ശ്രീനഗര്‍: കശ്മീരില്‍ ജി-20 ഉച്ചകോടി നടന്നതിലൂടെ ജമ്മുവിലെ ടൂറിസത്തിന് പ്രത്യേകം ഗുണങ്ങള്‍ ലഭിക്കില്ലെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ള. ഇന്ത്യയും പാകിസ്ഥാനം ചര്‍ച്ചയിലൂടെ കേന്ദ്ര ഭരണപ്രദേശമായ ജമ്മു കശ്മീറിന്റെ ഭാവി പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ജി-20 ഉച്ചക്കോടി ജമ്മുവില്‍ നടത്തുന്നതില്‍ നിന്ന് വലിയ ഗുണങ്ങള്‍ ഒന്നും ലഭിക്കില്ല.
തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഇല്ലാത്തത് കൊണ്ട് തന്നെ ജമ്മു കശ്മീര്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നും അദ്ദേഹം മാധ്യങ്ങളോട് പറഞ്ഞു.
‘ഈ രാജ്യങ്ങളില്‍ നിന്നും (ജി-20) ടൂറിസത്തിന് ആളുകള്‍ വരുന്നത് ജമ്മു കശ്മീരിന് എന്തെങ്കിലും തരത്തിലുള്ള ഗുണമുണ്ടാക്കുന്നുണ്ടോയെന്നതാണ് ചോദ്യം. ഇവിടുത്തെ പ്രശ്നങ്ങള്‍ അവസാനിക്കാതെ അത് ഒരിക്കലും സംഭവിക്കില്ല. ഈ രണ്ട് വലിയ രാജ്യങ്ങള്‍ ജമ്മുവിന്റെ ഭാവിയെക്കുറിച്ച് ചര്‍ച്ച നടത്താത്തിടത്തോളം കാലം ഈ സ്ഥിതി മെച്ചപ്പെടില്ല,’ അദ്ദേഹം പറഞ്ഞു.
ജി-20 ഉച്ചകോടി ജമ്മുവിന് എന്തെങ്കിലും തരത്തിലുളള ഗുണം ചെയ്യുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഫറൂഖ് അബ്ദുള്ള.
എന്നാല്‍ ഉച്ചകോടിയില്‍ നിന്ന് ചില ഉപകാരങ്ങള്‍ ഉണ്ടായതായും അദ്ദേഹം പറഞ്ഞു.
‘വര്‍ഷങ്ങളായി മോശമായിരുന്ന റോഡുകള്‍ നന്നാക്കി. ചുമരുകള്‍ പെയിന്റ് അടിച്ച് വൃത്തിയാക്കി. സ്ട്രീറ്റ് ലൈറ്റുകള്‍ പ്രവര്‍ത്തിച്ച് തുടങ്ങി. അതുകൊണ്ട് നമുക്ക് അതില്‍ നിന്ന് ഗുണങ്ങളും ഉണ്ടായിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടക്കാത്തതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു.
‘തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഉണ്ടെങ്കിലേ അവിടെ ജനാധിപത്യമുണ്ടാകുകയുള്ളൂ. ഒരു ലെഫ്നന്റ് ഗവര്‍ണര്‍ക്കും അദ്ദേഹത്തിന്റെ അഡൈ്വസര്‍ക്കും മുഴുവന്‍ സംസ്ഥാനവും നോക്കാന്‍ സാധിക്കില്ല. ഇവിടെ തെരഞ്ഞെടുപ്പ് നടത്തേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്.
എപ്പോള്‍ വേണമെങ്കിലും ഞങ്ങള്‍ തെരഞ്ഞെടുപ്പിന് തയ്യാറാണ്,’ ഫറൂഖ് അബ്ദുള്ള പറഞ്ഞു.
ഒഡിഷ ട്രെയിന്‍ അപകടം ഉണ്ടായത് എങ്ങനെയാണെന്നും അതിലെ ഉത്തരവാദികള്‍ ആരാണെന്നും അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
content highlight: farooq abdulla about g20 event at kashmir