ എത്ര കോടികള്‍ തന്നു എന്ന ഒരു അക്കൗണ്ടിംഗ് സ്റ്റേറ്റ്‌മെന്റ്‌റ് എടുത്തു നാട്ടുകാര്‍ക്ക് കാണിച്ചാല്‍ തീരാവുന്ന അഴിമതി വിരുദ്ധതയെ എ.എ.പിക്കുള്ളൂ.

അഴിമതിയുടെ ചളിക്കുണ്ടായ ഇലക്ടറല്‍ ബോണ്ടില്‍ നിന്ന് ആം ആദ്മി പാര്‍ട്ടി 2020ല്‍ ശേഖരിച്ചത് 18 കോടിയാണ്. പിന്നത്തെ കണക്ക് വന്നിട്ടില്ല, ഇലക്ടറല്‍ ബോണ്ടിലൂടെ പണം വേണ്ടെന്ന് എ.എ.പി ഇതുവരെ പറഞ്ഞിട്ടുമില്ല. പുതിയൊരു പാര്‍ട്ടി എന്ന നിലയില്‍ അഴിമതി എങ്ങനെ നടത്തണമെന്ന കാര്യത്തില്‍ എ.എ.പി കുറെ പരിഷ്‌കാരങ്ങള്‍ കൊണ്ട് വന്നിട്ടുണ്ട്, ആളുകള്‍ പെട്ടെന്ന് തിരിച്ചറിയില്ല, പഴയ പാര്‍ട്ടികള്‍ക്ക് ഈ മാറ്റങ്ങളുള്‍ക്കൊള്ളാന്‍ കുറച്ചു സമയമെടുക്കും.

തുടക്കത്തില്‍ പറഞ്ഞല്ലോ, കേരളത്തിലെ ആപ്പുകാര്‍ നല്ലവരാണ്. നാട് നന്നാവണമെന്ന ഉദ്ദേശം മാത്രം ഉള്ളവരാണ് മിക്കവരും. നന്മയും നല്ലതും തമ്മില്‍ തിരിച്ചറിയാതിരിക്കുക എന്നത് രാഷ്ട്രീയത്തില്‍ ഒരു പോരായ്മയാണ്. നല്ല ഭരണവും നന്മയുള്ള ഭരണവും തമ്മില്‍ വ്യത്യാസമുണ്ട്.

മിക്ക എ.എ.പിക്കാര്‍ക്കും ചാരിറ്റി പ്രവര്‍ത്തകരുടെ മനസ്സാണ്. അത് കൊണ്ടാണ് സൗജന്യങ്ങള്‍ കൊണ്ട് മാത്രം ഒരു രാജ്യത്തെ നിലനിര്‍ത്താം എന്നവര്‍ കരുതുന്നത്. എല്ലാ ആം ആദ്മി പ്രവര്‍ത്തകരുടെയും നന്മയെ നമിച്ചു കൊണ്ട് പറയട്ടെ, നിങ്ങള്‍ക്ക് നല്ലത് ചാരിറ്റി പ്രവര്‍ത്തനമാണ്. ചാരിറ്റി പ്രവര്‍ത്തകരോട് ആരും രാഷ്ട്രീയം ചോദിക്കില്ല. എല്ലാവരും ആദരിക്കും. നിങ്ങളുടെ നന്മയുള്ള മനസ്സ് വേദനിക്കേണ്ടിയും വരില്ല.

വാല്‍ക്കഷ്ണം: സോണിയ ഗാന്ധിക്ക് ചികിത്സക്ക് വിദേശത്തു പോവാന്‍ കുടുംബത്തു സൂക്ഷിച്ചിരുന്ന പെയിന്റിംഗ് തുച്ഛമായ വിലയ്ക്ക് തനിക്ക് വിറ്റതായി ഒരു വ്യവസായി ഇപ്പോള്‍ വെളിപ്പെടുത്തുന്നു. അതും കോണ്‍ഗ്രസ് പ്രധാനമന്ത്രി ഇന്ത്യ ഭരിക്കുമ്പോള്‍. ഏതു സോണിയ ഗാന്ധി? ലോകത്തിലെ ഏറ്റവും സമ്പന്നയാണെന്നും ബ്രിട്ടീഷ് രഞ്ജിയേക്കാളും സ്വത്തുണ്ടെന്നും ഒരുലക്ഷത്തി എഴുപതിനായിരം കോടി വിദേശത്തേക്ക് കടത്തിയിട്ടുണ്ടെന്നും ആപ്പുകാര്‍ നമ്മളെ പറഞ്ഞു വിശ്വസിപ്പിച്ച സോണിയ ഗാന്ധി.

Content Highlight: Farooq about Aam Aadmi party and their politics

ഫാറൂഖ്

ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ

We use cookies to give you the best possible experience. Learn more