പൗരത്വ ബില്ല് നോട്ടിഫിക്കേഷന്‍ വന്നതിന്റെ പിറ്റേ ദിവസം ഒരു സുഹൃത്തുമായുള്ള സംഭാഷണം.
‘നീയല്ലേ സ്ഥിരമായി സി.എ.എ യെ ക്കുറിച്ചും എന്‍.ആര്‍.സീയെ കുറിച്ചും എഴുതിക്കൊണ്ടിരുന്നത്’
‘അതെ’
‘നോട്ടിഫിക്കേഷന്‍ വന്നതിനെ കുറിച്ച് ഒന്നും എഴുതുന്നില്ലേ’
‘ആലോചിക്കുന്നുണ്ട്’
‘വിട്ടേക്ക്, അതിനി എഴുതാനൊന്നും പോകേണ്ട’
സാധാരണ എന്തെങ്കിലും എഴുതുന്നവരോട് അതെഴുത് ഇതെഴുത് എന്നൊക്കെ പറയുന്നതാണ് നാട്ടുകാരുടെ പതിവ്. അത് കേട്ട് മടുത്തിട്ടാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് ഒരാളോട് ചൂടായത്. ആദ്യമായിട്ടാണ് ഒരാള്‍ എഴുതരുത് എന്ന് പറയുന്നത്. അതും നന്നായി എഴുതുകയും വായിക്കുകയും പ്രതികരിക്കുകയുമൊക്കെ ചെയ്യുന്ന ഇടതുപക്ഷ മനസ്സുള്ള ഒരു കൂട്ടുകാരനാണ് പറയുന്നത്.
സുഹൃത്ത് കാര്യം ഇങ്ങനെ വിശദീകരിച്ചു. എല്ലാ പാര്‍ട്ടികളും മതസംഘടനകളും അപ്രഖ്യാപിതമാണെങ്കിലും ഒരു നിലപാടിലെത്തിയിട്ടുണ്ട്. സി.എ.എ വിഷയത്തില്‍ കാര്യമായ പ്രതികരണത്തിനൊന്നും ആരും പോകണ്ട, പോയാല്‍ ബി.ജെ.പി മുതലെടുക്കും.
മുസ്‌ലീങ്ങള്‍ കൂടുതലുള്ള കോഴിക്കോടും തലശ്ശേരിയിലുമൊക്കെ പേരിനൊരു പ്രകടനം നടത്തും. ഇടത്തരം നേതാക്കന്‍മാര്‍ ചടങ്ങിനോരോ പ്രസ്താവന നടത്തും. ദേശീയ നേതാക്കന്മാരൊന്നും മിണ്ടില്ല, വക്താക്കള്‍ ഓരോ ട്വീട്ടിടും. കഴിഞ്ഞു, അങ്ങനെ നമ്മള്‍ ബി.ജെ.പിയുടെ പ്ലാന്‍ പൊളിക്കും. ഇത് പല നേതാക്കളും രഹസ്യമായും പരസ്യമായും പിന്നീട് സ്ഥിരീകരിച്ചു. പല നിരീക്ഷകരും ഇതേ കാര്യം നാട്ടുകാരെ ഉപദേശിക്കുന്നുണ്ടായിരുന്നു. മിണ്ടരുത്, മിണ്ടിയാല്‍ ബി.ജെ.പി മുതലെടുക്കും.
അതെനിക്ക് മനസ്സിലാവും. തെരഞ്ഞെടുപ്പിന്റെ തലേന്ന് ഇത് കൊണ്ട് വന്നതിന് ഒറ്റ കാരണമേയുള്ളൂ, ജനങ്ങള്‍ക്കിടയില്‍ വിഭജനമുണ്ടാക്കല്‍. വിഭജനത്തിന്റെ നേട്ടം എന്നും ബി.ജെ.പിക്കായിരിക്കും. അത് മനസ്സിലാക്കാന്‍ പത്ത് തലയൊന്നും വേണ്ട.
കേന്ദ്രസര്‍ക്കാര്‍ വിചാരിച്ചാല്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും പൗരത്വം കൊടുക്കാം. അതിനീ ബില്ലൊന്നും വേണ്ട. പാട്ടുകാരന്‍ അദ്‌നാന്‍ സാമിയുള്‍പ്പെടെ നിരവധി പേര്‍ക്ക് കൊടുത്തിട്ടുമുണ്ട്. ഇനിയിപ്പോള്‍ നിയമം പുതുതായി വേണമെന്നു വച്ചാലും അതില്‍ മതമൊന്നും എഴുതേണ്ട ആവശ്യമില്ല, കാരണം നിയമമുണ്ടെന്ന് വെച്ച് എല്ലാവര്‍ക്കും പൗരത്വം കൊടുക്കുകയൊന്നും വേണ്ട, അതിന് വിവേചനാധികാരങ്ങളുണ്ട്.
അല്ലെങ്കില്‍ തന്നെ രാജ്യത്ത് 11 വര്‍ഷം താമസിച്ചവര്‍ക്ക് സ്വാഭാവികമായും പൗരത്വത്തിന് അപേക്ഷിക്കാം, 2014 മുമ്പ് വന്ന മിക്കവരും 11 വര്‍ഷം കഴിഞ്ഞുണ്ടാവും, ബാക്കിയുള്ളവര്‍ അടുത്ത വര്‍ഷം 11 തികക്കും. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെയാകും നോട്ടിഫിക്കേഷന്‍ വന്ന് ഇത്ര ദിവസമായിട്ടും ഒരാള്‍ പോലും ഇത് വരെ അപേക്ഷിച്ചിട്ടില്ലെന്ന് ആസ്സാം മുഖ്യമന്ത്രി പരിതപിച്ചത്. ചുമ്മാ ഒരു നിയമം, അല്ല, വിഭജിക്കാന്‍ ഒരു നിയമം.
നിശബ്ദമായിരിക്കുക എന്ന പ്രതിപക്ഷ തന്ത്രം ഏതായാലും ഫലിച്ചു. പൗരത്വ നിയമം എല്ലാവരും രണ്ടു ദിവസം കൊണ്ട് മറന്നു. ബ്രഹ്‌മാസ്ത്രം പ്രയോഗിച്ചെങ്കിലും അതുകൊണ്ട് ഒരു കാര്യമുണ്ടായില്ല എന്ന നിരാശയില്‍ ബി.ജെ.പി ഇരിക്കുന്നു. പക്ഷെ തന്ത്രങ്ങള്‍ മാത്രമാണോ രാഷ്ട്രീയം.
ബി.ജെ.പി ഇപ്പോള്‍ തന്നെ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയാണ്. അവര്‍ക്ക് വേണ്ടതൊക്കെ അവര്‍ ചെയ്യുന്നുണ്ട്. കേരളത്തിലാണെങ്കില്‍ ഇപ്പോള്‍ തന്നെ അവര്‍ക്ക് രണ്ടു കേന്ദ്രമന്ത്രിമാരും രണ്ടു എം.പി മാരും രണ്ടു ഗവര്‍ണമാരും ഉണ്ട്. രാജഗോപാല്‍ അക്കൗണ്ട് മുമ്പേ തുറന്നത് കൊണ്ട് ഇനിയാ പേടി വേണ്ട. ഇനി സുരേഷ് ഗോപിയോ മറ്റോ പുതിയൊരു അക്കൗണ്ട് തുറന്നാലും അഞ്ചു വര്‍ഷം കഴിയുമ്പോള്‍ അത് പൂട്ടിക്കോളും, മുമ്പേ തന്നെ അഞ്ചു കൊല്ലം അദ്ദേഹം എം.പിയായിരുന്നിട്ടുണ്ട് , എന്നിട്ട് മല മറിച്ചിട്ടൊന്നുമില്ല. ഇങ്ങനെ പേടിച്ചു ജീവിച്ചിട്ടെന്തു കാര്യം. പൗരത്വ നിയമത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടന്നാല്‍ ബി.ജെ.പിക്ക് ഒരു പക്ഷെ ഒരു എം.പി കേരളത്തിലുണ്ടാകും എന്ന തോന്നലുള്ളവര്‍ കേരളയീയരെ കുറിച്ച് വളരെ മോശം അഭിപ്രായമുള്ളവരായിരിക്കും.
പ്രതികരിച്ചാല്‍ ബി.ജെ.പി മുതലെടുക്കും, ശരി, പ്രതികരിച്ചില്ലെങ്കിലോ?
ഇന്ത്യ സ്ഥാപിതമായതും നില നില്‍ക്കുന്നതും ഭരണഘടനയിലൂടെയാണ്. തുല്യതയാണ് ഭരണഘടനയുടെ സത്ത. പൗരന്മാര്‍ തമ്മില്‍ വിവേചനം ഉണ്ടാകില്ലെന്ന വാഗ്ദാനമാണത്. പക്ഷെ, ആ പൗരത്വം പോലും വിവേചനപരമാക്കുന്ന നിമയമാണ് വന്നത്. ആത്മാവ് ഇല്ലാത്ത എന്തും വെജിറ്റബിള്‍ ബിരിയാണി പോലെയാണ്, ബിരിയാണോ എന്ന് ചോദിച്ചാല്‍ അതെ, അല്ലെ എന്ന് ചോദിച്ചാല്‍ അല്ല.
മോദിയും ബി.ജെ.പിയുമൊന്നും അധികകാലം അധികാരത്തിലുണ്ടാകില്ല, പക്ഷെ രാജ്യം സഹസ്രാബ്ദങ്ങള്‍ താണ്ടി തലമുറകള്‍ ജീവിക്കാനുള്ളതാണ്. അതിനിടയില്‍ നമ്മളൊക്കെ മരിച്ചു പോകും. നമുക്ക് അടുത്ത തലമുറക്ക് കൈമാറാനുണ്ടായിരുന്നത് തുല്യതയിലൂന്നിയ ഒരു ഭരണഘടയാണ്. അതിന്റെ ആത്മാവ് നശിപ്പിക്കപ്പെടുമ്പോള്‍ നിങ്ങള്‍ നിശ്ശബ്ദരായിരുന്നത് എന്തിനായിരുന്നു എന്ന് വരും തലമുറകള്‍ നമ്മളെ ചൂണ്ടി ചോദിക്കും, അതൊരു തന്ത്രമായിരുന്നു എന്ന് അവരോട് വിശദീകരിക്കാന്‍ എന്നോ മരിച്ച നമുക്ക് കഴിയുകയില്ല.
കെജ്‌രിവാള്‍
എല്ലാ ഇന്ത്യക്കാരും കെജ്‌രിവാളിനോടൊപ്പം നില്‍ക്കേണ്ട സമയമാണിത്. അനീതിക്കാണ് അദ്ദേഹം ഇരയാകുന്നത്, അനുഭവിക്കുന്നത് പീഡനവുമാണ്. ഇരകളോടൊപ്പം നില്‍ക്കുന്നതാണ് മനുഷ്യത്വവും പൗരധര്‍മവും. കെജ്രിവാള്‍ ഒരിക്കലും ഇരകളോടൊപ്പം നിന്നിട്ടില്ല എന്നുള്ളത് അദ്ദേഹം ഇരയാകുമ്പോള്‍ കൂടെ നില്‍ക്കാതിരിക്കുന്നതിന് ന്യായമല്ല.
ദല്‍ഹിയിലെ തനിക്ക് വോട്ട് ചെയ്ത പാവപ്പെട്ട മനുഷ്യരുടെ ചേരികള്‍ ബുള്‌ഡോസറുകള്‍ പൊളിച്ചു മാറ്റുമ്പോള്‍ അങ്ങോട്ട് തിരിഞ്ഞു നോക്കുന്നത് പോയിട്ട് ഒരു പ്രസ്താവന ഇറക്കാന്‍ അദ്ദേഹത്തിന് തോന്നിയിട്ടില്ല. എന്ന് മാത്രമല്ല, സ്വന്തം പാര്‍ട്ടിക്കാര്‍ ഇരകളെ അധിക്ഷേപിക്കുന്ന പ്രസ്താവന ഇറക്കുമ്പോള്‍ കെജ്രിവാള്‍ അവരെ ന്യായീകരിക്കുകയിരുന്നു. ദല്‍ഹി കലാപ സമയത്ത് അദ്ദേഹം കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയോ ഇരകളുടെ കൂടെ നില്‍ക്കുകയോ ചെയ്തില്ല, എന്ന് മാത്രമല്ല, ഇരകളില്‍ പലരും വര്‍ഷങ്ങളായി ജയിലില്‍ കിടക്കുന്നത് അദ്ദേഹത്തെ അലട്ടിയിട്ടുമില്ല.
അതൊക്കെ പോട്ടെ, നമുക്ക് അദ്ദേഹത്തിന്റെ അറസ്റ്റിനെ അപലപിക്കാം, പ്രതിഷേധിക്കാം. പക്ഷെ സി.എ.എ പോലെ തന്ത്രപരമായ ഒരു പ്രതിഷേധമായിരിക്കും നല്ലത്, ഒരു ട്വീറ്റ്, ഒരു ഫേസ്ബുക് പോസ്റ്റ്, അത് മതി. അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കണം എന്നൊന്നും പറഞ്ഞു കളയരുത്.
മോദി ഭരണം ജനങ്ങള്‍ അങ്ങേയറ്റം വെറുക്കുന്ന വര്‍ഷങ്ങളാണ് വരാന്‍ പോകുന്നതെന്ന് ആര്‍.എസ്.എസ്സിനറിയാം. തൊഴില്ലായ്മ സര്‍വകാല റെക്കോര്‍ഡിലാണ്, കൂലി കുറയുകയും വിലകൂടുകയും ചെയ്യുന്ന അപൂര്‍വ പ്രതിസന്ധിയിലാണ് രാജ്യം. ഗ്രാമങ്ങളിലും ചെറു പട്ടണങ്ങളിലും തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ നുരക്കുകയാണ്. കള്ളപ്പണം ഒഴുകി നടക്കുകയാണ്. പ്രോപഗണ്ട ഇപ്രാവശ്യം കൂടെ അവരെ രക്ഷിച്ചേക്കാം, പക്ഷെ അടുത്തതെന്ത്.
ബി.ജെ.പിയെ ജനം തള്ളുമ്പോള്‍ മറുപക്ഷത്ത് ഒരു പ്രധാനമന്ത്രിയെ സ്ഥാനാര്‍ത്ഥിയെ തയ്യാറാക്കി നിര്‍ത്തുകയാണ് ആര്‍.എസ്.എസ്. ആര്‍.എസ്സ് .എസ്സിന്റെ ഒരു പ്രോജെക്റ്റിനെയും ഒരു കാലത്തും എതിര്‍ക്കാത്ത, എല്ലായ്‌പ്പോഴും പിന്തുണച്ച കെജ്രിവാളിന് നല്ലൊരു ബയോ-ഡാറ്റ ഉണ്ടാക്കി കൊടുക്കുന്ന തിരക്കിലാണവര്‍. അതിനാണ് ഈ അറസ്റ്റും ബഹളവും. അത് കാണാതെ കെജ്രിവാള്‍-ഫോര്‍-പ്രൈം-മിനിസ്റ്റര്‍ എന്നൊക്കെ ട്രെന്‍ഡ് ചെയ്ത് ഓവര്‍ ആക്കരുത്. ഒരാവേശത്തിന് കിണറ്റില്‍ ചാടിയ ഒരാളും പത്തു ആവേശത്തിനും തിരിച്ചു കയറിയ ചരിത്രമില്ല.
ഒരു അപലപന പോസ്റ്റ്, അത് മതി.
കിറ്റെക്‌സ് സാബു
കിറ്റെക്‌സ് ഉടമ സാബു മലയാളികളെ മൊത്തം ചീത്ത വിളിച്ചു തെലുങ്കാനക്ക് വണ്ടി കയറുന്നതിന് മുമ്പ് ഒരു കാര്യം ചെയ്തിരുന്നു എന്ന വാര്‍ത്ത ഇപ്പോള്‍ പുറത്തു വരുന്നു, അവിടുത്തെ ഭരണ കക്ഷിക്ക് 25 കോടി കോടി കൈക്കൂലി ഇലക്ടറല്‍ ബോണ്ട് വഴി ട്രാന്‍സ്ഫര്‍ ചെയ്തു എന്ന കാര്യം. അത് നമ്മള്‍ ഇപ്പോള്‍ അറിഞ്ഞ തുക, അറിയാത്തത് വേറെ ഉണ്ടാകും. നിക്ഷേപകരെ സ്വീകരിക്കുന്ന കാര്യത്തില്‍ കേരളം തെലുങ്കാനയെ കണ്ടു പഠിക്കണം എന്ന് പറഞ്ഞതിന് ഒരുദാഹരണം സാബു അന്ന് പറഞ്ഞിരുന്നു, അവര്‍ ചാര്‍ട്ടേര്‍ഡ് വിമാനം അയച്ചാണത്രെ സാബുവിനെ കൊണ്ട് പോയത്. ഇരുപത്തഞ്ചു കോടി വാങ്ങി വച്ചിട്ടാണ് വിമാനം അയച്ചത്, നല്ല ബെസ്റ്റ് സ്വീകരണം.
സാബുവിനെ പിന്തുണച്ച് മാധ്യമങ്ങള്‍ മുഴുവന്‍ ചര്‍ച്ച നടത്തിയിരുന്ന കാലത്ത് സാബു പോകട്ടെ എന്ന രീതിയില്‍ ഇവിടെ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ( https://www.doolnews.com/farooq-article-about-industrial-development-in-kerala-and-employment-opportunities-888.html) . അതിന്റെ പേരില്‍ ഇതെഴുതുന്നയാളെ ചില്ലറ തെറിയൊന്നുമല്ല സാബു ഫാന്‍സ് വിളിച്ചത്. അന്ന് പറഞ്ഞതെ ഇന്നും പറയാനുള്ളൂ. സാബുവിനും അതെ പോലുള്ള വ്യവസായികള്‍ക്കും വേണ്ടത് ഇരുന്നൂറു രൂപ കൂലിക്ക് അടിമപ്പണി ചെയ്യാന്‍ തയ്യാറാകുന്ന മനുഷ്യരെയാണ്. കേരളീയര്‍ സ്വപ്നങ്ങളുള്ള മനുഷ്യരാണ്, അവര്‍ക്ക് അന്നന്നത്തെ അരി മാത്രമല്ല വേണ്ടത്, കുട്ടികളെ പഠിപ്പിക്കണം, നല്ല വീട് വേണം, ചികിത്സ സൗകര്യങ്ങള്‍ വേണം.
ഭീകരമായ ജാതി വ്യവസ്ഥയും ദാരിദ്ര്യവും നിലനില്‍ക്കുന്ന സംസ്ഥാനങ്ങളേ സാബുവിനെ പോലുള്ളവര്‍ക്ക് ശരിയാകൂ. ഇരുപത്തഞ്ചു കോടി കൊടുത്തു സാബു നേടിയത് ഇതൊക്കെയാണ് – ഇരുന്നൂറോ ഇരുന്നൂറ്റമ്പതോ രൂപ ദിവസക്കൂലിക്ക് ഒരാവകാശവും ചോദിക്കാതെ പണിയെടുക്കാന്‍ തയ്യാറാകുന്ന അടിമ സമാനരായ മനുഷ്യര്‍, ഗ്രാമങ്ങളിലെ മനുഷ്യരുടെ ഭൂമി തുച്ഛ വിലകൊടുത്തു വാങ്ങി, അവരെ ആട്ടിയോടിച്ചു അവിടെ പണിതുയര്‍ത്തുന്ന ഇന്‍ഡസ്ട്രിയല്‍ സിറ്റികളില്‍ സൗജന്യ ഭൂമി, മാലിന്യങ്ങള്‍ എവിടെ വേണമെങ്കിലും തള്ളാനുള്ള അനുമതി, കറുത്ത വായു, കറുകറുത്ത വെള്ളം, രാഷ്ട്രീയക്കാര്‍ക്ക് പണം കൊടുത്തു കൊണ്ടിരിക്കുന്നിടത്തോളം ആരും ഒന്നും ചോദിക്കില്ല എന്ന ഗ്യാരണ്ടി.
സാബു തെലുങ്കാനയിലേക്ക് പൊയ്‌ക്കോട്ടേ. നമുക്ക് അദ്ദേഹത്തിന് എല്ലാ നന്മകളും നേരാം.
കള്ളപ്പണം
അഴിമതിയും കള്ളപ്പണവും നിഷേധിക്കേണ്ട ആവശ്യം പോലുമില്ലാത്ത അവസ്ഥയില്‍ ബി.ജെ.പി എത്തിയായതാണ് കഴിഞ്ഞയാഴ്ച കണ്ടത്. നിഷേധിച്ചിട്ട് കാര്യമില്ലാഞ്ഞിട്ടാണോ അതോ നിഷേധിക്കേണ്ട ആവശ്യമില്ലാഞ്ഞിട്ടാണോ എന്നെ അറിയാനുള്ളൂ. ബി.ജെ.പിക്കാര്‍ ഇപ്പോള്‍ പറയുന്നതിങ്ങനെയാണ് – ഞങ്ങള്‍ ഭരിക്കുന്ന പാര്‍ട്ടിയാണ്, ഭരിക്കുന്ന പാര്‍ട്ടികള്‍ക്ക് ആളുകള്‍ സംഭാവന തരും, സംഭാവന തരുന്നവര്‍ തിരിച്ചെന്തെങ്കിലുമൊക്കെ പ്രതീക്ഷിക്കും, ഞങ്ങളത് ചെയ്തു കൊടുക്കും, അതിലെന്താണ് തെറ്റ്. കറക്റ്റല്ലേ.
ഇത് കൊണ്ട് ഗുണവുമുണ്ട്, ദോഷവുമുണ്ട്. ദോഷം ആദ്യം പറയാം. ബി.ജെ.പിക്കാരുടെ കയ്യില്‍ ഇഷ്ടം പോലെ കാശുണ്ടെന്ന് നാട്ടുകാര്‍ക്കൊക്കെ ഉറപ്പായി. അത് കൊണ്ട് തന്നെ മറ്റു പാര്‍ട്ടികളില്‍ പ്രത്യേകിച്ച് സ്ഥാനമോ വരുമാനമോ കിട്ടാന്‍ സാധ്യതയില്ലാത്ത റിട്ടയേര്‍ഡ് നേതാക്കള്‍ ഒന്നോ രണ്ടോ കോടി കിട്ടിയാല്‍ പോരട്ടെ എന്ന് പറഞ്ഞു ബി.ജെ.പിയില്‍ പോകും, റിട്ടയേര്‍ഡ് അല്ലാത്ത പ്രാദേശിക പ്രവര്‍ത്തകരും ചിലപ്പോള്‍ അഞ്ചോ പത്തോ ലക്ഷത്തിന് ഡീല്‍ ഉറപ്പിക്കും. അതുകൊണ്ട് തന്നെ ബി.ജെ.പിക്ക് അണികളും നേതാക്കളും കൂടും.
ഇനി ഗുണം പറയാം. സംഘ പരിവാരം കെട്ടി പൊക്കിയ ചീട്ടുകൊട്ടാരം ഈ കള്ളപ്പണ കൊടുങ്കാറ്റിനെ അതിജീവിക്കില്ല. അഴിമതിക്കാര്‍ ഇതിന് മുമ്പും പല പാര്‍ട്ടികളിലും ഉണ്ടായിട്ടുണ്ടെങ്കിലും നേതാക്കള്‍ ടെലിവിഷനില്‍ വന്നിരുന്നു അഴിമതിയെ ന്യായീകരിക്കാന്‍ മാത്രം അഹങ്കാരം ഒരു പാര്‍ട്ടിക്കുമുണ്ടായിട്ടില്ല, വേറെന്തും ജനം സഹിക്കും, അഹങ്കാരം സഹിക്കില്ല.
ഏഷ്യാനെറ്റിന്റെ പതനം, ഇന്ത്യന്‍ എക്പ്രസ്സിന്റെയും
തങ്ങളുടെ സ്ഥാപകന്‍ രാംനാഥ് ഗോയങ്കയുടെ പേരില്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സ് എല്ലാ കൊല്ലവും ജേര്‍ണലിസ്റ്റുകള്‍ക്ക് കുറെ അവാര്‍ഡ് കൊടുക്കും. പ്രസിദ്ധീകരിക്കപ്പെട്ട സ്റ്റോറികളില്‍ ഏറ്റവും നല്ലതും കാലികപ്രസക്തി ഉള്ളതിനുമൊക്കെയാണ് അവാര്‍ഡ്. അവാര്‍ഡ് ദിനത്തോടനുബന്ധിച്ചു എഡിറ്റര്‍ രാജ്കമല്‍ ജാ ഒരു കിടിലന്‍ പ്രസംഗം നടത്തും. ജേര്‍ണലിസ്റ്റുകളെ മൊത്തം കോരിത്തരിപ്പിക്കുന്ന പ്രസംഗമായിരിക്കും അത്. മീഡിയ എത്തിക്‌സിനെ കുറിച്ചും പത്രക്കാരുടെ ധീരതയെ കുറിച്ചും ഗോയങ്കെയുടെ കാലത്ത് ഇന്ത്യന്‍ എക്‌സ്പ്രസ്സ് കാണിച്ച റിപ്പോര്‍ട്ടിങ്ങിനെ കുറിച്ചുമൊക്കെ നല്ല കലക്കന്‍ ഇംഗ്ലീഷില്‍ ഒരു പ്രസംഗം. വേദിയില്‍ ഒരു കേന്ദ്രമന്ത്രിയൊക്കെ ഇരിക്കുന്നുണ്ടാകും, അവര്‍ ചമ്മുന്നതിന്റെ വീഡിയോ വേറെ വരും. പിന്നെ ജേര്‍ണലിസ്റ്റുകളൊക്കെ ഈ പ്രസംഗം ട്വിറ്റര്‍ അക്കൗണ്ടുകളിലും വാട്‌സാപ്പ് സ്റ്റാറ്റസിലുമൊക്കെ ഷെയറോട് ഷെയറാണ്.
അതിനെന്താ പ്രശ്‌നം എന്നല്ലേ. പ്രസംഗം മാത്രമേ ഉള്ളൂ, അത് തന്നെ പ്രശനം.
ഇന്ത്യന്‍ എക്‌സ്പ്രസ്സ് എന്നും അറിയപ്പെട്ടിരുന്നത് ഭരിക്കുന്നവരെ അക്കൗണ്ടബ്ള്‍ ആക്കുക എന്ന പത്രപ്രവര്‍ത്തനത്തിന്റെ പ്രാഥമിക ധര്‍മം നിറവേറ്റിയതിന്റെ പേരിലാണ്, കുനിയാന്‍ പറയുമ്പോള്‍ മുട്ടിലിഴയാത്തതിന്റെ പേരില്‍. ഇന്ദിരാഗാന്ധിയോട് അടിയന്തിരാവസ്ഥക്കാലത്ത് പൊരുതിനിന്ന പത്രം, അതിന് ശേഷവും മുമ്പും വന്ന നിരവധി സര്‍ക്കാരുകളുടെ നയങ്ങളെയും അഴിമതികളെയും നിരന്തരം വിമര്‍ശിച്ചും തിരുത്തിച്ചും നടത്തിച്ച പത്രം, ഇന്ന് മുട്ടിലിഴയുകയാണ്. ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട സ്റ്റോറികളും അതിന്റെ തലക്കെട്ടുകളുമൊക്കെ കണ്ടാല്‍ ഗോയങ്ക കുഴിമാടത്തില്‍ നിന്ന് എഴുന്നേറ്റ് വന്ന് ഇപ്പോഴത്തെ എഡിറ്റര്‍മാരെ തല്ലും.
ഇപ്രാവശ്യത്തെ ഗോയങ്ക അവാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്തത് അദാനിയാണ്. അതുകൊണ്ട് തന്നെ കഴിഞ്ഞ കൊല്ലത്തെ ഏറ്റവും വലിയ സ്റ്റോറിയായ അദാനി ഓഹരിവെട്ടിപ്പ് പുറത്തു കൊണ്ട് വന്ന ഒരു പത്രക്കാരന് പോലും അവാര്‍ഡില്ല, ക്ഷണവുമില്ല. എന്‍.ഡി.ടി.വി ക്ക് ശേഷം ഇന്ത്യന്‍ എക്‌സ്പ്രസാണ് അദാനിയുടെ അടുത്ത ലക്ഷ്യം എന്ന് തോന്നുന്നു. അതോടെ ഇന്ത്യന്‍ മാധ്യമ രംഗം പട്ടി നക്കിയ കലം പോലെയാകും.
ഏഷ്യാനെറ്റിന്റേയും കഥ ഇതൊക്കെ തന്നെ. പേരുകള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയാല്‍ മതി. കൂടുതലെന്ത് പറയാന്‍.
എല്ലാ ജീവികളെയും പോലെ മനുഷ്യരും ഭീരുക്കളാണ്, അതില്‍ തെറ്റൊന്നുമില്ല, അതിജീവനത്തിന് പ്രകൃതി ഒരുക്കി വച്ചതാണ് ഭീരുത്വം. പക്ഷെ എല്ലാ ജോലിയും അതിന്റെതായ ധൈര്യം ആവശ്യപ്പെടുന്നുണ്ട്. ചോര കണ്ടാല്‍ ബോധം കെടുന്നവര്‍ ഡോക്ടറാവാന്‍ പോവരുത്, മുകളില്‍ നിന്ന് താഴോട്ട് നോക്കിയാല്‍ തല കറങ്ങുന്നവര്‍ ഫയര്‍ ഫോഴ്‌സില്‍ ചേരരുത്, പട്ടിയെ കണ്ടാല്‍ ഓടുന്നവന്‍ വേട്ടക്കാരനാകരുത്. പത്രപ്രവര്‍ത്തനത്തിന്റെ പ്രാഥമിക ഉത്തരവാദിത്വത്തില്‍ പെട്ടതാണ് ഭരിക്കുന്നവരെ അക്കൗണ്ടബ്ള്‍ ആക്കുക, അധികാരമുള്ളവരുടെ നേര്‍ക്കുനേരെ നിന്ന് ചോദ്യങ്ങള്‍ ചോദിക്കുക തുടങ്ങിയതൊക്കെ. അതിനുള്ള ധൈര്യമില്ലാത്തവര്‍ക്ക് ചെയ്യാന്‍ വേറെന്തൊക്കെ ജോലികളുണ്ട്?
ഒട്ടും ധൈര്യം ഇല്ലാത്തവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഒരു ജോലി പറയാം, അതൊന്നു ശ്രമിച്ചു നോക്കൂ. ഇതെഴുന്നയാള്‍ ചെയ്യുന്ന ജോലി – സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍.