| Tuesday, 2nd July 2019, 10:05 am

അമിത്ഷായുടെ വാദങ്ങള്‍ക്ക് ഫറൂഖ് അബ്ദുള്ളയുടെ മറുപടി; '370 ാം വകുപ്പ് താല്‍ക്കാലികമെങ്കില്‍ ജമ്മുകശ്മീരിന് മേലുള്ള അധികാരവും താല്‍ക്കാലികം'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന 370 ാം വകുപ്പ് താല്‍ക്കാലിക സ്വഭാവമുള്ളതാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ വാദങ്ങള്‍ക്ക് മറുപടിയുമായി നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫറൂഖ് അബ്ദുള്ള. ഇന്ത്യന്‍ ഭരണഘടനയുടെ 370 ാം വകുപ്പ് താല്‍ക്കാലികമാണെങ്കില്‍ ഇന്ത്യക്ക് ജമ്മുകശ്മീരിന് മേലുള്ള അധികാരവും താല്‍ക്കാലികമായിരിക്കും എന്നായിരുന്നു ഫറൂഖ് അബ്ദുള്ള പ്രതികരിച്ചത്.

‘ ഭരണഘടനയുടെ 370 ാം വകുപ്പ് താല്‍ക്കാലികമാണെങ്കില്‍ ജമ്മുകശ്മീരിന് മേലുള്ള ഇന്ത്യയുടെ അധികാരവും താല്‍ക്കാലികമായിരിക്കും.  മഹാരാജ അധികാരത്തിലിരുന്നപ്പോഴും അത് താല്‍ക്കാലികമായിരുന്നു. ആ സമയത്ത് ജനഹിത പരിശോധന നടത്താമെന്ന് വാഗ്ദാനം നല്‍കിയിരുന്നെങ്കിലും അതും പാലിക്കപ്പെട്ടിട്ടില്ല.’ അബ്ദുള്ള പറഞ്ഞു.

ഞങ്ങള്‍ ആ സമയത്ത് പറഞ്ഞിരുന്നത് ജനഹിത പരിശോധന നടന്നിരുന്നെങ്കില്‍ ജനങ്ങള്‍ ഇന്ത്യയുടെ ഒപ്പമാണോ പാക്കിസ്ഥാനൊപ്പമാണോ പോകേണ്ടതെന്ന് തീരുമാനിക്കുമായിരുന്നു. അത് സംഭവിക്കാത്ത സ്ഥിതിക്ക് അവര്‍ എങ്ങനെ 370 ാം വകുപ്പ് നീക്കം ചെയ്യും എന്നും ഫറൂഖ് അബ്ദുള്ള ചോദിച്ചു.

ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന 370 ാം വകുപ്പ് താല്‍ക്കാലിക സ്വഭാവം മാത്രമുള്ളതാണ് എന്നായിരുന്നു അമിത് ഷാ പറഞ്ഞത്. ആഭ്യന്തരമന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നിരയില്‍നിന്നു കോണ്‍ഗ്രസ് അംഗങ്ങള്‍ എഴുന്നേറ്റു. കശ്മീരില്‍ രാഷ്ര്ടപതി ഭരണം ദീര്‍ഘിപ്പിക്കാനുളള നീക്കം ഭരണഘടനാവിരുദ്ധമാണെന്നു എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ആരോപിച്ചിരുന്നു. കശ്മീരില്‍ രാഷ്ര്ടപതി ഭരണം നീട്ടുന്നതിനുള്ള ബില്ലിനെ എതിര്‍ത്തു നിരാകരണ പ്രമേയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

We use cookies to give you the best possible experience. Learn more