ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ സഹോദരി സഫിയ അബ്ദുള്ളയെയും ബന്ധു സുരയ്യ അബ്ദുള്ളയെയും പൊലീസ് കസ്റ്റഡിയില്‍ നിന്നും മോചിപ്പിച്ചു. ശ്രീനഗറില്‍ നടന്ന പ്രതിഷേധത്തിനിടെ ഇന്നലെയായിരുന്നു ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്. ഓഗസ്റ്റ് 5 ന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ആദ്യമായി നടന്ന വനിതാ പ്രക്ഷോഭമായിരുന്നു ഇന്നലെ ശ്രീനഗറില്‍ സംഘടിപ്പിച്ചത്.
ഇവരെ കൂടാതെ പ്രക്ഷോഭത്തില്‍ പങ്കെടുത്ത 13 വനിതകളെ കൂടി പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
കസ്റ്റഡിയിലെടുത്തതിന് പിന്നാലെ സമാധാനപരമായി സമ്മേളിക്കാനും പ്രകടനം നടത്താനുമുള്ള അവകാശം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ടോയെന്ന ചോദ്യം ഉയര്‍ത്തി നാഷണല്‍ കോണ്‍ഫറന്‍സ് പ്രസ്താവന പുറത്തിറക്കിയിരുന്നു.
അറസ്റ്റ് ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യ രീതിയെയാണ് കാണിക്കുന്നതെന്നും പാര്‍ട്ടി പ്രസ്താവനയില്‍ പറയുന്നു. ഇന്നലത്തെ സംഭവം താഴ്‌വരയിലെ ജനങ്ങള്‍ക്കിടയില്‍ ഭയം ജനിപ്പിക്കാനുള്ള പ്രകടനം ആയിരുന്നെന്നും പ്രസ്താവനയില്‍ പറയുന്നു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ജമ്മു കശ്മീര്‍ വിഭജിക്കുകയും രാഷ്ട്രീയ നേതാക്കളെ തടങ്കലിലാക്കുകയും ചെയ്ത് 73 ദിവസം പിന്നിടുന്ന ഘട്ടത്തിലാണ് വനിതാ സിവില്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള, പിതാവ് ഫാറൂഖ് അബ്ദുല്ല എന്നിവരടക്കം ആയിരത്തിലധികം പേരെയാണ് ഓഗസ്റ്റ് 5 മുതല്‍ കശ്മീരില്‍ വീട്ടുതടങ്കലിലാക്കിയിരിക്കുന്നത്.