കശ്മീര്‍ ഗസ പോലെയാകും; പാകിസ്ഥാനുമായുള്ള ചര്‍ച്ചകളില്‍ കേന്ദ്ര സര്‍ക്കാരിന്റെ മൗനത്തിനെതിരെ ഫാറൂഖ് അബ്ദുള്ള
national news
കശ്മീര്‍ ഗസ പോലെയാകും; പാകിസ്ഥാനുമായുള്ള ചര്‍ച്ചകളില്‍ കേന്ദ്ര സര്‍ക്കാരിന്റെ മൗനത്തിനെതിരെ ഫാറൂഖ് അബ്ദുള്ള
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th December 2023, 6:10 pm

ന്യൂദല്‍ഹി: ഇന്ത്യ – പാകിസ്ഥാന്‍ വിഷയത്തില്‍ ഉടനടി പരിഹാരം കണ്ടില്ലെങ്കില്‍ കശ്മീര്‍ ഗസക്ക് തുല്യമാവുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ള. അയല്‍രാജ്യമായ പാകിസ്ഥാനുമായി സമാധാന ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നതില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ മടി കാണിക്കുന്നുവെന്ന് ഫാറൂഖ് അബ്ദുള്ള ആരോപിച്ചു.

പാകിസ്ഥാനുമായുള്ള വിഷയത്തില്‍ സര്‍ക്കാര്‍ വിമൂഖത തുടര്‍ന്നാല്‍ കശ്മീര്‍ ഫലസ്തീനിലെ ഗസ നഗരത്തിന് തുല്യമാവുമെന്ന്, നമുക്ക് നമ്മുടെ സുഹൃത്തുക്കളെ മാറ്റാന്‍ കഴിയും എന്നാല്‍ നമ്മുടെ അയല്‍ക്കാരെ മാറ്റാന്‍ കഴിയില്ലെന്ന മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ഫാറൂഖ് അബ്ദുള്ള മാധ്യമങ്ങളോട് പറഞ്ഞു.

യുദ്ധം ഒന്നിനും ഒരു പരിഹാരമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു എന്നാല്‍ ആ വാക്കുകള്‍ ഇപ്പോള്‍ എവിടെ പോയെന്നും അദ്ദേഹം ചോദിച്ചു.

നവാസ് ഷെരിഫ് പാകിസ്ഥാന്റെ പ്രധാനമന്ത്രിയാകാന്‍ പോകുന്നുവെന്നും അദ്ദേഹം ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നെന്നും ഫാറൂഖ് വ്യക്തമാക്കി. എന്നാല്‍ പാകിസ്ഥാനുമായി ചര്‍ച്ച നടത്തുന്നതില്‍ മോദി മൗനം പാലിക്കുന്നതില്‍ നിരാശയുണ്ടെന്നും, ഈ മൗനം ഇസ്രഈല്‍ ഗസയെ ബോംബിട്ട് തകര്‍ക്കുന്നതിന് സമാനമായ അവസ്ഥ ഇന്ത്യ നേരിടുന്നതിന് കാരണമാവുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

2023 ജനുവരിയില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് മോദിയുമായി ഗൗരവത്തോടും ആത്മാര്‍ത്ഥതയോടും ചര്‍ച്ച നടത്താന്‍ ആഗ്രഹിച്ചുവെന്നും പ്രതിരോധത്തിന് യുദ്ധം ഒരു ഓപ്ഷനല്ലെന്ന് പറഞ്ഞിരുന്നെന്നും നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ തീവ്രവാദത്തെ സാധാരണമാക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ ചര്‍ച്ചകള്‍ സാധ്യമല്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞിരുന്നു. തീവ്രവാദത്തിന്റെ സാധാരണാവത്ക്കരണം അനുവദിക്കാന്‍ കഴിയില്ലെന്നും ജയശങ്കര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlight: Farooq Abdullah against central government’s silence in talks with Pakistan