പൊതുസുരക്ഷാ നിയമം ചുമത്തി ഫാറൂഖ് അബ്ദുള്ളയെ വീട്ടുതടങ്കലിലാക്കിയ നടപടിക്കെതിരെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയത്. കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ രൂക്ഷവിമര്‍ശനമാണ് ബി.ജെ.പിക്കെതിരെ ഉന്നയിച്ചത്.
ഇപ്പോള്‍ പൊതുസംരക്ഷണ ആക്ട് ഉപയോഗിച്ച് അദ്ദേഹത്തെ തടങ്കലില്‍ ആക്കിയിരിക്കുന്നു. 43 ദിവസം പിന്നിട്ടു കഴിഞ്ഞു. ” ജമ്മു കശ്മീരിലെ 92 ശതമാനം ആളുകള്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെ സ്വാഗതം ചെയ്‌തെന്നാണ് നേരത്തെ ബി.ജെ.പി പറഞ്ഞത്. ഇപ്പോള്‍ എന്താണ് പറയാനുള്ളത്.
ആഗസ്റ്റ് ആറിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞത് അബ്ദുള്ളയെ അറസ്റ്റ് ചെയ്യുകയോ കരുതല്‍ തടങ്കലില്‍ വെക്കുകയോ ചെയ്തിട്ടില്ല എന്നാണ്. പൊതുജനങ്ങളുടെ സംരക്ഷണത്തിന് ഭീഷണിയില്ലെങ്കില്‍ പിന്നെ എന്തിനാണ് ഈ നിയമം ചുമത്തിയത്, വൈക്കോ ഹരജി ഫയല്‍ ചെയ്തതുകൊണ്ടോ? – സിബല്‍ ചോദിച്ചു.
ഫാറൂഖ് അബ്ദുള്ളയുടെ അറസ്റ്റിനെതിരെ കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. നീതീകരിക്കാനാവാത്ത സംഗതിയാണ് ഇതെന്നായിരുന്നു സല്‍മാന്‍ ഖുര്‍ഷിദ് പ്രതികരിച്ചത്. ഫാറൂഖ് അബ്ദുള്ളയുടെ അറസ്റ്റ് രാജ്യത്തിന്റെ സ്വത്വത്തെ തന്നെ ഭീഷണിപ്പെടുത്തുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Now PSA (43 days later)
Earlier BJP said 92% of people in J&K welcome dilution of Art.370 ; that normalcy prevails
Then Amit Shah in Parliament : Farooq Abdullah neither detained nor arrested
രാജ്യത്തിന്റെ ഐക്യവും സമഗ്രതയും ഉയര്‍ത്തിപ്പിടിച്ച നേതാക്കളില്‍ ഒരാളാണ് അദ്ദേഹം. അച്ഛനും മകനും ഉള്‍പ്പെടെ അദ്ദേഹത്തിന്റെ മുഴുവന്‍ കുടുംബവും സംസ്ഥാനത്തിന് വേണ്ടി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തോട് മാത്രമല്ല, രാജ്യത്തോട് മുഴുവന്‍ അനീതി കാണിച്ചിരിക്കുകയാണെന്നും ഖുര്‍ഷിദ് കൂട്ടിച്ചേര്‍ത്തു.
നാഷണല്‍ കോണ്‍ഫറന്‍സിന്റെ ലോക്‌സഭാ അംഗങ്ങളായ മുഹമ്മദ് അക്ബര്‍ ലോണും ഹസ്‌നൈന്‍ മസൂദിയും ബി.ജെ.പിക്കെതിരെ രംഗത്തെത്തിയിരുന്നു.
ജമ്മു കശ്മീര്‍ സൈനികനിയമത്തിന് കീഴിലായിരിക്കുന്നു. ജമ്മു കശ്മീരില്‍ ജനാധിപത്യത്തിന്റെയും നിയമവാഴ്ചയുടെയും തത്വങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.
ആര്‍ട്ടിക്കിള്‍ 370, 35 എയും റദ്ദാക്കിയ നടപടി ജമ്മു കശ്മീര്‍ സ്വീകരിച്ചു കഴിഞ്ഞെന്നും സംസ്ഥാനത്തെ സ്ഥിതി സാധാരണമാണെന്നുമുള്ള കേന്ദ്രത്തിന്റെ അവകാശവാദത്തെയും ഇവര്‍ വിമര്‍ശിച്ചു.
അബ്ദുല്ലയുടെ തടങ്കലിലുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ അമിത് ഷാ പറഞ്ഞ കാര്യങ്ങളില്‍ ”വഞ്ചനയുടെയും നുണയുടെയും ഉയരം” കാണാന്‍ കഴിയുമെന്നായിരുന്നു അവര്‍ പറഞ്ഞത്.
കേന്ദ്രസര്‍ക്കാരാണ് ഫാറുഖ് അബ്ദുള്ളയ്ക്കെതിരെ പി.എസ്.എ പ്രകാരം കേസെടുത്ത് വീട്ടുതടങ്കലിലാക്കിയത്. ഫാറൂഖ് അബ്ദുള്ളയുടെ പ്രസംഗങ്ങളും നിലപാടുകളും പൊതുസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കശ്മീര്‍ പൊലീസ് അറിയിച്ചതോടെയാണ് അദ്ദേഹത്തിനെതിരെ പി.എസ്.എ ചുമത്തി വീട്ടുതടങ്കലിലാക്കിയത്.
ഒരു വ്യക്തിയെ വിചാരണ കൂടാതെ രണ്ട് വര്‍ഷം വരെ തടങ്കലില്‍ വയ്ക്കാന്‍ സര്‍ക്കാരിനെ അനുവദിക്കുന്നതാണ് ഈ നിയമം. ഫാറൂഖ് അബ്ദുല്ലയുടെ പിതാവായ ഷെയ്ഖ് അബ്ദുല്ലയുടെ ഭരണകാലത്താണ് ഈ നിയമം ആദ്യമായി കശ്മീരില്‍ നടപ്പാക്കിയത്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി അവസാനിപ്പിക്കുന്നതിനുള്ള ബില്‍ അവതരിപ്പിക്കുന്നതിന്റെ തലേദിവസം മുതലാണ് ഫാറൂഖ് അബ്ദുള്ളയെ വീട്ടുതടങ്കലിലാക്കിയത്. അബ്ദുള്ളയെ കോടതിയില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ തിങ്കളാഴ്ച സുപ്രീം കോടതി കേന്ദ്രസര്‍ക്കാരില്‍ നിന്നും ജമ്മു കശ്മീര്‍ ഭരണകൂടത്തില്‍നിന്നും മറുപടി ആരാഞ്ഞിരുന്നു.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി, ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, എസ്എ നസീര്‍ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രത്തിനും സംസ്ഥാനത്തിനും നോട്ടീസ് നല്‍കി. ഇതുസംബന്ധിച്ച് രാജ്യസഭാ എം.പിയും എം.ഡി.എം.കെ നേതാവുമായ വൈക്കോയുടെ അപേക്ഷ സെപ്റ്റംബര്‍ 30 ന് പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചിരുന്നു.
”നിയമവിരുദ്ധമായി തടങ്കലില്‍ വയ്ക്കപ്പെട്ടതിനാല്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് കൂടിയായ ഫാറൂഖ് അബ്ദുള്ളയ്ക്ക് ലഭിക്കേണ്ട ഭരണഘടനാ അവകാശങ്ങള്‍ നഷ്ടപ്പെട്ടു”- എന്നായിരുന്നു വൈകോ കോടതിയില്‍ വാദിച്ചത്.