| Saturday, 16th March 2024, 10:05 pm

ജമ്മു നിയമസഭാ തെരഞ്ഞെടുപ്പ് ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം; തീരുമാനം ബി.ജെ.പിക്കുള്ള അവസരം: ഫാറൂഖ് അബ്ദുള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിനോടോപ്പം ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താത്തതില്‍ പ്രതികരിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ള.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തീയതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഫാറൂഖ് അബ്ദുള്ളയുടെ പ്രതികരണം. പ്രഖ്യാപനത്തില്‍ എന്തോ ചീഞ്ഞുനാറുന്നുണ്ടെന്ന് ഫാറൂഖ് അബ്ദുള്ള ചൂണ്ടിക്കാട്ടി. ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന സംഘപരിവാര്‍ ലക്ഷ്യം നടപ്പിലാക്കുന്നതിനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ നേരത്തെ തെരഞ്ഞെടുപ്പ് നടത്താന്‍ ശ്രമിച്ചിട്ടും, ജമ്മുവില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വൈകുന്നത് സങ്കടകരമാണെന്നും ഫാറൂഖ് അബ്ദുള്ള വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.

എത്രനാള്‍ ലഫ്റ്റനന്റ് ഗവര്‍ണറെ ജമ്മുവിലെ ജനങ്ങള്‍ സഹിക്കുമെന്നും അദ്ദേഹം ചോദ്യമുയര്‍ത്തി. ജമ്മുവില്‍ തങ്ങള്‍ക്ക് ജയിക്കാന്‍ കഴിയില്ലെന്ന ഭയം ബി.ജെ.പിക്ക് ഉണ്ടെന്നും എന്‍.സി അധ്യക്ഷന്‍ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള നാഷണല്‍ കോണ്‍ഫറന്‍സിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഒരാഴ്ചക്കകം പുറത്തുവിടുമെന്നും ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കി. പാര്‍ട്ടി തീരുമാനിക്കുകയാണെങ്കില്‍ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജമ്മു കശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പ് ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കുമെന്ന് ഇ.സി തീയതി പ്രഖ്യാപനത്തില്‍ അറിയിച്ചിരുന്നു ഒരേസമയം രണ്ട് തെരഞ്ഞെടുപ്പുകള്‍ സംഘടിപ്പിക്കുന്നത് സുരക്ഷാ വീഴചയ്ക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം.

ഏപ്രില്‍ 19ന് ആണ് ആദ്യഘട്ട വോട്ടെടുപ്പ്. ജൂണ്‍ നാലിന് വോട്ടെണ്ണല്‍ നടക്കും. ഇത്തവണ ഏഴ് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്താനാണ് നീക്കം. 543 മണ്ഡലങ്ങളിലായി 97 കോടി വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പില്‍ വിധിയെഴുതും.

സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ കെ.വൈ.സി ആപ്പില്‍ പ്രസിദ്ധീകരിക്കും. സ്ഥാനാര്‍ത്ഥികളുടെ പേരിലുള്ള ക്രിമിനല്‍ കേസുകള്‍ അടക്കമുള്ള വിവരങ്ങള്‍ ആപ്പില്‍ ഉള്‍പ്പെടുത്തും.

Content Highlight: Farooq Abdullah reacts to the non-holding of assembly elections in Jammu and Kashmir along with the Lok Sabha elections

We use cookies to give you the best possible experience. Learn more