ന്യൂദല്‍ഹി: ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമെതിരെ രൂക്ഷവിമര്‍ശനുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള. മതത്തിന്റെ പേരില്‍ ബി.ജെ.പി നടത്തുന്ന വേര്‍തിരിവിനെതിരെയും കശ്മീരികളോട് പുലര്‍ത്തുന്ന വിവേചനത്തിനെതിരെയും മുന്‍ പ്രതിപക്ഷ നേതാക്കളടക്കമുള്ളവരെ കുറിച്ച് നടത്തുന്ന അപവാദ പ്രചരണങ്ങള്‍ക്കെതിരെയും ഫാറൂഖ് അബ്ദുള്ള ശക്തമായ ഭാഷയിലാണ് ലോക്‌സഭയില്‍ പ്രതികരിച്ചത്.
‘നിങ്ങളില്‍ സര്‍ദാര്‍ പട്ടേലിനെ കണ്ടവര്‍ എത്രപേരുണ്ട്? ഗാന്ധിജിയെ കണ്ടവര്‍ എത്രപേരുണ്ട്? ഞാന്‍ കണ്ടിട്ടുണ്ട്. എന്റെ പിതാവ് നെഹ്‌റുവിന്റെ കാലത്ത് വര്‍ഷങ്ങളോളം ജയിലില്‍ കിടന്നിട്ടുണ്ട്. പക്ഷേ മരിക്കുന്നതുവരെ നെഹ്‌റുവിനെക്കുറിച്ച് ഒരക്ഷരം മോശമായി പറഞ്ഞിട്ടില്ല. ഈ രാജ്യത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞ മഹാരഥന്മാരായ മുന്‍ നേതാക്കളെക്കുറിച്ച് എന്തും പറയാമെന്നും പ്രചരിപ്പിക്കാമെന്നും നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അത് അജ്ഞതയാണ്,’ ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
നാളെ നിങ്ങളെക്കുറിച്ച് ഇങ്ങനെ ആരെങ്കിലും പറയുന്നത് ചിന്തിച്ചു നോക്കൂ? നാളെ നിങ്ങള്‍ ഇപ്പുറത്തും ഞങ്ങള്‍ അപ്പുറത്തുമാകും. ആര്‍ക്കറിയാം? പക്ഷേ നിങ്ങള്‍ ഞങ്ങളോടു പെരുമാറുന്നതിലും മാന്യമായി ഞങ്ങള്‍ നിങ്ങളോടു പെരുമാറും. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. പക്ഷേ രാഷ്ട്രീയ സംസ്‌കാരമെന്നത് അതിനുമപ്പുറത്താണെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
കശ്മീരികള്‍ ഈ രാജ്യത്തിന്റെ ഭാഗം തന്നെയാണെന്നും തങ്ങളെ പാകിസ്താനികളും ചൈനക്കാരുമാക്കാന്‍ എന്ത് അവകാശമാണ് ബി.ജെ.പിക്കുള്ളതെന്നും ഫാറൂഖ് അബ്ദുള്ള ചോദിച്ചു. ‘ഞങ്ങള്‍ കശ്മീരികള്‍ ഈ രാജ്യത്തിന്റെ ഭാഗം തന്നെയാണ്. ഈ രാജ്യത്തിനു വേണ്ടി യു. എന്നിലടക്കം വാാദിച്ചവരാണ് ഞങ്ങള്‍. ഞങ്ങളെ പാകിസ്താനികളും ചൈനക്കാരുമാക്കാന്‍ നിങ്ങള്‍ക്കെന്താണ് അവകാശം? മരിക്കുന്നതുവരെ ഞങ്ങള്‍ ഈ രാജ്യത്തിന്റെ പൗരന്മാര്‍ തന്നെയാണ്’ ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
രാജ്യത്തിന്റെ മുന്നോട്ടുപോക്കിന് ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യനുമെല്ലാം ഒരുമിച്ചു നില്‍ക്കണമെന്നും ആര്‍ക്കെങ്കിലും ഒറ്റക്ക് നിന്ന് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നത് വിഡ്ഢിത്തമാണെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. ‘രാമന്‍ നിങ്ങളുടേത് മാത്രമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഖുര്‍ആനും ബൈബിളും ലോകത്തിന്റെ മുഴുവനുമായതുപോലെ രാമനും ലോകത്തിന്റേതാണ്. എല്ലാവരുടേതുമാണ്. നിങ്ങളുടെ മാത്രം സ്വന്തമല്ല. എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിയുന്നതാണ് മഹത്വം. തമ്മില്‍ തല്ലിച്ചു മുതലെടുക്കുന്നതല്ല മഹത്തായ നേതൃത്വം,’ അദ്ദേഹം പറഞ്ഞു.
കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടും ഫാറൂഖ് അബ്ദുള്ള സംസാരിച്ചു. മാറ്റം വരുത്താന്‍ കഴിയില്ലെന്ന് വാശിപിടിക്കാന്‍ കാര്‍ഷിക നിയമങ്ങള്‍ മതഗ്രന്ഥമൊന്നുമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഭേദഗതി വരുത്താന്‍ കഴിയില്ലെന്ന് വാശി പിടിക്കാന്‍ കാര്‍ഷിക നിയമങ്ങള്‍ മതഗ്രന്ഥമൊന്നുമല്ലലോ. കര്‍ഷകര്‍ ഈ നിയമങ്ങള്‍ വേണ്ടെന്ന് പറയുന്ന സാഹചര്യത്തില്‍ അത് പിന്‍വലിക്കുന്നതാണ് നല്ലത്. എന്തുകൊണ്ട് അവരുമായി ഒരു തുറന്ന ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാവുന്നില്ല? നിങ്ങളുടെ അഭിമാനത്തിന്റെ പേരും പറഞ്ഞ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കരുത്. ഇത് നമ്മുടെ രാജ്യമാണ്. നാമെല്ലാവരും ഈ രാജ്യത്തെ പൗരന്‍മാരാണെന്ന കാര്യം മറക്കരുത്,’ ഫാറൂഖ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക