ശ്രീനഗര്‍: നബി ദിനത്തില്‍ പ്രാര്‍ത്ഥനയ്ക്കായി പള്ളിയിലേക്ക് പോകാന്‍ ഇറങ്ങിയ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളയെ ജമ്മു കശ്മീര്‍ ഭരണകൂടവും പൊലീസും തടഞ്ഞെന്ന് പ്രവര്‍ത്തകര്‍. അദ്ദേഹത്തെ വസതിയില്‍ തന്നെ തടഞ്ഞുവെച്ചതായും അവര്‍ പറഞ്ഞു.
അദ്ദേഹത്തെ അവര്‍ വസതിയില്‍ തടഞ്ഞു. ഹസ്രത്ബാല്‍ ദല്‍ഗയില്‍ പ്രാര്‍ത്ഥന നടത്താന്‍ പോലും അദ്ദേഹത്തെ അനുവദിച്ചില്ല. മൗലികാവകാശം പോലും അദ്ദേഹത്തിന് നിഷേധിക്കപ്പെടുകയാണ്. ഇതിനെ ഞങ്ങള്‍ പൂര്‍ണമായും അപലപിക്കുന്നു.’, നാഷണല്‍ കോണ്‍ഫറന്‍സ് പ്രസ്താവനയില്‍ പറഞ്ഞു.
നബി ദിനത്തില്‍ ഹസ്രത്ബാല്‍ പള്ളിയില്‍ എത്തി പ്രാര്‍ത്ഥന നടത്തുമെന്ന് ഫാറൂഖ് അബ്ദുള്ള നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹം വസതിയില്‍ തന്നെ തുടരുകയായിരുന്നു.
പുതിയ ഭൂനിയമവുമായി ബന്ധപ്പെട്ട് പ്രതിഷേധം നടത്തിയതിന്റെ പേരില്‍ കഴിഞ്ഞ ദിവസം പി.ഡി.പി നേതാക്കളായ ഖുര്‍ഷീദ് ആലം, പാര്‍ട്ടി വക്താവ് സുഹൈല്‍ ബുഖാരി, യുവജന പ്രസിഡന്റ് വഹീദ് പര എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
നേതാക്കളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പി.ഡി.പി പ്രസിഡന്റ് മെഹബൂബ മുഫ്തി ഓഫീസിലെത്താന്‍ ശ്രമിച്ചെങ്കിലും അവരെയും പൊലീസ് തടയുകയും വീട്ടിലേക്ക് തിരിച്ചയക്കുകയുമായിരുന്നു.
കശ്മീരില്‍ ആരേയും സംസാരിക്കാന്‍ അനുവദിക്കില്ലെന്നും ഭരണകൂടം അവര്‍ക്ക് തോന്നുന്നതെല്ലാം ഇവിടെ നടപ്പാക്കുകയാണെന്നും മുഫ്തി വസതിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ഭൂനിയമ ഭേദഗതിക്കെതിരെ കശ്മീരിലെ മുഖ്യധാരാ പാര്‍ട്ടികള്‍ എല്ലാം രംഗത്തെത്തിയിരുന്നു. ജമ്മു കശ്മീരിനെ വില്‍പ്പനയ്ക്ക് വയ്ക്കുന്നതിന് തുല്യമാണ് ഈ നീക്കമെന്നായിരുന്നു ഇവര്‍ പറഞ്ഞത്.
നിയമവിരുദ്ധമായ എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച് ജമ്മു കശ്മീരിലെ ഭൂമി പിടിച്ചെടുക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു.
ലഡാക്കില്‍ ഭൂമി കൈവശപ്പെടുത്തിയ ചൈനക്കാരോട് യുദ്ധം ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല. നിങ്ങള്‍ ശക്തരാണെങ്കില്‍, ലഡാക്കില്‍ നിന്നും ആദ്യം ചൈനക്കാരെ പുറത്താക്കുകയാണ് വേണ്ടതെന്നായിരുന്നു മെഹ്ബൂബ മുഫ്തി പ്രതികരിച്ചത്.
ജമ്മു കശ്മീരില്‍ മറ്റ് സംസ്ഥാനക്കാര്‍ക്ക് ഭൂമി വാങ്ങാന്‍ അനുമതി നല്‍കിക്കൊണ്ട് ഭൂനിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്തിരുന്നു. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന് പിന്നാലെ ഇതടക്കം 26 സംസ്ഥാന നിയമങ്ങളാണ് ആഭ്യന്തര മന്ത്രാലയം പിന്‍വലിക്കുകയോ ഭേദഗതി വരുത്തുകയോ ചെയ്തത്.
മുന്‍പ് ജമ്മുകശ്മീരില്‍ ഭൂമി വാങ്ങാന്‍ സംസ്ഥാനത്തെ സ്ഥിരതാമസക്കാര്‍ക്കു മാത്രമേ അനുമതിയുണ്ടായിരുന്നുള്ളൂ. എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെയാണ് പുതിയ ഭേദഗതി കേന്ദ്രം കൊണ്ടുവന്നത്. എന്നാല്‍ ഭേദഗതി ലഡാക്കിന് ബാധകമാക്കിയിട്ടില്ല.
ജമ്മു കശ്മീരിലെ കൃഷി ഭൂമി മറ്റ് സംസ്ഥാനക്കാര്‍ക്ക് വാങ്ങാനാകില്ലെന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ പറഞ്ഞു. എന്നാല്‍, കൃഷിഭൂമി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവയ്ക്കായി ഉപയോഗിക്കാമെന്നാണ് വിദഗ്ധര്‍ അറിയിച്ചത്.
കേന്ദ്രനടപടി അംഗീകരിക്കാനാവാത്തതാണെന്ന് മുന്‍ മുഖ്യമന്ത്രിമാരായ ഉമര്‍ അബ്ദുള്ളയും മെഹബൂബ മുഫ്തിയും ട്വീറ്റ് ചെയ്തിരുന്നു. ജമ്മു കശ്മീരിന്റെ വിഭവങ്ങളും സുന്ദരമായ ഭൂപ്രകൃതിയും കൊള്ളയടിക്കുകയാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രതികരിച്ചിരുന്നു.
ജനാധിപത്യ സംവിധാനങ്ങള്‍ തകര്‍ത്തശേഷം കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടികളുടെ കൂട്ടാളികള്‍ക്ക് ലാഭംകൊയ്യാന്‍ ഭൂമി പിടിച്ചെടുക്കുകയാണെന്ന് യെച്ചൂരി ട്വീറ്റ് ചെയ്തു. കോര്‍പറേറ്റുകള്‍ക്കുവേണ്ടിയുള്ള പകല്‍കൊള്ളയാണിതെന്ന് കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസുഫ് തരിഗാമിയും പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക