| Sunday, 19th January 2020, 1:36 pm

പിതാക്കന്മാരാണ് ശരി. പൗരത്വമല്ല, ലവ് ജിഹാദാണ് പ്രശ്‌നം !

ഫാറൂഖ്

വല്ലപ്പോഴും കാണാവുന്ന ചില യുക്തിവാദികളെ ഒഴിച്ച് നിര്‍ത്തിയാല്‍ നാട്ടില്‍ മുഴുവന്‍ മത വിശ്വാസികളാണ്. ഇതില്‍ ഏതെങ്കിലും ഒരു മതത്തിന്റെ ഗുണം കണ്ട് ആ മതത്തിലേക്ക് മാറിയ ഒന്നോ രണ്ടോ പേരെ ആരെങ്കിലുമൊക്കെ കണ്ടിട്ടുണ്ടാവും, മിക്കവാറും ആരും കണ്ടിട്ടുമില്ല.

പീഡിപ്പിച്ചു മതം മാറ്റിയ സംഭവങ്ങള്‍, കാശു കൊടുത്തു മതം മാറ്റിയ സംഭവങ്ങള്‍ ഒക്കെ കേട്ടിട്ടുണ്ടെങ്കിലും നമ്മള്‍ കാണുന്ന മിക്കവാറും മതവിശ്വാസികളൊന്നും ഈ തരത്തിലൊന്നും പെട്ടവരല്ല. പിന്നെ നമുക്ക് ചുറ്റും ഇക്കാണുന്ന കോടാനുകോടി മത വിശ്വാസികള്‍ എങ്ങനെ ഉണ്ടായി?

ഉത്തരം – അറേഞ്ചഡ്-മാര്യേജ്

അറേഞ്ചഡ്-മാര്യേജിന് മലയാളത്തില്‍ പ്രത്യേകം വാക്കില്ല. മാര്യേജ് ആണോ എങ്കില്‍ അത് അറേഞ്ചഡ് ആയിരിക്കണം എന്ന് മലയാളികള്‍ പണ്ടേ തീരുമാനിച്ചത് കൊണ്ടാകും. സംഗതി ഇത്രയേയുള്ളൂ, ഒരു പെണ്‍കുട്ടിക്ക് കല്യാണ പ്രായം എത്തി എന്ന് കുടുംബത്തിലെ അമ്മാവന്മാര്‍ തീരുമാനിക്കുന്നു. എന്നിട്ട് ഒരേ മതം, ജാതി, സഭ എന്നിവയിലുള്ള ഏതെങ്കിലും ഒരു പയ്യനെ കണ്ടു പിടിക്കുന്നു. അവരോട് കല്യാണം കഴിക്കാന്‍ പറയുന്നു. അതിനിടക്ക് പെണ്‍കുട്ടിയോട് സമ്മതമൊക്കെ ചോദിക്കും, തറവാട്ടില്‍ പിറന്ന ചെറുപ്പക്കാര്‍ കാരണവന്മാരെ എതിര്‍ക്കില്ല. കല്യാണം നടക്കുന്നു.

കല്യാണ പിറ്റേന്ന് മുതല്‍ വിശേഷം ആയില്ലേ വിശേഷം ആയില്ലേ എന്ന് ചോദിച്ചു പെണ്ണിനെ വെറുപ്പിക്കാന്‍ തുടങ്ങുന്നു, ഇതമ്മാവന്‍മാരുടെ പണിയല്ല, അമ്മായിമാരുടേതാണ്. സഹികെട്ട് പെണ്ണ് പ്രസവിക്കുന്നു. അച്ഛനമ്മമാരുടെ അതേ മതം, അതേ ജാതി, അതേ സഭ. ആ കുട്ടിയും വളരുന്നു, അതെ പോലെ ആ കുട്ടിയും കല്യാണം കഴിക്കുന്നു. ഇതങ്ങനെ തുടരും. മതം ഒരു തുടര്‍ച്ചയാവും, പുരോഹിതരും സ്ഥാപനങ്ങളും അധികാരവുമൊക്കെ അങ്ങനെ തുടരും.

ഇതില്‍ വല്ല മാറ്റവും വന്നാല്‍ തീര്‍ന്നു. രണ്ടു മതത്തില്‍ പെട്ടവര്‍ കല്യാണം കഴിച്ചു എന്ന് വക്കുക, അതിലൊരു കുട്ടിയുണ്ട്. വേറെ രണ്ടു പേരും അങ്ങിനെ തന്നെ കല്യാണം കഴിച്ചു, അതിലും ഒരു കുട്ടിയുണ്ട്. കാലം വേഗം കടന്നു പോകും, ഈ രണ്ടു കുട്ടികള്‍ക്ക് കല്യാണ പ്രായമെത്തി അവര്‍ തമ്മില്‍ കല്യാണം കഴിച്ചു അവര്‍ക്കൊരു കുട്ടിയുണ്ടായി എന്ന് വക്കുക – അവന്റെ മതമേതാണ്. മതമേതായാലും അവന്‍ കുരുത്തം കെട്ടവനായിരിക്കും എന്നുറപ്പ്. ഒരു പാതിരിയേയും മുസ്ല്യാരെയും അനുസരിക്കാന്‍ അവനെ കിട്ടില്ല. കൃത്യമായി പറഞ്ഞാല്‍ ഇതാണ് യൂറോപ്പില്‍ സംഭവിച്ചത്.

നിങ്ങള്‍ യൂറോപ്പില്‍ സന്ദര്‍ശനത്തിന് എപ്പോഴെങ്കിലും പോകുകയാണെങ്കില്‍ ഗ്രൂപ്പുകളില്‍ പോകരുത്, ഹോട്ടലുകളും ബുക്ക് ചെയ്യരുത്, കാരണം അവിടുത്തെ നാട്ടുകാരോട് മനസ്സ് തുറന്ന് സംസാരിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിച്ചെന്ന് വരില്ല. അതേസമയം എയര്‍ബിഎന്‍ബി തുടങ്ങിയ വെബ് സൈറ്റുകളിലൂടെ താമസം അറേഞ്ച് ചെയ്യുകയാണെങ്കില്‍ മിക്കവാറും അവിടുത്തെ നാട്ടുകാരുടെ കൂടെ മുറികള്‍ പങ്കിട്ടായിരിക്കും താമസിക്കേണ്ടി വരിക. നിങ്ങള്‍ക്ക് അവരോട് അവരുടെ മതം ഏതാണെന്ന് ചോദിക്കാം, അന്തം വിട്ട ഒരു നോട്ടമായിരിക്കും മറുപടി. അവരിന്നു വരെ ആലോചിച്ചിട്ട് പോലുമില്ലാത്ത ഒരു കാര്യമാണ് നിങ്ങള്‍ ചോദിക്കുന്നത്.

മിക്കവാറും പേരുടെ അച്ഛനും അമ്മയും തമ്മില്‍ കല്യാണം കഴിച്ചിട്ടുണ്ടാകില്ല. രണ്ടും മൂന്നും മക്കള്‍ ആയതിനു ശേഷമാണ് കല്യാണം കഴിക്കണമോ എന്ന് ആലോചിക്കുന്നത് തന്നെ. അതിനു മുമ്പേ കാലങ്ങളോളം ഗേള്‍ ഫ്രണ്ടും ബോയ്ഫ്രണ്ടും ആണ്. ഗേള്‍ ഫ്രണ്ടും ബോയ് ഫ്രണ്ടും ആകുന്നതിനോ അതില്‍ കുട്ടികള്‍ ഉണ്ടാകുന്നതിനോ മതം, സഭ എന്നിവ മാത്രമല്ല രാജ്യം പോലും പരിഗണന വിഷയമല്ല. യൂറോപ്യന്‍ യൂണിയന്‍ സ്ഥാപിതമായതിനു ശേഷം അംഗ രാജ്യങ്ങളിലെ ആര്‍ക്കും ഏതു രാജ്യത്തും താമസിക്കാം, ജോലി ചെയ്യാം, കല്യാണം കഴിക്കാം.

താഴെ കൊടുത്തിരിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ തയ്യാറാക്കിയ ചാര്‍ട് ശ്രദ്ധിക്കുക. ഫ്രാന്‍സില്‍ 100 കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 60 കുട്ടികള്‍ ജനിക്കുന്നത് കല്യാണം കഴിക്കാത്ത ദമ്പതികള്‍ക്കാണ്, സ്‌കാന്ഡിനേവിയല്‍ രാജ്യങ്ങളില്‍ അത് എഴുപത് മുതല്‍ എണ്‍പതു വരെ പോകും.

ഇത് യൂറോപ്പിന്റെ മാത്രം കഥയല്ല. അമേരിക്കയില്‍ പഠിക്കുന്ന ഏതെങ്കിലും സ്‌കൂള്‍ കുട്ടിയോട് ചോദിച്ചാല്‍ അറിയാം അവരുടെ ക്ലാസ്സില്‍ പഠിക്കുന്ന എത്ര കുട്ടികളുടെ അച്ഛനമ്മമാര്‍ കല്യാണം കഴിച്ചിട്ടുണ്ടെന്ന്, പരമാവധി ഒന്നോ രണ്ടോ. യേല്‍ യൂണിവേഴ്‌സിറ്റിയുടെ പഠനപ്രകാരം ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ കല്യാണം കഴിക്കാത്ത ദമ്പതികളുടെ മക്കള്‍ ആകെയുള്ള കുട്ടികളുടെ 70% നടുത്തു വരും. കാനഡ, ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ തുടങ്ങിയവരില്‍ കല്യാണം തീര്‍ത്തും അനാവശ്യമായ ഒരു ആഡംബരമാണിപ്പോള്‍. ജപ്പാനിലൊക്കെ വല്ലപ്പോഴും വല്ലവരും കല്യാണം കഴിച്ചാലായി.

ഇതിന്റെയൊക്കെ തിക്തഫലമാണ് ആണ് മതങ്ങള്‍ക്കും മത വിശ്വാസങ്ങള്‍ക്കും സംഭവിച്ചത്. യൂറോപ്പില്‍ ജനിക്കുന്ന കുട്ടികളില്‍ തങ്ങളുടെ മതം ഏതാണെന്നറിയുന്നവര്‍ തന്നെ വിരളം. ഗാര്‍ഡിയന്‍ പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം യൂ കെ യിലെ 70% ചെറുപ്പക്കാര്‍ ഒരു മതവുമായും തങ്ങള്‍ക്ക് ബന്ധമുണ്ടെന്ന് കരുതുന്നില്ല. ചെക്ക് റിപ്പബ്‌ളിക്കില്‍ ഇത് 90% വരെ ആണ്

ജീവിതത്തില്‍ ഒരിക്കലെങ്കിലും പള്ളിയില്‍ പോയിട്ടുള്ളവരോ എന്തെങ്കിലും മതപരമായ ചടങ്ങുകളിലോ പങ്കെടുത്തിട്ടുള്ളവരുടെ ശതമാനം അതിലും ദയനീയമാണ്. താഴെ കൊടുത്തിരിക്കുന്ന ചാര്‍ട്ടുകള്‍ ശ്രദ്ധിക്കുക.

ഇതിന്റെ അര്‍ത്ഥം ഈ നാട്ടുകാരൊക്കെ യുക്തിവാദികളോ നിരീശ്വരവാദികളോ ആയി എന്നല്ല, അവര്‍ക്ക് മതം എന്താണെന്നോ എങ്ങനെയാണെന്നോ അറിയില്ല. സ്വയം ഏത് മതത്തില്‍ പെട്ടവരാണെന്ന് തന്നെ അറിയില്ല. ജീവിതത്തില്‍ മതം ഒരു പ്രശ്‌നം അല്ലാത്ത സ്ഥിതിക്ക് അവര്‍ അതിനെ പറ്റി പഠിക്കാനൊട്ടു ശ്രമിക്കുന്നുമില്ല.

ഇത് ക്രിസ്തു മതത്തിന്റെ മാത്രം പ്രശ്‌നവുമല്ല. ജപ്പാന്‍, കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ അറേഞ്ചഡ് മാര്യേജ് എന്ന സങ്കല്‍പം ഇല്ലാതിരിക്കുകയും വിവാഹം തന്നെ കുറഞ്ഞു വരികയും ചെയ്യുമ്പോള്‍ ബുദ്ധ മതം ആധുനിക കാലഘട്ടത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. അറേഞ്ചഡ് മാര്യേജ് നില നില്‍ക്കുന്ന ശ്രീലങ്ക, മ്യാന്മാര്‍ ഒക്കെയാണ് ബുദ്ധ മതത്തെ ഇപ്പോള്‍ സംരക്ഷിച്ചു നിര്‍ത്തുന്നത്.

ന്യൂയോര്‍ക്കിലൊക്കെ തലയില്‍ ഒരു ചെറിയ തൊപ്പിയുമിട്ട് നടക്കുന്ന ജൂത പുരോഹിതന്‍മാരോട് ജൂതന്മാര്‍ നിലവില്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി എന്താണെന്ന് ചോദിക്കുക, പ്രതീക്ഷിക്കുന്ന മറുപടി ഇസ്ലാമിക ഭീകരത, ഇറാന്റെ ആറ്റംബോംബ് തുടങ്ങിയവയായിരിക്കും.

അവര്‍ പറയുക ഇന്റര്‍-ഫെയ്ത് മാരിയേജിനെ പറ്റിയായിരിക്കും. അമേരിക്കയിലെ ജൂതന്മാരില്‍ 52% മറ്റു മതക്കാരെയാണ് വിവാഹം കഴിക്കുന്നത്. പ്രധാനമായും ക്രിസ്ത്യാനികളെ. അത് ഒരു അന്താരാഷ്ട്ര ക്രിസ്ത്യന്‍ ഗൂഢാലോചനയാണെന്നും അവര്‍ക്ക് അഭിപ്രായം ഉണ്ട്. അതിന് ലവ് ജിഹാദ് പോലെ ഒരു കിടിലന്‍ പേരും അവര്‍ ഇട്ടിട്ടുണ്ട് – സൈലന്റ് ഹോളോകോസ്‌ററ് അഥവാ നിശബ്ദ വംശശുദ്ധീകരണം.

അമേരിക്കയില്‍ ജീവിക്കുന്ന ഒന്നാം തലമുറ ഹിന്ദുക്കളും മുസ്ലിംകളുമൊക്കെ അമ്പലത്തിലും പള്ളിയിലുമൊക്കെ പോകുമെങ്കിലും രണ്ടാം തലമുറയാകുമ്പോഴത്തേക്ക് കോലം മാറും. സ്വന്തം മതത്തില്‍ നിന്ന് ഒരു പങ്കാളിയെ കണ്ടു പിടിക്കുന്നതോ മത രീതിയില്‍ ജീവിക്കുന്നതോ ഒന്നും അവരുടെ ഒരു ആവശ്യമല്ല. മൂന്നാം തലമുറയെത്തുമ്പോഴേക്ക് സംഗതി പൂര്‍ണമാകും. സ്വവര്‍ഗവിവാഹം സര്‍വ സാധാരണമായതോടെ സ്വന്തം മകള്‍ക്ക് സ്വന്തം സഭയിലെ ചെറുക്കനെ നോക്കി നടന്നിരുന്ന അമേരിക്കയിലെ സാധാരണ വീട്ടമ്മമാര്‍ക്ക് ഇപ്പോള്‍ ഒരേ ഒരു പ്രാര്‍ത്ഥനയെ ഉള്ളൂ, മകള്‍ വേറൊരു പെണ്ണിനെ കല്യാണം കഴിക്കാതെ ഒരു ആണിനെ തന്നെ തിരഞ്ഞെടുക്കണേ എന്ന്.

അറേഞ്ചഡ് മാര്യേജ് നിലനില്‍ക്കുന്ന ഇന്ത്യയിലും അയല്‍ രാജ്യങ്ങളിലും, മധ്യപൗരസ്ത്യ ദേശങ്ങളിലുമേ ഇപ്പോള്‍ മതം വളരുന്നുള്ളൂ. വത്തിക്കാനില്‍ പോയാല്‍ നിങ്ങള്‍ കാണുന്ന മിക്കവാറും അച്ചന്മാരും കന്യാ സ്ത്രീകളും കേരളത്തില്‍ നിന്നോ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നോ ഉള്ളവര്‍ ആയിരിക്കും, കുറെ ശ്രീലങ്കക്കാരും. യൂറോപ്പിലൂടെയോ സ്‌കാന്ഡിനേവിയന്‍ രാജ്യങ്ങളിലൂടെയോ കാറോടിച്ചു പോകുമ്പോള്‍ മിക്കവാറും ചര്‍ച്ചകളുടെ ഗേറ്റിന്മേല്‍ വില്പനക്ക് അല്ലെങ്കില്‍ വാടകക്ക് എന്ന ബോര്‍ഡ് തൂക്കിയിട്ടിരിക്കുന്നത് കാണാം. ഇനി അഥവാ ഏതെങ്കിലും പള്ളി തുറന്നിട്ടിരിക്കുകയാണെങ്കില്‍ അവിടെ കുര്‍ബാന നടത്തുന്നത് ഒരു മലയാളി അച്ഛനായിരിക്കും.

അറേഞ്ചഡ് മാര്യേജ് എന്ന സ്ഥാപനത്തിന്റെ തകര്‍ച്ച നശിപ്പിച്ച പോലെ വേറൊന്നും മതങ്ങളെ നശിപ്പിച്ചിട്ടില്ല. ദശലക്ഷക്കണക്കിന് ജൂതന്മാരെ ഹിറ്റ്‌ലര്‍ ഗ്യാസ് ചേംബറുകളില്‍ കൊന്നൊടുക്കിയിട്ടും ജൂതന്മാര്‍ ഇല്ലാതായിട്ടില്ല എന്ന് മാത്രമല്ല കൂടുതല്‍ ശക്തമാകുകയാണ് ചെയ്തത്. ലോക മഹായുദ്ധങ്ങളില്‍ കോടിക്കണക്കിന് ക്രിസ്ത്യാനികളാണ് മരിച്ചത്, എന്നിട്ടും ക്രിസ്ത്യാനികള്‍ പൂര്‍വാധികം വളര്‍ന്നു. രണ്ട് ആറ്റം ബോംബുകള്‍ തലയില്‍ വീണിട്ടും ജപ്പാനില്‍ ബുദ്ധമതം നശിച്ചിട്ടില്ല . അന്നൊന്നും ഇന്ന് നേരിട്ട പോലൊരു പ്രതിസന്ധി മതങ്ങള്‍ നേരിട്ടിട്ടില്ല. അറേഞ്ചഡ് മാര്യേജ് കാര്യമായി നടക്കുന്ന രാജ്യങ്ങളില്‍ കൂടുതലുള്ള മതങ്ങള്‍ എന്ന നിലക്ക് ഹിന്ദുമതവും ഇസ്ലാമും തല്‍ക്കാലം രക്ഷപ്പെട്ടു, എത്ര കാലം എന്നറിയില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ പശ്ചാത്തലത്തിലാണ് സിനഡ് വിളിച്ചു ചേര്‍ത്ത് ലവ് ജിഹാദിനെ അപലപിച്ച സീറോ മലബാര്‍ സഭയിലെ പിതാക്കന്മാരുടെ ദീര്‍ഘ വീക്ഷണത്തെ നമ്മള്‍ അഭിനന്ദിക്കേണ്ടത്. പൗരത്വ പട്ടികയും ബില്ലുമൊന്നും ക്രിസ്ത്യാനികളെ ബാധിക്കുന്നതല്ല . ചില ബുദ്ധിജീവികളുടെ കവിത പോലെ അടുത്തതായി അവര്‍ ക്രിസ്ത്യാനികളെ തേടി വരും എന്നൊന്നും സഭ വിശ്വസിക്കുന്നില്ല. കവിത വായിച്ചു തീരുമാനമെടുക്കാനല്ല സിനഡ് കൂടുന്നത്. ഇനി അഥവാ ഈ ബുദ്ധിജീവികള്‍ പറയും പോലെ കുറെ ലക്ഷം മുസ്ലിംകളെയും ക്രിസ്ത്യാനികളെയുമൊക്കെ ഗ്യാസ് ചേമ്പറിലേക്ക് അയച്ചാലും പത്തിരുപത് കൊല്ലം കഴിഞ്ഞാല്‍ അവരുടെ എണ്ണം കൂടുകയല്ലാത്ത കുറയത്തില്ല.

പിതാക്കന്മാര്‍ പറഞ്ഞതാണ് ശരി. മനസ്സമ്മത സമയത്തു അച്ഛനമ്മമാര്‍ സഭയും സ്വത്തും നോക്കി അരികത്തു കൊണ്ട് നിര്‍ത്തിയ നിര്‍ഗുണനെ വിവാഹം കഴിക്കാന്‍ സമ്മതമല്ലേ എന്ന് വികാരിയച്ചന്‍ ചോദിക്കുമ്പോള്‍ സമ്മതമല്ല എന്ന് പറയുന്ന പെണ്‍കുട്ടികളില്ലേ, അവരെയാണ് പേടിക്കേണ്ടത്. അത്തരം പെണ്‍കുട്ടികളാണ് യൂറോപ്പിലും അമേരിക്കയിലും ലാറ്റിന്‍ അമേരിക്കയിലുമൊക്കെ സഭയെയും പൗരോഹിത്യത്തെയും തച്ചുതകര്‍ക്കുന്നത്. പിടിച്ചു നില്‍ക്കുന്ന ചുരുക്കം കോട്ടകളില്‍ ഒന്നാണ് നമ്മുടെ കൊച്ചു കേരളം. അത് തകരരുത് എന്നത് ഫ്രാങ്കോയുടെയും ആലഞ്ചേരിയുടെയും മാത്രമല്ല, ബിഷപ്പ്മാരുടെയും കര്‍ദിനാള്‍മാരുടെയും പോപ്പിന്റെയും വരെ ആവശ്യമാണ്.

ലവ് ജിഹാദും ലവ് കുരുക്ഷേത്രയുമൊക്കെ പറഞ്ഞു പെണ്‍കുട്ടികളെ പരമാവധി പേടിപ്പിച്ചു നിര്‍ത്തണം. പറ്റുമെങ്കില്‍ ഒരു പ്രണയ രക്ഷായന്ത്രം വ്യഞ്ചരിച്ചു അരയില്‍ കെട്ടി കൊടുക്കുകയും വേണം. വയറ്റിപിഴപ്പാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഫാറൂഖ്

ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ

We use cookies to give you the best possible experience. Learn more