| Thursday, 5th December 2019, 11:47 pm

കത്തയച്ചത് ഒക്ടോബര്‍ 21-ന്, കിട്ടിയത് ഈ തിങ്കളാഴ്ച; ശശി തരൂരിന് ജയിലില്‍ നിന്നു മറുപടിക്കത്തെഴുതി ഫാറൂഖ് അബ്ദുള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോക്‌സഭാംഗവുമായ ശശി തരൂരിന് കത്തയച്ച് ജമ്മു കശ്മീരില്‍ തടവില്‍ക്കഴിയുന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള. ഒക്ടോബര്‍ 21-ന് തരൂര്‍ അയച്ച കത്ത് ഡിസംബര്‍ രണ്ടിനാണു തനിക്കു ലഭിച്ചതെന്ന് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ ഫാറൂഖ് അബ്ദുള്ള കത്തില്‍ പറയുന്നു. തരൂരാണ് ഈ കത്ത് ട്വിറ്ററില്‍ പങ്കുവെച്ചത്.

ശ്രീനഗര്‍ സബ് ജയിലിലാണ് ഇപ്പോള്‍ ഫാറൂഖ് അബ്ദുള്ള. പാര്‍ലമെന്റംഗം കൂടിയായ തന്നോട് ഇങ്ങനെയാണോ പെരുമാറേണ്ടത് എന്ന് കത്തില്‍ ഫാറൂഖ് ചോദിക്കുന്നുണ്ട്. കത്ത് ഇങ്ങനെ:

‘പ്രിയപ്പെട്ട ശശി,
2019 ഒക്ടോബര്‍ 21-ന് എനിക്കയച്ച കത്തിനു നന്ദി. ഇന്നാണ് എനിക്കത് മജിസ്‌ട്രേറ്റ് കൈമാറുന്നത്. സബ് ജയിലിലായിരിക്കുമ്പോള്‍ എന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് അദ്ദേഹമാണ്. എനിക്കു ലഭിക്കേണ്ട പോസ്റ്റ് സമയത്തിന് എത്തിക്കാന്‍ കഴിയാത്തതു വളരെ ദൗര്‍ഭാഗ്യകരമാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവിനോട്, പാര്‍ലമെന്റിലെ ഒരു മുതിര്‍ന്ന നേതാവിനോട്, ഇങ്ങനെയല്ല പെരുമാറേണ്ടത് എന്നെനിക്ക് ഉറപ്പുണ്ട്. ഞങ്ങള്‍ ക്രിമിനലുകളല്ല.
ആശംസകളോടെ,
ഫാറൂഖ് അബ്ദുള്ള.’

ജയിലില്‍ക്കഴിയുന്ന ഫാറൂഖ് സാബിന്റേതാണ് കത്തെന്നു പറഞ്ഞുകൊണ്ടാണ് തരൂര്‍ ഇത് ട്വീറ്റ് ചെയ്തത്. പാര്‍ലമെന്റംഗങ്ങള്‍ക്ക് പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്നും അതവരുടെ അവകാശമാണെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള ഉപകരണമാണ് അറസ്റ്റെന്നും അദ്ദേഹം ആരോപിച്ചു. ജനാധിപത്യത്തിനും ജനപ്രിയമായ പരമാധികാരത്തിനും പാര്‍ലമെന്റില്‍ എത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പൊതു സുരക്ഷാ നിയമപ്രകാരമാണ് ഫാറൂഖ് അബ്ദുള്ളയെ ജയിലില്‍ അടച്ചിരിക്കുന്നത്. നേരത്തേ അദ്ദേഹത്തെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. ഓഗസ്റ്റ് അഞ്ചിനു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിക്കൊണ്ടുള്ള തീരുമാനം വന്നതിനു പിന്നാലെയായിരുന്നു ഇത്.

We use cookies to give you the best possible experience. Learn more