| Saturday, 22nd August 2020, 11:06 am

ഇത് ഗാന്ധിയുടെ ഇന്ത്യയല്ല; ആര്‍ക്കും ഇനി ഇന്ത്യന്‍ സര്‍ക്കാരിനെ വിശ്വസിക്കാന്‍ കഴിയില്ല; മോദിക്കെതിരെ ഫറൂഖ് അബ്ദുള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ള. കേന്ദ്രസര്‍ക്കാര്‍ കള്ളം പറയാത്ത ഒറ്റദിവസം പോലുമില്ലെന്ന് ഫറൂഖ് അബ്ദുള്ള കുറ്റപ്പെടുത്തി. എന്‍.ഡി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇത് ഗാന്ധിയുടെ ഇന്ത്യ അല്ലെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു.

” ആര്‍ക്കും ഇനി ഇന്ത്യന്‍ സര്‍ക്കാരിനെ വിശ്വസിക്കാന്‍ കഴിയില്ല. അവര്‍ കള്ളം പറയാത്ത ഒരു ദിവസം പോലുമില്ല,” ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുന്നതിന് തൊട്ടുമുന്‍പുള്ള ദിവസം ഓര്‍ത്തെടുത്ത് അദ്ദേഹം പറഞ്ഞു.

ജമ്മുകശ്മീരിലേക്ക് സൈന്യത്തെ വിന്യസിക്കുന്നതിന് ഒരുദിവസം മുന്‍പ് താന്‍ പ്രധാനമന്ത്രിയെ കണ്ടുസംസാരിച്ചിരുന്നെന്നും എന്നാല്‍ അപ്പോഴൊന്നും ഇക്കാര്യത്തെ കുറിച്ച് ചെറിയൊരു സൂചനപോലും പ്രധാനമന്ത്രി തനിക്ക് നല്‍കിയിരുന്നില്ലെന്നും ഫറൂഖ് പറഞ്ഞു. തൊട്ടടുത്ത ദിവസം പെട്ടെന്ന് കുറേയധികം സൈന്യം കശ്മീരിലെത്തുകയും അമര്‍നാഥ് യാത്ര റദ്ദ് ചെയ്യുകയും വിനോദ സഞ്ചാരികളെ കശ്മീരിന് പുറത്താക്കുകയും ചെയ്യുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

ആ സമയത്ത് കശ്മീരില്‍ നടന്നതൊക്കെയും വിചിത്രമായിരുന്നെന്നും പാകിസ്താനുമായുള്ള യുദ്ധമോ മറ്റോ നടക്കാന്‍ പോകുന്നതുപോലെയായിരുന്നു അന്ന് കശ്മീരിലെ അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.

മോദിയോട് ഇക്കാര്യം ചോദിച്ചെങ്കിലും ഒന്നുതന്നെ പറഞ്ഞില്ലെന്നും ഫറൂഖ് പറഞ്ഞു.

ചെയ്യുന്ന കാര്യങ്ങളില്‍ സത്യസന്ധത പുലര്‍ത്താനും യഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിക്കാനും പ്രധാനമന്ത്രിയോട് താന്‍ വീനിതമായി ആവശ്യപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോദി ചെയ്യുന്ന കാര്യങ്ങള്‍ തെറ്റാണെന്ന് അദ്ദേഹത്തിന് തന്നെ അറിയാമെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

CONTENT HIGHLIGHTS: Farooq Abdullah against  Narendra Modi and BJP government

We use cookies to give you the best possible experience. Learn more