ക്രിസ്ത്യന്‍ മുസ്‌ലിം പ്രശ്‌നങ്ങളുടെ രണ്ടാമത്തെ കാരണം ബിസിനസ് ജിഹാദ്
Discourse
ക്രിസ്ത്യന്‍ മുസ്‌ലിം പ്രശ്‌നങ്ങളുടെ രണ്ടാമത്തെ കാരണം ബിസിനസ് ജിഹാദ്
ഫാറൂഖ്
Sunday, 12th September 2021, 2:40 pm
അമേരിക്കയിലേക്കോ കാനഡയിലോക്കോ കുടിയേറാനുള്ള മോഹം മാറ്റി വച്ച് നാട്ടില്‍ സംരഭകരാവണം. പണമുള്ള മുതിര്‍ന്ന ക്രിസ്ത്യാനികള്‍ സ്റ്റോക്ക് മാര്‍ക്കറ്റിലും ബോണ്ടിലും എഫ്.ഡി യിലുമൊക്കെ നിക്ഷേപിക്കുന്നത് നിര്‍ത്തി ന്യൂ-ജെന്‍ സംരംഭകര്‍ക്ക് ഫിനാന്‍സ് ചെയ്യണം. കുറ്റ്യാടിയിലും പയ്യോളിയിലും ചൊക്ലിയിലുമൊക്കെ ക്രിസ്ത്യന്‍ ചെറുപ്പക്കാര്‍ കൂള്‍ ബാറും ബാര്‍ബര്‍ ഷോപ്പുമൊക്കെ തുറക്കട്ടെ.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ എഴുതിയ ‘എഡ്യൂക്കേഷന്‍ ജിഹാദ്’ എന്ന ലേഖനത്തിന്റെ രണ്ടാം ഭാഗം. ആദ്യ ഭാഗം ഇവിടെ വായിക്കാം

ചരിത്ര പുസ്തകങ്ങള്‍ വായിക്കാന്‍ ശീലമോ ക്ഷമയോ ഇല്ലാത്ത നമ്മള്‍ സാധാരണക്കാര്‍ക്ക് ചരിത്രം മനസ്സിലാക്കാന്‍ നല്ലത് അതാത് കാലത്തെ പുസ്തകങ്ങളോ സിനിമകളോ ആണെന്ന് കഴിഞ്ഞ ഭാഗത്തില്‍ സൂചിപ്പിച്ചിരുന്നു.

കൊച്ചി കേന്ദ്രീകരിച്ച് കുറെ മുസ്‌ലിം സംവിധായകരും നിര്‍മാതാക്കളുമൊക്കെ സിനിമാ ജിഹാദ് തുടങ്ങുന്നതിന് മുന്‍പ്, എഴുപതുകള്‍ മുതല്‍ തൊണ്ണൂറുകളുടെ രണ്ടാം പാതി വരെ, കേരളത്തില്‍ റിലീസ് ആയികൊണ്ടിരുന്ന സിനിമകളിലെ പണക്കാരായ ക്രിസ്ത്യന്‍ കഥാപാത്രങ്ങളെ ഓര്‍ക്കുന്നുണ്ടോ. നായകനായാലും വില്ലനായാലും, എന്തായിരുന്നു അവരുടെ ബിസിനസ്സ്, ഒന്നുകില്‍ അബ്കാരി, അല്ലെങ്കില്‍ ബ്ലേഡ്, അതേയുള്ളൂ.

ഇന്നത്തെ ന്യൂ-ജെന്‍ സിനിമകളെ പോലെ തുമ്പും വാലും ഇല്ലാത്തതല്ല, ലളിതമായ തിരക്കഥകളായിരുന്നു അക്കാലത്ത്. ഒരു നല്ല മുതലാളി, ഒരു ചീത്ത മുതലാളി. നല്ല മുതലാളിയുടെ മകളെ ചീത്ത മുതലാളിയുടെ മകന്‍ പ്രേമിക്കും. ചീത്ത മുതലാളി ചാരായ ഷാപ്പില്‍ ആനമയക്കി കലക്കും, നല്ല മുതലാളി പരിശുദ്ധമായ ചാരായം കൊടുക്കും. നല്ല മുതലാളി മിതമായ പലിശക്ക് കടം കൊടുക്കും, ചീത്ത മുതലാളി കൊള്ള പലിശ വാങ്ങും. രണ്ടാളുടെയും വീടുകളില്‍ തോക്കും പുലിത്തോലും ആനക്കൊമ്പുമൊക്കെ ഉണ്ടാകും. ക്ലൈമാക്സ് പറയുന്നില്ല.

അക്കാലത്തെ സിനിമകളിലെ മുസ്‌ലിം മുതലാളിമാരെ ഓര്‍മ്മയുണ്ടോ. സാധ്യത വളരെ കുറവാണ്. മുസ്‌ലിങ്ങളില്‍ അന്നൊന്നും മുതലാളിമാരില്ല. മറ്റു മുതലാളിമാരുടെ സുഹൃത്തായി ചിലപ്പോള്‍ ഒരു അരിക്കച്ചവടക്കാരനെയോ തേങ്ങാ കച്ചവടക്കാരനെയൊക്കെയോ കാണാം. കുറ്റം പറയരുതല്ലോ, പത്തിഞ്ചു വീതിയുള്ള പച്ച ബെല്‍റ്റും കാള മുക്രയിടുന്ന ശബ്ദവുമാണെങ്കിലും അവര്‍ പൊതുവെ സദ്ഗുണ സമ്പന്നന്മാരായിരിക്കും.

ചാരായ ക്രൂസേഡും ബ്ലേഡ് ക്രൂസേഡുമൊക്കെ ആരോപിക്കാന്‍ വരട്ടെ. ചരിത്രത്തിന് ഒരുപാട് അടരുകളുണ്ട്. 1991ല്‍ മന്‍മോഹന്‍സിങ് സാമ്പത്തിക പരിഷ്‌കരണം തുടങ്ങുന്നതിന് മുമ്പേ പണമുണ്ടാക്കാന്‍ വലിയ അവസരങ്ങളൊന്നുമില്ലായിരുന്നു. ജനങ്ങളുടെ സാമ്പത്തിക സ്ഥിതി വളരെ പരിതാപകരമായിരുന്നു. ഉപഭോഗം തീരെ കുറവായിരുന്നു. ഭക്ഷണം എന്ന് പറയാന്‍ ആണുങ്ങള്‍ക്ക് ചോറോ കപ്പയോ, പെണ്ണുങ്ങള്‍ അരപട്ടിണി, വസ്ത്രം വാങ്ങുന്നത് കൊല്ലത്തിലൊരിക്കല്‍, ആയിരത്തില്‍ ഒരാള്‍ക്ക് ഒരു കാറോ യെസ്ഡി മോട്ടോര്‍ സൈക്കിളോ.

കച്ചവടം എന്നാല്‍ അരി, തുണിക്കട, പച്ചക്കറി, ചെറുകിട റസ്റ്റോറന്റുകള്‍ എന്നിവ മാത്രം. അവിടെ കാര്യമായി കച്ചവടങ്ങളൊന്നുമില്ല. ബേക്കറിയൊക്കെ അപൂര്‍വമായേ ഉള്ളൂ, ഉള്ള ബേക്കറിയില്‍ തന്നെ മിക്ച്ചറും ചിപ്‌സും റസ്‌കും മാത്രം. കൂള്‍ബാര്‍ ഇല്ല, ഐസ്‌ക്രീം പാര്‍ലറുകളില്ല, ഐസ്‌ക്രീം തന്നെ മിക്കവരും കണ്ടിട്ടില്ല.

അക്കാലത്ത് പണക്കാരാകാന്‍ പ്രധാനമായും രണ്ടു മാര്‍ഗങ്ങളാണ് ഉണ്ടായിരുന്നത്, തുടക്കത്തില്‍ പറഞ്ഞ അബ്കാരിയും ബ്ലേഡും. രണ്ടും മുസ്‌ലിങ്ങള്‍ക്ക് ഹറാം. മുസ്‌ലിങ്ങള്‍ ഹറാമൊന്നും ചെയ്യാത്ത മാന്യന്മാരായത് കൊണ്ടല്ല, ഹറാമിനെക്കാള്‍ വലിയ ഒരു പ്രശ്‌നമുണ്ട്, സോഷ്യല്‍ സ്റ്റിഗ്മ. ഈ രണ്ടു പണിയും ചെയ്യുന്നവര്‍ക്ക് മുസ്‌ലിങ്ങള്‍ക്കിടയില്‍ പെണ്ണ് കിട്ടില്ല. പിന്നെ അവര്‍ക്ക് ചെയ്യാന്‍ ബാക്കിയുള്ള ബിസിനസുകളാണ് അരിക്കച്ചവടവും തുണിക്കച്ചവടവും തേങ്ങാ കച്ചവടവും. അതവര്‍ ഭംഗിയായി ചെയ്തു. ബിസിനസ് അക്യൂമെന്‍ ആവശ്യത്തിനുള്ളവരാണ് മുസ്‌ലിങ്ങള്‍, പക്ഷെ ഇല്ലാത്തതൊന്നുണ്ടായിരുന്നു. വിദ്യാഭ്യാസം. എണ്‍പതുകള്‍ക്ക് ശേഷമാണ് മുസ്‌ലിങ്ങള്‍ കാര്യമായി വിദ്യാഭ്യാസം ചെയ്യാന്‍ തുടങ്ങിയത്. വിശദമായി കഴിഞ്ഞ ഭാഗത്തില്‍ എഴുതിയിട്ടുണ്ട്. ആഡം സ്മിത്ത് എന്ന പേര് മുസ്‌ലിങ്ങള്‍ കേട്ടിട്ട് പോലുമില്ലായിരുന്നു, എന്റര്‍പ്രെണര്‍ഷിപ്പ് എന്ന വാക്കും.

ഉത്തര മലബാറില്‍ കുറെ ചെറിയ ടൗണുകളുണ്ട്. കൊയിലാണ്ടി, വടകര, തലശ്ശേരി, വളപട്ടണം, നാദാപുരം, തുടങ്ങി അത്യാവശ്യം കച്ചവടം നടക്കുന്ന ടൗണുകള്‍. ഇവിടങ്ങളിലൊക്കെ കുറെ മുസ്‌ലിം മുതലാളിമാരുണ്ടായിരുന്നു. അടക്കാ കച്ചവടം, തേങ്ങാ കച്ചവടം, ഹോട്ടല്‍ എന്ന് വിളിക്കുന്ന റസ്റ്റോറന്റുകള്‍ ഒക്കെ നടത്തുന്നവര്‍.

അവരുടെ ബിസിനസ് പോളിസി ഇത്രയേ ഉണ്ടായിരുന്നുള്ളൂ. ഒരു മുറി പീടിക. അതില്‍ മുതലാളിയും പണിക്കാരും. കിട്ടുന്ന ലാഭം വീട്ടില്‍ കൊണ്ടുപോയി വക്കും. കൂടുതല്‍ പണമായാല്‍ കുറച്ചു സ്ഥലം വാങ്ങും. കുറച്ചു പൊന്നു വാങ്ങും. അതെ ഒറ്റ മുറി പീടികയില്‍ മരണം വരെ കച്ചവടം തുടരും. പരമാവധി പോയാല്‍ കോഴിക്കോട് മിഠായി തെരുവിലേക്ക് കച്ചവടം വ്യാപിപ്പിക്കും. മുതലാളി എന്ന വിളിയാണ് ബാക്കി. മുതലാളി മരിച്ചാല്‍ മകന്‍ മുതലാളിയാവും.

പലിശ ഹറാമായത് കൊണ്ട് ബാങ്കില്‍ പോവില്ല. ബാങ്കില്‍ പോവാത്തത് കൊണ്ട് വായ്പയും കിട്ടില്ല. കിട്ടിയാലും വായ്പ എടുക്കില്ല. മറ്റുള്ളവര്‍ക്ക് ഷെയര്‍ കൊടുക്കില്ല. ബ്രാഞ്ചുകളില്ല, മറ്റു മേഖലകളില്‍ ഒന്നും ഇന്‍വെസ്റ്റ്‌മെന്റ് ഇല്ല. കുത്തനെ വളരും, വിലങ്ങനെ വളരില്ല. എക്കണോമിസ്റ്റുകളുടെ ഭാഷയില്‍ പറഞ്ഞാല്‍ വെര്‍ട്ടിക്കല്‍ ഗ്രോത്ത് മാത്രം, ഹൊറിസോണ്ടല്‍ ഇല്ല. അതുകൊണ്ട് തന്നെ വളപട്ടണത്തെ മുതലാളി വളപട്ടണത്ത് തന്നെ ജീവിച്ചു മരിക്കും. ഒരു മുസ്‌ലിം കച്ചവടക്കാരനും പാലയില്‍ എത്തിയില്ല. അതുകൊണ്ട് തന്നെ അക്കാലത്തെ പാലാ ബിഷപ്പുമാര്‍ പലവിധ ജിഹാദുകളുടെ കാര്യം പറഞ്ഞുമില്ല.

അങ്ങനെയിരിക്കുമ്പോള്‍ ഗള്‍ഫ് വന്നു, എഡ്യൂക്കേഷന്‍ ജിഹാദ് വന്നു, മന്‍മോഹന്‍ സിംഗ് വന്നു. ഒറ്റ മുറി മുതലാളിയുടെ മക്കള്‍ എം.ബി.എ എടുത്തു. അവര്‍ ആദ്യമായി ആഡം സ്മിത്ത് എന്ന പേര് കേട്ടു, എന്റര്‍പ്രെണര്‍ഷിപ്പ് എന്ന വാക്ക് കേട്ടു. ഇനി വെര്‍ട്ടിക്കല്‍ ഗ്രോത്ത് പോരാ ഹൊറിസോണ്ടല്‍ ഗ്രോത്ത് വേണം എന്നവര്‍ തീരുമാനിച്ചു. അതിനു ശേഷം സംഭവിച്ചതാണ് ബിസിനസ് ജിഹാദ്.

ക്യാപിറ്റലിസം നടക്കണമെങ്കില്‍ ക്യാപിറ്റല്‍ വേണം. ക്യാപിറ്റല്‍ എന്നാല്‍ കാശ്. ഒറ്റമുറി മുതലാളിയുടെ മക്കള്‍ വെന്‍ച്വര്‍ ക്യാപിറ്റലിസന്റെ ബാല പാഠങ്ങള്‍ പഠിച്ചു, പഠിച്ചതിലും വേഗത്തില്‍ നടപ്പാക്കി. ബാങ്കില്‍ പോവാനും പലിശ വാങ്ങാനും സ്റ്റോക്ക് മാര്‍ക്കറ്റിലും ബോണ്ടിലുമൊക്കെ നിക്ഷേപിക്കാനുമുള്ള മുസ്‌ലിങ്ങളുടെ വിമുഖത ഇവര്‍ക്ക് ഗുണമായി. കയ്യിലുള്ള പണം എവിടെയെങ്കിലും നിക്ഷേപിച്ചു കൂടുതല്‍ പണമുണ്ടാക്കാന്‍ അവസരം തേടി നടന്ന മുസ്‌ലിം പണക്കാരെ, പ്രത്യേകിച്ച് ഗള്‍ഫുകാരെ, ഈ ന്യൂ-ജെന്‍ ബിസിനസുകാര്‍ സോപ്പടിച്ചു കുപ്പിയിലാക്കി.

തലശ്ശേരിയില്‍ റെസ്റ്റോറന്റ് നടത്തിയവരുടെ മക്കള്‍ നേരെ ബാംഗ്ലൂരിലേക്ക് വച്ച് പിടിച്ചു. എം.ജി. റോഡില്‍ ഹോട്ടല്‍ തുടങ്ങി, പിന്നെ മൈസൂരില്‍, അത് കഴിഞ്ഞു കൊച്ചിയില്‍. ദുബായിലും റിയാദിലും മസ്‌കറ്റിലും. മെല്ലെ മെല്ലെ കോട്ടയത്തും തിരുവന്തപുരത്തും, അത് കഴിഞ്ഞു പാലായും കടുത്തുരുത്തിയും പൂഞ്ഞാറും. പുതിയാപ്ലമാര്‍ കൊളസ്‌ട്രോളും ഷുഗറും കൂടി പെട്ടെന്ന് തട്ടിപ്പോകാന്‍ തലശ്ശേരിയിലെ അമ്മായിമാരുണ്ടാക്കുന്ന മുട്ടമാലയും ഉന്നക്കായയും കായിപ്പോളയുമൊക്കെ കോട്ടയത്തെ അച്ചായന്മാരെ കൊണ്ട് കൊണ്ടു തീറ്റിച്ചു. തിരുവന്തപുരത്തെ നായന്മാരുടെ ആയുര്‍ദൈര്‍ഘ്യം കുറക്കാന്‍ കോഴിക്കോടന്‍ ദം ബിരിയാണി എന്നും പറഞ്ഞ് ഒരു ബക്കറ്റ് വെളിച്ചെണ്ണ ബിരിയാണി ചെമ്പിലൊഴിച്ചു കൊളസ്ട്രോള്‍ ജിഹാദിന് തുടക്കം കുറിച്ചു.

ദുബായിലെയും ദോഹയിലെയും അന്താരാഷ്ട്ര ഹോട്ടല്‍ ഫ്രാഞ്ചൈസികളില്‍ ജോലി ചെയ്ത മലപ്പുറത്തുകാരും കോഴിക്കോട്ടുകാരും പിസ്സയും സ്പാഗട്ടിയും പെറി-പെറി ചിക്കനുമൊക്കെ ഉണ്ടാക്കി ഇറ്റാലിയന്‍ സ്പാനിഷ് ഫുഡ് എന്നൊക്കെ പറഞ്ഞ് കൊച്ചിയിലെ ഐ.ടി. തൊഴിലാളികളെ പറ്റിച്ചു. അറബികള്‍ പോലും കേള്‍ക്കാത്ത അറബി ഫുഡും തുര്‍ക്കിക്കാര്‍ പോലും കേള്‍ക്കാത്ത തുര്‍ക്കിഷ് ഫുഡും കൂത്താട്ടുകുളത്തു വരെ കിട്ടാന്‍ തുടങ്ങി.

ശബരിമല റൂട്ടിലും ഗുരുവായൂര്‍ റൂട്ടിലുമൊക്കെ ഒരു കുടവയറന്‍ നമ്പൂതിരിയുടെ ചിത്രവും വച്ച് ശുദ്ധ വെജിറ്റേറിയന്‍ ഹോട്ടലുകള്‍ തുടങ്ങി. സുലൈമാനി വിറ്റവരുടെ മക്കള്‍ കാപ്പച്ചിനോ പത്തിരട്ടി വിലക്ക് വിറ്റു ജാഡക്കാര്‍ക്ക് പണി കൊടുത്തു. ഒരു കല്പറ്റക്കാരന്‍ ഇഡ്ഡലിയും ദോശമാവും ചട്ണിയുമൊക്കെ പാക്കറ്റിലാക്കി വിറ്റു കാശാക്കി ഹാര്‍വാര്‍ഡിലൊക്കെ പോയി പ്രസംഗിച്ചു താരമായി.

നാട്ടുകാരുടെ ഭക്ഷണ ശീലം മാറിയത് ഇവര്‍ക്ക് ഗുണമായി. ആഴ്ചയില്‍ ഒരു ദിവസം പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്നതും വൈകിട്ട് ഷവര്‍മയും കബാബുമൊക്കെ ഓര്‍ഡര്‍ ചെയ്തു വരുത്തുന്നതുമൊക്ക നാട്ടുകാരുടെ ശീലമായി. അല്‍ ഫഹം എന്ന അറബി വാക്ക് മലയാളത്തില്‍ അല്‍ഫാമായി. കുഴിമന്തി എന്ന ലോകത്തില്ലാത്ത ഒരു പേര് മലയാള ഭാഷയ്ക്കു മുതല്‍ക്കൂട്ടായി. മലയാളികളുടെ ശീലം മാറുന്നതനുസരിച്ചു ന്യൂ-ജെന്‍ മുസ്‌ലിം ബിസിനസുകാര്‍ കാശുകാരായി. കാശുകാര്‍ക്ക് കാശു കൊടുക്കാന്‍ നാട്ടുകാര്‍ക്ക് മടിയില്ലല്ലോ. കൂടുതല്‍ ഇന്‍വെസ്റ്റ്‌മെന്റ് വന്നു. പ്രധാനമായും ഗള്‍ഫില്‍ നിന്ന്. കൂടുതല്‍ ഫ്രാന്‍ഞ്ചൈസികളായി.

ഗള്‍ഫുകാര്‍ കള്ളപ്പണം കടത്തിയിട്ടാണ് ബിസിനസ് ഉണ്ടാക്കുന്നതെന്ന് അസൂയക്കാര്‍ പറഞ്ഞു നടന്നു. സത്യത്തില്‍ കള്ളപ്പണം കടത്തേണ്ട ആവശ്യമില്ലാത്തവരായി പ്രവാസികളെ ഉണ്ടായിരുന്നുള്ളു, കാരണം എന്‍.ആര്‍.ഐ നിക്ഷേപത്തിന് ടാക്‌സ് കൊടുക്കേണ്ട. സോഴ്‌സും കാണിക്കണ്ട. ടാക്‌സ് ഉണ്ടെങ്കിലല്ലേ ടാക്‌സ് വെട്ടിക്കേണ്ട ആവശ്യമുള്ളൂ. ടാക്‌സ് വെട്ടിച്ച പണമെന്നാണല്ലോ കള്ളപ്പണം. (ഹവാലയുടെ ആവശ്യം നാട്ടിലെ അഴിമതിക്കാര്‍ക്കാര്‍ക്കും ടാക്‌സ് വെട്ടിക്കുന്ന മാര്‍വാടികള്‍ക്കുമാണെന്ന് അറിയാത്തവര്‍ക്ക് കേരളത്തിലെ പ്രമുഖ സമുദായ നേതാവിന്റെ മകന്‍ ദുബായ് ജയിലിലായപ്പോള്‍ എഴുതിയ ഒരു കഥയുണ്ട്, അത് വായിക്കാം.

അങ്ങനെയിരിക്കുമ്പോള്‍ ഒരു എട്ടാം തീയ്യതി എട്ടു മണിക്ക് ഇന്ത്യയിലെ നോട്ടു മുഴുവന്‍ നിരോധിച്ചു. ഘര്‍ മേ ശാദി ഹേ പൈസ നഹി. ആ സംഭവം ഇന്ത്യയെ മാറ്റി മറിച്ചു. എക്കണോമി തകര്‍ന്നു, പക്ഷെ മുസ്‌ലിം സംരംഭകര്‍ക്ക് അത് വലിയൊരു നേട്ടമായി. പലിശ പേടിച്ചു ബാങ്കില്‍ ഇടാതെ കറന്‍സി സൂക്ഷിക്കുന്നത് സുരക്ഷിതം അല്ലാതാകുകയും റിയല്‍ എസ്റ്റേറ്റ് തകരുകയും ചെയ്തതോടെ മറ്റുള്ളവര്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകളിലേക്ക് ഓടിയപ്പോള്‍ മുസ്‌ലിങ്ങള്‍ ന്യൂ-ജെന്‍ ബിസിനസുകളിലേക്ക് പണം പമ്പു ചെയ്തു. നാട് മുഴുവന്‍ മുസ്‌ലിങ്ങളുടെ ഹോട്ടലുകള്‍, ബേക്കറികള്‍, ഐ.ടി. കമ്പനികള്‍, ഇറക്കുമതി, മൊബൈല്‍ ഷോപ്പ്, സലൂണ്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, കൂള്‍ബാറുകള്‍ തുടങ്ങിയവ കൊണ്ട് നിറഞ്ഞു.

ഇതേ സമയത്ത് ക്രിസ്ത്യന്‍ ബിസിനസുകള്‍ക്ക് എന്ത് പറ്റി എന്ന് കൂടെ പറഞ്ഞാലേ ഈ കഥ പൂര്‍ത്തിയാവൂ.

1996 ല്‍ എ.കെ. ആന്റണി ചരിത്രപരമായ ഒരു തീരുമാനമെടുത്തു. ചാരായം നിരോധിക്കല്‍. അതോടെ അബ്കാരി ബിസിനസ് തീര്‍ന്നു. ചാരായമായിരുന്നു അബ്കാരി ബിസിനസില്‍ ഏറ്റവും ലാഭകരമായത്. അത് പോയി. കള്ളുഷാപ്പുകളില്‍ വലിയ ലാഭമില്ല എന്ന് മാത്രമല്ല അത് എസ്.എന്‍.ഡി.പി യുടെ സാമ്രാജ്യവുമാണ്. ഇടതു സര്‍ക്കാരുകള്‍ മുക്കിനു മുക്കിന് ബീവറേജുകള്‍ തുടങ്ങിയതോടെ ബാറുകളില്‍ ആള് കുറഞ്ഞു. പഴയതു പോലെ അതും ലാഭമില്ലാതായി.

കേരളത്തിലെങ്ങും ബ്രാഞ്ചുകളുണ്ടായിരുന്ന വന്‍ ജ്വല്ലറി ഗ്രൂപ്പുകളും ടെക്‌സ്റ്റെയ്ല്‍ ഗ്രൂപ്പുകളും പല വിധ കാരണങ്ങള്‍ കൊണ്ട് ശോഷിച്ചു. പഴയ തലമുറയിലെ ബിസിനസ്സുകാരുടെ മക്കള്‍ മിക്കവാറും അമേരിക്കയിലേക്കോ കാനഡയിലേക്കോ മൈഗ്രേറ്റ് ചെയ്തു. ബിസിനസ്സുകള്‍ ഏറ്റെടുക്കാനും വളര്‍ത്താനും ആളില്ലാതായി. പലരും നാട്ടിലെ സ്വത്തുക്കള്‍ വിറ്റു പണം വിദേശത്തേക്ക് കൊണ്ടുപോയി. ബിസിനസ് ജിഹാദികളോട് ശക്തമായ മത്സരം നടത്തി മാര്‍ക്കറ്റ് ഷെയര്‍ പിടിക്കാന്‍ ആളില്ലാതായി.

നോട്ടുനിരോധനം ക്രിസ്ത്യന്‍ ബിസിനസുകാരെ ഏറ്റവും ദോഷകരമായി ബാധിച്ചു. ഫിനാന്‍സ് കമ്പനികള്‍ പലതും പൊട്ടി. പൊട്ടാത്തവയിലും നിക്ഷേപിക്കാന്‍ ആളുകള്‍ക്ക് ഭയമായി. ഇ.ഡിയും ഐ.ടിയും റിസര്‍വ് ബാങ്കും ഫിനാന്‍സ് കമ്പനികളെ നാലു വശത്തു നിന്നും പൂട്ടി. വന്‍കിട ഫിനാന്‍സ് കമ്പനികളുടെ ഉടമകള്‍ പോലും കിട്ടിയ കാശുമെടുത്ത് കുട്ടികളെയും കൂട്ടി കിട്ടിയ വിമാനത്തിന് വിദേശത്തേക്ക് വിട്ടു. സഭകള്‍ക്ക് വിദേശത്തു നിന്ന് വന്നുകൊണ്ടിരുന്ന ഫണ്ടുകള്‍ക്ക് എന്തുപറ്റി എന്ന് ഇവിടെ പറയുന്നില്ല, അത് ബിസിനസ് അല്ലല്ലോ.

ഇതാണ് ഇപ്പോഴത്തെ കഥ. ഇനി എന്താണ്. എല്ലാവരും പറയും മതനേതാക്കളും രാഷ്ട്രീയക്കാരുമൊക്കെ ഒരു മേശക്ക് ചുറ്റും ഇരുന്ന് ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്നൊക്കെ. ഒരു കാര്യവുമില്ല. ഇത് ബിസിനസ്സാണ്. സര്‍ക്കാരിനോ മത നേതാക്കള്‍ക്കോ ഇതില്‍ ഒന്നും ചെയ്യാനില്ല. ബഹിഷ്‌ക്കരണാഹ്വാനങ്ങള്‍ കൊണ്ടും തെറി വിളികള്‍ കൊണ്ടും കാര്യമില്ല. ഇതിന്റെ പരിഹാരം മിടുക്കരായ ക്രിസ്ത്യന്‍ ചെറുപ്പക്കാരില്‍ നിന്നാണ് വരേണ്ടത്.

അവര്‍ അമേരിക്കയിലേക്കോ കാനഡയിലോക്കോ കുടിയേറാനുള്ള മോഹം മാറ്റി വച്ച് നാട്ടില്‍ സംരഭകരാവണം. പണമുള്ള മുതിര്‍ന്ന ക്രിസ്ത്യാനികള്‍ സ്റ്റോക്ക് മാര്‍ക്കറ്റിലും ബോണ്ടിലും എഫ്.ഡി യിലുമൊക്കെ നിക്ഷേപിക്കുന്നത് നിര്‍ത്തി ന്യൂ-ജെന്‍ സംരംഭകര്‍ക്ക് ഫിനാന്‍സ് ചെയ്യണം. കുറ്റ്യാടിയിലും പയ്യോളിയിലും ചൊക്ലിയിലുമൊക്കെ ക്രിസ്ത്യന്‍ ചെറുപ്പക്കാര്‍ കൂള്‍ ബാറും ബാര്‍ബര്‍ ഷോപ്പുമൊക്കെ തുറക്കട്ടെ. വിപണിയിലെ മത്സരം സമൃദ്ധിയുണ്ടാക്കും.

കുത്തിത്തിരിപ്പുകാര്‍ മാറി നില്‍ക്കട്ടെ, സംരംഭകര്‍ മത്സരിക്കട്ടെ, എല്ലാവര്‍ക്കും ഗുണമേ ഉണ്ടാകൂ.

വാല്‍ക്കഷണം: വിവേചനപരമായ പരാമര്‍ശങ്ങള്‍ പാനലിസ്റ്റുകളുടെ ഭാഗത്തു നിന്നുണ്ടാകുമ്പോള്‍ പൊതുവെ മലയാളം ടി.വി. അവതാരകര്‍ ഇടപെടാറുണ്ട്. അതുകൊണ്ട് തന്നെ കുറച്ചു കാലം മുമ്പ് വ്യാപകമായി ഉപയോഗിക്കപ്പെടാറുണ്ടായിരുന്ന ‘ആണും പെണ്ണും കെട്ടവന്‍’, ‘ചെറ്റത്തരം’, ‘പെണ്ണൊരുമ്പെട്ടാല്‍’, ‘പുലബന്ധം’ തുടങ്ങിയ പ്രയോഗങ്ങള്‍ ഇപ്പോള്‍ കേള്‍ക്കാറില്ല.

എന്നാല്‍ ഇപ്പോഴും അവതാരകര്‍ ഇടപെടാന്‍ തയ്യാറാകാത്ത അശ്ളീല പരാമര്‍ശമാണ് ‘എനിക്ക് മുസ്‌ലിം സുഹൃത്തുക്കളുണ്ട്’ എന്നത്. പണ്ട് വംശീയ വാദികളായ വെള്ളക്കാര്‍ താന്‍ വംശീയ വാദി അല്ല എന്ന് നാട്ടുകാരെ ബോധിപ്പിക്കാന്‍ ‘എനിക്ക് ഒരു കറുത്ത സുഹൃത്തുണ്ട്’ എന്നോ ‘എനിക്ക് ചില കറുത്തവരെയൊക്കെ അറിയാം’ എന്നൊക്കെ പറയാറുണ്ടായിരുന്നു.

ഇക്കാലത്ത് അത് വലിയ ഒരു അശ്ലീലമായാണ് കണക്കാക്കുക. സി.എന്‍.എന്നിലോ ബി.ബി.സിയിലോ ഒക്കെ അങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ അയാളെ അപ്പൊ തന്നെ ഇറക്കി വിടും. ഈ വിക്കിപീഡിയ പേജില്‍ വിശദ വിവരങ്ങളുണ്ട്.

മലയാളത്തിലെ ഏറ്റവും ആദരിക്കപ്പെടുന്ന അവതാരകളിലൊരാളായ വേണു അവതരിപ്പിച്ച ഒരു പരിപാടിയില്‍ പി.സി. ജോര്‍ജ്ജും അഡ്വ ജയശങ്കറും ‘എനിക്ക് പല മുസ്‌ലിം സുഹൃത്തുക്കളുണ്ട്’ , ‘എനിക്ക് ഒരു മുസ്‌ലിമിനെ അറിയാം’, ‘എന്റെ സെക്രട്ടറി ഒരു മുസ്‌ലിമാണ്’, ‘ഞാന്‍ മുടി വെട്ടുന്നത് മുസ്‌ലിമിന്റെ കടയില്‍ നിന്നാണ്’ എന്നൊക്കെ ആവര്‍ത്തിക്കുന്നതും വേണു ഇടപെടാതിരിക്കുന്നതും കണ്ടപ്പോള്‍ സങ്കടം തോന്നി. ആര് പറഞ്ഞാലും അത് അശ്ലീലമാണ്, മുസ്‌ലിങ്ങളുടെയും ക്രിസ്ത്യാനികളുടെയും ഇടയില്‍ വിദ്വേഷം ഉണ്ടാക്കാന്‍ കച്ചകെട്ടി ഇറങ്ങിയ രണ്ടു പേര്‍ പറഞ്ഞാല്‍ പ്രത്യേകിച്ചും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Farook writes about Christian Muslim Conflict

ഫാറൂഖ്
ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ