ശ്രീനഗര്‍: വിജയാഘോഷവുമായി ശ്രീനഗറില്‍ നിന്നും വന്‍ഭൂരിപക്ഷം നേടിയ ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ള.
ജമ്മുകാശ്മീരിലെ പാര്‍ട്ടി ഓഫീസിലെത്തിയ അദ്ദേഹം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമൊപ്പം നൃത്തം ചെയ്യുകയായിരുന്നു. മൂന്നില്‍ രണ്ട് സീറ്റ് നേടി മികച്ച പ്രകടനമാണ് നാഷണല്‍ കോണ്‍ഫന്‍സ് തെരഞ്ഞെടുപ്പില്‍ കാഴ്ചവെച്ചത്.
പി.ഡി.പിയുടെ അഗ സയ്യിദ് മൊഹസിനേക്കാള്‍ ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഫാറൂഖ് അബ്ദുള്ളയുടെ വിജയം. 1980 ലാണ് അദ്ദേഹം ആദ്യമായി ശ്രീനഗര്‍ മണ്ഡലത്തില്‍ നിന്നും വിജയിക്കുന്നത്.
അതിന് മുന്‍പ് അദ്ദേഹത്തിന്റെ മാതാവ് പ്രതിനിധീകരിച്ച മണ്ഡലമായിരുന്നു അത്. 1982 ല്‍ ജമ്മുകാശ്മീര്‍ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് അദ്ദേഹം സീറ്റൊഴിഞ്ഞത്. 2002 ല്‍ അദ്ദേഹം വീണ്ടും ഇവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ടു.
നാഷണല്‍ കോണ്‍ഫറിന്‍സിന്റെ മൂന്ന് സീറ്റുകളാണ് ജമ്മുവില്‍ നിന്നുമുള്ള മുസ്‌ലിം പ്രാതിനിധ്യം. ശ്രീനഗറില്‍ നിന്നും ഫാറൂഖ് അബ്ദുള്ള, ബാരാമുള്ളയില്‍ നിന്നും മുഹമ്മദ് അക്ബര്‍ ലോന്‍, അനന്ത്‌നാഗില്‍ നിന്നും മെഹബൂബ മുഫ്തിയെ തകര്‍ത്തടിച്ച ഹസ്‌നൈന്‍ മസൂദ്ദി എന്നിവരാണ് മറ്റ് എം.പിമാര്‍.