രണ്ടു തരം സഞ്ചാരികളാണ് മലയാളികള്‍ക്കിടയില്‍, ഒന്നാമത്തെ കൂട്ടര്‍ എവിടെ പോയാലും ചോറോ പൊറോട്ടയോ കിട്ടുന്ന ഹോട്ടലുകള്‍ അന്വേഷിച്ചു നടക്കും, രണ്ടാമത്തവര്‍ എല്ലാതരം ഹോട്ടലിലും കേറി പലതരം ഭക്ഷണങ്ങള്‍ അനുഭവിച്ചറിയും. ഇതില്‍ രണ്ടാമത്തേതാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും അമേരിക്കന്‍, മെക്‌സിക്കന്‍, തുര്‍ക്കിഷ്, പാകിസ്താനി, ഹൈദരാബാദി, അറബിക് റെസ്റ്റോറന്റുകളിലൊക്കെ പോയിട്ടുണ്ടാകും.
മിക്കവാറും മലയാളികള്‍ ചിന്തിക്കുന്നത് മുസ്‌ലിങ്ങളൊക്കെ ഭയങ്കര ബീഫ് തീറ്റക്കാരാണെന്നാണ്. അത് കൊണ്ട് തന്നെ തുര്‍ക്കിഷ്, പാകിസ്താനി, അറബിക് ഹോട്ടലുകളിലൊക്കെ കയറിയാല്‍ മലയാളികള്‍ ആദ്യം നോക്കുന്നത് ബീഫ് വിഭവങ്ങളാണ്. ഇപ്പറഞ്ഞ വിഭാഗത്തിലുള്ള മിക്കവാറും ഹോട്ടലുകളിലൊന്നും ബീഫ് ഉണ്ടാകില്ല. വല്ലിടത്തും ഉണ്ടെങ്കില്‍ തന്നെ ചിക്കനും മട്ടനും നിറഞ്ഞാടുന്ന മെനുവിന്റെ ആര്‍ക്കും വേണ്ടാത്ത ഒരു മൂലക്കായിരിക്കും. അത്ഭുതത്തോടെ നമ്മള്‍ മനസ്സിലാക്കും, ഇന്ത്യയിലൊഴികെ മുസ്‌ലിങ്ങള്‍ ബീഫ് കഴിക്കാറില്ല. ഇന്ത്യയില്‍ തന്നെ ഹൈദരാബാദി, ലഖ്നൗ ഹോട്ടല്‍ മെനുവിലൊന്നും ബീഫില്ല.
ബലി പെരുന്നാളിന് പശുവിനെ അറക്കല്‍ മുസ്‌ലിങ്ങള്‍ക്ക് നിര്‍ബന്ധമാണെന്ന് വിചാരിക്കുന്നവരുണ്ട്, സത്യത്തില്‍ മക്കയിലോ മദീനയിലോ പശുവിനെ അറക്കാറില്ല. മരുഭൂമിയില്‍ വളരുന്ന മൃഗങ്ങളല്ല പശുവും പോത്തുമൊന്നും. എയര്‍ കണ്ടിഷന്‍ ചെയ്ത കൂറ്റന്‍ പ്ലാന്റുകളിലാണ് അല്‍-മറായിയും നദയുമൊക്കെ പശുവിനെ വളര്‍ത്തുന്നത്. പശുവിനെ തിന്നുന്നവര്‍ പ്രധാനമായി രണ്ടു കൂട്ടരാണ്, പട്ടിണി പാവങ്ങളായ ഇന്ത്യക്കാര്‍, സമ്പന്നരായ അമേരിക്കക്കാരും യൂറോപ്യന്മാരും. ലോകത്ത് ആകെ അറക്കുന്ന പശുക്കളുടെ പകുതിയും തിന്നു തീര്‍ക്കുന്നത് സായിപ്പന്മാരാണ്. മക്ഡൊണാള്‍ഡ്സ് മാത്രം അറുക്കുന്ന പശുക്കളുടെ എണ്ണം കൊല്ലത്തില്‍ നാലു ലക്ഷത്തിന് മുകളിലാണ്.
ഇതിവിടെ പറയാന്‍ കാരണം, എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് കാലങ്ങളായി മലയാളികളെപോലെ ആര്‍.എസ്.എസുകാരുടെ തലയിലും മുസ്‌ലിങ്ങളാണ് ഏറ്റവും വലിയ ബീഫ് തീറ്റക്കാര്‍ എന്ന ഒരു തെറ്റിദ്ധാരണയുണ്ട്. ഒരു പക്ഷെ ആര്‍.എസ്.എസ് നേതാക്കളൊക്കെ സസ്യഭുക്കുകളായത് കൊണ്ടും മട്ടനും ബീഫും തമ്മിലുള്ള വ്യത്യാസം അറിയാത്തത് കൊണ്ടുമൊക്കെ ആയിരിക്കും. വെറുതെ ഒരു തെറ്റിദ്ധാരണ ആരുടെയെങ്കിലും തലയില്‍ ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ പൊതുവെ അത് കാര്യമാക്കേണ്ടതില്ല. പക്ഷെ ആര്‍.എസ്.എസ് ഇന്ത്യ ഭരിക്കുന്നവരെ ഭരിക്കുന്നവരാണ്. അവര്‍ എടുക്കുന്ന തീരുമാനങ്ങള്‍ രാജ്യത്തുള്ളവരെ മുഴുവന്‍ ബാധിക്കും. അതിന്റെ തെളിവാണ് ഇപ്പോള്‍ പുറത്തു വന്ന പട്ടിണി സൂചിക.
പട്ടിണി സൂചിക എന്നാല്‍ പട്ടിണിയുടെ സൂചിക അല്ല. സ്റ്റാര്‍വേഷന്‍ ഇന്‍ഡക്‌സ് എന്നതല്ല വാക്ക്, ഹങ്ങര്‍ ഇന്‍ഡക്‌സ് ആണ്. ഹങ്ങര്‍ എന്നാല്‍ വിശപ്പ് എന്നാണെങ്കിലും, വാക്യാര്‍ത്ഥത്തില്‍ വിശപ്പിന്റെ സൂചികയുമല്ല. അത്, വിശാലാര്‍ത്ഥത്തില്‍ അങ്ങനെയാണെങ്കിലും.
നാലു കാര്യങ്ങളാണ് പട്ടിണി സൂചികയില്‍ പരിഗണിക്കുന്നത്. ഒന്ന് പോഷകാഹാരക്കുറവ്, രണ്ട് ശിശു മരണ നിരക്ക്, മൂന്ന് കുട്ടികളുടെ തൂക്ക കുറവ്, നാല് കുട്ടികളുടെ ഉയരക്കുറവ്. കുട്ടികളെ പ്രധാനമായി പരിഗണിക്കുന്നതിന്റെ കാരണം ഇളം പ്രായത്തിലുള്ള തൂക്കക്കുറവും ഉയരക്കുറവും പോഷകക്കുറവുമൊക്കെ അവര്‍ ജീവിത കാലം മുഴുവന്‍ അനുഭവിക്കാന്‍ പോകുന്ന ആരോഗ്യക്കുറവിന്റെയും ബുദ്ധിക്കുറവിന്റെയും കാരണമാകും എന്നത് കൊണ്ടാണ്.
116 രാജ്യങ്ങളുള്ള പട്ടികയില്‍ 101-ാം സ്ഥാനമാണ് ഇന്ത്യക്ക്. ലോകത്ത് രാജ്യങ്ങളുടെ എണ്ണം 116 അല്ല, അതില്‍ കൂടുതലുണ്ട്. പക്ഷെ എല്ലാവരും പട്ടികയിലില്ല. ഈ പട്ടികയില്‍ പട്ടിണിക്കാരെ ഉള്ളൂ. അമേരിക്കയും ജര്‍മനിയും യു.എ.ഇയും ഖത്തറും സിംഗപ്പൂരും ഒന്നും ഈ പട്ടികയിലില്ല. അവര്‍ പട്ടിണിക്കാലം എന്നോ താണ്ടിയവരാണ്. 116 പേരുടെ പട്ടിക തുടങ്ങുന്നത് തന്നെ പട്ടിണിക്കാരായ ബെലാറസ് മുതലാണ്. അതില്‍ ഓരോരോ സ്റ്റെപ് താഴോട്ട് വരുമ്പോള്‍ ദയനീയമാണാവസ്ഥ. ബംഗ്ലദേശും പാകിസ്താനും എത്യോപ്യയും റുവാണ്ടയും ഒക്കെ കഴിഞ്ഞു താഴോട്ട് താഴോട്ടാണ് ഇന്ത്യ. പുതിയ തലമുറയുടെ ശരാശരി ഉയരം മുന്‍ തലമുറയെക്കാളും കുറഞ്ഞ ഒരേ ഒരു രാജ്യമേയുള്ളൂ – ഇന്ത്യ.
2012 ല്‍, ഗുജറാത്തിലെ കുട്ടികള്‍ക്കിടയിലെ പോഷകാഹാരകുറവിനെ കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടിയായി അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോഡി പറഞ്ഞ മറുപടി പ്രശസ്തമാണ്. ‘നമ്മുടെ നാട്ടുകാരൊക്കെ വലിയ സൗന്ദര്യ ബോധമുള്ളവരാണ്. അമ്മമാര് കുട്ടികളോട് ഭക്ഷണം കഴിക്കാന്‍ പറഞ്ഞാല്‍ തടി കൂടുമെന്ന് പറഞ്ഞു കുട്ടികള്‍ കഴിക്കില്ല, പിന്നെ അവര്‍ തമ്മില്‍ വഴക്കാകും.’ അഞ്ചു വയസ്സിന് താഴെയുള്ള 41% ഗുജറാത്തി കുട്ടികള്‍ക്ക് പോഷകാഹാര കുറവുണ്ടെന്ന റിപ്പോര്‍ട്ടിനെ പറ്റിയായിരുന്നു ചോദ്യം. മൂന്നു പതിറ്റാണ്ടോളം ബി.ജെ.പി ഒറ്റക്ക് ഭരിച്ച ഗുജറാത്താണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പോഷകാഹാരക്കുറവുള്ള കുട്ടികളുള്ള സംസ്ഥാനങ്ങളിലൊന്ന്.
2014 ല്‍ തെരഞ്ഞെടുപ്പിന് മുമ്പേ ഇന്ത്യ ടുഡേ ചാനലിന് നല്‍കിയ ഒരു അഭിമുഖത്തില്‍ രാഹുല്‍ ഗാന്ധി ഗുജറാത്തിലെ പോഷകക്കുറവിന് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിയെ കുറ്റപ്പെടുത്തിയ കൂട്ടത്തില്‍ ഒരു പ്രവചനം കൂടി നടത്തി. നരേന്ദ്ര മോഡി പ്രധാനമന്ത്രിയായാല്‍ പോഷകാഹാര കുറവ് ഇന്ത്യ മുഴുവന്‍ വ്യാപിക്കും. പപ്പു എന്നും കഴിവ് കെട്ടവന്‍ എന്നുമൊക്കെ വിളിക്കുമെങ്കിലും രാഹുല്‍ ഗാന്ധി പറയുന്നതൊക്കെ ശരിയാവും. ഇതും ശരിയായി. എങ്ങനെ ശരിയായി എന്നതിന്റെ സൂചന കിട്ടാന്‍ താഴെ കാണിച്ച മാപ് നോക്കിയാല്‍ മതി.
ഇന്ത്യയിലെ കുട്ടികളുടെ പോഷകാഹാരകുറവ് പരിഹരിക്കാന്‍ അംഗന്‍വാടികളിലും സ്‌കൂളുകളിലും ദിവസം ഓരോ മുട്ട കൊടുക്കുന്ന ഏര്‍പ്പാടുണ്ടായിരുന്നു യു.പി.എ ഭരണകാലത്ത്. 2014 ന് ശേഷം ആര്‍.എസ്.എസ് പ്രൊമോട്ട് ചെയ്യുന്ന വെജിറ്റേറിയനിസം അവരുടെ നിയന്ത്രണത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളിലൂടെ നടപ്പിലാക്കി.
മുകളില്‍ കാണുന്ന മാപ് പ്രകാരം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിലവില്‍ ആകെ മുട്ട കൊടുക്കുന്നത് കര്‍ണാടകത്തിലാണ്. ദിവസം ഒന്നില്ല, ആഴ്ചയില്‍ രണ്ടു മുട്ട. ഇപ്പോള്‍ അതും നിര്‍ത്താന്‍ പോകുന്നു. ഏറ്റവും പോഷകാഹാര കുറവുള്ള പശു ബെല്‍റ്റ് എന്നറിയപ്പെടുന്ന മധ്യപ്രദേശ്, യു.പി, ഗുജറാത്തിലൊന്നും ഇപ്പോള്‍ മുട്ട കൊടുക്കുന്നില്ല. ബിഹാറില്‍ നിതീഷ് ഇപ്പോളും മുട്ട കൊടുക്കുന്നുണ്ട്, ആഴ്ചയില്‍ ഒന്ന് മാത്രം.
ഇപ്പോള്‍ ബി.ജെ.പി ക്കാര്‍ ഖാലിസ്ഥാനികളെന്നും തീവ്രവാദികളെന്നും വിളിച്ചാക്ഷേപിക്കുന്ന കര്‍ഷകര്‍, ആയ കാലത്തു കൃഷി ചെയ്തു ഗോഡൗണുകളൊക്കെ നിറച്ചു വച്ചിരിക്കുന്നത് കാരണം ഇപ്പോള്‍ പട്ടിണിയില്ല. സര്‍ക്കാരിന് ഗോഡൗണില്‍ കെട്ടി കിടക്കുന്ന അരിയും ഗോതമ്പും വിതരണം ചെയ്യേണ്ട പണിയേയുള്ളൂ. ഗോഡൗണുകളും കൃഷിയും അദാനിക്ക് കൊടുക്കുന്നതോടെ ആ സൗകര്യം തീരും. അപ്പോഴാണ് ശരിക്കുള്ള പട്ടിണി തുടങ്ങുക.
അരിയിലും ഗോതമ്പിലും പ്രധാനമായി ഫാറ്റും കാര്‍ബോ ഹൈഡ്രേറ്റുമാണുള്ളത്.
പോഷകാഹാര കുറവ് ഇല്ലാതാകണമെങ്കില്‍ കുട്ടികള്‍ പ്രോടീന്‍, മൈക്രോ ന്യൂട്രിയന്റ് ( വിറ്റാമിന്‍ ബി,സി,ഇ, മഗ്‌നീഷ്യം, സിങ്ക് ), അയേണ്‍, തുടങ്ങിയവയുള്ള ഭക്ഷണം കഴിക്കണം. മുട്ട, പാല്‍, ചിക്കന്‍, ബീഫ്, പയറു വര്‍ഗങ്ങള്‍, പലതരം പരിപ്പുകള്‍ എന്നിവയിലാണ് ഇന്ത്യന്‍ ആഹാരങ്ങളില്‍ പ്രോട്ടീന്‍ ഘടകങ്ങള്‍ കൂടുതലുള്ളത്. അത് കൊണ്ടാണ് മുട്ടയും പാലും അംഗന്‍വാടികളിലൂടെ കൊടുക്കാന്‍ മുന്‍ സര്‍ക്കാരുകള്‍ തീരുമാനിച്ചിരുന്നത്. അതാണ് സംഘപരിവാര്‍ ഇപ്പോള്‍ നിര്‍ത്തുന്നത്. അത് പട്ടിണി സൂചികയില്‍ താഴെ പോകാനുള്ള ഒരു കാരണം മാത്രം.
ഇന്ത്യയില്‍, അല്ലെങ്കില്‍ ലോകം മുഴുവന്‍, ഏറ്റവും കുറഞ്ഞ വിലക്ക് കിട്ടുന്ന പ്രോടീന്‍ ഭക്ഷണമാണ് ബീഫ്. അത് കൊണ്ടാണ് തുടക്കത്തില്‍ പറഞ്ഞ പോലെ ബുദ്ധിയുള്ള സായിപ്പന്മാര്‍ പശുക്കളെ മുഴുവന്‍ തിന്നു തീര്‍ക്കുന്നത്. ഉത്തരേന്ത്യയില്‍ പിന്നോക്ക ഹിന്ദുക്കള്‍, ദളിതന്മാര്‍, പാവപ്പെട്ട മുസ്‌ലിങ്ങള്‍ എന്നിവര്‍ക്കൊക്കെ ചുരുങ്ങിയ വിലക്ക് കിട്ടി കൊണ്ടിരുന്ന പ്രോടീന്‍ ഭക്ഷണമാണ് ബീഫ്. 2014 ന് ശേഷം ഉത്തരേന്ത്യയില്‍ പടര്‍ന്ന പശു സംരക്ഷകര്‍ പശുവിന്റെ കൂടെ ആരെ കണ്ടാലും തല്ലിക്കൊല്ലുന്ന പരിപാടി തുടങ്ങിയപ്പോള്‍ ചില കാര്യങ്ങള്‍ സംഭവിച്ചു.
ആളുകള്‍ രഹസ്യമായി കശാപ്പു ചെയ്തു ബീഫ് കഴിക്കുന്ന രീതി നിന്നു. വയസായ പശുക്കളെ ആരും വാങ്ങാനില്ലാത്തത് കൊണ്ട് റോഡിലേക്ക് ഇറക്കി വിടുക എന്നത് മാത്രമായി കര്‍ഷകര്‍ക്ക് മുമ്പിലെ മാര്‍ഗം, അല്ലെങ്കില്‍ വയസായ പശുക്കളെ മരിക്കുന്നത് വരെ പോറ്റണം. പാല്‍ ചുരത്തുന്ന പ്രായം കഴിഞ്ഞ പശുക്കളെ വാങ്ങാനാളില്ലാത്തത് കൊണ്ട് പശു വളര്‍ത്തല്‍ നഷ്ടമായി. നഷ്ടമായത് കൊണ്ട് പശു വളര്‍ത്തല്‍ കുറഞ്ഞു. പശുവുള്ള പാവപ്പെട്ട വീട്ടിലെ കുട്ടികള്‍ക്ക് അര ഗ്ലാസ് പാല്‍ കൊടുത്തിരുന്ന അമ്മമാര്‍ക്ക് അതിനുള്ള വഴിയില്ലാതായി. പശു സംരക്ഷകരെ കൊണ്ട് അങ്ങനെ രണ്ടു കാര്യങ്ങളുണ്ടായി, ബീഫുമില്ല, പാലുമില്ല. അങ്കണവാടികളില്‍ മുട്ടയുമില്ല.
ബീഫും പാലും മുട്ടയും കിട്ടാത്ത ഉത്തരേന്ത്യക്കാര്‍ക്ക് പിന്നീട് പ്രോടീന്‍ ഭക്ഷണം എന്ന് പറയാനുള്ളത് ദാല്‍ എന്ന് അവര്‍ വിളിക്കുന്ന പരിപ്പാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിലക്കയറ്റം ഉള്ളത് പെട്രോളിനും ഡീസലിനുമല്ല, ഭക്ഷ്യ എണ്ണകള്‍ക്കും പരിപ്പുകള്‍ക്കാണ്. 9% ആണ് പരിപ്പ് വിഭാഗങ്ങളിലെ ശരാശരി വിലക്കയറ്റം. ഈ വിലക്കയറ്റത്തിന് പിന്നിലും എക്കണോമിക്സിനേക്കാളും വലിയ കാരണം പൊളിറ്റിക്‌സ് ആണ്. അത് മറ്റൊരവസരത്തില്‍ പറയാം. ബദാമിലും പീസ്റ്റയിലും അവകാഡോയിലുമൊക്കെ ഇഷ്ടം പോലെ പ്രോടീന്‍ ഉണ്ട്. ആര്‍.എസ്.എസ് പ്രതിനിധീകരിക്കുന്ന മധ്യ ഉപരി വര്‍ഗത്തിന്റെ കുട്ടികള്‍ക്ക് അത് കൊണ്ട് തന്നെ പ്രോടീന്‍ കുറയില്ല.
ഇന്ത്യ പട്ടിണി സൂചികയില്‍ കൊല്ലം തോറും താഴോട്ട് വരുന്നതിന് കാരണം രണ്ടാണ്. ഒന്ന് ഒരു പ്രത്യയശാസ്ത്ര വാശിപോലെ ആര്‍.എസ്.എസ് അടിച്ചേല്‍പ്പിക്കുന്ന വെജിറ്റേറിയനിസം. രണ്ടു, മുസ്‌ലിങ്ങള്‍ക്ക് ഒരു പണി കിട്ടിക്കോട്ടെ എന്ന് കരുതി സംഘപരിവാറുകാര്‍ നടത്തുന്ന പശുക്കൊലപാതകങ്ങള്‍.
ഫലമോ, പോഷകാഹാരക്കുറവ് കൊണ്ട് ആരോഗ്യവും ബുദ്ധിശക്തിയും കുറഞ്ഞു വളരുന്ന ഇന്ത്യന്‍ കുട്ടികള്‍. ഈ കുട്ടികളാണ് നാളെ ചൈനക്കാരും അമേരിക്കക്കാരുമൊക്കെയായി മത്സരിക്കേണ്ടത്. ഇരുപതോ മുപ്പതോ കൊല്ലം കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോള്‍ നമ്മുടെ തലമുറ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വിചാരണ കുട്ടികള്‍ക്ക് പോഷകാഹാരം കൊടുക്കാന്‍ വിസമ്മതിക്കുന്ന ഒരു സര്‍ക്കാരിനെ എന്തിന് തെരഞ്ഞെടുത്തു എന്നതായിരിക്കും.
വിദ്യാലയങ്ങളിലെ ഉച്ച ഭക്ഷണ പദ്ധതിയുടെ പേര് മാറ്റി പ്രധാനമന്ത്രി പോഷന്‍ എന്നാക്കിയിട്ടുണ്ട് കഴിഞ്ഞയാഴ്ച. പോഷണമില്ലാത്ത ഭക്ഷണത്തിന് പ്രധാനമന്ത്രി പോഷന്‍ എന്ന പേരിടുന്നത് ആധുനിക ഇന്ത്യയില്‍ ഒരു തെറ്റല്ല. ബജറ്റ് വിഹിതം വെട്ടിക്കുറച്ചിട്ടുമുണ്ട്. അതിലും അത്ഭുതമില്ല.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Farook writes about Starvation list and food agenda of RSS